Sunday 18 September 2011

ഗാന്ധിജി- പുണ്യചരിതങ്ങള്‍പ്പുറം

ഡോ അംബേദ്കറുടെ ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി എന്താണു ചെയ്തത്? എന്ന ഗ്രന്ഥം വായിച്ചിട്ടുള്ള ആരും ഗാന്ധിയെ അത്ര മഹാത്മാവായി കാണില്ല. ഗാന്ധിയെയും ഗാന്ധിസത്തെയും കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള മിത്തുകള്‍ എണ്ണത്തിലും വണ്ണത്തിലും അതിബൃഹത്തായതിനാല്‍ ,വസ്തുനിഷ്ഠമായ പഠനങ്ങളെ ആസ്പദമാക്കി നടത്തുന്ന ഗാന്ധി വിമര്‍ശനങ്ങളെപ്പോലും സഹിഷ്ണുതയോടെ നോക്കിക്കാണാനോ വിലയിരുത്താനോ നമ്മിലേറെപ്പേര്‍ക്കും സാധിക്കാറില്ല; വിശേഷിച്ചും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് . ഈ സന്ദര്‍ഭത്തില്‍ ,ഗാന്ധിജിയെ സംബന്ധിച്ച വിപരീത വീക്ഷണം അവതരിപ്പിക്കുന്ന ഒരു ലേഖനം മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ വന്നു എന്നതു് അദ്ഭുതകരം തന്നെയാണ്.ജെ രഘു എഴുതിയ ആ ലേഖനമാണ് ലേഖകന്റെ അനുവാദത്തോടെ ഇവിടെ എടുത്തു ചേര്‍ക്കുന്നത്

മഹാത്മാവും വംശീയവാദിയും

ജെ. രഘു
സ്വയം വിഗ്രഹമായി മാറിയ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ് പുലിസ്റര്‍ ജേതാവായ ജോസഫ് ലെലി വെല്‍ഡിന്റെ 'ഗ്രെയ്റ്റ് സോള്‍ : മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍സ് വിത്ത് ഇന്ത്യ' (Great Soul Mahatma Gandhi And His Struggle With IndiaBY JOSEPH LELYVELD)എന്ന കൃതി. ഗാന്ധിജിയെ 'സ്വവര്‍ഗരതി'ക്കാരനായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ മഹാരാഷ്ട്ര-ഗുജറാത്ത് സര്‍ക്കാരുകള്‍ ഈ കൃതി നിരോധിക്കുകയും ചെയ്തു. 'അപ്പര്‍ ഹൌസ്' (Upper House) എന്ന നാലാം അധ്യായത്തിലെ, ജൂത വാസ്തുശില്‍പ്പിയായ കലന്‍ബാക്കു(Kallenbach)മായുള്ള ബന്ധത്തിന്റെ വിവരണമാണ് ഗാന്ധിഭക്തരെ പ്രകോപിപ്പിച്ചത്. ഗാന്ധി-കലന്‍ബാക്ക് കത്തിടപാടുകളും കലന്‍ബാക്കിന്റെ സ്വകാര്യ ഡയറികുറിപ്പുകളും പരിശോധിക്കുന്ന ഗ്രന്ഥകാരന്‍ ഗാന്ധിജിയെക്കുറിച്ചു യാതൊരു വിലയിരുത്തലും നടത്തിട്ടില്ല എന്നതാണു വസ്തുത. ഇവര്‍ തമ്മിലുള്ള വിചിത്രബന്ധം, 'സ്വവര്‍ഗരതിയല്ല; മറിച്ച് സ്വവര്‍ഗപ്രണയ' (homoerotic rather than homosexual) മാണെന്ന ഒരു ഗാന്ധി പണ്ഡിതന്റെ അഭിപ്രായം ഉദ്ധരിക്കുക മാത്രമാണു ലെലി വെല്‍ഡ് ചെയ്യുന്നത്. ഗുജറാത്തിയും ഗാന്ധിയനുമായ തൃദീപ് സുഹൃദ് (TRIDIP SUHRUD), ഗ്രന്ഥകാരനുമായുള്ള സ്വകാര്യസംഭാഷണത്തില്‍ , 'അവര്‍ ദമ്പതികളായിരുന്നു' എന്നു പറഞ്ഞതും ഉദ്ധരിക്കുന്നുണ്ട് (പുറം, 88). കലന്‍ ബാക്കുമായുള്ള ബന്ധത്തില്‍ ഗാന്ധിജി പ്രകടിപ്പിക്കുന്ന 'വിചിത്ര'തയും 'ഗാഢത'യും' 'അധികാര'വും 'ഭൂതാവിഷ്ടത'യും രേഖപ്പെടുത്തുക മാത്രമാണു ഗ്രന്ഥകാരന്‍ . ഈ കൃതിക്കെതിരെ ആരോപണമുന്നയിച്ചവര്‍ അതു വായിച്ചിട്ടില്ലെന്നു വ്യക്തമാണ്. ദിവ്യപരിവേഷം ആര്‍ജിച്ച ഒരു വ്യക്തിയെ, വിമര്‍ശനത്തിനും വസ്തുനിഷ്ഠ വിലയിരുത്തലിനും അതീതമാക്കുന്ന ജീര്‍ണവും അപായകരവുമായ മനോഭാവമാണ് അധമഭക്തരുടെ പുസ്തകവിരോധത്തിനു പിന്നിലുള്ളത്.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന ഒന്നാം ഭാഗം ഈ കാലഘട്ടത്തിലെ ചില 'കാണാക്കണ്ണി'കളിലേക്കു വെളിച്ചം വീശുന്നുണ്ട്. ദാവൂദ് അബ്ദുള്ളയെന്ന ഗുജറാത്തി മുസ്ളിം വ്യാപാരിയുടെ ഒരു വ്യവഹാരം നടത്താനാണ് അഭിഭാഷകനായ ഗാന്ധിജി 1893-ല്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. തുടര്‍ന്ന്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ 'സത്യഗ്രഹ'മെന്ന മാന്ത്രികസമരം ആവിഷ്കരിക്കുകയും മഹാനായി മാറുകയും ചെയ്യുന്നു. 1914-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങുമ്പോഴേക്കും ഗാന്ധിജി 'മഹാത്മ' പരീക്ഷ പാസ്സായിക്കഴിഞ്ഞിരുന്നു. ടാഗോറില്‍നിന്ന് മഹാത്മാബിരുദം ഔപചാരികമായി ഏറ്റുവാങ്ങുക മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ ഒരു 'മഹാത്മാവിന്റെ രൂപവത്കരണഘട്ട'മായിട്ടാണ് അദ്ദേഹത്തിന്റെ 'പുണ്യചരിത'ങ്ങള്‍ വാഴ്ത്തുന്നത്. 1893-നും 1914-നും ഇടയ്ക്കുള്ള നീണ്ട ഇരുപത്തൊന്നു വര്‍ഷക്കാലം ദക്ഷിണാഫ്രിക്കയിലെ കറുത്തവരായ തദ്ദേശീയരെയും അപ്പാര്‍ത്തീഡിനെയും ഗാന്ധിജി എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന പ്രശ്നം പുണ്യചരിത കര്‍ത്താക്കളെ അലട്ടാറില്ല. ഇന്ത്യക്കാരുടെ ദുരിതങ്ങള്‍ക്കെതിരെ സത്യഗ്രഹങ്ങള്‍ നടത്തിയ ഗാന്ധിജിയെ, അപ്പാര്‍ത്തീഡ് എന്ന നൃശംസനീയതയുടെ ഇരകളായ നാട്ടുകാരുടെ സ്വാതന്ത്ര്യം അലട്ടിയിരുന്നോ? വിവാദകൃതിയുടെ ഒന്നാം ഭാഗത്തില്‍ അന്വേഷിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

ഗാന്ധിമാഹാത്മ്യത്തിനു പിന്നില്‍
ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയെ നിശിതമായി വിലയിരുത്തുന്ന രണ്ടു കൃതികള്‍ അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി. ബി. സിങ് രചിച്ച 'ഗാന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി' (2004),    സിങ്ങും ടിം വാറ്റ്സനും ചേര്‍ന്നെഴുതിയ 'ഗാന്ധി: അണ്ടര്‍ക്രോസ് എക്സാമിനേഷന്‍ ' (2009) എന്നിവയാണ് ആ കൃതികള്‍ . രണ്ടു പുസ്തകങ്ങളും ഇന്ത്യയില്‍ നിഷിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങളോട് ഗാന്ധി പുലര്‍ത്തിയ സമീപനം 'വംശീയത'യായിരുവെന്ന് ഈ കൃതികള്‍ സമര്‍ഥിക്കുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ഘട്ടം ഒരു മഹാത്മാവിന്റെ മാത്രമല്ല ഒരു വംശീയവാദിയുടെ കൂടി രൂപവത്കരണമാണെന്ന് ജി.വി. സിങ് വാദിക്കുന്നു. എന്നാല്‍ , 'ഗന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഒഫ് ഡിവിനിറ്റി' എന്ന കൃതിയെ മിതവാദ ശൈലിയില്‍ ആവര്‍ത്തിക്കുക മാത്രമാണ് ലെലിവെല്‍ഡ് തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ ചെയ്യുന്നത്. തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിനുവേണ്ടി ജി. ബി. സിങ് ചര്‍ച്ച ചെയ്യുന്ന പല ഗ്രന്ഥകര്‍ത്താക്കളെയും കൃതികളെയും ഉദ്ധരിക്കുന്ന ലെലി വെല്‍ഡ്, പക്ഷേ സിങ്ങിനെക്കുറിച്ചോ പ്രസ്തുത കൃതിയെക്കുറിച്ചോ പരാമര്‍ശിക്കുകപോലും ചെയ്യുന്നില്ല. അക്കാദമികമായ സത്യസന്ധതയില്ലായ്മയുടെ മികച്ച ദൃഷ്ടാന്തമാണ് 'ഗ്രെയ്റ്റ് സോളി'ന്റെ ആദ്യഭാഗം. ലോകമെമ്പാടുമുള്ള 'ഗാന്ധിയന്‍വംശ'ത്തിന്റെ അധിക്ഷേപത്തിനു വിധേയമായ ഒരു കൃതിയോടുള്ള കടപ്പാട് രേഖപ്പെടുത്തിയാല്‍ അത് തന്റെ പുസ്തകത്തിന്റെ വിപണിസാധ്യതകളെ ബാധിക്കുമോ എന്ന കച്ചവടശങ്ക ലെലി വെല്‍ഡ് എന്ന പത്രപ്രവര്‍ത്തകനെ സ്വാധീനിച്ചിട്ടുണ്ടാകും.

ഇന്ത്യന്‍ ഗാന്ധിയെക്കുറിച്ചുള്ള രണ്ടാം ഭാഗത്തിന് ഗവേഷണപരമായ യാതൊരു മൌലികതയുമില്ല. ആവശ്യത്തിലേറെ പറഞ്ഞു കഴിഞ്ഞ ഗാന്ധിയന്‍ സംഭവവിവരണങ്ങളാണതിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയെ നിര്‍ധാരണം ചെയ്യുന്ന ഒന്നാം ഭാഗത്തെ, പരോക്ഷമായിട്ടാണെങ്കിലും മൌലികമെന്നോ വിധ്വംസകമെന്നോ വിശേഷിപ്പിക്കാം. എന്നാല്‍ ഈ വിധ്വംസകതയുടെ യഥാര്‍ത്ഥ അവകാശി ജി. ബി. സിങ്ങിന്റെ കൃതിയാണ്. അതിനാല്‍ 'ഗ്രെയ്റ്റ് സോളി'ന്റെ ഗൌരവമായ അവലോകനം സ്വാഭാവികമായും ചെന്നെത്തുന്നത് 'ഗാന്ധി ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി' എന്ന കൃതിയിലാണ്. ഒരുപക്ഷേ, ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയുടെ വംശീയത അനാവൃതമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാവണം സ്വവര്‍ഗരതിയെന്ന കല്‍പ്പിത കഥയിലൂടെ ഗ്രെയ്റ്റ് സോളിനെതിരെ ഖദര്‍ ഗാന്ധിയന്മാരും കാവി ഗാന്ധിയന്മാരും രംഗത്തു വന്നത്.

ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നതിനെക്കാള്‍ പതിന്മടങ്ങു ഭീകരമായ വംശീയ വിവേചനത്തിനു വിധേയരായിരുന്ന തദ്ദേശീയര്‍ക്കു വേണ്ടി ഗാന്ധിജി ഒരു സത്യഗ്രഹം പോലും നടത്താതിരുന്നത് എന്തുകൊണ്ടാണ്? അംഹിസയ്ക്കും ലോകസേവയ്ക്കും വേണ്ടി സ്വയം സമര്‍പ്പിച്ച ഗാന്ധിജിയെ ആഫ്രിക്കന്‍ നിവാസികളുടെ ദുരിതജീവിതം സ്പര്‍ശിക്കാഞ്ഞത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്ന ജി. ബി. സിങ് നിരത്തുന്ന രേഖകളും തെളിവുകളും പുണ്യചരിതങ്ങള്‍ സൃഷ്ടിച്ച ഗാന്ധിപ്രതിച്ഛായയുമായി പൊരുത്തപ്പെടുന്നതല്ല. ഗാന്ധിജിയെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധീകരിച്ചിട്ടുള്ള നൂറു കണക്കിനു പുണ്യചരിതങ്ങളുടെ കുറ്റകരമായ തമസ്കരണത്തെയാണ് ജി. ബി. സിങ് പരോക്ഷമായി വിചാരണ ചെയ്യുന്നത്. കറുത്തവരായ നാട്ടുകാര്‍ മാത്രമല്ല, ഇന്ത്യക്കാര്‍ക്കിടയിലെ 'കൂലി'കളും ഗാന്ധിജിയുടെ 'മഹാസമരങ്ങ'ളില്‍ ഇടംകിട്ടാതെ പോയ ഹതഭാഗ്യരാണ്. ആഫ്രിക്കയിലെ തോട്ടങ്ങളിലും ഖനികളിലും അടിമപ്പണി എടുപ്പിക്കാനായി ഇന്ത്യയില്‍നിന്നു കൊണ്ടുവന്ന കരാര്‍ത്തൊഴിലാളികളെയാണ് നിന്ദാസൂചകമായി 'കൂലികള്‍ ' എന്നു വിളിച്ചിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും അധഃസ്ഥിത ജാതികളില്‍പ്പെട്ടവരായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ആഫ്രിക്കയില്‍ തുടര്‍ന്നവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട തൊഴിലുകളിലും ചെറുകിട വ്യാപാരങ്ങളിലും ഏര്‍പ്പെടാന്‍ അവസരം ലഭിച്ചിരുന്നു. 'കൂലി' പ്രയോഗം വ്യാപിക്കുകയും ക്രമേണ ഇന്ത്യക്കാരെല്ലാം ബ്രിട്ടീഷുകാര്‍ക്കു മുന്‍പില്‍ 'കൂലി'കളായി മാറുകയും ചെയ്തു.

ഗാന്ധിജിയുടെ ആദ്യത്തെ പൊതു ഇടപെടല്‍ എന്നുപറയാവുന്ന ഒരു കത്ത് പ്രസിദ്ധീകരിക്കുന്നത് 1893 സെപ്റ്റംബര്‍ 5-ന് 'ട്രാന്‍സ്വാള്‍ അഡ്വര്‍ടൈസറി'ലാണ്. കരാര്‍ കാലാവധി കഴിഞ്ഞവരെയും സമ്പന്ന-സവര്‍ണ ഇന്ത്യന്‍ കച്ചവടക്കാരെയും 'കൂലി' എന്നു സംബോധന ചെയ്യുന്നത് ആക്ഷേപകരമാണെന്നു ഗാന്ധിജി എഴുതി. 'കൂലി'കളെയും 'ഇന്ത്യ'ക്കാരെയും വേര്‍തിരിച്ച ഗാന്ധിജി, കൂലികളല്ലാത്ത ഇന്ത്യക്കാരുടെ ദേശീയ വക്തവാകുകയായിരുന്നു. തദ്ദേശീയരെ മാത്രമല്ല, കൂലികളായ ഇന്ത്യക്കാരെയും ആദ്യംതന്നെ ഗാന്ധിജി ബഹിഷ്കരിച്ചു. ഇന്ത്യക്കാരെ തദ്ദേശീയരെപ്പോലെ പരിഗണിക്കുന്നതിനെതിരെ 1894 ഡിസംബറില്‍ നേതല്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിനും അംഗങ്ങള്‍ക്കും എഴുതിയ തുറന്ന കത്തില്‍ ഗാന്ധിജി പറയുന്നു: 'ഇംഗ്ളീഷുകാരും ഇന്ത്യക്കാരും ഇന്തോ-ആര്യന്‍ പൈതൃകം പങ്കുവയ്ക്കുന്നവരാണ്....ഇംഗ്ളീഷുകാരെയും ഇന്ത്യക്കാരെയും ഒരേവംശത്തില്‍ ജനിപ്പിച്ച ദൈവം ഇന്ത്യക്കാരുടെ ഭാഗധേയം ഇംഗ്ളീഷുകാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു...ബ്രാഹ്മണനും രജപുത്രനും ഇംഗ്ളീഷുകാരനും കുലീനമായ ആര്യവംശസന്തതികളാണ്...ഗ്രീക്കുകകാരുടെയും റോമാക്കാരുടെയും ഹിന്ദുക്കളുടെയും ആദിമപിതാക്കള്‍ സംസാരിച്ചിരുന്നത് ഓരേ ഭാഷയാണ്; ആരാധിച്ചിരുന്നത് ഒരേ ദൈവങ്ങളെയാണ്' (ഗാന്ധിജി, സമാഹൃതകൃതികള്‍ , വാല്യം1, പു. 149-50, 161). 'കറുത്ത വംശജര്‍ മതപരമോ ധാര്‍മികമോ ആയ സംസ്കരണം ലഭിച്ചവരല്ലെ'ന്നും ഈ കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ , ഇംഗ്ളീഷുകാരുടെ കുലീന വംശവൃക്ഷത്തിന്റെ ശാഖയായ ഇന്ത്യക്കാരെ കറുത്തവര്‍ക്കു തുല്യമായി പരിഗണിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്നു ഗാന്ധിജി ബ്രിട്ടീഷുകാരെ ഓര്‍മിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയുടെ ആദ്യകാല രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന സംഭവമാണ് 1895-ലെ ദര്‍ബന്‍ പോസ്റ്റ് ഓഫീസ് സമരം. ഈ പോസ്റ്റ് ഓഫീസിനു രണ്ടു വാതിലുകളുണ്ടായിരുന്നു. ഒന്ന് വെള്ളക്കാര്‍ക്കുവേണ്ടിയും മറ്റൊന്ന് തദ്ദേശീയര്‍ക്കു വേണ്ടിയും. ഇന്ത്യക്കാര്‍ പോസ്റ്റ് ഓഫീസില്‍ പ്രവേശിക്കേണ്ടത് നാട്ടുകാരുടെ വാതിലിലൂടെ വേണമായിരുന്നു. ഉപഭോക്താക്കളെ നിറത്തിന്റെ പേരില്‍ വിവേചിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനു പകരം, കറുത്തവര്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരേ വാതില്‍ എന്നതിനെതിരെയാണു ഗാന്ധിജി സമരം  ചെയ്തത്. ഒരു 'മൂന്നാം വാതില്‍ ' സ്ഥാപിക്കുന്നതില്‍ ഗാന്ധിജി വിജയിക്കുകയും ചെയ്തു. ബ്രിട്ടീഷുകര്‍ നടപ്പാക്കിയ 'ഇരട്ടവിവേചന'ത്തിനു പകരം ഗാന്ധിജി ആവശ്യപ്പെട്ടത് 'ത്രിവിവേചന'മാണ്. ഇന്ത്യക്കാരുടെ അവകാശസമരങ്ങളില്‍ ഗാന്ധിജി ആസ്പദമാക്കിയത് ആധുനിക പൌരാവകാശസങ്കല്‍പ്പങ്ങളല്ല, മറിച്ച് 'വംശീയത'യാണ്. അപ്പാര്‍ത്തീഡ് ഗാന്ധിജിയെ സ്പര്‍ശിക്കാത്തതിനു കാരണം ഈ ആര്യവംശാഭിമാനമാണ്. 1896-സെപ്റ്റംബറില്‍ ബോംബെയിലെ ഒരു സ്വീകരണ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗം ഗാന്ധിജിയുടെ 'ഇന്ത്യക്കാര്‍ ' ആരാണെന്നു വ്യക്തമാക്കുന്നു. 'ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെപ്പോലെ ഒന്നിനും കൊള്ളാത്തവരാണ് അസമിലെ സന്താളുകള്‍ ' ('സമാഹൃതകൃതികള്‍ ', വാല്യം 2, പു. 72). ദക്ഷിണാഫ്രിക്കയിലെ കറുത്തവരെപ്പോലെതന്നെ, ഇന്ത്യയിലെ അധസ്ഥിതരും ആദിവാസികളും ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അനാര്യരും അസംസ്കൃതരുമായിരുന്നു.

ഗാന്ധിജിയുടെ 'കാഫിറു'കള്‍
വെള്ളക്കാരുടെ കരിമ്പുതോട്ട മേഖലയിലാണ് ഫീനിക്സ് ആശ്രമം സ്ഥാപിച്ചത്. ഈ തോട്ടങ്ങളിലെ ഇന്ത്യക്കാരായ കരാര്‍തൊഴിലാളികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് ഗാന്ധിജിക്കു വ്യക്തമായി അറിയാമായിരുന്നു. ഇവര്‍ക്കുവേണ്ടി ഗാന്ധിജി ഒന്നും ചെയ്തില്ലെന്നു മാത്രമാല്ല, തോട്ടമുടമകള്‍ തൊഴിലാളികളോടു നന്നായി പെരുമാറുന്നുവെന്നു സാക്ഷ്യപ്പെടുത്തുകപോലും ചെയ്തെന്ന് ഫസ് ലൂല്‍ഹഖിന്റെ, 'ഗാന്ധി: സെയ്ന്റ് ഓര്‍ സിന്നര്‍ ' (1992) എന്ന കൃതി നിരീക്ഷിക്കുന്നു. അപ്പാര്‍ത്തീഡ് നിയമങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് നിയമം. 'കരാര്‍ത്തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യമാണെങ്കിലും മാന്യരായ ഇതര ഇന്ത്യക്കാര്‍ക്ക് അതു ബാധകമാക്കരുതെ'ന്നാണു ഗാന്ധിജി ആവശ്യപ്പെട്ടത് (സമാഹൃതകൃതികള്‍ , വാല്യം 3, പു. 267-268). തദ്ദേശീയരോടുള്ള ഗാന്ധിജിയുടെ സമീപനം എന്തായിരുന്നുവെന്നു തെളിയിക്കുന്ന രണ്ടു സംഭവങ്ങളാണ് 1899-ലെ ആംഗ്ളോ-ബോര്‍യുദ്ധവും 1906-ലെ സുലു കലാപവും. ബോര്‍യുദ്ധത്തില്‍ 1100പേരടങ്ങുന്ന സന്നദ്ധസംഘം രൂപവത്കരിക്കുകയും ബ്രിട്ടീഷ് യുദ്ധസന്നാഹങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കുകയെന്നത് സാമ്രാജ്യത്വത്തിന്റെ പ്രജകളുടെ കടമയാണെന്നാണു ഗാന്ധിജി വാദിച്ചത്. ബ്രിട്ടീഷധികാരികളില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാമെന്നും ഗാന്ധിജി പ്രതീക്ഷിച്ചിട്ടുണ്ടാവും. 1906-ല്‍ സാമ്രാജ്യത്വത്തിനെതിരെ തദ്ദേശീയ സുലു ഗോത്രവിഭാഗങ്ങള്‍ നടത്തിയ കലാപത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈനികനടപടിയില്‍ ഒരു സന്നദ്ധഭടനായി ഗാന്ധിജി സേവനമനുഷ്ഠിച്ചിരുന്നു. ഇരുപതുപേരടങ്ങിയ സന്നദ്ധസംഘത്തിന്റെ തലവനായിരുന്ന ഗാന്ധിജിയെ 'സര്‍ജന്റ്-മേജര്‍ ' പദവി നല്‍കി ബ്രിട്ടീഷുകാര്‍ ആദരിക്കുകയും ചെയ്തു. 1906-ഏപ്രില്‍ 14-ന് 'ഇന്ത്യന്‍ ഒപ്പിനിയനി'ല്‍ ഗാന്ധിജി എഴുതി: 'കാഫിറു'കളുടെ കലാപം ശരിയോ തെറ്റോ എന്നതു നമ്മുടെ പ്രശ്നമല്ല. ആഫ്രിക്കയിലെ നമ്മുടെ ജീവിതം ബ്രിട്ടീഷുകാരെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ , അവരെ സഹായിക്കുകയെന്നതു നമ്മുടെ കടമയാണ്. 1899-ലെ ബോര്‍യുദ്ധത്തില്‍ ചെയ്തതുപോലെ ഇപ്പോഴും ബ്രിട്ടീഷുകാരെ സഹായിക്കുമെന്ന് നാം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 'അധമര്‍ ', 'അപരിഷ്കൃതര്‍' എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ 'കാഫിറുകള്‍ ' എന്നാണു ദക്ഷിണാഫ്രിക്കക്കാരെ വെള്ളക്കാര്‍ വിളിച്ചിരുന്നത്. ഇന്ത്യയിലെ അധസ്ഥിതരെ ഹിന്ദുക്കള്‍ 'ചണ്ഡാള,' 'പറയ' എന്നൊക്കെ വിളിച്ചിരുന്നതുപോലെ ഒരു പ്രയോഗമാണ് കാഫിര്‍ .സനാതന ഹിന്ദുവായ ഗാന്ധിജിക്ക് അതിനാല്‍ കാഫിര്‍ വിളിക്കു പിന്നിലെ വംശീയത പ്രശ്നമായില്ല. സുലുക്കള്‍ അനുഭവിച്ച യാതനകളില്‍ തനിക്കു സഹതാപം തോന്നിയെന്നും അഹിംസയും ബ്രഹ്മചര്യവും ജീവിതവ്രതമായി സ്വീകരിക്കാന്‍ അതു പ്രേരകമായെന്നും ഗാന്ധിജി ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. 'ഇന്ത്യ: എ വൂണ്ടഡ് സിവിലൈസേഷനി'ല്‍ വി. എസ്. നെയ്പ്പാള്‍ പറയുന്നതു നോക്കുക: 'ഇരുപതു വര്‍ഷങ്ങള്‍ നീണ്ട ദക്ഷിണാഫ്രിക്കന്‍ ജീവിതമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. 'ആത്മകഥ'യും 'ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ'വും അതിന്റെ ആഖ്യാനങ്ങളാണ്. എന്നാല്‍ , ഈ വിവരണങ്ങളിലെല്ലാം വലിയൊരു 'വിട്ടുപോകല്‍ ' ഉണ്ട്. അത് ആഫ്രിക്കക്കാരാണ്...സുലു വിപ്ളവകാരികള്‍ക്കെതിരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ നിഷ്ഠൂരമായ അടിച്ചമര്‍ത്തലിനു ദൃക്സക്ഷിയായ ഗാന്ധിജി 'ആഫ്രിക്കന്‍ പ്രശ്ന'ത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കുന്നതിനു പകരം ബ്രഹ്മചര്യാവ്രതമാണ് സ്വീകരിച്ചത്.'

'ഗാന്ധി ആന്‍ഡ് ദ് ബ്ളാക്ക് പീപ്പിള്‍ ഓഫ് സൌത്ത് ആഫ്രിക്ക' എന്ന ഗവേഷണ പ്രബന്ധത്തില്‍ ജെയിംസ് ഡി. ഹന്റ് നിരീക്ഷിക്കുന്നു: '1906-ലെ അടിച്ചമര്‍ത്തലില്‍ ഗാന്ധിജി വഹിച്ച പങ്ക് ആഫ്രിക്കക്കാര്‍ക്കു മറക്കാനാവില്ല. കലാപം അടിച്ചമര്‍ത്തപ്പെടണമെന്നുതന്നെയായിരുന്നു ഗാന്ധിജിയും ആഗ്രഹിച്ചത്.' 1906-ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ 'ഏഷ്യാറ്റിക് ലോ അമന്‍ഡ് മെന്റ് ഓര്‍ഡിനന്‍സി'നെ ഗാന്ധിജി എതിര്‍ത്തത്, അത് ഇന്ത്യക്കാരുടെ അവസ്ഥ കാഫിറുകളെക്കാള്‍ മോശമാക്കുമെന്നു വാദിച്ചുകൊണ്ടായിരുന്നു. ഇന്ത്യന്‍ വൈസ്രോയിക്ക് അയച്ച കത്തില്‍ പറയുന്നു: '...ഈ നിയമം ഇന്ത്യക്കാരെ' 'പറയ'രെക്കാള്‍ മോശമായിട്ടാണു പരിഗണിക്കുന്നത്. കാഫീര്‍ പൊലീസുകാര്‍ ഇന്ത്യക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കും. കാഫിറുകളെയും ഇന്ത്യക്കാരെയും ഒരേ ജയിലില്‍ താമസിപ്പിക്കും, ഒരേ ആഹാരം നല്‍കും ഇതൊക്കെയായിരുന്നു ഗാന്ധിജിയുടെ ആധികള്‍ . കാഫീര്‍ തടവുകാര്‍ക്കൊപ്പം താമസിക്കേണ്ടി വന്നതാണ് ഗാന്ധിജിയുടെ ഏറ്റവും കയ്പേറിയ ജയിലനുഭവം. 'നേറ്റീവ്' എന്നു സൂചിപ്പിക്കുന്ന 'എന്‍ ' അക്ഷരം മുദ്രണം ചെയ്ത വസ്ത്രങ്ങളാണ് ഇന്ത്യന്‍ തടവുകാര്‍ക്കു നല്‍കിയിരുന്നത്. 1908 മാര്‍ച്ച് 7-ന് 'ഇന്ത്യന്‍ ഒപ്പിനിയനി'ല്‍ 'ഇന്ത്യന്‍സ് ഓണ്‍ വാര്‍ വിത്ത് കാഫിര്‍സ്' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗാന്ധി അനുസ്മരിച്ചു: '...ജയിലിലെ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ 'എന്‍ ' മുദ്രണം ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്ന അപമാനം താങ്ങാവുന്നതല്ല...കാഫിറുകള്‍ പൊതുവേ പ്രാകൃതരും സംസ്കാരശൂന്യരുമാണ്. കാഫിര്‍ തടവുകാരുടെ കാര്യം പറയാനില്ല....അവര്‍ മൃഗതുല്യരാണ്.' ഇന്ത്യന്‍ തടവുകാര്‍ക്ക് പ്രത്യേക മുറിയും ഭക്ഷണവും വേണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.

1904-ല്‍ ജൊഹനാസ് ബെര്‍ഗ് മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ ഒരു നിവേദനത്തില്‍ , 'ഇന്ത്യക്കാരുടെ താമസസ്ഥലത്തിനടുത്ത് കാഫിറുകളെ പാര്‍പ്പിക്കാനുള്ള ടൌണ്‍കൌണ്‍സിലിന്റെ തീരുമാനത്തില്‍ ഗാന്ധിജി പ്രതിഷേധിക്കുന്നുണ്ട്. ലോര്‍ഡ് റിപ്പന് അയച്ച കത്തു നോക്കുക: 'വിവേചനപരമായ നയങ്ങള്‍ മൂലം ഇന്ത്യക്കാര്‍ക്ക് അവരുടെ സംസ്കൃത ശീലങ്ങള്‍ പരിപാലിക്കാന്‍ കഴിയാതെ വരുന്നു. പ്രാകൃതരായ തദ്ദേശീയരുടെ അവസ്ഥയിലേക്ക് അവര്‍ അധഃപതിക്കുന്നു. ഒരു തലമുറ കഴിയുമ്പോഴേക്കും ശീലങ്ങള്‍ , ആചാരങ്ങള്‍ , ചിന്ത എന്നിവയില്‍ ഇന്ത്യക്കാരും തദ്ദേശീയരും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതെവരും.' 'ഗാന്ധീസ് ലെഗസി: ദ് നേതല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്' എന്ന കൃതിയില്‍ സുരേന്ദ്രബാന ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്തവരോടുള്ള ഗാന്ധിജിയുടെ മനോഭാവത്തില്‍ വംശീയത പ്രകടമായിരുന്നു....മറ്റ് ഇന്ത്യന്‍ നേതാക്കളെപ്പോലെ, ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുകയും അവര്‍ അധമരാണെന്നു വിശ്വസിക്കുകയും ചെയ്തു.' ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളക്കാരെയും അല്ലാത്തവരെയും രണ്ടായി വിഭജിച്ചപ്പോള്‍ , ഗാന്ധിജിയാകട്ടെ വെള്ളക്കാരല്ലാത്തവരെ കാഫിറുകളും അല്ലാത്തവരുമായി വീണ്ടും വിഭജിച്ചു. 'ജാതിശ്രേണീബോധത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ വര്‍ഗീകരിക്കുകയും തദ്ദേശീയരെ സംസ്കാരശ്രേണിയില്‍ ഏറ്റവും താഴെയുള്ളവരായി കാണുകയും ചെയ്ത ഗാന്ധിജി വംശീയ ശുദ്ധിയില്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു' എന്നാണ് 'ഗാന്ധി: ദ് സൌത്ത് ആഫ്രിക്കന്‍ എക്സ്പീരിയന്‍സ്' എന്ന കൃതിയില്‍ മോറീന്‍സ്വാന്‍ നിരീക്ഷിക്കുന്നത്. അപ്പാര്‍ത്തീഡ് വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫസ് ലുല്‍ ഹഖ് പറയുന്നു: 'ഗാന്ധി വംശീയ വിവേചനത്തെ അംഗീകരിച്ചിരുന്നു. അപ്പാര്‍ത്തീഡ് ജാതി വ്യവസ്ഥയ്ക്കു സമാനമാണെന്നും കരുതി. വെള്ളക്കാരെ ബ്രാഹ്മണരായും ഇന്ത്യക്കാരെ ശൂദ്രരായും മറ്റുള്ളവരെ അധസ്ഥിതരായിട്ടുമാണ് ഗാന്ധിജി വീക്ഷിച്ചത്.'

കേപ് പട്ടണത്തില്‍വച്ച് 1914 ജൂണ്‍ -27നു നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ , ബോര്‍ -സുലു യുദ്ധങ്ങളില്‍ ചെയ്ത സേവനങ്ങളെ ഗാന്ധിജി അഭിമാനത്തോടെയാണ് അനുസ്മരിച്ചത്. മഹാത്മാവും അഹിംസയുടെ മിശിഹയുമായി മാറിക്കൊണ്ടിരുന്ന ഗാന്ധിജിയാണ് ഇങ്ങനെ ചെയ്യുന്നതെന്നോര്‍ക്കണം. അപ്പാര്‍ത്തീഡിനോടുള്ള മൃദു സമീപനത്തെ ഒരു വിഭാഗം ഇന്ത്യക്കാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ തമിഴരില്‍ ഭൂരിപക്ഷവും ഗാന്ധിജിക്കെതിരായിരുന്നു. ഗാന്ധിജിയുടെ സമീപനങ്ങള്‍ തദ്ദേശീയര്‍ക്കിടയില്‍ ഇന്ത്യക്കാരെ ഒറ്റപ്പെടുത്തുകയാണെന്ന് പി. എസ്. അയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ദ് ഇന്ത്യന്‍ വേള്‍ഡ്' വിമര്‍ശിച്ചു. ലണ്ടനിലെ ഇന്ത്യക്കാര്‍ നടത്തിയിരുന്ന 'ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്' ഗാന്ധിജിയുടെ രീതികളെ വിശേഷിപ്പിച്ചത് 'ജുഗുപ്സാവഹ'മെന്നായിരുന്നു. കരാര്‍തൊഴിലാളികളുടെ 'തലക്കര'ത്തിനെതിരെ 1913-ല്‍ നടന്ന സമരത്തോട് ഗാന്ധിജി സ്വീകരിച്ച നിഷേധാത്മക നിലപാടിനെക്കുറിച്ച് പി. എസ്. അയ്യര്‍ പ്രതികരിച്ചതിങ്ങനെയാണ്: 'തന്റെ പ്രബോധനങ്ങളില്‍ ഉദ്ഭവിക്കാത്ത ഒന്നിനെയും ഫീനിക്സിലെ ഈ വിശുദ്ധന്‍ അംഗീകരിക്കില്ല.' 1920-ല്‍ രചിച്ച 'ദ് ഡോക്ട്രിന്‍ ഓഫ് ദ് സോര്‍ഡ്' എന്ന ലേഖനത്തില്‍ ഗാന്ധി വിശദീകരിക്കുന്നു: 'ഭീരുത്വവും അക്രമവും തമ്മില്‍ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ , ഞാന്‍ അക്രമത്തിന്റെ ഭാഗത്തായിരിക്കും....ഞാന്‍ ആക്രമിക്കപ്പെടുന്നതു കണ്ടാല്‍ , ഹിംസയിലൂടെയാണെങ്കിലും എന്നെ രക്ഷിക്കുകയെന്നതാണ് എന്റെ മകന്റെ കടമ. ബോര്‍യുദ്ധത്തിലും സുലു കലാപത്തിലും ഒന്നാം ലോകയുദ്ധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതു തന്നെയാണ്' (സമാഹൃതകൃതികള്‍ , വാല്യം 18, പു.132). മകന് പിതാവിനോടുള്ളതുപോലെ എന്തു കടമയാണ് ഗാന്ധിജിക്ക് സാമ്രാജ്യത്തോടുണ്ടായിരുന്നത്?

1921-ല്‍ ഒരു വിദേശപത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോടു ചോദിച്ചു: 'സുലു വിപ്ളവകാരികള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ താങ്കള്‍ ബ്രിട്ടീഷുകാരെ സഹായിച്ചില്ലേ?' അഹിംസയുടെ വക്തവായ താങ്കള്‍ ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷികാര്‍ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തില്ലേ? 'സാമ്രാജ്യത്വത്തിന്റെ പ്രജയാണെന്നു കരുതിയത് തെറ്റായിപ്പോയെ'ന്ന് ഗാന്ധിജി കുറ്റസമ്മതം നടത്തുന്നുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും ദക്ഷിണാഫ്രിക്കക്കാരെ കാഫിറുകളായി കരുതിയതിനെക്കുറിച്ച് സ്വയം വിമര്‍ശനം നടത്തിയിട്ടില്ല. വര്‍ണ-ജാതി വ്യവസ്ഥയിലുള്ള വിശ്വാസം വംശീയ മുന്‍വിധികളില്‍നിന്നു മുക്തനാവാന്‍ ഗാന്ധിജിയെ അനുവദിച്ചില്ല എന്നതാണ് വാസ്തവം. 'ഗാന്ധി ഇന്‍ സൌത്ത് ആഫ്രിക്ക: ദ അംബിഗ്വിറ്റീസ് ഓഫ് സത്യഗ്രഹ' എന്ന പ്രബന്ധത്തില്‍ ലെസ് സ്വിറ്റ്സര്‍ നിരീക്ഷിക്കുന്നു: '...ആഫ്രിക്കന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിക്കൊണ്ടിരുന്ന നേതാക്കളുമായി ഗാന്ധിജി ഏതെങ്കിലും തരത്തിലുള്ള ഐക്യദാര്‍ഢ്യം ഉണ്ടാക്കിയിരുന്നോ? അപ്പാര്‍ത്തീഡിനെതിരെ അവര്‍ രൂപവത്കരിച്ചിരുന്ന രാഷ്ട്രീയ-സംസ്കാരിക പ്രസ്ഥാനങ്ങളുമായി ഗാന്ധിജി സഹകരിച്ചിരുന്നോ? ലഭ്യമായ എല്ലാ രേഖകളും നല്‍കുന്ന ഉത്തരം 'ഇല്ല' എന്നാണ്.'

നേതല്‍ നേറ്റീവ് കോണ്‍ഗ്രസിന്റെ സ്ഥാപകനും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ജോണ്‍ ദൂബിനെ, 'ദ് കാഫിര്‍സ് ഓഫ് നേതല്‍ ' എന്ന ലേഖനത്തില്‍ ഗാന്ധിജി വിശേഷിപ്പിച്ചത്. 'വിദ്യാസമ്പന്നരായ കാഫിറുകളുടെ നേതാവ്' എന്നായിരുന്നു. ബന്ധുക്കളോട് (ആഫ്രിക്കക്കാര്‍ ) എത്രതന്നെ സഹതാപമുണ്ടെങ്കിലും അവരുമായി പൊതുമുന്നണി ഉണ്ടാക്കാനാവില്ലെന്നാണ് 1939-ല്‍ പോലും ഗാന്ധിജി സ്വീകരിച്ച സമീപനം. എന്നാല്‍ , ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ തദ്ദേശീയര്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു നെഹ്റുവിന്റെ പക്ഷം. 'ദ് ഗാന്ധി: നോബഡി നോസ്' എന്ന ലേഖനത്തില്‍ 'സാമാജ്യത്വത്തിന്റെ ശത്രു'ക്കളെ കൊന്നൊടുക്കിയ ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച ഗാന്ധിയന്‍ അഹിംസയുടെ കാപട്യം റിച്ചാര്‍ഡ് ഗ്രെനിയര്‍ തുറന്നു കാട്ടുന്നുണ്ട്.

ഗാന്ധി പ്രചാരണ യന്ത്രം
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മര്‍ദന-വിവേചന സമ്പ്രദായങ്ങളിലൊന്നായ അപ്പാര്‍ത്തീഡിനെതിരെ ശബ്ദിക്കാത്ത ഗാന്ധിജിയുടെ മഹത്ത്വം 'ഗാന്ധിപ്രചാരണയന്ത്ര'ത്തിന്റെ സൃഷ്ടിയാണെന്നാണ് ജി.ബി. സിങ് സമര്‍ത്ഥിക്കുന്നത്. ഗാന്ധിജിയുടെ ആദ്യകാല യൂറോപ്യന്‍ ജീവചരിത്രകാരന്മാരും ആരാധകരും 'കള്‍ട്ട്' നിര്‍മിതിയില്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ആദ്യജീവചരിത്രമെഴുതിയ റവ. ജോസഫ് ഡോക്ക് ആണ് 'മഹാത്മ്യ നിര്‍മിതി'യുടെ സ്ഥാപകന്‍ . 'എം. കെ ഗാന്ധി: ആന്‍ ഇന്ത്യന്‍ പേട്രിയറ്റ് ഇന്‍ സൌത്ത് ആഫ്രിക്ക' എന്ന കൃതി ഗാന്ധിജിയെ മുന്‍കാല പ്രാബല്യത്തോടെ മഹത്ത്വവത്കരിക്കുന്നു. 1910-ല്‍ ഹെന്റി പൊളാക്ക് എഴുതിയ 'എം. കെ. ഗാന്ധി: എ സ്കെച്ച് ഓഫ് ഹിസ് ലൈഫ് ആന്‍ഡ് വര്‍ക്ക്' എന്ന കൃതി മഹാത്മാവിന്റെ രൂപവത്കരണത്തില്‍ ഗാന്ധിജിയെക്കാള്‍ വലിയ പങ്കു വഹിച്ചിട്ടിണ്ട്. ഗാന്ധിജിയെ ഒരു 'ലോക മിശിഹ'യാക്കുന്നതില്‍ ഒരു വിഭാഗം പാശ്ചാത്യ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച പങ്ക് ഇനിയും അപഗ്രഥിക്കപ്പെട്ടിട്ടില്ല. ആധുനികതയുടെ മുന്നേറ്റത്തിന്റെ ഫലമായി മതാത്മകതയ്ക്കുണ്ടായ പാര്‍ശ്വവത്കരണത്തില്‍ പരിതപിച്ചിരുന്ന ഈ മിഷനറിമാര്‍ അവരുടെ ക്രൈസ്തവ പ്രചാരണ യന്ത്രത്തിലൂടെ ഒരു 'വിശുദ്ധ'നെ നിര്‍മിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ കമ്യൂണിറ്റിചര്‍ച്ച് വികാരിയും ഗാന്ധി ഭക്തനുമായിരുന്ന റവ ജോണ്‍ ഹോംസ് തന്റെ പ്രസിദ്ധീകരണമായ 'യൂണിറ്റി'യില്‍ 1921-ലെഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം നോക്കുക: 'ഇന്നു ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യനാരാണ്?' 'ഗാന്ധി: ദ് മോഡേണ്‍ ക്രൈസ്റ്,' 'മഹാത്മാഗാന്ധി: ദ് ഗ്രെയ്റ്റസ്റ്മാന്‍ സിന്‍സ് ജീസസ് ക്രൈസ്റ്', 'മഹാത്മജി റീ ഇന്‍കാര്‍നേഷന്‍ ഓഫ് ക്രൈസ്റ്' എന്നിവയാണ് ഹോംസിന്റെ മറ്റുചില ലേഖനശീര്‍ഷകങ്ങള്‍ . ഗാന്ധി കള്‍ട്ടിന്റെ ആഗോളവത്കരണത്തില്‍ സുപ്രധാന പങ്കു വഹിച്ച റൊമെയ്ന്‍ റോളണ്ട് ഗാന്ധിജിയ വിശേഷിപ്പിച്ചത് 'മറ്റൊരു ക്രിസ്തു' എന്നായിരുന്നു. റോളണ്ട് 1924-ല്‍ പ്രസിദ്ധീകരിച്ച 'മഹാത്മാഗാന്ധി: ദ് മാന്‍ ഹൂ ബികെയിം വണ്‍ വിത്ത് യൂണിവേഴ്സല്‍ ബീയിങ്' എന്ന കൃതി തുടങ്ങുന്നതുതന്നെ ഓക്കാനം വരുത്തുന്ന അത്യുക്തികളിലാണ്:
'ഏകമായ തേജസ്സാണവന്‍ സര്‍വസ്രഷ്ടാവ്,
മഹാത്മ സ്നേഹത്തിലും ഉള്‍ക്കാഴ്ച
യിലും ചിന്തയിലും വെളിപ്പെടുന്നവന്‍
അവനെ ആരറിയുന്നുവോ-
അവര്‍ അനശ്വരരാകുന്നു!'

ആധുനികതയോടു പൊരുത്തപ്പെടാനാവാതെ പോയ യൂറോപ്യന്‍ കാല്‍പ്പനികരുടെ ജീര്‍ണമനസ്സിന് വലിയൊരു ആശ്വാസവും പ്രത്യാശയുമായി മാറുകയായിരുന്നു ഗാന്ധിജി. കാരണം, ഹിന്ദ്-സ്വരാജ് എന്ന കൃതിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും വിഭാവന ചെയ്യുന്നത് പരമജീര്‍ണവും മതത്മാകവുമായ ഒരു 'പറുദീസ'യാണെന്ന് യൂറോപ്യന്‍ -ക്രിസ്ത്യന്‍ കാല്‍പ്പനികര്‍ മനസ്സിലാക്കിയിരുന്നു.

ഗാന്ധിജിയുടെ സന്ദേശം 'അര്‍ധനഗ്നശരീരം'തന്നെ
യൂറോപ്പിലെന്നതുപോലെ ഇന്ത്യയിലും ഗാന്ധിജി മഹാത്മാവാകുന്നത്1920-കളിലാണ്. ഗാന്ധിജിയുടെ വരവോടെ ദേശീയപ്രസ്ഥാനം ജനകീയമായി എന്നാണു ചരിത്രപണ്ഡിതരുടെ വിശദീകരണം. എന്നാല്‍ , ഈ ചരിത്രപണ്ഡിതര്‍ക്കു പിടികൊടുക്കാത്ത അഗാധ സൂക്ഷ്മമായ ഒരു പശ്ചാത്തലം ഗാന്ധിമാഹാത്മ്യത്തിനും ജനകീയതയ്ക്കും പിന്നിലുണ്ട്. 'ആധുനികത' അഥവാ 'യൂറോപ്യനൈസേഷന്‍ '  എന്ന ചരിത്രപ്രക്രിയ ഇന്ത്യയിലെ ഗ്രാമ-നഗര ജീവിതത്തെ കീഴ് മേല്‍ മറിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. നീതിന്യായം, ഭരണനിര്‍വ്വഹണം, വിദ്യാഭ്യാസം, ചികിത്സാ സമ്പ്രദായം, ഉത്പാദന രീതി, വിപണി, നാണയം, വാര്‍ത്താവിനിമയം ഗതാഗതം. സമയമാപനം, അളവുതൂക്കങ്ങള്‍ , വസ്ത്രധാരണം, ഭവനനിര്‍മാണം, ആചാരാനുഷ്ഠാനങ്ങള്‍ , ജാതിബന്ധങ്ങള്‍ , കല, സാഹിത്യം എന്നിങ്ങനെ ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും പരമ്പരാഗത രീതികള്‍ പിന്തള്ളപ്പെടുകയും യൂറോപ്യന്‍ സമ്പ്രദായങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ആധുനികതയുടെ ഭൌതികതയെ സ്വീകരിച്ചെങ്കിലും നൂറ്റാണ്ടുകളുടെ ജീര്‍ണ മനസ്സുമായികഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ആശയങ്ങളുടെയും മൂല്യങ്ങളുടെയും തലത്തില്‍ വലിയ പ്രതിസന്ധിയാണനുഭവപ്പെട്ടത്. മാറ്റമില്ലാതെ നിലനിന്നുവന്ന ഹൈന്ദവ ലോകബോധത്തിനുമേല്‍ ആധുനികത സൃഷ്ടിച്ച ആഘാതം, ഇന്ത്യക്കാരില്‍ ഒരു 'പറുദീസാനഷ്ട'ത്തിന്റെ കാല്‍പ്പനിക ഗൃഹാതുരത സൃഷ്ടിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആധുനിക സംസ്കാരത്തിന്റെ സമ്പൂര്‍ണ നിരാസത്തിന്റെ മൂര്‍ത്തീരൂപമായി ഗാന്ധിജി അവതരിക്കുന്നത്. തന്റെ 'അര്‍ധനഗ്ന ശരീരത്തിന്റെ അഖിലേന്ത്യാവിന്യാസത്തിലൂടെ, അവികസിതവും ബാലാരിഷ്ടവുമായ ഇന്ത്യന്‍ മനസ്സിനെ ഗാന്ധിജി കീഴടക്കുകയായിരുന്നു. അഹിംസയോ സത്യഗ്രഹമോ ഒന്നുമായിരുന്നില്ല ഗാന്ധിജിയുടെ സാംസ്കാരിക മൂലധനം. മറിച്ച്, മേല്‍വസ്ത്രം അഴിച്ചുമാറ്റുന്നതിലൂടെയാണ് ഗാന്ധിജി ഭൂരിപക്ഷ ഹിന്ദുശരീരങ്ങളുമായി താദാത്മ്യം പ്രാപിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ശാസ്ത്രീയ വൈദ്യശാസ്ത്രം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കുമ്പോഴും യൂറോപ്യന്‍ സ്കൂളില്‍ യൂറോപ്യന്‍ പാഠ്യപദ്ധതി പഠിക്കുമ്പോഴും യൂറോപ്യന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും യൂറോപ്യന്‍ സാമ്പത്തികരീതികള്‍ അനുവര്‍ത്തിക്കുമ്പോഴും യൂറോപ്യന്‍ രാഷ്ട്രീയശൈലികള്‍ സ്വീകരിക്കുമ്പോഴുമൊക്കെ ഇന്ത്യക്കാര്‍ കൈവിടാതിരുന്ന ജീര്‍ണപാരമ്പര്യത്തെയാണ് സ്വന്തം അനാവൃതശരീരംകൊണ്ടു ഗാന്ധിജി പ്രതിനിധാനം ചെയ്തത്. ആധുനികാശയങ്ങളും ജീവിതരീതികളും പിന്തുടര്‍ന്ന മുഹമ്മദലി ജിന്നയെയും നെഹ്റുവിനെയും പോലുള്ളവര്‍ക്കു ലഭിക്കാത്ത ജനപ്രീതി ഗാന്ധിജിക്കു ലഭിച്ചതിനു കാരണം, ഹൈന്ദവ ജനസാമാന്യത്തിന്റെ മനഃശാസ്ത്രപരമായ ശൈശവത്വമാണ്. 'മനോശൂന്യമായ ഒരു ശരീരപറ്റ'ത്തിന്റെ നടപ്പുശീലങ്ങളെയും ഭവുകത്വത്തെയുമാണ് ഗാന്ധിജി സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചത്. ഗാന്ധിജിയുടെ സന്ദേശം അതിനാല്‍ , അദ്ദേഹത്തിന്റെ 'അര്‍ധനഗ്ന ശരീരം' തന്നെയാണ്. ആധുനിക ചിന്തയ്ക്കോ യുക്തിക്കോ അപ്രവേശ്യമായ ഈ 'അര്‍ധനഗ്നശരീര'ത്തിന്റെ പ്രതീകാത്മകപദാവലിയാണ് ഗാന്ധിസം എന്നറിയപ്പെടുന്നത്.

മതാത്മക ജനകീയത
ഗാന്ധിമാഹാത്മ്യത്തിനു പിന്നിലെ അപകടം തിരിച്ചറിഞ്ഞ ഒരാള്‍ കോണ്‍ഗ്രസിന്റെ ആദ്യകാലനേതാവായ സര്‍ സി. ശങ്കരന്‍നായരായിരുന്നു. 'ഗാന്ധിആന്‍ഡ് അനാര്‍ക്കി' എന്ന കൃതിയില്‍ , ഗവണ്‍മെന്റും റയില്‍വേയും യന്ത്രങ്ങളും ആശുപത്രികളും സ്കൂളുകളും കോടതികളുമില്ലാത്ത ഒരു സമൂഹത്തെയാണ് ഗാന്ധിജി സ്വപ്നം കാണുന്നതെന്ന് ശങ്കരന്‍നായര്‍ വിലയിരുത്തുന്നു. ഗാന്ധിജി കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുയര്‍ന്നതിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ഉണ്ടായതെന്ന വസ്തുത ഒട്ടും യാദൃച്ഛികമല്ല. കോണ്‍ഗ്രസിന്റെ വ്യവഹാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഗാന്ധി പ്രകടമായ ഹൈന്ദവവത്കരണത്തിനു വിധേയമാക്കി. ദേശീയ പ്രസ്ഥാനത്തിന് ഗാന്ധിജി നല്‍കിയ ജനകീയത വാസ്തവത്തില്‍ 'മതാത്മകജനകീയത'യായിരുന്നു. ദേശീയ പ്രസ്ഥാനം പ്രകടമായ ഹൈന്ദവസ്വത്വമുദ്ര ആര്‍ജിച്ചതോടെ മുസ്ളീം-അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും വളര്‍ന്നു. ഗാന്ധിജിയുടെ മതാത്മകജനകീയതയാണ് ഈ കാലഘട്ടത്തിലെ മിക്ക വര്‍ഗീയ ലഹളകളെയും സാധ്യമാക്കിയത്. 'ഗാന്ധിജി വര്‍ഗീയതയെ വെറുത്തുവെങ്കിലും ദേശീയ പ്രസ്ഥാനത്തെ മതവത്കരിക്കുന്നതിലൂടെ ഹിന്ദു-മുസ്ളീം സംഘര്‍ഷത്തിനിടയാക്കി'യെന്ന നോര്‍മന്‍ ബ്രൌണിന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നു. ദക്ഷിണാഫ്രിക്കയിലും ഇതു തന്നെയാണു സംഭവിച്ചത്. ചെറുകിട-ഇടത്തരം വ്യാപാരരംഗങ്ങളില്‍ തദ്ദേശീയര്‍ക്കുമേല്‍ ഇന്ത്യക്കാരുടെ ആധിപത്യം ശക്തമായിരുന്നു. തദ്ദേശീയരുടെ അതൃപ്തി, പക്ഷേ, ഗാന്ധിജിയുടെ 'മഹാത്മ്യ'ത്തിനു മുന്നില്‍ അമര്‍ത്തപ്പെടുകയാണുണ്ടായത്. എന്നാല്‍ , ഗാന്ധിജി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ദര്‍ബന്‍ പട്ടണത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സുലു ഗോത്രവിഭാഗങ്ങളും ഇന്ത്യന്‍ വ്യാപാരികളും തമ്മിലുണ്ടായ ലഹളയില്‍ നൂറ്റിനാല്‍പ്പത്തിരണ്ടു പേര്‍ കൊല്ലപ്പെടുകയും ആയിരത്തി എഴുനൂറുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 'അഹിംസ', 'സത്യഗ്രഹം' തുടങ്ങിയ രൂപകങ്ങള്‍ക്ക് ഐതിഹാസിക മാനം നല്‍കുകയും 'ഹിന്ദു-മുസ്ളിം മൈത്രി', 'ഹരിജനോദ്ധാരണം' തുടങ്ങിയ ഉപരിപ്ളവ മുദ്രാവാക്യങ്ങളിലൂടെ സമൂഹത്തിന്റെ അടിസ്ഥാന വൈരുദ്ധ്യങ്ങളുടെ പ്രകാശനത്തെ അസാധ്യമാക്കുകയുമായിരുന്നു ഗാന്ധിജി നിര്‍വ്വഹിച്ച ധര്‍മം. ഗാന്ധിജിയുടെ ദൈവതുല്യമായ പ്രതിച്ഛായയ്ക്കു മുന്നില്‍ ഈ വൈരുധ്യങ്ങളുടെ വാഹകരായ മനുഷ്യര്‍ മിക്കപ്പോഴും നിരായുധരും നിശ്ശബ്ദരുമായി മാറുകയാണു ചെയ്യുന്നത്. എന്നാല്‍ , പൊതുമണ്ഡലത്തില്‍നിന്ന് ഗാന്ധിബിംബം പിന്‍വാങ്ങുമ്പോഴൊക്കെ സംഘര്‍ഷങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. ഒരു സമൂഹത്തിനു താങ്ങാവുന്നതിലും വലിയ 'മഹാത്മാക്കള്‍ ' ആത്യന്തികമായി സമൂഹത്തിനുണ്ടാക്കാവുന്ന വിപത്തിനെയാണ് ഗാന്ധിജി പ്രതീകവത്കരിക്കുന്നത്. 'ദ് ഓട്ടോബയോഗ്രഫി ഒഫ് ആന്‍ അന്‍ നോണ്‍ ഇന്ത്യന്‍ ' എന്ന കൃതിയില്‍ നിരദ് സി. ചൌധരി നടത്തുന്ന നിരീക്ഷണം പ്രസക്തമാണ്: 'രാഷ്ട്രീയത്തിലും ജീവിതത്തിലും ഗാന്ധിസം ഒന്നും സംഭാവന ചെയ്തിട്ടില്ല. കുറെ കാല്‍പ്പനിക തൃഷ്ണകളുടെയും മുന്‍വിധികളുടെയും പ്രച്ഛന്നരൂപമാണ് ഗാന്ധിസം.' 'ഹിറ്റ്ലറെക്കാള്‍ വലിയ സ്വേച്ഛാധിപതിയാണ് ഗാന്ധി'യെന്നു ചൌധരി സൂചിപ്പിച്ചിട്ടുണ്ട്. (സ്വപന്‍ദാസ് ഗുപ്ത 1997, നിരദ് സി. ചൌധരി ദ് ഫസ്റ്റ് ഹണ്‍ഡ്രഡ് ഇയേഴ്സ് എ സെലിബ്രേഷന്‍ ' പു. 42). നാസിസത്തോടും ഹിറ്റ്ലറോടും ഗാന്ധിജി സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്റെ 'കാല്‍പ്പനികാതുരതകളുടെ ക്രൂരത' വ്യക്തമാക്കുന്നതാണ്. ഹിറ്റ്ലര്‍ക്കയച്ച ഒരു കത്തില്‍ , മാലോകരെല്ലാം പറയുന്നതുപോലെ, നിങ്ങളൊരു ദുഷ്ടനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്നു പറയുന്നു. മറുവശത്ത്, നാസി കൂട്ടക്കൊലകള്‍ക്കെതിരെ സത്യഗ്രഹം നടത്താന്‍ പോളണ്ടിലെ ജൂതരെ ഉപദേശിച്ച ഗാന്ധിജി, സത്യഗ്രഹികളുടെ ആത്മശക്തിക്കു മുന്നില്‍ ഹിറ്റ്ലര്‍ പരാജയപ്പെടുമെന്ന് അവരെ ആശ്വസിപ്പിക്കുന്നു (സമാഹൃതകൃതികള്‍ . വാല്യം 68. പു. 191-93). എന്നാല്‍ , 'ആത്മശക്തി'യുടെ ഭാഷ ഹിറ്റ്ലര്‍ക്കു മനസ്സിലാവില്ലെന്നു വന്നപ്പോള്‍ , 1942 ജൂണില്‍ 'കൂട്ട ആത്മഹത്യ'യിലൂടെ നേരിടാന്‍ ഉപദേശിക്കുന്നു. 'വംശഹത്യ'യെ 'വംശാത്മഹത്യ'കൊണ്ട് നേരിടണമത്രേ! 'നാസികളുടെ കശാപ്പുകത്തികള്‍ക്കു മുന്നില്‍ സ്വന്തം കഴുത്തു നീട്ടിക്കൊടുക്കാനാണു ഗാന്ധിജി ജൂതരെ ഉപദേശിച്ചത്' (ലൂയിഫിഷര്‍ , ഗാന്ധി ആന്‍ഡ് സ്റ്റാലിന്‍ :ടൂ സൈന്‍സ് അറ്റ് ദ് വേള്‍ഡ്സ് ക്രോസ്റോഡ്സ്. പു. 50). തന്റെ ഉപദേശം ജൂതര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അതു വലിയ ധീരതയാകുമായിരുന്നുവെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. വിഖ്യാത ജൂത ചിന്തകനായ മാര്‍ട്ടിന്‍ ബുബര്‍ ഗാന്ധിജിക്കെഴുതിയ തുറന്ന കത്തില്‍ , അദ്ദേഹത്തിന്റെ ഉപദേശങ്ങളിലെ 'നിര്‍ദോഷമായ ദുഷ്ടതയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മനുഷ്യയുക്തികള്‍ക്കൊന്നും വിശദീകരിക്കാനാവാത്ത ഹിറ്റ്ലര്‍ എന്ന ഭ്രാന്തന്‍ പ്രതിഭാസത്തെ ഹൃദയംകൊണ്ടും ആത്മശക്തികൊണ്ടുമൊക്കെ മാനസാന്തരപ്പെടുത്താമെന്ന ഗാന്ധിജിയുടെ മൂഢവിശ്വാസത്തെയും ബുബര്‍ പരിഹസിക്കുന്നു.

ട്രെയിന്‍സംഭവം കെട്ടുകഥയോ?
'ഗാന്ധി:അണ്ടര്‍ ക്രോസ് എക്സാമിനേഷന്‍ ' എന്ന കൃതി ഗാന്ധിജിയുടെ ജിവിതത്തെ മാറ്റിമറിച്ചതെന്നു പറയുന്ന ട്രെയിന്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണാത്മക പഠനമാണ്. 1893-ലുണ്ടായതെന്നു പറയപ്പെടുന്ന ഈ സംഭവം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് 1909-ല്‍ റവ.ഡോക്ക് എഴുതിയ ജീവചരിത്രത്തിലാണ്. തന്റെ ജീവിതത്തിലെ വഴിത്തരിവിനു പ്രേരകമായതെന്നു പില്‍ക്കാലത്തെഴുതിയ ആത്മകഥയില്‍ വിശേഷിപ്പിക്കുന്ന ഈ സംഭവം നീണ്ട പതിനാറുവര്‍ഷക്കാലം ഗാന്ധിജിയോ ജിവചരിത്രകാരന്മാരോ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണ്? 1893-നും 1909-നുമിടയ്ക്ക് ഗാന്ധിജി നടത്തിയ അസംഖ്യം കത്തിടപാടുകളിലോ എഴുതിയ ലേഖനങ്ങളിലോ ഡയറിക്കുറുപ്പുകളിലോ ഈ സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. 1896-ല്‍ ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ , വെള്ളക്കാരല്ലാത്താ യാത്രക്കാര്‍ ട്രെയിനില്‍ നേരിടുന്ന വിവേചനത്തിനു താന്‍ ദൃക്സാക്ഷിയായിട്ടുണ്ടെന്നു ഗാന്ധി പറയുന്നുണ്ട്. തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയ സംഭവത്തെക്കുറിച്ച് എന്തുകൊണ്ട് ഈ യോഗങ്ങളില്‍ സംസാരിച്ചില്ല? ദക്ഷിണാഫ്രിക്കയിലെ റയില്‍വേ രേഖകളിലൊന്നും ഇങ്ങനെയൊരു സംഭവം നടന്നതിനു തെളിവുകളില്ലെന്ന് ജി. ബി. സിങ്ങ് വ്യക്തമാക്കുന്നു. ആദ്യ ജീവചരിത്രകാരനായ ഡോക്കും ഗാന്ധിജിയും ചേര്‍ന്നുണ്ടാക്കിയ ഒരു 'കെട്ടുകഥ'യാണ് ട്രെയിന്‍ സംഭവമെന്നാണ് സിങ് സ്ഥാപിക്കുന്നത്. ഗാന്ധിജിയെ വര്‍ണവിവേചനത്തിന്റെ രക്തസാക്ഷിയായി മുന്‍കാല പ്രാബല്യത്തോടെ ചിത്രീകരിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ സമരങ്ങള്‍ക്ക് ഉദാരവാദികളായ ബ്രട്ടീഷുകാരുടെ പിന്തുണ നേടുകയെന്നതാവാം ഡോക്ക് ലക്ഷ്യമാക്കിയത്.

ദലിതരെ ദൈവമാക്കല്‍
'ഹരിജന'ങ്ങളുടെ രക്ഷകനായപ്പോഴും ജാതിവ്യവസ്ഥയെക്കുറിച്ചുള്ള താത്വിക സമീപനത്തില്‍ ഗാന്ധിജി യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. തൊട്ടുകൂടായ്മയ്ക്കെതിരായ യുദ്ധം ഹിന്ദുയിസത്തിന്റെ ആത്മഹത്യാപരമായ കാര്‍ക്കശ്യത്തിനെതിരായ 'ചികിത്സ' മാത്രമാണ്. ആധുനിക യുഗത്തില്‍ ഹിന്ദുയിസത്തിന് അതിജീവനം സാധ്യമാകണമെങ്കില്‍ അതു കൂടുതല്‍ 'ഉദാര'മാകണമെന്നു മനസ്സിലാക്കിയ ഗാന്ധിജി അതിന്റെ 'ആത്യന്തികരക്ഷകനാ'യി മാറുകയായിരുന്നു. അധസ്ഥിതരുടെ സംഘടിത കലാപം ഒഴിവാക്കുന്നതിനുള്ള എളുപ്പവഴി തൊട്ടുകൂടായ്മയെ ആശ്രിതത്വമാക്കിയെടുക്കുകയാണെന്നു ഗാന്ധിജി സവര്‍ണ ഹിന്ദുയിസത്തെ പഠിപ്പിച്ചു. ബഹിഷ്കര്‍ത്താക്കളും ബഹിഷ്കൃതരും തമ്മിലുള്ള വിരുദ്ധ ദ്വന്ദത്തെ ഗാന്ധിജി, രക്ഷാകര്‍ത്താവും ശിശുവും ഉദ്ധാരകനും ഉദ്ധരിക്കപ്പെടുന്നവനും ഹരിയും ജനവും തമ്മിലുള്ള ആശ്രിത ബന്ധമാക്കി മാറ്റി. സവര്‍ണഹിംസയ്ക്കു വിധേയരായിരുന്ന ജനവിഭാഗങ്ങളെ 'ഹരിജനവത്കരണ'ത്തിലൂടെ 'ദൈവ'ത്തിന്റെ സ്ഥാനത്തു പ്രതിഷ്്ഠിച്ചു. ദലിതരെ സാമൂഹ്യമണ്ഡലത്തില്‍ നിന്ന് 'ഉയര്‍ത്തുക'യും അതിഭൌതികതലത്തിലേക്കു നിഷ്കാസനം ചെയ്യുകയുമെന്നതാണ് ഈ ദിവ്യവത്കരണത്തിന്റെ സാമൂഹിക പ്രത്യാഘാതം. ദൈവികമാകുക എന്നതിനര്‍ത്ഥം സ്വയം സംസാരിക്കാനും കര്‍ത്തൃത്വത്തിലേക്കു വികസിക്കാനുമുള്ള ശേഷി ഇല്ലാതാവുക എന്നാണ്. ദൈവങ്ങള്‍ സ്വയം സംസാരിക്കില്ലല്ലോ. ഭക്തരിലൂടെയാണു ദൈവഹിതം വെളിപ്പെടുന്നത്. അവരാണു ദൈവത്തിന്റെ വക്താക്കളും നിര്‍വാഹകരും. ഗാന്ധിജിയുടെ ഹരിജനോദ്ധാരകര്‍ ദലിതരുടെ വക്താക്കളായി മാറുന്നതോടെ, അവര്‍ നാവു നഷ്ടപ്പെട്ട ദൈവങ്ങളെപ്പോലെയാകുന്നു. ദലിതരെ ദൈവവത്കരിച്ച് സ്വര്‍ഗത്തിലേക്കുയര്‍ത്തിയ ഗാന്ധിജി, ഇന്ത്യുടെ സാമൂഹിക മണ്ഡലത്തെ ഒരു ആഭ്യന്തര യുദ്ധസാദ്ധ്യതയില്‍നിന്നും മോചിപ്പിക്കുകയായിരുന്നു. കാരണം, മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കുവേണ്ടി സമരം ചെയ്യാന്‍ ദൈവങ്ങള്‍ക്കു ഭൂമിയിലേക്ക് ഇറങ്ങിവരാനാവില്ലല്ലോ. ചുരുക്കത്തില്‍ , സവര്‍ണ ന്യൂനപക്ഷവും അവര്‍ണ ഭൂരിപക്ഷവും തമ്മില്‍ നടക്കേണ്ടിയിരുന്ന രക്തരൂക്ഷിതവും യുഗനിര്‍ണായകവുമായ ഒരു 'ആഭ്യന്തരയുദ്ധ'ത്തിന്റെ സാധ്യതകളെതകര്‍ത്തു എന്നതാണ് സനാതന ഹിന്ദുയിസത്തിനു ഗാന്ധിജി നല്‍കിയ ഏറ്റവും വലിയ സംഭാവന.

നെഹ്റു പ്രതിനിധാനം ചെയ്ത ദേശീയ പ്രസ്ഥാനധാര ബ്രിട്ടീഷുകാരില്‍നിന്നു ഭരണകൂടം ഏറ്റെടുക്കാനാണു ശ്രമിച്ചത്. നെഹ്റു ഏറ്റെടുത്ത ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥ യൂറോപ്യന്‍ ആധുനികതയുടെ ഉത്പന്നമാണ്. എന്നാല്‍ , ഭരണകൂട കൈമാറ്റത്തെ സാധ്യമാക്കിയ പ്രക്ഷോഭങ്ങളുടെ 'ദേശീയ ജനകീയത'ഗാന്ധി മഹാത്മ്യത്തിലധിഷ്ഠിതവുമാണ്. ഗാന്ധിസത്തിന്റെ പൂര്‍ണനിരാകരണമായ പാര്‍ലമെന്റിലോ കോടതിയിലോ ഗാന്ധിയുടെ പടമോ പ്രതിമയോ സ്ഥാപിക്കുന്നതില്‍ വൈരുധ്യമില്ലാത്തത് അതുകൊണ്ടാണ്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ദേശീയ വൈകാരികമൂല്യമുള്ള ഒരു സാംസ്കാരിക ഉപകരണം മാത്രമായിരുന്നു ഗാന്ധിജി .ആധുനിക രാഷ്ട്രീയ സാങ്കേതിക പ്രക്രിയകളുടെ വിളഭൂമിയില്‍ കുത്തിനിര്‍ത്താവുന്ന ഒരു 'കോലം' മാത്രമാണ് ഗാന്ധിരൂപമെന്നു നെഹ്റു തിരിച്ചറിഞ്ഞിട്ടുണ്ടാവും.

നവഗാന്ധിസവും പൌരസമൂഹവും
ഇന്ത്യയുടെ ഭരണകൂടവ്യവസ്ഥയില്‍ നിന്നു ഗാന്ധിസത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞെങ്കിലും സാംസ്കാരിക-പൌരസമൂഹ മണ്ഡലങ്ങളില്‍ അതിന്റെ വിനാശകരമായ മതാത്മക സാന്നിധ്യം ഇപ്പോഴും സജീവമാണ്. ഇന്ത്യന്‍ പൌരസമൂഹത്തിന്റെ ഹൈന്ദവാധിഷ്ഠാനങ്ങള്‍ ഗാന്ധിസത്തിനു വളക്കൂറുള്ള മണ്ണാണ്. ഇന്ത്യയില്‍ ഭരണകൂടവും പൌരസമൂഹവും തമ്മിലുള്ള സംഘര്‍ഷം വാസ്തവത്തില്‍ മതേതര ആധുനികതയും നവഹിന്ദുയിസവും തമ്മിലുള്ള സംഘര്‍ഷമാണ്. നവ ഹിന്ദുയിസത്തിന്റെ ഉദാരാശയങ്ങളാണ് മിക്കപ്പോഴും പൌരസമൂഹപ്രസ്ഥാനങ്ങളിലൂടെ പ്രകാശിതമാകുന്നത്. സനാതനവും എന്നാല്‍ ഉദാരവുമായ ഒരു ഹൈന്ദവ പൌരസമൂഹത്തിന്റെ പുതിയ രൂപമാണ് നവഗാന്ധിസം.

വര്‍ത്തമാന ഇന്ത്യയിലെ ഏറ്റവും വലിയ വൈരുധ്യം ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ ദേശരാഷ്ട്ര-സംസ്കാരവും തമ്മിലുള്ള വൈരുധ്യമാണ്. യൂറോപ്യന്‍ സമൂഹങ്ങളില്‍നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് സാമൂഹിക മണ്ഡലത്തിന്റെ സ്വാച്ഛന്ദ്യവും രാഷ്ട്രീയത്തിന്റെ ആശ്രിതത്വവുമാണ്. തദ്ദേശീയവും വൈശികവുമായ സാമ്രാജ്യങ്ങള്‍ മാറിമാറി വന്നിട്ടും അവയ്ക്കൊന്നും ജാതിസാമൂഹിക വ്യവസ്ഥയെ അടിസ്ഥാനപരമായി സ്പര്‍ശിക്കാനോ മാറ്റിമറിക്കാനോ കഴിഞ്ഞിട്ടില്ല. കാരണം രാഷട്രീയ-ഭരണകൂട വ്യവസ്ഥയുടെ പരിരക്ഷ ആവശ്യമില്ലാതെതന്നെ സ്വയം നിലില്‍ക്കാനുള്ള കവചിതസ്വഭാവം ജാതിസാമൂഹികവ്യവസ്ഥ ആര്‍ജിച്ചിരുന്നുവെന്നതാണ്. യൂറോപ്പിലാകട്ടെ, മതാധികാരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചത് ഭരണകൂടങ്ങളുടെ ഭൌതികമായ സംരക്ഷണയിലും പിന്തുണയിലുമാണ്. അതുകൊണ്ടുതന്നെ ഭരണകൂട-മതസഖ്യത്തിനെതിരായ പ്രതിരോധങ്ങളുടെ പ്രഭവകേന്ദ്രമെന്ന നിലയ്ക്കാണ് യൂറോപ്പില്‍ പൌരസമൂഹം രൂപംകൊള്ളുന്നത്. നവോത്ഥാനം, ശാസ്ത്രം,പ്രബുദ്ധത, ആധുനികത തുടങ്ങിയവയെല്ലാം പൌരസമൂഹമണ്ഡലത്തില്‍ സംഭവിച്ച വിമര്‍ശനങ്ങളുടെയും വിചാര വിപ്ളവങ്ങളുടെയും സൃഷ്ടിയാണ്. ആധുനിക യൂറോപ്യന്‍ രാഷ്ട്രീയചിന്ത ഈ ധൈഷണിക വിപ്ളവങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ , ഹൈന്ദവ സാമൂഹ്യമണ്ഡലത്തിന്റെ ആന്തരികമായ സ്വാച്ഛന്ദ്യത്തിലുള്ള ഏതുതരം ഇടപെടലുകളെയും, അതു തദ്ദേശീയമായാലും വൈദേശികമായാലും അധിനിവേശമായിട്ടാണു കരുതപ്പെട്ടുപോന്നത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഈ നൈന്തര്യത്തിനു ഭംഗം വരുത്തിയെന്നതാണു ബ്രിട്ടീഷ് ഭരണത്തെ ഏറ്റവുമധികം അപ്രിയമാക്കിയത്. ബ്രിട്ടീഷ് രാജിന്റെ ഭാഗമായ രാഷ്ട്രിയ-നിയമ-ഭരണരംഗങ്ങളില്‍ കൂടുതല്‍ പങ്കാളിത്തത്തിനുവേണ്ടി വാദിച്ചുപോന്ന ആദ്യകാല കോണ്‍ഗ്രസ് നയത്തില്‍നിന്നു ഭിന്നമായി, ഗാന്ധിജി ആയുധമാക്കിയത്, കവചിത പൌരസമൂഹത്തില്‍ ബ്രിട്ടീഷ് ഇടപെടലുകള്‍ സൃഷ്ടിച്ച വൈകാരിക വിക്ഷുബ്ധതയെയാണ്. 'ഗ്രാമസ്വരാജ്,' 'ചര്‍ക്ക' തുടങ്ങിയ ബിംബവിന്യസത്തിലുടെ പരമ്പരാഗത സമൂഹത്തിന്റെ സ്വച്ഛന്ദ്യമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. എന്നാല്‍ , സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടം പിന്തുടര്‍ന്ന രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ ഗാന്ധിജിയുടെ സ്വപ്നത്തെ ഒരു പരിധിവരെ പരാജയപ്പെടുത്തുകയായിരുന്നു. പൌരസമൂഹ പാരമ്പര്യത്തെയോ ഗാന്ധിസത്തെയോ ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടന പ്രതിഫലിപ്പിക്കുന്നില്ല. ആധുനിക യൂറോപ്യന്‍ രാഷ്ട്രീയ-നിയമ വ്യവാഹരങ്ങളെയാണ് ഇന്ത്യന്‍ ഭരണഘടന ആസ്പദമാക്കിയിട്ടുള്ളത്. 'ഭാരതം', 'ധര്‍മ്മം' എന്നീ ചില ശുഷ്ക പദങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയിലെ ഏറ്റവും 'ഇന്ത്യേതര'മായ ആശയവും സ്ഥാപനവും മൂല്യവും വ്യവഹാരവുമാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യയെന്ന രാജ്യം നിലനില്‍ക്കുന്നത് ഇന്ത്യേതരമായ അധിഷ്ഠാനത്തിലാണെന്നാണു വിവക്ഷിക്കുന്നത്. ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ വൈരുദ്ധ്യവും ഇതുതന്നെയാണ്. ഈ വൈരുദ്ധ്യത്തിന്റെ അക്രമാസക്തമായ പരിഹാരമാണ് സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ , അഹിംസാത്മകവും ഉദാരവുമായ ഒന്നാണ് നവഗാന്ധിസം നിര്‍ദ്ദേശിക്കുന്നത്. രണ്ടിനും പിന്നിലുള്ളത് സാക്ഷാത്കാരം കാത്തുകിടക്കുന്ന ഗാന്ധിയന്‍ സ്വപ്നമാണ്. മതേതര ഇന്ത്യന്‍ രാഷ്ട്രീയ-ഭരണവ്യസ്ഥയ്ക്കുമേല്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന തീവ്രഹിന്ദുത്വവാദികള്‍ മുതല്‍ നവഗാന്ധിയന്മാര്‍വരെയുള്ളവര്‍ ഹൈന്ദവപൌരസമൂഹത്തിന്റെ തീവ്രഉദാരമുഖങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, ഈ തീവ്ര-ഉദാരമുഖങ്ങള്‍ ഏകമുഖമാകാനും സാധ്യതയുണ്ട്. മോഡിയും താക്കറെയും അണ്ണാഹസാരെയും രാംദേവും കൈകോര്‍ക്കുന്ന ഈ 'സാദ്ധ്യത'യുടെ പേരാണ് നവഗാന്ധിസം.

Saturday 10 September 2011

പൌരന്മാരായി വളരാത്ത പ്രജകള്‍ കൊച്ചിയിലും

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂഴ്ത്തിവച്ചിട്ടുള്ള സമ്പത്ത് 'രാജ'കുടുംബാംഗങ്ങള്‍ തന്നെ കവരുന്നു എന്ന ആരോപണം ഉയരുകയും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ തന്നെ അതേറ്റു പിടിക്കുകയും ചെയ്തതോടെ പ്രതിക്കൂട്ടിലായ കവടിയാര്‍ കൊട്ടാരത്തിലെ ഇപ്പോഴത്തെ കാരണവരെ ഇതാ കൊച്ചിയിലേക്കും 'പൌരന്മാരായി വളരാത്ത പ്രജ'കള്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്നു.  മാതൃഭൂമി പത്രത്തിന്റെ നഗരം സപ്ലിമെന്റില്‍ ഇന്നലെ(2011 സെപ്റ്റംബര്‍ 9 വെള്ളി) വന്ന ഫുള്‍പേജ് പരസ്യം ആണ് ഇക്കാര്യം നമ്മളെ അറിയിക്കുന്നത്. പരസ്യത്തിന്റെ പ്രസക്തഭാഗം ഇതാ:


രാജവാഴ്ച്ച അവസാനിച്ചു ജനാധിപത്യം വന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടും തിരോന്തരത്തെ പ്രജകള്‍ക്ക് കവടിയാര്‍ കൊട്ടാരത്തിലെ കാരണവന്മാര്‍  ഇപ്പോഴും മഹാരാജന്മാരും പൊന്നുതമ്പുരാക്കന്മാരുമാണ്.  ഇപ്പോഴത്തെ ഈ നിലവറ തുറക്കല്‍ സംഭവങ്ങളോടെ അക്കാര്യം ഒന്നുകൂടി സ്പഷ്ടമായി. ഇപ്പോളിതാ കൊച്ചിയിലെ ശൂദ്രന്മാര്‍ക്കും അവര്‍ ഹിസ് ഹൈനസും മഹാരാജാവും ആയി മാറിയിരിക്കുന്നു. .പരസ്യത്തിലെ ഈ ഫോട്ടോ കൂടി നോക്കൂ:

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അടിച്ചുമാറ്റിയതിനെ സംബന്ധിച്ച്  സെപ്റ്റംബര്‍ 7 ലെ കേരളകൌമുദി പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടു കൂടി ഇതൊന്നിച്ചു വായിക്കുന്നത് പൌരന്മാര്‍ക്കു (പ്രജകള്‍ക്കല്ല) തിരിച്ചറിവുണ്ടാക്കും.( വിഎസ്സിന്റെ പ്രസംഗത്തിലെ ഒരു ഭാഗം റിപ്പോര്ട്ടു ചെയ്യാതെ പദ്മനാഭദാസ്യം കാണിച്ച കേരളകൌമുദിക്ക് ഇപ്പോള്‍ ഒരു മാറ്റം വന്നോ എന്നു സംശയമുണ്ട്.)

Thursday 8 September 2011

സവര്‍ണതൃഷ്ണയുടെ മഹാവ്യാധി

ശ്രീപത്മനാഭക്ഷേത്രത്തിനുള്ളില്‍-ശ്രീകോവിലിലാണെങ്കിലും-ഒരു ‘കൊലപാതകം’നടന്നാല്‍ ക്ഷേത്രാചാരനിയമങ്ങളനുസരിച്ചായിരിക്കുമോ അതു കൈകാര്യം ചെയ്യപ്പെടുക? അത്തരമൊരു സന്ദര്‍ഭത്തില്‍ ക്ഷേത്രവിശ്വാസാചാരങ്ങള്‍ പിന്‍വാങ്ങുകയും ശ്രീകോവിലിനുള്ളിലേക്ക് മതേതര ഭരണകൂടത്തിന്റെ പൊലീസും നിയമവും പ്രവേശിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ഏതു സ്വകാര്യതയിലേക്കും കടന്നുകയറാനുള്ള അധികാരമാണ് ആധുനിക നിയമവ്യവസ്ഥയുടെ സവിശേഷത. നാമിന്നു ജീവിക്കുന്നത് ‘വിശ്വാസത്തിനു വിധേയമായ നിയമ’ത്തിന്‍ കീഴിലല്ല, മറിച്ച് ‘നിയമത്തിനു വിധേയമായ വിശ്വാസ’ത്തിനു കീഴിലാണെന്ന് ഇതു വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പരമ്പരാഗത സ്വയം നിര്‍ണയാവകാശത്തെ നിയന്ത്രിതമാക്കിക്കൊണ്ടാണ് ആധുനിക ജനാധിപത്യം നിലവില്‍വന്നത്. നിയമബാഹ്യമെന്നു കരുതിപ്പോന്ന മത-വിശ്വാസ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കാന്‍ ഭരണഘടനാ ഭേദഗതികളും സുപ്രീംകോടതി വിധികളും നമ്മെ നിര്‍ബന്ധിതമാക്കുന്നു എന്നത് സമകാലികാനുഭവമാണ്. മറുവശത്താകട്ടെ, ഒരു മതത്തിന്റെയും നിയമസംഹിതകള്‍ക്ക് ജനാധിപത്യ നിയമവ്യവസ്ഥക്കുമേല്‍ നിയാമകത്വം നേടാന്‍ കഴിയുന്നുമില്ല. നിയമവ്യവസ്ഥയുടെ ഈ സാര്‍വത്രികതയും അധികാരവുമാണ് ജനാധിപത്യത്തെയും പൗരത്വത്തെയും സാധ്യമാക്കുന്നതും നിര്‍വചിക്കുന്നതും. നിലനില്‍ക്കുന്ന നിയമവ്യവസ്ഥക്കു വിധേയമായി തന്റെ വിശ്വാസത്തെ നിയന്ത്രിക്കാന്‍ ഏതു വിശ്വാസിയും ബാധ്യസ്ഥനാണ്. ഈ ബാധ്യത വിശ്വാസപരമല്ല മറിച്ച്, നിയമപരമാണെന്ന വസ്തുത വിസ്മരിക്കരുത്. സമകാലിക ലോകത്ത് ജീവിക്കുന്ന ഏതു വ്യക്തിയുടെയും വിശ്വാസം, പൗരന്റെ (നിയമാനുസൃത വിശ്വാസം മാത്രമാണെന്നര്‍ഥം.)

നിയമവ്യവസ്ഥക്ക് അനുസൃതമല്ലാതാകുമ്പോള്‍, വിശ്വാസം ‘കുറ്റകൃത്യവും’ വിശ്വാസി ‘കുറ്റവാളി’യുമാകുന്നു. അതുകൊണ്ടാണ്, കറകളഞ്ഞ വിശ്വാസിയും ഭക്തനുമായിരുന്ന ടി.പി. സുന്ദരരാജനു സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ശ്രീപത്മനാഭന്റെ ‘അധീശത്വ’ത്തെ തത്ത്വത്തില്‍ അംഗീകരിച്ചാദരിച്ചുപോന്ന സുന്ദരരാജനിലെ പരമ്പരാഗതഭക്തനു പക്ഷേ, ക്ഷേത്രസമ്പത്തിനു മേല്‍ സുപ്രീംകോടതിക്കുള്ള വിശ്വാസേതരമായ അധികാരം പ്രായോഗിക തലത്തില്‍ അംഗീകരിക്കേണ്ടിവന്നു. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അധികാര പരിധിയെ നിര്‍ണയിക്കുന്നതു വിശ്വാസമല്ല മറിച്ച്, നിയമമാണെന്നാണ് ഇതു തെളിയിക്കുന്നത്. അതിനാല്‍, സമകാലികമായ ജനാധിപത്യ-നിയമവ്യവസ്ഥയുടെ മാനദണ്ഡങ്ങളിലൂടെയും സംവര്‍ഗങ്ങളിലൂടെയും മാത്രമേ യഥാര്‍ഥ പൗരജനങ്ങള്‍ക്ക് ക്ഷേത്രത്തിലെ നിധിയെക്കുറിച്ചു ചിന്തിക്കാനോ ചര്‍ച്ചചെയ്യാനോ സാധിക്കൂ.

ജനാധിപത്യം മത-രാജവാഴ്ചയുടെ തുടര്‍ച്ചയല്ല. അതിന്റെ നിഷേധവും അതില്‍നിന്നുള്ള വിപ്ളവകരമായ വിച്ഛേദവുമാണ്. ജനാധിപത്യം എന്നത് ബാഹ്യമായ രാഷ്ട്രീയ-നിയമചട്ടക്കൂടു മാത്രമല്ല, ഒരു മൂല്യവ്യവസ്ഥ കൂടിയാണ്. വൈയക്തികവും സാമൂഹികവുമായ അസ്തിത്വത്തെ നിര്‍ണയിക്കുന്ന സര്‍വസ്പര്‍ശിയായ ജീവിത മൂല്യമണ്ഡലവും മനുഷ്യാസ്തിത്വത്തിന്റെ ആധുനിക രൂപവുമാണ് ജനാധിപത്യം. ജനാധിപത്യത്തെ ഭവശാസ്ത്രപരമായി (ontological) സമീപിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് തന്റെ സ്വത്വത്തെ പുനര്‍നിര്‍വചിക്കാനും പുനഃസൃഷ്ടിക്കാനും കഴിയൂ. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള സംവിധാനം മാത്രമായി ജനാധിപത്യത്തെ കാണുന്നവര്‍, തങ്ങളുടെ സ്വത്വത്തെ ഭൂതകാലത്തില്‍നിന്നു വിടര്‍ത്താന്‍ വിസമ്മതിക്കുകയും ‘പ്രജാസ്വത്വ’ത്തിന്റെ അധമാവസ്ഥയിലേക്ക് അധഃപതിക്കുകയും ചെയ്യുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനും എഴുതാനുമുള്ള ബാഹ്യ ജനാധിപത്യാവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ത്തന്നെ ഒരാള്‍ക്ക്, സ്വത്വപരമായി ‘പ്രജ’യായി നിലനില്‍ക്കാന്‍ കഴിയും. ‘പ്രജാസ്വത്വ’ത്തില്‍നിന്നു സ്വയം വിച്ഛേദിക്കാത്ത വ്യക്തി ഭവശാസ്ത്രപരമായി നോക്കുമ്പോള്‍, ‘സാമൂഹികമൃത്യു’ സംഭവിച്ച വ്യക്തിയാണ്. ഇവര്‍ ജൈവശാസ്ത്രപരമായി വ്യക്തിശരീരം വഹിക്കുന്നുവെങ്കിലും ഭവശാസ്ത്രപരമായി ‘വ്യക്തിത്വ’ ശൂന്യരാണ്. ‘വ്യക്തിത്വം’ എന്നത് ജൈവശരീരത്തിന്റെ ഒരു സഹജ ഭാവമല്ല. ആധുനികവും ബോധപൂര്‍വവുമായ സാംസ്കാരിക പരിണാമ പ്രക്രിയകളിലൂടെ സ്വയം നിര്‍മിച്ചെടുക്കുന്ന മൂല്യ-ഭാവുകത്വ ബോധമാണു വ്യക്തിത്വം. ഈ ‘മൂല്യ-ഭാവുകത്വ’ത്തിന്റെ അഭാവം ഒരാളെ ശരീരമാത്ര പ്രജയായി ജീവിക്കാന്‍ അനുവദിക്കുന്നു. വ്യക്തിത്വശൂന്യമായ ശരീരത്തിന്റെ ആധുനികപൂര്‍വ ജൈവബോധത്തെയാണു ‘പ്രജാസ്വത്വ’മെന്നു നിര്‍വചിക്കുന്നത്. സമകാലികതയില്‍ ജീവിക്കുകയും സമകാലികതയുടെ നിയമ-രാഷ്ട്രീയസൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോഴും ഇത്തരമാളുകളുടെ ചിന്താഭാവുകത്വങ്ങളെ ഭരിക്കുന്നത് പ്രജാസ്വത്വത്തിന്റെ മൂല്യബോധമാണ്. കേരളീയാധുനികതയുടെ ദുരന്തവും വൈപരീത്യവുമാണിത്.

സുപ്രീംകോടതി നിയമിച്ച സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രഹസ്യ അറകള്‍ തുറന്നപ്പോള്‍ പുറത്തുവന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സവിശേഷമായ ‘പൂഴ് ത്തിവെക്കല്‍ പാരമ്പര്യ’മാണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിലും നിലവിലില്ലാതിരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ അസംഖ്യം നികുതികളിലൂടെ സമാഹരിച്ച വരുമാനത്തിന്റെ സിംഹഭാഗവും രാജ്യപുരോഗതിക്കു വിനിയോഗിക്കുന്നതിനു പകരം ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിക്കുന്ന രീതിയാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവലംബിച്ചുപോന്നത്. ജനങ്ങളുടെ അധ്വാനഫലം ഇങ്ങനെ പത്മനാഭക്ഷേത്രത്തിന്‍െറ കല്ലറകളില്‍ ശേഖരിച്ചുവെക്കുകയെന്നത് ‘രാജകീയപൂഴ്ത്തിവെപ്പ്’ അല്ലാതെ മറ്റൊന്നുമല്ല. ഈ സമ്പത്തിന്റെ കൃത്യമായ ഉറവിടം-അന്യരാജാക്കന്മാരുടെ സംഭാവനകള്‍, ഭക്തജനങ്ങളുടെ കാണിക്ക, തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാണിക്ക-എന്താണെന്നു കണ്ടെത്തേണ്ടതാവശ്യമാണ്. ‘ഭക്തജനങ്ങളുടെ കാണിക്ക’യെന്ന വിഭാഗം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് ഈ ക്ഷേത്രത്തിലെ ‘ഭക്തജനങ്ങള്‍’ ആരൊക്കെയായിരുന്നു? തിരുവിതാംകൂര്‍ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന അവര്‍ണവിഭാഗങ്ങള്‍ എന്തായാലും ഇവിടെ കാണിക്ക നല്‍കിയിരുന്നില്ലെന്നതിനു പുതിയ തെളിവുകള്‍ ആവശ്യമില്ലല്ലോ. സവര്‍ണരിലെ പ്രമുഖവിഭാഗമായ നായന്മാര്‍ ഈ ക്ഷേത്രത്തിലേക്ക് വമ്പിച്ച ‘കാണിക്ക’കള്‍ നല്‍കിയിരുന്നു എന്നതിനു തെളിവുകളില്ല. മാത്രവുമല്ല, ഇവിടത്തെ വിശേഷാനുഷ്ഠാനങ്ങളുടെ നാളുകളില്‍ നായന്മാരെപോലും ഒരു പരിധിവരെ അകറ്റി നിര്‍ത്തിയിരുന്നു എന്നതിന് സ്വാതിതിരുനാളിന്‍െറ കാലത്തെ മുറജപങ്ങള്‍ തെളിവാണ്. അന്ന് തിരുവനന്തപുരം ദിവാനായിരുന്ന രാമന്‍ മേനോന്‍ ശൂദ്രനായതിനാല്‍, മുറജപം ധര്‍മശാസ്ത്രവിധി പ്രകാരം നടത്താന്‍ കഴിയില്ലെന്നും അതിനാല്‍, മാധവരായരെ ആക്ടിങ് ദിവാനായി നിയമിക്കണമെന്നും റസിഡന്‍റായ കല്ലന്‍ സായിപ്പിനോട് സ്വാതിതിരുനാള്‍ ആവശ്യപ്പെട്ടിരുന്നു (ആര്‍.എന്‍. പണിക്കര്‍, ദ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍, പുറം: 323-24). ക്ഷേത്രസംബന്ധമായ കായിക ജോലികള്‍ക്കും പാറാവിനുമല്ലാതെ നായന്മാര്‍ക്കു കാര്യമായ പങ്കാളിത്തമില്ലാതിരുന്ന ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് അവര്‍ വ്യാപകമായി കാണിക്ക അര്‍പ്പിക്കുമെന്നു കരുതാനാവില്ല. പിന്നെ, ശ്രീപത്മനാഭന്റെ ഭക്തരായി അവശേഷിക്കുന്നത് തിരുവിതാംകൂര്‍ രാജകുടുംബവും ബ്രാഹ്മണരുമാണ്. എന്നാല്‍, ബ്രാഹ്മണര്‍ ‘ദാന’ങ്ങള്‍ സ്വീകരിക്കുകയല്ലാതെ നല്‍കാറില്ല. തിരുവിതാകൂര്‍ രാജവംശത്തിന്‍െറ ധാര്‍മിക പദവിതന്നെ ബ്രാഹ്മണദാനത്തിന്റെ സമൃദ്ധിയിലായിരുന്നു. പത്മനാഭക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളുടെയെല്ലാം മുഖ്യ ഇനം ബ്രാഹ്മണദാനമായിരുന്നു. ‘ഷോഡശദാനങ്ങള്‍’ മുതല്‍ ഊട്ടുപുരയെന്ന ‘ഭോജനദാനം’ വരെയുള്ള വിവിധ ദാനധര്‍മങ്ങളിലൂടെയാണ് തിരുവിതാംകൂര്‍ രാജവംശം സ്വയം സാധൂകരണം തേടിയിരുന്നത്. ബ്രിട്ടീഷധികാരത്തോടു പൂര്‍ണ വിധേയത്വം പുലര്‍ത്തിയിരുന്ന ഗൗരിലക്ഷ്മീഭായി 1811ല്‍ മണ്‍ട്രോക്കയച്ച ഒരു കത്ത് ഇതു വ്യക്തമാക്കുന്നു. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ക്ക് സൗജന്യ ഭോജനം നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന ‘ഊട്ടുപുര’കളുടെ ചെലവ് ഒരു പാഴ്ച്ചെലവാണെന്ന ആശയം ആദ്യമായുണ്ടാകുന്നതുതന്നെ ബ്രിട്ടീഷ് ആഗമനത്തോടെയാണ്. രാജ്യത്തിന്റെ ഖജനാവില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഇത്തരം അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്ന മദ്രാസ് ഗവര്‍ണരുടെ നിര്‍ദേശമാണ് മേല്‍പ്പറഞ്ഞ കത്തെഴുതാന്‍ ഗൗരിലക്ഷ്മീ ഭായിയെ പ്രേരിപ്പിച്ചത്. കത്തു നോക്കുക:

‘‘എന്റെ പ്രിയപ്പെട്ട സഹോദരന്‍ കേണല്‍ സാഹിബ്,


എന്റെ രാജ്യത്തിന്റെ പദവിയും ബഹുമതിയും ആചാരമര്യാദകളും താങ്കള്‍ക്ക് ശരിക്കും അറിയുന്നതാകക്കൊണ്ട് അതേപ്പറ്റി ഞാന്‍ വിവരിക്കേണ്ട ആവശ്യമില്ല. എന്റെ പൂര്‍വികര്‍ സ്ഥാപിച്ചിട്ടുള്ളതും നടത്തിപ്പോരുന്നതുമായ ധര്‍മസ്ഥാപനങ്ങളെയും എന്റെ പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങളെയും അല്‍പ്പം പോലും മാറ്റംവരുത്താതെ മാമൂലനുസരിച്ച് തുടര്‍ന്നും നടത്തിപ്പോരണമെന്ന് ഞാന്‍ കേണലിനോട് അഭ്യര്‍ഥിക്കുകയാണ്. സേതുസ്നാനത്തിനു നിയോഗിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്ക് ചെല്ലേണ്ട തുക അവര്‍ക്കു നല്‍കീട്ടില്ലെന്നുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉടനടി അതു നല്‍കണമെന്നകാര്യം ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണല്ലോ... ഞാനും എന്റെ രാജ്യവും പ്രജകളും ധര്‍മസ്ഥാപനങ്ങളും എല്ലാം മാമൂല്‍പ്രകാരമുള്ള ആചാരമര്യാദകളനുസരിച്ച് തുടര്‍ന്നും  പുലരണം. ഇക്കാര്യത്തില്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്.
ഇടവം 19,986.
(ഒപ്പ്)
ലക്ഷ്മീഭായി

(പി. ശങ്കുണ്ണിമേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 294)

ഈ കത്തിലെ ‘പ്രജ’, ‘ധര്‍മസ്ഥാപനം’ എന്നീ രണ്ടു പദങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ‘പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങള്‍’ എന്ന നിലക്കാണ് തിരുവിതാംകൂറിലുടനീളം ഊട്ടുപുരകള്‍, ഓത്തുട്ടുകള്‍, തണ്ണീര്‍പന്തലുകള്‍ എന്നിവ സ്ഥാപിച്ചിരുന്നത്. ഇവിടെ ‘പ്രജകള്‍’ എന്നതുകൊണ്ടര്‍ഥമാക്കിയിരുന്നതു ‘ബ്രാഹ്മണ’രെ ആയിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ‘ധര്‍മം’ എന്നത് ഈ ബ്രാഹ്മണര്‍ക്കുള്ള ദാന-സംരക്ഷണങ്ങളുമായിരുന്നു. തിരുവിതാംകൂറിലെ മഹാഭൂരിപക്ഷമായിരുന്ന ശൂദ്രര്‍, അധഃസ്ഥിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നീ ജനവിഭാഗങ്ങളുടെ സ്ഥാനമെന്തായിരുന്നു? ക്ഷേത്രങ്ങളിലെയും ബ്രാഹ്മണധര്‍മസ്ഥാപനങ്ങളിലെയും കായികജോലിക്കാരും പാറാവുകാരുമെന്നനിലയില്‍ ശൂദ്രര്‍ രാജഭരണത്തിന്റെ ഭാഗമായിരുന്നു എന്നത്  ഒരു വസ്തുതയാണ്. മറ്റുള്ള ഭൂരിപക്ഷം ജനങ്ങളെയും അധ്വാന-നികുതിദായകര്‍ എന്ന നിലക്കുമാത്രമാണ് രാജഭരണം കണക്കാക്കിയിരുന്നത്. തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രജകള്‍ ബ്രാഹ്മണര്‍ മാത്രമായിരുന്നു എന്നാണ് മുകളിലുദ്ധരിച്ച കത്തു വ്യക്തമാക്കുന്നത്. ബ്രാഹ്മണപ്രജാസംരക്ഷണത്തിനാവശ്യമായ ഉപകരണങ്ങളുടെ സ്ഥാനമായിരുന്നു, ഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ടായിരുന്നത്. ഈ പ്രജാസംരക്ഷണത്തിന്റെ ന്യായീകരണവും ദൈവിക ഉപകരണവുമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം.

ചുരുക്കത്തില്‍, ശ്രീപത്മനാഭക്ഷേത്രത്തിലെ കാണിക്കയുടെ മുഖ്യ ഉറവിടം തിരുവിതാംകൂര്‍ രാജവംശമായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. അധഃസ്ഥിത-മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍നിന്ന് അന്യായമായി പിരിച്ചെടുത്ത നികുതികളും കരങ്ങളും അടിമപ്പണിയുമായിരുന്നു തിരുവിതാംകൂറിന്റെ വരുമാനം. ഈ വരുമാനമാണ് പൊന്നുതമ്പുരാക്കന്മാര്‍ ക്ഷേത്രത്തിനു കാണിക്കയെന്ന പേരില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നത്. തിരുവിതാംകൂറിലെ ബഹുജനങ്ങളില്‍നിന്ന് അപഹരിച്ചുണ്ടാക്കിയ സമ്പത്ത്-അതു തിരുവാഭരണമായാലും കിരീടമായാലും ചെങ്കോലായാലും അരപ്പട്ടയായാലും നാണയമായാലും തിരികെ പിടിക്കുകയെന്നത് ഇന്നത്തെ പൗരജനങ്ങളുടെ ജനാധിപത്യാവകാശമാണ്. ബ്രാഹ്മണധര്‍മശാസ്ത്രനിര്‍വചനമനുസരിച്ച് ‘കാണിക്ക’യും ‘ശ്രീപത്മനാഭമുതലു’ മായ ഈ സ്വത്തുക്കള്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയനുസരിച്ച് ‘കളവുമുതലാ’ണ്. അതു യഥാര്‍ഥ ഉടമസ്ഥനു തിരികെ ഏല്‍പിക്കുകയെന്നതും മോഷ്ടാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കുകയെന്നതും സമകാല നിയമവാഴ്ചയുടെ ഉത്തരവാദിത്തമാണ്.

56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ നാളുകളില്‍ ശ്രീപത്മനാഭക്ഷേത്ര പരിസരങ്ങളിലും സമീപപ്രദേശങ്ങളിലും അധഃസ്ഥിതര്‍ക്കു ‘സഞ്ചാരസ്വാതന്ത്ര്യം’ നിഷിദ്ധമാക്കിയിരുന്നു.മുറജപമെന്ന ‘ബ്രാഹ്മണകോണ്‍ഗ്രസി’ന്റെ നാളുകളില്‍ തിരുവനന്തപുരം പട്ടണം അക്ഷരാര്‍ഥത്തില്‍ അധഃസ്ഥിതര്‍ക്കു പ്രവേശനം നിരോധിക്കുന്ന അധാര്‍മികതയെക്കുറിച്ച് ‘മിതവാദി’ പറയുന്നത് നോക്കുക:

‘‘ഒന്നാം ലോകയുദ്ധകാലത്തെ കൊടുക്ഷാമത്തിന്റെ നാളുകളില്‍ ആറുലക്ഷം ചെലവുചെയ്തു നടത്തുന്ന മുറജപം നിര്‍ത്തണം. പ്രസ്തുത പണം കൊണ്ട് അരി വാങ്ങി ദരിദ്രര്‍ക്കു കഞ്ഞിവെച്ചുനല്‍കണം" (മിതവാദി, 1917 ആഗസ്റ്റ്).

‘‘ഈ കൊതിയന്‍ പത്രാധിപന്മാരെയെങ്കിലും വരുത്തി കുറെ വല്ലതും വാരിക്കൊടുത്തു തൃപ്തിപ്പെടുത്തണ’’മെന്ന് ഒരു നമ്പൂതിരി പത്രമായ ശ്രീശങ്കരാചാര്യര്‍ പരിഹസിച്ച വിവരവും മിതവാദി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. (മിതവാദി, 1917, സെപ്റ്റംബര്‍).

മുറജപം നടക്കുന്ന 56 ദിവസങ്ങളില്‍ ശ്രീവരാഹം, ശ്രീകണ്ഠേശ്വരം തുടങ്ങിയ സമീപപ്രദേശങ്ങളില്‍ അധഃസ്ഥിതര്‍ സഞ്ചരിക്കുന്നതg നിരോധിക്കുക പതിവായിരുന്നു. (M. Mydheen Khan, Transition of Ezhavas in Travancore; Interpreting T.K. Madhavan. Unpublished Ph.D. Thesis,Un: of Kerala, 2008. p: 52-53). മുറജപനാളുകളില്‍ വഞ്ചിയൂര്‍ കോടതിയിലുണ്ടായിരുന്ന ഒരു ഈഴവ അഭിഭാഷകനെ ധര്‍മരാജാവിന്റെ പൊലീസുകാര്‍ പിടികൂടുകയും അയിത്തപ്പാടകലത്തിലേക്കു ബലമായി പുറത്താക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് മേലുദ്ധരിച്ച ഗവേഷണ പ്രബന്ധം ചര്‍ച്ച ചെയ്യുന്നുണ്ട്. മുറജപം നടക്കുമ്പോള്‍ സഞ്ചാരസ്വാതന്ത്ര്യം നിരോധിക്കപ്പെട്ടതിനാല്‍ ഹജൂര്‍ കച്ചേരിയിലെത്തി പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് താഴ്ന്ന ജാതിക്കാര്‍ റസിഡന്‍റിനെ അറിയിച്ചതിനെതുടര്‍ന്ന്, ഫോര്‍ട്ട് പരിസരത്തെ സഞ്ചാര നിയന്ത്രണം ഉടനവസാനിപ്പിക്കണമെന്ന് അദ്ദേഹം ദിവാന് ഉത്തരവു നല്‍കുകയുണ്ടായി (M. Mydheen Khan, Ibid, p.53). ഒരു രാജവംശവും ഒരു ക്ഷേത്രവും എങ്ങനെ ജനദ്രോഹപരവും സാമൂഹിക വിരുദ്ധവുമായ സ്ഥാപനങ്ങളാവാമെന്നാണ് ഇതു തെളിയിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അധഃസ്ഥിതര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രീപത്മനാഭക്ഷേത്രത്തിന്റെ ‘സാമൂഹിക വിരുദ്ധ സ്വഭാവം’ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. മഹാഭൂരിപക്ഷം ജനങ്ങളെ ആട്ടിപ്പായിക്കാനും അവര്‍ക്ക് പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്നതിനുമായി വിന്യസിക്കപ്പെട്ടിരുന്ന ശ്രീപത്മനാഭക്ഷേത്രമെന്ന സാമൂഹികവിരുദ്ധ സ്ഥാപനം ഏതെങ്കിലും വിദേശശക്തികളാല്‍ തകര്‍ക്കപ്പെട്ടിരുന്നുവെങ്കില്‍ അത് തിരുവിതാംകൂറിലെ അധഃസ്ഥിതരുടെ ഒരു മഹാഘോഷമായി മാറുമായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തരം കാര്യങ്ങളെ സമകാലിക പൗരര്‍ സമീപിക്കേണ്ടത് ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ചാണ്. ഒരിക്കല്‍ ‘ധാര്‍മിക’വും ‘ന്യായ’വുമായിരുന്ന ഈ ക്ഷേത്രാചാരങ്ങള്‍ ഇന്ന് ‘ശിക്ഷാര്‍ഹമായ കുറ്റകൃത്യ’മാകുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ നിയാമകത്വം കൊണ്ടാണ്. സമകാല കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളും ഭക്തിയുമെല്ലാം നിയമത്തിന്റെ നിര്‍വചന-നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. പ്രായോഗിക തലത്തില്‍ അവ പലപ്പോഴും ലംഘിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അവര്‍ണര്‍ക്കു സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നത് അന്നു നടപ്പിലിരുന്ന ധര്‍മശാസ്ത്രനിയമമനുസരിച്ചു ന്യായമായി കരുതപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം നിഷേധങ്ങള്‍ ഇന്നു ‘കുറ്റകൃത്യ’ങ്ങളായിട്ടാണു നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും വിചാരണ നേരിടുകയാണെങ്കില്‍ അവര്‍ കോടതിയില്‍ ‘ശാങ്കരസ്മൃതി’യോ ‘വ്യവഹാരമാല’യോ ഉദ്ധരിക്കുമോ? 1925ല്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ചു ഗാന്ധിജിയുമായി നടത്തിയ സന്ധിസംഭാഷണത്തില്‍ ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി തന്റെ ‘ഭരണഘടന’യായി ഉയര്‍ത്തിപ്പിടിച്ചത് ‘ശാങ്കരസ്മൃതി’യായിരുന്നു. ഇന്ത്യന്‍ ഭരണഘടന തനിക്കു ബാധകമല്ളെന്നും തന്റെ കൂറ് ധര്‍മശാസ്ത്രങ്ങളോടാണെന്നും ഇന്ന് ഏതെങ്കിലുമൊരു ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി പറഞ്ഞാല്‍ അയാളുടെ സ്ഥാനം ജയിലിലോ മനോരോഗാശുപത്രിയിലോ ആയിരിക്കും.

വളരെ സ്വാഭാവികവും വിശുദ്ധവുമെന്ന രീതിയില്‍ അനുഷ്ഠിച്ചുപോന്ന എത്രയോ അനുഷ്ഠാനങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചിരിക്കുന്നു. കാരണം, ആധുനിക നിയമവ്യവസ്ഥ അത്തരം അനുഷ്ഠാനങ്ങളെ സാധൂകരിക്കുന്നില്ലെന്നുമാത്രമല്ല, കുറ്റകൃത്യങ്ങളായി നിര്‍വചിക്കുകയും ചെയ്യുന്നു എന്നതാണ്.  നരബലിയും മൃഗബലിയും പോലെയുള്ള പരമ്പരാഗത ബലികര്‍മങ്ങള്‍ ഇന്ന് കടുത്ത കുറ്റകൃത്യങ്ങളാണ്. ഒരു കാലത്ത്, ‘ഈശ്വരപ്രീതി’ പ്രതിഫലമായി ലഭിച്ചിരുന്ന അനുഷ്ഠാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രതിഫലം വധശിക്ഷയോ ജീവപര്യന്തമോ ആണ്. അതിനാല്‍, പത്മനാഭക്ഷേത്രത്തിലെ നിധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത്  ക്ഷേത്രാചാരത്തിന്റെയോ മുന്‍ രാജഭരണ വ്യവസ്ഥകളുടെയോ അടിസ്ഥാനത്തിലായിരിക്കരുത്. പത്മനാഭക്ഷേത്രവിശ്വാസവും നിയമവും തമ്മിലും, മതവും ഭരണകൂടവും തമ്മിലുമുള്ള സമകാലിക അതിര്‍വരമ്പുകളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ‘പൂഴ് ത്തിവെച്ചനിധി ക്ഷേത്രത്തിന്റേത്’ എന്ന മട്ടിലുള്ള അഭിപ്രായങ്ങളുണ്ടാകുന്നത്. ഇത്തരം അഭിപ്രായങ്ങള്‍ പ്രജകള്‍ക്കുമാത്രം പറയാവുന്ന അഭിപ്രായങ്ങളാണ്. പ്രജാസ്വത്വത്തിന്റെ സംവര്‍ഗങ്ങളിലൂടെ ചിന്തിക്കുകയും അഭിപ്രായങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യുന്നവരെ വെറും ശരീരങ്ങളായി മാത്രമേ ജനാധിപത്യ ഭാവുകത്വത്തിനു പരിഗണിക്കാനാവൂ. ക്ഷേത്രനിധിയെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിലൂടെ പ്രകാശിതമാകുന്ന അഭിപ്രായങ്ങള്‍, വാസ്തവത്തില്‍, രാജവാഴ്ചക്കാലത്തെ പ്രജാഭിപ്രായങ്ങളുടെ വിഡംബനങ്ങള്‍ മാത്രമാണ്. ഇത്തരം പ്രജാവിഡംബനങ്ങള്‍ എത്രയധികം നാവുകളില്‍നിന്നുണ്ടായാലും അവയെ അവഗണിക്കുകയും ആവശ്യമെങ്കില്‍ നിര്‍ദയം അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നത് ആരോഗ്യകരമായ ഒരു സമകാല നിയമവ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിരക്ഷപോലും ഈ പ്രജാശബ്ദങ്ങള്‍ അര്‍ഹിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള യോഗ്യത പൗരത്വമാണ്. പൗരസ്വത്വത്തിലേക്കു വളരാന്‍ വിസമ്മതിക്കുന്ന ശരീരങ്ങള്‍ക്ക് എന്തിനാണു പൗരാവകാശങ്ങള്‍? പത്മനാഭവിശ്വാസത്തിലും രാജഭക്തിയിലും സ്വന്തം സ്വത്വത്തെ നിര്‍വചിക്കുന്നവര്‍ക്കാവശ്യം മനോരോഗചികിത്സയാണ്.

നിധിയും ചരിത്രവിജ്ഞാനീയവും
ശ്രീപത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പ്’ വെളിച്ചത്തായ സംഭവം കേരളീയ ചരിത്രവിജ്ഞാന മേഖലയിലെ ‘താത്ത്വികസാക്ഷരത’യുടെ ദയനീയമായ അഭാവത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. തിരുവിതാംകൂര്‍ രാജഭരണത്തിന്‍കീഴില്‍ ഉദ്യോഗസ്ഥരും പ്രജകളുമായിരുന്നവര്‍ അന്നത്തെ കാലഘട്ടം അനുവദിക്കുന്ന വിദഗ്ധ ചരിത്രരചന നടത്തിയിരുന്നു. അതുപോലെ, ആധുനികമായ ചരിത്രരചനാരീതികളില്‍ സാങ്കേതികമായ വൈദഗ്ധ്യം നേടാനും ചരിത്രരചന നടത്താനും പ്രജാസ്വത്വം പേറുന്നവര്‍ക്കും സാധ്യമാണ്. പുരാവസ്തുക്കളും പുരാരേഖകളും വായിച്ചെടുക്കുകയെന്നത് ശാസ്ത്രീയ ചരിത്രരചനക്കാവശ്യമായ ‘ഗുമസ്തപ്പണി’കളാണ്. ഫെര്‍ണാണ്ട് ബ്രോദലിനെപ്പോലെയുള്ള മഹാ ചരിത്രകാരന്മാര്‍ ഇത്തരം അനേകം ‘ചരിത്രഗുമസ്ത’രുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, ഒരു ആധുനിക ശാസ്ത്രീയചരിത്രകാരന്‍ എന്ന നിലക്ക് ബ്രോദലിനെ നിസ്തുലനാക്കുന്നത് അദ്ദേഹത്തിന്റെ സമകാലിക മൂല്യ-സ്വത്വ ഭാവുകത്വങ്ങളാണ്. തന്റെ ചരിത്രരചനാ ഫാക്ടറിയിലെ രേഖാവിദഗ്ധര്‍ നല്‍കുന്ന വിവരങ്ങളെ ചരിത്രവ്യാഖ്യാനങ്ങളാക്കി മാറ്റുന്നത് ചരിത്രകാരന്റെ തത്ത്വചിന്താപരമായ അറിവും മൂല്യബോധവുമാണ്. പുരാലിഖിത വിദഗ്ധനും ചരിത്രകാരനും തമ്മിലുള്ള അന്തരമിതാണ്. ഒരു പ്രജക്ക് പുരാലിഖിത വിദഗ്ധനാവാം; എന്നാല്‍, ചരിത്രകാരനാകാനാവില്ല, കാരണം, പുരാവസ്തുക്കളും രേഖകളും വ്യാഖ്യാനിക്കാനാവശ്യമായ ‘ശാസ്ത്രീയ ചരിത്രരചനാ സാക്ഷരത’ അവ നല്‍കുന്നില്ല. സമകാലിക ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക പഠനത്തിലൂടെ ആര്‍ജിക്കുന്ന ഈ സാക്ഷരത, ചരിത്രരേഖകള്‍ക്കുമേല്‍ പ്രയോഗിക്കുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രമുണ്ടാവുകയുള്ളൂ.

പഴയ ചരിത്രപണ്ഡിതര്‍ക്കു ലഭ്യമല്ലാതിരുന്ന അനേകം ശാസനങ്ങളും രേഖകളും എം.ജി.എസ്. നാരായണനെപ്പോലെയുള്ളവര്‍ക്കു ലഭിച്ചിരുന്നു. അവയുടെ ഗൂഢഭാഷ നിര്‍ധാരണം ചെയ്യാനുള്ള സാങ്കേതിക പരിശീലനവും ഇവര്‍ നേടിയിരുന്നു. തനിക്കുമുമ്പുള്ള കൊട്ടാരം ചരിത്രകാരന്മാരും മാന്വല്‍ രചയിതാക്കളും പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നതൊഴിച്ചാല്‍, ശാസ്ത്രീയ ചരിത്രരചന നടത്താന്‍ എം.ജി.എസ് പരാജയപ്പെട്ടതിനു കാരണം അദ്ദേഹത്തിന് പ്രജാസ്വത്വത്തില്‍നിന്നു വിച്ഛേദിച്ചു മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ്. സാക്ഷിമുതലുകളെപ്പറ്റി വിവരം ശേഖരിക്കാന്‍ ന്യായാധിപന്‍ പല മേഖലകളുടെ-ശാസ്ത്രജ്ഞന്‍, എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍, ഡോക്ടര്‍, പൊലീസ് എന്നിങ്ങനെയുള്ളവരുടെ-സേവനം ഉപയോഗിക്കാറുണ്ട്. പക്ഷേ, അവര്‍ക്കു ന്യായാധിപനാകാനാവില്ല. അതിന് നിയമതത്ത്വശാസ്ത്രം പഠിക്കണം. അത് തൊണ്ടിമുതലുകളില്‍നിന്നു ലഭിക്കുന്നതല്ല. മതിലകം രേഖകള്‍പോലെയുള്ള ചരിത്രരചനയുടെ തൊണ്ടിമുതലുകളില്‍നിന്ന് ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക സാക്ഷരത ആര്‍ജിക്കാനാവില്ല. എം.ജി.എസിനെപ്പോലുള്ളവരുടെ രേഖാവൈദഗ്ധ്യത്തിന്റെ ‘ഗുമസ്തമൂല്യ’ത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇനിയും വരാനിരിക്കുന്ന ശാസ്ത്രീയ ചരിത്രരചനയെ സുഗമമാക്കുന്ന വിവരസഞ്ചയത്തിന്റെ പേരില്‍ ഇവര്‍ക്ക് ഒരു കടപ്പാടിന് അര്‍ഹതയുണ്ട്:

ശാസ്ത്രീയ ചരിത്രരചനയെ വ്യത്യസ്തമാക്കുന്നത് അടിസ്ഥാനപരമായി രണ്ടുഘടകങ്ങളാണ്. ഒന്ന്, രീതിശാസ്ത്രപരം. രണ്ട്, ഭവശാസ്ത്രപരം. എം.ജി.എസിന്റെ ചരിത്രരചനകള്‍ രീതിശാസ്ത്രപരമായി മുന്‍കാല രചനകളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നതു വസ്തുതയാണ്. പുരാരേഖാ തെളിവുകളുടെ അടിസ്ഥാനത്തില്‍ മധ്യകാല കേരളചരിത്രത്തെ കൂടുതല്‍ വസ്തുനിഷ്ഠമായി സമീപിക്കാന്‍ എം.ജി.എസിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, രീതിശാസ്ത്രത്തിന്റെ വിന്യാസം കൊണ്ടുമാത്രം ശാസ്ത്രീയ ചരിത്രം സൃഷ്ടിക്കാനാവില്ല. തികച്ചും സാങ്കേതികവും ഉപകരണപരവുമായ അര്‍ഥത്തില്‍ ഈ രീതിശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിക്കാവുന്നതാണ്. ശങ്കുണ്ണിമേനോനും പത്മനാഭമേനോനും ഇത്തരം രേഖകള്‍ ലഭ്യമായിരുന്നെങ്കില്‍ അവ തള്ളിക്കളയുമായിരുന്നില്ല. തങ്ങളുടെ സമകാലികനായ പ്രജാബോധത്തെ കൂടുതല്‍ യുക്തിസഹമാക്കാനും പ്രഫഷനല്‍ മികവ് പ്രദര്‍ശിപ്പിക്കാനും അവ ഉപയോഗിക്കുമായിരുന്നു. ഇവരുടെ ചരിത്രരചനകളുടെ ന്യൂനത രീതിശാസ്ത്രപരം എന്നതിനെക്കാള്‍ ഭവശാസ്ത്രപരമാണ്. അവര്‍ക്ക് വ്യക്തി-പൗരന്മാരായി സ്വയം വികസിക്കാന്‍ കഴിഞ്ഞില്ല. അതിന് ചരിത്രപരമായ പരിമിതികളുമുണ്ടായിരുന്നു. എന്നാല്‍, 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന എം.ജി.എസ് എന്ന ചരിത്രകാരന്‍ ഭവശാസ്ത്രപരമായി പ്രജാസ്വത്വത്തില്‍തന്നെ നില്‍ക്കുന്നു എന്നതിന് ഒരു ന്യായീകരണവുമില്ല. ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ച് എം.ജി.എസ് സ്വീകരിക്കുന്ന നിലപാടുകള്‍ ശാസ്ത്രീയ ചരിത്രകാരന്റേതല്ല. മറിച്ച്, ഒരു പ്രജയുടേതാണ്.

പ്രജയുടെ സ്വത്വ-മൂല്യ ബോധത്തില്‍നിന്നുകൊണ്ട്, എത്രതന്നെ രീതിശാസ്ത്ര വൈദഗ്ധ്യം നേടിയാലും ഭൂതകാലത്തെ സമീപിക്കാനാവില്ല. ഭവശാസ്ത്രപരമായി, വ്യക്തിയും പൗരനുമാകുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ശാസ്ത്രീയ ചരിത്രത്തിന്റെ താത്ത്വിക സാക്ഷരത സ്വായത്തമാക്കാനാവൂ. എം.ജി.എസിന്റെ ചരിത്രബോധത്തിന് സമകാല യാഥാര്‍ഥ്യങ്ങളെ സംബോധന ചെയ്യാന്‍ കഴിയാതിരിക്കുന്നതിനുകാരണം ഭവശാസ്ത്രപരമാണ്. എം.ജി.എസിന്റെ സമീപകാലനിലപാടുകള്‍, സാമൂഹിക സ്മൃതിയും ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അഗാധമായ അന്തരം വ്യക്തമാക്കുന്നതാണ്. തിരുവിതാംകൂറിന്റെ സാമൂഹികസ്മൃതിയില്‍ ആണ്ടുപോയ എം.ജി.എസ് ചില രേഖകളുടെ സഹായത്തോടെ ഈ സ്മൃതിയിലെ മാറാലകള്‍ മായ്ക്കുക മാത്രമാണു ചെയ്തത്. എന്നാല്‍, ശാസ്ത്രീയ ചരിത്രനിര്‍മിതിയെന്നത് സാമൂഹിക സ്മൃതിയല്ല. ‘സാമൂഹികസ്മൃതി’യുടെ ഗൃഹാതുരതയില്‍നിന്നു ബോധപൂര്‍വം വിച്ഛേദിക്കാനും സമകാലികതയുടെ സൈദ്ധാന്തിക ഭാവുകത്വത്തില്‍ സ്വയം സ്ഥാപിക്കാനും കഴിയുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രനിര്‍മിതി സാധ്യമാകൂ. രണ്ടുതരം സ്മൃതികളെക്കുറിച്ചുള്ള ഹെന്‍റി ബെര്‍ഗ്സന്റെ സിദ്ധാന്തീകരണം ഇവിടെ പ്രസക്തമാകുന്നു. ഒന്ന്, ‘ശീല-സ്മൃതി’ (ഹാബിറ്റ് മെമ്മറി); രണ്ട്, ‘ശരിയായ സ്മൃതി’ (ട്രൂ മെമ്മറി) ഇവ രണ്ടും അടിസ്ഥാനപരമായി ഭിന്നമാണെന്ന് ബെര്‍ഗ്സന്‍ നിരീക്ഷിക്കുന്നു (ഹെന്‍ട്രി ബെര്‍ഗ്സന്‍, മാറ്റര്‍ ആന്‍ഡ് മെമ്മറി). വെറും ശീലം മാത്രമായ സ്മൃതിയില്‍ ജ്ഞാനാര്‍ജനത്തിന്റെ ധിഷണാംശമില്ല. ഒരിക്കല്‍ പഠിച്ചതിന്റെ ആവര്‍ത്തനം മാത്രമാണിത്. ഒരിക്കല്‍, നീന്തലും ഡ്രൈവിങ്ങും പഠിച്ചാല്‍ അതിന്റെ നിര്‍വഹണത്തിന് ധൈഷണികതയുടെ ആവശ്യമില്ല. ശരീരത്തിന്റെ യാന്ത്രികമായ നിര്‍വഹണക്ഷമതയാണ് ഇത്തരം വിദ്യകളെ നിര്‍ണയിക്കുന്നത്. ഒരു ശീലംപോലെ അവ നിര്‍വഹിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഔപനിഷദിക താത്ത്വിക പാരമ്പര്യം ധിഷണാശൂന്യമായ ഈ ശീല-സ്മൃതിയിലധിഷ്ഠിതമാണ്. യാന്ത്രികമായ ഓര്‍മിക്കലും വ്യാഖ്യാനിക്കലും വീണ്ടും ഓര്‍മിക്കലുമാണ് വൈദിക ജ്ഞാനപാരമ്പര്യം എന്നത്. വേദോപനിഷത്തുകള്‍ കൃത്യമായി ഓര്‍മിച്ചുവെക്കാനുള്ള സ്മൃതിശേഷിയെയാണ് ഏറെ ഘോഷിക്കപ്പെടുന്ന ഈ പാരമ്പര്യം തലമുറകളിലേക്ക് സംക്രമിപ്പിച്ചത്. ഒരു വേദാന്തിയോ ഒൗപനിഷദിക ദാര്‍ശനികനോ ആകാനുള്ള യോഗ്യത ശീലവും സ്മൃതിയും മാത്രമാണ്. നീന്തല്‍പ്രക്രിയ പോലെ ജൈവസാധാരണമായ ഒരു ശീലം മാത്രമാണ് ഇന്ത്യയുടെ ചിരപുരാതനമായ ആര്‍ഷജ്ഞാനം. ഈ ജൈവസ്മൃതിയില്‍ ചിന്തയുടെ ഒരംശവുമില്ല. മസ്തിഷ്കത്തില്‍ ശേഖരിച്ചുവെക്കുകയും കൈമാറുകയുമെന്നതല്ല, ചിന്താപ്രക്രിയ. അതിന് ധൈഷണികസ്മൃതി (കോഗ്നിറ്റീവ് മെമ്മറി) അഥവാ ബെര്‍ഗ്സന്‍ പറയുന്ന ‘ശരിയായ സ്മൃതി’ ആവശ്യമാണ്. ഹിന്ദൂയിസത്തിന്റെ അതിദീര്‍ഘമായ വൈദിക ജ്ഞാനപാരമ്പര്യം ധൈഷണിക സ്മൃതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ജൈവസഹജമായ ശീല-സ്മൃതിയെ ദര്‍ശനമായി സ്ഥാപനവത്കരിക്കുകയും ചെയ്യും. അതുകൊണ്ടാണ്, ഇന്ത്യയില്‍ സൈദ്ധാന്തിക ജ്ഞാനവും തത്ത്വചിന്തയും വികസിക്കാതെപോയത്. ഹിന്ദൂയിസത്തിന്റെ വൈദിക ജ്ഞാനപാരമ്പര്യത്തെ സൈദ്ധാന്തികമായി മറികടക്കാന്‍ അശക്തരായ വ്യക്തികള്‍, എത്ര ആധുനികമായ രീതിശാസ്ത്രം ഉപയോഗിച്ചാലും ഭവശാസ്ത്രപരമായി സ്വയം പരിവര്‍ത്തിക്കാന്‍ പരാജയപ്പെടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ജി.എസ് എന്ന വ്യക്തിയും ചരിത്രകാരനും. വിദഗ്ധനായ ഒരു സാമൂഹികസ്മൃതിക്കാരനായി മാറാനല്ലാതെ, ശാസ്ത്രീയ ചരിത്രകാരനാകാന്‍ എം.ജി.എസിനെ അദ്ദേഹത്തിന്റെ ഭവശാസ്ത്രപരമായ വളര്‍ച്ചയില്ലായ്മ അനുവദിക്കുന്നില്ല. പത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പി’നെക്കുറിച്ച് അദ്ദേഹത്തില്‍നിന്നുണ്ടാകുന്ന പ്രജാവിഡംബനങ്ങള്‍ ഒരേസമയം ധിഷണാസ്മൃതിയുടെയും പൗരസ്വത്വബോധത്തിന്റെയും രോഗാതുരമായ അഭാവങ്ങളാണ് വിളംബരം ചെയ്യുന്നത്.

"സ്വാമിദ്രോഹ'ത്തിന്റെ രാഷ്ട്രീയദൈവശാസ്ത്രം
ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ചുള്ള മുഖ്യധാരാ സംവാദം സൂചിപ്പിക്കുന്നത് സവര്‍ണ ഹൈന്ദവ സാമൂഹികസ്മൃതിയുടെ ‘അവിച്ഛിന്നപാരമ്പര്യ’ത്തെയാണ്. തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട എന്തിലും ഒരു തരം ആരാധനാമനോഭാവവും ‘ധര്‍മരാജ്യനഷ്ട’ത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവുമാണ് മുഖ്യധാരാ മലയാളി ഭാവുകത്വം പ്രദര്‍ശിപ്പിക്കുന്നത്. സ്വര്‍ണം, വെള്ളി, രത്നങ്ങള്‍ എന്നീ ലോഹങ്ങളാല്‍ നിര്‍മിതമായ ഈ നിധി ‘വസ്തുക്കള്‍’ ദ്യോതിപ്പിക്കുന്നത് ബ്രാഹ്മണവിധികള്‍ക്കു കീഴിലമര്‍ന്ന ഒരു സാമൂഹിക ഘടനയെക്കുറിച്ചുള്ള പ്രതീകാത്മക പ്രസ്താവനകളാണ്. ഈ രാജവംശത്തെക്കുറിച്ചുള്ള ‘സ്മൃതി’ നിര്‍മിതമായിരിക്കുന്നതുതന്നെ എല്ലാ സാമൂഹിക വിഭാഗങ്ങളും പങ്കുവെക്കുന്ന പൊതുവായ ‘സാമൂഹികസ്മൃതി’യുടെ രൂപത്തിലാണ്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം ചൂഷണത്തിന്റെയും മര്‍ദനത്തിന്റെയും അപമാനത്തിന്റെയും പ്രഭവസ്ഥാനമായിരുന്ന ഒരു രാജവംശത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഗൃഹാതുരത ഉണര്‍ത്തുന്ന പൊതുസ്മൃതികളാകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്ക് തങ്ങളുടെ  ഭൂതകാലത്തെ, സവര്‍ണ രാജകീയ ഭൂതകാലത്തില്‍നിന്നു വ്യവച്ഛേദിക്കാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? അപമാനവീകരണത്തിന്റെ ആള്‍ രൂപങ്ങളായിരുന്ന ‘പൊന്നുതമ്പുരാക്കന്‍’മാരെക്കുറിച്ച് ‘പ്രതിസ്മൃതികള്‍’ സൃഷ്ടിക്കാന്‍ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത മുന്നേറ്റത്തിന്റെ ആഖ്യാനങ്ങള്‍ രചിച്ചവര്‍ക്ക് ഫലത്തില്‍, ജാതി-രാജപാരമ്പര്യത്തിന്റെ ആഖ്യാന പാരമ്പര്യത്തില്‍നിന്ന് ബോധപൂര്‍വം മുക്തരാകാന്‍ കഴിഞ്ഞിരുന്നില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാണ്, ‘പൊന്നുതമ്പുരാക്കന്മാരെ’ ‘മര്‍ദക തമ്പുരാക്കന്‍’മാരും ‘കൊള്ളത്തമ്പുരാക്കന്‍’മാരുമാക്കുന്ന അധഃസ്ഥിതാഖ്യാനങ്ങളും പ്രതിസ്മൃതികളും ഉണ്ടാകാതെ പോയത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍, തിരുവിതാംകൂര്‍ രാജവംശം അധഃസ്ഥിത ഭൂരിപക്ഷത്തിന്റെ സാമൂഹിക സ്മൃതികളില്‍ ചൂഷണത്തിന്റെയും കൊള്ളയുടെയും പ്രതീകങ്ങളായി പ്രതിസ്ഥാപിക്കപ്പെടുമായിരുന്നു. പക്ഷേ, ജാതിമര്‍ദനത്തിന്റെ രാഷ്ട്രീയ ഉപാധിയായിരുന്ന ഒരു രാജഭരണ ചരിത്രത്തെ ബഹുമാനത്തോടെ കാണാന്‍പഠിപ്പിക്കുന്ന ചരിത്രാഖ്യായികകളാണ് പുതിയ രീതിശാസ്ത്രത്തെ അവലംബിച്ച ചരിത്രപണ്ഡിതര്‍പോലും സൃഷ്ടിച്ചത്. അയിത്ത നിയമങ്ങള്‍ ലംഘിക്കുന്ന അധഃസ്ഥിതരെ തല്‍ക്ഷണം വധിക്കാന്‍ കല്‍പന നല്‍കിയിരുന്ന രാജാക്കന്മാര്‍ ആരുടെ പൊന്നുതമ്പുരാനാണ്? പൊതുനിരത്തില്‍ മാറുമറയ്ക്കുന്ന അധഃസ്ഥിത സ്ത്രീക്ക് ശിക്ഷവിധിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എങ്ങനെയാണ് ധര്‍മരാജാക്കന്മാരായത്? മുലക്കും തലക്കും നികുതി ഏര്‍പ്പെടുത്തിയിരുന്ന ഈ രാജഭരണത്തിന്റെ ചരിത്രം, കേരളചരിത്രത്തിലെ ‘ഇരുണ്ടയുഗ’മെന്നു രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ടാണ്? ‘ഇരുണ്ടയുഗം’ ‘ധര്‍മയുഗ’മെന്നും ‘മര്‍ദകത്തമ്പുരാക്കന്‍’മാര്‍ ‘പൊന്നുതമ്പുരാക്കന്‍’മാരെന്നും ആഖ്യാനം ചെയ്യപ്പെടുന്നത്, അധഃസ്ഥിതരില്‍നിന്ന് അവരുടെ സ്മൃതികള്‍ അപഹരിക്കുന്നതിനു തുല്യമാണ്. ഈ രാജസ്മൃതി കേരളത്തിന്റെ പൊതുസ്മൃതിയാകുന്നത്, ഭൂരിപക്ഷ ജനവിഭാഗങ്ങളെ അവരുടെ ഓര്‍മകളില്‍നിന്നുപോലും കുടിയിറക്കുന്നതിലൂടെയാണ്.

ഈ വിപര്യയത്തെ നിര്‍ധാരണം ചെയ്യുകയും തുറന്നുകാണിക്കുകയും ചെയ്യുകയെന്നതാണ് സമകാലിക ചരിത്രരചനയുടെ നൈതിക ധര്‍മം. എന്നാല്‍, എം.ജി.എസിനെപ്പോലെയുള്ള ചരിത്രകാരന്മാര്‍ ഈ നൈതിക ധര്‍മത്തില്‍നിന്നു പലായനം ചെയ്യുകയും രാജഭരണത്തിന്റെ പൂര്‍വകാല അനീതികള്‍ വെള്ളപൂശുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു. ശാസ്ത്രീയ ചരിത്രരചനയോടു പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ എപ്പോഴും സാമൂഹികസ്മൃതിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. കാരണം, തനിക്കുമുന്നിലുള്ള ചരിത്രാവശിഷ്ടങ്ങളെയും വസ്തുക്കളെയും വിമര്‍ശാത്മകമായി വിലയിരുത്തുന്നതിനാവശ്യമായ ഉപാധികള്‍, സാമൂഹികസ്മൃതികള്‍ ചരിത്രകാരനു നല്‍കുന്നില്ല. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അറകളില്‍നിന്നു കണ്ടെടുക്കുന്ന വസ്തുക്കള്‍ നല്‍കുന്ന പ്രതീകാത്മക പ്രസ്താവനകളെ ചരിത്രകാരന്‍ മുഖവിലയ്ക്കെടുക്കാന്‍ പാടില്ല. അത് ചരിത്രകാരന്‍ സ്വന്തം ധൈഷണിക സ്വാതന്ത്ര്യം അടിയറവെക്കുന്നതിനു തുല്യമാണ്. നിധിശേഖരം ഉണര്‍ത്തുന്ന സാമൂഹിക സ്മൃതിയും ശാസ്ത്രീയ ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം മനസ്സിലാക്കാത്തതുകൊണ്ടാണ്, വിമര്‍ശക സന്ദേഹത്തിനു പകരം ‘ഭക്തിപാരവശ്യം’ എം.ജി.എസിനെ ഭൂതാവേശിച്ചിരിക്കുന്നത്.

ഈ നിധിശേഖരത്തെ മലയാളികള്‍ വികാരപരമായി സമീപിക്കാന്‍ കാരണം, അവര്‍ ‘ആസൂത്രിത വിസ്മൃതി’ക്കു വിധേയരായതുകൊണ്ടാണ്. തിരുവിതാംകൂറില്‍ ഭൂരിപക്ഷ മലയാളികള്‍ അനുഭവിച്ച ജാതിമര്‍ദനം പ്രവര്‍ത്തിച്ചത് ശ്രീപത്മനാഭസ്വാമിയുടെ പേരിലായിരുന്നു. കീഴാള ദ്രോഹത്തിനു ദിവ്യ പരിവേഷം നല്‍കിയത് ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്. ‘അടിമത്തത്തിന്റെയും അയിത്തത്തിന്റെയും ആത്മീയോപകരണ’മായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ഇപ്പോള്‍ അഭിമാനിക്കുന്നത്, അവരുടെ പൂര്‍വികര്‍ അനുഭവിച്ച അപമാനത്തെക്കുറിച്ചുള്ള സ്മൃതികള്‍ അവരില്‍നിന്നപഹരിക്കപ്പെട്ടതുകൊണ്ടാണ്. തിരുവിതാംകൂറിലെ നിയമങ്ങളും ശാസനകളും ശ്രീപത്മനാഭന്‍െറ നിയമശാസനകളായിരുന്നു. തിരുവിതാംകൂറിലെ ‘രാഷ്ട്രീയദൈവശാസ്ത്രവ്യവഹാര’ത്തിന്റെ ഏറ്റവും വലിയ ആയുധം ‘സ്വാമിദ്രോഹം’ എന്ന സങ്കല്‍പമായിരുന്നു.

‘തൃപ്പടിദാനം’ അഥവാ തിരുവിതാംകൂറിനെ ‘ശ്രീപത്മനാഭനു സമര്‍പ്പിക്കല്‍’ ഒരു ‘രാഷ്ട്രീയമിത്തി’നെയാണ് സൃഷ്ടിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു പ്രത്യേക ‘ദൈവ’ത്തിന്റെ ‘രാഷ്ട്രീയനിര്‍വാഹക’രായിമാറുന്നു. രാജവംശത്തിന്റെ ഭൗതികാധികാരത്തെ ആത്മീയവത്കരിക്കുകയും ‘രാജഭരണം’ എന്നതുതന്നെ ‘ദൈവഭരണ’മായി മാറുകയും ചെയ്യുന്നു. ഇവിടെ രാജാവ്, രാജ്യം, ഭൂപ്രദേശം, ഭരണം, ആചാരം, മാമൂലുകള്‍ എന്നിവയെല്ലാം ശ്രീപത്മനാഭസ്വാമിയുടെ ബാഹ്യ പ്രകാശനങ്ങളായി മാറുന്നു. രാജാവില്‍ ദിവ്യത്വം കല്‍പിക്കുന്നതുപോലെ ശ്രീപത്മനാഭനില്‍ ‘ഭൗതികത’ കല്‍പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, 1811ല്‍ കേണല്‍ മണ്‍ട്രോക്കയച്ച കത്തില്‍ റാണി ലക്ഷ്മീഭായി, ‘ശ്രീപത്മനാഭനും യൂറോപ്യന്‍കമ്പനിയും തമ്മിലുണ്ടാക്കിയ സഖ്യ’മെന്നുപറയുന്നത്. ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി ഉടമ്പടിയിലേര്‍പ്പെടാന്‍ കഴിയുംവിധം ശ്രീപത്മനാഭനെ, ഒരു ‘നിയമവ്യക്തിത്വ’മാക്കാന്‍ ഈ രാഷ്ട്രീയ മിത്തിനു കഴിയുന്നു. (രാജഭരണത്തിലെ ‘നിയമവ്യക്തിത്വ’ങ്ങള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതോടെ റദ്ദാക്കപ്പെടുന്നു.) മധ്യകാല യൂറോപ്യന്‍ രാഷ്ട്രീയ ദൈവശാസ്ത്രം ആവിഷ്കരിച്ച ‘രാജാവിന്റെ ഇരട്ട ശരീരങ്ങള്‍’ (Ernst Kantorowicz, The King’s Two Bodies) എന്ന മിത്തിനു സമാനമായ ഒന്നാണ് ശ്രീപത്മനാഭദാസ്യം. ‘രാജാവിന്റെ ഇരട്ടശരീരങ്ങള്‍’ എന്ന രാഷ്ട്രീയമിത്തിന് രാജകീയാധികാരത്തെ അനശ്വരം മാത്രമല്ല, അദൃശ്യവുമാക്കാന്‍ കഴിഞ്ഞു. അതുപോലെ, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ ഭൗതിക മണ്ഡലമാകുന്നതോടെ, രാജകീയ ശാസനങ്ങള്‍ ശ്രീപത്മനാഭ ശാസനങ്ങള്‍ തന്നെയാകുന്നു. ദൈവത്തിനു തെറ്റുസംഭവിക്കുകയോ തെറ്റായി ചിന്തിക്കുകയോ സാധ്യമല്ല. രാജാവിന്റെ നടപടികള്‍ തെറ്റുകള്‍ക്കതീതമാകുന്നു. രാജവിമര്‍ശം ദൈവവിമര്‍ശമോ ദൈവനിന്ദ തന്നെയോ ആകുന്നു. അതാണ്, ‘സ്വാമിദ്രോഹ’മെന്ന സങ്കല്‍പത്തിലൂടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം സൃഷ്ടിച്ച അധികാരവ്യവസ്ഥ. തങ്ങളുടെ പ്രതിബദ്ധത ശ്രീപത്മനാഭനോടു മാത്രമാണെന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ രാജവംശം രാജഭരണചരിത്രത്തില്‍ ‘ബഹുജനവിരുദ്ധത’യുടെ സമാനതകളില്ലാത്ത ഒരു ഇരുണ്ടയുഗം നിര്‍മിക്കുകയായിരുന്നു. ഈ രാഷ്ട്രീയ ദൈവശാസ്ത്രം വിമര്‍ശങ്ങളെയും പ്രതിരോധങ്ങളെയും രാജഭരണത്തില്‍നിന്നു വിസ്ഥാപനം ചെയ്യുകയും ശ്രീപത്മനാഭസ്വാമിക്കെതിരായ ‘ദ്രോഹ’മായി വ്യാഖ്യാനിക്കുകയും ചെയ്തു. ‘രാജകീയത’ക്കു ദിവ്യപരിവേഷം നല്‍കുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമായും ദൈവവിരുദ്ധമാകുന്നു. രാജഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരെ ചിന്തിക്കുന്നതുപോലും ദൈവവിരുദ്ധമാണെന്ന അതീതമായ ഭയമാണ് ‘സ്വാമിദ്രോഹ’സങ്കല്‍പം ഈശ്വരവിശ്വാസികളായ സാധാരണക്കാരില്‍ സൃഷ്ടിച്ചത്. ‘സവര്‍ണന്റെ മുന്നില്‍ ഞാനെന്തിനു വഴിമാറണം’ എന്ന് ഒരു അധഃസ്ഥിതനു ചിന്തിക്കാന്‍പോലും കഴിയാത്തവണ്ണം സ്വാമിദ്രോഹഭീതി അവനെ കീഴ്പ്പെടുത്തിയിരുന്നു. ‘സ്വാമിദ്രോഹ’മെന്ന രാഷ്ട്രീയ ദൈവശാസ്ത്രായുധം ഫലത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തെ കവചിതമാക്കുകയാണു ചെയ്തത്. ‘സ്വാമിദ്രോഹ’ത്തിന്റെ ദിവ്യ കവചങ്ങള്‍ക്കു പിന്നില്‍ ദീര്‍ഘകാലം സുരക്ഷിതമായിരുന്ന തിരുവിതാംകൂര്‍ രാജവംശം ആദ്യമായി അരക്ഷിതത്വമനുഭവിക്കുന്നത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ്. ബ്രിട്ടീഷാധിപത്യത്തോടെ സാവധാനമായിട്ടാണെങ്കിലും ഇവിടെ രൂപംകൊണ്ട ആധുനിക ഭരണസമ്പ്രദായങ്ങളും നീതിന്യായസംവിധാനവും ‘സ്വാമിദ്രോഹ’ത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രത്തിനുമേല്‍ കനത്ത പ്രഹരമാണേല്‍പിച്ചത്.

സവര്‍ണതൃഷ്ണയുടെ തിരിച്ചുവരവ്
തിരിച്ചുവരവിനുവേണ്ടി സ്വയം ഊഴം കാത്തിരുന്ന ഫ്യൂഡല്‍-സവര്‍ണ-രാജകീയമൂല്യങ്ങള്‍ക്കു കിട്ടിയ സുവര്‍ണാവസരമാണ് ക്ഷേത്രനിധി. മറയില്ലാതെ പ്രത്യക്ഷമാകാനും സ്വന്തം സവര്‍ണ-ഫ്യൂഡല്‍ മുഖം പ്രദര്‍ശിപ്പിക്കാനും അറച്ചിരുന്ന മലയാളി സ്വത്വത്തിന്റെ അധോശക്തികള്‍ക്കു ലഭിച്ച ന്യായീകരണമാണിത്. സ്വന്തം ‘പ്രജാസ്വത്വ’ത്തെ ‘പൗരത്വ’ത്തിന്റെ സാങ്കേതിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഇക്കാലമത്രയും ഒളിപ്പിച്ചുവെച്ചിരുന്ന വിഭാഗങ്ങള്‍ക്ക്, ഇപ്പോള്‍ പൗരത്വത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍ അഴിച്ചുവെച്ച്, തനിപ്രജകളായി പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചിരിക്കുന്നു. പൗരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മറ്റും ആധുനിക പ്രച്ഛന്നവേഷങ്ങള്‍ കെട്ടിയാടിക്കൊണ്ടിരുന്നവര്‍ യഥാര്‍ഥത്തില്‍ പൗരത്വത്തിന്റെ യൗവന വളര്‍ച്ചയെത്താത്ത പ്രജാശിശുക്കളായിരുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ചരിത്രകാരന്മാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും ഇപ്പോള്‍ തങ്ങളുടെ ‘അമര്‍ത്തപ്പെട്ടിരുന്ന പ്രജാസ്വത്വ’ത്തെ പുറത്തെടുത്തു പ്രദര്‍ശിപ്പിക്കാനും പ്രജാസ്വത്വത്തിന്റെ അധമവും അവികസിതവുമായ ബോധം ഒരിക്കലും തങ്ങളുടെ ‘ആത്മാവി’നെ വിട്ടുപോയിരുന്നില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാനും കഴിയുന്നു. സ്വന്തം ‘പ്രഫഷനി’ല്‍ ആധുനികതയുടെ സാങ്കേതിക സാധ്യതകള്‍ ഉപയോഗിക്കുകയും പൗരത്വത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴും ‘പ്രജാശൈശവ’ത്തില്‍നിന്നു ഒരിഞ്ചുപോലും വളര്‍ന്നിട്ടില്ലെന്ന പരോക്ഷപ്രഖ്യാപനമാണ് ഇവര്‍ നടത്തുന്നത്.

സമകാലിക ശ്രീപത്മനാഭദാസന്മാരുടെയും രാജഭക്തരുടെയും ‘സംഘബോധ’ത്തെയും ‘സംഘതൃഷ്ണ’യെയും അപഗ്രഥിക്കേണ്ടത് അനിവാര്യമാകുന്നു. അഭിനവ രാജഭക്തിക്കു പിന്നിലുള്ളത് യൂറോപ്യന്‍ നിയമ-രാഷ്ട്രീയ ചട്ടക്കൂടിന്റെ സമ്മര്‍ദത്തിനു മുന്നില്‍ അമര്‍ത്തപ്പെട്ടുകിടന്ന സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള സംഘതൃഷ്ണയാണ്. കേരളത്തിലെ ‘സവര്‍ണ സംഘബോധം’ ഇന്ത്യന്‍ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ‘ഇര’യുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചുകൊണ്ടു നടത്തുന്ന യുദ്ധമാണിത്. കാരണം, ഇന്ത്യയിലെ നിയമവ്യവസ്ഥ തത്ത്വത്തിലെങ്കിലും ജാതിശ്രേണിയെയും ഉച്ചനീചത്വത്തെയും അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ബാക്കിപത്രമായ ഈ നിയമവ്യവസ്ഥ, അതുകൊണ്ടുതന്നെ, സവര്‍ണാധിപത്യത്തിന്റെ ധര്‍മശാസ്ത്രവ്യവഹാരത്തിന് വലിയ ആഘാതമാണേല്‍പിച്ചത്. അതുകൊണ്ടാണ്, ബ്രിട്ടീഷ് ഭരണത്തിന്റെ ഈടുവെപ്പുകളായ ഭരണഘടന-നിയമ വ്യവസ്ഥകള്‍ക്കുമുന്നില്‍ സവര്‍ണപാരമ്പര്യം സ്വയം ‘ഇര’യുടെ സ്ഥാനത്ത് നില്‍ക്കുന്നത്. ശ്രീപത്മനാഭദാസന്മാരായ രാജാക്കന്മാര്‍ക്കു ലഭിച്ചിരുന്ന ‘പ്രാമാണികത’യും ‘പദവി’യുമാണ് താത്ത്വികമായിട്ടെങ്കിലും (വൈദേശിക) ഭരണഘടന-നിയമവ്യവസ്ഥകള്‍ ഇല്ലാതാക്കിയത്. രാജഭരണത്തിന്റെ ബിംബാവലികളും സ്ഥാനപ്പേരുകളും ചിഹ്നങ്ങളും പൊതുമണ്ഡലത്തില്‍ നിയമപരമായിത്തന്നെ നിരോധിതവുമാണ്. മനഃശാസ്ത്രപരമായി മുരടിച്ചുപോയ, ഒരു വിഭാഗമാളുകള്‍ക്ക് ഇപ്പോഴും തിരുവിതാംകൂര്‍ ‘രാജ്യ’വും ‘രാജാവും’ യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. ആധുനിക നിയമശാസ്ത്ര വ്യവഹാരത്തിന്‍െറ  പൊതുമണ്ഡലത്തിലെ ഔദ്യോഗിക വ്യാപനം, സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ, ഭാഗികമായെങ്കിലും ദുര്‍ബലമാക്കുന്നുണ്ട്. അതിനാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍നിന്ന് ഭരണഘടന-നിയമതത്ത്വങ്ങളും സംവര്‍ഗങ്ങളും നിഷ്കാസനം ചെയ്യപ്പെടേണ്ടത്, ഈ തിരിച്ചുവരവിന്റെ വ്യവഹാരത്തിനാവശ്യമാണ്. ദീര്‍ഘകാലമായി നാം കേള്‍ക്കാതിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍, നമ്പി, തന്ത്രി, പോറ്റി, കൊട്ടാരം, മഹാരാജാവ് തുടങ്ങിയ ശ്രീപത്മനാഭ-രാജവംശ സംവര്‍ഗങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുന്നതോടെ, ക്രമേണ അത് സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ ന്യായീകരിക്കുന്നതും സാധ്യമാക്കുന്നതുമായ വ്യവഹാരനിര്‍മിതയാകുന്നു. അര്‍ഥം നഷ്ടപ്പെട്ട ഇത്തരം പദങ്ങള്‍ക്ക്, സവര്‍ണ സംഘബോധത്തില്‍ ചില ‘വൈകാരികഫലങ്ങള്‍’ സൃഷ്ടിക്കാന്‍ കഴിയും. ‘തിരുവിതാംകൂര്‍ മഹാരാജാവ്’ എന്ന പ്രയോഗത്തിന് ഇന്നു ഭാഷാപരമായി ഒരര്‍ഥവുമില്ല. മറിച്ച്, സവര്‍ണതൃഷ്ണയുടെയും രാജഭക്തിയുടെയും ‘ഗൃഹാതുരത’ ഉണര്‍ത്തുന്ന വൈകാരികത ഉണര്‍ത്തുക മാത്രം ചെയ്യുന്നു. പൊതുമണ്ഡലത്തിലെ ഇത്തരം പ്രയോഗങ്ങള്‍, അതു നടത്തുന്നവരുടെ മനോവൈകല്യമാണു തെളിയിക്കുന്നത്.  നിധിയെക്കുറിച്ചു ചര്‍ച്ചചെയ്യേണ്ടത് നിയമവ്യവസ്ഥയുടെയും പൗരസ്വത്വബോധത്തിന്റെയും മൂല്യ-സംവര്‍ഗങ്ങളിലൂടെയല്ല മറിച്ച്, ശ്രീപത്മനാഭ വിശ്വാസത്തിന്റെ മാനദണ്ഡങ്ങളിലൂടെയാണെന്ന വാദത്തില്‍ നിറഞ്ഞുതുളുമ്പുന്നത് ഈ സവര്‍ണ സംഘതൃഷ്ണയാണ്. ശമനം ലഭിക്കാതെ ദമിതമായി കിടന്ന ഈ സവര്‍ണ സംഘതൃഷ്ണയുടെ പൊതുമണ്ഡലത്തിലെ പ്രത്യക്ഷമാകല്‍, പക്ഷേ, ജനാധിപത്യ സമൂഹമെന്നനിലക്കുള്ള കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ സവര്‍ണതൃഷ്ണയുടെ ‘മഹാവ്യാധി’യോടു പുലര്‍ത്തുന്ന ഉദാസീനതക്ക് കേരളം നല്‍കേണ്ടിവരുന്ന വില പ്രവചനാതീതമായിരിക്കും.

-ജെ രഘു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണിത്.

Sunday 4 September 2011

കപടമാണ് ജാതിക്കെതിരെയുള്ള അട്ടഹാസങ്ങള്‍

 ജാതി ചോദിക്കണം, പറയണം എന്ന പേരില്‍ ഡോ രാജു തോമസ് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം

ദലിതരെ നിരന്തരം വെറുക്കാനും അവര്‍ തങ്ങളുടെ ശത്രുക്കളാണെന്നും അതുകൊണ്ടുതന്നെ അവരെ കൊന്നൊടുക്കാനും (വിചാരധാര, 1981, പേജ് 401) സവര്‍ണഹിന്ദുക്കള്‍ ഉറച്ചുവിശ്വസിക്കാനും അവരുടെ മതം അവരോടാവശ്യപ്പെടുന്നു. (RSS A Vision in Action, 1981, പേജ് 37& Dr Baba saheb Ambedkar, Writings and Speeches വാല്യം 5,1989, പേജ് 412). ദലിതരെ 'ദസ്യുക്കള്‍' എന്ന് ഹിന്ദുപുരാണഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നത് ദലിതര്‍ 'ദാസര്‍' (അടിമകള്‍) ആയതുകൊണ്ടാണ് എന്നാണു പ്രചാരണം. യഥാര്‍ഥത്തില്‍ 'ദസ്യുക്കള്‍' എന്നത് ഇറാനിയന്‍ പദമായ 'ദഹാക്ക'യില്‍നിന്നു വന്നതാണ്. 'ശത്രുക്കള്‍' എന്നാണ് ഈ പദത്തിന്റെ അര്‍ഥം.
ശത്രുക്കളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ജാതിഹിന്ദുക്കളെ അവരുടെ മതം പഠിപ്പിക്കുന്നുണ്ട്. ശാരീരികമായി ദലിതരെ ആക്രമിച്ചു കീഴ്പ്പെടുത്തിയശേഷം മാനസികമായി തകര്‍ക്കാനാണ് സവര്‍ണര്‍ ദലിതര്‍ക്കെതിരേ മോശമായ വാക്കുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദലിത് വിരുദ്ധഭാഷ ഇന്നും നിലവിലുണ്ട്. തത്തുല്യപദങ്ങള്‍ നമ്മുടെ മലയാളഭാഷയിലും നിഘണ്ടുവിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാക്കുകള്‍ തലച്ചോറില്‍ അര്‍ഥം നല്‍കുന്നു. അര്‍ഥം പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നു. ബലിയാടുകളാകുന്നത് ദലിതരും. അങ്ങനെയാണ് 'ദലിത് സ്വത്വം' ദലിതരല്ലാത്തവരുടെ മുമ്പില്‍ കൊള്ളരുതാത്തവരും വൃത്തികെട്ടതും വെറുക്കപ്പെടേണ്ടതും ആകുന്നത്. ഈ ദലിത് വിരുദ്ധമനോഭാവമാണ് എല്ലാവിധ ദലിത് അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഇടയാക്കുന്നത്.
പരിഹാരം
ജനാധിപത്യം നിലവിളിക്കുന്ന ഇന്ത്യയിലും കേരളത്തിലും യഥാര്‍ഥ ജനാധിപത്യം പുലരണമെങ്കില്‍ ഓരോ ജാതിക്കും അതിന്റെ ജനസംഖ്യാനുപാതിക പ്രാതിനിധ്യാവകാശം ഉറപ്പാക്കണം. നമ്മുടെ ഭരണഘടനയില്‍ ഡോ. അംബേദ്കര്‍ ഉചിതമായ പ്രാതിനിധ്യത്തെപ്പറ്റി പറയുന്നുണ്ട്. എന്താണ് ഉചിതമായ പ്രാതിനിധ്യം? എങ്ങനെയാണ് അതിന്റെ മാനദണ്ഡം തീരുമാനിക്കുന്നത്? ഭരണഘടനയില്‍ വ്യക്തിയുടെ അന്തസ്സിനെപ്പറ്റി ആമുഖത്തില്‍ത്തന്നെ പറയുന്നു. ഇന്ത്യയുടെ ദലിത് ആദിവാസി ഒ.ബി.സി കളുടെ അന്തസ്സിനെ നിഷേധിക്കുന്ന ഹിന്ദുത്വത്തെ എന്തു ചെയ്യണം എന്നതില്‍ പട്ടികജാതി കമ്മീഷന് എന്തു പരിഹാരം നിര്‍ദേശിക്കാനുണ്ട്?
ഓരോ പട്ടികജാതി- പട്ടികവര്‍ഗ- ഒ.ബി.സി. സമുദായത്തെയും സമഗ്രമായി ശാക്തീകരിക്കുക എന്നത് ജാതി/ സമുദായങ്ങളുടെ മാത്രം കടമയല്ല. അത് ഭരണഘടനാനുസൃതമായി സ്ഥാപിക്കപ്പെടുന്ന ഭരണകൂടത്തിന്റെ കൂടി ബാധ്യതയാണ്. മേല്‍ജാതിക്കാര്‍ എന്നു സ്വയം അവകാശപ്പെടുന്ന ഇന്ത്യയിലെ സവര്‍ണര്‍ മൊത്തം ജനസംഖ്യയുടെ 15.4 ശതമാനം മാത്രമേയുള്ളൂ (Operation World, USA, UK, 2001, പേജ് 309). അവശേഷിക്കുന്ന 85 ശതമാനം ജനങ്ങളും തങ്ങളുടെ സ്വത്വത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ശക്തരായി അധികാരം കൈവശപ്പെടുത്തുന്നതിലൂടെ മാത്രമേ അവരുടെ എല്ലാതരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവൂ.
ഒരു സൈക്കിള്‍ ചെയിനിന്റെ ഓരോ കണ്ണിയും തുല്യമാണ്. ഒരു കണ്ണിയെ അവഗണിച്ചുകൊണ്ട് സൈക്കിളിനു സുഗമമായി മുമ്പോട്ടു ചലിക്കാനാവാത്തതുപോലെ ഏതെങ്കിലും ഒരു ജാതി / സമുദായത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യക്ക് ഒരിക്കലും മുന്നോട്ടുപോകാനാവില്ല. മാത്രമല്ല, കൊട്ടിഘോഷിക്കുന്ന വികസനം എന്നത് ഒരു പ്രഹസനമായി തുടരുകയും ചെയ്യും.
മുട്ടുചിറയിലെ സെന്റ് ആഗ്നസ് സ്കൂളിലെ മാത്രമല്ല, കേരളത്തിലെയും മുഴു ഇന്ത്യയിലെയും ഓരോ വിദ്യാര്‍ഥിക്കും തനതായ ജാതിസ്വത്വമുണ്ട് എന്ന സത്യം നിഷേധിക്കാനാര്‍ക്കു കഴിയും? കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ അവകാശവാദം അവര്‍ കേരളത്തിലെ വിദേശീയ ആര്യബ്രാഹ്മണരില്‍നിന്നു മതം മാറി ക്രൈസ്തവരായതെന്നാണ് (Aryans in South India P P 1990, പേജ്, 112).
ഓരോ ജാതിക്കാരനും അവനവന്റെ ജാതിയില്‍ അഭിമാനിക്കട്ടെ. ഓരോ നായരും നമ്പൂതിരിയും തങ്ങള്‍ നായരാണെന്നും നമ്പൂതിരിയാണെന്നും അഭിമാനത്തോടുകൂടി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ ബലിയാടുകളായ ദലിത് -ആദിവാസി-ഈഴവാദി ഒ.ബി.സികള്‍ തങ്ങളുടെ സ്വത്വബോധത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അവരുടെ സ്വത്വങ്ങളില്‍ അഭിമാനിക്കാനുള്ള പോംവഴികള്‍ തേടുകയുമാണു വേണ്ടത്. എല്ലാ ജാതിക്കാരും തങ്ങളുടെ ജാതിസ്വത്വത്തെ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായാല്‍ നിലവിലിരിക്കുന്ന രാഷ്ട്രീയഘടനകള്‍ തകിടം മറിയുകയും മേധാവിത്വ ജാതികള്‍ ന്യൂനപക്ഷമാവുകയും ചെയ്യും.
ഇന്ത്യയിലെ, കേരളത്തിലെ ജാതിപ്രശ്നം (അതൊരു പ്രശ്നമാണെങ്കില്‍) പരിഹരിക്കാന്‍ നഴ്സറി തലംതൊട്ട് ഓരോ പൌരനും സ്വന്തം ജാതി പഠിക്കുകയും ശാക്തീകരിക്കുകയും ചെയ്യട്ടെ. ഇത് ഭരണഘടനയ്ക്കോ മതേതരത്വത്തിനോ എതിരല്ല. ഭരണകൂടസ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ മതേതരത്വം സ്വീകരിക്കുക എന്നതാണ് മതേതരത്വംകൊണ്ട് ഭരണഘടന ലക്ഷ്യമിടുന്നത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്നു പറഞ്ഞാല്‍ ഭരണകൂടസ്ഥാപനങ്ങള്‍ മതേതരമാകണമെന്നാണര്‍ഥം. അല്ലാതെ പൌരന്മാര്‍ ഒന്നടങ്കം മതേതര ആശയം സ്വീകരിക്കുക എന്നല്ല.
ഇന്ത്യയിലെ ഓരോ ദലിത് ആദിവാസിയും പിന്നാക്കജാതിക്കാരനും ജാതിസ്വത്വമുള്ളവരായി ശക്തരാവാതെ അവര്‍ക്ക് ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയില്ല എന്നു തിരിച്ചറിയണം. ഈ തിരിച്ചറിവ് ഇന്ത്യയുടെ ഉദ്ഗ്രഥനത്തെയും ഐക്യത്തെയും ശക്തിപ്പെടുത്തും. കാരണം, ഭൂരിപക്ഷം ശക്തരാവുന്നതിലൂടെ മാത്രമേ പൂര്‍ണമാനവികത കൈവരിക്കാനാവൂ. മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂള്‍ അധികൃതര്‍ കാട്ടിയ മാതൃക കേരളത്തിലെ മാത്രമല്ല, മുഴുവന്‍ ഇന്ത്യയിലെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വീകരിക്കുകയാണു വേണ്ടത്. കാരണം, ഇന്ത്യയിലെ ഓരോ സവര്‍ണഹിന്ദുവും അവരുടെ ജാതിപ്പേരില്‍ അഭിമാനിക്കുകയും ഊറ്റംകൊള്ളുകയും ചെയ്യുന്നേടത്തോളം അവരില്‍പ്പെടാത്തവര്‍ക്ക് അവരുടെ ജാതിബോധം നഷ്ടമാവുന്നു എന്ന സാമൂഹിക മനശ്ശാസ്ത്രത്തെ നിഷേധിക്കാനാര്‍ക്കും കഴിയുകയില്ല.
പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ജാതിബോധം ഉണ്ടാവാനുള്ള നടപടി സ്വീകരിക്കണം. ഒന്നാംക്ളാസില്‍ ചേരുന്ന ഓരോ കുട്ടിയും താന്‍ ആരാണെന്നു സ്വയം തിരിച്ചറിയുകതന്നെ വേണം. അവരുടെ ഇനിയും എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രം കണ്ടെത്താന്‍ ആ സ്വത്വബോധം അവരെ സഹായിക്കും. ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിനു കേരളസമൂഹം തയ്യാറാവുമോ? അതിനുള്ള ബൌദ്ധികസത്യസന്ധത കേരളസമൂഹത്തിനുണ്ടോ?
ജാതിക്കെതിരേ ഉറഞ്ഞുതുള്ളി വേദികള്‍ ഇളക്കിമറിക്കുന്നവര്‍ക്ക് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ ജാതിസംഘടനകളെ നിരോധിക്കണമെന്നാ വശ്യപ്പെടാനുള്ള ധൈര്യമുണ്ടോ? കേരളത്തില്‍ നിലവിലിരിക്കുന്ന (ഇന്ത്യയിലും)പേരുകള്‍ക്കൊപ്പമുള്ള 'വാലും' 'നൂലും' നിരോധിക്കാനാവുമോ? അവര്‍ണര്‍ ജാതീയമായി സംഘടിച്ചു ശക്തരാവുന്നതില്‍ എന്തിനിത്ര അസഹിഷ്ണുത? സവര്‍ണര്‍ ജാതീയമായി സംഘടിക്കുന്നത് 'ദേശീയതയും സംസ്കാരികദേശീയതയും' ആണെന്നു വാദിക്കുന്നവര്‍ അവര്‍ണര്‍ 'ജാതീ'യമായി സംഘടിക്കുന്നതിനെ പരിഹസിച്ച് 'വര്‍ഗീയതയായി'മുദ്രയടിക്കുന്നു. അവര്‍ണര്‍ അധികാരവും സമ്പത്തും വേണമെന്നു പറയുമ്പോള്‍ അത് 'ദേശവിരുദ്ധമാവുന്നു,' രാജ്യദ്രോഹപരമാവുന്നു! കോടാനുകോടി വര്‍ഷങ്ങള്‍ പിന്നിട്ടാലും ഇന്ത്യക്ക് ഒരു 'ജാതിരഹിത'രാജ്യമായിത്തീരാന്‍ കഴിയുമോ എന്നു സംശയമാണ്. ബ്രാഹ്മണാധിപത്യ ഹിന്ദുയിസം നിലനില്‍ക്കുവോളം ജാതിയും നിലനില്‍ക്കും. കമ്മ്യൂണിസത്തിനു ജാതിയെ ഇല്ലാതാക്കാനാവുമോ?
ജാതിസ്വത്വം ശക്തമാവട്ടെ, അതിനെതിരേയുള്ള അട്ടഹാസങ്ങള്‍ കപടമാണ്, വഞ്ചനയാണ്. നമ്മുടെ രാജ്യത്തു ജീവിക്കുന്ന ശര്‍മമാരും വര്‍മമാരും ചതുര്‍വേദിമാരും ചാറ്റര്‍ജിമാരും റെഡ്ഢിമാരും പിള്ളമാരും മേനോന്മാരും വാജ്പേയിമാരും ലിംഗായത്തുകളും അയ്യര്‍, അയ്യങ്കാര്‍മാരും നമ്പൂതിരിമാരും നായന്മാരും ത്രിവേദിമാരും ബാനര്‍ജിമാരും മേനോന്‍ ജാതിയില്‍പ്പെട്ട കാരാട്ടുമാരും അവരുടെ ജാതിപ്പേരുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തിടത്തോളം 'ജാതി'രഹിതമായ ഒരു ഇന്ത്യയെപ്പറ്റി സ്വപ്നംകാണാന്‍ പോലും നമുക്കാവില്ല. ഡോ. അംബേദ്കറുടെ വാക്കുകളില്‍, ഇന്ത്യക്കാര്‍ക്ക് ഒരു 'ദേശീയജനത'യായി മാറാനുള്ള സാധ്യതയുണ്ടോ എന്നു വിലപിക്കാന്‍ വിധിക്കപ്പെട്ടവരാണു നാം.
(അവസാനിച്ചു)
ലേഖനത്തിന്റെ ആദ്യഭാഗത്തിലേക്കുള്ള ലിങ്ക്:

Monday 29 August 2011

ജാതി ചോദിക്കണം, പറയണം

മുട്ടുചിറ സ്കൂളിലെ കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരുള്ള ടാഗിട്ട സംഭവം വിവാദമാകുകയുണ്ടായല്ലോ. ഇതു സംബന്ധമായി ബ്ലോഗിലും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു.(രണ്ടെണ്ണത്തിലേക്കുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ഇവിടെ വ്യത്യസ്തമായ ഒരു വീക്ഷണം, ദലിത് വോയ്സ് ദ്വൈവാരികയുടെ കേരള പ്രതിനിധി ഡോ രാജു തോമസ്    അവതരിപ്പിക്കുകയാണ് .വിശദമായ ചര്‍ച്ച ക്ഷണിക്കുന്നു:
2011 ജൂണ്‍ രണ്ടിന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ എന്റെ ഗ്രാമമായ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം പ്രൈമറി സ്കൂളില്‍ ഒന്നാം ക്ളാസിലെ 62 കുട്ടികളുടെ കഴുത്തില്‍ 'ജാതി രേഖപ്പെടുത്തിയ ടാഗ്' കെട്ടിയതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എസ്.എഫ്.ഐക്കാരും എ.ഐ.എസ്.എഫുകാരും സ്കൂളില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതും അവരെ പോലിസ് ബലമായി തടയുന്നതും ടി.വി.യില്‍ കാണാനിടയായി. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം കേരള പുലയര്‍ മഹാസഭയുടെയും(കെ.പി.എം.എസ്.) അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെയും (എ.കെ.സി.എച്ച്.എം.എസ്.) പ്രവര്‍ത്തകരുമുണ്ടായിരുന്നു. സംഭവം എല്ലാ ദൃശ്യ-അച്ചടി മാധ്യമങ്ങളിലും നാം കണ്ടു എന്നതൊഴിച്ചാല്‍ അതിനെപ്പറ്റി ആരും ഒരു തുറന്ന ചര്‍ച്ചയ്ക്കു തയ്യാറായിട്ടില്ല.
2011 ജൂണ്‍ മൂന്നിലെ മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ രണ്ടു തലക്കെട്ടുകള്‍ ഇങ്ങനെയായിരുന്നു: "വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരു തൂക്കല്‍: പ്രതിഷേധപ്രകടനം സംഘര്‍ഷത്തിലെത്തി.'' "വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. '' കമ്യൂണിസ്റ്റ്, ജാതി-സംഘടനകള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയുണ്ടായി. പ്രതിഷേധപ്രകടനത്തില്‍ പല സംഘപരിവാര പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല, പങ്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍പ്പെട്ടവരുടെ പേരുകള്‍ക്കൊപ്പം അവരുടെ "ജാതിപ്പേരും'' പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന കാര്യവും വിചിത്രം.
പ്രകടനം നടത്തിയ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളെക്കൂടാതെ പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.പി.എം.എസും എ.കെ.സിച്ച്.എം.എസും ജാതി സംഘടനകളാണെന്ന കാര്യവും ശ്രദ്ധേയമാണ്. തന്നെയുമല്ല, ഒന്നാംക്ളാസില്‍ ചേര്‍ന്ന 82 കുട്ടികള്‍ക്കും കൃത്യമായ ജാതിയുണ്ടെന്ന കാര്യവും ഗൌരവം അര്‍ഹിക്കുന്നു. സ്കൂള്‍ അധികൃതരുമായി ഈ ലേഖകന്‍ ബന്ധപ്പെടുകയും സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ആരായുകയും ചെയ്തു. അവര്‍ പറഞ്ഞതിങ്ങനെ: "ഞങ്ങള്‍ ഏതെങ്കിലും പ്രത്യേക ജാതിയില്‍പ്പെട്ട കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ ടാഗ് തൂക്കിയില്ല. എല്ലാ കുട്ടികളുടെയും കഴുത്തില്‍ ജാതിപ്പേരിനൊപ്പം അവരുടെ മതവും രേഖപ്പെടുത്തിയിരുന്നു. സാധാരണ ലംപ്സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്ന കുട്ടികള്‍ക്കു നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. അത് ഒഴിവാക്കാനാണു പേരിനൊപ്പം ജാതിപ്പേരു ചേര്‍ത്തത്.''
സംഭവം ഒരു പ്രശ്നമാക്കിയതു് ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മാതാപിതാക്കളായിരുന്നു എന്നും അതിലൂടെ മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളും പുലയ-ചേരമന്‍ ഹിന്ദു സംഘടനകളും ശ്രമിക്കുകയുമായിരുന്നു എന്നും വേണം കരുതാന്‍.
ദേശീയ പട്ടികജാതി കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി തെളിവു ശേഖരിച്ചു സ്കൂള്‍ അധികൃതര്‍ക്കെതിരേ ദലിത് പീഡനത്തിനു കേസ് എടുക്കും എന്നു പ്രഖ്യാപിച്ചു. പട്ടികജാതി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാമസ്വാമിയുടെ അഭിപ്രായത്തില്‍, സംഭവത്തില്‍ പരാതിയില്ലാതെതന്നെ പോലിസ് സ്വമേധയാ കേസ് എടുക്കണമെന്നാണ്. തന്നെയുമല്ല, ദലിത് വിഭാഗത്തില്‍നിന്ന് ഒരു ദലിത് അധ്യാപിക ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കു കഴിയുകയില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതായാലും മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം എല്‍.പി. സ്കൂളില്‍ ഉണ്ടായ സംഭവത്തോടു പ്രതികരിച്ചുകൊണ്ടു സര്‍വകക്ഷി സമ്മേളനവും നടന്നു. എല്ലാവരുടെയും പൊതുവേയുള്ള അഭിപ്രായം സ്കൂള്‍ അധികൃതര്‍ ചെയ്തത് ഏതോ മാരകമായ കുറ്റകൃത്യം ആണെന്നാണ്. മാധ്യമങ്ങളുടെ അവതരണം ,ജാതിയെപ്പറ്റിയുള്ള പരാമര്‍ശംപോലും ഭരണഘടനാ വിരുദ്ധമാണെന്നും അതു കുറ്റകരമാണെന്നും ആയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സര്‍വകക്ഷി സമ്മേളനത്തില്‍ ഒരൊറ്റയാള്‍പോലും വസ്തുതകള്‍ അവതരിപ്പിക്കുകയോ സത്യം തുറന്നുപറയുകയോ ചെയ്തില്ല.
എന്താണു സത്യം?
ജാതിയുടെ ചരിത്രം അന്വേഷിച്ചുപോയാല്‍ നാം ചെന്നെത്തുന്ന ഒരു തലമുണ്ട്. അതുകൊണ്ടുതന്നെ കരുതിക്കൂട്ടിയ ഗൂഢാലോചനയിലൂടെ കേരളസമൂഹത്തിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും സത്യം തുറന്നു പറയാറില്ല. സത്യം തുറന്നുപറയാന്‍ വിമുഖതയുള്ള ഒരു സമൂഹം കൂടുതല്‍ ജീര്‍ണിക്കുകയേയുള്ളൂ. കേരളത്തില്‍ 27 ശതമാനം ജനസംഖ്യയുള്ള ഈഴവരുടെ എസ്.എന്‍.ഡി.പി. ഒരു ജാതിസംഘടനയല്ലേ? മൂവായിരത്തിലധികം ശാഖകളുള്ള പുലയരുടെ ജാതിസംഘടനയല്ലേ കെ.പി.എം.എസ്? നൂറ്റിമൂന്നു ജാതികള്‍ ഉള്‍ക്കൊള്ളുന്ന പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട ഓരോ ജാതിക്കുമുള്ള സംഘടനകള്‍ ജാതിസംഘടനകള്‍ അല്ലേ? ഇരുനൂറിലധികം വരുന്ന ഒ.ബി.സി. വിഭാഗത്തില്‍ ഓരോ ജാതിക്കും വിശ്വകര്‍മജരില്‍പ്പെട്ട അഞ്ചുജാതികള്‍ ഉള്‍പ്പെടുന്നവരുടെ സംഘടനയും ജാതിസംഘടനയല്ലേ? കമ്മ്യൂണിസ്റ്റായിരുന്ന ഇ.എം.എസിനുപോലും നമ്പൂതിരി അല്ലാതാവാന്‍ കഴിഞ്ഞോ? 10 ശമാനമുള്ള എന്‍.എസ്.എസ്. ഒരു ജാതീയ സംഘടനയല്ലേ?
ഒരുപക്ഷേ, കേരളത്തിലെ ഈഴവജാതിയില്‍പ്പെട്ടവരുടെ ചിന്ത ഇപ്രകാരമായിരിക്കും. അവര്‍ നായര്‍ ജാതിക്കു കീഴെയാണെങ്കിലും പട്ടികജാതികളില്‍പ്പെട്ട ജാതികളുടെ മുകളിലാണ്. പട്ടികജാതികളില്‍പ്പെട്ടവരുടെ താഴെ ഒരു ജാതിയും ഇല്ലാത്തതിനാല്‍ അവര്‍ എല്ലാവരാലും വെറുക്കപ്പെട്ടവരും അധിക്ഷേപിക്കപ്പെട്ടവരും അപമാനിതരും ആകുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആരോഹണക്രമത്തിലുള്ള മാന്യതയും അവരോഹണക്രമത്തിലുള്ള അപമാനവുമാണു വ്യക്തമാക്കുന്നത്. 'ജാതിസ്വത്വം' ഒരു യാഥാര്‍ഥ്യമാണ്. അതിനെ നിഷേധിക്കാനോ അതിനെതിരേ കണ്ണടയ്ക്കാനോ ശ്രമിക്കുന്നതു ശുദ്ധ കാപട്യമാണ്, വഞ്ചനയാണ്. വര്‍ഗസമരസിദ്ധാന്തത്തിന് ഒരിക്കലും ജാതിയെ ഇല്ലാതാക്കാനാവില്ല. കാള്‍ മാര്‍ക്സിനു പോലും ഇന്ത്യയിലെ ജാതിയെ ഒരിക്കലും നശിപ്പിക്കാനായില്ല എന്നു നാം തിരിച്ചറിയണം.
കെ.പി.എം.എസിന്റെ സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഹൈന്ദവര്‍ ചൂഷണം ചെയ്തു വലിച്ചെറിഞ്ഞു ചണ്ടികളാക്കിയവരാണു പട്ടികജാതിക്കാര്‍. ജാതി തങ്ങളുടെ ആത്മാഭിമാനത്തിന്റെ ഒരു ആഭരണമാക്കി പ്രദര്‍ശിപ്പിക്കുന്നതുപോലെ ഓരോ പട്ടികജാതിക്കാരും സ്വന്തം ജാതിയെ അഭിമാനകരമായി സ്ഥാപിച്ചു മുന്നേറണം. സവര്‍ണന്‍ മേല്‍ജാതിമേധാവിത്വം പുലര്‍ത്തുന്നപോലെ, അവര്‍ (പട്ടികജാതിക്കാര്‍-എഡിറ്റര്‍)ഞാന്‍ സ്വയം കീഴ്ജാതിയായി അധപ്പതിച്ചുനില്‍ക്കുന്നതു നമ്മുടെ ദേശീയോദ്ഗ്രഥനത്തിനു വിലങ്ങുതടിയാണ്'' (പട്ടികജാതിക്കാര്‍ സ്വന്തം ജാതിയെ ഒരു ആഭരണമാക്കണം. മാധ്യമം, 22-5-2011).
'ജാതിസ്വത്വം' ശക്തിപ്പെടുത്തുക
ഒരു കാലഘട്ടത്തില്‍ ജാതിയെ നശിപ്പിക്കണമെന്നു വാദിച്ചു സമര്‍ഥിച്ച ഡോ. അംബേദ്കര്‍ അവര്‍ണര്‍ക്കു നല്‍കിയ അന്ത്യസന്ദേശം നേരെ മറിച്ചായിരുന്നു. കാരണം, സവര്‍ണര്‍ക്ക് അവരുടെ ജാതി അപമാനകരമല്ലാത്തതുകൊണ്ട് അവര്‍ അതിനെ നശിപ്പിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, അധികാരവും പദവികളും സമ്പത്തും ഭൂമിയും എല്ലാം സവര്‍ണര്‍ കൈക്കലാക്കിയതു തങ്ങളുടെ ജാതിയെ മഹത്ത്വവല്‍ക്കരിച്ച് അതിനെ ശാക്തീകരിച്ചതിലൂടെയായിരുന്നു. അവര്‍ തങ്ങളുടെ ജാതിസ്വത്വത്തിലൂടെ എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കിയശേഷം അവരില്‍പ്പെടാത്ത അവര്‍ണരോട് അവരുടെ ജാതിയെയും അതിന്റെ മഹത്ത്വത്തെയും മറന്നേക്കാനാവശ്യപ്പെടുകയാണിന്ന്. ഈ കെണിയില്‍ കുടുങ്ങിപ്പോയ അവര്‍ണ കമ്മ്യൂണിസ്റ്റ് അടിമകള്‍ ജാതിയില്‍ എന്തോ കുഴപ്പം ഉണ്ടെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക വ്യാജ ധാര്‍മികരോഷമാണു മുട്ടുചിറ സംഭവത്തില്‍ പ്രകടമായത്.
'ജാതിനിര്‍മൂലന'ത്തെപ്പറ്റി ലോകത്തേറ്റവും ശക്തമായ പ്രബന്ധം 1935ല്‍ രചിച്ച ഡോ. അംബേദ്കര്‍ ഹിന്ദുക്കളല്ലാത്ത അവര്‍ണരോടാവശ്യപ്പെട്ടതിപ്രകാരമായിരുന്നു: "ഉപജാതി സ്വത്വങ്ങള്‍ ഇല്ലാതായി എന്നു കരുതുക. അങ്ങനെ വന്നാല്‍, മേല്‍ജാതിക്കാരും തങ്ങളുടെ ജാതിസ്വത്വത്തെ തള്ളിക്കളയും എന്നതിന് എന്താണുറപ്പ്? മറിച്ച്, അവര്‍ കൂടുതല്‍ ഉപദ്രവകാരികളാവുകയും ചെയ്യും. അതുകൊണ്ടു ജാതിനശീകരണം എന്നതു പ്രായോഗികമോ പ്രയോജനപ്രദമോ ആവുകയില്ല. മാത്രമല്ല, അതൊരു പരിഹാരവുമല്ല'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 1, 1979 പേജ് 67).
'ജാതി' കൊള്ളരുതാത്ത, ചീഞ്ഞുനാറിയ ഒരു പ്രതിഭാസമാണെന്നാണു നമ്മുടെ നാട്ടിലെ പ്രചാരണം. ഈ പ്രചാരണം കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ടു 40 ശതമാനം വരുന്ന പിന്നാക്ക, ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരെ സ്വത്വബോധമില്ലാത്ത വേരറ്റ വൃക്ഷത്തെപ്പോലെയാക്കി വംശനാശത്തിനു വിധേയരാക്കാന്‍വേണ്ടിയാണ് എന്നു തിരിച്ചറിയണം. നമ്മുടെ ഭരണഘടന ഒരിടത്തും ജാതിസ്വത്വത്തെ നിരോധിച്ചിട്ടില്ല. 'ജാതിസ്വത്വം' രേഖപ്പെടുത്താതെ ജനസംഖ്യയുടെ 65 ശതമാനം ദലിത്-ആദിവാസി-പിന്നാക്കജാതിക്കാര്‍ക്കു ഭരണഘടന നല്‍കുന്ന സംവരണം എങ്ങനെ ഉറപ്പാക്കാനാവും? ഇന്ത്യന്‍ ഭരണഘടനയുടെ 17ാം അനുഛേദം അയിത്തത്തെ നിരോധിച്ചു എന്നത് സത്യമാണ്. ഇത് ഇന്ദിരാഗാന്ധി 1976ല്‍ നടത്തിയ ഒരു വഞ്ചനയാണെന്നു നാം തിരിച്ചറിയണം. ജാതിവ്യവസ്ഥയെ നിരോധിക്കാതെ എങ്ങനെ അയിത്തനിര്‍മാര്‍ജനം സാധ്യമാകും എന്നു നാം ചോദിച്ചില്ല. ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യുക എന്നു പറഞ്ഞാല്‍ അതിനര്‍ഥം ഹിന്ദുമതത്തെ നശിപ്പിക്കുക എന്നാണ്. ഒരു വൃക്ഷത്തെ നിറുത്തിക്കൊണ്ട് അതിന്റെ നിഴലിനെ നിയമം മൂലം നിരോധിക്കുന്നതുപോലെയാണു നിയമംമൂലം അയിത്തത്തെ നിരോധിച്ചത്.
കേരളത്തിലെ ഈഴവജാതിക്കാര്‍ അവരുടെ ജാതിയെ ഇന്നു ശാക്തീകരിക്കുകയാണ്. ജാതീയമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
പട്ടികജാതി പേര് പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെ 'ദലിത്പീഡന'മാകും എന്നു പട്ടികജാതി കമിഷന്‍ വിശദീകരിക്കേണ്ടിവരും. ഭരണഘടനാ വിദഗ്ധനായ ഒരു അഭിഭാഷകന്റെ മുമ്പില്‍ കമീഷന്‍ പരാജയപ്പെടും എന്ന കാര്യം ഉറപ്പാണ്. 1989ലെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ചു പട്ടികജാതി കമ്മീഷന്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നിയമനടപടിയുമായി പോവും എന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വെളിവാക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ്. രാജ്യത്തെ ജനസംഖ്യ ജാതിതിരിച്ചു കണക്കെടുക്കുകയാണു വേണ്ടത്. അതിലൂടെ മാത്രമേ ഇന്ത്യയില്‍ യഥാര്‍ഥ ജനാധിപത്യം നടപ്പിലാവൂ. ഇന്ന് ഇന്ത്യയില്‍ നില്‍ക്കുന്നതു മേധാവിത്വ ജാതികളുടെ ആധിപത്യമാണ്. ആ നില മാറണം.
ദലിത് മനശ്ശാസ്ത്രം
മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം എല്‍.പി. സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികളുടെയും കഴുത്തില്‍ അവരവരുടെ ജാതിപ്പേര്‍ എഴുതിയ ടാഗ് തൂക്കിയിരുന്നു. എന്നാല്‍, ദലിത് കുട്ടികളുടെ മാത്രം ജാതിപ്പേര് എഴുതിയ ടാഗ് തൂക്കി എന്നാണു പ്രചാരണം. ദലിത് കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതിയ ടാഗ് തൂക്കിയത് അവര്‍ക്ക് അപമാനകരമാണെന്നു ദലിതരില്‍പ്പെടാത്തവരും ചില ദലിതരും വാദിച്ചേക്കാം. അത്തരത്തിലൊരു ചോദ്യം ഉയര്‍ന്നുവരാന്‍ കാരണം ദലിതരല്ലാത്തവര്‍ക്കു ദലിതരുടെ മനശ്ശാസ്ത്രം എന്താണെന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. ദലിതര്‍ തലമുറകളായി അതിഭീകരമായ അടിച്ചമര്‍ത്തലുകളും നിന്ദയും വിവേചനവും മേല്‍ജാതികളില്‍നിന്ന് അനുഭവിക്കേണ്ടിവന്നതിനാല്‍ അത്തരം അനുഭവങ്ങള്‍ അവരുടെ ബോധതലത്തില്‍ ഏല്‍പ്പിച്ച ആഘാതം ആഴത്തിലുള്ളതാണ്. അതിന്റെ ഫലമായി ദലിതര്‍, വ്രണിതഹൃദയരായി മാറുകയും സ്വയം ശപിക്കുകയും യാതൊരു വിധ ആത്മപ്രശംസയും ആത്മവിശ്വാസവും ഇല്ലാത്തവരായി, ഇന്ത്യന്‍ മണ്ണില്‍ കാമധേനു എന്ന പശുവിന്റെ ചാണകത്തിലെ പുഴുക്കളാണ് തങ്ങളെന്നു കരുതി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന നിലയില്‍ ജീവിക്കുന്ന ഒരു ജനതയാണ്. വംശീയമായി ലോകത്തേറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ദലിതര്‍ക്കു സമാനമായി ലോകത്തൊരു ജനതയുമില്ല എന്ന സത്യം നിഷേധിക്കാനാര്‍ക്കു കഴിയും? ( The Untouchables of India : Lois Ouwerkerk,Oxford University Press,UK 1945 page 3) ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം വരുന്ന ദലിതരുടെ യഥാര്‍ഥ മാനസികാവസ്ഥ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചറിഞ്ഞ ഒരേയൊരു മനുഷ്യന്‍ അവരുടെയിടയില്‍ ജനിച്ച ഡോ. അംബേദ്കറാണ്. ദലിതരുടെ മാനസികാവസ്ഥയെപ്പറ്റി അംബേദ്കര്‍ പറഞ്ഞത്: "ദലിതര്‍ നിരന്തരമായി മേല്‍ജാതിഹിന്ദുക്കളാല്‍ ശാരീരികമായും മാനസികമായും പീഡനത്തിനിരയായതിന്റെ ഫലമായി അവരില്‍ പ്ളസ് കണ്ടീഷന്‍ ഓഫ് മൈന്‍ഡ് ഇല്ലാതെ പോയതിനാല്‍ അവര്‍ ആശയും പ്രത്യാശയും പ്രതീക്ഷയും അറ്റവരായിത്തീര്‍ന്നു. മോഹഭംഗങ്ങളുടെ നിത്യബലിയാടുകളായി, ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത ഒരു ജനതയായി മാറി'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 12, 1993, പേജ് 734, ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര).
ദലിതരുടെ അടിമത്തം ഇന്ത്യയില്‍ ആരംഭിച്ചത് ആര്യാക്രമണം മുതലാണ് എന്നു കേരളത്തിലെ പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധുവിന്റെ അയ്യങ്കാളി ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ കാണുന്നു (1989 പേജ് 9). മറ്റു സവര്‍ണഹിന്ദുക്കള്‍ തങ്ങളുടെ ജാതിപ്പേരുകള്‍ ഒരു ആഭരണം പോലെ അണിഞ്ഞ് അതില്‍ അഭിമാനിക്കുമ്പോള്‍ എന്തുകൊണ്ടു ദലിതര്‍ അവരുടെ ജാതിപ്പേരുകളില്‍ അഭിമാനിക്കാനാവാതെ ഉള്‍വലിയുകയും ഒളിച്ചോടുകയും ചെയ്യുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് അവരുടെ മനശ്ശാസ്ത്രം നമുക്കു ബോധ്യപ്പെടുക. ദലിതരുടെ ഇന്നത്തെ മാനസികാവസ്ഥയ്ക്കു കാരണം ഋഗ്വേദം മുതല്‍ രാമായണം വരെയുള്ള മതഗ്രന്ഥങ്ങളാണെന്നു കാണാം. ഈ മതഗ്രന്ഥങ്ങളില്‍ ദലിതരെപ്പറ്റി പരാമര്‍ശിക്കുന്നതു ദലിതര്‍ എല്ലാ തിന്മകളുടെയും മൂര്‍ത്തീഭാവമാണെന്നും അവര്‍ മനുഷ്യര്‍പോലുമല്ലാത്തതിനാല്‍ നിഷ്കരുണം വധിക്കപ്പെടേണ്ടവരാണെന്നുമാണ്. ഇത്തരം പരാമര്‍ശങ്ങളുടെ ആവര്‍ത്തനം ദലിതരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന അധമബോധം അവരെ മഥിച്ചുകൊണ്ടിരിക്കുന്നു. തദ്ഫലമായി ദലിതരുടെ അധമ അസ്തിത്വം മറ്റുളളവര്‍ അറിയാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. മനുഷ്യസൃഷ്ടിയെപ്പറ്റി ഹിന്ദുമതം ദലിതരില്‍ അടിച്ചേല്‍പ്പിച്ച ധാരണ മാറാത്തിടത്തോളം ദലിതരുടെ മാനസികാവസ്ഥ ഒരിക്കലും മാറാതെ നില്‍ക്കും .
മുഴുവന്‍ മനുഷ്യവംശത്തിന്റെയും അന്തസ്സിലൂന്നിയ ഒരു കാഴ്ചപ്പാട് ദലിതരില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ഡോ. അംബേദ്കര്‍ ആ അന്തസ്സ് ഹിന്ദുമതം ദലിതര്‍ക്കു നല്‍കുന്നില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടാണു ലോകത്തൊരു ഭരണഘടനയിലും പരാമര്‍ശിക്കാത്ത 'വ്യക്തിയുടെ അന്തസ്സ്' ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യയില്‍ ഓരോ വ്യക്തിയുടെയും സുരക്ഷയും വികാസവും വളര്‍ച്ചയും അധികാരശാക്തീകരണവും അവരവരുടെ ജാതിക്കുള്ളിലാണു നടക്കുക എന്ന് അംഗീകരിക്കേണ്ടിവരും.
ബറോഡ രാജാവിന്റെ മിലിറ്ററി സെക്രട്ടറി ആയിരുന്ന അംബേദ്കര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമ അദ്ദേഹം ഒരു ദലിതനാണെന്നറിഞ്ഞപ്പോള്‍ ലോഡ്ജില്‍ നിന്ന് നിഷ്കരുണം ഇറക്കിവിടുകയാണു ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ദലിതര്‍ ഇന്നും അംബേദ്കറുടെ അനുഭവമാണു നേരിടുന്നത്. നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഓട്ടോറിക്ഷക്കാരി ചിത്രലേഖയുടെ അനുഭവം. തിരുവനന്തപുരത്തു ദലിതനായ രജിസ്ട്രേഷന്‍ ഐ.ജി. റിട്ടയര്‍ ചെയ്തപ്പോള്‍ ചാണകവെള്ളം തളിച്ചു പുണ്യാഹം നടത്തിയത് തുടങ്ങിയ ദലിതനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതര്‍ പേറുന്ന അപമാനം നമുക്കു മനസ്സിലാക്കാവുന്നതാണ്.
മുട്ടുചിറയിലെ സെന്റ് ആഗ്നസ് എല്‍.പി. സ്കൂളിലെ സംഭവം ദലിതരെ അപമാനിതരാക്കുന്നു എന്ന വാദത്തെ അംഗീകരിക്കുകയാണെങ്കില്‍ സമൂഹത്തില്‍ ദലിതര്‍ക്കുള്ള അംഗീകാരം നിഷേധാത്മകമായി തുടരുകയാണെന്നു നമുക്കു ബോധ്യമാവും. വിദ്യാഭ്യാസത്തിനോ സാക്ഷരതയ്ക്കോ നമ്മുടെ സമൂഹത്തെ പ്രബുദ്ധമാക്കാനോ സംസ്കാരസമ്പന്നമാക്കാനോ കഴിയില്ല എന്നു നാം സമ്മതിക്കേണ്ടിവരും. തങ്ങളുടെ വേറിട്ട തനതായ ജാതിസ്വത്വം ആത്മാഭിമാനത്തോടുകൂടി പരസ്യമായി പ്രഖ്യാപിക്കാന്‍ ദലിതരെ എങ്ങനെ പ്രാപ്തരാക്കാം എന്നത് ഒരു വിഷയമാണ്. ദലിത് സംഘടനകള്‍ ഈ ദൌത്യം ഏറ്റെടുത്തേ തീരൂ.
ദലിതരുടെ മോചനം
വേറൊരര്‍ഥത്തില്‍, ദലിതര്‍ക്കുവേണ്ടി എല്ലാ ഭരണഘടനാ പരിരക്ഷകളും കരസ്ഥമാക്കിയ ശേഷം 1956 ഒക്ടോബര്‍ 14ന് അംബേദ്കര്‍ കാണിച്ചുതന്ന മതംമാറ്റ വിപ്ളവം മാത്രമേ ദലിതര്‍ക്ക് അവരുടെ ശത്രുക്കളില്‍നിന്നു ശാശ്വതമായ മോചനം നേടിക്കൊടുക്കൂ എന്ന സത്യം സമ്മതിക്കേണ്ടി വരും. അംബേദ്കര്‍ ദലിതരോടാവശ്യപ്പെട്ടത് അത്തരത്തിലൊരു മതസാമൂഹിക ആത്മീയ വിപ്ളവം നയിക്കാനായിരുന്നു. (ഡോ. അംബേദ്കര്‍, പ്രബന്ധങ്ങളും പ്രസംഗങ്ങളും, വാല്യം 1, 1979, പേജ് 44, ഗവ. ഓഫ് മഹാരാഷ്ട്ര). കേരളസമൂഹവും മുഴു ഇന്ത്യയും മൌലികമായി ഉയര്‍ത്തേണ്ട ചോദ്യം ഇതാണ്- എന്താണു യഥാര്‍ഥ ദലിത് പ്രശ്നം? ദലിത് സ്വത്വം നേരിടുന്ന വെല്ലുവിളി അടിസ്ഥാനപരമായി രാഷ്ട്രീയമാണോ മതപരമാണോ സാമൂഹികമാണോ സാമ്പത്തികമാണോ? ഈ ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടതു് ദലിതരുടെ ഇടയിലുള്ള സത്യസന്ധരായ ബുദ്ധിജീവികളാണ്. ദലിതര്‍ ഇനിയും സയണിസ്റ്റ് ഗൂഢാലോചനയിലൂടെ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിറകെ പോകണമോ അതോ അംബേദ്കറിന്റെ മതംമാറ്റ വിപ്ളവപാത സ്വീകരിക്കണോ? നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഒരൊറ്റ ദലിത് എഴുത്തുകാരനും കാല്‍നൂറ്റാണ്ടു കാലത്തെ ഈ ലേഖകന്റെ അനുഭവത്തില്‍ ഈ വിഷയത്തില്‍ ധീരമായ ഒരു നിലപാട് എടുക്കുകയോ തുറന്ന ചര്‍ച്ചാ-സംവാദങ്ങള്‍ക്കു മുമ്പോട്ടുവരുകയോ ചെയ്യുന്നില്ല. എല്ലാവരും ഒരു മുഴം കയറില്‍ കുറ്റിയില്‍ കെട്ടിയിട്ട ആടിനെപ്പോലെ പ്രത്യയശാസ്ത്രത്തിനു ചുറ്റും കറങ്ങുകയാണ്.
ദലിതരുടെ തനതായ ജാതിസ്വത്വം ദലിതരുടേതല്ലാത്ത പൊതുസമൂഹത്തിന്റെ മുമ്പില്‍ ഇത്രമാത്രം അറപ്പും വെറുപ്പും ഉളവാക്കുന്ന ഒന്നാണ് എന്നു തോന്നാനിടയായ ചരിത്രപശ്ചാത്തലം എന്തെന്ന് അന്വേഷിക്കുക തന്നെ വേണം. അഞ്ചര പതിറ്റാണ്ടു മുന്‍പ് ഈ ലേഖകന്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നു പഠിച്ചതു ദലിതരുടെ മാത്രമായ ഒരു കത്തോലിക്കാ ചര്‍ച്ചിനോടൊപ്പം സ്ഥിതിചെയ്തിരുന്ന പ്രൈമറി സ്കൂളിലാണ്. പ്രധാന അധ്യാപിക ഒരു സന്ന്യാസിനിയും ഭൂരിഭാഗം അധ്യാപകരും സന്ന്യാസിമാരോ സവര്‍ണരോ ക്രൈസ്തവരോ ആയിരുന്നു. ഈ അധ്യാപകരില്‍ നിന്നു ദലിത് കുട്ടികളെപ്പറ്റി നിരന്തരം കേള്‍ക്കാറുള്ള ആരോപണം ഇങ്ങനെയായിരുന്നു: "ഈ വൃത്തികെട്ട ഹരിജന്‍ കുട്ടികള്‍ ഇങ്ങനെയാ, അവര്‍ ഒരിക്കലും ശരിയാവുകയില്ല.''
ഇത്തരം ദലിത് വിരുദ്ധമായ കമന്റുകള്‍ അവരുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം അളന്നു തിട്ടപ്പെടുത്താനാവില്ല. എല്ലാ കൊള്ളരുതായ്മകളുടെയും തിന്മകളുടെയും മൂര്‍ത്തീഭാവം ദലിതരാണെന്ന ധാരണ സമൂഹത്തിന് എവിടെനിന്നു കിട്ടി? ഈ ധാരണ ഇന്ത്യയില്‍ കശ്മീരിലും ഉത്തരപൂര്‍വ ഇന്ത്യയിലും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദലിതരല്ലാത്ത എല്ലാ ജാതിസമുദായങ്ങളുടെയും ഇടയില്‍ ആഴത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ഈ ലേഖകനു തറപ്പിച്ചുപറയാനാവും. ഏതായാലും, ഈ ധാരണ ദലിതരല്ലാത്ത ദലിത് വിരുദ്ധരുടെയിടയില്‍ എങ്ങനെ പ്രചരിക്കാനിടയായി എന്ന് ഡോ. അംബേദ്കര്‍ ലോകത്താര്‍ക്കും നിഷേധിക്കാനാവാത്ത വിധം ഗവേഷണം നടത്തി സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നില്ല. എന്നാല്‍, ഒരു പരാമര്‍ശം മാത്രം സൂചിപ്പിക്കട്ടെ: ഇന്ത്യയിലും കേരളത്തിലും നമ്മള്‍ നൂറുകണക്കിന് ആഘോഷങ്ങള്‍ കൊണ്ടാടാറുണ്ട്. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇത്തരം ആഘോഷങ്ങള്‍ അരങ്ങേറാറുണ്ട്. മിക്ക ആഘോഷങ്ങളുടെയും അന്ത്യം 'തിന്മയ്ക്കെതിരേ നന്മ' കൈവരിക്കുന്ന വിജയത്തിലാണു കലാശിക്കുന്നത്. ആരെയാണ് ഇന്ത്യയിലെ തിന്മയുടെ മൂര്‍ത്തീഭാവമായി ചിത്രീകരിക്കുന്നത്? നരകാസുരവധത്തില്‍, താടകവധത്തില്‍, (കൊലപാതകങ്ങളുടെ നാടാണല്ലോ ഇന്ത്യ) ആരെ ആരു കൊലപ്പെടുത്തുന്നു എന്നു നാം ആലോചിച്ചിട്ടുണ്ടോ?
ഒരു ജനതയെ തലമുറകളായി, ഏറ്റവും ചുരുങ്ങിയത് 3500 ആണ്ടുകളായി നിരന്തരം കൊള്ളരുതാത്തവരും കുറ്റവാളികളും തിന്മയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിക്കുന്നു. അവര്‍ മനുഷ്യര്‍ പോലുമല്ല, "കാമധേനുവിന്റെ ചാണകത്തിലെ പുഴുക്കളാണ്'' അവര്‍ ജീവിക്കാന്‍ അര്‍ഹരല്ല. അവരെ വംശഹത്യക്കു വിധേയരാക്കൂ എന്നും തങ്ങളുടെ ദൈവങ്ങളോടു നിത്യപ്രാര്‍ഥന നടത്തുകയും അത്തരം കൊലപാതകങ്ങള്‍ക്കു മതത്തിന്റെ ദിവ്യാനുമതി നല്‍കുകയും കൂടി ചെയ്തപ്പോള്‍ അത്തരം ക്രൂരതയുടെ ബലിയാടുകളായത് ഇന്ത്യയിലെ ആദിമനിവാസികളായ ദലിതരും ആദിവാസികളും പിന്നാക്കജാതിക്കാരുമായിരുന്നു.
(തുടരും)
ഈ വിഷയകമായി വര്‍ക്കേഴ്സ് ഫോറം എന്ന ബ്ലോഗില്‍ വന്ന ലേഖനമാണു താഴെ: 
യുക്തിവാദിയായ ഒരു ബ്ലോഗറുടെ നുറുങ്ങേരികള്‍ എന്ന ബ്ലോഗില്‍ വന്ന ലേഖനമാണു താഴെ:
അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍
മാതൃഭൂമി പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട്
കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേര്: നടപടി വരും