Wednesday, 18 May 2011

പീ കെ ബാലകൃഷ്ണന്‍ -നുണയുടെ സവര്‍ണ സമതലങ്ങളില്‍ നേരിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വിപ്ലവകാരി

പീ കെ ബാലകൃഷ്ണന്‍, തന്റെ കര്‍മപ്രവൃദ്ധമായ ജീവിതത്തിന്റെ തിരശീല വലിച്ചു മുഖത്തിട്ട് 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്നു നിശ്ശബ്ദമായി മൊഴിഞ്ഞ് ഒരിക്കലും ഉണരാത്ത നിത്യശാന്തമായ സുഷുപ്തിയിലായിട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 3 ന് ഇരുപതുവര്‍ഷം തികഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹം മാധ്യമം ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു.
മൌലികതയുള്ള ചരിത്രകാരന്‍, ആരെയും കൂസാത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍, മൂല്യാധിഷ്ടിത സാഹിത്യസൃഷ്ടികളുടെ നിര്‍മാതാവ് , നിക്ഷ്പക്ഷ ചിന്താഗതിയാര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്നൊക്കെയാണ് പ്രശസ്ത നിരൂപകനായ എം കൃഷ്ണന്‍ നായര്‍ പീ കെ ബാലകൃഷ്ണനെ വിശേഷിപ്പിച്ചത്( മാധ്യമം ദിനപത്രം  1991ഏപ്രില്‍ 4, പേജ് 4). ശ്രീനാരായണഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും സാമൂഹിക വിപ്ലവാശയങ്ങളില്‍ പതം വരുത്തിയ തൃഷ്ണയായിരുന്നു ബാലകൃഷ്ണന്റെ ചിന്തകള്‍ക്കു നിറക്കൂട്ടു നല്‍കിയത്. കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയം വരിക്കുക എന്ന അസാമാന്യ നേട്ടത്തിനുടമയായ അപൂര്‍വം മലയാളികളിലൊരാളാണു ബാലകൃഷ്ണന്‍. മഹാഭാരതത്തിന്റെ അഗാധതകളിലേക്കിറങ്ങിച്ചെന്ന് , നമുക്കു നിത്യപരിചിതരായ ഇതിഹാസ കഥാപാത്രങ്ങളെ , അവര്‍ക്കു ചുറ്റുമുള്ള മാസ്മരിക പരിവേഷത്തില്‍ നിന്നകറ്റി മാറ്റി ചോരയുടെയും ആര്‍ത്തനാദങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലൂടെ അദ്ദേഹം ചെയ്തത്. സര്‍ഗസിദ്ധിയുടെ മയൂരപിഞ്ഛികാ സ്പര്‍ശമുടയ ആ നോവല്‍ ആ ദിശയിലുള്ള ആദ്യ കാല്‍വെപ്പുകളിലൊന്നാണ്.
ചരിത്രകാരനെന്ന നിലയിലും ബാലകൃഷ്ണന്‍ കൂട്ടത്തില്‍ നിന്നു വേറിട്ട് ഉയര്‍ന്നു നില്‍ക്കുന്നു. പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ എം ഗംഗാധരന്‍ ബാലകൃഷ്ണനിലെ ചരിത്രകാരനെ ഇങ്ങനെ വിലയിരുത്തുന്നു: " ജാതിവ്യവസ്ഥയെപ്പറ്റി ഇത്രയേറെ വിവരമുള്ള ചരിത്രകാരന്‍ ഇന്ത്യയിലുണ്ടാവില്ല. സ്വന്തം അറിവും കണ്ടെത്തലുകളുമാണ് ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന അദ്ദേഹത്തിന്റെ കൃതിക്കാധാരം. ജാതിവ്യവസ്ഥയെ കാണാതെ ചരിത്രമില്ല. ബാലകൃഷ്ണന്‍ അതിനെ കണ്ടെത്തി. ആ പുസ്തകത്തില്‍ ബാലകൃഷ്ണന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ പോന്നതാണ്. ചരിത്രകാരന്മാര്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. കേരളത്തിലെ ചരിത്ര പഠനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഈ പുസ്തകം" (മാധ്യമം, 04/04/1991 ) . അതുപോലെ തന്നെയാണ് ടിപ്പു സുല്‍ത്താനെക്കുറിച്ച് അദ്ദേഹമെഴുതിയ പഠനവും. നമ്മുടെ അക്കാദമിക് ചരിത്രകാരന്മാരുടെ ഉറക്കം കെടുത്തിയത് ഈ കൃതികളിലൂടെ പുറത്തേക്കു വന്ന തീപ്പൊരികളുടെ ചൂട് അവരെ പൊള്ളിച്ചതുകൊണ്ടാണ്. ഇന്ത്യയുടെ ദേശീയ ബോധ ചിഹ്നങ്ങള്‍ എത്ര വികലവും പ്രാകൃതവുമായാണു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതെന്നും കേരളത്തിന്റെ ജാത്യാഭിമാനത്തിന്റെ ജീര്‍ണത എത്ര ആഴത്തിലാണ് വേരിറക്കിയിച്ചുള്ളതെന്നും ബാലകൃഷ്ണനോളം സൂക്ഷ്മമായി മറ്റാരും അപഗ്രഥിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാണ് തന്റെ വിഖ്യാതമായ ചരിത്രഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചത് :" കേരളത്തില്‍ നാമെല്ലാം ഒരു ജാതിസമുദായത്തില്‍ ജനിച്ച് അതില്‍ ജീവിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സഹജ പ്രതികരണങ്ങള്‍ സ്വരൂപിക്കുന്നതു ജാതിയാണെന്ന ദു:ഖസത്യം അംഗീകരിക്കാന്‍ നമ്മില്‍ മിക്കവര്‍ക്കും കഴിയാത്തവണ്ണം അത്ര രൂഢമൂലമാണ് ജാതിയുടെ സ്വാധീനം"(ജാതിവ്യവസ്ഥയും കേരള ചരിത്രവും ,1992 പേജ് 8)

ചന്തുമേനോന്‍ ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ , മായാത്ത സന്ധ്യകള്‍, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, നോവല്‍ സിദ്ധിയും സാധനയും, അദ്ധ്യാത്മരാമായണത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയ കൃതികളും രചിച്ച് മലയാള സാഹിത്യത്തിലെ മൌലിക പ്രതിഭകളില്‍ അഗ്രഗണ്യനായിത്തീര്‍ന്ന ബാലകൃഷ്ണന്റെ അനനുകരണീയമായ ഭാഷാശൈലിയില്‍ ലാളിത്യവും മൂര്‍ച്ചയും ഇടകലര്‍ന്നിരുന്നു. അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞു തറക്കുന്ന വാക്കുകളിലാണ് ബാലകൃഷ്ണന്‍ എഴുതിയത്. ഏറ്റവുമൊടുവില്‍ അദ്ദേഹം മാധ്യമം ദിനപത്രത്തിലെഴുതിപ്പോന്ന ലേഖനങ്ങളിലൂടെ നമ്മുടെ ദേശീയ ജീവിതത്തില്‍ നിലനില്‍ക്കുന്ന ചില തേജോമയ ബിംബങ്ങളുടെ കാലുകള്‍ക്കിടയിലെ കളിമണ്ണിലേക്ക് അദ്ദേഹം ശക്തമായി വെളിച്ചം പായിച്ചു. അതിനിശിതമായ ആ വിമര്‍ശനങ്ങളെ അധികപ്രസംഗങ്ങള്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. (ആ അധികപ്രസംഗങ്ങളിലൊന്ന് താഴെ വായിക്കാം)നമ്മുടെ വികലമായ ചരിത്രബോധത്തിനു നേരെ അയച്ച ശക്തമായ നേരുകളായിരുന്നു അവ. ആ ലേഖനങ്ങളില്‍ ഏതാനും ചിലത് നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ വെളിച്ചം കാണുകയാണ്. കോഴിക്കോട്ടെ പ്രതീക്ഷാ ബുക്സാണ് പീ കെ ബാലകൃഷ്ണന്റെ അസമാഹൃതമായ ലേഖനങ്ങളുടെ സമാഹാരം-വേറിട്ട ചിന്തകള്‍- പുറത്തിറക്കിയിരിക്കയാണ്.





രാക്ഷസന്‍, രാഷ്ട്രശില്‍പം ആദിയായവയെപ്പറ്റി
പി.കെ. ബാലകൃഷ്ണന്‍
ഖണ്ഡവും ഏകവുമായിരിക്കുന്നതും ഗാന്ധിജി, പണ്ഡിറ്റ്ജി എന്നിവരുടെ അഭിപ്രായത്തില്‍ ചരിത്രകാലത്തത്രയും ഏകരാജ്യമായിരുന്നതുമായ ഒരു രാജ്യമാണല്ലോ, ദേശദ്രോഹികള്‍ 'ഉപഭൂഖണ്ഡം' എന്നു വിശേഷിപ്പിച്ചുവരുന്ന ഇന്ത്യാ രാജ്യം. ബ്രിട്ടീഷു് രാവണനാല്‍ അപഹരിക്കപ്പെട്ട ഈ 'ഏകാ-ഖണ്ഡ' രാജ്യത്തെ ഗാന്ധിജിയാവുന്ന ശ്രീരാമചന്ദ്രനും നെഹ്റുജിയാവുന്ന ലക്ഷ്മണനും കൂടി രാവണവധം നടത്തി മോചിപ്പിച്ച ചരിത്രമാണല്ലോ ഇന്ത്യയുടെ സ്വാ‌തന്ത്ര്യസമര ചരിത്രം. ഈ രാവണവധം നടന്നിട്ടും അഖണ്ഡയാവുന്ന ഭാരത സീതാദേവി, കുറഞ്ഞൊരു ഖണ്ഡനങ്ങളോടുകൂടിയാണെങ്കിലും സ്വതന്ത്രയായിട്ടും വര്‍ഷങ്ങള്‍ 42 ആവുന്നു. ഗാന്ധിജിയുടെ ചരിത്രപ്രകാരം എക്കാലത്തും ഏകരാഷ്ട്രമായിരുന്ന ഇന്ത്യയുടെ മുഴുവന്‍ പിതൃത്വം ഗാന്ധിജിക്കു നല്‍കാന്‍, 'രാവണന്‍' നടത്തിവെച്ച ചില കുതന്ത്രങ്ങള്‍മൂലം നമുക്കു കഴിഞ്ഞില്ല. ഉള്ളത്രയും പ്രദേശങ്ങളുടെമേലുള്ള അദ്ദേഹത്തിന്റെ പിതൃത്വത്തിന്, നാടിന്റെ നാനാഭാഗങ്ങളിലും നടക്കുന്ന സെക്രട്ടറിയേറ്റു കുത്തിയിരുപ്പു സത്യഗ്രഹങ്ങള്‍, കൂട്ട ഉപവാസങ്ങള്‍, റെയില്‍ രോഖോ സമരങ്ങള്‍, ബസ് തടയല്‍ സമരങ്ങള്‍, പഠിപ്പിനേക്കാള്‍ കൂടുതലായി നടക്കുന്ന പഠിപ്പുമുടക്കു സമരങ്ങള്‍ എന്നിവയാല്‍ നാം ഭക്തിപൂര്‍വകമായ നിത്യപൂജ നടത്തിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ സ്ത്രീവേഷവും മിക്കപ്പോഴും സ്വാമി വിവേകാന്ദ വേഷവും ഏറ്റവും ഒടുവിലായി വിശ്വാമിത്ര വേഷവും അണിഞ്ഞു കാര്യമായ ജനവിഭാഗങ്ങളെ ആനന്ദതുന്ദിലിതനാക്കുന്ന എന്‍.ടി. രാമറാവുവിലൂടെയും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ രീതിക്കു നാം വിശേഷാല്‍പൂജ ചെയ്തുകൊണ്ടിരിക്കുന്നു എന്നും പറയാം.
രാഷ്ട്രപിതൃത്വം അനിഷേധ്യമായും ഗാന്ധിജിക്കവകാശപ്പെട്ടതാകയാലും ഒരുവനു് ഒന്നിലേറെ പിതാക്കളുണ്ടാവുന്നത് ഒരു ഭംഗികേടാകയാലും പണ്ഡിറ്റ് നെഹ്റുവിനു 'രാഷ്ട്രശില്‍പി'എന്ന സ്ഥാനം കൊടുക്കാനേ നമുക്കു കഴിഞ്ഞുള്ളൂ. "രാവണന്‍" തന്റെ കയ്യൂക്കുകൊണ്ടു നിലവില്‍വരുത്തിയതും കയ്യൂക്കുകൊണ്ടു ഏതാണ്ടൊരു നൂറു വര്‍ഷം നിലനിര്‍ത്തിയതുമായ രാഷ്ട്രസംവിധാനം അതേപോലെ ഏറ്റുവാങ്ങി അതേപോലെ കയ്യാളുകയാണ് പണ്ഡിറ്റ്ജി ആദിയായവര്‍ ചെയ്തതെങ്കിലും ഇതിനു രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത രാഷ്ട്രശില്‍പിയുടെ പദവി ക്ലൈവ്, വാറന്‍ ഹോസ്റ്റിങ്സ്, കോണ്‍വാലിസ്, വെല്ലസി, വില്യം ബെന്‍റിക്, ഡെല്‍ഹൌസി എന്നീ 'രാക്ഷസന്മാര്‍ക്കു നല്‍കാന്‍ നമുക്കു സാധ്യമല്ലല്ലോ. സ്വാഭാവികമായും ആ പദവി നാം പണ്ഡിറ്റ് നെഹ്റുവിനു നല്‍കി. രാഷ്ട്രഘടന മാത്രമല്ല, രാഷ്ട്രീയഭരണത്തിന്റെ സ്ഥാപനപരമായ എല്ലാ ഘടകങ്ങളും രാക്ഷസന്മാരില്‍നിന്നും പരമഭദ്രമായി ഏറ്റുവാങ്ങുകയും അതുപോലെ നിലനിര്‍ത്തി കാര്യങ്ങള്‍ നടത്തുകയുമാണ് പണ്ഡിറ്റ്ജി ചെയ്തതെന്നു പറഞ്ഞാല്‍ അതു മുഴുവനേ ശരിയായിരിക്കുകയില്ല. ഭരണകൂടത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നു രാക്ഷസന്മാര്‍ വിശേഷിപ്പിച്ചുവരുന്ന ഐ.സി.എസിനെ എത്രയും വിപ്ലവപരമായ രീതിയില്‍ ഐ.എ.എസ്. എന്ന് പണ്ഡിറ്റ്ജി പേര്‍ വിളിക്കുകതന്നെ ചെയ്തു. അതുപോലെത്തന്നെ ഇന്ത്യന്‍ സേനയിലെ ഓഫീസര്‍മാരെ ബ്രിട്ടനിലെ "സാന്റ്ഹഴ്സ്റ്റ്" മിലിട്ടറി അക്കാദമിയില്‍ പരിശീലിപ്പിക്കുക എന്ന 'രാക്ഷസ' നടപടി അദ്ദേഹം നിര്‍ത്തുകയും ഇന്ത്യയിലെ 'ഡെറാഡൂണ്‍' തുടങ്ങിയ സ്ഥലങ്ങളിലെ മിലിട്ടറി അക്കാദമികള്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്തു. ഇത്രയുംകൊണ്ട് ആ ശില്‍പിപദവി അവസാനിക്കുന്നില്ല. സമാധാനം ജീവിതവായുവായ ഒരു ചിരപുരാതന സംസ്കാരത്തിന്റെ വക്താവും ലോകസമാധാനദുതനുമായ ഗാന്ധിജിയാല്‍ ജനിക്കപ്പെട്ട രാജ്യത്തിന്റെ കൈകാര്യകര്‍ത്താവുമായ പണ്ഡിറ്റിജി, ആ ചിരപുരാതന സംസ്കൃതിക്കു ചേര്‍ന്ന രീതിയില്‍ ഇന്ത്യന്‍ സേനയെ വിപൂലീകരിക്കുകയും തന്റെ രാജ്യത്തിന്റെ സൈനിക ബജറ്റ് വര്‍ഷംതോറും ദശഗണിതക്രമത്തില്‍ വര്‍ധിപ്പിക്കുന്ന പ്രക്രിയക്കു തുടക്കമിടുകയും ചെയ്തു. രാക്ഷസന്മാര്‍ രണ്ടാം ലോകമഹായുദ്ധമെന്ന ആത്മനാശ പ്രക്രിയയുടെ ചൂഴിയില്‍ വിഴുന്നതിനു മുമ്പ് (അതായത് 1939-ല്‍) ഇന്ത്യയുടെ സൈനിക ബജറ്റിനു വകയിരുത്തിയ തുകയുടെ അഞ്ഞൂറിരട്ടിയിലധികമായി ഇന്ത്യയുടെ സൈനിക ബജറ്റ് വര്‍ധിച്ചിരിക്കുന്നതിന്റെ ശില്‍പി പദവി തീര്‍ച്ചയായും പണ്ഡിറ്റ്ജിക്കുള്ളതാണ്.
നെഹ്റു എന്ന 'ശാന്തിദൂതന്‍'
ബ്രിട്ടീഷുകാരുടെ 'രാക്ഷസരാജ്' കൊടും ക്രൂരമായ ഒരു പോലീസ് രാജായിരുന്നുവെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. രാക്ഷസ് ഈ പോലീസ് രാജിന്റെ രീതിക്കും നവശില്‍പ വൈഭവത്തിനു കീഴില്‍ മാറ്റമുണ്ടായി. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെ പോലീസ് ബജറ്റിനെ മാറ്റിനിര്‍ത്തിനോക്കിയാല്‍, 1947-ല്‍നിന്നും 1974-ല്‍ എത്തുമ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റേതു മാത്രമായ പല പേരിലുള്ള പോലീസ് സേനകളുടെ ബജറ്റ് 52 ഇരട്ടിയായി വര്‍ധിച്ചുവെന്നതും 1974-നും 1989-നും ഇടയ്ക്കുള്ള കാലംകൊണ്ട് അതു നേരെ നൂറിരട്ടിയെങ്കിലുമായി വര്‍ധിച്ചിരിക്കും എന്നതും ചെറിയ നേട്ടമൊന്നുമല്ലല്ലോ. ഇന്ത്യയിലെ ബഹുജനങ്ങള്‍ എന്നും നാം പൊതുവെ വ്യവഹരിക്കുന്ന ഇന്ത്യയിലെ ഹൈന്ദവ ബഹുജനങ്ങള്‍ക്ക് ഈശ്വരാവതാരമായിരുന്ന ഗാന്ധിജിയാല്‍, തന്റെ അനന്തരാവകാശിയായും, ഇന്ത്യയുടെ കിരീടംവെക്കാത്ത രാജാവായും അവരോധിക്കപ്പെട്ടിരുന്ന വിശിഷ്ട പുരുഷനായിരുന്നല്ലോ പണ്ഡിറ്റ് നെഹ്റു. ഈശ്വരാവതാരത്തിന്റെ അനന്തരവകാശി എന്ന നില മാത്രമല്ല, സ്വന്തം നിലയില്‍തന്നെ ഇന്ത്യന്‍ ജനതയ്ക്കു പൊതുവെ കാണപ്പെട്ട ദൈവമായിരുന്നു പണ്ഡിറ്റ്ജി. സംസ്ഥാനങ്ങള്‍, സംസ്ഥാന ഭരണകൂടങ്ങള്‍ എന്നിവയൊക്കെ നിലവിലുണ്ടായിരുന്നുവെങ്കിലും നെഹ്റു പറയുന്നതിനെതിരു പറയാവുന്ന നേതാക്കളോ അതിനു ന്യൂനതയുണ്ടെന്നു ചിന്തിക്കാവുന്ന പ്രവണതയോ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കും കാലത്തൊന്നും ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നില്ല. ഇന്ന് അദ്ദേഹം ചരിത്രപുരഷനായി മാറിയിരിക്കുന്ന കാലത്ത്, ഈ രാജ്യത്തിന്റെ രീതിയനുസരിച്ച് എല്ലാ നല്ല നടപടികള്‍ക്കും മഹിമകള്‍ക്കുമുള്ള ആദര്‍ശമൂര്‍ത്തിയായി കക്ഷിഭേദമെന്യേ, സിദ്ധാന്തഭേദമെന്യേ അദ്ദേഹം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ദുഃഖത്തോടെ ഒരു കാര്യം അനുസ്മരിക്കുന്നതു ദേശദ്രോഹ ബുദ്ധികൊണ്ടാണെന്നു വരാം. നല്ലതോ ചീത്തയോ ആയ ഏതു നയപരിപാടിയും ഒരു പ്രയാസവും കൂടാതെ നടപ്പാക്കാന്‍ നെഹ്റുവിനുണ്ടായിരുന്ന അസുലഭ സാഹചര്യം ഇന്ത്യയില്‍ ഇനി മറ്റൊരാള്‍ക്കു ലഭിക്കുമെന്നു തോന്നുന്നില്ല. ഈ പ്രാകൃതത്തില്‍ നെഹ്റു വഴി ഇന്ത്യക്കുണ്ടായ മൂര്‍ത്തമായ നേട്ടങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ട്രോട്സ്കിയെക്കുറിച്ചു് എം.എന്‍.റോയ് കുറിച്ച ഒരു വാചകമാണ് എനിക്കോര്‍മ വരുന്നത്. റോയ് എഴുതി: 'ദിവസേനയെന്നോണം വിശ്വചരിത്ര‌ത്തിന്റെ കണ്ണാടിയില്‍ സ്വന്തം രൂപം നോക്കിക്കാണുന്ന ഒരു പ്രകൃതക്കാരനായിരുന്നു ട്രോട്സ്കി. തന്മൂലം അദ്ദേഹത്തിന്റെ ഓരോ കര്‍മവും യാഥാര്‍ഥ്യബോധത്തോടെ അതതിന്റെ ഗുണദോഷങ്ങള്‍ നിരൂപിച്ചു ചെയ്യുക എന്നതിലേറെ, അതിലൂടെ വിശ്വചരിത്രത്തില്‍ തന്റെ രൂപം എന്തായിരിക്കും എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചെയ്തത്.' (ഓര്‍മയില്‍ നിന്നുള്ള ഉദ്ധരണം- ഏകദേശമായത്) ഈ മാനസികമായ തന്‍പ്രമാണിത്ത വ്യാഥി, ട്രോട്സ്കിയെക്കാള്‍ ഒട്ടും കുറവല്ലാതെ ഉണ്ടായിരുന്ന ഒരു ചരിത്രപുരുഷനാണ് പണ്ഡിറ്റ് നെഹ്റു.

ബ്രാഹ്മണരുടെ ആത്മവഞ്ചനയിലല്ലാതെ ചരിത്രത്തില്‍ നിലനില്‍പില്ലാത്ത ഇന്ത്യയുടെ ചിരപുരാതന ചരിത്രമഹത്വവും അതിന്റെ കൈയാളിയ തന്റെ മഹത്വവും ലോകത്തിനു ബോധ്യപ്പെടുത്തുക എന്നതായിരുന്നു തന്റെ ചരിത്രനിയോഗമെന്ന് നെഹ്റു ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തോടെ നിത്യവും ചരിത്രത്തിന്റെ കണ്ണാടിയില്‍ സ്വന്തം രൂപം നോക്കി സ്വയം ആസ്വദിക്കുക എന്നത് പതിവാക്കുകയും ചെയ്തിരുന്ന ഒരു മഹാനാണ് നെഹ്റു എന്ന്, അദ്ദേഹം ഇന്ത്യക്കായി ശേഷിപ്പിച്ച നേട്ടങ്ങള്‍, അഥവാ വിനകള്‍ വിലയിരുത്തുന്നയാള്‍ കാണേണ്ടിവരുന്നു. ജിന്നയെക്കുറിച്ചുള്ള വെറുപ്പുമൂലം ജിന്ന കൊള്ളരുതാത്ത ചിത്തഭ്രമക്കാരനാണെന്നു മാത്രമല്ല, ഒരു 'രണ്ടാംകിട വക്കീല്‍' മാത്രമാണെന്നുകൂടി ഉറച്ചുവിശ്വസിച്ച നെഹ്റു, ഹോങ്കോംഗില്‍വെച്ചു നടന്ന ഒരന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍വെച്ചു് സാക്ഷാല്‍ ചൌ എന്‍ ലായിയെ പത്രലേഖകള്‍ക്ക് ഔപചാരികമായി പരിചയപ്പെടുത്തി, ഏവരെയും അദ്ഭുതസ്തബ്ധനാക്കിയ വ്യക്തികൂടിയാണെന്നു രേഖപ്പെടുത്തപ്പെടുന്നു. താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ 'ഫള്ളു നിറഞ്ഞ അഹങ്കാരം' (arrogance) ഏറ്റവും കൂടുതലുള്ള വ്യക്തി ജവഹര്‍ലാല്‍ നെഹ്റുവാണെന്നു് ഒരു സന്ദര്‍ഭത്തില്‍ ചൌ എന്‍ലായ് പറഞ്ഞതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഏതായാലും ലോക സമാധാനത്തിന്റെ ദൂതനായിരുന്ന നെഹ്റു, ലോകസമാധാനത്തിനുവേണ്ടി ജീവിതമര്‍പ്പിച്ചുവെന്നു സ്വയം വിശ്വസിച്ച നെഹ്റു, ഇന്ത്യയുമായി തൊട്ടതിര്‍ത്തിയുള്ള സകല രാജ്യങ്ങളെയും ഇന്ത്യയുടെ ശത്രുരാജ്യങ്ങളായി അവശേഷിപ്പിച്ചുകൊണ്ടാണ് കാലയവനികക്കുള്ളില്‍ മറഞ്ഞതെന്നുള്ള സത്യം അവശേഷിക്കുന്നു. കാശ്മീര്‍ പ്രശ്നമെന്ന ഒരു പ്രശ്നമേ നിലവിലില്ലെന്നു വിശ്വസിച്ചുകൊണ്ട് പാക്കിസ്ഥാനുമായും 1947-ല്‍ മാത്രം നിലവില്‍വന്ന ഇന്ത്യാ രാജ്യവും സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ചൈനാ രാജ്യവും തമ്മില്‍ ചിരപുരാതനമായി വ്യവസ്ഥ ചെയ്യപ്പെട്ട ഒരതിര്‍ത്തി നിലവിലുണ്ടെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ചൈനയുമായും സൌഹൃദചര്‍ച്ചക്കു നടക്കുന്ന നെഹ്റു വംശത്തിലെ നവ പ്രതിഭാശാലികള്‍, നിത്യവും ചരിത്രത്തിന്റെ കണ്ണാടി നോക്കിയിരുന്ന മുത്തച്ഛനെയും അനുസ്മരിപ്പിക്കുന്നു.
'രാക്ഷസന്‍' നിര്‍മിച്ച ഭരണഘടന
നെഹറുവിന്റെ രാഷ്ട്രശില്‍പിപദത്തിനു വിധേയമായിട്ടാണെങ്കിലും ഇന്ത്യന്‍ ഭരണഘടനക്കു പ്രത്യേകമായി ഒരു ഭരണഘടനാ ശില്‍പിസ്ഥാനം നാം സങ്കല്‍പിച്ചുണ്ടാക്കിയിട്ടുണ്ട്. അധഃകൃതനും 'ബ്രിട്ടീഷു പിണിയാളു'മായ ഡോ. അംബേദ്കര്‍ ഇന്ത്യന്‍ കോണ്‍സ്റ്റിട്യൂവന്റ് അസംബ്ലിയില്‍ അംഗത്വം നേടിയതിന്റെ ചരിത്രം അറിയുന്നവരെ, അദ്ദേഹം ഭരണഘടനാ ശില്‍പിയായി മാറിയ സംഭവം ആശ്ചര്യപ്പെടുത്തുകതന്നെ ചെയ്യും. ഏതായാലും ഭരണഘടനയുടെ പ്രധാന 'ഡ്രാഫ്ട്' എഴുത്തുകാരന്റെ ജോലിയും ഭരണഘടന കോണ്‍സാംബ്ലിയില്‍ പൈലറ്റ് ചെയ്യുന്ന ജോലിയും ഡോ. അംബോദ്കറാണു നിറവേറ്റിയതെന്ന ചരിത്രസത്യം അവശേഷിക്കുന്നു. ഇതിന് അനുബന്ധമായി അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഒരു ചരിത്രസത്യം പക്ഷേ, ഇന്നു മിക്കവര്‍ക്കും അറിയുകയില്ല. താനാണ് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന പ്രസ്താവത്തെ അമര്‍ഷപൂര്‍വം നിഷേധിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവമാണത്. മറ്റുള്ളവരുടെ ആശയങ്ങള്‍ നിയമക്രമം നല്‍കി എഴുതിയുണ്ടാക്കാന്‍ രാപ്പകല്‍ കഷ്ടപ്പെടേണ്ടിവന്ന ഒരു 'രായസമെഴുത്തുകാരന്‍ മാത്രമായിരുന്നു ഞാന്‍" എന്ന് അദ്ദേഹം പറയുകയുണ്ടായി. വ്യവസ്ഥകെട്ടതും ധൃഷ്ടവുമെന്നു തനിക്കു തോന്നിയ നെഹ്റുവിന്റെ ചില പെരുമാറ്റങ്ങളില്‍ പ്രതിഷേധിച്ച് നെഹ്റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ഈ 'ഇന്ത്യന്‍ ഭരണഘടനാശില്‍പി'യെ, തന്റെ രാജിയെ സംബന്ധിച്ചു പാര്‍ലമെന്‍റ്റി ജനാധിപത്യ രീതിയുടെ അവതാരമായി ഏവരും എപ്പോഴും വാഴ്ത്തുന്ന പണ്ഡിറ്റ് നെഹ്റു അനുവദിക്കുകയുണ്ടായില്ല എന്ന ചരിത്രവും ഈ പ്രകൃതത്തില്‍ നമുക്കനുസ്മരിക്കാവുന്നതാണ്.'

അതെന്തോ ആവട്ടെ, ഞാന്‍ പറയാന്‍ ഭാവിച്ച കാര്യത്തിന്റെ ചുരുക്കം ഇതാണ്. നമ്മുടെ രാഷ്ട്രഘടന, ഭരണസംവിധാനം, പോലീസ്, പട്ടാളം എന്നിവയെല്ലാംതന്നെ നമ്മുടെ രാഷ്ട്രശില്‍പി 'രാക്ഷസ'നില്‍ നിന്നും ഒരു മാറ്റവും കേടുപാടും കൂടാതെ കൈപ്പറ്റി പരിപാലിച്ചതാണെന്നതുപോലെതന്നെ, നമ്മുടെ ഭരണഘടനയും ഫലത്തില്‍ "രാക്ഷസന്‍" തയാറാക്കിയതും പ്രവിശ്യകളുടെ കാര്യത്തില്‍ 1937-ല്‍ നടപ്പാക്കിയതുമായ 1935-ലെ 'ഇന്ത്യാ ആക്റ്റ്' ആണ്. (ഗാന്ധിജിയുടെ പടം എഴുന്നള്ളിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭകള്‍ 1937-ല്‍ 9 ബ്രിട്ടീഷ് പ്രവിശ്യകളില്‍ ഭരണം നടത്തിയകാര്യം ചിലരെങ്കിലും ഓര്‍മിക്കുമല്ലോ) 1935-ലെ ഈ ഇന്ത്യാ ആക്റ്റിന്റെ ഫെഡറല്‍ കേന്ദ്രത്തെ സംബന്ധിക്കുന്ന ഭാഗം അധികാര കേന്ദ്രീകരണത്തിന്റെ ആധിക്യവും നിരൂപാധിക സ്വഭാവവും മൂലം 'ഇന്ത്യയെ അപമാനിക്കുന്ന തനി കാട്ടാളത്തം' എന്നു കോണ്‍ഗ്രസിനാല്‍ ഭല്‍സിക്കപ്പെട്ടിരുന്നതും മറ്റു പല കാരണങ്ങളാലും അന്നു നടപ്പാക്കാന്‍ കഴിയാതെ നിലനിര്‍ത്തപ്പെട്ടിരുന്നതുമാണ്. രാക്ഷസന്‍ എഴുതിയുണ്ടാക്കിയിരുന്ന ഈ ഇന്ത്യാ ആക്റ്റിലെ ഫെഡറല്‍ ഭാഗം, ഫെഡറല്‍ ഘടകങ്ങളുടെ നിത്യ പ്രവര്‍ത്തനങ്ങളിലുള്ള സ്വാതന്ത്ര്യങ്ങളെ കൂടുതല്‍ പരിമിതപ്പെടുത്തിയും അന്നു നെഹ്റുവിനും മറ്റും അറപ്പും വെറുപ്പും ഞടുക്കവുമുണ്ടാക്കിയ കേന്ദ്രത്തിലെ അധികാര കേന്ദ്രീകരണം, പല മടങ്ങും പെരുപ്പിച്ചും അങ്ങനെ മാറ്റി പകര്‍ത്തിയെടുത്ത 1935-ലെ ഇന്ത്യാ ആക്റ്റ് തന്നെയാണ് ഫലത്തില്‍ നവഭാരതശില്‍പികള്‍ ഇന്ത്യക്കായി നല്‍കിയിട്ടുള്ള ഭരണഘടന. ചാരായം കുടിക്കരുത്, നുണ പറയരുത്, വ്യഭിചരിക്കരുത് എന്നിങ്ങനെ പല മഹാ തത്ത്വങ്ങളും നിയാമക തത്ത്വങ്ങളായി അതില്‍ എഴുതിവെച്ചിട്ടുണ്ടെന്ന കാര്യവും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പരമാധികാരത്തിന്‍ കീഴില്‍ ഇന്ത്യ ഭരിക്കുന്ന വൈസ്രോയിയുടെ സ്ഥാനത്ത് ഇന്ത്യന്‍ പാര്‍ലമെന്റിനാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രി നിലവില്‍വരുന്നതുമൂലമുള്ള അവശ്യ വ്യത്യാസങ്ങളും കഴിച്ചാല്‍, ബ്രിട്ടീഷ് രാക്ഷസന്‍ തയാറാക്കിയ 1935-ലെ ഇന്ത്യാ ആക്റ്റ് തന്നെയാണ് ഫലത്തില്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന. അതിലെ മൂന്നുറോളം വകുപ്പുകള്‍ ഈ ഭരണഘടനയില്‍ അതേപോലെതന്നെ നിലനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും, മറ്റനേകം വകുപ്പുകള്‍ അതിലെ വകുപ്പുകളുടെ വ്യത്യസ്ത ഭാഷ്യഭേദങ്ങളാണെന്നും ആര്‍ഷ സംസ്കാരാഭിമാനം കാര്യമായില്ലാത്ത ചിലര്‍ ചൂണ്ടിക്കാണിക്കുകതന്നെ ചെയ്തിട്ടുണ്ട്.
പുരാതന ചരിത്രകാലം മുതലേ 'വംശ' (ethnic) ബാഹുല്യം മുഖമുദ്രയായിരുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വ്യത്യസ്ത പ്രാദേശിക ഭാഷകള്‍ ആരോഗ്യകരമാംവണ്ണം തരംതിരിഞ്ഞു വളരാന്‍ തുടങ്ങിയതും സ്വന്തമായ ലിപികള്‍, ശുദ്ധമായ ഗദ്യം എന്നിവയോടെ ആ വളര്‍ച്ച പൂര്‍ണത പ്രാപിച്ചതും മുഗള്‍-ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചക്കാലമായ 16-19 നൂറ്റാണ്ടുകളിലാണ്. നഗ്നമായ ബലം സ്വന്തവാഴ്ചക്കുള്ള പരമാശ്രയമാണെന്നറിയാമായിരുന്ന ബ്രിട്ടീഷുകാര്‍ക്ക് വംശവൈജാത്യത്തിലും ഭാഷാ വൈജാത്യത്തിലും നിഷ്ഠമായ ഈ നൈസര്‍ഗിക പ്രാദേശിക ദേശീയതകളെ കാണേണ്ട കാര്യമോ കണക്കിലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല. ബ്രിട്ടനില്‍നിന്നും സ്വാതന്ത്ര്യം നേടിയ അമേരിക്കന്‍ കോളനികളെ അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന പേരില്‍ പരിപൂര്‍ണമായ ഫെഡറല്‍ രാഷ്ട്രമായി വ്യവസ്ഥചെയ്യാന്‍ -അവര്‍ വെള്ളക്കാര്‍ തന്നെയായിട്ടും ബ്രിട്ടീഷ് പാര്‍ലെമെന്ററി മോഡല്‍ അവര്‍ക്ക് അസ്വീകാര്യമാവാന്‍-കാരണം, മഹാത്മ പദവിയില്ലാത്തവരെങ്കിലും സാമാന്യ ബോധവും ചിന്താശക്തിയും യുക്തവിചാരശേഷിയും തുല്യമായ സാമാന്യ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അവബോധവും വലിയ അളവിലുണ്ടായിരുന്ന തോമസ് പെയിന്‍, ജെഫേഴ്സ്സണ്‍ തുടങ്ങിയവരുടെ നേതൃത്വം അവരുടെ കാര്യവിചാരങ്ങള്‍ക്കുണ്ടായിരുന്നതാണ്. ചിരപുരാതനകാലം മുതലേ നിലനിന്നിരുന്ന ഇന്ത്യയുടെ 'ഏകാഖണ്ഡഭദ്രത'യിലുള്ള വിശ്വാസം ദൈവവിശ്വാസം പോലെ ഹൃദയത്തില്‍ ഭേസിയിരുന്ന മഹാത്മാക്കളാണ് ബ്രിട്ടീഷുകാര്‍ സ്ഥലംവിടുംകാലത്ത് കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇന്ത്യക്കുണ്ടായിരുന്നത്. രാഷ്ട്രപിതാക്കളും രാഷ്ട്രശില്‍പികളുമൊക്കെയായ ഇവര്‍ക്ക് ബ്രിട്ടീഷുകാരുടെ 'രാവണ-രാക്ഷസ' പരിവേഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ, അവര്‍ സ്ഥാപിച്ചെടുത്ത രാഷ്ട്രഘടനയെയും അവര്‍ രൂപം കൊടുത്ത ഭരണസ്ഥാപന ക്രമങ്ങളെയും വിപ്ലവകരമായ പുതിയ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ആത്മവിഭ്രാന്തിയോടെ നിലനിര്‍ത്താന്‍ മാത്രമാണു കഴിഞ്ഞത്.
അധികാര കേന്ദ്രീകരണം
എന്നു പറഞ്ഞാല്‍ അതു മുഴുവനും ശരിയായിരിക്കുകയില്ല. സാരാംശം നിരൂപിച്ചാല്‍ ഇന്ത്യയില്‍ നിലവില്‍വന്ന ഭരണഘടന, ഫെഡറല്‍ ഘടകങ്ങളുടെ കാര്യത്തില്‍ 1935-ലെ ഇന്ത്യാ ആക്റ്റിനെക്കാള്‍ സങ്കോചമുള്ളതും കേന്ദ്രഭരണകൂടത്തിന്റെ കാര്യത്തില്‍, ബ്രിട്ടീഷ് പാര്‍ലമെന്റിനോടു സമാധാനം പറയേണ്ടിയിരുന്ന വൈസ്രോയി വാഴ്ചയേക്കാള്‍ നിരുപാധികാധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്ന ഒന്നുമായിരുന്നു. ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഇന്ത്യയുടെ കിരീടം ധരിക്കാത്ത രാജാവായ" നെഹ്റു ഈ കേന്ദ്രഭരണത്തിലെ പ്രധാനമന്ത്രിയായപ്പോള്‍ ഈ കേന്ദ്രാധികാരം ഈശ്വരഹിതത്തിനു തുല്യമായ പവിത്രതയുള്ള സമ്പൂര്‍ണ പരമാധികാരമായി ഫലത്തില്‍ മാറുകയും ചെയ്തു. തികച്ചും അപര്യാപ്തമായ ഒന്നായിരുന്നു ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്കു വ്യവസ്ഥ ചെയ്തിരുന്ന അധികാരം എന്നു നാം നിരീക്ഷിച്ചു കഴിഞ്ഞു. ആ പരിമിതമായ അധികാരങ്ങളെയും പരിമിതമായ സ്വാതന്ത്രതകളെയും നിലനിര്‍ത്താന്‍, എന്തുകാരണംകൊണ്ടോ എങ്ങനെയോ, വ്യവസ്ഥ ചെയ്യപ്പെട്ട ഒന്നായിരുന്നു "ധനകാര്യ കമീഷന്‍" (Finance Commission) എന്ന സ്ഥാപനം. സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതമായ കര്‍മമണ്ഡലങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് അവശ്യം വേണ്ട ധനവിഭവശേഷി, കാലവ്യത്യാസംകൊണ്ട് അവയില്‍നിന്ന് അപഹരിക്കപ്പെടാതിരിക്കാനുള്ള അടിസ്ഥാനപരമായ ഭരണഘടനാ പരിരക്ഷയായിരുന്നു ധനകാര്യ കമീഷന്‍.
ഇവിടെ നമുക്കല്‍പമൊന്നു വ്യതിചലിക്കേണ്ടിയിരിക്കുന്നു.മഹാനായ പണ്ഡിറ്റ്ജി വിശ്വചരിത്രക്കണ്ണാടിയില്‍ നിത്യവും സ്വന്തം മുഖഭംഗി നോക്കുന്ന പ്രകൃതക്കാരനായിരുന്നുവെന്നു നാം മുമ്പേ പറഞ്ഞുവല്ലോ. ഒരു ശാസ്ത്രീയ സോഷ്യലിസ്റ്റായിരിക്കവെ തന്നെ കമ്യൂണിസത്തിന്റെ ഏകാധിപത്യ സ്വഭാവത്തെ വെറുക്കുന്നയാളുമായിരുന്നു അദ്ദേഹം. ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഈടുവെയ്പില്‍പ്പെട്ട കേന്ദ്രീകൃത സാമ്പത്തിക പ്ലാനിങ്, കമ്യൂണിസത്തിന്റെ ഏകാധിപത്യം കൂടാതെ ലോകത്തിനു കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞാലുള്ള തന്റെ ചരിത്ര പ്രതിബിംബം പണ്ഡിറ്റ്ജി പ്രകൃത കണ്ണാടിയില്‍ കണ്ടിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. ഈ കാഴ്ചയില്‍ നിന്നാവണം, ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള സ്ഥാപാനമായ ധനകാര്യകമീഷനെ കേവലം ഒരു ചടങ്ങു വ്യായാമമാക്കി അധഃപതിപ്പിച്ച 'കേന്ദ്രപ്ലാനിംഗ് കമീഷന്റെ' ജനനം. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൌലികമായ ഒരു സാമ്പത്തിക പരിരക്ഷയെ ഫലത്തില്‍ ഹനിക്കുന്ന ഈ 'കേന്ദ്ര പ്ലാനിങ് കമീഷന്‍' പാര്‍ലമെന്‍റില്‍ പാസാക്കിയ ഒരു സാധാരണ നിയമം വഴിയാണ് പണ്ഡിറ്റ്ജി നിലവില്‍ വരുത്തിയതെന്ന കാര്യം ഏറെ ശ്രദ്ധിക്കപ്പെടാത്ത കാര്യമാണ്. ഈ സംഗതി എന്തിന്റെ തുടക്കമാണെന്നോ, അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തെന്തെന്നോ അക്കാലത്തൊന്നും ഏറെപ്പേര്‍ ചിന്തിച്ചിരുന്നുവെന്നും തോന്നുന്നില്ല. ഞാന്‍ ചുരുക്കിപ്പറയട്ടെ. ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്ത പരിമിതമാത്രമായ ഫെഡറല്‍ പ്രവര്‍ത്തന സംവിധാനത്തെ ഫലത്തില്‍ കഴുത്തറുത്തു കൊല്ലുന്ന നടപടിയായിരുന്നു 'കേന്ദ്ര പ്ലാനിംഗ് കമീഷന്‍' എന്ന കാര്യം കണ്ണുള്ള ആര്‍ക്കും ഇന്നു വ്യക്തമായിക്കാണാവുന്നതേയുള്ളൂ. വരുമാനമൊന്നുമില്ലാതെയും വളര്‍ച്ചയുടെ ഗതിയെക്കുറിച്ച് സ്വാഭിപ്രായം കൂടാതെയും മോങ്ങുന്ന ഭിക്ഷക്കാരുടെ പദവിയിലേക്ക് ഇന്ത്യയിലെ ഫെഡറല്‍ ഘടകങ്ങള്‍ അധഃപതിച്ചു കഴിഞ്ഞതിന്റെ ചിത്രമാണ് നിത്യേന പത്രങ്ങളില്‍ നാം കാണുന്ന കേന്ദ്ര-സംസ്ഥാന "ഭീമ-ബകാസുരവധം" ആട്ടക്കഥകള്‍. ആ കഥകളി പൊടിപൊടിച്ചു നടന്നുകൊണ്ടിരിക്കുകയാണല്ലോ.
ചരിത്രം അവസാനിക്കുന്ന ഒരു പ്രക്രിയയല്ല. അപ്പൂപ്പന്‍ തന്റെ കാലത്തു ചരിത്രത്തിന്റെ കണ്ണാടി നോക്കി നടപ്പിലാക്കിയ ഫെഡറല്‍ സംവിധാന ഹനനപ്രക്രിയ, ചരിത്രമെന്തെന്നോ, ചരിത്രത്തിന്റെ കണ്ണാടിയെന്തെന്നോ നിശ്ചയമില്ലാത്ത ഒരുവനാണെങ്കിലും അദ്ദേഹത്തിന്റെ പൌത്രന്‍ പരിപൂര്‍ണമാക്കാനായി ഇന്നു തുനിഞ്ഞിറങ്ങിയിരിക്കുന്നു. ദല്‍ഹിയിലെ ചക്രവര്‍ത്തി, എടവനക്കാടു പഞ്ചായത്ത് പ്രസിഡന്റിനു നേരിട്ടു പണം കൊടുത്ത് - അങ്ങനെ ഈ രാജ്യത്തിലെ ദശലക്ഷം പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് ദല്‍ഹി ചക്രവര്‍ത്തി തിരുമനസ്സ് നേരിട്ടു പണം കൊടുത്ത് - ഇന്ത്യയാവുന്ന ഏകാഖണ്ഡരാഷ്ട്രം ഭരിക്കപ്പെടുന്ന ഒരു യുഗത്തിന്റെ കാര്യത്തില്‍ നില്‍ക്കുന്ന നാം ഒരു കണക്കിനു ഭാഗ്യവാന്മാരല്ലേ?
(മാധ്യമം 1989 ജൂണ്‍ 27 ചൊവ്വ)[ബോള്‍ഡ്, കളര്‍, അടിവര ഇവ കൂട്ടിച്ചേര്‍ത്തതാണ് ]

( ഈ ലേഖനം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. 152 പേജുള്ള പുസ്തകത്തിന് 100 കയാണു വില. പ്രതീക്ഷാ ബുക്സിന്റെ വിലാസം ഇതാണ്: PRATHEEKSHA BOOKS, P O Marikkunnu,Kozhikode 673012. Email: pratheekshabooks@gmail.com)

1 comment:

  1. കഫേ ടീം18 May 2011 at 01:57

    ഏറ്റവുമൊടുവില്‍ അദ്ദേഹം മാധ്യമം ദിനപത്രത്തിലെഴുതിപ്പോന്ന ലേഖനങ്ങളിലൂടെ നമ്മുടെ ദേശീയ ജീവിതത്തില്‍ നിലനില്‍ക്കുന്ന ചില തേജോമയ ബിംബങ്ങളുടെ കാലുകള്‍ക്കിടയിലെ കളിമണ്ണിലേക്ക് അദ്ദേഹം ശക്തമായി വെളിച്ചം പായിച്ചു. അതിനിശിതമായ ആ വിമര്‍ശനങ്ങളെ അധികപ്രസംഗങ്ങള്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. (ആ ലേഖനങ്ങളിലൊന്ന് താഴെ വായിക്കാം)നമ്മുടെ വികലമായ ചരിത്രബോധത്തിനു നേരെ അയച്ച ശക്തമായ നേരുകളായിരുന്നു അവ. ആ ലേഖനങ്ങളില്‍ ഏതാനും ചിലത് നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ വെളിച്ചം കാണുകയാണ്. കോഴിക്കോട്ടെ പ്രതീക്ഷാ ബുക്സാണ് പീ കെ ബാലകൃഷ്ണന്റെ അസമാഹൃതമായ ലേഖനങ്ങളുടെ സമാഹാരം-വേറിട്ട ചിന്തകള്‍- പുറത്തിറക്കിയിരിക്കയാണ്.

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.