Sunday, 18 September 2011

ഗാന്ധിജി- പുണ്യചരിതങ്ങള്‍പ്പുറം

ഡോ അംബേദ്കറുടെ ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി എന്താണു ചെയ്തത്? എന്ന ഗ്രന്ഥം വായിച്ചിട്ടുള്ള ആരും ഗാന്ധിയെ അത്ര മഹാത്മാവായി കാണില്ല. ഗാന്ധിയെയും ഗാന്ധിസത്തെയും കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള മിത്തുകള്‍ എണ്ണത്തിലും വണ്ണത്തിലും അതിബൃഹത്തായതിനാല്‍ ,വസ്തുനിഷ്ഠമായ പഠനങ്ങളെ ആസ്പദമാക്കി നടത്തുന്ന ഗാന്ധി വിമര്‍ശനങ്ങളെപ്പോലും സഹിഷ്ണുതയോടെ നോക്കിക്കാണാനോ വിലയിരുത്താനോ നമ്മിലേറെപ്പേര്‍ക്കും സാധിക്കാറില്ല; വിശേഷിച്ചും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് . ഈ സന്ദര്‍ഭത്തില്‍ ,ഗാന്ധിജിയെ സംബന്ധിച്ച വിപരീത വീക്ഷണം അവതരിപ്പിക്കുന്ന ഒരു ലേഖനം മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ വന്നു എന്നതു് അദ്ഭുതകരം തന്നെയാണ്.ജെ രഘു എഴുതിയ ആ ലേഖനമാണ് ലേഖകന്റെ അനുവാദത്തോടെ ഇവിടെ എടുത്തു ചേര്‍ക്കുന്നത്

മഹാത്മാവും വംശീയവാദിയും

ജെ. രഘു
സ്വയം വിഗ്രഹമായി മാറിയ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ് പുലിസ്റര്‍ ജേതാവായ ജോസഫ് ലെലി വെല്‍ഡിന്റെ 'ഗ്രെയ്റ്റ് സോള്‍ : മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍സ് വിത്ത് ഇന്ത്യ' (Great Soul Mahatma Gandhi And His Struggle With IndiaBY JOSEPH LELYVELD)എന്ന കൃതി. ഗാന്ധിജിയെ 'സ്വവര്‍ഗരതി'ക്കാരനായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ മഹാരാഷ്ട്ര-ഗുജറാത്ത് സര്‍ക്കാരുകള്‍ ഈ കൃതി നിരോധിക്കുകയും ചെയ്തു. 'അപ്പര്‍ ഹൌസ്' (Upper House) എന്ന നാലാം അധ്യായത്തിലെ, ജൂത വാസ്തുശില്‍പ്പിയായ കലന്‍ബാക്കു(Kallenbach)മായുള്ള ബന്ധത്തിന്റെ വിവരണമാണ് ഗാന്ധിഭക്തരെ പ്രകോപിപ്പിച്ചത്. ഗാന്ധി-കലന്‍ബാക്ക് കത്തിടപാടുകളും കലന്‍ബാക്കിന്റെ സ്വകാര്യ ഡയറികുറിപ്പുകളും പരിശോധിക്കുന്ന ഗ്രന്ഥകാരന്‍ ഗാന്ധിജിയെക്കുറിച്ചു യാതൊരു വിലയിരുത്തലും നടത്തിട്ടില്ല എന്നതാണു വസ്തുത. ഇവര്‍ തമ്മിലുള്ള വിചിത്രബന്ധം, 'സ്വവര്‍ഗരതിയല്ല; മറിച്ച് സ്വവര്‍ഗപ്രണയ' (homoerotic rather than homosexual) മാണെന്ന ഒരു ഗാന്ധി പണ്ഡിതന്റെ അഭിപ്രായം ഉദ്ധരിക്കുക മാത്രമാണു ലെലി വെല്‍ഡ് ചെയ്യുന്നത്. ഗുജറാത്തിയും ഗാന്ധിയനുമായ തൃദീപ് സുഹൃദ് (TRIDIP SUHRUD), ഗ്രന്ഥകാരനുമായുള്ള സ്വകാര്യസംഭാഷണത്തില്‍ , 'അവര്‍ ദമ്പതികളായിരുന്നു' എന്നു പറഞ്ഞതും ഉദ്ധരിക്കുന്നുണ്ട് (പുറം, 88). കലന്‍ ബാക്കുമായുള്ള ബന്ധത്തില്‍ ഗാന്ധിജി പ്രകടിപ്പിക്കുന്ന 'വിചിത്ര'തയും 'ഗാഢത'യും' 'അധികാര'വും 'ഭൂതാവിഷ്ടത'യും രേഖപ്പെടുത്തുക മാത്രമാണു ഗ്രന്ഥകാരന്‍ . ഈ കൃതിക്കെതിരെ ആരോപണമുന്നയിച്ചവര്‍ അതു വായിച്ചിട്ടില്ലെന്നു വ്യക്തമാണ്. ദിവ്യപരിവേഷം ആര്‍ജിച്ച ഒരു വ്യക്തിയെ, വിമര്‍ശനത്തിനും വസ്തുനിഷ്ഠ വിലയിരുത്തലിനും അതീതമാക്കുന്ന ജീര്‍ണവും അപായകരവുമായ മനോഭാവമാണ് അധമഭക്തരുടെ പുസ്തകവിരോധത്തിനു പിന്നിലുള്ളത്.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന ഒന്നാം ഭാഗം ഈ കാലഘട്ടത്തിലെ ചില 'കാണാക്കണ്ണി'കളിലേക്കു വെളിച്ചം വീശുന്നുണ്ട്. ദാവൂദ് അബ്ദുള്ളയെന്ന ഗുജറാത്തി മുസ്ളിം വ്യാപാരിയുടെ ഒരു വ്യവഹാരം നടത്താനാണ് അഭിഭാഷകനായ ഗാന്ധിജി 1893-ല്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. തുടര്‍ന്ന്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ 'സത്യഗ്രഹ'മെന്ന മാന്ത്രികസമരം ആവിഷ്കരിക്കുകയും മഹാനായി മാറുകയും ചെയ്യുന്നു. 1914-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങുമ്പോഴേക്കും ഗാന്ധിജി 'മഹാത്മ' പരീക്ഷ പാസ്സായിക്കഴിഞ്ഞിരുന്നു. ടാഗോറില്‍നിന്ന് മഹാത്മാബിരുദം ഔപചാരികമായി ഏറ്റുവാങ്ങുക മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ ഒരു 'മഹാത്മാവിന്റെ രൂപവത്കരണഘട്ട'മായിട്ടാണ് അദ്ദേഹത്തിന്റെ 'പുണ്യചരിത'ങ്ങള്‍ വാഴ്ത്തുന്നത്. 1893-നും 1914-നും ഇടയ്ക്കുള്ള നീണ്ട ഇരുപത്തൊന്നു വര്‍ഷക്കാലം ദക്ഷിണാഫ്രിക്കയിലെ കറുത്തവരായ തദ്ദേശീയരെയും അപ്പാര്‍ത്തീഡിനെയും ഗാന്ധിജി എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന പ്രശ്നം പുണ്യചരിത കര്‍ത്താക്കളെ അലട്ടാറില്ല. ഇന്ത്യക്കാരുടെ ദുരിതങ്ങള്‍ക്കെതിരെ സത്യഗ്രഹങ്ങള്‍ നടത്തിയ ഗാന്ധിജിയെ, അപ്പാര്‍ത്തീഡ് എന്ന നൃശംസനീയതയുടെ ഇരകളായ നാട്ടുകാരുടെ സ്വാതന്ത്ര്യം അലട്ടിയിരുന്നോ? വിവാദകൃതിയുടെ ഒന്നാം ഭാഗത്തില്‍ അന്വേഷിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

ഗാന്ധിമാഹാത്മ്യത്തിനു പിന്നില്‍
ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയെ നിശിതമായി വിലയിരുത്തുന്ന രണ്ടു കൃതികള്‍ അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി. ബി. സിങ് രചിച്ച 'ഗാന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി' (2004),    സിങ്ങും ടിം വാറ്റ്സനും ചേര്‍ന്നെഴുതിയ 'ഗാന്ധി: അണ്ടര്‍ക്രോസ് എക്സാമിനേഷന്‍ ' (2009) എന്നിവയാണ് ആ കൃതികള്‍ . രണ്ടു പുസ്തകങ്ങളും ഇന്ത്യയില്‍ നിഷിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങളോട് ഗാന്ധി പുലര്‍ത്തിയ സമീപനം 'വംശീയത'യായിരുവെന്ന് ഈ കൃതികള്‍ സമര്‍ഥിക്കുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ഘട്ടം ഒരു മഹാത്മാവിന്റെ മാത്രമല്ല ഒരു വംശീയവാദിയുടെ കൂടി രൂപവത്കരണമാണെന്ന് ജി.വി. സിങ് വാദിക്കുന്നു. എന്നാല്‍ , 'ഗന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഒഫ് ഡിവിനിറ്റി' എന്ന കൃതിയെ മിതവാദ ശൈലിയില്‍ ആവര്‍ത്തിക്കുക മാത്രമാണ് ലെലിവെല്‍ഡ് തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ ചെയ്യുന്നത്. തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിനുവേണ്ടി ജി. ബി. സിങ് ചര്‍ച്ച ചെയ്യുന്ന പല ഗ്രന്ഥകര്‍ത്താക്കളെയും കൃതികളെയും ഉദ്ധരിക്കുന്ന ലെലി വെല്‍ഡ്, പക്ഷേ സിങ്ങിനെക്കുറിച്ചോ പ്രസ്തുത കൃതിയെക്കുറിച്ചോ പരാമര്‍ശിക്കുകപോലും ചെയ്യുന്നില്ല. അക്കാദമികമായ സത്യസന്ധതയില്ലായ്മയുടെ മികച്ച ദൃഷ്ടാന്തമാണ് 'ഗ്രെയ്റ്റ് സോളി'ന്റെ ആദ്യഭാഗം. ലോകമെമ്പാടുമുള്ള 'ഗാന്ധിയന്‍വംശ'ത്തിന്റെ അധിക്ഷേപത്തിനു വിധേയമായ ഒരു കൃതിയോടുള്ള കടപ്പാട് രേഖപ്പെടുത്തിയാല്‍ അത് തന്റെ പുസ്തകത്തിന്റെ വിപണിസാധ്യതകളെ ബാധിക്കുമോ എന്ന കച്ചവടശങ്ക ലെലി വെല്‍ഡ് എന്ന പത്രപ്രവര്‍ത്തകനെ സ്വാധീനിച്ചിട്ടുണ്ടാകും.

ഇന്ത്യന്‍ ഗാന്ധിയെക്കുറിച്ചുള്ള രണ്ടാം ഭാഗത്തിന് ഗവേഷണപരമായ യാതൊരു മൌലികതയുമില്ല. ആവശ്യത്തിലേറെ പറഞ്ഞു കഴിഞ്ഞ ഗാന്ധിയന്‍ സംഭവവിവരണങ്ങളാണതിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയെ നിര്‍ധാരണം ചെയ്യുന്ന ഒന്നാം ഭാഗത്തെ, പരോക്ഷമായിട്ടാണെങ്കിലും മൌലികമെന്നോ വിധ്വംസകമെന്നോ വിശേഷിപ്പിക്കാം. എന്നാല്‍ ഈ വിധ്വംസകതയുടെ യഥാര്‍ത്ഥ അവകാശി ജി. ബി. സിങ്ങിന്റെ കൃതിയാണ്. അതിനാല്‍ 'ഗ്രെയ്റ്റ് സോളി'ന്റെ ഗൌരവമായ അവലോകനം സ്വാഭാവികമായും ചെന്നെത്തുന്നത് 'ഗാന്ധി ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി' എന്ന കൃതിയിലാണ്. ഒരുപക്ഷേ, ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയുടെ വംശീയത അനാവൃതമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാവണം സ്വവര്‍ഗരതിയെന്ന കല്‍പ്പിത കഥയിലൂടെ ഗ്രെയ്റ്റ് സോളിനെതിരെ ഖദര്‍ ഗാന്ധിയന്മാരും കാവി ഗാന്ധിയന്മാരും രംഗത്തു വന്നത്.

ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നതിനെക്കാള്‍ പതിന്മടങ്ങു ഭീകരമായ വംശീയ വിവേചനത്തിനു വിധേയരായിരുന്ന തദ്ദേശീയര്‍ക്കു വേണ്ടി ഗാന്ധിജി ഒരു സത്യഗ്രഹം പോലും നടത്താതിരുന്നത് എന്തുകൊണ്ടാണ്? അംഹിസയ്ക്കും ലോകസേവയ്ക്കും വേണ്ടി സ്വയം സമര്‍പ്പിച്ച ഗാന്ധിജിയെ ആഫ്രിക്കന്‍ നിവാസികളുടെ ദുരിതജീവിതം സ്പര്‍ശിക്കാഞ്ഞത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്ന ജി. ബി. സിങ് നിരത്തുന്ന രേഖകളും തെളിവുകളും പുണ്യചരിതങ്ങള്‍ സൃഷ്ടിച്ച ഗാന്ധിപ്രതിച്ഛായയുമായി പൊരുത്തപ്പെടുന്നതല്ല. ഗാന്ധിജിയെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധീകരിച്ചിട്ടുള്ള നൂറു കണക്കിനു പുണ്യചരിതങ്ങളുടെ കുറ്റകരമായ തമസ്കരണത്തെയാണ് ജി. ബി. സിങ് പരോക്ഷമായി വിചാരണ ചെയ്യുന്നത്. കറുത്തവരായ നാട്ടുകാര്‍ മാത്രമല്ല, ഇന്ത്യക്കാര്‍ക്കിടയിലെ 'കൂലി'കളും ഗാന്ധിജിയുടെ 'മഹാസമരങ്ങ'ളില്‍ ഇടംകിട്ടാതെ പോയ ഹതഭാഗ്യരാണ്. ആഫ്രിക്കയിലെ തോട്ടങ്ങളിലും ഖനികളിലും അടിമപ്പണി എടുപ്പിക്കാനായി ഇന്ത്യയില്‍നിന്നു കൊണ്ടുവന്ന കരാര്‍ത്തൊഴിലാളികളെയാണ് നിന്ദാസൂചകമായി 'കൂലികള്‍ ' എന്നു വിളിച്ചിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും അധഃസ്ഥിത ജാതികളില്‍പ്പെട്ടവരായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ആഫ്രിക്കയില്‍ തുടര്‍ന്നവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട തൊഴിലുകളിലും ചെറുകിട വ്യാപാരങ്ങളിലും ഏര്‍പ്പെടാന്‍ അവസരം ലഭിച്ചിരുന്നു. 'കൂലി' പ്രയോഗം വ്യാപിക്കുകയും ക്രമേണ ഇന്ത്യക്കാരെല്ലാം ബ്രിട്ടീഷുകാര്‍ക്കു മുന്‍പില്‍ 'കൂലി'കളായി മാറുകയും ചെയ്തു.

ഗാന്ധിജിയുടെ ആദ്യത്തെ പൊതു ഇടപെടല്‍ എന്നുപറയാവുന്ന ഒരു കത്ത് പ്രസിദ്ധീകരിക്കുന്നത് 1893 സെപ്റ്റംബര്‍ 5-ന് 'ട്രാന്‍സ്വാള്‍ അഡ്വര്‍ടൈസറി'ലാണ്. കരാര്‍ കാലാവധി കഴിഞ്ഞവരെയും സമ്പന്ന-സവര്‍ണ ഇന്ത്യന്‍ കച്ചവടക്കാരെയും 'കൂലി' എന്നു സംബോധന ചെയ്യുന്നത് ആക്ഷേപകരമാണെന്നു ഗാന്ധിജി എഴുതി. 'കൂലി'കളെയും 'ഇന്ത്യ'ക്കാരെയും വേര്‍തിരിച്ച ഗാന്ധിജി, കൂലികളല്ലാത്ത ഇന്ത്യക്കാരുടെ ദേശീയ വക്തവാകുകയായിരുന്നു. തദ്ദേശീയരെ മാത്രമല്ല, കൂലികളായ ഇന്ത്യക്കാരെയും ആദ്യംതന്നെ ഗാന്ധിജി ബഹിഷ്കരിച്ചു. ഇന്ത്യക്കാരെ തദ്ദേശീയരെപ്പോലെ പരിഗണിക്കുന്നതിനെതിരെ 1894 ഡിസംബറില്‍ നേതല്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിനും അംഗങ്ങള്‍ക്കും എഴുതിയ തുറന്ന കത്തില്‍ ഗാന്ധിജി പറയുന്നു: 'ഇംഗ്ളീഷുകാരും ഇന്ത്യക്കാരും ഇന്തോ-ആര്യന്‍ പൈതൃകം പങ്കുവയ്ക്കുന്നവരാണ്....ഇംഗ്ളീഷുകാരെയും ഇന്ത്യക്കാരെയും ഒരേവംശത്തില്‍ ജനിപ്പിച്ച ദൈവം ഇന്ത്യക്കാരുടെ ഭാഗധേയം ഇംഗ്ളീഷുകാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു...ബ്രാഹ്മണനും രജപുത്രനും ഇംഗ്ളീഷുകാരനും കുലീനമായ ആര്യവംശസന്തതികളാണ്...ഗ്രീക്കുകകാരുടെയും റോമാക്കാരുടെയും ഹിന്ദുക്കളുടെയും ആദിമപിതാക്കള്‍ സംസാരിച്ചിരുന്നത് ഓരേ ഭാഷയാണ്; ആരാധിച്ചിരുന്നത് ഒരേ ദൈവങ്ങളെയാണ്' (ഗാന്ധിജി, സമാഹൃതകൃതികള്‍ , വാല്യം1, പു. 149-50, 161). 'കറുത്ത വംശജര്‍ മതപരമോ ധാര്‍മികമോ ആയ സംസ്കരണം ലഭിച്ചവരല്ലെ'ന്നും ഈ കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ , ഇംഗ്ളീഷുകാരുടെ കുലീന വംശവൃക്ഷത്തിന്റെ ശാഖയായ ഇന്ത്യക്കാരെ കറുത്തവര്‍ക്കു തുല്യമായി പരിഗണിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്നു ഗാന്ധിജി ബ്രിട്ടീഷുകാരെ ഓര്‍മിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ ഗാന്ധിജിയുടെ ആദ്യകാല രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന സംഭവമാണ് 1895-ലെ ദര്‍ബന്‍ പോസ്റ്റ് ഓഫീസ് സമരം. ഈ പോസ്റ്റ് ഓഫീസിനു രണ്ടു വാതിലുകളുണ്ടായിരുന്നു. ഒന്ന് വെള്ളക്കാര്‍ക്കുവേണ്ടിയും മറ്റൊന്ന് തദ്ദേശീയര്‍ക്കു വേണ്ടിയും. ഇന്ത്യക്കാര്‍ പോസ്റ്റ് ഓഫീസില്‍ പ്രവേശിക്കേണ്ടത് നാട്ടുകാരുടെ വാതിലിലൂടെ വേണമായിരുന്നു. ഉപഭോക്താക്കളെ നിറത്തിന്റെ പേരില്‍ വിവേചിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനു പകരം, കറുത്തവര്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരേ വാതില്‍ എന്നതിനെതിരെയാണു ഗാന്ധിജി സമരം  ചെയ്തത്. ഒരു 'മൂന്നാം വാതില്‍ ' സ്ഥാപിക്കുന്നതില്‍ ഗാന്ധിജി വിജയിക്കുകയും ചെയ്തു. ബ്രിട്ടീഷുകര്‍ നടപ്പാക്കിയ 'ഇരട്ടവിവേചന'ത്തിനു പകരം ഗാന്ധിജി ആവശ്യപ്പെട്ടത് 'ത്രിവിവേചന'മാണ്. ഇന്ത്യക്കാരുടെ അവകാശസമരങ്ങളില്‍ ഗാന്ധിജി ആസ്പദമാക്കിയത് ആധുനിക പൌരാവകാശസങ്കല്‍പ്പങ്ങളല്ല, മറിച്ച് 'വംശീയത'യാണ്. അപ്പാര്‍ത്തീഡ് ഗാന്ധിജിയെ സ്പര്‍ശിക്കാത്തതിനു കാരണം ഈ ആര്യവംശാഭിമാനമാണ്. 1896-സെപ്റ്റംബറില്‍ ബോംബെയിലെ ഒരു സ്വീകരണ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗം ഗാന്ധിജിയുടെ 'ഇന്ത്യക്കാര്‍ ' ആരാണെന്നു വ്യക്തമാക്കുന്നു. 'ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെപ്പോലെ ഒന്നിനും കൊള്ളാത്തവരാണ് അസമിലെ സന്താളുകള്‍ ' ('സമാഹൃതകൃതികള്‍ ', വാല്യം 2, പു. 72). ദക്ഷിണാഫ്രിക്കയിലെ കറുത്തവരെപ്പോലെതന്നെ, ഇന്ത്യയിലെ അധസ്ഥിതരും ആദിവാസികളും ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അനാര്യരും അസംസ്കൃതരുമായിരുന്നു.

ഗാന്ധിജിയുടെ 'കാഫിറു'കള്‍
വെള്ളക്കാരുടെ കരിമ്പുതോട്ട മേഖലയിലാണ് ഫീനിക്സ് ആശ്രമം സ്ഥാപിച്ചത്. ഈ തോട്ടങ്ങളിലെ ഇന്ത്യക്കാരായ കരാര്‍തൊഴിലാളികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് ഗാന്ധിജിക്കു വ്യക്തമായി അറിയാമായിരുന്നു. ഇവര്‍ക്കുവേണ്ടി ഗാന്ധിജി ഒന്നും ചെയ്തില്ലെന്നു മാത്രമാല്ല, തോട്ടമുടമകള്‍ തൊഴിലാളികളോടു നന്നായി പെരുമാറുന്നുവെന്നു സാക്ഷ്യപ്പെടുത്തുകപോലും ചെയ്തെന്ന് ഫസ് ലൂല്‍ഹഖിന്റെ, 'ഗാന്ധി: സെയ്ന്റ് ഓര്‍ സിന്നര്‍ ' (1992) എന്ന കൃതി നിരീക്ഷിക്കുന്നു. അപ്പാര്‍ത്തീഡ് നിയമങ്ങളില്‍ ഏറ്റവും കുപ്രസിദ്ധമായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ് നിയമം. 'കരാര്‍ത്തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യമാണെങ്കിലും മാന്യരായ ഇതര ഇന്ത്യക്കാര്‍ക്ക് അതു ബാധകമാക്കരുതെ'ന്നാണു ഗാന്ധിജി ആവശ്യപ്പെട്ടത് (സമാഹൃതകൃതികള്‍ , വാല്യം 3, പു. 267-268). തദ്ദേശീയരോടുള്ള ഗാന്ധിജിയുടെ സമീപനം എന്തായിരുന്നുവെന്നു തെളിയിക്കുന്ന രണ്ടു സംഭവങ്ങളാണ് 1899-ലെ ആംഗ്ളോ-ബോര്‍യുദ്ധവും 1906-ലെ സുലു കലാപവും. ബോര്‍യുദ്ധത്തില്‍ 1100പേരടങ്ങുന്ന സന്നദ്ധസംഘം രൂപവത്കരിക്കുകയും ബ്രിട്ടീഷ് യുദ്ധസന്നാഹങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കുകയെന്നത് സാമ്രാജ്യത്വത്തിന്റെ പ്രജകളുടെ കടമയാണെന്നാണു ഗാന്ധിജി വാദിച്ചത്. ബ്രിട്ടീഷധികാരികളില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാമെന്നും ഗാന്ധിജി പ്രതീക്ഷിച്ചിട്ടുണ്ടാവും. 1906-ല്‍ സാമ്രാജ്യത്വത്തിനെതിരെ തദ്ദേശീയ സുലു ഗോത്രവിഭാഗങ്ങള്‍ നടത്തിയ കലാപത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈനികനടപടിയില്‍ ഒരു സന്നദ്ധഭടനായി ഗാന്ധിജി സേവനമനുഷ്ഠിച്ചിരുന്നു. ഇരുപതുപേരടങ്ങിയ സന്നദ്ധസംഘത്തിന്റെ തലവനായിരുന്ന ഗാന്ധിജിയെ 'സര്‍ജന്റ്-മേജര്‍ ' പദവി നല്‍കി ബ്രിട്ടീഷുകാര്‍ ആദരിക്കുകയും ചെയ്തു. 1906-ഏപ്രില്‍ 14-ന് 'ഇന്ത്യന്‍ ഒപ്പിനിയനി'ല്‍ ഗാന്ധിജി എഴുതി: 'കാഫിറു'കളുടെ കലാപം ശരിയോ തെറ്റോ എന്നതു നമ്മുടെ പ്രശ്നമല്ല. ആഫ്രിക്കയിലെ നമ്മുടെ ജീവിതം ബ്രിട്ടീഷുകാരെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ , അവരെ സഹായിക്കുകയെന്നതു നമ്മുടെ കടമയാണ്. 1899-ലെ ബോര്‍യുദ്ധത്തില്‍ ചെയ്തതുപോലെ ഇപ്പോഴും ബ്രിട്ടീഷുകാരെ സഹായിക്കുമെന്ന് നാം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 'അധമര്‍ ', 'അപരിഷ്കൃതര്‍' എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ 'കാഫിറുകള്‍ ' എന്നാണു ദക്ഷിണാഫ്രിക്കക്കാരെ വെള്ളക്കാര്‍ വിളിച്ചിരുന്നത്. ഇന്ത്യയിലെ അധസ്ഥിതരെ ഹിന്ദുക്കള്‍ 'ചണ്ഡാള,' 'പറയ' എന്നൊക്കെ വിളിച്ചിരുന്നതുപോലെ ഒരു പ്രയോഗമാണ് കാഫിര്‍ .സനാതന ഹിന്ദുവായ ഗാന്ധിജിക്ക് അതിനാല്‍ കാഫിര്‍ വിളിക്കു പിന്നിലെ വംശീയത പ്രശ്നമായില്ല. സുലുക്കള്‍ അനുഭവിച്ച യാതനകളില്‍ തനിക്കു സഹതാപം തോന്നിയെന്നും അഹിംസയും ബ്രഹ്മചര്യവും ജീവിതവ്രതമായി സ്വീകരിക്കാന്‍ അതു പ്രേരകമായെന്നും ഗാന്ധിജി ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. 'ഇന്ത്യ: എ വൂണ്ടഡ് സിവിലൈസേഷനി'ല്‍ വി. എസ്. നെയ്പ്പാള്‍ പറയുന്നതു നോക്കുക: 'ഇരുപതു വര്‍ഷങ്ങള്‍ നീണ്ട ദക്ഷിണാഫ്രിക്കന്‍ ജീവിതമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. 'ആത്മകഥ'യും 'ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ'വും അതിന്റെ ആഖ്യാനങ്ങളാണ്. എന്നാല്‍ , ഈ വിവരണങ്ങളിലെല്ലാം വലിയൊരു 'വിട്ടുപോകല്‍ ' ഉണ്ട്. അത് ആഫ്രിക്കക്കാരാണ്...സുലു വിപ്ളവകാരികള്‍ക്കെതിരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ നിഷ്ഠൂരമായ അടിച്ചമര്‍ത്തലിനു ദൃക്സക്ഷിയായ ഗാന്ധിജി 'ആഫ്രിക്കന്‍ പ്രശ്ന'ത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കുന്നതിനു പകരം ബ്രഹ്മചര്യാവ്രതമാണ് സ്വീകരിച്ചത്.'

'ഗാന്ധി ആന്‍ഡ് ദ് ബ്ളാക്ക് പീപ്പിള്‍ ഓഫ് സൌത്ത് ആഫ്രിക്ക' എന്ന ഗവേഷണ പ്രബന്ധത്തില്‍ ജെയിംസ് ഡി. ഹന്റ് നിരീക്ഷിക്കുന്നു: '1906-ലെ അടിച്ചമര്‍ത്തലില്‍ ഗാന്ധിജി വഹിച്ച പങ്ക് ആഫ്രിക്കക്കാര്‍ക്കു മറക്കാനാവില്ല. കലാപം അടിച്ചമര്‍ത്തപ്പെടണമെന്നുതന്നെയായിരുന്നു ഗാന്ധിജിയും ആഗ്രഹിച്ചത്.' 1906-ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ 'ഏഷ്യാറ്റിക് ലോ അമന്‍ഡ് മെന്റ് ഓര്‍ഡിനന്‍സി'നെ ഗാന്ധിജി എതിര്‍ത്തത്, അത് ഇന്ത്യക്കാരുടെ അവസ്ഥ കാഫിറുകളെക്കാള്‍ മോശമാക്കുമെന്നു വാദിച്ചുകൊണ്ടായിരുന്നു. ഇന്ത്യന്‍ വൈസ്രോയിക്ക് അയച്ച കത്തില്‍ പറയുന്നു: '...ഈ നിയമം ഇന്ത്യക്കാരെ' 'പറയ'രെക്കാള്‍ മോശമായിട്ടാണു പരിഗണിക്കുന്നത്. കാഫീര്‍ പൊലീസുകാര്‍ ഇന്ത്യക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കും. കാഫിറുകളെയും ഇന്ത്യക്കാരെയും ഒരേ ജയിലില്‍ താമസിപ്പിക്കും, ഒരേ ആഹാരം നല്‍കും ഇതൊക്കെയായിരുന്നു ഗാന്ധിജിയുടെ ആധികള്‍ . കാഫീര്‍ തടവുകാര്‍ക്കൊപ്പം താമസിക്കേണ്ടി വന്നതാണ് ഗാന്ധിജിയുടെ ഏറ്റവും കയ്പേറിയ ജയിലനുഭവം. 'നേറ്റീവ്' എന്നു സൂചിപ്പിക്കുന്ന 'എന്‍ ' അക്ഷരം മുദ്രണം ചെയ്ത വസ്ത്രങ്ങളാണ് ഇന്ത്യന്‍ തടവുകാര്‍ക്കു നല്‍കിയിരുന്നത്. 1908 മാര്‍ച്ച് 7-ന് 'ഇന്ത്യന്‍ ഒപ്പിനിയനി'ല്‍ 'ഇന്ത്യന്‍സ് ഓണ്‍ വാര്‍ വിത്ത് കാഫിര്‍സ്' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗാന്ധി അനുസ്മരിച്ചു: '...ജയിലിലെ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ 'എന്‍ ' മുദ്രണം ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്ന അപമാനം താങ്ങാവുന്നതല്ല...കാഫിറുകള്‍ പൊതുവേ പ്രാകൃതരും സംസ്കാരശൂന്യരുമാണ്. കാഫിര്‍ തടവുകാരുടെ കാര്യം പറയാനില്ല....അവര്‍ മൃഗതുല്യരാണ്.' ഇന്ത്യന്‍ തടവുകാര്‍ക്ക് പ്രത്യേക മുറിയും ഭക്ഷണവും വേണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.

1904-ല്‍ ജൊഹനാസ് ബെര്‍ഗ് മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ ഒരു നിവേദനത്തില്‍ , 'ഇന്ത്യക്കാരുടെ താമസസ്ഥലത്തിനടുത്ത് കാഫിറുകളെ പാര്‍പ്പിക്കാനുള്ള ടൌണ്‍കൌണ്‍സിലിന്റെ തീരുമാനത്തില്‍ ഗാന്ധിജി പ്രതിഷേധിക്കുന്നുണ്ട്. ലോര്‍ഡ് റിപ്പന് അയച്ച കത്തു നോക്കുക: 'വിവേചനപരമായ നയങ്ങള്‍ മൂലം ഇന്ത്യക്കാര്‍ക്ക് അവരുടെ സംസ്കൃത ശീലങ്ങള്‍ പരിപാലിക്കാന്‍ കഴിയാതെ വരുന്നു. പ്രാകൃതരായ തദ്ദേശീയരുടെ അവസ്ഥയിലേക്ക് അവര്‍ അധഃപതിക്കുന്നു. ഒരു തലമുറ കഴിയുമ്പോഴേക്കും ശീലങ്ങള്‍ , ആചാരങ്ങള്‍ , ചിന്ത എന്നിവയില്‍ ഇന്ത്യക്കാരും തദ്ദേശീയരും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതെവരും.' 'ഗാന്ധീസ് ലെഗസി: ദ് നേതല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്' എന്ന കൃതിയില്‍ സുരേന്ദ്രബാന ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്തവരോടുള്ള ഗാന്ധിജിയുടെ മനോഭാവത്തില്‍ വംശീയത പ്രകടമായിരുന്നു....മറ്റ് ഇന്ത്യന്‍ നേതാക്കളെപ്പോലെ, ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുകയും അവര്‍ അധമരാണെന്നു വിശ്വസിക്കുകയും ചെയ്തു.' ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളക്കാരെയും അല്ലാത്തവരെയും രണ്ടായി വിഭജിച്ചപ്പോള്‍ , ഗാന്ധിജിയാകട്ടെ വെള്ളക്കാരല്ലാത്തവരെ കാഫിറുകളും അല്ലാത്തവരുമായി വീണ്ടും വിഭജിച്ചു. 'ജാതിശ്രേണീബോധത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ വര്‍ഗീകരിക്കുകയും തദ്ദേശീയരെ സംസ്കാരശ്രേണിയില്‍ ഏറ്റവും താഴെയുള്ളവരായി കാണുകയും ചെയ്ത ഗാന്ധിജി വംശീയ ശുദ്ധിയില്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു' എന്നാണ് 'ഗാന്ധി: ദ് സൌത്ത് ആഫ്രിക്കന്‍ എക്സ്പീരിയന്‍സ്' എന്ന കൃതിയില്‍ മോറീന്‍സ്വാന്‍ നിരീക്ഷിക്കുന്നത്. അപ്പാര്‍ത്തീഡ് വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫസ് ലുല്‍ ഹഖ് പറയുന്നു: 'ഗാന്ധി വംശീയ വിവേചനത്തെ അംഗീകരിച്ചിരുന്നു. അപ്പാര്‍ത്തീഡ് ജാതി വ്യവസ്ഥയ്ക്കു സമാനമാണെന്നും കരുതി. വെള്ളക്കാരെ ബ്രാഹ്മണരായും ഇന്ത്യക്കാരെ ശൂദ്രരായും മറ്റുള്ളവരെ അധസ്ഥിതരായിട്ടുമാണ് ഗാന്ധിജി വീക്ഷിച്ചത്.'

കേപ് പട്ടണത്തില്‍വച്ച് 1914 ജൂണ്‍ -27നു നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ , ബോര്‍ -സുലു യുദ്ധങ്ങളില്‍ ചെയ്ത സേവനങ്ങളെ ഗാന്ധിജി അഭിമാനത്തോടെയാണ് അനുസ്മരിച്ചത്. മഹാത്മാവും അഹിംസയുടെ മിശിഹയുമായി മാറിക്കൊണ്ടിരുന്ന ഗാന്ധിജിയാണ് ഇങ്ങനെ ചെയ്യുന്നതെന്നോര്‍ക്കണം. അപ്പാര്‍ത്തീഡിനോടുള്ള മൃദു സമീപനത്തെ ഒരു വിഭാഗം ഇന്ത്യക്കാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ തമിഴരില്‍ ഭൂരിപക്ഷവും ഗാന്ധിജിക്കെതിരായിരുന്നു. ഗാന്ധിജിയുടെ സമീപനങ്ങള്‍ തദ്ദേശീയര്‍ക്കിടയില്‍ ഇന്ത്യക്കാരെ ഒറ്റപ്പെടുത്തുകയാണെന്ന് പി. എസ്. അയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ദ് ഇന്ത്യന്‍ വേള്‍ഡ്' വിമര്‍ശിച്ചു. ലണ്ടനിലെ ഇന്ത്യക്കാര്‍ നടത്തിയിരുന്ന 'ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്' ഗാന്ധിജിയുടെ രീതികളെ വിശേഷിപ്പിച്ചത് 'ജുഗുപ്സാവഹ'മെന്നായിരുന്നു. കരാര്‍തൊഴിലാളികളുടെ 'തലക്കര'ത്തിനെതിരെ 1913-ല്‍ നടന്ന സമരത്തോട് ഗാന്ധിജി സ്വീകരിച്ച നിഷേധാത്മക നിലപാടിനെക്കുറിച്ച് പി. എസ്. അയ്യര്‍ പ്രതികരിച്ചതിങ്ങനെയാണ്: 'തന്റെ പ്രബോധനങ്ങളില്‍ ഉദ്ഭവിക്കാത്ത ഒന്നിനെയും ഫീനിക്സിലെ ഈ വിശുദ്ധന്‍ അംഗീകരിക്കില്ല.' 1920-ല്‍ രചിച്ച 'ദ് ഡോക്ട്രിന്‍ ഓഫ് ദ് സോര്‍ഡ്' എന്ന ലേഖനത്തില്‍ ഗാന്ധി വിശദീകരിക്കുന്നു: 'ഭീരുത്വവും അക്രമവും തമ്മില്‍ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ , ഞാന്‍ അക്രമത്തിന്റെ ഭാഗത്തായിരിക്കും....ഞാന്‍ ആക്രമിക്കപ്പെടുന്നതു കണ്ടാല്‍ , ഹിംസയിലൂടെയാണെങ്കിലും എന്നെ രക്ഷിക്കുകയെന്നതാണ് എന്റെ മകന്റെ കടമ. ബോര്‍യുദ്ധത്തിലും സുലു കലാപത്തിലും ഒന്നാം ലോകയുദ്ധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതു തന്നെയാണ്' (സമാഹൃതകൃതികള്‍ , വാല്യം 18, പു.132). മകന് പിതാവിനോടുള്ളതുപോലെ എന്തു കടമയാണ് ഗാന്ധിജിക്ക് സാമ്രാജ്യത്തോടുണ്ടായിരുന്നത്?

1921-ല്‍ ഒരു വിദേശപത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോടു ചോദിച്ചു: 'സുലു വിപ്ളവകാരികള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ താങ്കള്‍ ബ്രിട്ടീഷുകാരെ സഹായിച്ചില്ലേ?' അഹിംസയുടെ വക്തവായ താങ്കള്‍ ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷികാര്‍ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തില്ലേ? 'സാമ്രാജ്യത്വത്തിന്റെ പ്രജയാണെന്നു കരുതിയത് തെറ്റായിപ്പോയെ'ന്ന് ഗാന്ധിജി കുറ്റസമ്മതം നടത്തുന്നുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും ദക്ഷിണാഫ്രിക്കക്കാരെ കാഫിറുകളായി കരുതിയതിനെക്കുറിച്ച് സ്വയം വിമര്‍ശനം നടത്തിയിട്ടില്ല. വര്‍ണ-ജാതി വ്യവസ്ഥയിലുള്ള വിശ്വാസം വംശീയ മുന്‍വിധികളില്‍നിന്നു മുക്തനാവാന്‍ ഗാന്ധിജിയെ അനുവദിച്ചില്ല എന്നതാണ് വാസ്തവം. 'ഗാന്ധി ഇന്‍ സൌത്ത് ആഫ്രിക്ക: ദ അംബിഗ്വിറ്റീസ് ഓഫ് സത്യഗ്രഹ' എന്ന പ്രബന്ധത്തില്‍ ലെസ് സ്വിറ്റ്സര്‍ നിരീക്ഷിക്കുന്നു: '...ആഫ്രിക്കന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിക്കൊണ്ടിരുന്ന നേതാക്കളുമായി ഗാന്ധിജി ഏതെങ്കിലും തരത്തിലുള്ള ഐക്യദാര്‍ഢ്യം ഉണ്ടാക്കിയിരുന്നോ? അപ്പാര്‍ത്തീഡിനെതിരെ അവര്‍ രൂപവത്കരിച്ചിരുന്ന രാഷ്ട്രീയ-സംസ്കാരിക പ്രസ്ഥാനങ്ങളുമായി ഗാന്ധിജി സഹകരിച്ചിരുന്നോ? ലഭ്യമായ എല്ലാ രേഖകളും നല്‍കുന്ന ഉത്തരം 'ഇല്ല' എന്നാണ്.'

നേതല്‍ നേറ്റീവ് കോണ്‍ഗ്രസിന്റെ സ്ഥാപകനും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ജോണ്‍ ദൂബിനെ, 'ദ് കാഫിര്‍സ് ഓഫ് നേതല്‍ ' എന്ന ലേഖനത്തില്‍ ഗാന്ധിജി വിശേഷിപ്പിച്ചത്. 'വിദ്യാസമ്പന്നരായ കാഫിറുകളുടെ നേതാവ്' എന്നായിരുന്നു. ബന്ധുക്കളോട് (ആഫ്രിക്കക്കാര്‍ ) എത്രതന്നെ സഹതാപമുണ്ടെങ്കിലും അവരുമായി പൊതുമുന്നണി ഉണ്ടാക്കാനാവില്ലെന്നാണ് 1939-ല്‍ പോലും ഗാന്ധിജി സ്വീകരിച്ച സമീപനം. എന്നാല്‍ , ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ തദ്ദേശീയര്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു നെഹ്റുവിന്റെ പക്ഷം. 'ദ് ഗാന്ധി: നോബഡി നോസ്' എന്ന ലേഖനത്തില്‍ 'സാമാജ്യത്വത്തിന്റെ ശത്രു'ക്കളെ കൊന്നൊടുക്കിയ ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച ഗാന്ധിയന്‍ അഹിംസയുടെ കാപട്യം റിച്ചാര്‍ഡ് ഗ്രെനിയര്‍ തുറന്നു കാട്ടുന്നുണ്ട്.

ഗാന്ധി പ്രചാരണ യന്ത്രം
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മര്‍ദന-വിവേചന സമ്പ്രദായങ്ങളിലൊന്നായ അപ്പാര്‍ത്തീഡിനെതിരെ ശബ്ദിക്കാത്ത ഗാന്ധിജിയുടെ മഹത്ത്വം 'ഗാന്ധിപ്രചാരണയന്ത്ര'ത്തിന്റെ സൃഷ്ടിയാണെന്നാണ് ജി.ബി. സിങ് സമര്‍ത്ഥിക്കുന്നത്. ഗാന്ധിജിയുടെ ആദ്യകാല യൂറോപ്യന്‍ ജീവചരിത്രകാരന്മാരും ആരാധകരും 'കള്‍ട്ട്' നിര്‍മിതിയില്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ആദ്യജീവചരിത്രമെഴുതിയ റവ. ജോസഫ് ഡോക്ക് ആണ് 'മഹാത്മ്യ നിര്‍മിതി'യുടെ സ്ഥാപകന്‍ . 'എം. കെ ഗാന്ധി: ആന്‍ ഇന്ത്യന്‍ പേട്രിയറ്റ് ഇന്‍ സൌത്ത് ആഫ്രിക്ക' എന്ന കൃതി ഗാന്ധിജിയെ മുന്‍കാല പ്രാബല്യത്തോടെ മഹത്ത്വവത്കരിക്കുന്നു. 1910-ല്‍ ഹെന്റി പൊളാക്ക് എഴുതിയ 'എം. കെ. ഗാന്ധി: എ സ്കെച്ച് ഓഫ് ഹിസ് ലൈഫ് ആന്‍ഡ് വര്‍ക്ക്' എന്ന കൃതി മഹാത്മാവിന്റെ രൂപവത്കരണത്തില്‍ ഗാന്ധിജിയെക്കാള്‍ വലിയ പങ്കു വഹിച്ചിട്ടിണ്ട്. ഗാന്ധിജിയെ ഒരു 'ലോക മിശിഹ'യാക്കുന്നതില്‍ ഒരു വിഭാഗം പാശ്ചാത്യ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച പങ്ക് ഇനിയും അപഗ്രഥിക്കപ്പെട്ടിട്ടില്ല. ആധുനികതയുടെ മുന്നേറ്റത്തിന്റെ ഫലമായി മതാത്മകതയ്ക്കുണ്ടായ പാര്‍ശ്വവത്കരണത്തില്‍ പരിതപിച്ചിരുന്ന ഈ മിഷനറിമാര്‍ അവരുടെ ക്രൈസ്തവ പ്രചാരണ യന്ത്രത്തിലൂടെ ഒരു 'വിശുദ്ധ'നെ നിര്‍മിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ കമ്യൂണിറ്റിചര്‍ച്ച് വികാരിയും ഗാന്ധി ഭക്തനുമായിരുന്ന റവ ജോണ്‍ ഹോംസ് തന്റെ പ്രസിദ്ധീകരണമായ 'യൂണിറ്റി'യില്‍ 1921-ലെഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം നോക്കുക: 'ഇന്നു ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യനാരാണ്?' 'ഗാന്ധി: ദ് മോഡേണ്‍ ക്രൈസ്റ്,' 'മഹാത്മാഗാന്ധി: ദ് ഗ്രെയ്റ്റസ്റ്മാന്‍ സിന്‍സ് ജീസസ് ക്രൈസ്റ്', 'മഹാത്മജി റീ ഇന്‍കാര്‍നേഷന്‍ ഓഫ് ക്രൈസ്റ്' എന്നിവയാണ് ഹോംസിന്റെ മറ്റുചില ലേഖനശീര്‍ഷകങ്ങള്‍ . ഗാന്ധി കള്‍ട്ടിന്റെ ആഗോളവത്കരണത്തില്‍ സുപ്രധാന പങ്കു വഹിച്ച റൊമെയ്ന്‍ റോളണ്ട് ഗാന്ധിജിയ വിശേഷിപ്പിച്ചത് 'മറ്റൊരു ക്രിസ്തു' എന്നായിരുന്നു. റോളണ്ട് 1924-ല്‍ പ്രസിദ്ധീകരിച്ച 'മഹാത്മാഗാന്ധി: ദ് മാന്‍ ഹൂ ബികെയിം വണ്‍ വിത്ത് യൂണിവേഴ്സല്‍ ബീയിങ്' എന്ന കൃതി തുടങ്ങുന്നതുതന്നെ ഓക്കാനം വരുത്തുന്ന അത്യുക്തികളിലാണ്:
'ഏകമായ തേജസ്സാണവന്‍ സര്‍വസ്രഷ്ടാവ്,
മഹാത്മ സ്നേഹത്തിലും ഉള്‍ക്കാഴ്ച
യിലും ചിന്തയിലും വെളിപ്പെടുന്നവന്‍
അവനെ ആരറിയുന്നുവോ-
അവര്‍ അനശ്വരരാകുന്നു!'

ആധുനികതയോടു പൊരുത്തപ്പെടാനാവാതെ പോയ യൂറോപ്യന്‍ കാല്‍പ്പനികരുടെ ജീര്‍ണമനസ്സിന് വലിയൊരു ആശ്വാസവും പ്രത്യാശയുമായി മാറുകയായിരുന്നു ഗാന്ധിജി. കാരണം, ഹിന്ദ്-സ്വരാജ് എന്ന കൃതിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും വിഭാവന ചെയ്യുന്നത് പരമജീര്‍ണവും മതത്മാകവുമായ ഒരു 'പറുദീസ'യാണെന്ന് യൂറോപ്യന്‍ -ക്രിസ്ത്യന്‍ കാല്‍പ്പനികര്‍ മനസ്സിലാക്കിയിരുന്നു.

ഗാന്ധിജിയുടെ സന്ദേശം 'അര്‍ധനഗ്നശരീരം'തന്നെ
യൂറോപ്പിലെന്നതുപോലെ ഇന്ത്യയിലും ഗാന്ധിജി മഹാത്മാവാകുന്നത്1920-കളിലാണ്. ഗാന്ധിജിയുടെ വരവോടെ ദേശീയപ്രസ്ഥാനം ജനകീയമായി എന്നാണു ചരിത്രപണ്ഡിതരുടെ വിശദീകരണം. എന്നാല്‍ , ഈ ചരിത്രപണ്ഡിതര്‍ക്കു പിടികൊടുക്കാത്ത അഗാധ സൂക്ഷ്മമായ ഒരു പശ്ചാത്തലം ഗാന്ധിമാഹാത്മ്യത്തിനും ജനകീയതയ്ക്കും പിന്നിലുണ്ട്. 'ആധുനികത' അഥവാ 'യൂറോപ്യനൈസേഷന്‍ '  എന്ന ചരിത്രപ്രക്രിയ ഇന്ത്യയിലെ ഗ്രാമ-നഗര ജീവിതത്തെ കീഴ് മേല്‍ മറിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. നീതിന്യായം, ഭരണനിര്‍വ്വഹണം, വിദ്യാഭ്യാസം, ചികിത്സാ സമ്പ്രദായം, ഉത്പാദന രീതി, വിപണി, നാണയം, വാര്‍ത്താവിനിമയം ഗതാഗതം. സമയമാപനം, അളവുതൂക്കങ്ങള്‍ , വസ്ത്രധാരണം, ഭവനനിര്‍മാണം, ആചാരാനുഷ്ഠാനങ്ങള്‍ , ജാതിബന്ധങ്ങള്‍ , കല, സാഹിത്യം എന്നിങ്ങനെ ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും പരമ്പരാഗത രീതികള്‍ പിന്തള്ളപ്പെടുകയും യൂറോപ്യന്‍ സമ്പ്രദായങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ആധുനികതയുടെ ഭൌതികതയെ സ്വീകരിച്ചെങ്കിലും നൂറ്റാണ്ടുകളുടെ ജീര്‍ണ മനസ്സുമായികഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ആശയങ്ങളുടെയും മൂല്യങ്ങളുടെയും തലത്തില്‍ വലിയ പ്രതിസന്ധിയാണനുഭവപ്പെട്ടത്. മാറ്റമില്ലാതെ നിലനിന്നുവന്ന ഹൈന്ദവ ലോകബോധത്തിനുമേല്‍ ആധുനികത സൃഷ്ടിച്ച ആഘാതം, ഇന്ത്യക്കാരില്‍ ഒരു 'പറുദീസാനഷ്ട'ത്തിന്റെ കാല്‍പ്പനിക ഗൃഹാതുരത സൃഷ്ടിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആധുനിക സംസ്കാരത്തിന്റെ സമ്പൂര്‍ണ നിരാസത്തിന്റെ മൂര്‍ത്തീരൂപമായി ഗാന്ധിജി അവതരിക്കുന്നത്. തന്റെ 'അര്‍ധനഗ്ന ശരീരത്തിന്റെ അഖിലേന്ത്യാവിന്യാസത്തിലൂടെ, അവികസിതവും ബാലാരിഷ്ടവുമായ ഇന്ത്യന്‍ മനസ്സിനെ ഗാന്ധിജി കീഴടക്കുകയായിരുന്നു. അഹിംസയോ സത്യഗ്രഹമോ ഒന്നുമായിരുന്നില്ല ഗാന്ധിജിയുടെ സാംസ്കാരിക മൂലധനം. മറിച്ച്, മേല്‍വസ്ത്രം അഴിച്ചുമാറ്റുന്നതിലൂടെയാണ് ഗാന്ധിജി ഭൂരിപക്ഷ ഹിന്ദുശരീരങ്ങളുമായി താദാത്മ്യം പ്രാപിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ശാസ്ത്രീയ വൈദ്യശാസ്ത്രം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കുമ്പോഴും യൂറോപ്യന്‍ സ്കൂളില്‍ യൂറോപ്യന്‍ പാഠ്യപദ്ധതി പഠിക്കുമ്പോഴും യൂറോപ്യന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും യൂറോപ്യന്‍ സാമ്പത്തികരീതികള്‍ അനുവര്‍ത്തിക്കുമ്പോഴും യൂറോപ്യന്‍ രാഷ്ട്രീയശൈലികള്‍ സ്വീകരിക്കുമ്പോഴുമൊക്കെ ഇന്ത്യക്കാര്‍ കൈവിടാതിരുന്ന ജീര്‍ണപാരമ്പര്യത്തെയാണ് സ്വന്തം അനാവൃതശരീരംകൊണ്ടു ഗാന്ധിജി പ്രതിനിധാനം ചെയ്തത്. ആധുനികാശയങ്ങളും ജീവിതരീതികളും പിന്തുടര്‍ന്ന മുഹമ്മദലി ജിന്നയെയും നെഹ്റുവിനെയും പോലുള്ളവര്‍ക്കു ലഭിക്കാത്ത ജനപ്രീതി ഗാന്ധിജിക്കു ലഭിച്ചതിനു കാരണം, ഹൈന്ദവ ജനസാമാന്യത്തിന്റെ മനഃശാസ്ത്രപരമായ ശൈശവത്വമാണ്. 'മനോശൂന്യമായ ഒരു ശരീരപറ്റ'ത്തിന്റെ നടപ്പുശീലങ്ങളെയും ഭവുകത്വത്തെയുമാണ് ഗാന്ധിജി സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചത്. ഗാന്ധിജിയുടെ സന്ദേശം അതിനാല്‍ , അദ്ദേഹത്തിന്റെ 'അര്‍ധനഗ്ന ശരീരം' തന്നെയാണ്. ആധുനിക ചിന്തയ്ക്കോ യുക്തിക്കോ അപ്രവേശ്യമായ ഈ 'അര്‍ധനഗ്നശരീര'ത്തിന്റെ പ്രതീകാത്മകപദാവലിയാണ് ഗാന്ധിസം എന്നറിയപ്പെടുന്നത്.

മതാത്മക ജനകീയത
ഗാന്ധിമാഹാത്മ്യത്തിനു പിന്നിലെ അപകടം തിരിച്ചറിഞ്ഞ ഒരാള്‍ കോണ്‍ഗ്രസിന്റെ ആദ്യകാലനേതാവായ സര്‍ സി. ശങ്കരന്‍നായരായിരുന്നു. 'ഗാന്ധിആന്‍ഡ് അനാര്‍ക്കി' എന്ന കൃതിയില്‍ , ഗവണ്‍മെന്റും റയില്‍വേയും യന്ത്രങ്ങളും ആശുപത്രികളും സ്കൂളുകളും കോടതികളുമില്ലാത്ത ഒരു സമൂഹത്തെയാണ് ഗാന്ധിജി സ്വപ്നം കാണുന്നതെന്ന് ശങ്കരന്‍നായര്‍ വിലയിരുത്തുന്നു. ഗാന്ധിജി കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുയര്‍ന്നതിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ഉണ്ടായതെന്ന വസ്തുത ഒട്ടും യാദൃച്ഛികമല്ല. കോണ്‍ഗ്രസിന്റെ വ്യവഹാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഗാന്ധി പ്രകടമായ ഹൈന്ദവവത്കരണത്തിനു വിധേയമാക്കി. ദേശീയ പ്രസ്ഥാനത്തിന് ഗാന്ധിജി നല്‍കിയ ജനകീയത വാസ്തവത്തില്‍ 'മതാത്മകജനകീയത'യായിരുന്നു. ദേശീയ പ്രസ്ഥാനം പ്രകടമായ ഹൈന്ദവസ്വത്വമുദ്ര ആര്‍ജിച്ചതോടെ മുസ്ളീം-അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും വളര്‍ന്നു. ഗാന്ധിജിയുടെ മതാത്മകജനകീയതയാണ് ഈ കാലഘട്ടത്തിലെ മിക്ക വര്‍ഗീയ ലഹളകളെയും സാധ്യമാക്കിയത്. 'ഗാന്ധിജി വര്‍ഗീയതയെ വെറുത്തുവെങ്കിലും ദേശീയ പ്രസ്ഥാനത്തെ മതവത്കരിക്കുന്നതിലൂടെ ഹിന്ദു-മുസ്ളീം സംഘര്‍ഷത്തിനിടയാക്കി'യെന്ന നോര്‍മന്‍ ബ്രൌണിന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നു. ദക്ഷിണാഫ്രിക്കയിലും ഇതു തന്നെയാണു സംഭവിച്ചത്. ചെറുകിട-ഇടത്തരം വ്യാപാരരംഗങ്ങളില്‍ തദ്ദേശീയര്‍ക്കുമേല്‍ ഇന്ത്യക്കാരുടെ ആധിപത്യം ശക്തമായിരുന്നു. തദ്ദേശീയരുടെ അതൃപ്തി, പക്ഷേ, ഗാന്ധിജിയുടെ 'മഹാത്മ്യ'ത്തിനു മുന്നില്‍ അമര്‍ത്തപ്പെടുകയാണുണ്ടായത്. എന്നാല്‍ , ഗാന്ധിജി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ദര്‍ബന്‍ പട്ടണത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സുലു ഗോത്രവിഭാഗങ്ങളും ഇന്ത്യന്‍ വ്യാപാരികളും തമ്മിലുണ്ടായ ലഹളയില്‍ നൂറ്റിനാല്‍പ്പത്തിരണ്ടു പേര്‍ കൊല്ലപ്പെടുകയും ആയിരത്തി എഴുനൂറുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 'അഹിംസ', 'സത്യഗ്രഹം' തുടങ്ങിയ രൂപകങ്ങള്‍ക്ക് ഐതിഹാസിക മാനം നല്‍കുകയും 'ഹിന്ദു-മുസ്ളിം മൈത്രി', 'ഹരിജനോദ്ധാരണം' തുടങ്ങിയ ഉപരിപ്ളവ മുദ്രാവാക്യങ്ങളിലൂടെ സമൂഹത്തിന്റെ അടിസ്ഥാന വൈരുദ്ധ്യങ്ങളുടെ പ്രകാശനത്തെ അസാധ്യമാക്കുകയുമായിരുന്നു ഗാന്ധിജി നിര്‍വ്വഹിച്ച ധര്‍മം. ഗാന്ധിജിയുടെ ദൈവതുല്യമായ പ്രതിച്ഛായയ്ക്കു മുന്നില്‍ ഈ വൈരുധ്യങ്ങളുടെ വാഹകരായ മനുഷ്യര്‍ മിക്കപ്പോഴും നിരായുധരും നിശ്ശബ്ദരുമായി മാറുകയാണു ചെയ്യുന്നത്. എന്നാല്‍ , പൊതുമണ്ഡലത്തില്‍നിന്ന് ഗാന്ധിബിംബം പിന്‍വാങ്ങുമ്പോഴൊക്കെ സംഘര്‍ഷങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. ഒരു സമൂഹത്തിനു താങ്ങാവുന്നതിലും വലിയ 'മഹാത്മാക്കള്‍ ' ആത്യന്തികമായി സമൂഹത്തിനുണ്ടാക്കാവുന്ന വിപത്തിനെയാണ് ഗാന്ധിജി പ്രതീകവത്കരിക്കുന്നത്. 'ദ് ഓട്ടോബയോഗ്രഫി ഒഫ് ആന്‍ അന്‍ നോണ്‍ ഇന്ത്യന്‍ ' എന്ന കൃതിയില്‍ നിരദ് സി. ചൌധരി നടത്തുന്ന നിരീക്ഷണം പ്രസക്തമാണ്: 'രാഷ്ട്രീയത്തിലും ജീവിതത്തിലും ഗാന്ധിസം ഒന്നും സംഭാവന ചെയ്തിട്ടില്ല. കുറെ കാല്‍പ്പനിക തൃഷ്ണകളുടെയും മുന്‍വിധികളുടെയും പ്രച്ഛന്നരൂപമാണ് ഗാന്ധിസം.' 'ഹിറ്റ്ലറെക്കാള്‍ വലിയ സ്വേച്ഛാധിപതിയാണ് ഗാന്ധി'യെന്നു ചൌധരി സൂചിപ്പിച്ചിട്ടുണ്ട്. (സ്വപന്‍ദാസ് ഗുപ്ത 1997, നിരദ് സി. ചൌധരി ദ് ഫസ്റ്റ് ഹണ്‍ഡ്രഡ് ഇയേഴ്സ് എ സെലിബ്രേഷന്‍ ' പു. 42). നാസിസത്തോടും ഹിറ്റ്ലറോടും ഗാന്ധിജി സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്റെ 'കാല്‍പ്പനികാതുരതകളുടെ ക്രൂരത' വ്യക്തമാക്കുന്നതാണ്. ഹിറ്റ്ലര്‍ക്കയച്ച ഒരു കത്തില്‍ , മാലോകരെല്ലാം പറയുന്നതുപോലെ, നിങ്ങളൊരു ദുഷ്ടനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്നു പറയുന്നു. മറുവശത്ത്, നാസി കൂട്ടക്കൊലകള്‍ക്കെതിരെ സത്യഗ്രഹം നടത്താന്‍ പോളണ്ടിലെ ജൂതരെ ഉപദേശിച്ച ഗാന്ധിജി, സത്യഗ്രഹികളുടെ ആത്മശക്തിക്കു മുന്നില്‍ ഹിറ്റ്ലര്‍ പരാജയപ്പെടുമെന്ന് അവരെ ആശ്വസിപ്പിക്കുന്നു (സമാഹൃതകൃതികള്‍ . വാല്യം 68. പു. 191-93). എന്നാല്‍ , 'ആത്മശക്തി'യുടെ ഭാഷ ഹിറ്റ്ലര്‍ക്കു മനസ്സിലാവില്ലെന്നു വന്നപ്പോള്‍ , 1942 ജൂണില്‍ 'കൂട്ട ആത്മഹത്യ'യിലൂടെ നേരിടാന്‍ ഉപദേശിക്കുന്നു. 'വംശഹത്യ'യെ 'വംശാത്മഹത്യ'കൊണ്ട് നേരിടണമത്രേ! 'നാസികളുടെ കശാപ്പുകത്തികള്‍ക്കു മുന്നില്‍ സ്വന്തം കഴുത്തു നീട്ടിക്കൊടുക്കാനാണു ഗാന്ധിജി ജൂതരെ ഉപദേശിച്ചത്' (ലൂയിഫിഷര്‍ , ഗാന്ധി ആന്‍ഡ് സ്റ്റാലിന്‍ :ടൂ സൈന്‍സ് അറ്റ് ദ് വേള്‍ഡ്സ് ക്രോസ്റോഡ്സ്. പു. 50). തന്റെ ഉപദേശം ജൂതര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അതു വലിയ ധീരതയാകുമായിരുന്നുവെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. വിഖ്യാത ജൂത ചിന്തകനായ മാര്‍ട്ടിന്‍ ബുബര്‍ ഗാന്ധിജിക്കെഴുതിയ തുറന്ന കത്തില്‍ , അദ്ദേഹത്തിന്റെ ഉപദേശങ്ങളിലെ 'നിര്‍ദോഷമായ ദുഷ്ടതയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മനുഷ്യയുക്തികള്‍ക്കൊന്നും വിശദീകരിക്കാനാവാത്ത ഹിറ്റ്ലര്‍ എന്ന ഭ്രാന്തന്‍ പ്രതിഭാസത്തെ ഹൃദയംകൊണ്ടും ആത്മശക്തികൊണ്ടുമൊക്കെ മാനസാന്തരപ്പെടുത്താമെന്ന ഗാന്ധിജിയുടെ മൂഢവിശ്വാസത്തെയും ബുബര്‍ പരിഹസിക്കുന്നു.

ട്രെയിന്‍സംഭവം കെട്ടുകഥയോ?
'ഗാന്ധി:അണ്ടര്‍ ക്രോസ് എക്സാമിനേഷന്‍ ' എന്ന കൃതി ഗാന്ധിജിയുടെ ജിവിതത്തെ മാറ്റിമറിച്ചതെന്നു പറയുന്ന ട്രെയിന്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണാത്മക പഠനമാണ്. 1893-ലുണ്ടായതെന്നു പറയപ്പെടുന്ന ഈ സംഭവം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് 1909-ല്‍ റവ.ഡോക്ക് എഴുതിയ ജീവചരിത്രത്തിലാണ്. തന്റെ ജീവിതത്തിലെ വഴിത്തരിവിനു പ്രേരകമായതെന്നു പില്‍ക്കാലത്തെഴുതിയ ആത്മകഥയില്‍ വിശേഷിപ്പിക്കുന്ന ഈ സംഭവം നീണ്ട പതിനാറുവര്‍ഷക്കാലം ഗാന്ധിജിയോ ജിവചരിത്രകാരന്മാരോ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണ്? 1893-നും 1909-നുമിടയ്ക്ക് ഗാന്ധിജി നടത്തിയ അസംഖ്യം കത്തിടപാടുകളിലോ എഴുതിയ ലേഖനങ്ങളിലോ ഡയറിക്കുറുപ്പുകളിലോ ഈ സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. 1896-ല്‍ ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ , വെള്ളക്കാരല്ലാത്താ യാത്രക്കാര്‍ ട്രെയിനില്‍ നേരിടുന്ന വിവേചനത്തിനു താന്‍ ദൃക്സാക്ഷിയായിട്ടുണ്ടെന്നു ഗാന്ധി പറയുന്നുണ്ട്. തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയ സംഭവത്തെക്കുറിച്ച് എന്തുകൊണ്ട് ഈ യോഗങ്ങളില്‍ സംസാരിച്ചില്ല? ദക്ഷിണാഫ്രിക്കയിലെ റയില്‍വേ രേഖകളിലൊന്നും ഇങ്ങനെയൊരു സംഭവം നടന്നതിനു തെളിവുകളില്ലെന്ന് ജി. ബി. സിങ്ങ് വ്യക്തമാക്കുന്നു. ആദ്യ ജീവചരിത്രകാരനായ ഡോക്കും ഗാന്ധിജിയും ചേര്‍ന്നുണ്ടാക്കിയ ഒരു 'കെട്ടുകഥ'യാണ് ട്രെയിന്‍ സംഭവമെന്നാണ് സിങ് സ്ഥാപിക്കുന്നത്. ഗാന്ധിജിയെ വര്‍ണവിവേചനത്തിന്റെ രക്തസാക്ഷിയായി മുന്‍കാല പ്രാബല്യത്തോടെ ചിത്രീകരിക്കുന്നതിലൂടെ ഇന്ത്യക്കാരുടെ സമരങ്ങള്‍ക്ക് ഉദാരവാദികളായ ബ്രട്ടീഷുകാരുടെ പിന്തുണ നേടുകയെന്നതാവാം ഡോക്ക് ലക്ഷ്യമാക്കിയത്.

ദലിതരെ ദൈവമാക്കല്‍
'ഹരിജന'ങ്ങളുടെ രക്ഷകനായപ്പോഴും ജാതിവ്യവസ്ഥയെക്കുറിച്ചുള്ള താത്വിക സമീപനത്തില്‍ ഗാന്ധിജി യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. തൊട്ടുകൂടായ്മയ്ക്കെതിരായ യുദ്ധം ഹിന്ദുയിസത്തിന്റെ ആത്മഹത്യാപരമായ കാര്‍ക്കശ്യത്തിനെതിരായ 'ചികിത്സ' മാത്രമാണ്. ആധുനിക യുഗത്തില്‍ ഹിന്ദുയിസത്തിന് അതിജീവനം സാധ്യമാകണമെങ്കില്‍ അതു കൂടുതല്‍ 'ഉദാര'മാകണമെന്നു മനസ്സിലാക്കിയ ഗാന്ധിജി അതിന്റെ 'ആത്യന്തികരക്ഷകനാ'യി മാറുകയായിരുന്നു. അധസ്ഥിതരുടെ സംഘടിത കലാപം ഒഴിവാക്കുന്നതിനുള്ള എളുപ്പവഴി തൊട്ടുകൂടായ്മയെ ആശ്രിതത്വമാക്കിയെടുക്കുകയാണെന്നു ഗാന്ധിജി സവര്‍ണ ഹിന്ദുയിസത്തെ പഠിപ്പിച്ചു. ബഹിഷ്കര്‍ത്താക്കളും ബഹിഷ്കൃതരും തമ്മിലുള്ള വിരുദ്ധ ദ്വന്ദത്തെ ഗാന്ധിജി, രക്ഷാകര്‍ത്താവും ശിശുവും ഉദ്ധാരകനും ഉദ്ധരിക്കപ്പെടുന്നവനും ഹരിയും ജനവും തമ്മിലുള്ള ആശ്രിത ബന്ധമാക്കി മാറ്റി. സവര്‍ണഹിംസയ്ക്കു വിധേയരായിരുന്ന ജനവിഭാഗങ്ങളെ 'ഹരിജനവത്കരണ'ത്തിലൂടെ 'ദൈവ'ത്തിന്റെ സ്ഥാനത്തു പ്രതിഷ്്ഠിച്ചു. ദലിതരെ സാമൂഹ്യമണ്ഡലത്തില്‍ നിന്ന് 'ഉയര്‍ത്തുക'യും അതിഭൌതികതലത്തിലേക്കു നിഷ്കാസനം ചെയ്യുകയുമെന്നതാണ് ഈ ദിവ്യവത്കരണത്തിന്റെ സാമൂഹിക പ്രത്യാഘാതം. ദൈവികമാകുക എന്നതിനര്‍ത്ഥം സ്വയം സംസാരിക്കാനും കര്‍ത്തൃത്വത്തിലേക്കു വികസിക്കാനുമുള്ള ശേഷി ഇല്ലാതാവുക എന്നാണ്. ദൈവങ്ങള്‍ സ്വയം സംസാരിക്കില്ലല്ലോ. ഭക്തരിലൂടെയാണു ദൈവഹിതം വെളിപ്പെടുന്നത്. അവരാണു ദൈവത്തിന്റെ വക്താക്കളും നിര്‍വാഹകരും. ഗാന്ധിജിയുടെ ഹരിജനോദ്ധാരകര്‍ ദലിതരുടെ വക്താക്കളായി മാറുന്നതോടെ, അവര്‍ നാവു നഷ്ടപ്പെട്ട ദൈവങ്ങളെപ്പോലെയാകുന്നു. ദലിതരെ ദൈവവത്കരിച്ച് സ്വര്‍ഗത്തിലേക്കുയര്‍ത്തിയ ഗാന്ധിജി, ഇന്ത്യുടെ സാമൂഹിക മണ്ഡലത്തെ ഒരു ആഭ്യന്തര യുദ്ധസാദ്ധ്യതയില്‍നിന്നും മോചിപ്പിക്കുകയായിരുന്നു. കാരണം, മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കുവേണ്ടി സമരം ചെയ്യാന്‍ ദൈവങ്ങള്‍ക്കു ഭൂമിയിലേക്ക് ഇറങ്ങിവരാനാവില്ലല്ലോ. ചുരുക്കത്തില്‍ , സവര്‍ണ ന്യൂനപക്ഷവും അവര്‍ണ ഭൂരിപക്ഷവും തമ്മില്‍ നടക്കേണ്ടിയിരുന്ന രക്തരൂക്ഷിതവും യുഗനിര്‍ണായകവുമായ ഒരു 'ആഭ്യന്തരയുദ്ധ'ത്തിന്റെ സാധ്യതകളെതകര്‍ത്തു എന്നതാണ് സനാതന ഹിന്ദുയിസത്തിനു ഗാന്ധിജി നല്‍കിയ ഏറ്റവും വലിയ സംഭാവന.

നെഹ്റു പ്രതിനിധാനം ചെയ്ത ദേശീയ പ്രസ്ഥാനധാര ബ്രിട്ടീഷുകാരില്‍നിന്നു ഭരണകൂടം ഏറ്റെടുക്കാനാണു ശ്രമിച്ചത്. നെഹ്റു ഏറ്റെടുത്ത ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥ യൂറോപ്യന്‍ ആധുനികതയുടെ ഉത്പന്നമാണ്. എന്നാല്‍ , ഭരണകൂട കൈമാറ്റത്തെ സാധ്യമാക്കിയ പ്രക്ഷോഭങ്ങളുടെ 'ദേശീയ ജനകീയത'ഗാന്ധി മഹാത്മ്യത്തിലധിഷ്ഠിതവുമാണ്. ഗാന്ധിസത്തിന്റെ പൂര്‍ണനിരാകരണമായ പാര്‍ലമെന്റിലോ കോടതിയിലോ ഗാന്ധിയുടെ പടമോ പ്രതിമയോ സ്ഥാപിക്കുന്നതില്‍ വൈരുധ്യമില്ലാത്തത് അതുകൊണ്ടാണ്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ദേശീയ വൈകാരികമൂല്യമുള്ള ഒരു സാംസ്കാരിക ഉപകരണം മാത്രമായിരുന്നു ഗാന്ധിജി .ആധുനിക രാഷ്ട്രീയ സാങ്കേതിക പ്രക്രിയകളുടെ വിളഭൂമിയില്‍ കുത്തിനിര്‍ത്താവുന്ന ഒരു 'കോലം' മാത്രമാണ് ഗാന്ധിരൂപമെന്നു നെഹ്റു തിരിച്ചറിഞ്ഞിട്ടുണ്ടാവും.

നവഗാന്ധിസവും പൌരസമൂഹവും
ഇന്ത്യയുടെ ഭരണകൂടവ്യവസ്ഥയില്‍ നിന്നു ഗാന്ധിസത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞെങ്കിലും സാംസ്കാരിക-പൌരസമൂഹ മണ്ഡലങ്ങളില്‍ അതിന്റെ വിനാശകരമായ മതാത്മക സാന്നിധ്യം ഇപ്പോഴും സജീവമാണ്. ഇന്ത്യന്‍ പൌരസമൂഹത്തിന്റെ ഹൈന്ദവാധിഷ്ഠാനങ്ങള്‍ ഗാന്ധിസത്തിനു വളക്കൂറുള്ള മണ്ണാണ്. ഇന്ത്യയില്‍ ഭരണകൂടവും പൌരസമൂഹവും തമ്മിലുള്ള സംഘര്‍ഷം വാസ്തവത്തില്‍ മതേതര ആധുനികതയും നവഹിന്ദുയിസവും തമ്മിലുള്ള സംഘര്‍ഷമാണ്. നവ ഹിന്ദുയിസത്തിന്റെ ഉദാരാശയങ്ങളാണ് മിക്കപ്പോഴും പൌരസമൂഹപ്രസ്ഥാനങ്ങളിലൂടെ പ്രകാശിതമാകുന്നത്. സനാതനവും എന്നാല്‍ ഉദാരവുമായ ഒരു ഹൈന്ദവ പൌരസമൂഹത്തിന്റെ പുതിയ രൂപമാണ് നവഗാന്ധിസം.

വര്‍ത്തമാന ഇന്ത്യയിലെ ഏറ്റവും വലിയ വൈരുധ്യം ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ ദേശരാഷ്ട്ര-സംസ്കാരവും തമ്മിലുള്ള വൈരുധ്യമാണ്. യൂറോപ്യന്‍ സമൂഹങ്ങളില്‍നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് സാമൂഹിക മണ്ഡലത്തിന്റെ സ്വാച്ഛന്ദ്യവും രാഷ്ട്രീയത്തിന്റെ ആശ്രിതത്വവുമാണ്. തദ്ദേശീയവും വൈശികവുമായ സാമ്രാജ്യങ്ങള്‍ മാറിമാറി വന്നിട്ടും അവയ്ക്കൊന്നും ജാതിസാമൂഹിക വ്യവസ്ഥയെ അടിസ്ഥാനപരമായി സ്പര്‍ശിക്കാനോ മാറ്റിമറിക്കാനോ കഴിഞ്ഞിട്ടില്ല. കാരണം രാഷട്രീയ-ഭരണകൂട വ്യവസ്ഥയുടെ പരിരക്ഷ ആവശ്യമില്ലാതെതന്നെ സ്വയം നിലില്‍ക്കാനുള്ള കവചിതസ്വഭാവം ജാതിസാമൂഹികവ്യവസ്ഥ ആര്‍ജിച്ചിരുന്നുവെന്നതാണ്. യൂറോപ്പിലാകട്ടെ, മതാധികാരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചത് ഭരണകൂടങ്ങളുടെ ഭൌതികമായ സംരക്ഷണയിലും പിന്തുണയിലുമാണ്. അതുകൊണ്ടുതന്നെ ഭരണകൂട-മതസഖ്യത്തിനെതിരായ പ്രതിരോധങ്ങളുടെ പ്രഭവകേന്ദ്രമെന്ന നിലയ്ക്കാണ് യൂറോപ്പില്‍ പൌരസമൂഹം രൂപംകൊള്ളുന്നത്. നവോത്ഥാനം, ശാസ്ത്രം,പ്രബുദ്ധത, ആധുനികത തുടങ്ങിയവയെല്ലാം പൌരസമൂഹമണ്ഡലത്തില്‍ സംഭവിച്ച വിമര്‍ശനങ്ങളുടെയും വിചാര വിപ്ളവങ്ങളുടെയും സൃഷ്ടിയാണ്. ആധുനിക യൂറോപ്യന്‍ രാഷ്ട്രീയചിന്ത ഈ ധൈഷണിക വിപ്ളവങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ , ഹൈന്ദവ സാമൂഹ്യമണ്ഡലത്തിന്റെ ആന്തരികമായ സ്വാച്ഛന്ദ്യത്തിലുള്ള ഏതുതരം ഇടപെടലുകളെയും, അതു തദ്ദേശീയമായാലും വൈദേശികമായാലും അധിനിവേശമായിട്ടാണു കരുതപ്പെട്ടുപോന്നത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഈ നൈന്തര്യത്തിനു ഭംഗം വരുത്തിയെന്നതാണു ബ്രിട്ടീഷ് ഭരണത്തെ ഏറ്റവുമധികം അപ്രിയമാക്കിയത്. ബ്രിട്ടീഷ് രാജിന്റെ ഭാഗമായ രാഷ്ട്രിയ-നിയമ-ഭരണരംഗങ്ങളില്‍ കൂടുതല്‍ പങ്കാളിത്തത്തിനുവേണ്ടി വാദിച്ചുപോന്ന ആദ്യകാല കോണ്‍ഗ്രസ് നയത്തില്‍നിന്നു ഭിന്നമായി, ഗാന്ധിജി ആയുധമാക്കിയത്, കവചിത പൌരസമൂഹത്തില്‍ ബ്രിട്ടീഷ് ഇടപെടലുകള്‍ സൃഷ്ടിച്ച വൈകാരിക വിക്ഷുബ്ധതയെയാണ്. 'ഗ്രാമസ്വരാജ്,' 'ചര്‍ക്ക' തുടങ്ങിയ ബിംബവിന്യസത്തിലുടെ പരമ്പരാഗത സമൂഹത്തിന്റെ സ്വച്ഛന്ദ്യമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. എന്നാല്‍ , സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടം പിന്തുടര്‍ന്ന രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ ഗാന്ധിജിയുടെ സ്വപ്നത്തെ ഒരു പരിധിവരെ പരാജയപ്പെടുത്തുകയായിരുന്നു. പൌരസമൂഹ പാരമ്പര്യത്തെയോ ഗാന്ധിസത്തെയോ ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടന പ്രതിഫലിപ്പിക്കുന്നില്ല. ആധുനിക യൂറോപ്യന്‍ രാഷ്ട്രീയ-നിയമ വ്യവാഹരങ്ങളെയാണ് ഇന്ത്യന്‍ ഭരണഘടന ആസ്പദമാക്കിയിട്ടുള്ളത്. 'ഭാരതം', 'ധര്‍മ്മം' എന്നീ ചില ശുഷ്ക പദങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയിലെ ഏറ്റവും 'ഇന്ത്യേതര'മായ ആശയവും സ്ഥാപനവും മൂല്യവും വ്യവഹാരവുമാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യയെന്ന രാജ്യം നിലനില്‍ക്കുന്നത് ഇന്ത്യേതരമായ അധിഷ്ഠാനത്തിലാണെന്നാണു വിവക്ഷിക്കുന്നത്. ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ വൈരുദ്ധ്യവും ഇതുതന്നെയാണ്. ഈ വൈരുദ്ധ്യത്തിന്റെ അക്രമാസക്തമായ പരിഹാരമാണ് സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ , അഹിംസാത്മകവും ഉദാരവുമായ ഒന്നാണ് നവഗാന്ധിസം നിര്‍ദ്ദേശിക്കുന്നത്. രണ്ടിനും പിന്നിലുള്ളത് സാക്ഷാത്കാരം കാത്തുകിടക്കുന്ന ഗാന്ധിയന്‍ സ്വപ്നമാണ്. മതേതര ഇന്ത്യന്‍ രാഷ്ട്രീയ-ഭരണവ്യസ്ഥയ്ക്കുമേല്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന തീവ്രഹിന്ദുത്വവാദികള്‍ മുതല്‍ നവഗാന്ധിയന്മാര്‍വരെയുള്ളവര്‍ ഹൈന്ദവപൌരസമൂഹത്തിന്റെ തീവ്രഉദാരമുഖങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, ഈ തീവ്ര-ഉദാരമുഖങ്ങള്‍ ഏകമുഖമാകാനും സാധ്യതയുണ്ട്. മോഡിയും താക്കറെയും അണ്ണാഹസാരെയും രാംദേവും കൈകോര്‍ക്കുന്ന ഈ 'സാദ്ധ്യത'യുടെ പേരാണ് നവഗാന്ധിസം.

1 comment:

  1. charithrathinte punar vayanakkidayil, bimbangal thakarnnu veenal,athu charithrathinte anivaryatha thanneyanu!

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.