എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും -
ഒരു വസ്തുതാ പഠനം
(എയ്ഡഡ് മേഖലാ പ്രക്ഷോഭ സമിതി തയ്യാറാക്കിയ പഠനം- എഡിറ്റു ചെയ്തത്)
ദലിത് -ആദിവാസി വിഭാഗങ്ങളെ മൊത്തമായും ഉന്നത വിദ്യാഭ്യാസം നേടി തൊഴില്‍ രഹിതരായ പ്രസ്തുത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ സവിശേഷമായും ബാധിക്കുന്ന ചില നിര്‍ണായക പ്രശ്നങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യാതെ പോകുന്നുണ്ട്. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, അവസര സമത്വത്തിനുള്ള അവകാശം(The State shall not deny to any person equality before the law or the equal protection of the laws within the territory of India) എല്ലാ പൗരന്മാര്ക്കും ഉറപ്പു നല്‍കുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ വിഭവാധികാരങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 15(4), 16(4) , 45, 46, 330, 332, 338, 341, 342, 335 തുടങ്ങിയവയിലൂടെ സവിശേഷമായ ചില അവകാശങ്ങളും ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ , ജുഡീഷ്യറി , മാധ്യമങ്ങള്‍ തുടങ്ങി സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ , മധ്യമജാതി വിഭാഗങ്ങളുടെ സംരക്ഷണാര്‍ഥം ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ നിത്യശാപമായി തുടരുകയാണ്.
ദലിത് -ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തട്ടിപ്പറിക്കുന്ന കാര്യത്തില്‍ യു.ജി.സി. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ ഏജന്‍സികളും 'ഗവേഷണം' നടത്തുന്നുണ്ടെന്നു തോന്നുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ എസ് സി/എസ് റ്റി സംവരണം കര്‍ശനമായും പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം യു.ജി.സി.യ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ കഴിഞ്ഞ 38 വര്‍ഷമായി ഈ സംവരണം നടപ്പാക്കുന്നില്ല. യു ജി സിയോ സര്‍ക്കാരോ യൂനിവേഴ്സിറ്റികളോ അതൊരു അവകാശ ലംഘനമായി കണക്കാക്കുന്നതേയില്ല.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ 79.14 ശതമാനം കോളെജുകളും 78.33% അധ്യാപകരും ഉള്‍ക്കൊള്ളുന്ന എയ്ഡഡ് വിദ്യാഭ്യാസ വ്യവസ്ഥ ,സംവരണ നിഷേധത്തിലൂടെ സാമൂഹികാനീതികള്‍ ഉല്പാദിപ്പിക്കുന്ന പടുകൂറ്റന്‍ ഫാക്ടറികളായി തീര്‍ന്നിരിക്കുന്നു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ : ചരിത്രപരമായ വഴികള്‍
സാമുദായിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് എല്ലാക്കാലത്തും കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലം വികസിച്ചതെന്നാണ് പ്രബലമായ വിശ്വാസം. സ്വാതന്ത്ര്യത്തിനു മുന്‍പ് അനധികൃതമായും പ്രത്യേക സമ്മര്ദങ്ങളിലൂടെയും ചില വിഭാഗങ്ങള്‍ ഭൂമിയും സമ്പത്തും കൈക്കലാക്കിയപ്പോള്‍, തൊട്ടുകൂടാത്തവര്‍ (untouchables)അടക്കമുള്ള കീഴാള വിഭാഗങ്ങള്‍ക്കു കൂടിയായി വിദേശ മിഷനറികള് സ്ഥാപിച്ച , വിദ്യാഭ്യാസമടക്കമുള്ള സ്ഥാപനങ്ങളാണ് ചില വിഭാഗങ്ങള്‍ സ്വാതന്ത്ര്യാനന്തരവും കൈവശം വച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളില്‍ നിന്ന് ഉദാരമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടാണ് ഇക്കൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഭൂമിയുള്‍പ്പെടെയുള്ള അടിസ്ഥാന വിഭവങ്ങള്‍ സൗജന്യമായും ചിലപ്പോഴൊക്കെ ലഘുവായ വ്യവസ്ഥയിലും സര്‍ക്കാര്‍ , മാനേജ്മെന്റുകള്‍ക്കു നല്കുകയുണ്ടായി. ഭൂമിയടക്കമുള്ള അടിസ്ഥാന വിഭവങ്ങള്‍ സൗജന്യമായി ലഭിച്ച കേരളത്തിലെ മധ്യമജാതി വിഭാഗങ്ങളുടെയും സവര്‍ണ ന്യൂനപക്ഷങ്ങളുടെയും കീഴില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല തഴച്ചു വളര്‍ന്നു.
പില്ക്കാലത്ത് ഈ സ്ഥാപനങ്ങള്‍ ജനാധിപത്യ സര്‍ക്കാറുകളെപ്പോലും ദുര്‍ബലപ്പെടുത്തുവാനുള്ള ശക്തി സംഭരിച്ചു. വിദ്യാഭ്യാസത്തെ 'പൊതു' വാക്കാനുള്ള നീക്കങ്ങളെയെല്ലാം ചെറുത്തു തോല്‍പ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞു. സങ്കുചിതമായ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അതാതു കാലത്തെ സര്‍ക്കാറുകളെ നിയന്ത്രിച്ചു നിര്‍ത്താനും ഇവര്‍ക്കായി. ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സംഘടിത സ്വഭാവവും വിലപേശാനുള്ള കഴിവും ഇല്ലാത്തവരായതിനാല്‍ നിശ്ശബ്ദരാവുകയോ പൊതുരീതിക്കു വഴിപ്പെടുകയോ ചെയ്തു. കേരള ഗവണ്മെന്റിനെ, വിശേഷിച്ച് വിദ്യാഭ്യാസ മന്ത്രിയെ (' സ്വയം ചെലവു കണ്ടെത്തല്‍ സ്ഥാപനങ്ങള്‍ ' എന്ന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സൈദ്ധാന്തിക ഭാഷ്യം നല്‍കിയത് ഓര്‍ക്കുമല്ലോ) നോക്കുകുത്തിയാക്കിക്കൊണ്ട് സുപ്രീം കോടതിയില്‍ നിന്നു് അനുകൂല വിധികള്‍ സമ്പാദിക്കുവാന്‍ സാധിക്കുന്ന, 90കള്‍ക്കു ശേഷം കേരളത്തില്‍ പടര്‍ന്നു പന്തലിച്ച സ്വാശ്രയ മേഖല ,വാസ്തവത്തില്‍ സര്‍ക്കാര്‍ ചെലവില്‍ വളര്‍ന്ന എയ്ഡഡ് മാനേജ്മെന്റുകളുടെ എക്സ്റ്റന്‍ഷന്‍ ആണെന്നതാണ് വസ്തുത.
'ഡയരക്ട് പേയ്മെന്റ് സിസ്റ്റം'അഥവാ സാമൂഹികാനീതികളുടെ 'മാനിഫെസ്റ്റോ'
1971ല്‍ ആരംഭിച്ച കോളേജധ്യാപകരുടെ സമരം ഒത്തുതീര്‍ക്കുന്നതിനായി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡയരക്ട് പേയ്മെന്റ് സിസ്റ്റം . ഗവണ്മെന്റും സ്വകാര്യ കോളജ് മാനേജ്മെന്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇതു വിലയിരുത്തപ്പെടുന്നത്. താഴെപറയുന്നവയാണ് ഈ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ :
1-9-1972 മുതല്‍ സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നേരിട്ടു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതാണ്.
- അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്താനുള്ള അവകാശം സ്വകാര്യ മാനേജ്മെന്റുകള്‍ക്കായിരിക്കും.
- ഓരോ വര്‍ഷവും കോളെജിനാവശ്യമായ വാര്‍ഷിക ഗ്രാന്റ്, മെയ്ന്റന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്‍കുന്നതാണ്.
- അതാത് ആവശ്യങ്ങള്‍ക്കായി സ്പെഷ്യല്‍ ഫീസ് പിരിക്കാനും അതേ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനും കോളെജുകള്‍ക്ക് അധികാരമുണ്ടായിരിക്കും.
മാനേജ്മെന്റുകള്‍ക്ക് തൊഴില്‍ നിയമന കാര്യത്തില്‍ സ്വതന്ത്ര പരമാധികാരം ഉറപ്പു നല്കുന്ന ഈ കരാറിലൂടെ അവരുടെ അധികാരങ്ങള്‍ എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സര്‍ക്കാറിനു നഷ്ടപ്പെടാന്‍ മുഖ്യകാരണവും ഈ കരാര്‍ തന്നെയാണ്. ഫലത്തില്‍ സാമൂഹിക നീതി പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല ആധിപത്യ വിഭാഗങ്ങളെ കൂടുതല്‍ തൃപ്തിപ്പെടുത്തി എയ്ഡഡ് മേഖലയില്‍ നിന്ന് ദലിത് -ആദിവാസി വിഭാഗങ്ങളെ എന്നെന്നേക്കുമായി പുറംതള്ളാനും ഈ 'സവര്‍ണ കരാറി'ലൂടെ സാധിച്ചു.
ആ കരാറില്‍ എസ് സി/എസ് റ്റി സംവരണത്തെ പരാമര്‍ശിക്കുന്ന ഏക ഭാഗം വിദ്യാഥികളുടെ പ്രവേശനം സംബന്ധിച്ചുള്ളതാണ്. 20% സീറ്റുകള്‍ എസ് സി/എസ് റ്റി വിഭാഗങ്ങള്‍ക്കു നീക്കിവെക്കണമെന്നും തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും അതു നിഷ്കര്‍ഷിക്കുന്നുണ്ട്. പ്രസ്തുത വിഭാഗത്തില്‍ യോഗ്യരായവരുടെ അഭാവത്തില്‍ ഒ ബി സി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
1981ല്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ 11ഉം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ 6ഉം എയ്ഡഡ് കോളജുകള്‍ക്ക് അഫിലിയേഷനുള്ള അനുമതി നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവിലും തൊഴില്‍ നിയമന കാര്യങ്ങളില്‍ 1972ലെ വ്യവസ്ഥ അതേപടി ആവര്‍ത്തിക്കുകയാണ് .
ഈ നിയമത്തിലെ 6-ാം വകുപ്പു പ്രകാരം കോളെജു് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളില്‍ 25% സീറ്റുകള്‍ എസ് സി/എസ് റ്റി വിഭാഗങ്ങള്‍ക്കു നല്‍കണം എന്നു പറയുന്നു. 11-ാം വകുപ്പിലാകട്ടെ യുനിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട്, ഓര്‍ഡിനന്‍സ്, റഗുലേഷന് തുടങ്ങിയവയനുസരിച്ചായിരിക്കണം നിയമനങ്ങളും പ്രമോഷനുകളും എന്നു പറയുന്നു. എസ് സി/എസ് റ്റി നിയമന സംവരണത്തെക്കുറിച്ച് അവിടെയും മൗനം തുടരുകയാണ്.
ഈ കരാറിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയും ,പൊതുഖജനാവില്‍ നിന്നെടുത്ത് എയ്ഡഡ് മേഖലയില്‍ ചെലവിടുന്ന മുഴുവന്‍ ഫണ്ടും കേരളത്തിലെ സമ്പന്ന, സവര്‍ണ മധ്യമ ജാതി വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മാത്രമായി വീതിക്കപ്പെടുകയും ചെയ്തു.38 വര്‍ഷമായി തുടരുന്ന ഈ അനീതിക്കെതിരെ ,മാറിമാറി വരുന്ന സര്‍ക്കാറുകളും പൊതുസമൂഹവും മുഖം തിരിച്ചു നില്ക്കുകയാണിപ്പോഴും.
എയ്ഡഡ് വിദ്യാഭ്യാസ മേഖല:ഞെട്ടിക്കുന്ന കേരളീയ യാഥാര്‍ത്ഥ്യം
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയുടെ മൂന്നിരട്ടിയോളം വരുന്ന എയ്ഡഡ് മേഖലയുടെ വ്യാപ്തിയും അധ്യാപക അനുപാതവും ആണ് ഇനി പരിശോധിക്കുന്നത്.
എയ്ഡഡ് മേഖലയില്‍ 687 ഹയര്‍ സെക്കന്ററി സ്കൂളുകളിലായി 10,212 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എസ് സി/എസ് റ്റി വിഭാഗങ്ങളുടെ തരംതിരിച്ച കണക്ക് ലഭ്യമല്ലെന്നാണ് ഹയര്‍സെക്കന്ററി ഓഫീസ് നല്കുന്ന വിവരം. (രേഖകള്‍ 5,5(1) കാണുക) 1429 ഹൈസ്ക്കൂളുകളിലായുള്ള 35,584 അധ്യാപകരില്‍ എസ് സി-84ഉം എസ് റ്റി-2 പേരുമാണുള്ളത്. 1869 യു പി സ്കൂളുകളിലായി 33,057 അധ്യാപകരുണ്ട്. ഇതില്‍ എസ് സി 91ഉം എസ് റ്റി-32ഉം ആണ്. 3981 എയ്ഡഡ് എല്‍ പി സ്കൂളുകളിലായി 36, 287 അധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 പേര് എസ് സി വിഭാഗത്തിലും 62 പേര് എസ് റ്റി വിഭാഗത്തിലും പെട്ടവരാണ്.
ഹയര്‍സെക്കന്ററി സ്കൂള്‍ , ഹൈസ്കൂള്‍ , യു പി, എല്‍ പി അടക്കം മൊത്തം 7966 സ്കൂളുകളാണു് എയ്ഡഡ് മേഖലയിലുള്ളത്. ഇതില്‍ 1,15,140 അധ്യാപകരുണ്ട്. പൊതുഖജനാവിലെ പണം കൊണ്ട് ശമ്പളവും പെന്‍ഷനും നല്കുന്ന ഈ മേഖലയില്‍ സാമൂഹിക നീതിയനുസരിച്ച്(10% സംവരണ പ്രകാരം) ദലിത് ആദിവാസികള്‍ക്കു ലഭ്യമാകേണ്ടത് 11,500-ലേറെ അധ്യാപക തസ്തികകളാണ്.എന്നാല്‍ ദലിത് -ആദിവാസി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം കേവലം 447 ആണ്.
അടിസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ചിത്രം ഇപ്രകാരമാണെങ്കില് കൂടുതല്‍ പണം സര്‍ക്കാറില്‍ നിന്നൊഴുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ ഇതിനേക്കാള്‍ സങ്കടകരമാണ്.
2007-08ല്‍ കേരളത്തില്‍ 9810 കോളജ് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2125 സര്‍ക്കാര്‍ കോളേജ് അധ്യാപകരും (21.77%), 7685 (78.33%) എയ്ഡഡ് കോളജ് അധ്യാപകരുമായിരുന്നു. യു ജി സി പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ തുക 1165.45 കോടി രൂപയാണെന്നാണ് കേരള ഗവണ്മെന്റിന്റെ കണക്ക്. ഇതില്‍ പണം കൊടുത്തും പൊതു പരീക്ഷയെ (പി എസ് സി) അഭിമുഖീകരിക്കാതെയും നിയമനം നേടിയ എയ്ഡഡ് കോളജിലെ അധ്യാപകര്‍ക്കു കൊടുക്കേണ്ടത് 909.76 കോടിയാണ്. പെന്ഷന് ഇനത്തില്‍ നീക്കിവെച്ച 557.90 കോടിയില്‍ 437 കോടി രൂപയും എയ്ഡഡ് കോളജ് അധ്യാപകര്‍ക്കു കൊടുക്കേണ്ടതാണ്.
39 സര്‍ക്കാര്‍ കോളജുകളിലായി 2335 അധ്യാപകരില്‍ 284 എസ് സി വിഭാഗവും 14 എസ് റ്റി വിഭാഗം അധ്യാപകരും ജോലി ചെയ്യുമ്പോള്‍ 150 എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളിലെ 7199 അധ്യാപകരില്‍ 11 പേര് മാത്രമാണ് എസ് സി/എസ് റ്റി വിഭാഗത്തില്‍ നിന്നുള്ളത്. കേരളത്തിലെ 3 എയ്ഡഡ് എഞ്ചിനീയറിങ് കോളെജുകള്‍, 3 ഹോമിയോ കോളെജുകള്‍, 3 സംഗീത കോളെജുകള്‍, എയ്ഡഡ് മെഡിക്കല്‍ കോളെജുകള്‍, 14 എയ്ഡഡ് ട്രെയിനിങ് കോളജുകള്‍ എന്നിവിടങ്ങളിലെ അധ്യാപക- അനധ്യാപക കണക്കുകള്‍ ഇതിനു പുറമെയാണ്.
1972ലെ ആക്ടിലൂടെ സ്വതന്ത്ര നിയമനാധികാരം കരസ്ഥമാക്കിയ മാനേജ്മെന്റുകള്‍ തങ്ങളുടെ സ്വന്തം കുടുംബ/സമുദായ/ജാതി വിഭാഗങ്ങളെ ലക്ഷങ്ങള്‍ കോഴവാങ്ങി അധ്യാപക -അനധ്യാപകരായി നിയമിക്കുന്നതും പൊതുഖജനാവിലെ ശമ്പളവും പെന്‍ഷനുമടക്കമുള്ള, സര്ക്കാറുദ്യോഗസ്ഥരുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഈ വിഭാഗം സാമൂഹിക സാമ്പത്തിക നില ഭദ്രമാക്കുന്നതും കഴിഞ്ഞ 38 വര്‍ഷത്തെ കേരളീയാനുഭവമാണ്. എയ്ഡഡ് മേഖലയില്‍ അവര്‍ക്കുള്ള മൃഗീയ സാധ്യതകളെക്കുറിച്ച് എല്ലാവരും മൗനം പാലിക്കുകയാണ്. ആ മേഖലയിലെ അവരുടെ ആധിപത്യത്തെ 'വിവേചന ഭീകരത'യായി ആരും കാണുന്നുമില്ല. എന്നാല്‍ എസ് സി/എസ് റ്റി വിഭാഗങ്ങള്‍ ഭരണഘടനാനുസൃതമായി അനുഭവിക്കുന്ന സംവരണം പോലുള്ള രാഷ്ട്രീയാവകാശങ്ങളോട് ഇക്കൂട്ടര്‍ കാണിക്കുന്ന അസഹിഷ്ണുത വളരെ പ്രകടവുമാണ്.
സര്‍ക്കാര്‍ മേഖലയിലെ 10% അധ്യാപക തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന എസ് സി/എസ് റ്റി വിഭാഗങ്ങള്‍ പൊതുപരീക്ഷകളില്‍ (പി എസ് സി) വിജയിച്ച് അക്കാദമിക് മികവു തെളിയിച്ചവരാണ്. അതേ സമയം മൂന്നിരട്ടിയിലേറെ വരുന്ന എയ്ഡഡ് മേഖലയിലെ തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത ജാതി അല്ലെങ്കില്‍ മതം മാത്രമാണെന്ന നഗ്ന സത്യം , മെറിറ്റ്/കഴിവ് കൊണ്ടു പുരോഗതി പ്രാപിച്ചവരാണു തങ്ങളെന്ന സവര്‍ണ നാട്യങ്ങളുടെ പൂച്ച് പുറത്തു ചാടിക്കുന്നുണ്ട്.
എയ്ഡഡ് മേഖലയില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെടുന്ന 'അനന്തമൂര്‍ത്തി കമ്മീഷന് റിപ്പോര്‍ട്ട്' നടപ്പാക്കരുതെന്നാവശ്യപ്പെടുന്ന എന്‍ എസ് എസ് അടക്കമുള്ള സാമുദായിക നേതൃത്വങ്ങള്‍ സാമൂഹിക നീതിക്കെതിരെ പടവെട്ടുന്നവരായി അധഃപതിക്കുകയാണ്. വിദ്യാഭ്യാസ മേഖല സാമൂഹികാനീതികള്‍ പ്രതിഫലിക്കുന്ന സ്വാഭാവിക ഇടങ്ങളായി മാറുന്നതില്‍ സര്‍ക്കാറിനുള്ള പങ്കും ഗൗരവമായി പരിശോധിക്കേണ്ടതാണ്.
എയ്ഡഡ് അധ്യാപക നിയമനത്തിനുള്ള 'സെലക്ഷന് കമ്മറ്റി'യില്‍ യൂനിവേഴ്സിറ്റിക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള യു.ജി.സി. ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് എന്‍ എസ് എസ്, എസ് എന്‍ ഡി പി, ക്രിസ്റ്റ്യന്‍, മുസ്ലിം മാനേജ്മെന്റുകളുടെ എതിര്‍പ്പു കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതും സമീപകാല അനുഭവങ്ങളാണ്.
എയ്ഡഡ് മേഖലാ സംവരണം: മിത്തും യാഥാര്‍ഥ്യവും
എയ്ഡഡ് മേഖലയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുബോധം സങ്കീര്‍ണമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാതെ സ്വകാര്യ മാനേജ്മെന്റുകള്‍ 'സ്വന്തമായി നടത്തുന്ന' സ്ഥാപനങ്ങളായതിനാല്‍ സാമൂഹിക നീതിയുടെ പ്രശ്നം ഇവിടെ പ്രസക്തമല്ലെന്നതാണ് ഇതിലൊന്ന്. ചെറിയൊരു വിഭാഗം ബുദ്ധിജീവികള്‍ വരെ എയ്ഡഡ് മേഖലയില്‍ സംവരണം കാലാകാലങ്ങളിലായി പാലിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു. അതതു വിഭാഗങ്ങളുടെ താല്പര്യ സംരക്ഷണാര്‍ഥം വാമൊഴികളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇത്തരം അത്യുക്തികള്‍ ഒരു 'മിത്ത്' ആയി രൂപപ്പെടുന്നതും കാണാം.
എയ്ഡഡ് മേഖലയിലെ എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളില്‍ സംവരണം നടപ്പാക്കാതിരിക്കാനുള്ള നിയമം/സര്‍ക്കാര്‍ ഉത്തരവ് ഏതാണെന്ന് ഇപ്പോഴും അജ്ഞാതമാണെങ്കിലും എയ്ഡഡ് കോളെജുകളിലെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാനുള്ള 'വ്യവസ്ഥയില്ല' എന്നതാണത്രേ വസ്തുത!! ഡയരക്ട് പേയ്മെന്റ് വ്യവസ്ഥയെ 'ഉദ്ധരിച്ചു'കൊണ്ട് തിരുവനന്തപുരം കോളീജിയറ്റ് ഡയരക്ടറുടെ ഓഫീസില്‍ നിന്നു് വിവരാവകാശനിയമ പ്രകാരം ലഭിച്ച കത്തില്‍ ''എയ്ഡഡ് കോളെജുകളിലെ അധ്യാപക നിയമനത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ സംവരണത്തിന് യു.ജി.സി.യുടെയോ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയോ നിയമങ്ങള്‍ നിലവിലില്ല" എന്നു ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു.
എന്നാല്‍ വിവരാവകാശ നിയമപ്രകാരം യു.ജി.സി.യില്‍നിന്നു ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ഫണ്ട് ലഭിക്കുന്ന എയ്ഡഡ് കോളജ് നിയമനങ്ങളില്‍ കര്‍ശനമായി എസ് സി/എസ് റ്റി സംവരണം പാലിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുന്നു.
എയ്ഡഡ് കോളജ് അദ്ധ്യാപക/അനദ്ധ്യാപക നിയമനം : യു ജി സി നിര്‍ദ്ദേശങ്ങള്‍
കേന്ദ്രമാനവ വിഭവ വികസന മന്ത്രാലയം എയ്ഡഡ് കോളജ് (ഗ്രാന്റ്- ഇന്‍- എയ്ഡ്) നിയമനങ്ങളില്‍ എസ് സി/എസ് റ്റി സംവരണം കര്‍ശനമായി നടപ്പാക്കാന്‍ യു.ജി.സി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.ജി.സി. സംവരണം നടപ്പാക്കാന്‍ വേണ്ടി യൂനിവേഴ്സിറ്റികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ള മാര്‍ഗരേഖയില്‍ ഇതു സുവ്യക്തമാണ്.
(2) ''കേന്ദ്ര സര്‍വകലാശാലകള്‍, ഡീംഡ് യൂനിവേഴ്സിറ്റികള്‍, പൊതു ഖജനാവില്‍ നിന്ന് ഗ്രാന്റ് -ഇന്‍- എയ്ഡ് ലഭിക്കുന്ന കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ 15% എസ് സി സംവരണവും 7.5% എസ് ടി സംവരണവും നടപ്പാക്കേണ്ടതാണ്.
നിലവില്‍ ഈ വ്യവസ്ഥ നടപ്പിലാക്കുവാന്‍ നിയമമില്ലാത്ത സര്‍വകലാശാലകളോ ഗവേഷണ കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ മാര്‍ഗരേഖയിലുള്ള നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാവുന്ന വിധത്തില്‍ ചട്ടങ്ങള്‍ പരിഷ്കരിക്കണമെന്നും മാര്‍ഗ നിര്‍ദേശ രേഖ (5) വ്യക്തമാക്കുന്നു. ഇതിനായി ഭരണ നിര്‍വഹണ സമിതികള്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ ഉന്നതാധികാര സമിതികള്‍ മുന്‍കൈ എടുക്കണം.
ഇന്‍ഡ്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന ആര്‍ട്ടിക്കിള്‍ 15(4), 16(4), 46, 253 പട്ടികജാതി/വര്‍ഗങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക നീതി നടപ്പാക്കുന്നതിനായുള്ള യു.ജി.സി.യുടെ ഈ നിര്‍ദേശങ്ങള്‍. സംവരണ വ്യവസ്ഥ ലക്ച്ചറര്‍, റീഡര്‍, പ്രൊഫസര്‍ മറ്റ് സാങ്കേതിക സംജ്ഞയിലൂടെ സൂചിപ്പിക്കുന്ന (........) തസ്തികകള്‍ക്കെല്ലാം ബാധകമായിരിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാകുന്നു.[ 6(എ).]
യു.ജി.സി. നിര്‍ദേശങ്ങള്‍ പോലും അട്ടിമറിച്ചുകൊണ്ട് സര്‍ക്കാറും ഉത്തരവാദപ്പെട്ട വകുപ്പുകളും ആര്‍ക്കു വേണ്ടിയാണു നിലക്കൊള്ളുന്നതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഏതാണ്ട് 4000 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രതിവര്‍ഷം എയ്ഡഡ് മേഖലയില്‍ ചെലവിടുന്നത്. ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി വിതരണം ചെയ്യേണ്ട ഈ ഭീമമായ തുക ഏതൊക്കെ ജാതി/സമുദായ വിഭാഗങ്ങള്‍ക്കാണു വിതരണം ചെയ്യുന്നതെന്നത് ഗൗരവമര്‍ഹിക്കുന്ന അന്വേഷണമായിരിക്കും.
79.14% കോളജുകളും 78.33% അധ്യാപകരും ഉള്‍ക്കൊള്ളുന്ന എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും ജനസംഖ്യയില്‍ 11.25% വരുന്ന മുന്നോക്ക(സുറിയാനി) ക്രിസ്ത്യാനികളാണു നിയന്ത്രിക്കുന്നത്. 68% ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഈ മേഖലയില്‍ നിന്നുള്ളവരാണ്. നോണ്‍ ടീച്ചിങ് സ്റ്റാഫുകളുടെ 'ലഭ്യമല്ലാത്ത' കണക്കുകള്‍ കൂടിയാവുമ്പോള്‍ സാമൂഹികാധിപത്യത്തിന്റെ ആഴവും പരപ്പും അതിവിസ്തൃതമാണെന്നു കാണാം.
സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 4 സര്‍ക്കാര്‍ എയ്ഡഡ് കോളജിലെ 182 അധ്യാപകരില്‍ ഒറ്റയാള്‍പോലും എസ് സി/എസ് റ്റി വിഭാഗത്തില്‍ നിന്നുള്ളവരല്ല. 182-ല്‍ 135ഉം നായര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നതും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ശ്രീ കേരളവര്‍മ്മ കോളേജില്‍ മാത്രം 89 അധ്യാപകരുണ്ട്. ഇതില്‍ 33 പേര് നായര്‍ വിഭാഗത്തില്‍ നിന്നും 22 പേര് ഈഴവ വിഭാഗത്തില്‍ നിന്നുമാണ്. 8 ക്രിസ്ത്യന്‍ അധ്യാപകര്‍ ജോലിചെയ്യുന്ന ഇവിടെ ദലിത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ പൂജ്യം ആണ്. സാമുദായിക വിഭാഗമെന്ന നിലയില്‍ തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന അധിക സാധ്യതകളില്‍ കുറവു വരരുത് എന്ന ലക്ഷ്യമാണ് , സമദൂര സിദ്ധാന്തത്തിന്റെ പേരില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ മുന്നണികളെ നിലക്കു നിര്‍ത്തുന്നതിനു പിന്നില്‍ വാസ്തവത്തില്‍ എന്‍ എസ് എസ്സിനുള്ളത്. സാമ്പത്തിക സംവരണ വാദം ശക്തമായി ഉയര്‍ത്തുന്ന അവരും സൈദ്ധാന്തികമായി അതിനെ നീതിമത്കരിച്ച് അതു നടപ്പിലാക്കിയ 'കമ്യൂണിസ്റ്റ് ' സര്‍ക്കാരും ഏറ്റവും വലിയ ദലിത്- പിന്നോക്ക വിരുദ്ധരാണെന്നു പറയാതെ വയ്യ.
സമകാലിക പ്രസക്തി
1997ല്‍ കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തിയതിലൂടെ ഒഴിവുണ്ടായ 1599 അധ്യാപക തസ്തികകളിലേക്കു നിയമനം നടത്തുന്നതിനുള്ള അനുമതി 2010 ഓഗസ്റ്റ് മാസത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ്, കോളജ് മാനേജ്മെന്റുകള്‍ക്കു നല്കുകയുണ്ടായി. ഏകദേശം 300 കോടി രൂപയെങ്കിലും കോഴയിനത്തില്‍ വിവിധ സാമുദായിക- ജാതി വിഭാഗം മാനേജ്മെന്റുകളുടെ പോക്കറ്റില്‍ വീഴുന്ന ഈ നിയമന മാമാങ്ക ഉത്തരവില്‍, പക്ഷെ യു.ജി.സി. നിര്‍ദേശപ്രകാരമുള്ള സംവരണത്തെക്കുറിച്ചു മൗനം പാലിക്കുന്നു. എം. ഫില്‍, പി.എച്ച്.ഡി., നെറ്റ് യോഗ്യതകളുള്ള അനേകം എസ് സി/എസ് റ്റി ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ രഹിതരായിരിക്കുന്ന സമയത്താണ് ജനാധിപത്യ സര്‍ക്കാര്‍ സംവരണം അട്ടിമറിച്ചുകൊണ്ട് നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള ദലിത് -ആദിവാസി ഉദ്യോഗാര്‍ഥികളുടെയും ദലിത് സ്റ്റുഡന്റ്സ് മുവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി' രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കുകയും ചെയ്തിരിക്കുന്നത്.
എയ്ഡഡ് മേഖലാ സംവരണ കേസ്
1599 അധ്യാപക തസ്തികകളിലേക്കു് നിയമനത്തിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് യു.ജി.സി. മാനദണ്ഡ പ്രകാരം എസ് സി/എസ് റ്റി സംവരണം ഉള്‍പ്പെടുത്തി റീ-നോട്ടീഫൈ ചെയ്യുക, യു.ജി.സി. നിര്‍ദേശ പ്രകാരം സംവരണം പാലിക്കാത്ത എയ്ഡഡ് കോളജുകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കുക എന്നീ വാദങ്ങളുന്നയിച്ച് സമിതിയുടെ നേതൃത്വത്തില്‍ എം.എ., എം.ഫില്‍, നെറ്റ്, പിഎച്ച്,ഡി. യോഗ്യതയുള്ള 12 എസ് സി/എസ് റ്റി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിയില്‍ 2 കേസുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.
എയ്ഡഡ് മേഖലാ സംവരണ കേസ്: ഇടക്കാല ഉത്തരവ്
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം, യു.ജി.സി., കേരള സര്‍ക്കാര്‍, യൂനിവേഴ്സിറ്റികള്‍, കൊളീജിയേറ്റ് ഡയരക്ടറേറ്റ്, വിവിധ മാനേജ്മെന്റുകള്‍ തുടങ്ങിയവരെ എതിര്‍കക്ഷി ചേര്‍ത്തുകൊണ്ട് നല്കിയ കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്കു നോട്ടീസയക്കാന്‍ ഉത്തരവിട്ടു. ഇതോടൊപ്പം ഒരു ഇടക്കാല വിധിയും ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. ''1599 അധ്യാപകരെ എയ്ഡഡ് കോളജില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഉത്തരവിന്റെ സാധ്യത ഈ കേസിന്റെ അന്തിമ വിധിക്കു വിധേയമായിരിക്കും''. നീതിപീഠം ഈ അനീതിക്കെതിരെ ജാഗ്രത കാട്ടുന്നതായി വേണം മനസ്സിലാക്കാന്‍. എന്നാല്‍ ഈ ഇടക്കാല വിധിയെ തെല്ലും ഗൗനിക്കാതെ മാനേജ്മെന്റും ഗവണ്മെന്റും തകൃതിയായി നിയമനങ്ങള്‍ നടത്തിക്കൊണ്ടു മുന്നേറുകയാണ്.
പൊതുഫണ്ട് വിതരണം : സവര്‍ണ നാട്യങ്ങളും വസ്തുതകളും
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലൂടെ മാത്രമായി കേരളത്തിലെ സവര്‍ണ മധ്യമജാതി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പൊതുഫണ്ടിന്റെ സിംഹഭാഗവും (പ്രതിവര്‍ഷം 4000 കോടി രൂപ) കൈപ്പറ്റുന്നവരാണെന്ന് ഇതിനോടകം വ്യക്തമായല്ലോ. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ വെറും പത്തു ശതമാനം തൊഴില്‍ സംവരണം മാത്രമുള്ള ദലിത് -ആദിവാസി വിഭാഗങ്ങള്‍ അനര്‍ഹമായി സംവരണത്തിലൂടെ സൗജന്യങ്ങള്‍ പറ്റി പൊതുഖജനാവ് ചോര്ത്തുന്നവരാണെന്ന ഒരു വ്യാജ പ്രതീതി സൃഷ്ടിക്കാന്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതുഫണ്ട് വിതരണത്തിന്റെ യഥാര്‍ഥ ചിത്രം മൂടിവെക്കാനും അനര്‍ഹമായി ഫണ്ട് കൈപ്പറ്റുന്നതിന്റെ കുറ്റകരമായ ജാള്യം മറയ്ക്കാനുമുള്ള സവര്ണയുക്തിയാണ് ഈ പ്രതീതി യാഥാര്‍ഥ്യ നിര്‍മിതിയുടെ പിന്നിലുള്ളത്.സര്‍ക്കാര്‍ സര്‍വീസില്‍ 14% സംവരണം പറ്റുന്ന ഒബിസി വിഭാഗമായി ഈഴവരും 12% സംവരണമുള്ള മുസ്ലീങ്ങളും കേവലം 10% മാത്രം സംവരണമനുഭവിക്കുന്ന ദലിത് ആദിവാസികളുടെ ചുമലില്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണത്തിന്റെ മുഴുവന്‍ ഭാരവും കെട്ടിവെക്കുന്നതും ഇതേ യുക്തിയാലാണ്.
പൊതുഖജനാവ് : ചില ജനാധിപത്യ പര്യാലോചനകള്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്ര ഗവണ്മെന്റ് ഇന്‍ഡ്യയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാനായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 60,000 കോടി രൂപയാണ്. ആ വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 3% വരുന്ന ഈ ഭീമമായ തുകയത്രയും 15 ഏക്രയെങ്കിലും കൃഷിഭൂമി സ്വന്തമായുള്ള സവര്‍ണ മധ്യമജാതി വിഭാഗങ്ങളിലെ കൃഷിക്കാരുടെ കൈകളിലേക്കാണ് ഒഴുകിയെത്തിയത്. 3,5,10 സെന്റ് ഭൂമിയിലും ലക്ഷംവീട്, റോഡ്, തോട്, പുറംപോക്കുകളിലുമായി ചിതറിക്കുടക്കുന്ന ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്ക് അതില്‍നിന്ന് ചില്ലിക്കാശു പോലും ലഭ്യമല്ലെന്നത് തര്‍ക്കമറ്റ കാര്യമാണല്ലോ!
പൊതുഖജനാവ് പൂര്‍ണമായും സവര്‍ണ സമ്പന്ന ജാതി വിഭാഗങ്ങള്‍ക്ക് അടിയറ വച്ചിരിക്കുകയാണെന്നു സ്പഷ്ടമാക്കുന്നതാണ് കൃഷി, വാണിജ്യം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്കായി സര്‍ക്കാര്‍ വര്‍ഷംതോറും ബജറ്റില്‍ വകയിരുത്തുന്ന കോടിക്കണക്കിനു രൂപയും സബ്സിഡികള്‍, സൗജന്യ വൈദ്യുതി, ടാക്സ് ഇളവുകള്‍, ഐ റ്റി പാര്‍ക്കുകള്‍, സ്പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ തുടങ്ങിയവയ്ക്ക് വഴിവിട്ടു നല്കുന്ന സൗജന്യങ്ങളും.
അതേ സമയം ദലിത് -ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനായി ബജറ്റില്‍ വകയിരുത്തുന്ന 'ചില്ലിക്കാശ്'പോലും സവര്‍ണ ഉദ്യോഗസ്ഥ ലോബി ചെലവഴിക്കാനനുവദിക്കാതെ 50%ത്തിലേറെ വര്‍ഷം തോറും ലാപ്സാക്കുന്നതും കേരളീയ യാഥാര്‍ഥ്യമാണ്.
എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭത്തോട് ഐക്യപ്പെടുക
സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടു വരാനുള്ള നടപടി ക്രമങ്ങളാണ് ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. എന്നാല്‍ അസമത്വങ്ങള്‍ എക്കാലത്തേക്കും തുടരണമെന്നുള്ള ശാഠ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നയരൂപവല്‍ക്കരണ സമിതികളാണ് ഇന്നുള്ളത്. ദലിതര്‍ക്കും ഇതര ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ഇത്തരം സമിതികളില്‍ പങ്കാളിത്തമോ അധികാരമോ ലഭ്യമല്ല. ഉദ്യോഗസ്ഥന്മാരാകട്ടെ വൈരനിര്യാതന മനോഭാവത്തോടെയാണ് ദലിത് ആദിവാസി വിഭാഗങ്ങളെ കാണുന്നത്. മിശ്രവിവാഹിതരുടെ ജാതി നിര്‍ണയത്തില്‍ അച്ഛന്റെ ജാതിയാണ് പരിഗണിക്കേണ്ടതെന്ന ബീഹാര്‍ ഹൈക്കോടതിയുടെ അഭിപ്രായത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമമാക്കി മാറ്റാന്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കാണിച്ച ശുഷ്കാന്തി മറക്കാറായിട്ടില്ല. ദലിത് ആദിവാസി വിഭാഗങ്ങളെ കര്‍ശന നിയമവ്യവസ്ഥകളില്‍ തളയ്ക്കാന്‍ ഒരുമ്പെടുന്ന ഇവര്‍ ഇതര വിഭാഗങ്ങളുടെ നിയമലംഘനങ്ങള്‍ക്കു മേല്‍ കുറ്റകരമായ മൗനം പാലിക്കുന്നു. എയ്ഡഡ് മേഖലയില്‍ കാലാകാലങ്ങളിലായി തുടരുന്ന നീതി നിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കുവാന്‍ ഇവര്‍ അപാരമായ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു.
കേരളത്തിലെ ദലിതര്‍ ആഭ്യന്തര ശൈഥില്യത്താല്‍ ഇത്തരം അനിതികള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ നിരന്തരം പരാജയമടയുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെ കൈവരിച്ച സാമൂഹിക വികാസം പോലും ഇന്ന് അപകടത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ നൂതന ഫലങ്ങള്‍ വംശീയതയുടെ നവരൂപങ്ങളെ ഉള്ളില്‍ പേറുന്നവയാണെന്നു തിരിച്ചറിയേണ്ടതാണ്.
ഈ സന്ദര്‍ഭത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ അനീതികള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ സംവരണം ഭരണഘടനാപരവും സര്‍ക്കാര്‍ നിയമത്തിന്റെ ബലത്തിലും സാധൂകരിക്കപ്പെടുന്ന യാഥാര്‍ഥ്യങ്ങളാണ്. എന്നാല്‍ സ്വാഭാവികമായി ഇതു ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂട്ടായ പ്രക്ഷോഭങ്ങളിലൂടെയേ നമ്മുടെ ഭരണഘടനാവകാശങ്ങള്‍ നേടിയെടുക്കാനാവൂ. അതിനായി ദലിത്, ആദിവാസി, പിന്നോക്ക സമുദായങ്ങള്‍ , ജനാധിപത്യ വാദികള്‍ , ബുദ്ധിജീവികള്‍ , അക്കാദമീഷ്യന്മാര് ,നിയമ വിദഗ്ധര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
പുതിയ ലക്കം(2011 മേയ് 2) മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ ഒ പി രവീന്ദ്രനും ഒ കെ സന്തോഷും ചേര്‍ന്ന് ഈ വിഷയം എഴുതിയിട്ടുണ്ട്.
സാമൂഹികാനീതികളുടെ എയ്ഡഡ് ഫാക്റ്ററികള്‍ (എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും - ഒരു വസ്തുതാ പഠനം)
ReplyDeleteസ്വന്തത്തിനും കുടുംബത്തിനും ഗുണകരമാകുമെങ്കില്‍ അപരന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഹനിക്കുവാനും ചവിട്ടിമെതിക്കുവാനും യാതൊരു മന:സാക്ഷിക്കുത്തുമില്ലാത്ത കപടന്മാരുടെ വ്യാജസമൂഹമായി കേരളീയര്‍ 'വളര്‍ന്നിരിക്കുന്നു'വെന്നതിന്റെ പല സൂചനകളിലൊന്നാണ് എയ്ഡഡ് മേഖലയിലെ സംവരണാട്ടിമറി. സ്വന്തം കാര്യം ഭദ്രമായാല്‍ പിന്നെ, നീതിനിഷേധത്തിന്റെ ഇരകളായി മാറിയ മറ്റുള്ളവരുടെ രോദനത്തിന് ചെവി കൊടുക്കേണ്ടതില്ലയെന്ന മനുഷ്യത്വവിരുദ്ധ മുതലാളിത്ത ശൈലിയുടെ അനുകര്ത്താക്കളായി മാറിക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തില്‍ യഥോചിതം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കാണേണ്ടതുമായ സമസ്യകളിലൊന്നാണിത്.
ReplyDeleteഇരകളും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊന്നുമല്ല, മോചനം നേടുന്ന അടിമയുടെ ആദ്യ ശ്രമം യജമാനനെ അനുകരിക്കാനായിരിക്കും എന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ നിരീക്ഷണം തെറ്റാണെന്ന് തെളിയിക്കാനുള്ള നിസ്വാര്‍ത്ഥമായ മാനവികബോധം നിലനിര്‍ത്തുവാനും തലമുറകള്‍ക്ക് പകര്ന്നുനല്കുന്നതിലുമുള്ള പ്രതിബദ്ധത നിര്‍വിഘ്നം നിലനിര്‍ത്തുക എന്നതാണത്.