ആഗോളവത്കരണവും അസംത്യപ്തികളും
ജോസഫ്.ഇ.സ്റ്റിഗ്ളിസ്
ഡി.സി ബുക്സ്, കോട്ടയം, 2003
പേജ്:288, വില: 100 രൂപ
സാമ്പത്തിക ശാസ്ത്രത്തില്‍ 2001ല്‍ നോബല്‍ സമ്മാനം നേടിയ ജോസഫ്.ഇ.സ്റിഗ്ളിസിന്റെ ഏറെ പ്രശസ്തമായ ഗ്ളോബലൈസേഷന്‍ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ് എന്ന പ്രശസ്ത കൃതിയുടെ പരിഭാഷ. ലോക ബാങ്കിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞന്‍, ബില്‍ ക്ളിന്റന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാള്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്‍ ആഗോളവത്കരണത്തെ വിമര്‍ശനബുദ്ധിയോടെ ഇതില്‍ വിലയിരുത്തുന്നു. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ട് പാശ്ചാത്യലോകം ആഗോളവത്കരണ പദ്ധതി മുന്നോട്ടുകൊണ്ടുപൊകുന്നതെങ്ങിനെയെന്നും, ബഹുരാഷ്ട്ര കമ്പനികള്‍ ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വന്‍കിട ലാഭതാല്‍പര്യങ്ങള്‍ക്കടിയറ വെക്കുകയും ചെയ്യുന്നതെങ്ങിനെയെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസഫ്സ്റിഗ്ളിസ് വിവരിക്കുന്നത്. രാജഗോപാല്‍, ആശാലത എന്നിവരാണ് ഇംഗ്ളീഷിലെ ഈ ബെസ്റ് സെല്ലര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
"ആഗോളവല്‍കരണത്തിന്റെ പേരില്‍ ഐ.എം.എഫും മറ്റു ആഗോളസാമ്പത്തിക സംഘടനകളും ഉണ്ടാക്കുന്ന വേദനകളുടെയും കഷ്ടതകളുടെയും അളവ് ആവശ്യത്തിലേറെയാണ് എന്നു ഞാന്‍ കരുതുന്നു. വികസ്വരരാജ്യങ്ങളില്‍ നടപ്പാക്കപ്പെടുന്ന ആശയസംഹിതകളും നയങ്ങളും ഗോചരമാക്കുന്ന ആഘാതങ്ങള്‍ മാത്രമല്ല ആഗോളവല്‍കരണത്തിന്റെ തിരിച്ചടികള്‍ക്കടിസ്ഥാനം. ലോകവാണിജ്യരീതിയിലെ അസമത്വങ്ങളും കൂടിയാണ്. വികസ്വരരാജ്യങ്ങളെ സഹായിക്കാനെന്ന വ്യാജേന വികസിത വ്യാവസായിക രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് അവരുടെ കമ്പോളങ്ങള്‍ തുറന്നുകൊടുപ്പിക്കുകയും അതേസമയം സ്വന്തം കമ്പോളങ്ങള്‍ സംരക്ഷിതമാക്കിവെക്കുകയും ചെയ്യുകയും ചെയ്യുന്ന കാപട്യത്തെ ദരിദ്രരാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ ഗുണമുണ്ടാവുന്ന ചില നിഷിപ്തതാല്‍പര്യക്കാരൊഴികെ ഇന്ന് ആരും തന്നെ പിന്താങ്ങില്ല. ഈ നയങ്ങള്‍ ധനികരെ കൂടുതല്‍ ധനികരും ദരിദ്രരെ പൂര്‍വാധികം ദരിദ്രരുമാക്കുകയാണ്. ജനങ്ങള്‍ കൂടുതല്‍ ക്രുദ്ധരായിക്കൊണ്ടിരിക്കുന്നു'' (ആമുഖക്കുറിപ്പില്‍ നിന്ന്)
യുദ്ധഭാഷണങ്ങള്‍
അരുന്ധതി റോയ്
ഡി.സി.ബുക്സ്, കോട്ടയം, രണ്ടാം പതിപ്പ്: 2011
നോവലിസ്റ്റ് എന്നതിലുപരി സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ അരുന്ധതി റോയിയുടെ സ്ഥാനം നിര്‍ണയിച്ച ചില ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിലെ ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങള്‍ മൌലികസ്വഭാവമുള്ളതും എക്കാലത്തും പ്രസക്തവുമാണ്. പൊഖ്റാനില്‍ ഇന്ത്യ അണുപരീക്ഷണം നടത്തിയപ്പോള്‍ എഴുതിയ ഭാവനയുടെ അന്ത്യം എന്ന ഏറെ വിവാദം സൃഷ്ടിച്ച പ്രബന്ധമാണ്് ഇതില്‍ ആദ്യത്തേത്. അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധവും ഗുജറാത്ത് കലാപവും അണക്കെട്ടുകളുടെ രാഷ്ട്രീയവും കോര്‍പറേറ്റ് ആഗോളവല്‍കരണവും ആണവയുദ്ധവുമെല്ലാം ലേഖനത്തിലെ വിഷയങ്ങളാണ്.
"ഭീകരപ്രവര്‍ത്തനം ഒരു പ്രതിഭാസമെന്ന നിലയ്ക്ക് ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. പക്ഷേ അത് നിയന്ത്രിക്കണമെങ്കില്‍ ആദ്യ ഘട്ടമായി മറ്റു രാജ്യങ്ങളും മറ്റു മനുഷ്യരും തങ്ങള്‍ക്കൊപ്പം ഈ ഗ്രഹം പങ്കിടുന്നുവെന്ന് അമേരിക്ക തിരിച്ചറിയണം. അവര്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നില്ലായിരിക്കാം. പക്ഷേ അവര്‍ക്കും സ്നേഹവും സങ്കടങ്ങളും കഥയും പാട്ടുകളും വിഷാദങ്ങവും, ദൈവത്തെപ്പിടിച്ചു പറയട്ടെ, അവകാശങ്ങളും ഉണ്ടെന്ന് മനസ്സിലാക്കണം......... ഇത്രയധികം യുദ്ധകാര്യങ്ങളിലും സംഘര്‍ഷങ്ങളിലും പങ്കാളിത്തമുള്ള ഒരു രാജ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ അങ്ങേയറ്റം ഭാഗ്യവാന്മാരാണെന്നു വേണം പറയാന്‍. ഒരു നൂറ്റാണ്ടിനിടയിലെ അമേരിക്കന്‍ മണ്ണിലെ രണ്ടാമത്തെ ആക്രമണം മാത്രമാണ് സെപ്തംബര്‍ 11ന് നടന്നത്. ആദ്യത്തേത് പേള്‍ ഹാര്‍ബര്‍ ആണ്'' (അനന്തനീതിയുടെ ബീജഗണിതം എന്ന ലേഖനത്തില്‍ നിന്ന്)
സാമ്പത്തിക ശാസ്ത്രത്തില്‍ 2001ല്‍ നോബല്‍ സമ്മാനം നേടിയ ജോസഫ്.ഇ.സ്റിഗ്ളിസിന്റെ ഏറെ പ്രശസ്തമായ ഗ്ളോബലൈസേഷന്‍ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ് എന്ന പ്രശസ്ത കൃതിയുടെ പരിഭാഷ.
ReplyDelete