Thursday, 8 September 2011

സവര്‍ണതൃഷ്ണയുടെ മഹാവ്യാധി

ശ്രീപത്മനാഭക്ഷേത്രത്തിനുള്ളില്‍-ശ്രീകോവിലിലാണെങ്കിലും-ഒരു ‘കൊലപാതകം’നടന്നാല്‍ ക്ഷേത്രാചാരനിയമങ്ങളനുസരിച്ചായിരിക്കുമോ അതു കൈകാര്യം ചെയ്യപ്പെടുക? അത്തരമൊരു സന്ദര്‍ഭത്തില്‍ ക്ഷേത്രവിശ്വാസാചാരങ്ങള്‍ പിന്‍വാങ്ങുകയും ശ്രീകോവിലിനുള്ളിലേക്ക് മതേതര ഭരണകൂടത്തിന്റെ പൊലീസും നിയമവും പ്രവേശിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ഏതു സ്വകാര്യതയിലേക്കും കടന്നുകയറാനുള്ള അധികാരമാണ് ആധുനിക നിയമവ്യവസ്ഥയുടെ സവിശേഷത. നാമിന്നു ജീവിക്കുന്നത് ‘വിശ്വാസത്തിനു വിധേയമായ നിയമ’ത്തിന്‍ കീഴിലല്ല, മറിച്ച് ‘നിയമത്തിനു വിധേയമായ വിശ്വാസ’ത്തിനു കീഴിലാണെന്ന് ഇതു വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പരമ്പരാഗത സ്വയം നിര്‍ണയാവകാശത്തെ നിയന്ത്രിതമാക്കിക്കൊണ്ടാണ് ആധുനിക ജനാധിപത്യം നിലവില്‍വന്നത്. നിയമബാഹ്യമെന്നു കരുതിപ്പോന്ന മത-വിശ്വാസ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കാന്‍ ഭരണഘടനാ ഭേദഗതികളും സുപ്രീംകോടതി വിധികളും നമ്മെ നിര്‍ബന്ധിതമാക്കുന്നു എന്നത് സമകാലികാനുഭവമാണ്. മറുവശത്താകട്ടെ, ഒരു മതത്തിന്റെയും നിയമസംഹിതകള്‍ക്ക് ജനാധിപത്യ നിയമവ്യവസ്ഥക്കുമേല്‍ നിയാമകത്വം നേടാന്‍ കഴിയുന്നുമില്ല. നിയമവ്യവസ്ഥയുടെ ഈ സാര്‍വത്രികതയും അധികാരവുമാണ് ജനാധിപത്യത്തെയും പൗരത്വത്തെയും സാധ്യമാക്കുന്നതും നിര്‍വചിക്കുന്നതും. നിലനില്‍ക്കുന്ന നിയമവ്യവസ്ഥക്കു വിധേയമായി തന്റെ വിശ്വാസത്തെ നിയന്ത്രിക്കാന്‍ ഏതു വിശ്വാസിയും ബാധ്യസ്ഥനാണ്. ഈ ബാധ്യത വിശ്വാസപരമല്ല മറിച്ച്, നിയമപരമാണെന്ന വസ്തുത വിസ്മരിക്കരുത്. സമകാലിക ലോകത്ത് ജീവിക്കുന്ന ഏതു വ്യക്തിയുടെയും വിശ്വാസം, പൗരന്റെ (നിയമാനുസൃത വിശ്വാസം മാത്രമാണെന്നര്‍ഥം.)

നിയമവ്യവസ്ഥക്ക് അനുസൃതമല്ലാതാകുമ്പോള്‍, വിശ്വാസം ‘കുറ്റകൃത്യവും’ വിശ്വാസി ‘കുറ്റവാളി’യുമാകുന്നു. അതുകൊണ്ടാണ്, കറകളഞ്ഞ വിശ്വാസിയും ഭക്തനുമായിരുന്ന ടി.പി. സുന്ദരരാജനു സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ശ്രീപത്മനാഭന്റെ ‘അധീശത്വ’ത്തെ തത്ത്വത്തില്‍ അംഗീകരിച്ചാദരിച്ചുപോന്ന സുന്ദരരാജനിലെ പരമ്പരാഗതഭക്തനു പക്ഷേ, ക്ഷേത്രസമ്പത്തിനു മേല്‍ സുപ്രീംകോടതിക്കുള്ള വിശ്വാസേതരമായ അധികാരം പ്രായോഗിക തലത്തില്‍ അംഗീകരിക്കേണ്ടിവന്നു. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അധികാര പരിധിയെ നിര്‍ണയിക്കുന്നതു വിശ്വാസമല്ല മറിച്ച്, നിയമമാണെന്നാണ് ഇതു തെളിയിക്കുന്നത്. അതിനാല്‍, സമകാലികമായ ജനാധിപത്യ-നിയമവ്യവസ്ഥയുടെ മാനദണ്ഡങ്ങളിലൂടെയും സംവര്‍ഗങ്ങളിലൂടെയും മാത്രമേ യഥാര്‍ഥ പൗരജനങ്ങള്‍ക്ക് ക്ഷേത്രത്തിലെ നിധിയെക്കുറിച്ചു ചിന്തിക്കാനോ ചര്‍ച്ചചെയ്യാനോ സാധിക്കൂ.

ജനാധിപത്യം മത-രാജവാഴ്ചയുടെ തുടര്‍ച്ചയല്ല. അതിന്റെ നിഷേധവും അതില്‍നിന്നുള്ള വിപ്ളവകരമായ വിച്ഛേദവുമാണ്. ജനാധിപത്യം എന്നത് ബാഹ്യമായ രാഷ്ട്രീയ-നിയമചട്ടക്കൂടു മാത്രമല്ല, ഒരു മൂല്യവ്യവസ്ഥ കൂടിയാണ്. വൈയക്തികവും സാമൂഹികവുമായ അസ്തിത്വത്തെ നിര്‍ണയിക്കുന്ന സര്‍വസ്പര്‍ശിയായ ജീവിത മൂല്യമണ്ഡലവും മനുഷ്യാസ്തിത്വത്തിന്റെ ആധുനിക രൂപവുമാണ് ജനാധിപത്യം. ജനാധിപത്യത്തെ ഭവശാസ്ത്രപരമായി (ontological) സമീപിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് തന്റെ സ്വത്വത്തെ പുനര്‍നിര്‍വചിക്കാനും പുനഃസൃഷ്ടിക്കാനും കഴിയൂ. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള സംവിധാനം മാത്രമായി ജനാധിപത്യത്തെ കാണുന്നവര്‍, തങ്ങളുടെ സ്വത്വത്തെ ഭൂതകാലത്തില്‍നിന്നു വിടര്‍ത്താന്‍ വിസമ്മതിക്കുകയും ‘പ്രജാസ്വത്വ’ത്തിന്റെ അധമാവസ്ഥയിലേക്ക് അധഃപതിക്കുകയും ചെയ്യുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനും എഴുതാനുമുള്ള ബാഹ്യ ജനാധിപത്യാവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ത്തന്നെ ഒരാള്‍ക്ക്, സ്വത്വപരമായി ‘പ്രജ’യായി നിലനില്‍ക്കാന്‍ കഴിയും. ‘പ്രജാസ്വത്വ’ത്തില്‍നിന്നു സ്വയം വിച്ഛേദിക്കാത്ത വ്യക്തി ഭവശാസ്ത്രപരമായി നോക്കുമ്പോള്‍, ‘സാമൂഹികമൃത്യു’ സംഭവിച്ച വ്യക്തിയാണ്. ഇവര്‍ ജൈവശാസ്ത്രപരമായി വ്യക്തിശരീരം വഹിക്കുന്നുവെങ്കിലും ഭവശാസ്ത്രപരമായി ‘വ്യക്തിത്വ’ ശൂന്യരാണ്. ‘വ്യക്തിത്വം’ എന്നത് ജൈവശരീരത്തിന്റെ ഒരു സഹജ ഭാവമല്ല. ആധുനികവും ബോധപൂര്‍വവുമായ സാംസ്കാരിക പരിണാമ പ്രക്രിയകളിലൂടെ സ്വയം നിര്‍മിച്ചെടുക്കുന്ന മൂല്യ-ഭാവുകത്വ ബോധമാണു വ്യക്തിത്വം. ഈ ‘മൂല്യ-ഭാവുകത്വ’ത്തിന്റെ അഭാവം ഒരാളെ ശരീരമാത്ര പ്രജയായി ജീവിക്കാന്‍ അനുവദിക്കുന്നു. വ്യക്തിത്വശൂന്യമായ ശരീരത്തിന്റെ ആധുനികപൂര്‍വ ജൈവബോധത്തെയാണു ‘പ്രജാസ്വത്വ’മെന്നു നിര്‍വചിക്കുന്നത്. സമകാലികതയില്‍ ജീവിക്കുകയും സമകാലികതയുടെ നിയമ-രാഷ്ട്രീയസൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോഴും ഇത്തരമാളുകളുടെ ചിന്താഭാവുകത്വങ്ങളെ ഭരിക്കുന്നത് പ്രജാസ്വത്വത്തിന്റെ മൂല്യബോധമാണ്. കേരളീയാധുനികതയുടെ ദുരന്തവും വൈപരീത്യവുമാണിത്.

സുപ്രീംകോടതി നിയമിച്ച സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രഹസ്യ അറകള്‍ തുറന്നപ്പോള്‍ പുറത്തുവന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സവിശേഷമായ ‘പൂഴ് ത്തിവെക്കല്‍ പാരമ്പര്യ’മാണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിലും നിലവിലില്ലാതിരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ അസംഖ്യം നികുതികളിലൂടെ സമാഹരിച്ച വരുമാനത്തിന്റെ സിംഹഭാഗവും രാജ്യപുരോഗതിക്കു വിനിയോഗിക്കുന്നതിനു പകരം ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിക്കുന്ന രീതിയാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവലംബിച്ചുപോന്നത്. ജനങ്ങളുടെ അധ്വാനഫലം ഇങ്ങനെ പത്മനാഭക്ഷേത്രത്തിന്‍െറ കല്ലറകളില്‍ ശേഖരിച്ചുവെക്കുകയെന്നത് ‘രാജകീയപൂഴ്ത്തിവെപ്പ്’ അല്ലാതെ മറ്റൊന്നുമല്ല. ഈ സമ്പത്തിന്റെ കൃത്യമായ ഉറവിടം-അന്യരാജാക്കന്മാരുടെ സംഭാവനകള്‍, ഭക്തജനങ്ങളുടെ കാണിക്ക, തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാണിക്ക-എന്താണെന്നു കണ്ടെത്തേണ്ടതാവശ്യമാണ്. ‘ഭക്തജനങ്ങളുടെ കാണിക്ക’യെന്ന വിഭാഗം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് ഈ ക്ഷേത്രത്തിലെ ‘ഭക്തജനങ്ങള്‍’ ആരൊക്കെയായിരുന്നു? തിരുവിതാംകൂര്‍ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന അവര്‍ണവിഭാഗങ്ങള്‍ എന്തായാലും ഇവിടെ കാണിക്ക നല്‍കിയിരുന്നില്ലെന്നതിനു പുതിയ തെളിവുകള്‍ ആവശ്യമില്ലല്ലോ. സവര്‍ണരിലെ പ്രമുഖവിഭാഗമായ നായന്മാര്‍ ഈ ക്ഷേത്രത്തിലേക്ക് വമ്പിച്ച ‘കാണിക്ക’കള്‍ നല്‍കിയിരുന്നു എന്നതിനു തെളിവുകളില്ല. മാത്രവുമല്ല, ഇവിടത്തെ വിശേഷാനുഷ്ഠാനങ്ങളുടെ നാളുകളില്‍ നായന്മാരെപോലും ഒരു പരിധിവരെ അകറ്റി നിര്‍ത്തിയിരുന്നു എന്നതിന് സ്വാതിതിരുനാളിന്‍െറ കാലത്തെ മുറജപങ്ങള്‍ തെളിവാണ്. അന്ന് തിരുവനന്തപുരം ദിവാനായിരുന്ന രാമന്‍ മേനോന്‍ ശൂദ്രനായതിനാല്‍, മുറജപം ധര്‍മശാസ്ത്രവിധി പ്രകാരം നടത്താന്‍ കഴിയില്ലെന്നും അതിനാല്‍, മാധവരായരെ ആക്ടിങ് ദിവാനായി നിയമിക്കണമെന്നും റസിഡന്‍റായ കല്ലന്‍ സായിപ്പിനോട് സ്വാതിതിരുനാള്‍ ആവശ്യപ്പെട്ടിരുന്നു (ആര്‍.എന്‍. പണിക്കര്‍, ദ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍, പുറം: 323-24). ക്ഷേത്രസംബന്ധമായ കായിക ജോലികള്‍ക്കും പാറാവിനുമല്ലാതെ നായന്മാര്‍ക്കു കാര്യമായ പങ്കാളിത്തമില്ലാതിരുന്ന ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് അവര്‍ വ്യാപകമായി കാണിക്ക അര്‍പ്പിക്കുമെന്നു കരുതാനാവില്ല. പിന്നെ, ശ്രീപത്മനാഭന്റെ ഭക്തരായി അവശേഷിക്കുന്നത് തിരുവിതാംകൂര്‍ രാജകുടുംബവും ബ്രാഹ്മണരുമാണ്. എന്നാല്‍, ബ്രാഹ്മണര്‍ ‘ദാന’ങ്ങള്‍ സ്വീകരിക്കുകയല്ലാതെ നല്‍കാറില്ല. തിരുവിതാകൂര്‍ രാജവംശത്തിന്‍െറ ധാര്‍മിക പദവിതന്നെ ബ്രാഹ്മണദാനത്തിന്റെ സമൃദ്ധിയിലായിരുന്നു. പത്മനാഭക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളുടെയെല്ലാം മുഖ്യ ഇനം ബ്രാഹ്മണദാനമായിരുന്നു. ‘ഷോഡശദാനങ്ങള്‍’ മുതല്‍ ഊട്ടുപുരയെന്ന ‘ഭോജനദാനം’ വരെയുള്ള വിവിധ ദാനധര്‍മങ്ങളിലൂടെയാണ് തിരുവിതാംകൂര്‍ രാജവംശം സ്വയം സാധൂകരണം തേടിയിരുന്നത്. ബ്രിട്ടീഷധികാരത്തോടു പൂര്‍ണ വിധേയത്വം പുലര്‍ത്തിയിരുന്ന ഗൗരിലക്ഷ്മീഭായി 1811ല്‍ മണ്‍ട്രോക്കയച്ച ഒരു കത്ത് ഇതു വ്യക്തമാക്കുന്നു. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ക്ക് സൗജന്യ ഭോജനം നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന ‘ഊട്ടുപുര’കളുടെ ചെലവ് ഒരു പാഴ്ച്ചെലവാണെന്ന ആശയം ആദ്യമായുണ്ടാകുന്നതുതന്നെ ബ്രിട്ടീഷ് ആഗമനത്തോടെയാണ്. രാജ്യത്തിന്റെ ഖജനാവില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഇത്തരം അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്ന മദ്രാസ് ഗവര്‍ണരുടെ നിര്‍ദേശമാണ് മേല്‍പ്പറഞ്ഞ കത്തെഴുതാന്‍ ഗൗരിലക്ഷ്മീ ഭായിയെ പ്രേരിപ്പിച്ചത്. കത്തു നോക്കുക:

‘‘എന്റെ പ്രിയപ്പെട്ട സഹോദരന്‍ കേണല്‍ സാഹിബ്,


എന്റെ രാജ്യത്തിന്റെ പദവിയും ബഹുമതിയും ആചാരമര്യാദകളും താങ്കള്‍ക്ക് ശരിക്കും അറിയുന്നതാകക്കൊണ്ട് അതേപ്പറ്റി ഞാന്‍ വിവരിക്കേണ്ട ആവശ്യമില്ല. എന്റെ പൂര്‍വികര്‍ സ്ഥാപിച്ചിട്ടുള്ളതും നടത്തിപ്പോരുന്നതുമായ ധര്‍മസ്ഥാപനങ്ങളെയും എന്റെ പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങളെയും അല്‍പ്പം പോലും മാറ്റംവരുത്താതെ മാമൂലനുസരിച്ച് തുടര്‍ന്നും നടത്തിപ്പോരണമെന്ന് ഞാന്‍ കേണലിനോട് അഭ്യര്‍ഥിക്കുകയാണ്. സേതുസ്നാനത്തിനു നിയോഗിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്ക് ചെല്ലേണ്ട തുക അവര്‍ക്കു നല്‍കീട്ടില്ലെന്നുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉടനടി അതു നല്‍കണമെന്നകാര്യം ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണല്ലോ... ഞാനും എന്റെ രാജ്യവും പ്രജകളും ധര്‍മസ്ഥാപനങ്ങളും എല്ലാം മാമൂല്‍പ്രകാരമുള്ള ആചാരമര്യാദകളനുസരിച്ച് തുടര്‍ന്നും  പുലരണം. ഇക്കാര്യത്തില്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്.
ഇടവം 19,986.
(ഒപ്പ്)
ലക്ഷ്മീഭായി

(പി. ശങ്കുണ്ണിമേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 294)

ഈ കത്തിലെ ‘പ്രജ’, ‘ധര്‍മസ്ഥാപനം’ എന്നീ രണ്ടു പദങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ‘പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങള്‍’ എന്ന നിലക്കാണ് തിരുവിതാംകൂറിലുടനീളം ഊട്ടുപുരകള്‍, ഓത്തുട്ടുകള്‍, തണ്ണീര്‍പന്തലുകള്‍ എന്നിവ സ്ഥാപിച്ചിരുന്നത്. ഇവിടെ ‘പ്രജകള്‍’ എന്നതുകൊണ്ടര്‍ഥമാക്കിയിരുന്നതു ‘ബ്രാഹ്മണ’രെ ആയിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ‘ധര്‍മം’ എന്നത് ഈ ബ്രാഹ്മണര്‍ക്കുള്ള ദാന-സംരക്ഷണങ്ങളുമായിരുന്നു. തിരുവിതാംകൂറിലെ മഹാഭൂരിപക്ഷമായിരുന്ന ശൂദ്രര്‍, അധഃസ്ഥിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നീ ജനവിഭാഗങ്ങളുടെ സ്ഥാനമെന്തായിരുന്നു? ക്ഷേത്രങ്ങളിലെയും ബ്രാഹ്മണധര്‍മസ്ഥാപനങ്ങളിലെയും കായികജോലിക്കാരും പാറാവുകാരുമെന്നനിലയില്‍ ശൂദ്രര്‍ രാജഭരണത്തിന്റെ ഭാഗമായിരുന്നു എന്നത്  ഒരു വസ്തുതയാണ്. മറ്റുള്ള ഭൂരിപക്ഷം ജനങ്ങളെയും അധ്വാന-നികുതിദായകര്‍ എന്ന നിലക്കുമാത്രമാണ് രാജഭരണം കണക്കാക്കിയിരുന്നത്. തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രജകള്‍ ബ്രാഹ്മണര്‍ മാത്രമായിരുന്നു എന്നാണ് മുകളിലുദ്ധരിച്ച കത്തു വ്യക്തമാക്കുന്നത്. ബ്രാഹ്മണപ്രജാസംരക്ഷണത്തിനാവശ്യമായ ഉപകരണങ്ങളുടെ സ്ഥാനമായിരുന്നു, ഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ടായിരുന്നത്. ഈ പ്രജാസംരക്ഷണത്തിന്റെ ന്യായീകരണവും ദൈവിക ഉപകരണവുമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം.

ചുരുക്കത്തില്‍, ശ്രീപത്മനാഭക്ഷേത്രത്തിലെ കാണിക്കയുടെ മുഖ്യ ഉറവിടം തിരുവിതാംകൂര്‍ രാജവംശമായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. അധഃസ്ഥിത-മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍നിന്ന് അന്യായമായി പിരിച്ചെടുത്ത നികുതികളും കരങ്ങളും അടിമപ്പണിയുമായിരുന്നു തിരുവിതാംകൂറിന്റെ വരുമാനം. ഈ വരുമാനമാണ് പൊന്നുതമ്പുരാക്കന്മാര്‍ ക്ഷേത്രത്തിനു കാണിക്കയെന്ന പേരില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നത്. തിരുവിതാംകൂറിലെ ബഹുജനങ്ങളില്‍നിന്ന് അപഹരിച്ചുണ്ടാക്കിയ സമ്പത്ത്-അതു തിരുവാഭരണമായാലും കിരീടമായാലും ചെങ്കോലായാലും അരപ്പട്ടയായാലും നാണയമായാലും തിരികെ പിടിക്കുകയെന്നത് ഇന്നത്തെ പൗരജനങ്ങളുടെ ജനാധിപത്യാവകാശമാണ്. ബ്രാഹ്മണധര്‍മശാസ്ത്രനിര്‍വചനമനുസരിച്ച് ‘കാണിക്ക’യും ‘ശ്രീപത്മനാഭമുതലു’ മായ ഈ സ്വത്തുക്കള്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയനുസരിച്ച് ‘കളവുമുതലാ’ണ്. അതു യഥാര്‍ഥ ഉടമസ്ഥനു തിരികെ ഏല്‍പിക്കുകയെന്നതും മോഷ്ടാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കുകയെന്നതും സമകാല നിയമവാഴ്ചയുടെ ഉത്തരവാദിത്തമാണ്.

56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ നാളുകളില്‍ ശ്രീപത്മനാഭക്ഷേത്ര പരിസരങ്ങളിലും സമീപപ്രദേശങ്ങളിലും അധഃസ്ഥിതര്‍ക്കു ‘സഞ്ചാരസ്വാതന്ത്ര്യം’ നിഷിദ്ധമാക്കിയിരുന്നു.മുറജപമെന്ന ‘ബ്രാഹ്മണകോണ്‍ഗ്രസി’ന്റെ നാളുകളില്‍ തിരുവനന്തപുരം പട്ടണം അക്ഷരാര്‍ഥത്തില്‍ അധഃസ്ഥിതര്‍ക്കു പ്രവേശനം നിരോധിക്കുന്ന അധാര്‍മികതയെക്കുറിച്ച് ‘മിതവാദി’ പറയുന്നത് നോക്കുക:

‘‘ഒന്നാം ലോകയുദ്ധകാലത്തെ കൊടുക്ഷാമത്തിന്റെ നാളുകളില്‍ ആറുലക്ഷം ചെലവുചെയ്തു നടത്തുന്ന മുറജപം നിര്‍ത്തണം. പ്രസ്തുത പണം കൊണ്ട് അരി വാങ്ങി ദരിദ്രര്‍ക്കു കഞ്ഞിവെച്ചുനല്‍കണം" (മിതവാദി, 1917 ആഗസ്റ്റ്).

‘‘ഈ കൊതിയന്‍ പത്രാധിപന്മാരെയെങ്കിലും വരുത്തി കുറെ വല്ലതും വാരിക്കൊടുത്തു തൃപ്തിപ്പെടുത്തണ’’മെന്ന് ഒരു നമ്പൂതിരി പത്രമായ ശ്രീശങ്കരാചാര്യര്‍ പരിഹസിച്ച വിവരവും മിതവാദി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. (മിതവാദി, 1917, സെപ്റ്റംബര്‍).

മുറജപം നടക്കുന്ന 56 ദിവസങ്ങളില്‍ ശ്രീവരാഹം, ശ്രീകണ്ഠേശ്വരം തുടങ്ങിയ സമീപപ്രദേശങ്ങളില്‍ അധഃസ്ഥിതര്‍ സഞ്ചരിക്കുന്നതg നിരോധിക്കുക പതിവായിരുന്നു. (M. Mydheen Khan, Transition of Ezhavas in Travancore; Interpreting T.K. Madhavan. Unpublished Ph.D. Thesis,Un: of Kerala, 2008. p: 52-53). മുറജപനാളുകളില്‍ വഞ്ചിയൂര്‍ കോടതിയിലുണ്ടായിരുന്ന ഒരു ഈഴവ അഭിഭാഷകനെ ധര്‍മരാജാവിന്റെ പൊലീസുകാര്‍ പിടികൂടുകയും അയിത്തപ്പാടകലത്തിലേക്കു ബലമായി പുറത്താക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് മേലുദ്ധരിച്ച ഗവേഷണ പ്രബന്ധം ചര്‍ച്ച ചെയ്യുന്നുണ്ട്. മുറജപം നടക്കുമ്പോള്‍ സഞ്ചാരസ്വാതന്ത്ര്യം നിരോധിക്കപ്പെട്ടതിനാല്‍ ഹജൂര്‍ കച്ചേരിയിലെത്തി പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് താഴ്ന്ന ജാതിക്കാര്‍ റസിഡന്‍റിനെ അറിയിച്ചതിനെതുടര്‍ന്ന്, ഫോര്‍ട്ട് പരിസരത്തെ സഞ്ചാര നിയന്ത്രണം ഉടനവസാനിപ്പിക്കണമെന്ന് അദ്ദേഹം ദിവാന് ഉത്തരവു നല്‍കുകയുണ്ടായി (M. Mydheen Khan, Ibid, p.53). ഒരു രാജവംശവും ഒരു ക്ഷേത്രവും എങ്ങനെ ജനദ്രോഹപരവും സാമൂഹിക വിരുദ്ധവുമായ സ്ഥാപനങ്ങളാവാമെന്നാണ് ഇതു തെളിയിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അധഃസ്ഥിതര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രീപത്മനാഭക്ഷേത്രത്തിന്റെ ‘സാമൂഹിക വിരുദ്ധ സ്വഭാവം’ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. മഹാഭൂരിപക്ഷം ജനങ്ങളെ ആട്ടിപ്പായിക്കാനും അവര്‍ക്ക് പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്നതിനുമായി വിന്യസിക്കപ്പെട്ടിരുന്ന ശ്രീപത്മനാഭക്ഷേത്രമെന്ന സാമൂഹികവിരുദ്ധ സ്ഥാപനം ഏതെങ്കിലും വിദേശശക്തികളാല്‍ തകര്‍ക്കപ്പെട്ടിരുന്നുവെങ്കില്‍ അത് തിരുവിതാംകൂറിലെ അധഃസ്ഥിതരുടെ ഒരു മഹാഘോഷമായി മാറുമായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തരം കാര്യങ്ങളെ സമകാലിക പൗരര്‍ സമീപിക്കേണ്ടത് ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ചാണ്. ഒരിക്കല്‍ ‘ധാര്‍മിക’വും ‘ന്യായ’വുമായിരുന്ന ഈ ക്ഷേത്രാചാരങ്ങള്‍ ഇന്ന് ‘ശിക്ഷാര്‍ഹമായ കുറ്റകൃത്യ’മാകുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ നിയാമകത്വം കൊണ്ടാണ്. സമകാല കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളും ഭക്തിയുമെല്ലാം നിയമത്തിന്റെ നിര്‍വചന-നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. പ്രായോഗിക തലത്തില്‍ അവ പലപ്പോഴും ലംഘിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അവര്‍ണര്‍ക്കു സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നത് അന്നു നടപ്പിലിരുന്ന ധര്‍മശാസ്ത്രനിയമമനുസരിച്ചു ന്യായമായി കരുതപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം നിഷേധങ്ങള്‍ ഇന്നു ‘കുറ്റകൃത്യ’ങ്ങളായിട്ടാണു നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും വിചാരണ നേരിടുകയാണെങ്കില്‍ അവര്‍ കോടതിയില്‍ ‘ശാങ്കരസ്മൃതി’യോ ‘വ്യവഹാരമാല’യോ ഉദ്ധരിക്കുമോ? 1925ല്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ചു ഗാന്ധിജിയുമായി നടത്തിയ സന്ധിസംഭാഷണത്തില്‍ ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി തന്റെ ‘ഭരണഘടന’യായി ഉയര്‍ത്തിപ്പിടിച്ചത് ‘ശാങ്കരസ്മൃതി’യായിരുന്നു. ഇന്ത്യന്‍ ഭരണഘടന തനിക്കു ബാധകമല്ളെന്നും തന്റെ കൂറ് ധര്‍മശാസ്ത്രങ്ങളോടാണെന്നും ഇന്ന് ഏതെങ്കിലുമൊരു ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി പറഞ്ഞാല്‍ അയാളുടെ സ്ഥാനം ജയിലിലോ മനോരോഗാശുപത്രിയിലോ ആയിരിക്കും.

വളരെ സ്വാഭാവികവും വിശുദ്ധവുമെന്ന രീതിയില്‍ അനുഷ്ഠിച്ചുപോന്ന എത്രയോ അനുഷ്ഠാനങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചിരിക്കുന്നു. കാരണം, ആധുനിക നിയമവ്യവസ്ഥ അത്തരം അനുഷ്ഠാനങ്ങളെ സാധൂകരിക്കുന്നില്ലെന്നുമാത്രമല്ല, കുറ്റകൃത്യങ്ങളായി നിര്‍വചിക്കുകയും ചെയ്യുന്നു എന്നതാണ്.  നരബലിയും മൃഗബലിയും പോലെയുള്ള പരമ്പരാഗത ബലികര്‍മങ്ങള്‍ ഇന്ന് കടുത്ത കുറ്റകൃത്യങ്ങളാണ്. ഒരു കാലത്ത്, ‘ഈശ്വരപ്രീതി’ പ്രതിഫലമായി ലഭിച്ചിരുന്ന അനുഷ്ഠാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രതിഫലം വധശിക്ഷയോ ജീവപര്യന്തമോ ആണ്. അതിനാല്‍, പത്മനാഭക്ഷേത്രത്തിലെ നിധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത്  ക്ഷേത്രാചാരത്തിന്റെയോ മുന്‍ രാജഭരണ വ്യവസ്ഥകളുടെയോ അടിസ്ഥാനത്തിലായിരിക്കരുത്. പത്മനാഭക്ഷേത്രവിശ്വാസവും നിയമവും തമ്മിലും, മതവും ഭരണകൂടവും തമ്മിലുമുള്ള സമകാലിക അതിര്‍വരമ്പുകളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ‘പൂഴ് ത്തിവെച്ചനിധി ക്ഷേത്രത്തിന്റേത്’ എന്ന മട്ടിലുള്ള അഭിപ്രായങ്ങളുണ്ടാകുന്നത്. ഇത്തരം അഭിപ്രായങ്ങള്‍ പ്രജകള്‍ക്കുമാത്രം പറയാവുന്ന അഭിപ്രായങ്ങളാണ്. പ്രജാസ്വത്വത്തിന്റെ സംവര്‍ഗങ്ങളിലൂടെ ചിന്തിക്കുകയും അഭിപ്രായങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യുന്നവരെ വെറും ശരീരങ്ങളായി മാത്രമേ ജനാധിപത്യ ഭാവുകത്വത്തിനു പരിഗണിക്കാനാവൂ. ക്ഷേത്രനിധിയെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിലൂടെ പ്രകാശിതമാകുന്ന അഭിപ്രായങ്ങള്‍, വാസ്തവത്തില്‍, രാജവാഴ്ചക്കാലത്തെ പ്രജാഭിപ്രായങ്ങളുടെ വിഡംബനങ്ങള്‍ മാത്രമാണ്. ഇത്തരം പ്രജാവിഡംബനങ്ങള്‍ എത്രയധികം നാവുകളില്‍നിന്നുണ്ടായാലും അവയെ അവഗണിക്കുകയും ആവശ്യമെങ്കില്‍ നിര്‍ദയം അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നത് ആരോഗ്യകരമായ ഒരു സമകാല നിയമവ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിരക്ഷപോലും ഈ പ്രജാശബ്ദങ്ങള്‍ അര്‍ഹിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള യോഗ്യത പൗരത്വമാണ്. പൗരസ്വത്വത്തിലേക്കു വളരാന്‍ വിസമ്മതിക്കുന്ന ശരീരങ്ങള്‍ക്ക് എന്തിനാണു പൗരാവകാശങ്ങള്‍? പത്മനാഭവിശ്വാസത്തിലും രാജഭക്തിയിലും സ്വന്തം സ്വത്വത്തെ നിര്‍വചിക്കുന്നവര്‍ക്കാവശ്യം മനോരോഗചികിത്സയാണ്.

നിധിയും ചരിത്രവിജ്ഞാനീയവും
ശ്രീപത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പ്’ വെളിച്ചത്തായ സംഭവം കേരളീയ ചരിത്രവിജ്ഞാന മേഖലയിലെ ‘താത്ത്വികസാക്ഷരത’യുടെ ദയനീയമായ അഭാവത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. തിരുവിതാംകൂര്‍ രാജഭരണത്തിന്‍കീഴില്‍ ഉദ്യോഗസ്ഥരും പ്രജകളുമായിരുന്നവര്‍ അന്നത്തെ കാലഘട്ടം അനുവദിക്കുന്ന വിദഗ്ധ ചരിത്രരചന നടത്തിയിരുന്നു. അതുപോലെ, ആധുനികമായ ചരിത്രരചനാരീതികളില്‍ സാങ്കേതികമായ വൈദഗ്ധ്യം നേടാനും ചരിത്രരചന നടത്താനും പ്രജാസ്വത്വം പേറുന്നവര്‍ക്കും സാധ്യമാണ്. പുരാവസ്തുക്കളും പുരാരേഖകളും വായിച്ചെടുക്കുകയെന്നത് ശാസ്ത്രീയ ചരിത്രരചനക്കാവശ്യമായ ‘ഗുമസ്തപ്പണി’കളാണ്. ഫെര്‍ണാണ്ട് ബ്രോദലിനെപ്പോലെയുള്ള മഹാ ചരിത്രകാരന്മാര്‍ ഇത്തരം അനേകം ‘ചരിത്രഗുമസ്ത’രുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, ഒരു ആധുനിക ശാസ്ത്രീയചരിത്രകാരന്‍ എന്ന നിലക്ക് ബ്രോദലിനെ നിസ്തുലനാക്കുന്നത് അദ്ദേഹത്തിന്റെ സമകാലിക മൂല്യ-സ്വത്വ ഭാവുകത്വങ്ങളാണ്. തന്റെ ചരിത്രരചനാ ഫാക്ടറിയിലെ രേഖാവിദഗ്ധര്‍ നല്‍കുന്ന വിവരങ്ങളെ ചരിത്രവ്യാഖ്യാനങ്ങളാക്കി മാറ്റുന്നത് ചരിത്രകാരന്റെ തത്ത്വചിന്താപരമായ അറിവും മൂല്യബോധവുമാണ്. പുരാലിഖിത വിദഗ്ധനും ചരിത്രകാരനും തമ്മിലുള്ള അന്തരമിതാണ്. ഒരു പ്രജക്ക് പുരാലിഖിത വിദഗ്ധനാവാം; എന്നാല്‍, ചരിത്രകാരനാകാനാവില്ല, കാരണം, പുരാവസ്തുക്കളും രേഖകളും വ്യാഖ്യാനിക്കാനാവശ്യമായ ‘ശാസ്ത്രീയ ചരിത്രരചനാ സാക്ഷരത’ അവ നല്‍കുന്നില്ല. സമകാലിക ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക പഠനത്തിലൂടെ ആര്‍ജിക്കുന്ന ഈ സാക്ഷരത, ചരിത്രരേഖകള്‍ക്കുമേല്‍ പ്രയോഗിക്കുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രമുണ്ടാവുകയുള്ളൂ.

പഴയ ചരിത്രപണ്ഡിതര്‍ക്കു ലഭ്യമല്ലാതിരുന്ന അനേകം ശാസനങ്ങളും രേഖകളും എം.ജി.എസ്. നാരായണനെപ്പോലെയുള്ളവര്‍ക്കു ലഭിച്ചിരുന്നു. അവയുടെ ഗൂഢഭാഷ നിര്‍ധാരണം ചെയ്യാനുള്ള സാങ്കേതിക പരിശീലനവും ഇവര്‍ നേടിയിരുന്നു. തനിക്കുമുമ്പുള്ള കൊട്ടാരം ചരിത്രകാരന്മാരും മാന്വല്‍ രചയിതാക്കളും പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നതൊഴിച്ചാല്‍, ശാസ്ത്രീയ ചരിത്രരചന നടത്താന്‍ എം.ജി.എസ് പരാജയപ്പെട്ടതിനു കാരണം അദ്ദേഹത്തിന് പ്രജാസ്വത്വത്തില്‍നിന്നു വിച്ഛേദിച്ചു മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ്. സാക്ഷിമുതലുകളെപ്പറ്റി വിവരം ശേഖരിക്കാന്‍ ന്യായാധിപന്‍ പല മേഖലകളുടെ-ശാസ്ത്രജ്ഞന്‍, എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍, ഡോക്ടര്‍, പൊലീസ് എന്നിങ്ങനെയുള്ളവരുടെ-സേവനം ഉപയോഗിക്കാറുണ്ട്. പക്ഷേ, അവര്‍ക്കു ന്യായാധിപനാകാനാവില്ല. അതിന് നിയമതത്ത്വശാസ്ത്രം പഠിക്കണം. അത് തൊണ്ടിമുതലുകളില്‍നിന്നു ലഭിക്കുന്നതല്ല. മതിലകം രേഖകള്‍പോലെയുള്ള ചരിത്രരചനയുടെ തൊണ്ടിമുതലുകളില്‍നിന്ന് ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക സാക്ഷരത ആര്‍ജിക്കാനാവില്ല. എം.ജി.എസിനെപ്പോലുള്ളവരുടെ രേഖാവൈദഗ്ധ്യത്തിന്റെ ‘ഗുമസ്തമൂല്യ’ത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇനിയും വരാനിരിക്കുന്ന ശാസ്ത്രീയ ചരിത്രരചനയെ സുഗമമാക്കുന്ന വിവരസഞ്ചയത്തിന്റെ പേരില്‍ ഇവര്‍ക്ക് ഒരു കടപ്പാടിന് അര്‍ഹതയുണ്ട്:

ശാസ്ത്രീയ ചരിത്രരചനയെ വ്യത്യസ്തമാക്കുന്നത് അടിസ്ഥാനപരമായി രണ്ടുഘടകങ്ങളാണ്. ഒന്ന്, രീതിശാസ്ത്രപരം. രണ്ട്, ഭവശാസ്ത്രപരം. എം.ജി.എസിന്റെ ചരിത്രരചനകള്‍ രീതിശാസ്ത്രപരമായി മുന്‍കാല രചനകളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നതു വസ്തുതയാണ്. പുരാരേഖാ തെളിവുകളുടെ അടിസ്ഥാനത്തില്‍ മധ്യകാല കേരളചരിത്രത്തെ കൂടുതല്‍ വസ്തുനിഷ്ഠമായി സമീപിക്കാന്‍ എം.ജി.എസിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, രീതിശാസ്ത്രത്തിന്റെ വിന്യാസം കൊണ്ടുമാത്രം ശാസ്ത്രീയ ചരിത്രം സൃഷ്ടിക്കാനാവില്ല. തികച്ചും സാങ്കേതികവും ഉപകരണപരവുമായ അര്‍ഥത്തില്‍ ഈ രീതിശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിക്കാവുന്നതാണ്. ശങ്കുണ്ണിമേനോനും പത്മനാഭമേനോനും ഇത്തരം രേഖകള്‍ ലഭ്യമായിരുന്നെങ്കില്‍ അവ തള്ളിക്കളയുമായിരുന്നില്ല. തങ്ങളുടെ സമകാലികനായ പ്രജാബോധത്തെ കൂടുതല്‍ യുക്തിസഹമാക്കാനും പ്രഫഷനല്‍ മികവ് പ്രദര്‍ശിപ്പിക്കാനും അവ ഉപയോഗിക്കുമായിരുന്നു. ഇവരുടെ ചരിത്രരചനകളുടെ ന്യൂനത രീതിശാസ്ത്രപരം എന്നതിനെക്കാള്‍ ഭവശാസ്ത്രപരമാണ്. അവര്‍ക്ക് വ്യക്തി-പൗരന്മാരായി സ്വയം വികസിക്കാന്‍ കഴിഞ്ഞില്ല. അതിന് ചരിത്രപരമായ പരിമിതികളുമുണ്ടായിരുന്നു. എന്നാല്‍, 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന എം.ജി.എസ് എന്ന ചരിത്രകാരന്‍ ഭവശാസ്ത്രപരമായി പ്രജാസ്വത്വത്തില്‍തന്നെ നില്‍ക്കുന്നു എന്നതിന് ഒരു ന്യായീകരണവുമില്ല. ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ച് എം.ജി.എസ് സ്വീകരിക്കുന്ന നിലപാടുകള്‍ ശാസ്ത്രീയ ചരിത്രകാരന്റേതല്ല. മറിച്ച്, ഒരു പ്രജയുടേതാണ്.

പ്രജയുടെ സ്വത്വ-മൂല്യ ബോധത്തില്‍നിന്നുകൊണ്ട്, എത്രതന്നെ രീതിശാസ്ത്ര വൈദഗ്ധ്യം നേടിയാലും ഭൂതകാലത്തെ സമീപിക്കാനാവില്ല. ഭവശാസ്ത്രപരമായി, വ്യക്തിയും പൗരനുമാകുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ശാസ്ത്രീയ ചരിത്രത്തിന്റെ താത്ത്വിക സാക്ഷരത സ്വായത്തമാക്കാനാവൂ. എം.ജി.എസിന്റെ ചരിത്രബോധത്തിന് സമകാല യാഥാര്‍ഥ്യങ്ങളെ സംബോധന ചെയ്യാന്‍ കഴിയാതിരിക്കുന്നതിനുകാരണം ഭവശാസ്ത്രപരമാണ്. എം.ജി.എസിന്റെ സമീപകാലനിലപാടുകള്‍, സാമൂഹിക സ്മൃതിയും ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അഗാധമായ അന്തരം വ്യക്തമാക്കുന്നതാണ്. തിരുവിതാംകൂറിന്റെ സാമൂഹികസ്മൃതിയില്‍ ആണ്ടുപോയ എം.ജി.എസ് ചില രേഖകളുടെ സഹായത്തോടെ ഈ സ്മൃതിയിലെ മാറാലകള്‍ മായ്ക്കുക മാത്രമാണു ചെയ്തത്. എന്നാല്‍, ശാസ്ത്രീയ ചരിത്രനിര്‍മിതിയെന്നത് സാമൂഹിക സ്മൃതിയല്ല. ‘സാമൂഹികസ്മൃതി’യുടെ ഗൃഹാതുരതയില്‍നിന്നു ബോധപൂര്‍വം വിച്ഛേദിക്കാനും സമകാലികതയുടെ സൈദ്ധാന്തിക ഭാവുകത്വത്തില്‍ സ്വയം സ്ഥാപിക്കാനും കഴിയുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രനിര്‍മിതി സാധ്യമാകൂ. രണ്ടുതരം സ്മൃതികളെക്കുറിച്ചുള്ള ഹെന്‍റി ബെര്‍ഗ്സന്റെ സിദ്ധാന്തീകരണം ഇവിടെ പ്രസക്തമാകുന്നു. ഒന്ന്, ‘ശീല-സ്മൃതി’ (ഹാബിറ്റ് മെമ്മറി); രണ്ട്, ‘ശരിയായ സ്മൃതി’ (ട്രൂ മെമ്മറി) ഇവ രണ്ടും അടിസ്ഥാനപരമായി ഭിന്നമാണെന്ന് ബെര്‍ഗ്സന്‍ നിരീക്ഷിക്കുന്നു (ഹെന്‍ട്രി ബെര്‍ഗ്സന്‍, മാറ്റര്‍ ആന്‍ഡ് മെമ്മറി). വെറും ശീലം മാത്രമായ സ്മൃതിയില്‍ ജ്ഞാനാര്‍ജനത്തിന്റെ ധിഷണാംശമില്ല. ഒരിക്കല്‍ പഠിച്ചതിന്റെ ആവര്‍ത്തനം മാത്രമാണിത്. ഒരിക്കല്‍, നീന്തലും ഡ്രൈവിങ്ങും പഠിച്ചാല്‍ അതിന്റെ നിര്‍വഹണത്തിന് ധൈഷണികതയുടെ ആവശ്യമില്ല. ശരീരത്തിന്റെ യാന്ത്രികമായ നിര്‍വഹണക്ഷമതയാണ് ഇത്തരം വിദ്യകളെ നിര്‍ണയിക്കുന്നത്. ഒരു ശീലംപോലെ അവ നിര്‍വഹിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഔപനിഷദിക താത്ത്വിക പാരമ്പര്യം ധിഷണാശൂന്യമായ ഈ ശീല-സ്മൃതിയിലധിഷ്ഠിതമാണ്. യാന്ത്രികമായ ഓര്‍മിക്കലും വ്യാഖ്യാനിക്കലും വീണ്ടും ഓര്‍മിക്കലുമാണ് വൈദിക ജ്ഞാനപാരമ്പര്യം എന്നത്. വേദോപനിഷത്തുകള്‍ കൃത്യമായി ഓര്‍മിച്ചുവെക്കാനുള്ള സ്മൃതിശേഷിയെയാണ് ഏറെ ഘോഷിക്കപ്പെടുന്ന ഈ പാരമ്പര്യം തലമുറകളിലേക്ക് സംക്രമിപ്പിച്ചത്. ഒരു വേദാന്തിയോ ഒൗപനിഷദിക ദാര്‍ശനികനോ ആകാനുള്ള യോഗ്യത ശീലവും സ്മൃതിയും മാത്രമാണ്. നീന്തല്‍പ്രക്രിയ പോലെ ജൈവസാധാരണമായ ഒരു ശീലം മാത്രമാണ് ഇന്ത്യയുടെ ചിരപുരാതനമായ ആര്‍ഷജ്ഞാനം. ഈ ജൈവസ്മൃതിയില്‍ ചിന്തയുടെ ഒരംശവുമില്ല. മസ്തിഷ്കത്തില്‍ ശേഖരിച്ചുവെക്കുകയും കൈമാറുകയുമെന്നതല്ല, ചിന്താപ്രക്രിയ. അതിന് ധൈഷണികസ്മൃതി (കോഗ്നിറ്റീവ് മെമ്മറി) അഥവാ ബെര്‍ഗ്സന്‍ പറയുന്ന ‘ശരിയായ സ്മൃതി’ ആവശ്യമാണ്. ഹിന്ദൂയിസത്തിന്റെ അതിദീര്‍ഘമായ വൈദിക ജ്ഞാനപാരമ്പര്യം ധൈഷണിക സ്മൃതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ജൈവസഹജമായ ശീല-സ്മൃതിയെ ദര്‍ശനമായി സ്ഥാപനവത്കരിക്കുകയും ചെയ്യും. അതുകൊണ്ടാണ്, ഇന്ത്യയില്‍ സൈദ്ധാന്തിക ജ്ഞാനവും തത്ത്വചിന്തയും വികസിക്കാതെപോയത്. ഹിന്ദൂയിസത്തിന്റെ വൈദിക ജ്ഞാനപാരമ്പര്യത്തെ സൈദ്ധാന്തികമായി മറികടക്കാന്‍ അശക്തരായ വ്യക്തികള്‍, എത്ര ആധുനികമായ രീതിശാസ്ത്രം ഉപയോഗിച്ചാലും ഭവശാസ്ത്രപരമായി സ്വയം പരിവര്‍ത്തിക്കാന്‍ പരാജയപ്പെടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ജി.എസ് എന്ന വ്യക്തിയും ചരിത്രകാരനും. വിദഗ്ധനായ ഒരു സാമൂഹികസ്മൃതിക്കാരനായി മാറാനല്ലാതെ, ശാസ്ത്രീയ ചരിത്രകാരനാകാന്‍ എം.ജി.എസിനെ അദ്ദേഹത്തിന്റെ ഭവശാസ്ത്രപരമായ വളര്‍ച്ചയില്ലായ്മ അനുവദിക്കുന്നില്ല. പത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പി’നെക്കുറിച്ച് അദ്ദേഹത്തില്‍നിന്നുണ്ടാകുന്ന പ്രജാവിഡംബനങ്ങള്‍ ഒരേസമയം ധിഷണാസ്മൃതിയുടെയും പൗരസ്വത്വബോധത്തിന്റെയും രോഗാതുരമായ അഭാവങ്ങളാണ് വിളംബരം ചെയ്യുന്നത്.

"സ്വാമിദ്രോഹ'ത്തിന്റെ രാഷ്ട്രീയദൈവശാസ്ത്രം
ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ചുള്ള മുഖ്യധാരാ സംവാദം സൂചിപ്പിക്കുന്നത് സവര്‍ണ ഹൈന്ദവ സാമൂഹികസ്മൃതിയുടെ ‘അവിച്ഛിന്നപാരമ്പര്യ’ത്തെയാണ്. തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട എന്തിലും ഒരു തരം ആരാധനാമനോഭാവവും ‘ധര്‍മരാജ്യനഷ്ട’ത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവുമാണ് മുഖ്യധാരാ മലയാളി ഭാവുകത്വം പ്രദര്‍ശിപ്പിക്കുന്നത്. സ്വര്‍ണം, വെള്ളി, രത്നങ്ങള്‍ എന്നീ ലോഹങ്ങളാല്‍ നിര്‍മിതമായ ഈ നിധി ‘വസ്തുക്കള്‍’ ദ്യോതിപ്പിക്കുന്നത് ബ്രാഹ്മണവിധികള്‍ക്കു കീഴിലമര്‍ന്ന ഒരു സാമൂഹിക ഘടനയെക്കുറിച്ചുള്ള പ്രതീകാത്മക പ്രസ്താവനകളാണ്. ഈ രാജവംശത്തെക്കുറിച്ചുള്ള ‘സ്മൃതി’ നിര്‍മിതമായിരിക്കുന്നതുതന്നെ എല്ലാ സാമൂഹിക വിഭാഗങ്ങളും പങ്കുവെക്കുന്ന പൊതുവായ ‘സാമൂഹികസ്മൃതി’യുടെ രൂപത്തിലാണ്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം ചൂഷണത്തിന്റെയും മര്‍ദനത്തിന്റെയും അപമാനത്തിന്റെയും പ്രഭവസ്ഥാനമായിരുന്ന ഒരു രാജവംശത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഗൃഹാതുരത ഉണര്‍ത്തുന്ന പൊതുസ്മൃതികളാകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്ക് തങ്ങളുടെ  ഭൂതകാലത്തെ, സവര്‍ണ രാജകീയ ഭൂതകാലത്തില്‍നിന്നു വ്യവച്ഛേദിക്കാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? അപമാനവീകരണത്തിന്റെ ആള്‍ രൂപങ്ങളായിരുന്ന ‘പൊന്നുതമ്പുരാക്കന്‍’മാരെക്കുറിച്ച് ‘പ്രതിസ്മൃതികള്‍’ സൃഷ്ടിക്കാന്‍ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത മുന്നേറ്റത്തിന്റെ ആഖ്യാനങ്ങള്‍ രചിച്ചവര്‍ക്ക് ഫലത്തില്‍, ജാതി-രാജപാരമ്പര്യത്തിന്റെ ആഖ്യാന പാരമ്പര്യത്തില്‍നിന്ന് ബോധപൂര്‍വം മുക്തരാകാന്‍ കഴിഞ്ഞിരുന്നില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാണ്, ‘പൊന്നുതമ്പുരാക്കന്മാരെ’ ‘മര്‍ദക തമ്പുരാക്കന്‍’മാരും ‘കൊള്ളത്തമ്പുരാക്കന്‍’മാരുമാക്കുന്ന അധഃസ്ഥിതാഖ്യാനങ്ങളും പ്രതിസ്മൃതികളും ഉണ്ടാകാതെ പോയത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍, തിരുവിതാംകൂര്‍ രാജവംശം അധഃസ്ഥിത ഭൂരിപക്ഷത്തിന്റെ സാമൂഹിക സ്മൃതികളില്‍ ചൂഷണത്തിന്റെയും കൊള്ളയുടെയും പ്രതീകങ്ങളായി പ്രതിസ്ഥാപിക്കപ്പെടുമായിരുന്നു. പക്ഷേ, ജാതിമര്‍ദനത്തിന്റെ രാഷ്ട്രീയ ഉപാധിയായിരുന്ന ഒരു രാജഭരണ ചരിത്രത്തെ ബഹുമാനത്തോടെ കാണാന്‍പഠിപ്പിക്കുന്ന ചരിത്രാഖ്യായികകളാണ് പുതിയ രീതിശാസ്ത്രത്തെ അവലംബിച്ച ചരിത്രപണ്ഡിതര്‍പോലും സൃഷ്ടിച്ചത്. അയിത്ത നിയമങ്ങള്‍ ലംഘിക്കുന്ന അധഃസ്ഥിതരെ തല്‍ക്ഷണം വധിക്കാന്‍ കല്‍പന നല്‍കിയിരുന്ന രാജാക്കന്മാര്‍ ആരുടെ പൊന്നുതമ്പുരാനാണ്? പൊതുനിരത്തില്‍ മാറുമറയ്ക്കുന്ന അധഃസ്ഥിത സ്ത്രീക്ക് ശിക്ഷവിധിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എങ്ങനെയാണ് ധര്‍മരാജാക്കന്മാരായത്? മുലക്കും തലക്കും നികുതി ഏര്‍പ്പെടുത്തിയിരുന്ന ഈ രാജഭരണത്തിന്റെ ചരിത്രം, കേരളചരിത്രത്തിലെ ‘ഇരുണ്ടയുഗ’മെന്നു രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ടാണ്? ‘ഇരുണ്ടയുഗം’ ‘ധര്‍മയുഗ’മെന്നും ‘മര്‍ദകത്തമ്പുരാക്കന്‍’മാര്‍ ‘പൊന്നുതമ്പുരാക്കന്‍’മാരെന്നും ആഖ്യാനം ചെയ്യപ്പെടുന്നത്, അധഃസ്ഥിതരില്‍നിന്ന് അവരുടെ സ്മൃതികള്‍ അപഹരിക്കുന്നതിനു തുല്യമാണ്. ഈ രാജസ്മൃതി കേരളത്തിന്റെ പൊതുസ്മൃതിയാകുന്നത്, ഭൂരിപക്ഷ ജനവിഭാഗങ്ങളെ അവരുടെ ഓര്‍മകളില്‍നിന്നുപോലും കുടിയിറക്കുന്നതിലൂടെയാണ്.

ഈ വിപര്യയത്തെ നിര്‍ധാരണം ചെയ്യുകയും തുറന്നുകാണിക്കുകയും ചെയ്യുകയെന്നതാണ് സമകാലിക ചരിത്രരചനയുടെ നൈതിക ധര്‍മം. എന്നാല്‍, എം.ജി.എസിനെപ്പോലെയുള്ള ചരിത്രകാരന്മാര്‍ ഈ നൈതിക ധര്‍മത്തില്‍നിന്നു പലായനം ചെയ്യുകയും രാജഭരണത്തിന്റെ പൂര്‍വകാല അനീതികള്‍ വെള്ളപൂശുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു. ശാസ്ത്രീയ ചരിത്രരചനയോടു പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ എപ്പോഴും സാമൂഹികസ്മൃതിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. കാരണം, തനിക്കുമുന്നിലുള്ള ചരിത്രാവശിഷ്ടങ്ങളെയും വസ്തുക്കളെയും വിമര്‍ശാത്മകമായി വിലയിരുത്തുന്നതിനാവശ്യമായ ഉപാധികള്‍, സാമൂഹികസ്മൃതികള്‍ ചരിത്രകാരനു നല്‍കുന്നില്ല. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അറകളില്‍നിന്നു കണ്ടെടുക്കുന്ന വസ്തുക്കള്‍ നല്‍കുന്ന പ്രതീകാത്മക പ്രസ്താവനകളെ ചരിത്രകാരന്‍ മുഖവിലയ്ക്കെടുക്കാന്‍ പാടില്ല. അത് ചരിത്രകാരന്‍ സ്വന്തം ധൈഷണിക സ്വാതന്ത്ര്യം അടിയറവെക്കുന്നതിനു തുല്യമാണ്. നിധിശേഖരം ഉണര്‍ത്തുന്ന സാമൂഹിക സ്മൃതിയും ശാസ്ത്രീയ ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം മനസ്സിലാക്കാത്തതുകൊണ്ടാണ്, വിമര്‍ശക സന്ദേഹത്തിനു പകരം ‘ഭക്തിപാരവശ്യം’ എം.ജി.എസിനെ ഭൂതാവേശിച്ചിരിക്കുന്നത്.

ഈ നിധിശേഖരത്തെ മലയാളികള്‍ വികാരപരമായി സമീപിക്കാന്‍ കാരണം, അവര്‍ ‘ആസൂത്രിത വിസ്മൃതി’ക്കു വിധേയരായതുകൊണ്ടാണ്. തിരുവിതാംകൂറില്‍ ഭൂരിപക്ഷ മലയാളികള്‍ അനുഭവിച്ച ജാതിമര്‍ദനം പ്രവര്‍ത്തിച്ചത് ശ്രീപത്മനാഭസ്വാമിയുടെ പേരിലായിരുന്നു. കീഴാള ദ്രോഹത്തിനു ദിവ്യ പരിവേഷം നല്‍കിയത് ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്. ‘അടിമത്തത്തിന്റെയും അയിത്തത്തിന്റെയും ആത്മീയോപകരണ’മായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ഇപ്പോള്‍ അഭിമാനിക്കുന്നത്, അവരുടെ പൂര്‍വികര്‍ അനുഭവിച്ച അപമാനത്തെക്കുറിച്ചുള്ള സ്മൃതികള്‍ അവരില്‍നിന്നപഹരിക്കപ്പെട്ടതുകൊണ്ടാണ്. തിരുവിതാംകൂറിലെ നിയമങ്ങളും ശാസനകളും ശ്രീപത്മനാഭന്‍െറ നിയമശാസനകളായിരുന്നു. തിരുവിതാംകൂറിലെ ‘രാഷ്ട്രീയദൈവശാസ്ത്രവ്യവഹാര’ത്തിന്റെ ഏറ്റവും വലിയ ആയുധം ‘സ്വാമിദ്രോഹം’ എന്ന സങ്കല്‍പമായിരുന്നു.

‘തൃപ്പടിദാനം’ അഥവാ തിരുവിതാംകൂറിനെ ‘ശ്രീപത്മനാഭനു സമര്‍പ്പിക്കല്‍’ ഒരു ‘രാഷ്ട്രീയമിത്തി’നെയാണ് സൃഷ്ടിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു പ്രത്യേക ‘ദൈവ’ത്തിന്റെ ‘രാഷ്ട്രീയനിര്‍വാഹക’രായിമാറുന്നു. രാജവംശത്തിന്റെ ഭൗതികാധികാരത്തെ ആത്മീയവത്കരിക്കുകയും ‘രാജഭരണം’ എന്നതുതന്നെ ‘ദൈവഭരണ’മായി മാറുകയും ചെയ്യുന്നു. ഇവിടെ രാജാവ്, രാജ്യം, ഭൂപ്രദേശം, ഭരണം, ആചാരം, മാമൂലുകള്‍ എന്നിവയെല്ലാം ശ്രീപത്മനാഭസ്വാമിയുടെ ബാഹ്യ പ്രകാശനങ്ങളായി മാറുന്നു. രാജാവില്‍ ദിവ്യത്വം കല്‍പിക്കുന്നതുപോലെ ശ്രീപത്മനാഭനില്‍ ‘ഭൗതികത’ കല്‍പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, 1811ല്‍ കേണല്‍ മണ്‍ട്രോക്കയച്ച കത്തില്‍ റാണി ലക്ഷ്മീഭായി, ‘ശ്രീപത്മനാഭനും യൂറോപ്യന്‍കമ്പനിയും തമ്മിലുണ്ടാക്കിയ സഖ്യ’മെന്നുപറയുന്നത്. ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി ഉടമ്പടിയിലേര്‍പ്പെടാന്‍ കഴിയുംവിധം ശ്രീപത്മനാഭനെ, ഒരു ‘നിയമവ്യക്തിത്വ’മാക്കാന്‍ ഈ രാഷ്ട്രീയ മിത്തിനു കഴിയുന്നു. (രാജഭരണത്തിലെ ‘നിയമവ്യക്തിത്വ’ങ്ങള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതോടെ റദ്ദാക്കപ്പെടുന്നു.) മധ്യകാല യൂറോപ്യന്‍ രാഷ്ട്രീയ ദൈവശാസ്ത്രം ആവിഷ്കരിച്ച ‘രാജാവിന്റെ ഇരട്ട ശരീരങ്ങള്‍’ (Ernst Kantorowicz, The King’s Two Bodies) എന്ന മിത്തിനു സമാനമായ ഒന്നാണ് ശ്രീപത്മനാഭദാസ്യം. ‘രാജാവിന്റെ ഇരട്ടശരീരങ്ങള്‍’ എന്ന രാഷ്ട്രീയമിത്തിന് രാജകീയാധികാരത്തെ അനശ്വരം മാത്രമല്ല, അദൃശ്യവുമാക്കാന്‍ കഴിഞ്ഞു. അതുപോലെ, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ ഭൗതിക മണ്ഡലമാകുന്നതോടെ, രാജകീയ ശാസനങ്ങള്‍ ശ്രീപത്മനാഭ ശാസനങ്ങള്‍ തന്നെയാകുന്നു. ദൈവത്തിനു തെറ്റുസംഭവിക്കുകയോ തെറ്റായി ചിന്തിക്കുകയോ സാധ്യമല്ല. രാജാവിന്റെ നടപടികള്‍ തെറ്റുകള്‍ക്കതീതമാകുന്നു. രാജവിമര്‍ശം ദൈവവിമര്‍ശമോ ദൈവനിന്ദ തന്നെയോ ആകുന്നു. അതാണ്, ‘സ്വാമിദ്രോഹ’മെന്ന സങ്കല്‍പത്തിലൂടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം സൃഷ്ടിച്ച അധികാരവ്യവസ്ഥ. തങ്ങളുടെ പ്രതിബദ്ധത ശ്രീപത്മനാഭനോടു മാത്രമാണെന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ രാജവംശം രാജഭരണചരിത്രത്തില്‍ ‘ബഹുജനവിരുദ്ധത’യുടെ സമാനതകളില്ലാത്ത ഒരു ഇരുണ്ടയുഗം നിര്‍മിക്കുകയായിരുന്നു. ഈ രാഷ്ട്രീയ ദൈവശാസ്ത്രം വിമര്‍ശങ്ങളെയും പ്രതിരോധങ്ങളെയും രാജഭരണത്തില്‍നിന്നു വിസ്ഥാപനം ചെയ്യുകയും ശ്രീപത്മനാഭസ്വാമിക്കെതിരായ ‘ദ്രോഹ’മായി വ്യാഖ്യാനിക്കുകയും ചെയ്തു. ‘രാജകീയത’ക്കു ദിവ്യപരിവേഷം നല്‍കുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമായും ദൈവവിരുദ്ധമാകുന്നു. രാജഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരെ ചിന്തിക്കുന്നതുപോലും ദൈവവിരുദ്ധമാണെന്ന അതീതമായ ഭയമാണ് ‘സ്വാമിദ്രോഹ’സങ്കല്‍പം ഈശ്വരവിശ്വാസികളായ സാധാരണക്കാരില്‍ സൃഷ്ടിച്ചത്. ‘സവര്‍ണന്റെ മുന്നില്‍ ഞാനെന്തിനു വഴിമാറണം’ എന്ന് ഒരു അധഃസ്ഥിതനു ചിന്തിക്കാന്‍പോലും കഴിയാത്തവണ്ണം സ്വാമിദ്രോഹഭീതി അവനെ കീഴ്പ്പെടുത്തിയിരുന്നു. ‘സ്വാമിദ്രോഹ’മെന്ന രാഷ്ട്രീയ ദൈവശാസ്ത്രായുധം ഫലത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തെ കവചിതമാക്കുകയാണു ചെയ്തത്. ‘സ്വാമിദ്രോഹ’ത്തിന്റെ ദിവ്യ കവചങ്ങള്‍ക്കു പിന്നില്‍ ദീര്‍ഘകാലം സുരക്ഷിതമായിരുന്ന തിരുവിതാംകൂര്‍ രാജവംശം ആദ്യമായി അരക്ഷിതത്വമനുഭവിക്കുന്നത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ്. ബ്രിട്ടീഷാധിപത്യത്തോടെ സാവധാനമായിട്ടാണെങ്കിലും ഇവിടെ രൂപംകൊണ്ട ആധുനിക ഭരണസമ്പ്രദായങ്ങളും നീതിന്യായസംവിധാനവും ‘സ്വാമിദ്രോഹ’ത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രത്തിനുമേല്‍ കനത്ത പ്രഹരമാണേല്‍പിച്ചത്.

സവര്‍ണതൃഷ്ണയുടെ തിരിച്ചുവരവ്
തിരിച്ചുവരവിനുവേണ്ടി സ്വയം ഊഴം കാത്തിരുന്ന ഫ്യൂഡല്‍-സവര്‍ണ-രാജകീയമൂല്യങ്ങള്‍ക്കു കിട്ടിയ സുവര്‍ണാവസരമാണ് ക്ഷേത്രനിധി. മറയില്ലാതെ പ്രത്യക്ഷമാകാനും സ്വന്തം സവര്‍ണ-ഫ്യൂഡല്‍ മുഖം പ്രദര്‍ശിപ്പിക്കാനും അറച്ചിരുന്ന മലയാളി സ്വത്വത്തിന്റെ അധോശക്തികള്‍ക്കു ലഭിച്ച ന്യായീകരണമാണിത്. സ്വന്തം ‘പ്രജാസ്വത്വ’ത്തെ ‘പൗരത്വ’ത്തിന്റെ സാങ്കേതിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഇക്കാലമത്രയും ഒളിപ്പിച്ചുവെച്ചിരുന്ന വിഭാഗങ്ങള്‍ക്ക്, ഇപ്പോള്‍ പൗരത്വത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍ അഴിച്ചുവെച്ച്, തനിപ്രജകളായി പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചിരിക്കുന്നു. പൗരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മറ്റും ആധുനിക പ്രച്ഛന്നവേഷങ്ങള്‍ കെട്ടിയാടിക്കൊണ്ടിരുന്നവര്‍ യഥാര്‍ഥത്തില്‍ പൗരത്വത്തിന്റെ യൗവന വളര്‍ച്ചയെത്താത്ത പ്രജാശിശുക്കളായിരുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ചരിത്രകാരന്മാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും ഇപ്പോള്‍ തങ്ങളുടെ ‘അമര്‍ത്തപ്പെട്ടിരുന്ന പ്രജാസ്വത്വ’ത്തെ പുറത്തെടുത്തു പ്രദര്‍ശിപ്പിക്കാനും പ്രജാസ്വത്വത്തിന്റെ അധമവും അവികസിതവുമായ ബോധം ഒരിക്കലും തങ്ങളുടെ ‘ആത്മാവി’നെ വിട്ടുപോയിരുന്നില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാനും കഴിയുന്നു. സ്വന്തം ‘പ്രഫഷനി’ല്‍ ആധുനികതയുടെ സാങ്കേതിക സാധ്യതകള്‍ ഉപയോഗിക്കുകയും പൗരത്വത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴും ‘പ്രജാശൈശവ’ത്തില്‍നിന്നു ഒരിഞ്ചുപോലും വളര്‍ന്നിട്ടില്ലെന്ന പരോക്ഷപ്രഖ്യാപനമാണ് ഇവര്‍ നടത്തുന്നത്.

സമകാലിക ശ്രീപത്മനാഭദാസന്മാരുടെയും രാജഭക്തരുടെയും ‘സംഘബോധ’ത്തെയും ‘സംഘതൃഷ്ണ’യെയും അപഗ്രഥിക്കേണ്ടത് അനിവാര്യമാകുന്നു. അഭിനവ രാജഭക്തിക്കു പിന്നിലുള്ളത് യൂറോപ്യന്‍ നിയമ-രാഷ്ട്രീയ ചട്ടക്കൂടിന്റെ സമ്മര്‍ദത്തിനു മുന്നില്‍ അമര്‍ത്തപ്പെട്ടുകിടന്ന സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള സംഘതൃഷ്ണയാണ്. കേരളത്തിലെ ‘സവര്‍ണ സംഘബോധം’ ഇന്ത്യന്‍ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ‘ഇര’യുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചുകൊണ്ടു നടത്തുന്ന യുദ്ധമാണിത്. കാരണം, ഇന്ത്യയിലെ നിയമവ്യവസ്ഥ തത്ത്വത്തിലെങ്കിലും ജാതിശ്രേണിയെയും ഉച്ചനീചത്വത്തെയും അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ബാക്കിപത്രമായ ഈ നിയമവ്യവസ്ഥ, അതുകൊണ്ടുതന്നെ, സവര്‍ണാധിപത്യത്തിന്റെ ധര്‍മശാസ്ത്രവ്യവഹാരത്തിന് വലിയ ആഘാതമാണേല്‍പിച്ചത്. അതുകൊണ്ടാണ്, ബ്രിട്ടീഷ് ഭരണത്തിന്റെ ഈടുവെപ്പുകളായ ഭരണഘടന-നിയമ വ്യവസ്ഥകള്‍ക്കുമുന്നില്‍ സവര്‍ണപാരമ്പര്യം സ്വയം ‘ഇര’യുടെ സ്ഥാനത്ത് നില്‍ക്കുന്നത്. ശ്രീപത്മനാഭദാസന്മാരായ രാജാക്കന്മാര്‍ക്കു ലഭിച്ചിരുന്ന ‘പ്രാമാണികത’യും ‘പദവി’യുമാണ് താത്ത്വികമായിട്ടെങ്കിലും (വൈദേശിക) ഭരണഘടന-നിയമവ്യവസ്ഥകള്‍ ഇല്ലാതാക്കിയത്. രാജഭരണത്തിന്റെ ബിംബാവലികളും സ്ഥാനപ്പേരുകളും ചിഹ്നങ്ങളും പൊതുമണ്ഡലത്തില്‍ നിയമപരമായിത്തന്നെ നിരോധിതവുമാണ്. മനഃശാസ്ത്രപരമായി മുരടിച്ചുപോയ, ഒരു വിഭാഗമാളുകള്‍ക്ക് ഇപ്പോഴും തിരുവിതാംകൂര്‍ ‘രാജ്യ’വും ‘രാജാവും’ യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. ആധുനിക നിയമശാസ്ത്ര വ്യവഹാരത്തിന്‍െറ  പൊതുമണ്ഡലത്തിലെ ഔദ്യോഗിക വ്യാപനം, സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ, ഭാഗികമായെങ്കിലും ദുര്‍ബലമാക്കുന്നുണ്ട്. അതിനാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍നിന്ന് ഭരണഘടന-നിയമതത്ത്വങ്ങളും സംവര്‍ഗങ്ങളും നിഷ്കാസനം ചെയ്യപ്പെടേണ്ടത്, ഈ തിരിച്ചുവരവിന്റെ വ്യവഹാരത്തിനാവശ്യമാണ്. ദീര്‍ഘകാലമായി നാം കേള്‍ക്കാതിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍, നമ്പി, തന്ത്രി, പോറ്റി, കൊട്ടാരം, മഹാരാജാവ് തുടങ്ങിയ ശ്രീപത്മനാഭ-രാജവംശ സംവര്‍ഗങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുന്നതോടെ, ക്രമേണ അത് സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ ന്യായീകരിക്കുന്നതും സാധ്യമാക്കുന്നതുമായ വ്യവഹാരനിര്‍മിതയാകുന്നു. അര്‍ഥം നഷ്ടപ്പെട്ട ഇത്തരം പദങ്ങള്‍ക്ക്, സവര്‍ണ സംഘബോധത്തില്‍ ചില ‘വൈകാരികഫലങ്ങള്‍’ സൃഷ്ടിക്കാന്‍ കഴിയും. ‘തിരുവിതാംകൂര്‍ മഹാരാജാവ്’ എന്ന പ്രയോഗത്തിന് ഇന്നു ഭാഷാപരമായി ഒരര്‍ഥവുമില്ല. മറിച്ച്, സവര്‍ണതൃഷ്ണയുടെയും രാജഭക്തിയുടെയും ‘ഗൃഹാതുരത’ ഉണര്‍ത്തുന്ന വൈകാരികത ഉണര്‍ത്തുക മാത്രം ചെയ്യുന്നു. പൊതുമണ്ഡലത്തിലെ ഇത്തരം പ്രയോഗങ്ങള്‍, അതു നടത്തുന്നവരുടെ മനോവൈകല്യമാണു തെളിയിക്കുന്നത്.  നിധിയെക്കുറിച്ചു ചര്‍ച്ചചെയ്യേണ്ടത് നിയമവ്യവസ്ഥയുടെയും പൗരസ്വത്വബോധത്തിന്റെയും മൂല്യ-സംവര്‍ഗങ്ങളിലൂടെയല്ല മറിച്ച്, ശ്രീപത്മനാഭ വിശ്വാസത്തിന്റെ മാനദണ്ഡങ്ങളിലൂടെയാണെന്ന വാദത്തില്‍ നിറഞ്ഞുതുളുമ്പുന്നത് ഈ സവര്‍ണ സംഘതൃഷ്ണയാണ്. ശമനം ലഭിക്കാതെ ദമിതമായി കിടന്ന ഈ സവര്‍ണ സംഘതൃഷ്ണയുടെ പൊതുമണ്ഡലത്തിലെ പ്രത്യക്ഷമാകല്‍, പക്ഷേ, ജനാധിപത്യ സമൂഹമെന്നനിലക്കുള്ള കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ സവര്‍ണതൃഷ്ണയുടെ ‘മഹാവ്യാധി’യോടു പുലര്‍ത്തുന്ന ഉദാസീനതക്ക് കേരളം നല്‍കേണ്ടിവരുന്ന വില പ്രവചനാതീതമായിരിക്കും.

-ജെ രഘു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണിത്.

3 comments:

  1. കഫേ ടീം8 September 2011 at 03:32

    ‘തിരുവിതാംകൂര്‍ മഹാരാജാവ്’ എന്ന പ്രയോഗത്തിന് ഇന്നു ഭാഷാപരമായി ഒരര്‍ഥവുമില്ല. മറിച്ച്, സവര്‍ണതൃഷ്ണയുടെയും രാജഭക്തിയുടെയും ‘ഗൃഹാതുരത’ ഉണര്‍ത്തുന്ന വൈകാരികത ഉണര്‍ത്തുക മാത്രം ചെയ്യുന്നു. പൊതുമണ്ഡലത്തിലെ ഇത്തരം പ്രയോഗങ്ങള്‍, അതു നടത്തുന്നവരുടെ മനോവൈകല്യമാണു തെളിയിക്കുന്നത്. നിധിയെക്കുറിച്ചു ചര്‍ച്ചചെയ്യേണ്ടത് നിയമവ്യവസ്ഥയുടെയും പൗരസ്വത്വബോധത്തിന്റെയും മൂല്യ-സംവര്‍ഗങ്ങളിലൂടെയല്ല മറിച്ച്, ശ്രീപത്മനാഭ വിശ്വാസത്തിന്റെ മാനദണ്ഡങ്ങളിലൂടെയാണെന്ന വാദത്തില്‍ നിറഞ്ഞുതുളുമ്പുന്നത് ഈ സവര്‍ണ സംഘതൃഷ്ണയാണ്. ശമനം ലഭിക്കാതെ ദമിതമായി കിടന്ന ഈ സവര്‍ണ സംഘതൃഷ്ണയുടെ പൊതുമണ്ഡലത്തിലെ പ്രത്യക്ഷമാകല്‍, പക്ഷേ, ജനാധിപത്യ സമൂഹമെന്നനിലക്കുള്ള കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ സവര്‍ണതൃഷ്ണയുടെ ‘മഹാവ്യാധി’യോടു പുലര്‍ത്തുന്ന ഉദാസീനതക്ക് കേരളം നല്‍കേണ്ടിവരുന്ന വില പ്രവചനാതീതമായിരിക്കും.-ജെ രഘു

    ReplyDelete
  2. ഗംഭീരമായ ലേഖനം.പ്രത്യേകിച്ച് എം.ജി.എസ്സിനെ വെളിവാക്കുന്നത്.ജനാധിപത്യ സമൂഹത്തിൽ രാജനീതിക്കെതിരെ പൊരുതേണ്ടിവരുന്ന ഗതികേട്,ഇവിടുത്തെ അവർണനുമാത്രം.

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.