Monday, 25 July 2011

സുഭാഷിന്റെ ഛായ 29ന്


64 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ,എറണാകുളം ജില്ലയിലെ വൈപ്പിന്‍ വളപ്പ് സ്വദേശി വി.കെ. സുഭാഷ് സംവിധാനം ചെയ്ത ഛായ എന്ന ഹ്രസ്വ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം ജൂലായ് 29 വെള്ളിയാഴ്ച്ച രാവിലെ 9.15ന് എറണാകുളം സംഗീതാ തീയറ്ററില്‍ നടക്കും . ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയിലൂടെ മനുഷ്യന്റെ സ്വത്വ നഷ്ടവും അതു വീണ്ടെടുക്കാന്‍ നടത്തേണ്ടിവരുന്ന പെടാപ്പാടുകളുമാണ് ഛായയില്‍ സംവിധായകന്‍ വരച്ചിടുന്നത്.
കേരളത്തിലെ മലയോര ഗ്രാമത്തിലെ കര്‍ഷ കുടുംബം. അവിടെ ഗ്രാമ വിശുദ്ധിയുടെ നന്മ ‌നിറഞ്ഞ വീട്ടില്‍ വേലായുധനും ഭാര്യ ശാലിനിയും ഏക മകന്‍ ഉണ്ണിയും. ഒരു അപ്രതീക്ഷിത നിമിഷത്തില്‍ വേലായുധന്‍ പാമ്പു കടിയേറ്റു മരിക്കുന്നു. എന്നും അച്ഛന്റെ നിഴലായിരുന്ന ഉണ്ണിക്ക് ജീവിതം അവസാനിച്ച പോലയായി. എന്നാല്‍ അതിനപ്പുറത്ത് അവനെ കൂടുതല്‍ കരയിപ്പിച്ചത് അച്ഛന്റെ ഒരു ഫോട്ടോ പോലും കൈശമില്ലെന്ന ദുരന്തമായിരുന്നു. പിന്നെ ആ ഫോട്ടോ തേടിയുളള ഉണ്ണിയുടെ അന്വേഷണത്തിന്റെ നൊമ്പരത്തിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്. ചരിത്രത്തില്‍ ഒരു രേഖ പോലും വരയാതെ പോയ ആത്മാവുകള്‍ക്കുളള സമര്‍പ്പണമാണ് ഛായ എന്നു സുഭാഷ് പറയുന്നു.
സുഭാഷ് കണ്ടെത്തിയ കഥാതന്തുവിനെ തീവ്രമായ അന്വഷണത്തിന്റെ കഥയാക്കി മാറ്റിയത് ഗുരുനാഥന്‍ കൂടിയായ ജോസി ജോസഫാണ്. എ.വി. അനൂപ് (മെഡിമിക്സ്) നിര്‍മാണ സഹായം നല്‍കി. മൂന്നാറിനടുത്ത് കാന്തല്ലൂരായിരുന്നു ലൊക്കേഷന്‍ . എഡിറ്റിങ് രാഹുല്‍ രാജനും സംഗീതം രേഷ് രാജയും നിര്‍വഹിച്ചു.  29 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത് കലൂര്‍ ഗ്രീറ്റ്സ് അക്കാഡമിയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിപിന്‍ ബാബുവാണ്. വേലായുധനായി ഹരീഷും ശാലിനിയായി ദിവ്യാ ദാസും വേഷമിട്ടിരിക്കുന്നു.
സിനിമയടക്കം നിരവധി ലഘു പരസ്യചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ടെങ്കിലും സെക്കന്‍ഡുകള്‍ മാത്രമുളള കുഞ്ഞന്‍ സിനിമകളിലൂടെയാണ് സുഭാഷ് ശ്രദ്ധേയനായത്. സുഭാഷ് ഛായഗ്രഹണം നിര്‍വഹിച്ച മൂന്നു ഹ്വസ്വചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
(മനോരമ,മാതൃഭൂമി ദിനപത്രങ്ങളില്‍ ഛായയെപ്പറ്റി വന്ന നിരൂപണങ്ങളോട് ഈ കുറിപ്പിനു കടപ്പാടുണ്ട്)
പ്രവേശനം സൌജന്യമാണ്.

2 comments:

  1. കഫേ ടീം25 July 2011 at 16:40

    64 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ,എറണാകുളം ജില്ലയിലെ വൈപ്പിന്‍ വളപ്പ് സ്വദേശി വി.കെ. സുഭാഷ് സംവിധാനം ചെയ്ത ഛായ എന്ന ഹ്രസ്വ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം ജൂലായ് 29 വെള്ളിയാഴ്ച്ച രാവിലെ 9.15ന് എറണാകുളം സംഗീതാ തീയറ്ററില്‍ നടക്കും

    ReplyDelete
  2. 8.45 am/ sangeetha theatre. Ekm .''CHHAYA '' ABOUT TO BEGIN ...BRAVO ! SUBHASH

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.