Tuesday, 2 August 2011

മദ്യപന്മാരുടെ സ്വന്തം നാട്

കേരളീയരുടെ മദ്യപാനം ലോകത്തേക്കും വച്ച് ഏറ്റവും ഉയർന്ന തോതിലാണ്. ഇക്കഴിഞ്ഞ ദിവസം ഡെക്കാൻ ക്രോണിക്ക്ൾ ദിനപത്രം ഇതു സംബന്ധമായി ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. കേരളാ സ്റ്റേറ്റ് ബവ്റിജസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് 2010-11ൽ അവരുടെ ടേണോവർ 6730.30 കോടിയാണ്. 2005-06ലേതിനേക്കാൾ ഏതാണ്ടു മൂന്നിരട്ടി.(അന്നത്തെ ടേണോവർ 2635.81 കോടിയായിരുന്നു). സർക്കാരുകൾക്ക് മദ്യക്കച്ചവടം നല്ലൊരു ചാകരയാണ്. കഴിഞ്ഞ 6 വർഷംകൊണ്ട് കേരളീയർ 26341.74 കോടിയുടെ മദ്യം കുടിച്ചു തീർത്തപ്പോൾ അതിൽ 18549.76 കോടിയും സർക്കാരിനു നികുതിയായി ലഭിച്ചെന്നോർക്കണം. അങ്ങനെയാണ് സർക്കാരിന്റ റവന്യൂവരുമാനം 2005-06ലെ 2055.71 കോടിയിൽ നിന്ന് 2010-11ൽ 5239.32 കോടി ക യായി വർധിച്ചത്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ ഡോ ഹരീഷ് എൻ രാമചന്ദ്രൻ എന്ന 32കാരൻ , 2006 മുതൽ 2010 വരെയുള്ള നാലുവർഷം കേരളത്തിലെ 14 ജില്ലകളിലും സർവേ നടത്തിയാണ് ,കേരളീയരുടെ മദ്യപാന സ്വഭാവത്തെ സ്വാധീനിക്കുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ എന്ന വിഷയത്തിൽ ഡോക്റ്ററേറ്റ് നേടിയത്.അദ്ദേഹത്തിന്റെ പഠനത്തിൽ നിന്നുള്ള വിവരങ്ങളാണു താഴെ(അങ്ങനെ ഊഹിക്കുന്നു. പത്രത്തിൽ അതു സ്പഷ്ടമല്ല):
1. കേരളീയരുടെ പ്രതിശീർഷ മദ്യ ഉപഭോഗം വർഷത്തിൽ 8.3 ലീറ്ററാണത്രേ! ഇക്കാര്യത്തിൽ നാം അമേരിക്കക്കു തുല്യവും ഇറ്റലി, പോളണ്ട് (അവിടങ്ങളിൽ 8 ആണത്) ഈ രാജ്യങ്ങൾക്കു മുന്നിലുമാണ്.
2. അമിത മദ്യപരിൽ കൗമാരക്കാർ (25 വയസ്സിൽ താഴെയുള്ളവർ) 42.4 ശതമാനം വരും. അതായത് ഒറ്റയിരുപ്പിൽ അത്തരക്കാർ 180 മി ലി മദ്യം അകത്താക്കുന്നു എന്നർഥം.
3. സംസ്ഥാനത്തെ മദ്യപരിൽ ഭൂരിപക്ഷവും 35 വയസ്സിൽ താഴെയുള്ളവരാണ്.
4. മദ്യപരായ കൗമാരക്കാരിൽ 34.7 ശതമാനം ബ്രാൻഡി കഴിക്കുന്നവരാണ്, 25 നും 35 നും പ്രായമുള്ള മദ്യപരിൽ 37.9%വും റമ്മാണു കഴിക്കുന്നത്. 35 നും 45നും പ്രായമുള്ള കുടിയന്മാരിൽ 45.5 % വും 45 നുമുകളിൽ പ്രായമുള്ളവരിൽ 38.2% വും റമ്മാണു കഴിക്കുന്നത്.
5. സർവേ നടത്തിയവരിൽ13.6 % വീട്ടിലിരുന്നു മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മധ്യവയസ്കരും പ്രായമായവരുമാണ് ഇത്തരക്കാരിൽ മിക്കവരും.
6. സർക്കാർ ജീവനക്കാരിലാണ് വീട്ടിലിരുന്നു കുടിക്കുന്ന സ്വഭാവം കൂടുതലുമുള്ളത്.
7. കൗമാരക്കാരിൽ ഭൂരിപക്ഷവും രാവിലെ മദ്യപിക്കുന്നവരാണ്. വാസ്തവത്തിൽ രാവിലെയുള്ള മദ്യപാനം അസാധാരണമായ ഒരു കാര്യമാണ്.
8. മദ്യപരിൽ 30 ശതമാനവും ദിവസക്കൂലിക്കാരാണ്, വിദ്യാർഥികൾ 27. 5% വരും.
9. കേരളീയർ മദ്യപാനം തുടങ്ങുന്ന ശരാശരി വയസ് 21 ആണ്.
10. അമിത മദ്യപരിൽ ഭൂരിപക്ഷവും പ്ലസ് ടൂവിനു താഴെ വിദ്യാഭ്യാസമുള്ളവരാണ്.
* മദ്യപരിൽ 83 ശതമാനവും മാസം പതിനായിരം രൂപയിൽ താഴെ വരുമാനമുള്ളവരാണ്. അതിൽത്തന്നെ 43%വും പ്രതിമാസം 5000 കയിൽ താഴെ വരുമാനമുള്ളവരാണ്.
* 74 % പേരും കൂട്ടുകാരുമൊത്താണ് മദ്യപിക്കുന്നത്, 23 % പേർ ഒറ്റയ്ക്കു മദ്യപിക്കുന്നു. ഇണയുമായി മദ്യപിക്കുന്നവർ 3 % ഉണ്ട്.
* 5000 ക യിൽ താഴെ വരുമാനമുള്ള മദ്യപരിൽ 72 %വും 150 ക ഒരിരുപ്പിൽ ചെലവാക്കുന്നു, അതായത് അത്തരക്കാർ പ്രതിമാസം 4500 ക മദ്യത്തിനുവേണ്ടി മാത്രം ചെലവാക്കുന്നു എന്നർഥം.
* 68% പേർ ഒറ്റയിരുപ്പിൽ 150 ക മദ്യപാനത്തിനായി ചെലവാക്കുന്നവരാണ്; 23 % 150 മുതൽ 300 ക വരെ ചെലവാക്കുന്നു.

* 59% പേർ റം കഴിക്കുമ്പോൾ 22 % ബ്രാൻഡിയാണു കഴിക്കുന്നത്. 8. 2 % നാടൻ വാറ്റും 4.5 % കള്ളും കുടിക്കുന്നു.
* 58.4% അമിത മദ്യപരുടെ കൂട്ടത്തിൽ വരും. അതായത് ഒറ്റയിരുപ്പിൽ അത്തരക്കാർ മൂന്നു പെഗ്ഗിൽക്കൂടുതൽ അകത്താക്കും. രണ്ടു മുതൽ മൂന്നു പെഗ് വരെ ഒറ്റയിരുപ്പിനു തീർക്കുന്ന ഇടത്തരം മദ്യപർ 40.8% വരും.

* 10.9 % പേർ രാവിലെ മദ്യപാനം തുടങ്ങുന്നവരാണ്.
* വെള്ളം ചേർക്കാതെ(തനി/ഡ്രൈ) അകത്താക്കുന്നവർ 14.5 ശതമാനം വരും.
* 34.3% ദിവസേന മദ്യപിക്കുന്നവരാണ്,ആഴ്ച്ചയിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ മദ്യപിക്കുന്നവർ 23 ശതമാനവും ആഴ്ച്ചയിൽ രണ്ടു ദിവസം കഴിക്കുന്നവർ 27 %വും വരും.
* 35.5% തെരുവിൽ മദ്യപിക്കുന്നവരാണെങ്കിൽ 40 % ബാറുകളിലും 13% വീടുകളിലും മദ്യപിക്കുന്നവരാണ്.
* 4.5 % പേർ പറയുന്നത് അവരുടെ ഭാര്യമാരും മദ്യപിക്കുന്നു എന്നാണ്. എന്നാൽ മക്കളും മദ്യപിക്കുന്നവരാണെന്നു പറയുന്നവർ 48% വരും.
* മദ്യപാനത്തിന് എന്തെങ്കിലും സാമൂഹിക-സാംസ്കാരിക നിയന്ത്രണം ഉണ്ടെന്ന് 82.7% പേരും കരുതുന്നില്ല.

1 comment:

  1. കഫേ ടീം2 August 2011 at 00:11

    മദ്യപാനത്തിന് എന്തെങ്കിലും സാമൂഹിക-സാംസ്കാരിക നിയന്ത്രണം ഉണ്ടെന്ന് 82.7% പേരും കരുതുന്നില്ല.

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.