നമ്മുടെ ദിനപത്രങ്ങള്‍ ,വിശേഷിച്ചും മുഖ്യധാരാ ദിനപത്രങ്ങള്‍ വായനക്കാരുടെ കത്തുകള്‍ക്കു നീക്കിവയ്ക്കുന്ന സ്ഥലം തീരെ പരിമിതമാണ്. പലപ്പോഴും ഒരേയൊരു കത്തു മാത്രമാണ് ലക്ഷക്കണക്കിനു വായനക്കാരുണ്ടെന്നു വീമ്പുപറയുന്ന അവര്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന കത്തുകളാണെങ്കില്‍ മിക്കവാറും ഭരണകൂട/മാധ്യമ സ്തുതിപാഠകരുടേതാകും. മറിച്ചുള്ളവ അപൂര്‍വമായിപ്പോലും വെളിച്ചം കാണിക്കില്ല. വായനക്കാരുടെ കാശു വാങ്ങണമെന്നല്ലാതെ അവര്‍ക്ക് പത്രത്തെപ്പറ്റിയോ സാമൂഹിക വിഷയങ്ങളെപ്പറ്റിയോ അഭിപ്രായം പറയാനുള്ള ഒരു വേദി ഈ പത്രങ്ങള്‍ ഒരുക്കില്ല. വാസ്തവത്തില്‍ ഒരു പേജെങ്കിലും വായനക്കാര്‍ക്കായി നീക്കിവയ്ക്കാന്‍ കഴിയുന്നവരും അങ്ങനെ ചെയ്യേണ്ടവരുമാണ് ഈ പത്രങ്ങളെല്ലാം തന്നെ. എന്നാല്‍ അത്രയും സ്ഥലത്ത് പരസ്യം ചെയ്തു കാശുണ്ടാക്കാമെന്നു കരുതുന്ന മനോരമയും മാതൃഭൂമിയും പോലുള്ള പത്രങ്ങള്‍ ഒരിക്കലും അതു ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.അതുമാത്രമല്ല, പൊതുജനങ്ങളെ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും ഒരേസമയം പുച്ഛവും പേടിയുമാണ്. അതുകൊണ്ടാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും വിവരാവകാശ നിയമത്തെ വെറുക്കുന്നത്. അതുകൊണ്ടാണ് ഒരു സര്‍ക്കാര്‍ ഓഫീസിലും പൊതുജനത്തിനോട് ഇരിക്കാന്‍ ഒരുദ്യോഗസ്ഥനും പറയാത്തത്, ഇരിക്കാന്‍ കസേര ഇല്ലാത്തത്. മാധ്യമങ്ങളും വ്യത്യസ്തരല്ല. അവരും വായനക്കാരെ വെറും ഉപഭോക്താക്കളായി മാത്രമേ കാണുന്നുള്ളൂ. തങ്ങള്‍ പറയുന്നതെന്തും തൊണ്ട തൊടാതെ വാരിവിഴുങ്ങുന്ന കഴുതകളായി മാത്രം. അല്ലെങ്കില്‍ ഇത്രയധികം പേജുകളുമായിറങ്ങുന്ന ഈ പത്രങ്ങള്‍ പണ്ടേ വായനക്കാര്‍ക്കായി ഒരു അരപ്പേജെങ്കിലും നീക്കിവച്ചേനെ. വായനക്കാരും അതാവശ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും കഷ്ടം.ഇനിയെങ്കിലും അവരത് ആവശ്യപ്പെടുമോ? തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും അവസരം വേണമെന്ന് പത്രങ്ങളുടെ വായനക്കാര്‍ ആവശ്യപ്പെടേണ്ട കാലം അതിക്രമിച്ചില്ലേ? മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ യാസീന്‍ അശ്റഫിന്റെ കോള-മീഡിയ സ്കാന്‍-ത്തില്‍ വന്ന ഈ നിരീക്ഷണം ഇതോടു കൂട്ടിവായിക്കുക.
നവമാധ്യമങ്ങള്‍ സംവാദങ്ങള്ക്ക്കൂടുതല് ഇടം നല്‍കുന്നുണ്ട്. ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും സ്വതന്ത്രമായ ആശയാവിഷ്കാരം തേടുന്നവര്‍ വര്‍ധിച്ചുവരുന്നു. ചൂടുപിടിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും ഇന്ന് നിര്‍ബാധം നടക്കുന്നത് സൈബര്‍ ലോകത്താണ്. സ്വാതന്ത്ര്യത്തിന്റെയും വിലക്കുകളില്ലായ്മയുടെയും ഗുണങ്ങളും ദോഷങ്ങളും അവിടെ കാണാനാവും.
അതേസമയം അച്ചടിമാധ്യമങ്ങളില്‍ പൊതുചര്‍ച്ചകളുടെ ഇടം കുറഞ്ഞുവരുകയാണെന്ന് തോന്നുന്നു. ദിനപത്രങ്ങളിലെ ''പത്രാധിപര്‍ക്കുള്ള എഴുത്തുകള്‍'' സൂചകമായി എടുക്കാമെങ്കില്‍ മിക്ക എഡിറ്റര്‍മാരും വായനക്കാരെ ഉപഭോക്താക്കള്‍ മാത്രമായിട്ടാണ് കണക്കാക്കുന്നത്. തങ്ങള്‍ ഉണ്ടാക്കുന്ന ''ഉല്പന്നങ്ങള്'' വായിച്ചുകൊണ്ടിരിക്കുക എന്നതിലൊതുങ്ങുന്നു വായനക്കാരുടെ ധര്‍മം. അവരുടെ സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും പത്രങ്ങളില്‍ ഇടംനല്‍കുന്നില്ല.
2011 ജൂണ്‍ 15ന് തുടങ്ങിയ നാല് ആഴ്ചകളില്‍ വന്ന കത്തുകള്‍ പരിശോധിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നു. ഓരോ ദിവസവും വായനക്കാരുടെ എത്ര കത്തുകള്‍ പ്രസിദ്ധപ്പെടുത്തി എന്നറിയാന്‍ പത്ത് മലയാള പത്രങ്ങള്‍ നോക്കി. ഇതില്‍നിന്ന് ഗണിച്ചെടുത്ത ശരാശരിക്കണക്ക് നിരാശാജനകമാണ്. പത്ത് പത്രങ്ങളില്‍ പ്രതിദിനം രണ്ടു കത്തെങ്കിലും പ്രസിദ്ധപ്പെടുത്തുന്നവ രണ്ടെണ്ണം മാത്രം: മാതൃഭൂമി (ശരാശരി 2.64 കത്തുകള്‍)യും തേജസും (2.21). ഒരു ദിവസം ശരാശരി ഒരു കത്തെങ്കിലും പ്രസിദ്ധപ്പെടുത്തുന്നവയായി നാലെണ്ണംകൂടിയുണ്ട്: മാധ്യമം (1.75), ചന്ദ്രിക (1.17), മംഗളം (1.11), സിറാജ് (1.04),
മലയാള മനോരമ (0.89), ദീപിക (0.78), ദേശാഭിമാനി (0.4) എന്നിവ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. വേറൊന്നുമില്ലെങ്കില്‍ സ്ഥലം നിറക്കാനുള്ള ''ഫില്ലറാ''യി കത്തുകള്‍ ഉപയോഗിക്കുന്നവരുണ്ട്.
പ്രസിദ്ധപ്പെടുത്തുന്ന കത്തുകളുടെ എണ്ണം നോക്കിയുള്ള കണക്കാണിത്. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന പത്രസ്ഥലത്തിന്റെ തോത് നോക്കിയാല്‍ അല്പസ്വല്പം വ്യത്യാസം കണ്ടേക്കാമെങ്കിലും ചിത്രം ഏറക്കുറെ ഇതുതന്നെ. എണ്ണം, ഇടം, എഡിറ്റിങ്ങിലെയും കത്തുകളുടെ തെരഞ്ഞെടുപ്പിലെയും ഗൗരവബോധം എന്നീ മാനദണ്ഡങ്ങളെല്ലാമെടുത്താലും വലിയ വ്യത്യാസം കാണാനിടയില്ല.
ഈ അളവുകോലുകളനുസരിച്ച് മലയാള പത്രങ്ങളുടെ വളരെ മുന്നിലാണ് ഇംഗ്ലീഷ് പത്രങ്ങള്‍. ഹിന്ദുവിന്റെ പ്രതിദിന ശരാശരി 15 മുതല്‍ 17 കത്തുകള്‍ എന്നതാണ്.
മൊത്തം പേജുകളുടെ എണ്ണമെടുക്കുമ്പോള്‍ മേല്പറഞ്ഞ സ്ഥാനക്രമങ്ങള്‍ മാറും. ഉദാഹരണത്തിന്, ഏറ്റവും കൂടുതല്‍ പേജുകളും മൊത്തം പത്രസ്ഥലവുമുള്ള മനോരമയും താരതമ്യേന കുറഞ്ഞ പേജുള്ള ദീപികയും തമ്മില്‍, ദീപികക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടിവരും. ഇങ്ങനെ മൊത്തം പത്രസ്ഥലത്തില് കത്തുകള്‍ക്ക് നല്കുന്ന ഇടം നോക്കുമ്പോള്‍ മാതൃഭൂമിയെക്കാള്‍ ഏറെ മുന്നിലെത്തും തേജസും മാധ്യമവും.
കത്തുകള്‍ക്ക് നല്കുന്ന ഇടവും അവയുടെ എണ്ണവും മാത്രം നോക്കിയാലൊന്നും പത്രങ്ങളുടെ ജനായത്ത പ്രാതിനിധ്യബോധം അളക്കാനാവില്ല. പലരും കത്തുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാലിക്കുന്ന ജനായത്ത ബോധവും പ്രതിപക്ഷ ബഹുമാനവും സംശയാസ്പദമാണ്.
വായനക്കാരുടെ കത്തുകള്‍ പതിവായി ചേര്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നിഷ്ഠയുള്ളത് തേജസിനാണ്. എഡിറ്റ് പേജില്‍ നിര്‍ണിതമായ ഒരു ഭാഗമെങ്കിലും കഴിവതും മുറതെറ്റാതെ അവര്‍ കത്തുകള്‍ക്കായി നീക്കിവെക്കുന്നു. ഇതിനുപുറമെ, വായനക്കാര്‍ എഴുതുന്ന എഡിറ്റോറിയലും (''എനിക്ക് തോന്നുന്നത്'') തേജസിന്റെ പ്രത്യേകതയാണ്. ''വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന കൊലപാതകങ്ങള്‍'' (പുതുപ്പണം ഗഫൂര്‍, പെരിങ്ങാടി, ജൂണ്‍ 19), ''ആര്‍ക്കും വേണ്ടാത്ത പൊതുവിദ്യാഭ്യാസം'' (എസ്. കബീര്കുട്ടി, പോരുവഴി, ജൂണ്‍ 26), ''സ്വാശ്രയ പ്രശ്നം...'' (കെ.ടി. ചെറിയ മുഹമ്മദ്, ഇരിവേറ്റി, ജൂലൈ 3), ''നസീര്‍ വധശ്രമത്തിന്റെ അന്തര്‍നാടകങ്ങള്‍'' (ടി.കെ. പ്രഭാകരന്, ഹരിപുരം, ജൂലൈ 10) എന്നിവയാണ് ഈയിടെ വന്ന വായനക്കാരുടെ മുഖക്കുറിപ്പുകള്‍.
ഗൗരവബോധവും നര്‍മരസവും പരിഹാസവും അധിക്ഷേപവുമെല്ലാം വായനക്കാരുടെ കത്തുകളില്‍ കാണാം. നല്ല നിരീക്ഷണപാടവമുള്ളവരുണ്ട്. ''ജൂണ്‍ 16ലെ മാതൃഭൂമി പത്രം വായിച്ചപ്പോള്‍ കണ്ട'' കാര്യങ്ങള്‍ ആ പത്രത്തില്‍തന്നെ ബി. ജയരാജന് വെങ്ങാലി (ജൂണ്‍ 20) കുറിച്ചതിങ്ങനെ: കുറ്റവാര്ത്തകള് 34, ''ഭൂമി കൈയേറ്റം, സാമ്പത്തിക ക്രമക്കേടുകള്‍, കൊല, കൊള്ള, അക്രമം, മണിചെയിന്‍'' തുടങ്ങിയ വാര്‍ത്തകള്‍ കൊണ്ട് പേജുകള്‍ നിറഞ്ഞിരിക്കുന്നു.
ജൂണ്‍ 17ന് സിറാജില്‍ അല്‍ത്വാഫ് പി. കാണാതാവുന്ന പെണ്‍കുട്ടികളെക്കുറിച്ച് എഴുതി: പതിനെട്ടിനുതാഴെ പ്രായമുള്ള 709 പെണ്‍കുട്ടികളെ ഈ വര്‍ഷം കേരളത്തില്‍നിന്നു കാണാതായി. തിരിച്ചെത്തിയത് 305 പേര് മാത്രം.
പത്രങ്ങളെ നിശിതമായി നിരൂപണം ചെയ്യാന്‍ കഴിയുന്ന ''പ്രതിപക്ഷ''മാണ് തങ്ങളെന്ന് അനേകം വായനക്കാര്‍ തെളിയിക്കാറുണ്ട്. ജൂലൈ അഞ്ചിന് മാധ്യമത്തില്‍ നസീര്‍ കല്പറ്റയുടേതായി വന്ന കത്തില്‍ നിന്ന്: ''ലാ ബെല്ല, ആട് തേക്ക് മാഞ്ചിയം, ലിസ്, ജ്യോതിസ്, ടോട്ടല്‍, ടൈക്കൂണ്‍, ലോട്ടറി, ആര്. എം.പി, ആപ്പിള്‍, ബിസാര്‍, കുട്ടിച്ചാത്തന്, അറബി മാന്ത്രികം തുടങ്ങി കാക്കത്തൊള്ളായിരം തട്ടിപ്പുവീരന്മാര് ചേര്‍ന്ന് ഈ കൊച്ചുകേരളത്തില്നിന്നുമാത്രം ഏതാണ്ട് പതിനായിരം കോടി രൂപയെങ്കിലും അടിച്ചെടുത്തിട്ടുണ്ടാവും. തട്ടിപ്പുകാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് പരസ്യത്തിനുവേണ്ടിയാണ്. ഒരുവിധ രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ ഫുള്‍പേജ് പരസ്യം ലോക മഹാസംഭവമായിത്തന്നെ പല പത്രങ്ങളും ചാനലുകളും മത്സരിച്ച് അവതരിപ്പിക്കുമ്പോള്‍ അത്യാഗ്രഹികള്ക്കൊപ്പം സാധാരണക്കാരും വീണുപോകും...
അറിഞ്ഞുകൊണ്ടുതന്നെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഇവര്‍ (പത്രങ്ങള്‍) ഒരുപക്ഷേ നിയമത്തിനു മുന്നില്‍ പ്രതിസ്ഥാനത്തല്ലായിരിക്കാം. പക്ഷേ, ജനങ്ങളുടെ കോടതിയില്‍ ഇവരും കൂട്ടുപ്രതികള്തന്നെയാണ്...''
പത്രങ്ങള്‍ വായനക്കാരെ ശ്രദ്ധിക്കേണ്ടതുണ്ട്. പോരാ, വായനക്കാര്‍ക്കു വേണ്ടി കുറെക്കൂടി ഇടം വിട്ടുകൊടുക്കേണ്ടതുമുണ്ട്. പത്രങ്ങളുടെ നിലവാരവും മേന്മയും സജീവതയും അതുകൊണ്ട് വര്‍ധിക്കുകയേ ചെയ്യൂ. മാധ്യമപ്രവര്‍ത്തനം പൂര്‍ണമായും ഏകദിശാകര്മമായിക്കൂടാ.
പത്രങ്ങള്‍ വായനക്കാരെ ശ്രദ്ധിക്കേണ്ടതുണ്ട്. പോരാ, വായനക്കാര്‍ക്കു വേണ്ടി കുറെക്കൂടി ഇടം വിട്ടുകൊടുക്കേണ്ടതുമുണ്ട്. പത്രങ്ങളുടെ നിലവാരവും മേന്മയും സജീവതയും അതുകൊണ്ട് വര്‍ധിക്കുകയേ ചെയ്യൂ. മാധ്യമപ്രവര്‍ത്തനം പൂര്‍ണമായും ഏകദിശാകര്മമായിക്കൂടാ.
ReplyDelete