Showing posts with label മുസ്ലിം. Show all posts
Showing posts with label മുസ്ലിം. Show all posts

Sunday, 26 June 2011

വിദ്യാഭ്യാസം ലീഗ് കൈകാര്യം ചെയ്താല്‍ ......?!

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഏതെങ്കിലും 'ദേശീയ 'കക്ഷികള്‍ ഏറ്റെടുക്കണമെന്ന ആവശ്യം സാസ്കാരിക നായകന്മാരും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സാമുദായിക നേതാക്കളും കഴിഞ്ഞ കുറേ നാളുകളായി ഉന്നയിച്ചു വരുന്ന ഒരാവശ്യമാണ്. അതുകേട്ടിട്ടാണോ എന്തോ കഴിഞ്ഞ മന്ത്രിസഭയില്‍ ആ വകുപ്പ് ദേശീയ കക്ഷിയായ സി പി എം ആണ് ഏറ്റെടുത്തതെന്നു നമുക്കറിയാം. അതുകൊണ്ട് ആ വകുപ്പിനോ കേരളത്തിനോ വിശേഷിച്ച് എന്തെങ്കിലും നേട്ടമുണ്ടായതായി ആരും പറഞ്ഞു കേട്ടില്ല. എന്തായാലും ഇത്തവണ മുസ്ലിം ലീഗ് എന്ന സാമുദായിക (ചിലരുടെ അഭിപ്രായത്തില്‍ 'വര്‍ഗീയ') കക്ഷിക്കാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്നത്. അതിനെതിരെ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുന്നത് സാംസ്കാരിക നായകനും ഗാന്ധിയനായ ഇടതുപക്ഷ അനുഭാവിയും ആയ സുകുമാര്‍ അഴീക്കോടാണ്. ഇന്നത്തെ പത്രങ്ങളില്‍ വീണ്ടും അദ്ദേഹത്തിന്റെ പ്രസ്താവന വന്നിട്ടുണ്ട്. അത് ഇതാണ്:

ലീഗിന് വിദ്യാഭ്യാസവകുപ്പ്‌ നല്‍കിയത്

അപമാനമെന്ന് അഴീക്കോട് വീണ്ടും



കോഴിക്കോട്: മുസ്‌ലിംലീഗിന് വീണ്ടും വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് മതേതര സമൂഹത്തിന് അപമാനമെന്ന്  പ്രഫ. സുകുമാര്‍ അഴീക്കോട് വീണ്ടും. അബ്ദുറബ്ബിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാഗല്ഭ്യവും കാബിനറ്റ് പരിചയസമ്പത്തുമുള്ളവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടത്. ഒരിക്കല്‍പോലും മന്ത്രിസ്ഥാനത്ത് എത്താത്ത ആളുടെ കൈകളിലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്.
വ്യക്തിയുടെ താല്‍പര്യമല്ല സെക്കുലര്‍ സൊസൈറ്റിയുടെ വളര്‍ച്ചക്ക് ആവശ്യം. ഒരു സമുദായത്തിനുതന്നെ എപ്പോഴും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അപമാനമാണ്. മുസ്‌ലിംലീഗ് മാനേജ്‌മെന്റിന്റെ ഭാഗത്തു മാത്രമേ നില്‍ക്കുകയുള്ളൂ. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് തെറ്റായ വഴിയിലൂടെയാണെന്നും അഴീക്കോട് പറഞ്ഞു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തില്‍ത്തന്നെ ഇതിനെതിരായ ഒരു പ്രതികരണവും വന്നിട്ടുണ്ട്.ശ്രീ മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി,ആലപ്പുഴയാണ് അതെഴുതിയിരിക്കുന്നത്. അത് ഇതാണ് 
ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തീവ്ര  അഭിപ്രായങ്ങള്‍ പറയുന്ന പ്രകൃതക്കാര്‍ക്ക് അവര്‍ പറയുന്നത് സത്യമെന്നോ മിഥ്യയെന്നോ നോക്കേണ്ടതില്ലല്ലോ. മുണ്ടശ്ശേരിക്കുശേഷം ധാരാളം വിദ്യാഭ്യാസ മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അധികാരമേറ്റ അബ്ദുറബ്ബിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍നിന്നെടുത്ത വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം, കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വന്തം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ റെക്കോഡ് വിജയം. കേരള മന്ത്രിസഭകളില്‍ ലീഗിന്റെ ആദ്യകാല മന്ത്രിയായിരുന്ന നഹ സാഹിബിന്റെ പുത്രനായ ഇദ്ദേഹത്തിന്റെ മൂത്തമകന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍, രണ്ടാമത്തെ മകന്‍ ഡോക്ടര്‍, മൂന്നാമത്തെ മകന്‍ എന്‍.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം, ഐ.ഐ.എമ്മില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, നാലാമത്തെ മകന്‍ ഐ.ഐ.ടി വിദ്യാര്‍ഥി.
ഇതാണ് ഈ മലപ്പുറത്തുകാരന്റെ വിദ്യാഭ്യാസ പാരമ്പര്യവും  വിദ്യാഭ്യാസ മന്തിയാകാനുള്ള പരിഗണനയില്‍ ചിലതും. അറബി, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലെ പ്രാവീണ്യം ഈ യോഗ്യതക്ക് മകുടം ചാര്‍ത്തുന്നു.
ഒരനാഥ ബാലന്‍ യതീംഖാനയില്‍ പഠിച്ച്  ഈ വര്‍ഷം ഐ.എ.എസ് നല്ല റാങ്കോടെ പാസായിരിക്കുന്നു. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ മലപ്പുറത്തെ ഒരു മുസ്‌ലിം വിദ്യാര്‍ഥി. ഇതൊക്കെ തെളിയിക്കുന്നത് വിദ്യാഭ്യാസപരമായി പിന്നില്‍നിന്നിരുന്ന മലപ്പുറം കേരളത്തില്‍  വിദ്യാഭ്യാസ വിപ്ലവം തുടങ്ങിവെച്ചുവെന്നാണ്. മലപ്പുറം ഈ രീതിയില്‍ മുന്നോട്ടുപോകുന്ന സ്ഥിതിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമായി മാറുമെന്നതില്‍ സംശയമില്ല.
അങ്ങനെ സ്‌കൂള്‍ വരാന്തയില്‍ മഴവന്ന നേരത്ത് കയറിനിന്ന പാരമ്പര്യം മാത്രമാണോ ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കുന്നതിന് അര്‍ഹത നേടിക്കൊടുത്തതെന്ന് അഴീക്കോട് ദയവായി വ്യക്തമാക്കുമോ? മേല്‍പ്പറഞ്ഞ യോഗ്യതകളൊക്കെയും ആ സ്ഥാനത്ത് കയറാന്‍ പര്യാപ്തമല്ലെന്നാണോ അഴീക്കോടിന്റെ പക്ഷം.
വകുപ്പുഭരണത്തിന് സ്‌കൂള്‍ പഠനം മാത്രമല്ല പരിഗണിക്കേണ്ടതെന്ന് അഴീക്കോട് മനസ്സിലാക്കണം.  ദീര്‍ഘവീക്ഷണം, കാര്യക്ഷമത എന്നിങ്ങനെ മറ്റനവധി ഗുണങ്ങള്‍ ചേരുമ്പോഴാണ് ഭരണസാമര്‍ഥ്യം കൈവരുന്നത്. ഈ മാനദണ്ഡങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അഴീക്കോടിന്റെ 'പള്ളിക്കൂടം വരാന്ത ന്യായം' വഴിമാറിക്കൊടുത്തേ ഒക്കൂവെന്ന് വ്യക്തമാക്കുന്ന നല്ല ഉദാഹരണങ്ങള്‍ കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതായി കാണാം. സി.എച്ച്. മുഹമ്മദ്‌കോയ കേരളം കണ്ട വിദ്യാഭ്യാസ മന്ത്രിമാരില്‍ അഗ്രിമ സ്ഥാനത്ത് നില്‍ക്കുന്നു.
പ്രഗല്ഭ ഭരണാധികാരിയായിരുന്ന കെ. കരുണാകരന്‍,  മുഖ്യമന്ത്രിമാരായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസയോഗ്യത നിരത്താന്‍ എന്തെങ്കിലുമുണ്ടോ.
ഒരു വിളിപ്പാടകലെ മലപ്പുറത്ത് നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം ആ ചെറിയ പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് അഴീക്കോട് മനസ്സിലാക്കണം. ആധുനിക വിദ്യാഭ്യാസത്തില്‍നിന്ന് മുസ്‌ലിം സമുദായം ഒരു നൂറ്റാണ്ട് മുഴുവന്‍ മുഖംതിരിച്ചുനിന്നു എന്നത് സത്യംതന്നെയാണ്. അതിന്റെ ക്ഷീണം  മുസ്‌ലിംകളെ ബാധിച്ചു. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും മുസ്‌ലിംകളില്‍ ഉടലെടുത്തു. മഹാപ്രതിഭകള്‍ ഉയര്‍ന്നുവന്നു. ഒരു അഴീക്കോടോ കൂട്ടിന് കുറേ ആളുകളോ എന്തുതന്നെ പറഞ്ഞാലും ഈ മുന്നേറ്റം പിന്നാക്കം പോകുകയില്ല. ആ ലക്ഷ്യത്തോടെ ഈ നിരൂപകര്‍ അടുപ്പില്‍ കയറ്റിവെച്ച കലം ഇറക്കിവെക്കുന്നതാണ് അവര്‍ക്കും നാടിനും നല്ലത്.
ഈ വിഷയത്തില്‍ വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു.

Wednesday, 8 June 2011

ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം



ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം,
ആര്‍.ബി.ശ്രീകുമാര്‍
ഡി.സി.ബുക്സ്, കോട്ടയം, 2008, പേജ് 98, വില 50

ഗുജറാത്തില്‍ 2004ല്‍  നടന്ന കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലാണ് ഈ കൃതി.  കലാപത്തിന്റെ അന്തര്‍നാടകങ്ങളെക്കുറിച്ചും ഭരണകൂട ഇടപെടലുകളെക്കുറിച്ചും മലയാളിയായ ശ്രീകുമാര്‍ മറയില്ലാതെ വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പക്ഷപാതിത്വം, മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, ഏറ്റുമുട്ടല്‍ കൊലകള്‍ക്കു പിന്നിലെ അന്തര്‍നാടകങ്ങള്‍ എന്നിവയെല്ലാം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ മനുഷ്യത്വവിരുദ്ധ മുഖം, ഇഹ്സാന്‍ ജാഫ്രി വധം, ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം, സഹീറ ഷെയ്ഖിന്റെ മൊഴിമാറ്റം, ടീസ്റ്റാ സെറ്റല്‍വാദിന്റെ ഇടപെടലുകള്‍ തുടങ്ങിയവയിലേക്കെല്ലാം ശ്രീകുമാര്‍ വെളിച്ചം വീശുന്നു.
"എന്റെ സഹപ്രവര്‍ത്തകരില്‍ പലരും ചോദിക്കാറുണ്ട്. എന്തിനാ സാറേ, മോഡിയുമായി വഴക്കിടാന്‍ പോയത്? ഞാനവരോട് പറയും, ഞാനും മോഡിയും തമ്മില്‍ ഉന്തും തള്ളുമൊന്നുമല്ല നടന്നത്. മുസ്ലിം സ്ത്രീയുടെ വയറ്റില്‍ നിന്ന് ഭ്രൂണമെടുത്ത് കശാപ്പ് ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല. അവരുടെ പരാതികള്‍ സ്വീകരിക്കാതിരുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. കലാപത്തിനു ശേഷവും നീതിന്യായ വ്യവസ്ഥയെ തലകീഴായി മറിക്കുന്നു. ഞാനിതൊക്കെ എഴുതിക്കൊടുത്തതേയുള്ളൂ.... കേസ് ജയിക്കുന്നതു വരെ എല്ലാവര്‍ക്കും എന്നോടു പുച്ഛമായിരുന്നു. മോഡിക്കെതിരേ യുദ്ധം ചെയ്തിട്ട് എന്തു കിട്ടി എന്നായിരുന്നു പരിഹാസം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പലതും ചെയ്യാന്‍ കഴിയും. അതു മാത്രമാണു ഞാന്‍ ചെയ്തത്'' (കാക്ക പിടിത്തം എന്ന പതിനെട്ടാം അധ്യായത്തില്‍ നിന്ന്)