Friday, 19 August 2011

സി അയ്യപ്പനും ജോണ്‍സണിനും ആദരാഞ്ജലികള്‍

കഥാകൃത്ത് പ്രഫ. സി. അയ്യപ്പന്‍ അന്തരിച്ചു

കൊച്ചി: ദലിത് സാഹിത്യത്തിനു പുതുഭാഷ്യം  രചിച്ച പ്രഫ. സി. അയ്യപ്പന്‍ (65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പച്ചാളം ശ്മശാനത്തില്‍. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദലിത് ജീവിതത്തെ എല്ലാ സ്വാഭാവികതകളോടെയും ആവിഷ്കരിച്ച സാഹിത്യകാരനായിരുന്നു പ്രഫ. സി. അയ്യപ്പന്‍.
മലയാള സാഹിത്യത്തിന്റെ എന്നപോലെതന്നെ മലയാളനാടിന്റെയും ആധുനികതയുടെ ഭിന്നമുഖങ്ങളെ അടയാളപ്പെടുത്തുന്നവയായി അദ്ദേഹത്തിന്റെ കഥകള്‍. കേരള സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം കഥകളിലൂടെ അദ്ദേഹം വിളിച്ചുപറഞ്ഞു. നാടിനെക്കുറിച്ച് എഴുതുക എന്നതു മാത്രമല്ല, താന്‍ അടുത്തറിഞ്ഞ നാടുകളിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും ദലിത് കാഴ്ചവട്ടത്തിലൂടെ വിവരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
അറുപതുകളില്‍ എഴുത്തിന്റെ ലോകത്തെത്തിയ അദ്ദേഹം ചെറുകഥകള്‍ മാത്രമേ രചിച്ചിട്ടുള്ളൂ. 'പകല്‍ ഒരാധിപോലെയാണ്, സന്ധ്യയില്‍ സാന്ത്വനം തുടങ്ങുന്നു എന്നെഴുതിയ പ്രഫ. സി. അയ്യപ്പന്‍ രാത്രിയില്‍ കഥകളിയില്‍ മുഴുകാന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ അതിന്റെ നാടോടി അംശം മാത്രമാണു തന്നെ വശീകരിച്ചതെന്നും വിശദീകരിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 1986ല്‍ പ്രസിദ്ധീകരിച്ച 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍,  2003ല്‍ പുറത്തിറക്കിയ 'ഞണ്ടുകള്‍, പെന്‍ഗ്വിന്‍ ബുക്സുമായി ചേര്‍ന്ന് മലയാള മനോരമ 2008ല്‍ പ്രസിദ്ധീകരിച്ച 'സി. അയ്യപ്പന്റെ കഥകള്‍ എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍.
അദ്ദേഹത്തിന്റെ എല്ലാ കഥകളും ഉള്‍പ്പെടുന്നതാണ് 'സി. അയ്യപ്പന്റെ കഥകള്‍. പെരുമ്പാവൂരിനടുത്തു കീഴില്ലത്ത് മാണിക്യപ്പറമ്പില്‍ ചോതിയുടെയും കുറുമ്പയുടെയും മകനായ അയ്യപ്പന്‍ ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1978 മുതല്‍ സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു. തിരൂര്‍ ഗവണ്‍മെന്റ് കോളജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു.
സാഹിത്യകാരനും മുന്‍ രാജ്യസഭാംഗവുമായ പരേതനായ ടി.കെ.സി. വടുതലയുടെ മകള്‍ ലളിതയാണു ഭാര്യ. ഏകമകള്‍: ഐശ്വര്യ (പ്ളസ് വണ്‍ വിദ്യാര്‍ഥിനി, എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).

ജോണ്‍സണ്‍ അന്തരിച്ചു

ചെന്നൈ: മലയാളികള്‍ക്ക് ഇമ്പമേറിയ നിരവധി മധുരഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാട്ടുപാക്കത്തെ വീട്ടില്‍ നിന്ന് പോരൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്‍റണിയുടെയും മേരിയുടെയും മകനാണ്. ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറിനുള്ള ഫൈ്‌ളറ്റില്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം അവിടെ നടക്കും.
ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടിങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. 1978-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാവുന്നത്. '81-ല്‍ പുറത്തിറങ്ങിയ, സില്‍ക്ക് സ്മിത നായികയായ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിന് ഈണം നല്കി. 1980-ല്‍ സംഗീതം നിര്‍വഹിച്ച 'തകര'യിലെയും 'ചാമര'ത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ കേരളക്കരയില്‍ ചിരപ്രതിഷ്ഠനാക്കി.
സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ 'ആടി വാ കാറ്റേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006-ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വേണ്ടത്ര ജ്വലിച്ചുനില്‍ക്കാനായില്ല. ഇതിനിടയില്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
സി അയ്യപ്പനും ജോണ്‍സണിനും കേരള കഫേയുടെ ആദരാഞ്ജലികള്‍ 
സി. അയ്യപ്പന്‍: ആത്മാഭിമാനത്തിനായുള്ള കരച്ചില്‍
ഡോ. എം.ബി. മനോജ് (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി. യൂനിവേഴ്സിറ്റി) ഇന്നത്തെ മാധ്യമം ദിനപത്രത്തില്‍ അയ്യപ്പന്റെ സാഹിത്യസപര്യയെ വിലയിരുത്തി എഴുതിയ അനുസ്മരണമാണു താഴെ:
സ്വാതന്ത്ര്യത്തെ കഥാലോകത്ത് നവമായി സ്ഥാനപ്പെടുത്തിയ കഥാകാരനാണ് സി. അയ്യപ്പന്‍. തൊണ്ണൂറുകള്‍ക്കുശേഷം വികസിതമായ നവ ദലിതെഴുത്ത് ലോകത്തിലാണ് സവിശേഷ ശ്രദ്ധനേടിയ എഴുത്തുകാരനായി അദ്ദേഹം മാറിത്തീര്‍ന്നത്. പ്രത്യേകിച്ചും 1997ലെ ഭാഷാപോഷിണിയുടെ ആഗസ്റ്റ് ലക്കം ദലിത് സാഹിത്യപ്പതിപ്പ് അശ്രദ്ധകൊണ്ട് മൂടിപ്പോയ ഒരു പ്രധാന കഥാകാരന്റെ തിരിച്ചുവരവായിരുന്നു.
കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ഡോ. വി.സി. ഹാരിസ്, ഡോ. ടി.എം. യേശുദാസന്‍ തുടങ്ങിയവര്‍ തൊണ്ണൂറുകളില്‍ സി. അയ്യപ്പന്‍െറ കഥകളുടെ പ്രാധാന്യത്തെ തിരിച്ചറിയുകയുണ്ടായി. ഡോ. വി.സി. ഹാരിസ്, ഇന്ത്യന്‍ ലിറ്ററേച്ചറില്‍ ഇദ്ദേഹത്തിന്റെ ‘പ്രേതഭാഷണം’ എന്ന കഥയെ സ്പെക്ട്രല്‍ സ്പീച്ച് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഇത് മലയാള കഥാഘടനയിലുണ്ടായ ശക്തമായ ഒരു ദിശാനിര്‍ണയമായിരുന്നു.
മലയാളത്തിലെ ദലിതെഴുത്തിനെ സ്ഥാനപ്പെടുത്തുന്ന ഉറപ്പാര്‍ന്ന കഥകളുടെ രചയിതാവാണ് സി. അയ്യപ്പന്‍. 1985ല്‍ ഇദ്ദേഹത്തിന്‍െറ ‘ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍’ എന്ന കഥാസമാഹാരം പുറത്തുവന്നു. ആധുനിക സാഹിത്യത്തിന്റെ വ്യത്യസ്ത ലോകം മലയാളത്തില്‍ തുറക്കപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹത്തെ കഥ നിരൂപകരാല്‍ ശ്രദ്ധിക്കപ്പെട്ടില്ല. 2006ല്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലേക്ക് ദീര്‍ഘമായ ഒരു അഭിമുഖം അദ്ദേഹവുമായി ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി.
തന്റെ ജീവിതവും സമൂഹത്തിന്‍െറ പ്രതിസന്ധികളും സാഹിത്യത്തിന്റെ ഭിന്നമുഖങ്ങളും രേഖപ്പെടുത്താന്‍ അന്ന് സാധിക്കുകയുണ്ടായി. പ്രധാനമായും ആധുനിക സാഹിത്യം ദലിതരെയും കീഴാളരെയും കാര്യമായി പരിഗണിക്കുന്നില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. വിഴുപ്പാര്‍ന്ന പാറയിലൂടെ കയറുന്നതിന്‍െറ അത്രയും ദുഷ്കരമാണ് ആധുനിക കലാ ജീവിതം എന്ന് അദ്ദേഹം പറയുന്നുണ്ട്.
കേരളംപോലെയുള്ള സമൂഹത്തില്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത അതിസൂക്ഷ്മമായതും, പ്രത്യക്ഷവും പരോക്ഷവുമായി കൂടിക്കലര്‍ന്ന ഇഴപിരിക്കാനോ കണ്ടെത്താനോ കഴിയാത്തവിധം കുരുക്കുകളുടേതുമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയില്‍ 1946ല്‍ ജനിച്ച അദ്ദേഹം തന്റെ മഹാരാജാസ് കോളജ് കാലഘട്ടത്തിലാണ് ആദ്യമായി നഗരത്തിലെത്തുന്നത്.
തികച്ചും നിശ്ശബ്ദമായ ഒരു ലോകത്തിലൂടെയുള്ള യാത്രയായിരുന്നു പ്രഫ. സി. അയ്യപ്പന്റേത്. വിവിധ ഗവ. കോളജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും ചെയ്ത സേവനങ്ങള്‍ക്കൊപ്പം ക്ളാസിക്കല്‍ കലാരൂപമായ കഥകളി പഠിപ്പിക്കുന്നതിലുള്ള പ്രത്യേക താല്‍പര്യത്തോടൊപ്പം സമൂഹത്തിന്റെ വ്യതിയാനങ്ങളെ നോക്കിക്കാണുക എന്ന ഒരെഴുത്തുകാരന്റെ അടിസ്ഥാന ധാരയില്‍നിന്നും അദ്ദേഹം വഴിമാറിയിരുന്നില്ല. ഏതാണ്ട് 20 വര്‍ഷത്തോളം നീണ്ട രോഗാതുരമായ ജീവിതം എഴുത്തിന്റെ എണ്ണത്തിലെ കുറവിന് കാരണമാക്കിയിട്ടുണ്ട്. അതേസമയം, അയ്യപ്പന്റെ കഥകളുടെ പ്രസക്തി വര്‍ത്തമാന സമൂഹത്തില്‍ ഏറിവരുകയായിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഞണ്ടുകള്‍’, പെന്‍ഗ്വിന്‍-മനോരമ പ്രസിദ്ധീകരണങ്ങള്‍ സംയുക്തമായി പ്രസിദ്ധീകരിച്ച ‘സി. അയ്യപ്പന്‍െറ കഥകള്‍’ തുടങ്ങിയവ ഗവേഷണപരമായും യൂനിവേഴ്സിറ്റി പാഠ്യപദ്ധതികളിലും സ്ഥാനം നേടിയിട്ടുണ്ട്. ‘ദലിത്’ എന്ന നാമധേയത്തെ ഏറെ പ്രാധാന്യത്തോടെ അദ്ദേഹം കണ്ടിരുന്നു.
ചിതറപ്പെട്ട ജനതക്ക് ഒന്നിക്കാന്‍ കിട്ടിയ തുറന്ന അവസരമാണ് ഈ സംജ്ഞ എന്നദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. അയിത്ത ജാതിക്കാരായും അടിമകളായും ചിതറിപ്പോയവര്‍  പരസ്പരം തമ്മിലടിക്കുന്നതും അനൈക്യത്തിന്‍േറതുമായ ലോകമാണ് വര്‍ത്തമാന കാലത്തിലേത്. അതുകൊണ്ടുതന്നെ അവരെ ഐക്യപ്പെടുത്തുന്നതിനും ദേശീയമായി ഒന്നിപ്പിക്കുന്നതിനും സാമുദായികമായി ഏകീകരിക്കുന്നതിനും ‘ദലിത്’ എന്ന സംജ്ഞക്ക് കഴിയും എന്നദ്ദേഹം വിലയിരുത്തി. ആഫ്രിക്കന്‍ എഴുത്തുകാരന്‍ ആമോസ് ടുട്ടൊളയുടെ കൃതികളെ ആവേശപൂര്‍വം അദ്ദേഹം നോക്കിക്കണ്ടു. പ്രത്യേകിച്ച് ദലിതരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ആത്മീയ ലോകം, പ്രതിരോധത്തിന്റെ വിവിധ ലോകങ്ങള്‍,  ജീവിതത്തിന്റെ തുടര്‍ച്ചയായുള്ള  വേരറ്റ അവസ്ഥകള്‍ തുടങ്ങിയ അതിസങ്കീര്‍ണതകളെയും അതിസൂക്ഷ്മതകളെയും കഥകളില്‍ പകര്‍ത്തിയപ്പോള്‍ അതിന് സമാനമായ കഥകള്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ കാണുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ലിറ്ററേച്ചര്‍, പെന്‍ഗ്വിന്‍ ഇന്ത്യയുടെ സൗത് ഇന്ത്യന്‍ ദലിത് ആന്തോളജി, വേഡ്പ്ളസ് തുടങ്ങിയ ഇംഗ്ളീഷ് കൃതികളിലും പുറത്തിറങ്ങാനിരിക്കുന്ന ഓക്സ്ഫഡ് പബ്ളിക്കേഷന്‍സിന്റെ ദലിത് സാഹിത്യ ആന്തോളജിയിലും ഇദ്ദേഹത്തിന്‍െറ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നോവലിസ്റ്റും ചെറുകഥാകൃത്തും രാജ്യസഭാ എം.പിയുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളുടെ ഭര്‍ത്താവുകൂടിയായ ഇദ്ദേഹത്തിന്റെ ആശയമണ്ഡലത്തില്‍ ഏകപക്ഷീയമല്ലാത്ത സങ്കലിതമായ സമഭാവനയും മനുഷ്യ കേന്ദ്രിത ലോകവും നിറഞ്ഞുനിന്നു. പുതിയ കാലഘട്ടത്തിലെ നിരവധി നിരൂപകരും എഴുത്തുകാരും ഇദ്ദേഹത്തിന്റെ കൃതികളെ പഠിക്കുകയുണ്ടായിട്ടുണ്ട്. ഏകകേന്ദ്രിത ലോകത്തില്‍നിന്ന് മാറിക്കൊണ്ട് ബഹുജന കേന്ദ്രിതമായ ലോകനിര്‍മിതിയായിരുന്നു അദ്ദേഹത്തിന്‍െറ ലക്ഷ്യം. അതുകൊണ്ടുതന്നെയാവാം ഏതെങ്കിലും സംഘടനയില്‍ ഒതുങ്ങിനില്‍ക്കാതെ തികച്ചും സ്വതന്ത്രമായ ഒരു സ്ഥാനം അദ്ദേഹം നിലനിര്‍ത്തിയിരുന്നത്. നിലക്കാത്ത പ്രതിരോധങ്ങളാണ് അദ്ദേഹത്തിന്‍െറ കഥകളോരോന്നും. ഇതുവരെ അനുഭവവേദ്യമാകാത്ത സൗന്ദര്യതലത്തിന്റെ കഥാകാരന്‍ സി. അയ്യപ്പന്റെ നിര്യാണം ഇന്ത്യ ദലിത് സാഹിത്യത്തിന്റെയും കഥാസാഹിത്യത്തിന്റെയും മേഖലക്ക് തീരാനഷ്ടമാണ്.

2 comments:

  1. കഫേ ടീം19 August 2011 at 12:00

    സി അയ്യപ്പനും ജോണ്‍സണിനും കേരള കഫേയുടെ ആദരാഞ്ജലികള്‍

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.