Monday, 25 July 2011

സുഭാഷിന്റെ ഛായ 29ന്


64 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ,എറണാകുളം ജില്ലയിലെ വൈപ്പിന്‍ വളപ്പ് സ്വദേശി വി.കെ. സുഭാഷ് സംവിധാനം ചെയ്ത ഛായ എന്ന ഹ്രസ്വ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം ജൂലായ് 29 വെള്ളിയാഴ്ച്ച രാവിലെ 9.15ന് എറണാകുളം സംഗീതാ തീയറ്ററില്‍ നടക്കും . ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയിലൂടെ മനുഷ്യന്റെ സ്വത്വ നഷ്ടവും അതു വീണ്ടെടുക്കാന്‍ നടത്തേണ്ടിവരുന്ന പെടാപ്പാടുകളുമാണ് ഛായയില്‍ സംവിധായകന്‍ വരച്ചിടുന്നത്.
കേരളത്തിലെ മലയോര ഗ്രാമത്തിലെ കര്‍ഷ കുടുംബം. അവിടെ ഗ്രാമ വിശുദ്ധിയുടെ നന്മ ‌നിറഞ്ഞ വീട്ടില്‍ വേലായുധനും ഭാര്യ ശാലിനിയും ഏക മകന്‍ ഉണ്ണിയും. ഒരു അപ്രതീക്ഷിത നിമിഷത്തില്‍ വേലായുധന്‍ പാമ്പു കടിയേറ്റു മരിക്കുന്നു. എന്നും അച്ഛന്റെ നിഴലായിരുന്ന ഉണ്ണിക്ക് ജീവിതം അവസാനിച്ച പോലയായി. എന്നാല്‍ അതിനപ്പുറത്ത് അവനെ കൂടുതല്‍ കരയിപ്പിച്ചത് അച്ഛന്റെ ഒരു ഫോട്ടോ പോലും കൈശമില്ലെന്ന ദുരന്തമായിരുന്നു. പിന്നെ ആ ഫോട്ടോ തേടിയുളള ഉണ്ണിയുടെ അന്വേഷണത്തിന്റെ നൊമ്പരത്തിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്. ചരിത്രത്തില്‍ ഒരു രേഖ പോലും വരയാതെ പോയ ആത്മാവുകള്‍ക്കുളള സമര്‍പ്പണമാണ് ഛായ എന്നു സുഭാഷ് പറയുന്നു.
സുഭാഷ് കണ്ടെത്തിയ കഥാതന്തുവിനെ തീവ്രമായ അന്വഷണത്തിന്റെ കഥയാക്കി മാറ്റിയത് ഗുരുനാഥന്‍ കൂടിയായ ജോസി ജോസഫാണ്. എ.വി. അനൂപ് (മെഡിമിക്സ്) നിര്‍മാണ സഹായം നല്‍കി. മൂന്നാറിനടുത്ത് കാന്തല്ലൂരായിരുന്നു ലൊക്കേഷന്‍ . എഡിറ്റിങ് രാഹുല്‍ രാജനും സംഗീതം രേഷ് രാജയും നിര്‍വഹിച്ചു.  29 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത് കലൂര്‍ ഗ്രീറ്റ്സ് അക്കാഡമിയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിപിന്‍ ബാബുവാണ്. വേലായുധനായി ഹരീഷും ശാലിനിയായി ദിവ്യാ ദാസും വേഷമിട്ടിരിക്കുന്നു.
സിനിമയടക്കം നിരവധി ലഘു പരസ്യചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ടെങ്കിലും സെക്കന്‍ഡുകള്‍ മാത്രമുളള കുഞ്ഞന്‍ സിനിമകളിലൂടെയാണ് സുഭാഷ് ശ്രദ്ധേയനായത്. സുഭാഷ് ഛായഗ്രഹണം നിര്‍വഹിച്ച മൂന്നു ഹ്വസ്വചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
(മനോരമ,മാതൃഭൂമി ദിനപത്രങ്ങളില്‍ ഛായയെപ്പറ്റി വന്ന നിരൂപണങ്ങളോട് ഈ കുറിപ്പിനു കടപ്പാടുണ്ട്)
പ്രവേശനം സൌജന്യമാണ്.

Sunday, 24 July 2011

എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വാര്‍ത്തകള്‍ വന്നതുമുതല്‍ വ്യാജ ഭക്തന്മാര്‍ നാടിനെ വിറപ്പിക്കുകയാണ്. നിധിയില്‍ തൊട്ടാലും തട്ടും എന്ന മട്ടില്‍, ന്യായം പറയുന്നവരെ ആക്രമിക്കുകയാണവര്‍. (യഥാര്‍ഥ ഭക്തന്മാരായിരുന്നെങ്കില്‍, പത്മനാഭ സന്നിധിയില്‍നിന്ന് കിട്ടിയേക്കാവുന്ന ശാന്തിയില്‍ മാത്രമായിരിക്കും താല്‍പര്യം).
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ലളിത സാത്വിക ജീവിതത്തെക്കുറിച്ച് ഉപന്യസിച്ച് വിങ്ങിപ്പൊട്ടുകയാണവര്‍. എങ്കില്‍ ഒരു ചോദ്യമുണ്ട്: ഇങ്ങനെ ഒറ്റമുണ്ടും കഞ്ഞിയും ചമ്മന്തിയുമായി ഉപജീവനം കഴിച്ചവരായിരുന്നെങ്കില്‍, എന്തിനാണ് നമ്മുടെ മുന്‍തലമുറ ആ രാജവാഴ്ച അവസാനിപ്പിക്കാന്‍ ജീവന്‍ കൊടുത്തും പൊരുതിയത്?
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ വാഴ്ചയുടെ രജത ജൂബിലിക്കുശേഷം അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച്, സര്‍ക്കാറിനുവേണ്ടി ഉന്നത ഉദ്യോഗസ്ഥനായ ഉള്ളൂര്‍ തയാറാക്കിയ ചരിത്ര ഗ്രന്ഥത്തില്‍ (PROGRESS OF TRAVANCORE UNDER H.H. SREEMOOLAM TIRUNAL, Dept. of Cultural Publications, Govt. of Kerala, 1998, pp. 204-5) ഒരു പട്ടികയുണ്ട്: ഏതാനും അംഗങ്ങളുള്ള രാജകുടുംബത്തിനുവേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് 1091ല്‍ ചെലവഴിച്ചത് 8,12,564 രൂപയാണ്! അക്കൊല്ലം തിരുവിതാംകൂറിലെ 40 ലക്ഷത്തില്‍ താഴെയുള്ള പൗരജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ചെലവഴിച്ചത് 1,08,97,424 രൂപയാണ്. (അന്ന് ഒരു സ്‌കൂള്‍ അധ്യാപകന്റെ മാസശമ്പളം ഏഴുരൂപ മാത്രമായിരുന്നു).
ഇതേ മഹാരാജാവിന്റെ മകളുടെ താലികെട്ട് കല്യാണത്തിന് ഒരു ലക്ഷം രൂപ ധൂര്‍ത്തടിച്ചതിനെയാണ് കെ. രാമകൃഷ്ണപിള്ള തന്റെ 'സ്വദേശാഭിമാനി' പത്രത്തില്‍ (18.4.1910) ചോദ്യംചെയ്തത്. ധൂര്‍ത്തിന്റെയും ജനദ്രോഹത്തിന്റെയും പര്യായംകൂടിയായിരുന്ന തിരുവിതാംകൂര്‍ രാജഭരണത്തെ മറ്റുപത്രങ്ങളും അതതു കാലത്ത് തുറന്നുകാട്ടിയിട്ടുണ്ട്.
സര്‍ക്കാറിനുവേണ്ടി  ദിവാന്‍ പെയ്ഷ്‌കാര്‍ പി. ശങ്കുണ്ണി മേനോന്‍ 1878ല്‍ തയാറാക്കിയ ഗ്രന്ഥത്തില്‍ (തിരുവിതാംകൂര്‍ ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, 1988, പേ. 363-4) സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ധൂര്‍ത്ത് കണ്ട് നാം ഞെട്ടും: 'ഒരവസരത്തില്‍ ശ്രീപത്മനാഭ സ്വാമി പ്രതിഷ്ഠയുടെ മുമ്പില്‍ സമര്‍പ്പിച്ചത് ഒരുലക്ഷം സൂറത്ത് രൂപയായിരുന്നു... ഇക്കാലത്ത് പണം മണ്ണുപോലെയേ മഹാരാജാവ് കരുതിയുള്ളൂ. കൊട്ടാരത്തിലെ ചെലവ് ഏറെ ധൂര്‍ത്തോടുകൂടിയാണ് നടത്തിയിരുന്നത്.
സില്‍ക്ക്, വെല്‍വെറ്റ്, വീരാളിപ്പട്ട് തുടങ്ങിയ തുണിയിനങ്ങള്‍ക്കുവേണ്ടി മാത്രം മൂന്നുലക്ഷത്തില്‍പ്പരം രൂപ ഓരോ വര്‍ഷവും ചെലവഴിച്ചിരുന്നു. വിലപ്പെട്ട ആഭരണങ്ങള്‍ വില്‍പനക്കെത്തിയാല്‍ അവ വാങ്ങി ശ്രീപത്മനാഭന് കാണിക്ക വെക്കുക സാധാരണയായിരുന്നു'.
ബ്രാഹ്മണ പ്രീതിക്കായി നടത്തിയിരുന്ന മുറജപം, ഹിരണ്യഗര്‍ഭം തുടങ്ങിയ ഭീകര ധൂര്‍ത്താഘോഷങ്ങള്‍ക്കുള്ള പണം, നികുതിയിനത്തിലും മറ്റും പൗരജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയതാണ്. ഊട്ടുപുര, ദക്ഷിണ, ദാനം തുടങ്ങിയ മറ്റു ജാത്യധിഷ്ഠിത ധൂര്‍ത്തുകളുടെ കണക്ക് വേറെ കിടക്കുന്നു.
വാഴ്ച കഴിഞ്ഞു രണ്ട് ദശകമായപ്പോള്‍ സായിപ്പിന്റെ 'ആസ്‌പിന്‍വാള്‍' കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി രാജകുടുംബം (Cochin Chronicle newsletter, Cochin Chamber of Commerce and Industry, Oct-Nov. 2008, pp2-3). ഇടപ്പള്ളി ആസ്ഥാനമായ കമ്പനിയുടെ ചെയര്‍മാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്. ഷിപ്പിങ്, കയര്‍, റബര്‍, കാപ്പി, ടൂറിസം തുടങ്ങിയ രംഗങ്ങളിലാണ് ഈ കമ്പനി വഴി പത്മനാഭ ദാസന്മാര്‍ വ്യാപരിക്കുന്നത്.
പണ്ഡിതമ്മന്യന്മാര്‍ ഉള്‍പ്പെടെയുള്ള രാജസ്തുതിഗായകരുടെ ഭീഷണിക്കു വഴങ്ങി നമ്മുടെ ജനകീയ സര്‍ക്കാര്‍ രാജവാഴ്ച പുനഃസ്ഥാപിച്ചുകളയുമോ! നടുങ്ങിപ്പോകുന്നു അതോര്‍ക്കുമ്പോള്‍.


(ഗവേഷകനും ഗ്രന്ഥകാരനും ആയ ചെറായി രാമദാസ് ഇന്നത്തെ മാധ്യമം ദിനപത്രത്തിലെഴുതിയ കത്താണിത്.)

Wednesday, 20 July 2011

പത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത്-ദലിതരുടെയും ദരിദ്രരുടെയും ക്ഷേമത്തിന് ഉപയോഗിക്കണം

കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഏറ്റെടുത്ത് ദലിതരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് കേരള ദലിത് മഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കാലത്ത്  കടുത്ത ചൂഷണത്തിനും അപമാനകരമായ ദാസ്യപ്പണിക്കും വിധേയരായവരോട്  രാജ്യത്തിന്റെയും ശ്രീ പത്മനാഭന്റെയും പ്രായശ്ചിത്തം എന്ന നിലയില്‍ അവരുടെ പിന്‍തലമുറക്ക് ഈ സ്വത്ത് ഉപയോഗപ്രദമാകണം. ചരിത്രപരവും പുരാവസ്തുപരവുമായ മൂല്യമുള്ളവയൊഴിച്ച സമ്പത്ത് വിനിയോഗിക്കേണ്ടത് ജനാധിപത്യത്തിന്റെ സാമൂഹിക നീതിയാണെന്നും അവർ പറഞ്ഞു.
തിരുവിതാംകൂർ രാജാക്കന്മാർ സംഭരിച്ച സ്വത്ത് ഹിന്ദുക്കൾക്കു വേണ്ടി മാത്രം വിനിയോഗിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിൽ ഇന്നും പ്രാതിനിധ്യമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-ദലിത് ജനതയെ ഒഴിവാക്കി ചെറു ന്യൂനപക്ഷമായ സവര്‍ണ ഹിന്ദുക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ വാദം ഉയർത്തുന്നതെന്ന് കെ ഡി എം എസ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ കെ അംബൂജാക്ഷൻ(സംസ്ഥാന പ്രസിഡന്റ്), കെ കെ കൊച്ച് (സംസ്ഥാന വൈസ് പ്രസിഡന്റ്), പി പി സന്തോഷ് (സംസ്ഥാന ട്രഷറർ), സി എസ് മുരളി(ജില്ലാ പ്രസിഡന്റ്). കെ കെ ജ്യോതിവാസ് എന്നിവർ പങ്കെടുത്തു. വൈകുന്നേരം ഹൈക്കോടതി ജങ്ഷനിൽ നടന്ന ധർണ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി ഉദ്ഘാടനം ചെയ്തു. സാഹോദര്യ പ്രസ്ഥാനത്തിന്റെ ചെയർമാൻ അഡ്വ കെ എസ് മധുസൂദൻ, കെ അംബൂജാക്ഷൻ , കെ കെ കൊച്ച്, ടി എൻ ജോയി , സി എസ് മുരളി എന്നിവർ പ്രസംഗിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഈ വിഷയകമായി എഴുതിയ ലേഖനം ഇവിടെ എടുത്തു ചേർക്കുന്നു 
ത്മനാഭസ്വാമിക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവതം എന്നതാണ് അല്ലാതെ മുഴുവന്‍ ഹിന്ദുക്കളുടേയും ദൈവം എന്നതല്ല പത്മനാഭസ്വാമിയുടെ ചരിത്രപ്രസക്തിക്ക് ആധാരം. ക്ഷേത്രപ്രവേശനവിളംബരത്തിനു തൊട്ടുമുമ്പുവരെ പത്മനാഭസ്വാമിയോ അവിടുത്തെ ക്ഷേത്രമോ മുഴുവന്‍ ഹിന്ദുക്കളുടേതുമായിരുന്നില്ല എന്നതു ഒരു ചരിത്രവസ്തുതമാത്രമാണ്. എങ്കിലും, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം തമിഴ് ശില്പതന്ത്രത്തിന്റെ കലാവടിവുകള്‍ നിറഞ്ഞക്ഷേത്രം കേരളീയര്‍ക്ക് കൗതുകകരമായ ഒരു അനുഭവമായി ശ്രദ്ധേയമായി തീര്‍ന്നു.
അനന്തശയനനായ വിഷ്ണുഭഗവാന്‍ ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്നതും പത്മനാഭസ്വാമിക്ഷേത്രത്തെ സവിശേഷമാക്കുന്ന ഘടകമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അപൂര്‍വ്വതയാണ്. പക്ഷേ ഇത്തരം അപൂര്‍വ്വതകളെ കൊണ്ടാന്നുമല്ല ഇപ്പോള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധനേടിയിരിക്കുന്നത്. മറിച്ച് ക്ഷേത്രത്തിനകത്തെ രഹസ്യഅറകളില്‍ നിന്നു കണ്ടെടുത്ത ലക്ഷക്കണക്കിനു കോടികള്‍ വിലമതിപ്പുണ്ടെന്നു ഊഹിക്കപ്പെടുന്ന നിധി ശേഖരത്തിന്റെ പേരിലാണ്.
പണമുണ്ടെങ്കില്‍ മറ്റെല്ലാം പണത്തെ പരിസേവിക്കും. അതാണു പത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. ഗംഗാനദിയുടെ സംരക്ഷണത്തിനുവേണ്ടി നിര്‍ദ്ധനായ ഒരു സ്വാമി നിരാഹാരം കിടന്നപ്പോള്‍ അദ്ദേഹം പട്ടിണിക്കിടന്നു ചാവുന്നതുവരെ ആ വിഷയം ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. ‘ഗംഗാജലം’ ചെറുകുപ്പികളിലാക്കി വിറ്റ് കാശുവാരിക്കൂട്ടിയ സംഘപരിവാരവും നിര്‍ദ്ധനസ്വാമിയുടെ നിരാഹാരത്തെ കണ്ടെന്നു നടിച്ചിരുന്നില്ല. എന്നാല്‍ കോടീശ്വരനായ ബാബാരാംദേവ് ഡല്‍ഹിയില്‍ സമരത്തിനുപുറപ്പെട്ടപ്പോള്‍ മുതല്‍ അതു വലിയനിലയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. സുഷമാസ്വരാജും, എല്‍.കെ.അദ്വാനിയും ഒക്കെ ബാബാരാംദേവിനു സ്തുതി പാടുവാന്‍ മത്സരിച്ചു.
ഇത്തരം സ്തുതിപാഠനലീലകള്‍ ഭാരതീയ സന്ന്യാസി പാരമ്പര്യത്തോടുള്ള കൂറിനെയാണോ അതോ ബാബാരാംദേവിന്റെ കോടികള്‍ കിലുങ്ങുന്ന കാവിമടിശീലയോടുള്ള കൂറിനെയാണോ പ്രത്യക്ഷീകരിച്ചതെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയായിരുന്നു ബാബാരാംദേവിനൊപ്പം നിന്നവര്‍ പ്രതിഫലിപ്പിച്ചത്. ഇതു പണമുള്ളവനേ വാര്‍ത്താപ്രാധാന്യവും ഉള്ളൂ എന്നതിനുചൂണ്ടികാണിക്കാവുന്ന മികച്ച തെളിവാണ്.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നു കണ്ടെത്താനായതു കോടികള്‍ വിലമതിപ്പുള്ള നിധിശേഖരമായതിനാലാണ് അതു ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല അവിടുത്തെ പണമാണ്.പണമുള്ള സ്വാമി തന്നെയാണിപ്പോള്‍ വലിയ സ്വാമി ആയിരിക്കുന്നത്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല ഹിന്ദുനേതൃത്വവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്?
ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടന്നു വരുന്നത്-പത്മനാഭനെ എന്തുചെയ്യണമെന്നല്ല അവിടുത്തെ പണത്തിനെ എന്തു ചെയ്യണമെന്നാണ് സര്‍വ്വരും ആലോചിക്കുന്നതും തര്‍ക്കിക്കുന്നതും. ഈ വിഷയത്തില്‍ ഇതിനോടകം ധാരാളം അഭിപ്രായങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിധിശേഖരത്തെ പുരാവസ്തുവായി കണക്കാക്കി സുരക്ഷിതമായി ഒരു മ്യൂസിയത്തില്‍ അതേപ്പടി സംരക്ഷിക്കണമെന്നും; പൊതുജനങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകണം എന്നുമാണ് ഒരു വാദം.
sree padmanbha

കണ്ടെടുത്ത സ്വത്തുവകകള്‍ ഉപയോഗരഹിതമായി കാത്തുസൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അതെല്ലാം ഒരു ട്രസ്റ്റോ മറ്റോ രൂപീകരിച്ച് ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ ജീവിതാവശ്യങ്ങള്‍ക്കു നിവൃത്തിയുണ്ടാക്കാന്‍ ഉപയോഗിക്കണമെന്നും പത്മനാഭനിധിയില്‍ നിന്നൊരു ചില്ല കാശുപോലും ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് പ്രയോജനകരമായി ലഭിക്കരുതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. പി.പരമേശ്വരനെപ്പോലുള്ളവര്‍ ഇക്കാര്യത്തിലും അവരുടെ ഹിന്ദുത്വപിടിവാദം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നാണ് ഇത്തരമൊരു നിധിശേഖരം കണ്ടെടുത്തിരുന്നതെങ്കില്‍ അതു മുഴുവന്‍ സര്‍ക്കാര്‍ കണ്ടെടുത്ത് പൊതുഖജനാവില്‍ വകയിരുത്തി പൊതു ആവശ്യങ്ങള്‍ക്കു ചിലവഴിക്കണം എന്നു വാദിക്കുവാന്‍ യു.കലാനാഥന്മാര്‍ ധൈര്യപ്പെടുമായിരുന്നോ എന്നു ചോദിക്കുന്നവരും ഉണ്ട്. വെള്ളാപ്പിള്ളി നടേശനൊക്കെ ഇത്തരമൊരു നിലപാടാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്.
ദേവന്റെ ആചാരങ്ങള്‍ക്കു വേണ്ടുന്ന തിരുവാഭരണങ്ങളും മറ്റും തന്ത്രിയും ജ്യോത്സ്യനും ഭക്തരും ഉള്‍പ്പെടുന്ന ഒരു പ്രത്യേകകമ്മറ്റിയുടെ ചുമതലയില്‍ തന്നെ പരിപാലിക്കപ്പെടണം. കിരീടം, മാലകള്‍ എന്നിവയൊക്കെ ഇങ്ങിനെ സംരക്ഷിക്കപ്പെടേണ്ടവയാണ്. അതുപോലെ സ്വര്‍ണ്ണവും വെള്ളിയും ഒക്കെ ഉരുക്കി ‘നെല്‍മണി’ വലുപ്പത്തിലാക്കി പറക്കണക്കിനു സൂക്ഷിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇതില്‍ നാഴിസ്വര്‍ണ്ണനെല്‍മണിയോ മറ്റോ ഒരു ‘മാതൃക’ എന്ന നിലയില്‍ പുരാവസ്തു ശേഖരത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും ഏര്‍പ്പാടുണ്ടാക്കണം.
ബാക്കിവരുന്ന നിധിശേഖരം ഏറ്റവും അന്തസ്സാര്‍ന്ന നിലയില്‍ ക്ഷേത്രത്തേയും ആചാരങ്ങളേയും നിലനിര്‍ത്തുവാന്‍ വേണ്ടുന്നതിനു ആവശ്യമായ തുക നിര്‍ല്ലോഭം ലഭ്യമാക്കാനുതകുന്ന വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനെ കുടിവെള്ളം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കാര്‍ഷികസംരക്ഷണം തുടങ്ങിയമേഖലകളില്‍ ചെലവഴിക്കുന്നതിനു സാധിക്കണം. പത്മനാഭന്റെ പണം അഹൈന്ദവര്‍ക്കുപ്രയോജനപ്പെടുന്ന വിധത്തില്‍ ചെലവഴിച്ചുകൂടാ എന്നവാദം ‘പണ’ത്തിന്റെ പരിക്രമണത്തെ സംബന്ധിച്ച് യാതൊരുബോധവും ഇല്ലാത്തവരില്‍നിന്നു പുറപ്പെടുന്ന ശുദ്ധവര്‍ഗ്ഗീയവാദമാണ്.
കേരളത്തിനു പണമുണ്ടായത് കേരളീയര്‍ അവരുടെ നിത്യജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചുവരുന്ന, കാട്ടുച്ചെടിയുടെ കുരുവായ ‘കുരുമുളക്’ റോമക്കാരും അറബികളും ചീനത്തുകാരും പിന്നീടു പറങ്കികളും ഇംഗ്ലീഷുകാരും യഥേഷ്ടം വാങ്ങി ‘കറുത്തപൊന്നാക്കി തീര്‍ത്തപ്പോഴാണ്. ഈ വിദേശവ്യാപാരത്തിലൂടെയാണ് മറ്റെല്ലാ രാജാക്കന്മാരേയും പോലെ കേരളത്തിലെ തിരുവിതാംകൂര്‍ രാജാക്കന്മാരും കുമിഞ്ഞുകൂടിയ സമ്പത്തുള്ളവരായത്. ഇന്നും കേരളത്തിന്റെ സമ്പദ്ഘടനയെ കാര്യമായ തോതില്‍ നിയന്ത്രിക്കുന്നത് അഹൈന്ദവരുടെ നാടുകളില്‍ പോയി കേരളീയര്‍ പണിയെടുത്തുണ്ടാക്കി അയക്കുന്ന വരുമാനം കൊണ്ടാണ്.
നമ്മുടെ നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങള്‍ പൊന്നുപൂശപ്പെടുന്നതിനുള്ള പണം അറബിനാട്ടിലെ പൊരിവെയിലത്തു പണിയെടുത്ത് മലയാളികള്‍ ഉണ്ടാക്കുന്ന പണമാണ്. ഇങ്ങിനെ ജാതി-മത-ഭാഷ ദേശാതിര്‍ത്തികള്‍ അതിലംഘിച്ചുകൊണ്ടുള്ള ഒരു വിനിമയപ്രക്രിയയാണ് പണത്തിന് എപ്പോഴും ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതിലൊരു ഓഹരി തന്നെയാണ് പത്മനാഭസ്വാമിക്ഷേത്രത്തിലും നന്നായി സൂക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആ പണത്തില്‍ പണ്ടത്തെ കുരുമുളകു കച്ചവടക്കാരായ അഹൈന്ദവര്‍ക്കും പങ്കുണ്ട്.അതുകൊണ്ട് ആ പണം ഉപയോഗിക്കപ്പെടുന്നതിന്റെ ഫലം അനുഭവിക്കാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശവും ഉണ്ട്.
‘ഹിന്ദു ഹിന്ദുമാത്രം’ എന്ന നിലപാട് കാറ്റിന്റെ കാര്യത്തില്‍ എന്നപോലെ കാശിന്റെ കാര്യത്തിലും പുലര്‍ത്താവുന്നതല്ല. ഈഴവരായ ഹിന്ദുക്കള്‍ മാത്രം കള്ളുകുടിച്ചതു കൊണ്ടുണ്ടായ ലാഭമല്ല വെള്ളാപ്പിള്ളി നടേശന്റെ മടിശീലയെപ്പോലും കനപ്പെടുത്തിയിരിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്..?
ഗോദ്‌റെജ് താഴുകളാണ് പത്മനാഭസ്വാമിക്ഷേത്രനിലവറകളെ ഭദ്രമായി സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നു പത്രവാര്‍ത്തകള്‍ പറയുന്നു. അതിനര്‍ത്ഥം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്നതിനു മുമ്പ് അതു തുറന്നിട്ടുണ്ടെന്നാണ്-ഗോദ്‌റെജ് പൂട്ടുകള്‍ നിലവില്‍വന്ന കാലവും നിലവറയുടെ നിധിയുടെ കാലപ്പഴമയും ഒത്തുവരാത്തിടത്തോളം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാനായി നിലവറതുറന്നിട്ടുണ്ടെന്നു വ്യക്തമാണ്.
എങ്കില്‍ അതാരുതുറന്നു…? തുറന്നപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ലേ..? തുടങ്ങിയ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ പത്മനാഭസ്വാമിക്ഷേത്രനിലവറകളിലെ ആസ്തി കൃത്യമായ കണക്കുകളോടെ യഥോചിതം സംരക്ഷിക്കപ്പെടണം. കോടതിയുടെ ഇടപെടലുകളും മറ്റും അതിനു വഴിയൊരുക്കിയതു നന്നായി. കാണാതായ താക്കോലുകള്‍ കാണാതാക്കിയത് ആരാണെന്ന ചോദ്യത്തിന് ഇനിയും ഇടയുണ്ടാക്കരുത്.

Saturday, 9 July 2011

ബാബമാരെ ഏതു ലോക്പാലില്‍ പെടുത്തും?

(ഇന്‍ഡ്യയിലെ പ്രസിദ്ധ ദലിത് ബഹുജന്‍ സൈദ്ധാന്തികനും കോളമിസ്റ്റും ഗ്രന്ഥകാരനും ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷനല്‍ ഉറുദു യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ എക്സ്ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി സ്റ്റഡീസിലെ ഡിറക്റ്ററും ആയ കാഞ്ച ഐലയ്യ ഡെക്കാന്‍ ക്രോണിക്ക്ള്‍ ദിനപത്രത്തിലെഴുതിയ Anna, will Lokpal probe divine money?ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഈ ലേഖനം )

കള്ളപ്പണത്തിനെതിരെ താന്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍  ബാബാ രാംദേവ് തയ്യാറല്ല.  രാജ്യത്തിനകത്ത് ഒളിപ്പിച്ചു വച്ചിട്ടുള്ളതും വിദേശങ്ങളിലെ ബാങ്കുകളില്‍ രഹസ്യ എക്കൌണ്ടുകളിലായി സൂക്ഷിച്ചുവച്ചിട്ടുള്ളതുമായ എല്ലാ കള്ളപ്പണവും പുറത്തുകൊണ്ടുവരണമെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാബാ രാംദേവിന്റെ ഉദ്ബോധനങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ കള്ളപ്പണത്തിനെതിരെ നിരാഹാരസമരത്തിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയുണ്ടായി.അതുപോലെ തന്നെ അണ്ണാ ഹസാരെയും(അദ്ദേഹം സന്ദര്‍ഭവശാല്‍ ഈ യാദവ ബാബയുടെ ഭക്തനാണ്. ബാബയുടെ ക്ഷേത്രം ഹസാരെയുടെ സ്വന്തം മാതൃകാ ഗ്രാമമായ റാലേഗന്‍ സിദ്ധിയിലാണു സ്ഥിതി ചെയ്യുന്നത്)ടീമും കള്ളപ്പണത്തിനും അഴിമതിക്കും എതിരാണ്. ഗാന്ധിയനായ അദ്ദേഹവും നിരാഹാര സമരം നടത്തുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.


അണ്ണാ ഹസാരെ ടീം ആവശ്യപ്പെടുന്നത് അവര്‍ തയ്യാറാക്കിയ അതേരീതിയില്‍ത്തന്നെ ലോക്പാല്‍ ബില്‍  രാജ്യത്തിന്റെ നിയമമാക്കണമെന്നാണ്. എന്നാല്‍ അവരാരും തന്നെ, ബാബമാരുടെ ബെഡ്റൂമിലും ക്ഷേത്രങ്ങളുടെ നിലവറയിലും ഒളിപ്പിച്ചുവച്ചിരുന്ന വന്‍തോതിലുള്ള പണത്തെക്കുറിച്ചും സ്വര്‍ണാഭരണങ്ങളെ സംബന്ധിച്ചും ഉണ്ടായ സമീപകാലത്തെ വെളിപ്പെടുത്തലുകളെപ്പറ്റി ഇന്നുവരെ കമാന്നു മിണ്ടിയിട്ടില്ല
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നിധി ഒരു ലക്ഷം കോടി രൂപയോളം വിലമതിക്കുന്നതാണ്. ജൂണ്‍ 17ന് പുട്ടപര്‍ത്തിയിലെ സത്യസായി ബാബയുടെ ആശ്രമത്തിലെ ഉറക്കറ, അദ്ദേഹത്തിന്റെ മരണത്തിനുശേഷം തുറന്നപ്പോള്‍ അവിടെനിന്ന് 11.5 കോടി രൂപയുടെ കറന്‍സിയും 98 കി ഗ്രാം സ്വര്‍ണവും 307 കി ഗ്രാം വെള്ളിയും കണ്ടെത്തുകയുണ്ടായി.
സത്യസായി ബാബ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം കാണാനായി ബാബാ രാംദേവ് പുട്ടപര്‍ത്തിയില്‍ ഓടിയെത്തിയിരുന്നു എന്ന കാര്യം ഇവിടെ സ്മരണീയമാണ്. സത്യസായി ബാബ ആശുപത്രിയിലായിരുന്നപ്പോള്‍ നിരവധി പുണ്യ വ്യക്തികളും കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമുള്ള  മന്ത്രിമാരും അലമുറയിട്ടത്, ബാബ മരിക്കയാണെങ്കില്‍ അതോടെ ഇന്‍ഡ്യയുടെ സകല മൂല്യവും മരിക്കും എന്നുപറഞ്ഞായിരുന്നു.
ആന്ധ്രയിലെ ഒരു വനിതാ മന്ത്രി ,സത്യം പറഞ്ഞാല്‍ , ബാബയുടെ കിടക്കക്കരികില്‍ ക്യാമ്പുചെയ്യുകയായിരുന്നു മാസങ്ങളോളം. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും അക്കാഡമിക് വിദഗ്ധരും പുട്ടപര്‍ത്തിയിലേക്കു കുതിച്ചു. ഇതെല്ലാം എന്തുകൊണ്ടായിരുന്നുവെന്നതിന് ഇപ്പോള്‍ നമുക്ക് അല്പം ഐഡിയ ഉണ്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട  ആശ്രമത്തിന്റെ ഈ സ്വത്തിനെക്കുറിച്ച്( സത്യസായി യജുര്‍മന്ദിരത്തില്‍നിന്നു കെട്ടുകെട്ടായി കടത്തിയവ തത്ക്കാലം മാറ്റിനിര്‍ത്താം) ബാബാ രാംദേവിനും അണ്ണാ ഹസാരെയ്ക്കും എന്തു പറയാനുണ്ടെന്നറിയുന്നതു കൌതുകകരമായിരിക്കും. ഈ സ്വത്ത് കള്ളപ്പണമോ അതോ വെള്ളപ്പണമോ?
സത്യസായി ബാബ ആശുപത്രിയാലായപ്പോള്‍ പൂട്ടപ്പെട്ട അദ്ദേഹത്തിന്റെ കിടക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന പണത്തെപ്പറ്റി ബാബാ രാംദേവ് ഒരു പ്രസ്താവന ഇറക്കുമോ?  എങ്ങനെയാണ് ഇവര്‍ കള്ളപ്പണത്തെ നിര്‍വചിക്കുന്നത് ? യജുര്‍ മന്ദിരത്തില്‍ നിന്നു കണ്ടെടുത്ത പണവും സ്വര്‍ണവും വെള്ളിയുമെല്ലാം വെള്ളയാണോ? ഹസാരെയും ടീമും അത്തരം പണം കള്ളപ്പണമായി കണക്കാക്കുമെങ്കില്‍ അതിനെതിരായ പ്രവര്‍ത്തനപരിപാടികളെപ്പറ്റി എന്തുകൊണ്ടാണ് അവര്‍ നിശ്ശബ്ദമായിരിക്കുന്നത്? അവര്‍ പോരാടിക്കൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ലില്‍ , ബാബമാരെയും ക്ഷേത്രങ്ങള്‍ , മസ്ജിദുകള്‍ , ചര്‍ച്ചുകള്‍ , ഗുരുദ്വാരകള്‍ പോലുള്ള ആത്മീയ കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തുമോ? യജുര്‍ മന്ദിരത്തില്‍ നിന്നു കണ്ടെടുത്ത കള്ളപ്പണത്തെ പോലുള്ളവയെ  ഉള്‍പ്പെടുത്താനുള്ള ഒരു വകുപ്പ് ഹസാരെയുടെ കരടു ബില്ലില്‍ ഉണ്ടോ ?
ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളായ എ രാജയും കെ കനിമൊഴിയും കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും ജയിലിലാണ്. കാരണം അവരെല്ലാം അഴിമതി ചെയ്തുവെന്നാണ് പറയപ്പെടുന്നത്. സത്യസായി ബാബ ജീവിച്ചിരുന്നപ്പോള്‍ ,ആ സമയത്താണ് ഈ പണവും സ്വര്‍ണവും വെള്ളിയുമെല്ലാം കുഴിച്ചെടുത്തതെങ്കില്‍ അതിനെല്ലാം അദ്ദേഹം സമാധാനം പറയുമായിരുന്നോ? സത്യസന്ധയും കഴിവുറ്റവളും ആയ പൊലീസ് ഓഫീസറെന്ന് അവകാശപ്പെടുന്ന കിരണ്‍ ബേദി ഈ കേസില്‍ എന്തുചെയ്യുമായിരുന്നു? തന്റെ അധികാരപരിധിയിലായിരുന്നു ബാബയെങ്കില്‍  അവര്‍ സത്യസായിയെ അറസ്റ്റു ചെയ്യുമായിരുന്നോ?
ബാബ രാംദേവ് സ്വയം വെളിപ്പെടുത്തിയതനുസരിച്ച് വെറും 10 വര്‍ഷംകൊണ്ട്   1100 കോടിയുടെ സ്വത്താണ് അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നത്. കാട്ടുതീ പോലെ വളരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ സാമ്രാജ്യങ്ങളുള്ള മാതാ അമൃതാനന്ദ മയിയുടെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്വത്തുക്കള്‍ എത്രയെന്നു നമുക്കറിയില്ല.ഈ സാമ്പത്തിക സാമ്രാജ്യങ്ങളെപ്പറ്റി അന്വേഷിക്കാനുള്ള എന്തെങ്കിലും വ്യവസ്ഥ ഹസാരെയുടെ ലോക്പാലിലുണ്ടാവേണ്ടതല്ലേ  ?
സത്യസായി ബാബയുടെ ഉറക്കറയിലുണ്ടായിരുന്നത്ര സ്വത്തുക്കള്‍ ജവാഹര്‍ലാല്‍ നെഹൃ മുതല്‍ മന്‍മോഹന്‍ സിംഹ് വരെയുള്ള ഒരൊറ്റ പ്രധാനമന്ത്രിയുടെയോ ചീഫ് ജസ്റ്റീസുമാരുടെയോ ഉറക്കറയിലുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്. പ്രധാനമന്ത്രി പാര്‍ലിമെന്റിനോടെങ്കിലും കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. കോടതി ബെഞ്ചുകളില്‍ ഇരിക്കേണ്ടയാളാണ് ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിനു ചുറ്റും രജിസ്ട്രാറും തുറന്ന ഓഫീസ് സംവിധാനവും ഉണ്ട്.
ഈ ബാബമാര്‍ ആരോടാണ് കണക്കു പറയാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത് ? ദൈവത്തിന്റെയും ആത്മീയ പരിപാടികളുടെയും സാംസ്കാരിക കാമ്പെയിനുകളുടെയും പേരില്‍ വളരെയധികം അധാര്‍മികതയും അഴിമതിയും കള്ളപ്പണത്തിന്റെ സ്വരുക്കൂട്ടലും ആണ് ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍  ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും അക്കാഡമിക് പണ്ഡിതരും ദൈവങ്ങളെവരെ എങ്ങനെ അഴിമതിക്കാരാക്കുന്നു എന്നു നമുക്കറിയാം. വലിയ ക്ഷേത്രങ്ങളില്‍ കാശുള്ളവര്‍ക്ക് എളുപ്പത്തിലും പ്രത്യേകമായും ദൈവദര്‍ശനം ലഭിക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം ക്ഷേത്രങ്ങളിലെ ഹുണ്ടികയിലേക്കും ബാക്കി ബാബമാരുടെ ഉറക്കറയിലേക്കും പോകുന്നു. ഏറ്റവുമൊടുവില്‍ യജുര്‍ മന്ദിരത്തില്‍ കണ്ടതുപോലെ,നമ്മുടെ ആത്മീയ സ്ഥാപനങ്ങളിലെ അഴിമതി സംസ്കാരത്തെപ്പറ്റി അങ്ങേയറ്റം ഉന്നതമായ ധാര്‍മികത പറയുന്ന നമ്മുടെ സിവില്‍ സമൂഹത്തിന് എന്തു പറയാനുണ്ട്?  ഓഷോയുടെ ആശ്രമത്തില്‍ എന്താണു സംഭവിച്ചതെന്നു നാം കണ്ടു. അമേരിക്കന്‍ സിവില്‍ സമൂഹത്തിന് ഏതാനും മാസങ്ങള്‍ പോലും ആ ആശ്രമത്തെ വച്ചുപൊറുപ്പിക്കാനായില്ല. ലൈംഗിക അധാര്‍മികതയും കള്ളപ്പണത്തിന്റെ സ്വരുക്കൂട്ടലും ഇപ്പറയുന്ന ആത്മീയ/മത സ്ഥാപനങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. ധാര്‍മികവും ധനപരവുമായ അഴിമതിക്കെതിരാണു നാമെങ്കില്‍ ,   ഈ പ്രകാശവലയിതമായ ഹാളുകളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

കാഞ്ച ഐലയ്യ

Sunday, 26 June 2011

വിദ്യാഭ്യാസം ലീഗ് കൈകാര്യം ചെയ്താല്‍ ......?!

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഏതെങ്കിലും 'ദേശീയ 'കക്ഷികള്‍ ഏറ്റെടുക്കണമെന്ന ആവശ്യം സാസ്കാരിക നായകന്മാരും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സാമുദായിക നേതാക്കളും കഴിഞ്ഞ കുറേ നാളുകളായി ഉന്നയിച്ചു വരുന്ന ഒരാവശ്യമാണ്. അതുകേട്ടിട്ടാണോ എന്തോ കഴിഞ്ഞ മന്ത്രിസഭയില്‍ ആ വകുപ്പ് ദേശീയ കക്ഷിയായ സി പി എം ആണ് ഏറ്റെടുത്തതെന്നു നമുക്കറിയാം. അതുകൊണ്ട് ആ വകുപ്പിനോ കേരളത്തിനോ വിശേഷിച്ച് എന്തെങ്കിലും നേട്ടമുണ്ടായതായി ആരും പറഞ്ഞു കേട്ടില്ല. എന്തായാലും ഇത്തവണ മുസ്ലിം ലീഗ് എന്ന സാമുദായിക (ചിലരുടെ അഭിപ്രായത്തില്‍ 'വര്‍ഗീയ') കക്ഷിക്കാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്നത്. അതിനെതിരെ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുന്നത് സാംസ്കാരിക നായകനും ഗാന്ധിയനായ ഇടതുപക്ഷ അനുഭാവിയും ആയ സുകുമാര്‍ അഴീക്കോടാണ്. ഇന്നത്തെ പത്രങ്ങളില്‍ വീണ്ടും അദ്ദേഹത്തിന്റെ പ്രസ്താവന വന്നിട്ടുണ്ട്. അത് ഇതാണ്:

ലീഗിന് വിദ്യാഭ്യാസവകുപ്പ്‌ നല്‍കിയത്

അപമാനമെന്ന് അഴീക്കോട് വീണ്ടും



കോഴിക്കോട്: മുസ്‌ലിംലീഗിന് വീണ്ടും വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് മതേതര സമൂഹത്തിന് അപമാനമെന്ന്  പ്രഫ. സുകുമാര്‍ അഴീക്കോട് വീണ്ടും. അബ്ദുറബ്ബിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാഗല്ഭ്യവും കാബിനറ്റ് പരിചയസമ്പത്തുമുള്ളവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടത്. ഒരിക്കല്‍പോലും മന്ത്രിസ്ഥാനത്ത് എത്താത്ത ആളുടെ കൈകളിലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്.
വ്യക്തിയുടെ താല്‍പര്യമല്ല സെക്കുലര്‍ സൊസൈറ്റിയുടെ വളര്‍ച്ചക്ക് ആവശ്യം. ഒരു സമുദായത്തിനുതന്നെ എപ്പോഴും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അപമാനമാണ്. മുസ്‌ലിംലീഗ് മാനേജ്‌മെന്റിന്റെ ഭാഗത്തു മാത്രമേ നില്‍ക്കുകയുള്ളൂ. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് തെറ്റായ വഴിയിലൂടെയാണെന്നും അഴീക്കോട് പറഞ്ഞു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തില്‍ത്തന്നെ ഇതിനെതിരായ ഒരു പ്രതികരണവും വന്നിട്ടുണ്ട്.ശ്രീ മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി,ആലപ്പുഴയാണ് അതെഴുതിയിരിക്കുന്നത്. അത് ഇതാണ് 
ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തീവ്ര  അഭിപ്രായങ്ങള്‍ പറയുന്ന പ്രകൃതക്കാര്‍ക്ക് അവര്‍ പറയുന്നത് സത്യമെന്നോ മിഥ്യയെന്നോ നോക്കേണ്ടതില്ലല്ലോ. മുണ്ടശ്ശേരിക്കുശേഷം ധാരാളം വിദ്യാഭ്യാസ മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അധികാരമേറ്റ അബ്ദുറബ്ബിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍നിന്നെടുത്ത വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം, കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വന്തം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ റെക്കോഡ് വിജയം. കേരള മന്ത്രിസഭകളില്‍ ലീഗിന്റെ ആദ്യകാല മന്ത്രിയായിരുന്ന നഹ സാഹിബിന്റെ പുത്രനായ ഇദ്ദേഹത്തിന്റെ മൂത്തമകന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍, രണ്ടാമത്തെ മകന്‍ ഡോക്ടര്‍, മൂന്നാമത്തെ മകന്‍ എന്‍.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം, ഐ.ഐ.എമ്മില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, നാലാമത്തെ മകന്‍ ഐ.ഐ.ടി വിദ്യാര്‍ഥി.
ഇതാണ് ഈ മലപ്പുറത്തുകാരന്റെ വിദ്യാഭ്യാസ പാരമ്പര്യവും  വിദ്യാഭ്യാസ മന്തിയാകാനുള്ള പരിഗണനയില്‍ ചിലതും. അറബി, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലെ പ്രാവീണ്യം ഈ യോഗ്യതക്ക് മകുടം ചാര്‍ത്തുന്നു.
ഒരനാഥ ബാലന്‍ യതീംഖാനയില്‍ പഠിച്ച്  ഈ വര്‍ഷം ഐ.എ.എസ് നല്ല റാങ്കോടെ പാസായിരിക്കുന്നു. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ മലപ്പുറത്തെ ഒരു മുസ്‌ലിം വിദ്യാര്‍ഥി. ഇതൊക്കെ തെളിയിക്കുന്നത് വിദ്യാഭ്യാസപരമായി പിന്നില്‍നിന്നിരുന്ന മലപ്പുറം കേരളത്തില്‍  വിദ്യാഭ്യാസ വിപ്ലവം തുടങ്ങിവെച്ചുവെന്നാണ്. മലപ്പുറം ഈ രീതിയില്‍ മുന്നോട്ടുപോകുന്ന സ്ഥിതിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമായി മാറുമെന്നതില്‍ സംശയമില്ല.
അങ്ങനെ സ്‌കൂള്‍ വരാന്തയില്‍ മഴവന്ന നേരത്ത് കയറിനിന്ന പാരമ്പര്യം മാത്രമാണോ ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കുന്നതിന് അര്‍ഹത നേടിക്കൊടുത്തതെന്ന് അഴീക്കോട് ദയവായി വ്യക്തമാക്കുമോ? മേല്‍പ്പറഞ്ഞ യോഗ്യതകളൊക്കെയും ആ സ്ഥാനത്ത് കയറാന്‍ പര്യാപ്തമല്ലെന്നാണോ അഴീക്കോടിന്റെ പക്ഷം.
വകുപ്പുഭരണത്തിന് സ്‌കൂള്‍ പഠനം മാത്രമല്ല പരിഗണിക്കേണ്ടതെന്ന് അഴീക്കോട് മനസ്സിലാക്കണം.  ദീര്‍ഘവീക്ഷണം, കാര്യക്ഷമത എന്നിങ്ങനെ മറ്റനവധി ഗുണങ്ങള്‍ ചേരുമ്പോഴാണ് ഭരണസാമര്‍ഥ്യം കൈവരുന്നത്. ഈ മാനദണ്ഡങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അഴീക്കോടിന്റെ 'പള്ളിക്കൂടം വരാന്ത ന്യായം' വഴിമാറിക്കൊടുത്തേ ഒക്കൂവെന്ന് വ്യക്തമാക്കുന്ന നല്ല ഉദാഹരണങ്ങള്‍ കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതായി കാണാം. സി.എച്ച്. മുഹമ്മദ്‌കോയ കേരളം കണ്ട വിദ്യാഭ്യാസ മന്ത്രിമാരില്‍ അഗ്രിമ സ്ഥാനത്ത് നില്‍ക്കുന്നു.
പ്രഗല്ഭ ഭരണാധികാരിയായിരുന്ന കെ. കരുണാകരന്‍,  മുഖ്യമന്ത്രിമാരായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസയോഗ്യത നിരത്താന്‍ എന്തെങ്കിലുമുണ്ടോ.
ഒരു വിളിപ്പാടകലെ മലപ്പുറത്ത് നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം ആ ചെറിയ പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് അഴീക്കോട് മനസ്സിലാക്കണം. ആധുനിക വിദ്യാഭ്യാസത്തില്‍നിന്ന് മുസ്‌ലിം സമുദായം ഒരു നൂറ്റാണ്ട് മുഴുവന്‍ മുഖംതിരിച്ചുനിന്നു എന്നത് സത്യംതന്നെയാണ്. അതിന്റെ ക്ഷീണം  മുസ്‌ലിംകളെ ബാധിച്ചു. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും മുസ്‌ലിംകളില്‍ ഉടലെടുത്തു. മഹാപ്രതിഭകള്‍ ഉയര്‍ന്നുവന്നു. ഒരു അഴീക്കോടോ കൂട്ടിന് കുറേ ആളുകളോ എന്തുതന്നെ പറഞ്ഞാലും ഈ മുന്നേറ്റം പിന്നാക്കം പോകുകയില്ല. ആ ലക്ഷ്യത്തോടെ ഈ നിരൂപകര്‍ അടുപ്പില്‍ കയറ്റിവെച്ച കലം ഇറക്കിവെക്കുന്നതാണ് അവര്‍ക്കും നാടിനും നല്ലത്.
ഈ വിഷയത്തില്‍ വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു.

Tuesday, 21 June 2011

കേരള നിയമ സഭയിലെ ജാതി-സമുദായസമ(? )വാക്യം

എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദം ദ്വൈവാരികയുടെ 2011 ജൂണ്‍ 1-15 ലക്കത്തിന്റെ മുഖചിത്രമാണു മുകളില്‍ . മാഗസിന്റെ സബ് എഡിറ്റര്‍ കെ എസ് സുനില്‍ കുമാര്‍ എഴുതിയ ലേഖനമാണ് കവര്‍ സ്റ്റോറി-ഭരണമുന്നണിയില്‍ ഈഴവര്‍ -3.  
ഈ ലേഖനത്തില്‍ കേരളത്തിലെ 140 എം എല്‍ എ മാരുടെയും ജാതി-സമുദായം-മതം തിരിച്ചുള്ള കണക്കുണ്ട്. അതു പ്രകാരം ജനസംഖ്യയില്‍ 27 % വരുന്ന(ഈ കണക്ക് ശരിയാണോ എന്നറിയില്ല. ജാതി സെന്‍സസ് നടക്കാതെ ഇതിലെ തെറ്റും ശരിയും അറിയാന്‍ വഴിയില്ല)ഈഴവ സമുദായത്തില്‍ നിന്ന് ഈ 22 എം എല്‍ എ മാരാണുള്ളത്. അതില്‍ കേവലം 3 പേര്‍ മാത്രമാണ് യു ഡി എഫില്‍ നിന്നുള്ളത്. എന്നാല്‍ "വെറും 11 ശതമാനം മാത്രമുള്ള" നായര്‍ വിഭാഗത്തില്‍ നിന്ന് ഇരു മുന്നണികളില്‍ നിന്നുമായി 25 എം എല്‍ എമാരുണ്ടത്രേ!(യു ഡി എഫ് 15 ഉം എല്‍ ഡി എഫ് 10 ഉം). "ജനസംഖ്യ അനുസരിച്ച് 15 സീറ്റിന് അര്‍ഹതയുള്ള നായര്‍ വിഭാഗത്തിന് ഇരുമുന്നണികളും കൂടി സമ്മാനിച്ചത് 25 നിയമസഭാ സാമാജികരെ. 38 സീറ്റിന് അര്‍ഹതയുള്ള ഈഴവര്‍ക്ക് ലഭിച്ചതാകട്ടെ 22 എം എല്‍ എമാരെയും. " എന്ന് ലേഖകന്‍ പരിതപിക്കുന്നു.
സുനില്‍ കുമാര്‍ ആരോപിക്കുന്നു:" കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരെ 18 സീറ്റില്‍ യു ഡി എഫ് മത്സരിപ്പിച്ചു. കോണ്‍ഗ്രസ് 13 സീറ്റിലും ജെ എസ് എസ് 3 സീറ്റിലും സോഷ്യലിസ്റ്റ് ജനത ഒരു സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും ഈഴവ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. വിജയിപ്പിച്ചത് മൂന്നു കോണ്‍ഗ്രസ് ഈഴവരെ മാത്രം. .....56 ശതമാനം വരുന്ന ഹിന്ദുക്കളില്‍ വെറും 11 ശതമാനമുള്ള നായര്‍ വിഭാഗത്തെ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ഹിന്ദുക്കളായി കണ്ടത്. സംവരണ സമുദായങ്ങളില്‍ നിന്നും വെറും നാലുപേരെ മാത്രമേ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായുള്ളൂ.എന്നാല്‍ ഈഴവരോടൊപ്പമുള്ള മറ്റു പിന്നോക്ക സമുദായങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിച്ചു. എഴുത്തച്ഛന്‍ സമുദായത്തില്‍ നിന്നും ഒരാളെയും ധീവര സമുദായത്തില്‍ നിന്നും ഒരാളെയും മാത്രം കോണ്‍ഗ്രസ് എം എല്‍ എമാരാക്കി. പുലയ, പത്മശാലിയ തുടങ്ങിയ നിരവധി പിന്നോക്ക ഹിന്ദു സമുദായങ്ങള്‍ക്ക് ഒരൊറ്റ എം എല്‍ എമാര്‍ പോലും ഭരണകക്ഷിയില്‍ ഇല്ല.ഒരിക്കല്‍ നാലു കോണ്‍ഗ്രസ് എം എല്‍ എമാരുണ്ടായിരുന്ന ആശാരി സമുദായത്തിന് ഒരു സീറ്റുപോലും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം മിനക്കെട്ടില്ല. " സ്ത്രീ സംവരണം പോലും കാറ്റില്‍ പറത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനാണ് കോണ്‍ഗ്രസ് മുതിര്‍ന്നതെന്നും കണക്കുകള്‍ നിരത്തി ലേഖകന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മുസ്ലിം- സവര്‍ണ ക്രിസ്ത്യന്‍ -എന്‍ എസ് എസ് താത്പര്യം മാത്രം നോക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയവും മന്ത്രിസഭാ രൂപവത്കരണവും നടത്തിയതെന്നും യോഗനാദം ലേഖനം കണക്കുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കുന്നുണ്ട്.'കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലുമായി 11 റോമന്‍ കത്തോലിക്കക്കാര്‍ വിജയിച്ചപ്പോള്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക് മൂന്നു സീറ്റില്‍ മാത്രമെ എം എല്‍ എ മാരെ ഭരണകക്ഷിയില്‍ ലഭിച്ചുള്ളൂ'വെന്നും 'വളരെ ചെറിയ ന്യൂനപക്ഷമായ യാക്കോബായ വിഭാഗത്തിന് മൂന്ന് എം എല്‍ എമാരുണ്ടെ'ന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും അധികം അദ്ധ്വാനിച്ചത് മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാനായിരുന്നു' എന്നു വിമര്‍ശിക്കുന്ന ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നു: " മുസ്ലിം ലീഗിനെ ഏതുവിധേനയും തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെ പി കെ കുഞ്ഞാലിക്കുട്ടിക്കു നേരെ മാത്രം പ്രചരണായുധങ്ങള്‍ എയ്തപ്പോള്‍ ഫലം മുസ്ലിം വോട്ട് ഏകീകരണത്തില്‍ കൊണ്ടെത്തിച്ചു. ഇക്കുറി നിയമസഭയിലെ ഏറ്റവും അധികം എം എല്‍ എമാര്‍ അങ്ങിനെ മുസ്ലിം സമുദായത്തിനു സ്വന്തം. 140ല്‍ 36 പേര്‍ മുസ്ലിം വിഭാഗക്കാര്‍ .മുസ്ലിം ലീഗിനു മാത്രം 20. ഏഴുപേര്‍ കോണ്‍ഗ്രസില്‍ നിന്ന്. എല്‍ ഡി എഫില്‍ നിന്ന് 9 പേരും." സി പി എം സര്‍ക്കാര്‍ 'എന്‍ എസ് എസ് നേതൃത്വത്തിന് അലോസരമുണ്ടാക്കാതിരിക്കാ'ന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ചവറ്റുകുട്ടയില്‍ എറിയപ്പെട്ടതെന്നുമുള്ള വസ്തുതകളും സുനില്‍ കുമാര്‍ സ്പഷ്ടമാക്കുന്നു.
"ചുരുക്കത്തില്‍ ഈഴവനെ വേണ്ടാത്ത കോണ്‍ഗ്രസും ഈഴവന്റെ സാമുദായിക ശക്തിപ്പെടലിനെ തീരെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന സി പി എം - സി പി ഐ നേതൃത്വങ്ങളുമാണ് ഇവിടെയുള്ളതെ"ന്ന കുറ്റപ്പെടുത്തുന്ന ലേഖകന്‍ ഒടുവില്‍ ലേഖനം അവസാനിപ്പിക്കുന്നത്, "ഭാവിയില്‍ മുസ്ലിം സമൂഹത്തിന് അനുകൂലമായി എന്തെല്ലാം ആനുകൂല്യങ്ങള്‍ വഴിവിട്ട സഹായങ്ങളും നല്‍കണം എന്നതിനെക്കുറിച്ചാവും ഇനി പാര്‍ട്ടിയുടെ തിങ്ക്ടാങ്കുകള്‍ ഗവേഷിക്കുക" എന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ടാണ്.

ഈ ലേഖനത്തോടൊപ്പം വായിക്കേണ്ടതാണ് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ന്റെ മുഖപത്രമായ മെക്ക ന്യൂസിന്റെ 2011 ജൂണ്‍ ലക്കത്തില്‍ വന്ന എന്‍ കെ അലിയുടെ താഴെ ചേര്‍ക്കുന്ന ലേഖനം.


"കേരളത്തിലെ ജനസംഖ്യയില്‍ 22 ശതമാനത്തിലധികമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പിന്നാക്ക വിഭാഗമായ ഈഴവര്‍ക്കാണ് ഏറ്റവും കുറഞ്ഞ മന്ത്രി പ്രാതിനിധ്യവും"എന്നു് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നുണ്ട്. "അനര്‍ഹമായ പ്രാതിനിധ്യമാണ് മുഴുവന്‍ ഹിന്ദുക്കളുടെയും പേരില്‍ 11 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗത്തിനു നല്‍കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജനസംഖ്യാനുപാതികമായി 20 മന്ത്രിമാരില്‍ 2 പേര്‍ക്കുമാത്രമേ നായര്‍ സമുദായത്തിന് അര്‍ഹതയുള്ളൂ"വെന്നും അലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
'മതേതരത്വവും സാമുദായിക സന്തുലനവും പ്രാദേശിക പരിഗണനയും പറയുന്ന കോണ്‍ഗ്രസില്‍ നടന്ന ജാതിക്കളിയിലൂടെ സവര്‍ണ- മുന്നാക്ക വിഭാഗങ്ങളായ നായര്‍ ക്രിസ്ത്യന്‍ മേധാവിത്വം അരക്കിട്ടുറപ്പിച്ചതോടെ ഏറ്റവും വലിയ പിന്നാക്ക വിഭാഗങ്ങളായ ഈഴവ- മുസ്ലിം സമൂഹങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മറ്റു പിന്നാക്ക വിഭാഗങ്ങളായ ധീവര- നാടാര്‍ -വിശ്വകര്‍മ-വണിക വൈശ്യ തുടങ്ങി ഒട്ടനവധി ഹിന്ദു പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായും കൈയൊഴിഞ്ഞു'വെന്ന് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നു.

Wednesday, 8 June 2011

ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം



ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം,
ആര്‍.ബി.ശ്രീകുമാര്‍
ഡി.സി.ബുക്സ്, കോട്ടയം, 2008, പേജ് 98, വില 50

ഗുജറാത്തില്‍ 2004ല്‍  നടന്ന കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലാണ് ഈ കൃതി.  കലാപത്തിന്റെ അന്തര്‍നാടകങ്ങളെക്കുറിച്ചും ഭരണകൂട ഇടപെടലുകളെക്കുറിച്ചും മലയാളിയായ ശ്രീകുമാര്‍ മറയില്ലാതെ വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പക്ഷപാതിത്വം, മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, ഏറ്റുമുട്ടല്‍ കൊലകള്‍ക്കു പിന്നിലെ അന്തര്‍നാടകങ്ങള്‍ എന്നിവയെല്ലാം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ മനുഷ്യത്വവിരുദ്ധ മുഖം, ഇഹ്സാന്‍ ജാഫ്രി വധം, ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം, സഹീറ ഷെയ്ഖിന്റെ മൊഴിമാറ്റം, ടീസ്റ്റാ സെറ്റല്‍വാദിന്റെ ഇടപെടലുകള്‍ തുടങ്ങിയവയിലേക്കെല്ലാം ശ്രീകുമാര്‍ വെളിച്ചം വീശുന്നു.
"എന്റെ സഹപ്രവര്‍ത്തകരില്‍ പലരും ചോദിക്കാറുണ്ട്. എന്തിനാ സാറേ, മോഡിയുമായി വഴക്കിടാന്‍ പോയത്? ഞാനവരോട് പറയും, ഞാനും മോഡിയും തമ്മില്‍ ഉന്തും തള്ളുമൊന്നുമല്ല നടന്നത്. മുസ്ലിം സ്ത്രീയുടെ വയറ്റില്‍ നിന്ന് ഭ്രൂണമെടുത്ത് കശാപ്പ് ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല. അവരുടെ പരാതികള്‍ സ്വീകരിക്കാതിരുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. കലാപത്തിനു ശേഷവും നീതിന്യായ വ്യവസ്ഥയെ തലകീഴായി മറിക്കുന്നു. ഞാനിതൊക്കെ എഴുതിക്കൊടുത്തതേയുള്ളൂ.... കേസ് ജയിക്കുന്നതു വരെ എല്ലാവര്‍ക്കും എന്നോടു പുച്ഛമായിരുന്നു. മോഡിക്കെതിരേ യുദ്ധം ചെയ്തിട്ട് എന്തു കിട്ടി എന്നായിരുന്നു പരിഹാസം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പലതും ചെയ്യാന്‍ കഴിയും. അതു മാത്രമാണു ഞാന്‍ ചെയ്തത്'' (കാക്ക പിടിത്തം എന്ന പതിനെട്ടാം അധ്യായത്തില്‍ നിന്ന്)