Thursday, 18 August 2011

പിന്തിരിഞ്ഞുനടക്കുന്ന മലയാളികള്‍

പ്രസിദ്ധ പത്രപ്രവര്‍ത്തകനായ എം ജി രാധാകൃഷ്ണന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനം: സ്വദേശാഭിമാനി വീണ്ടും നാടുകടത്തപ്പെടുന്നു

ചാക്രികദിശയിലാണ് സാമൂഹികപരിണാമം എന്നുപറയുന്ന ‘സോഷ്യല്‍ സൈക്കിള്‍’ സിദ്ധാന്തത്തിന് പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലത്തുവരെ വക്താക്കളുണ്ട്. പാശ്ചാത്യര്‍ മുതല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യം അരവിന്ദമഹര്‍ഷിയില്‍ തുടങ്ങി അമ്പതുകളില്‍ ആനന്ദമാര്‍ഗി പ്രസ്ഥാനം രൂപവത്കരിച്ച പ്രഭാത് രഞ്ജന്‍ സര്‍ക്കാര്‍, വര്‍ത്തമാനകാലത്ത് പാശ്ചാത്യലോകത്തെ ഒരു പ്രമുഖ ‘പൗരസ്ത്യഗുരു’ ആയ രവി ബത്ര മുതലായ ഇന്ത്യന്‍ ചിന്തകരും ഇതില്‍പെടുന്നു. മനുഷ്യരാശിയുടെ പ്രയാണം ചാക്രികമാണെന്നും ഓരോ നാഗരികതയും കാലാവധി പൂര്‍ത്തിയായാല്‍ നാശം നേരിടുകയും പിന്നീട് ഊഴം എത്തുമ്പോള്‍ ആവര്‍ത്തിക്കുകയും വീണ്ടും നാശോന്മുഖമാകുകയും ചെയ്യുന്ന ചാക്രികഗതിക്ക് വിധേയമാണെന്നും ഈ സൈദ്ധാന്തികര്‍. ഫ്യൂഡലിസം, മുതലാളിത്തം, കമ്യൂണിസം എന്നിവയുടെ ഒക്കെ മേധാവിത്വഘട്ടങ്ങള്‍ ഈ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടത്തിലും സമൂഹത്തില്‍ നെടുനായകത്വം വഹിക്കുന്ന അഭിരുചികള്‍ക്കും മൂല്യബോധത്തിനും പക്ഷപാതങ്ങള്‍ക്കും ഈ ചാക്രികത ബാധകമാകാം. നൂറ്റാണ്ടുകള്‍ നീളുന്ന വലിയ ചക്രങ്ങള്‍ക്കുള്ളില്‍ സൂക്ഷ്മചക്രങ്ങളും ഇത്തരം ഒട്ടേറെ ഹ്രസ്വമായ ആവൃത്തികള്‍ പൂര്‍ത്തിയാക്കാറുണ്ട്.
മലയാളിസമൂഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നും മാമൂലുകളില്‍നിന്നുമൊക്കെ സമൂഹത്തെ സ്വതന്ത്രമാക്കിയ നവോത്ഥാനഘട്ടവും അതിന്റെ പ്രഭാവം  നിലനിന്ന അനന്തരഘട്ടവും ഉള്‍പ്പെട്ട ഒരു നൂറ്റാണ്ടിന്റെ സൂക്ഷ്മചക്രം കറങ്ങിത്തീര്‍ന്ന മട്ടാണിപ്പോള്‍. നവോത്ഥാനഘട്ടം തിരസ്കരിച്ച അഭിരുചികളും വിശ്വാസങ്ങളും മൂല്യപ്രമാണങ്ങളുമൊക്കെ വീണ്ടും പ്രിയങ്കരമായിവരുന്ന കാഴ്ച കാണുമ്പോള്‍ ചാക്രികസിദ്ധാന്തത്തെ ഓര്‍ക്കാതെ വയ്യ. ജാതീയത, വര്‍ഗീയത, അന്ധവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ഒക്കെ അതിശക്തമായ പുനരാഗമനം അവയെ ഒക്കെ മുമ്പ് കാലഹരണപ്പെടുത്തിയ നവോത്ഥാനഘട്ടം മുന്നോട്ടുവെച്ച യുക്തിചിന്ത, ശാസ്ത്രീയത എന്നിവയെയൊക്കെ ഇന്ന് തിരിച്ച് കാലഹരണപ്പെടുത്തുന്ന മട്ടാണ്. പക്ഷേ, ഇതൊരു അനിവാര്യതയായി പരിഗണിക്കുന്നതിലെ വലിയ പ്രശ്നം ഈ വ്യത്യസ്തഘട്ടങ്ങളിലെ മൂല്യങ്ങളുടെ തകിടംമറിയലാണ്. നഗ്നമായ അസമത്വവും കൊടിയ ചൂഷണവും നിലനിന്ന ഘട്ടത്തെ കീഴടക്കിയായിരുന്നു നവോത്ഥാനത്തിന്റെ മുന്നേറ്റം. കൊളോണിയല്‍ ആധുനികത, ലിബറല്‍ മുതലാളിത്തം എന്നിവയുടെ ഘടകങ്ങള്‍കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നു നവോത്ഥാനമെങ്കിലും പ്രാകൃതമായ ഉച്ചനീചത്വങ്ങളുടെ കൂരിരുട്ടില്‍നിന്ന് മലയാളിയെ ജനാധിപത്യത്തിലേക്ക് ആനയിച്ചത് മറ്റൊന്നായിരുന്നില്ല. നവോത്ഥാനഘട്ടത്തിന്റെ അന്ത്യം പുതിയ അസമത്വത്തിനും ചൂഷണത്തിനും വഴിയൊരുക്കുമോ? പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ തിരികൊളുത്തിയ വിപ്ളവമായിരുന്ന നവീകരണത്തെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കത്തോലിക്കാസഭ അഴിച്ചുവിട്ട പ്രതിനവീകരണത്തിന് (കൗണ്ടര്‍ റെഫര്‍മേഷന്‍) സമാനമാണ് കേരള സമൂഹത്തില്‍ ഇപ്പോള്‍ വീശുന്ന നവോത്ഥാനവിരുദ്ധ തരംഗം.
ഇത്രയും പരാമര്‍ശിച്ചത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി വെളിച്ചത്തുവന്നതോടെ വ്യാപകമായി പ്രകടമാകുന്ന വികാരങ്ങള്‍ കണ്ടാണ്.  മലയാളി ഒരിക്കല്‍ തിരസ്കരിച്ച പഴയ മൂല്യങ്ങള്‍ വീണ്ടും അതിശക്തമായ തിരിച്ചുവരവ് നടത്തുന്നുവോ എന്ന് സംശയിക്കാതെവയ്യ. നിധിയോടൊപ്പം വ്യാപകമായി വെളിപ്പെടുന്ന അന്ധമായ രാജഭക്തി, ദൈവമതഭക്തി, ആചാരപൂജ, വര്‍ഗീയത എന്നിവ ഒരു ഭാഗത്തും അന്യമതങ്ങള്‍, ജനാധിപത്യം, ശാസ്ത്രീയത, യുക്തി എന്നിവയോടൊക്കെയുള്ള പരസ്യമായ ശത്രുത മറുഭാഗത്തുമായി തലയറഞ്ഞാടുന്നു. മാത്രമല്ല, മതസൗഹാര്‍ദം, സമഭാവന, അധഃസ്ഥിതരോടുള്ള പരിഗണന എന്നിവപോലും പ്രത്യക്ഷമായിതന്നെ തള്ളിപ്പറയപ്പെടുന്നു. ഈ പുതിയ മൂല്യപ്രചാരണത്തില്‍ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ മാത്രമല്ല, ചരിത്രകാരന്മാരും മറ്റ് ബുദ്ധിജീവികളും മാധ്യമങ്ങളും  ഒക്കെപ്പെടുന്നു. മാധ്യമചര്‍ച്ചകളില്‍  ചരിത്രകാരന്മാരുടെയും സമുദായസ്നേഹികളുടെയും മുഖംമൂടിയിട്ട വിഷസര്‍പ്പങ്ങള്‍ വര്‍ഗീയതചീറ്റി ഫണംവിരിച്ചാടുന്നു. ഇതിലൊക്കെ കടുപ്പം നവോത്ഥാനശക്തികളുടെ അനന്തരഗാമികളായി കടന്നുവന്ന് രാജകീയഭരണത്തിനെതിരെയും ജനാധിപത്യവ്യവസ്ഥയുടെ ആഗമനത്തിനുവേണ്ടിയും സ്വയമര്‍പ്പിച്ച രാഷ്ട്രീയ ജനകീയപ്രസ്ഥാനങ്ങളുടെപോലും നിശ്ശബ്ദതയും അകര്‍മണ്യതയും ആണ്. നവോത്ഥാനം സൃഷ്ടിച്ച സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതൃത്വം മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയില്‍ തങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ആ പഴയ വ്യവസ്ഥയുടെയും മൂല്യങ്ങളുടെയും കുഴലൂത്തുകാരായിരിക്കുന്നു. നവോത്ഥാനത്തിനും സെക്കുലറിസത്തിനും വിപ്ളവം പോരെന്ന് ആക്ഷേപിക്കുന്ന അതിവിപ്ളവക്കാര്‍ക്കും സ്വത്വവാദികള്‍ക്കും ഒന്നും മിണ്ടാട്ടമില്ല. ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തുന്ന യുക്തിവാദികള്‍ ആക്രമിക്കപ്പെടുന്നു. കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍തന്നെ ആ പഴയ വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും വെല്ലുവിളിച്ച ഇടതുപക്ഷത്തില്‍നിന്നുപോലും ഉറച്ച ശബ്ദം കേള്‍ക്കാനില്ല. ഹൈകോടതി ഉത്തരവിട്ടിട്ടുപോലും ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ധൈര്യമില്ലാതെ പിന്‍വലിഞ്ഞത് ഇടതുപക്ഷ സര്‍ക്കാറാണ്. അപ്പോള്‍ പിന്നെ അക്കാര്യം ചിന്തിക്കാന്‍തന്നെ വിസമ്മതിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാര്യം പറയണോ!  തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാറിന്റെ നൃശംസതകളെ നിശിതവിമര്‍ശത്തിനിരയാക്കിയതിന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ശതാബ്ദി വേളയാണിത്. അത് ഭീരുവായ ഒരു സര്‍ക്കാറിന്റെ ചെയ്തിമാത്രമായിരുന്നു. എന്നാല്‍, ആ മഹാപുരുഷനെ മലയാളി മനസ്സില്‍നിന്നുപോലും നാടുകടത്തിയത് ഈ 2011 ലാണെന്ന് ഇപ്പോള്‍ സമൂഹത്തില്‍ ചോദ്യംചെയ്യപ്പെടാതെ വ്യാപിക്കുന്ന രാജഭക്തി സൂചിപ്പിക്കുന്നു.
നൂറുവര്‍ഷം മാത്രം മുമ്പുള്ള ചരിത്രംപോലും തിരുത്തിയെഴുതാനും ശുദ്ധനുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ച് ഉറപ്പിക്കാനുമുള്ള ഗീബത്സുകളുടെ വ്യഗ്രത അമ്പരപ്പിക്കുന്നതാണ്. ബുദ്ധിജീവികളും മാധ്യമങ്ങളും ഇതിനു പരസ്പരം മത്സരിക്കുന്നു. ഈ തിരുവിതാംകൂറിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം മുഴുവന്‍ ചവിട്ടിത്തേക്കുന്നതിനു തുല്യമാണിത്. ഈ ഒരു നൂറ്റാണ്ടുകാലം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ഇവിടെ നടന്ന ഐതിഹാസികമായ ജനകീയപ്പോരാട്ടങ്ങള്‍ മുഴുവന്‍ ഈ രാജഭരണത്തിന്റെ തിന്മകള്‍ക്കെതിരെയായിരുന്നുവെന്ന് സൗകര്യപൂര്‍വം മറക്കുന്നതാണ് കാഴ്ച. തലമുറകളെ മുഴുവന്‍ വഴിതെറ്റിക്കുന്ന ഈ പുതുചരിത്രനിര്‍മിതി ഇന്നത്തെ കേരളം ഉണ്ടായതെങ്ങനെയെന്ന സത്യത്തെ പൂര്‍ണമായും മൂടിവെക്കുന്നു.
ഹിന്ദുക്കള്‍ക്കുമാത്രം
ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് ശ്രീപത്മനാഭന്റെ നിധിയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന പ്രഖ്യാപനമാണ്. തന്റെ പണം ഹിന്ദുക്കള്‍ക്കല്ലാതെ ആര്‍ക്കും അവകാശമില്ളെന്നുകേട്ടാല്‍ സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമാണെന്ന് തങ്ങള്‍ കരുതുന്ന ശ്രീപത്മനാഭന്റെ പ്രതികരണം വിശ്വാസികള്‍ ഒന്നാലോചിച്ചുനോക്കുന്നത് നന്നായിരിക്കും. പൊതു ആവശ്യങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോവേണ്ടിപോലും ഒറ്റ ചില്ലിക്കാശും തൊട്ടുപോകരുതെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റവും അത് ചെറുക്കാനുള്ള ധൈര്യക്കുറവും പ്രകടം. ഒരു വി.ആര്‍. കൃഷ്ണയ്യരെയോ സുകുമാര്‍ അഴീക്കോടിനെയോ മാറ്റിനിര്‍ത്തിയാല്‍ സാംസ്കാരികനായകര്‍ക്കാര്‍ക്കും അഭിപ്രായമില്ല. ചെറുതായെങ്കിലും പ്രതികരിച്ച വി.എസ്. അച്യുതാനന്ദന്‍ ഒഴിച്ചാല്‍ കമ്യൂണിസ്റ്റുകള്‍ക്കുപോലും ഇത് ചോദ്യംചെയ്യാനുള്ള ശക്തി ചോര്‍ന്നിരിക്കുന്നു. ഉറപ്പിക്കാം, നവോത്ഥാനചക്രം ആവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഈ നിധിയുടെ അവകാശികള്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ മാത്രമാവുക? ഇതെല്ലാം പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാണിക്കയാണെന്നാണ് വാദം.  രാജ്യങ്ങളെ  ആക്രമിക്കുകയോ കൊള്ളചെയ്തോ ഉണ്ടാക്കിയതുപോലുമല്ലത്രെ. മാര്‍ത്താണ്ഡവര്‍മ കന്യാകുമാരി മുതല്‍ കൊച്ചിക്ക് സമീപംവരെ സാമ്രാജ്യം തീര്‍ത്ത് ആധുനിക തിരുവിതാംകൂര്‍ സൃഷ്ടിച്ചത് ഒട്ടേറെ ചെറുരാജ്യങ്ങളെയും രാജാക്കന്മാരെയും കൊന്നും കീഴടക്കിയും അവരുടെ മുതലെടുത്തുമാണെന്ന ചരിത്രം തല്‍ക്കാലം മറക്കാം. അപ്പോള്‍ ചോദ്യം, പിന്നെയെങ്ങനെ ഈ രാജാക്കന്മാര്‍ക്ക് ഇത്രവലിയ കാണിക്കകള്‍ സമര്‍പ്പിക്കാനുള്ള സമ്പത്ത് ഉണ്ടായെന്നതാണ്. ഉറപ്പായും ശൂന്യതയില്‍നിന്നായിരിക്കില്ലല്ളോ ഇത്. പ്രജകളില്‍നിന്ന് നികുതിയായും കരമായും പിഴയായും ഒക്കെ പിഴിഞ്ഞുണ്ടാക്കിയതാണീ സ്വത്ത്. ഇനി കച്ചവടത്തിലൂടെയാണെങ്കിലും ആ വിഭവങ്ങള്‍ ഒരുക്കിയത് രാജാക്കന്മാരല്ല, ഇവിടത്തെ സാധാരണപ്രജ ആണല്ളോ. എപ്പോഴെങ്കിലും ഹിന്ദുക്കളില്‍നിന്ന് മാത്രമേ ഈ മുതല്‍പ്പിടിയൊക്കെ നടത്തുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നുവോ തമ്പുരാക്കന്മാര്‍? ഇല്ളെന്നുമാത്രമല്ല, മുടിക്കും മുലക്കും മീശക്കുമൊക്കെ ഏറ്റവും ദരിദ്രരില്‍നിന്നുംവരെ അന്യായച്ചുങ്കം ചുമത്തിപ്പിരിച്ച ചോരക്കാശാണ് ആ കാണിക്കകളുടെ പിന്നില്‍. 1908ലെ സെന്‍സസ് പ്രകാരം 34 ലക്ഷം വരുന്ന ജനസംഖ്യയില്‍ 26.4 ശതമാനം ക്രിസ്ത്യാനികളും 6.6 ശതമാനം മുസ്ലിംകളുമായിരുന്നെന്നോര്‍ക്കണം. ഹിന്ദുക്കളില്‍ തന്നെ 75 ശതമാനത്തിലേറെയും ഈഴവര്‍ മുതലുള്ള അവര്‍ണരും. അപ്പോള്‍, പത്മനാഭന്റെ സ്വത്തില്‍ എങ്ങനെയാണ് ഹിന്ദുവിനുമാത്രം അവകാശം? പൊതുപ്പണംകൊണ്ടായിരുന്നു ക്ഷേത്രച്ചെലവുകളും ബ്രാഹ്മണപൂജയും ആഘോഷാദികളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ നടന്നിരുന്നതെന്നതിന് എത്രയോ തെളിവുകളുണ്ട്. മിക്കവാറും അടുത്ത് ഉയര്‍ന്നേക്കാനിടയുള്ള വാദം ഈ സ്വത്ത് സവര്‍ണഹിന്ദുക്കളുടെ മാത്രമെന്നാകാം. 1936വരെ ക്ഷേത്രത്തിനടുത്തുകൂടി വഴി നടക്കാന്‍പോലും അവകാശമില്ലായിരുന്നവര്‍ അതിനുശേഷമല്ളേ കാണിക്ക ഇട്ടിട്ടുള്ളൂ? പത്മനാഭനിധി കണ്ടതോടെ ഹിന്ദുവികാരംകൊണ്ട് വിജൃംഭിതനായിരിക്കുന്ന വെള്ളാപ്പള്ളി എന്തുപറയുന്നു?
പ്രജാക്ഷേമം
തമ്പുരാന്മാരെക്കുറിച്ച് എന്തൊക്കെയാണ് അപദാനങ്ങള്‍! പ്രജാക്ഷേമമാത്രതല്‍പരര്‍, അധഃസ്ഥിത വര്‍ഗസ്നേഹികള്‍,  ദുരാചാരങ്ങളും അന്ധവിശ്വാസവും അവസാനിപ്പിച്ച ഉല്‍പതിഷ്ണുക്കള്‍, ധൂര്‍ത്തും ആഡംബരവും തൊട്ടുതീണ്ടാത്ത ലളിതജീവിതചര്യക്കാര്‍, ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും സ്വത്തുക്കള്‍ കൃഷ്ണമണിപോലെ കാത്തവര്‍. ചരിത്രം തിരുത്തുന്നതിന്റെ പുതിയ റെക്കോഡാണ് സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ സകല പ്രയോജനങ്ങളും സവര്‍ണരില്‍ (അതില്‍തന്നെ കുറെക്കാലം ഒരു പാളിക്കുമാത്രം) മാത്രം നീക്കിവെച്ച ഒരു ഭരണത്തെ എങ്ങനെ പ്രജാക്ഷേമതല്‍പരര്‍ എന്ന് വിളിക്കും? തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് 1891ല്‍ സമര്‍പ്പിക്കപ്പെട്ട മലയാളി മെമ്മോറിയലില്‍ പത്തു രൂപക്കുമേല്‍ ശമ്പളമുള്ള സര്‍ക്കാര്‍ജോലിയുള്ള തദ്ദേശീയര്‍ വെറും ഒരു ശതമാനം ആയിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മലയാളി ഹിന്ദുക്കളില്‍ നിയമിക്കപ്പെട്ട 1650 പേരും സവര്‍ണര്‍.
ജനസംഖ്യയില്‍ ആറില്‍ ഒരു ഭാഗം വരുന്ന ഈഴവര്‍ക്ക് ഒരൊറ്റ ജോലിപോലുമില്ല. മുസ്ലിംകളുടെ സ്ഥിതിയും തഥൈവ. അതിലും താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ളോ. പരദേശി ബ്രാഹ്മണരുടെ വാര്‍ഷിക ആളോഹരി വരുമാനം ആറു രൂപ 12 അണ പത്തുപൈസ ആയിരുന്നെങ്കില്‍ നായരുടെയും ക്രിസ്ത്യാനിയുടെയും രണ്ടു രൂപ പത്ത് അണ. മറ്റുള്ള വിഭാഗത്തിന്‍േറത് പരാമര്‍ശിക്കപ്പെടാന്‍പോലുമില്ല, തിരുവിതാംകൂറില്‍ ജനകീയ രാഷ്ട്രീയപ്രക്ഷോഭത്തിന്റെ തുടക്കം ഇതേച്ചൊല്ലിയായിരുന്നു. അസമത്വവും ഉച്ചനീചത്വവും സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥ ആയിരുന്നില്ലെന്ന് എങ്ങനെ പറയാനാവും?
ഇത് പിന്നാക്കസമുദായങ്ങളില്‍ അര്‍ഹതയുള്ളവര്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. 1886ല്‍ മദ്രാസിലെ ഇന്‍സ്പെക്ടര്‍ ജനറലാപ്പീസിലെ ക്ളര്‍ക്ക് ആയിരുന്ന പി. വേലായുധന്‍ എന്ന ബി.എക്കാരനായ (അന്ന് ബി.എക്കാര്‍ അതീവ വിരളം) ഈഴവസമുദായാംഗം (ഡോ.പല്‍പുവിന്റെ മൂത്ത സഹോദരന്‍) തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കുവേണ്ടി രാജാവിന് ആവര്‍ത്തിച്ചുനല്‍കിയ അപേക്ഷകളെല്ലാം ഒരു കാരണവുംപറയാതെ തള്ളിയത് ചൂണ്ടിക്കാണിക്കുന്നു പി. ഭാസ്കരനുണ്ണി (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം).
വേലായുധന്റെ അച്ഛനും ഇതേ വിവേചനം അനുഭവിച്ചിരുന്നു. എന്നാല്‍, വേലായുധന്റെ അനുജന്‍ ഡോ.പല്‍പു തിരുവിതാംകൂര്‍ സര്‍ക്കാറില്‍നിന്ന് സഹിക്കേണ്ടിവന്ന വിവേചനമാണ് ഏറ്റവും കുപ്രസിദ്ധം. ഈ വിവേചനം ശ്രീനാരായണഗുരുവിനെ പൊതുരംഗത്ത് കൊണ്ടുവരുന്നതിനും എസ്.എന്‍.ഡി.പി രൂപവത്കരിക്കുന്നതിനും വഴിവെച്ചെന്നുമാത്രം. 1884ല്‍ പല്‍പുവിനെ അന്നത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിട്ടും പ്രവേശനം നല്‍കിയില്ല. തുടര്‍ന്ന് മദ്രാസില്‍പോയി എല്‍.എം.പി പരീക്ഷ പഠിച്ച് പാസായശേഷം തിരുവിതാംകൂറില്‍ ജോലിക്ക് നല്‍കിയ അപേക്ഷകളൊന്നും സ്വീകരിക്കപ്പെട്ടില്ല. അദ്ദേഹത്തെക്കാള്‍ താണ ബിരുദം അപ്പോത്തിക്കിരി നേടിയ സവര്‍ണര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. 1891ല്‍ മൈസൂരില്‍ തന്നോടൊപ്പം  വന്ന് താമസിച്ച സ്വാമി വിവേകാനന്ദനോട് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു സ്വാമി ഒരു സന്ന്യാസിയുടെ നേതൃത്വത്തില്‍ ഈഴവസമുദായം സംഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പല്‍പു ശ്രീനാരായണനെ കണ്ടെത്തുന്നതും കേരളചരിത്രം മാറി സഞ്ചരിച്ചതും തുടര്‍ന്നുള്ള കഥ.  1911 ല്‍പോലും ഒരു ഈഴവസമുദായാംഗത്തിനുപോലും തിരുവിതാംകൂറില്‍ പട്ടാളത്തിലോ പൊലീസിലോ ദേവസ്വത്തിലോ ജോലി കിട്ടിയിരുന്നില്ല. ഈഴവരിലും താഴെയുള്ളവര്‍ മനുഷ്യരായിപ്പോലും കണക്കാക്കപ്പെട്ടിരുന്നില്ളെന്നതിനാല്‍ പരാമര്‍ശവിഷയം തന്നെയല്ല.
ഇതെല്ലാം അന്നത്തെ സാമൂഹികാവസ്ഥ മാത്രമാണെന്നും അതിന് രാജഭരണത്തെ പഴിക്കരുതെന്നുമുള്ള വാദം ഇന്നത്തെ രാജഭക്തര്‍ പതിവായി ഉന്നയിക്കുന്നുണ്ട്. ബ്രാഹ്മണാധിപത്യം ഉള്ള ഒരു ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ബലങ്ങളുടെ എല്ലാം കടിഞ്ഞാണ്‍ അന്നത്തെ ഭരണവ്യവസ്ഥയിലായിരുന്നുവെന്നത് ലളിതസത്യം. മാത്രമല്ല, ഈ അവസ്ഥ നിലനിര്‍ത്തുന്നതിനായി സ്ഥാപനവത്കരിക്കപ്പെട്ട നയങ്ങളും നടപ്പാക്കിയിരുന്നു. ഇന്നത്തെ മൂല്യവ്യവസ്ഥ അനുസരിച്ച് ഭൂതകാലത്തെ ശരിതെറ്റുകള്‍ നിര്‍ണയിക്കരുതെന്നും ഒരു വാദമുണ്ട്. എന്നാല്‍, ഈ വാദക്കാര്‍ മനഃപൂര്‍വം അവഗണിക്കുന്നത് അന്നേ ഈ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒട്ടേറേ ശബ്ദങ്ങളുയര്‍ന്നിരുന്നുവെന്നതും അവയെ ഒക്കെ അടിച്ചമര്‍ത്തുകയായിരുന്നു എന്നതുമാണ്. ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍, ഈഴവര്‍ തുടങ്ങി  ‘കീഴോട്ടുള്ള’ പിന്നാക്ക ഹിന്ദുക്കള്‍ എന്നിവരില്‍നിന്നൊക്കെ നികുതി പിരിച്ച് ഭരിക്കുന്ന ഒരു സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതും അവര്‍ക്ക് തൊഴില്‍ കൊടുക്കാതിരിക്കുന്നതും സംബന്ധിച്ച് എത്രയോ തവണ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി. ഈഴവര്‍ അനുഭവിക്കുന്ന ക്ളേശങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ മുഖപ്രസംഗം നോക്കുക: ‘‘ഊട്ടുപുരയിലോ ദേവാലയത്തിലോ കയറി സാപ്പാട് കഴിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം സ്കൂള്‍ സ്ഥാപിക്കാന്‍ എന്ന് ശഠിക്കുന്ന ബ്രാഹ്മണരെ അനുകൂലിക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്‍റ് തനിക്ക് മുതല്‍ സമ്പാദിച്ചുതരുന്ന ഒരു സമുദായത്തെ ദ്രോഹിക്കയും നേരെ മറിച്ച്, ആ മുതലിനെ വെറുതെ നശിപ്പിക്കുന്ന ഒരു സമുദായത്തെ സഹായിക്കയും ചെയ്യുന്നതായ ഘോരമായ അപനയത്തെയും തന്മൂലം അമാര്‍ഷ്ടവ്യമായ ദുരിതത്തെയും വരിക്കുകയാകുന്നു ചെയ്യുന്നത് എന്നുപറയാതെ ഗത്യന്തരമില്ല...’’  (കേരളന്‍ 1905)
തൊഴിലവസരങ്ങള്‍ ഏറെയുള്ള റവന്യൂ വകുപ്പില്‍തന്നെ ദേവസ്വം വകുപ്പിനെയും നിലനിര്‍ത്തിക്കൊണ്ട് അഹിന്ദുക്കള്‍ക്കും താണ ജാതിക്കാര്‍ക്കും അവിടെ ജോലി നിഷേധിക്കുന്നതിനെക്കുറിച്ചും സ്വദേശാഭിമാനി എഴുതി; ‘‘സാക്ഷാല്‍ ഹിന്ദുമതമെന്ന വ്യാജേന തിരുവിതാംകൂറില്‍ ആചരിച്ചുവരുന്ന ബ്രാ ഹ്മണമതം നിമിത്തം ഈ നാട്ടിലെ പ്രജകള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ ദിവസം കഴിയുന്തോറും ഭയങ്കരങ്ങളായിത്തീരുന്നു. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് തൃപ്പടിദാനം ചെയ്യപ്പെട്ടതാണെന്നും അതിനാല്‍, ഈ നാട്ടിന്റെ മേല്‍ക്കോയ്മ ശ്രീപത്മനാഭസ്വാമിക്കാണെന്നും ഇതു ഹേതുവായി ബ്രാഹ്മണപ്രീതിയെ സമ്പാദിക്കാനാണ് രാജ്യാധിപതി ശ്രദ്ധിക്കേണ്ടതെന്നുമുള്ള ഈശ്വരപ്രഭുത്വവാദക്കാര്‍ ഈ നാട്ടിലെ ന്യായാവകാശികളായ പ്രജകളെ പല വര്‍ഗക്കാരെയും നീതിയുടെ പിന്‍പിറത്തേക്ക് തള്ളിക്കളഞ്ഞിരിക്കുകയാണല്ളോ. ദേവസ്വംവകുപ്പിനെയും റവന്യൂ വകുപ്പിനെയും മജിസ്റ്റീരിയല്‍ വകുപ്പിനെയും വെവ്വേറെ വെക്കാതെ ഒന്നായി കെട്ടിപ്പിടിച്ച് നിര്‍ത്തിയിരിക്കക്കൊണ്ട് ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും ഈഴവര്‍ക്കും പ്രവേശനം തടയപ്പെട്ടിട്ട് കാലം കുറെയായിരിക്കുന്നു...’’(ഈഴവരുടെ ക്ളേശങ്ങള്‍, സ്വദേശാഭിമാനി 1906.)
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ കൊടിയ വിവേചനത്തെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി വിമര്‍ശിച്ചു. ബ്രാഹ്മണര്‍ക്കുമാത്രം പൊതുപ്പണം എടുത്ത് ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘‘മഹാരാജാവിന് ബ്രാഹ്മണനും പുലയനും ഒന്നുപോലെ പ്രജകളാകുന്നു. ഒരു വര്‍ഗക്കാരനു ധര്‍മം കൊടുക്കാമെങ്കില്‍ മറ്റവനു എന്തുനിമിത്തം അനുവദിച്ചുകൂടാ? ദാഹംകൊണ്ട് വരണ്ടുകിടക്കുന്ന ഭൂമിയുടെ ജലാപേക്ഷയെ ഗണിക്കാതെ സമുദ്രത്തില്‍ വര്‍ഷിക്കുന്ന കാലവര്‍ഷമേഘത്തിനും ഇങ്ങനെയുള്ള ഗവണ്‍മെന്‍റിനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ക്രിസ്ത്യാനിയുടെയും മുഹമ്മദീയന്റെയും യഹൂദന്റെയും ഇതരഹിന്ദുക്കളുടെയും പണംവാങ്ങി അവരുടെ മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ ഒരു കൃത്യംചെയ്യുന്നത് ഗവണ്‍മെന്‍റിനു ന്യായമോ? രാജനീതിയോ?’’ (ഇതാണോ രാജനീതി? കേരളന്‍, 1905.)
1750ലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ തൃപ്പടിദാനത്തെ സുഖജീവിതം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങിയ ബുദ്ധന്റെ ത്യാഗംപോലെയും മറ്റും ഇന്നും വര്‍ണിച്ചുകേള്‍ക്കുന്നുണ്ട്. ശ്രീപത്മനാഭനോടുള്ള നിറഞ്ഞ ഭക്തിമൂലമാണിതെന്നൊക്കെ വ്യാഖ്യാനിക്കുന്നവര്‍ ലോകമാകെ ചരിത്രത്തില്‍ പലപ്പോഴും രാജാക്കന്മാരും പുരോഹിതവര്‍ഗവും സ്വീകരിച്ച തന്ത്രമാണെന്ന് അറിയാത്തവരല്ല. ചോദ്യംചെയ്യാന്‍ പാടില്ലാത്ത ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് അവകാശപ്പെട്ടാല്‍ എതിര്‍പ്പുകളെ അതിജീവിക്കാനാവുമെന്ന് പ്രതിസന്ധിഘട്ടങ്ങളില്‍ മനസ്സിലാക്കിയ മറ്റ് പല രാജാക്കന്മാരെപോലെയും ഒരാളായിരുന്നു വര്‍മ. എന്നാല്‍, ഇന്നും ഭക്ത്യാദരങ്ങളോടെ പാടിപ്പുകഴ്ത്തപ്പെട്ട ആ നടപടിയുടെ അനീതി ചൂണ്ടിക്കാട്ടാന്‍ ധൈര്യപ്പെട്ടിരുന്നു സ്വദേശാഭിമാനി. വിവിധ മതവിഭാഗങ്ങള്‍ വസിക്കുകയും അവരുടെ മുതലെടുത്ത് ഭരിക്കുകയും ചെയ്യപ്പെടുന്ന ഒരു രാജ്യത്തെ ഒരു മതത്തിന്റെ ദേവനുമാത്രമായി അടിയറവെക്കാന്‍ എന്ത് അവകാശമെന്ന അദ്ദേഹത്തിന്റെ ചോദ്യം ഇന്നും പൊന്നുതമ്പുരാന്റെ മുന്നില്‍ മുട്ടിലിഴയുന്നവര്‍ ഏറിവരുന്ന വര്‍ത്തമാനകാലത്തു പോലും എത്ര അദ്ഭുതകരം. ‘‘നാനാമതക്കാരായ പ്രജകളോടുകൂടിയ നാടിനെ തന്റെ സ്വന്തമായ മതം അനുസരിച്ചുള്ള ദേവന് ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ പ്രജകളുടെ പൂര്‍ണസമ്മതം ഇല്ലാതെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനു എന്തവകാശവും അധികാരവും ഉണ്ടെന്ന് ചിന്തിക്കേണ്ടതാണല്ളോ...’’(നിരര്‍ഥകമായ സമര്‍പ്പണം, കേരളന്‍ 1905.)
ഭ്രാന്താലയം
സാമ്പത്തിക ഉച്ചനീചത്വത്തിലും എത്രയോ ഭീകരമായിരുന്നു ആ ഭരണത്തിന്റെ ആശിസ്സുകളോടെ നിലനിന്ന സാമൂഹിക ഉച്ചനീചത്വം. 1892ലെ തിരുവിതാംകൂറിനെപ്പറ്റിയാണ് ജാതിപ്പിശാചിന്റെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചതെന്നോര്‍ക്കണം. ഇന്ത്യയാകെ സഞ്ചരിച്ചിട്ടുള്ള സ്വാമി തിരുവിതാംകൂറിനു നല്‍കിയ ഈ വിശേഷണം രാജ്യത്തേറ്റവും മോശം ഇവിടമായിരുന്നെന്നതിന്റെ തെളിവാണല്ളോ. വെള്ളാപ്പള്ളി ഇന്നെന്ത് പറഞ്ഞാലും തിരുവിതാംകൂറിലെപ്പോലെ ജുഗുപ്സാവഹമായ ജാതിവ്യവസ്ഥ മറ്റെവിടെയും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനെ മൃഗത്തിലും മോശമായി കാണുന്ന ആ വ്യവസ്ഥക്കും കൊടുംചൂഷണങ്ങള്‍ക്കും എതിരെ നടന്ന സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളല്ളേ നമ്മുടെ നവോത്ഥാനത്തിന്റെ സ്രഷ്ടാക്കള്‍? ഈ ഗര്‍ഹണീയമായ ഹൈന്ദവവ്യവസ്ഥയുടെ അധിനായകരും സംരക്ഷകരും ആയിരുന്നു തിരുവിതാംകൂര്‍ രാജഭരണം എന്ന സമീപകാലസത്യത്തെപോലും മറച്ച് അധഃസ്ഥിതരക്ഷകരായി ഈ വംശത്തെ പുകഴ്ത്തിപ്പാടാന്‍ പിന്നാക്കക്കാര്‍തന്നെ അണിനിരക്കുന്നത് വര്‍ത്തമാനകാലത്തെ വിചിത്രമായ കാഴ്ച.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാന്മാര്‍ നടത്തിയതുമുതല്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വിവിധ അവശജാതികള്‍ നടത്തിയ പ്രക്ഷോഭങ്ങളോടൊക്കെ രാജകീയ സര്‍ക്കാറിന്റെ ശത്രുതാപൂര്‍ണമായ നിലപാട് ചരിത്രത്തിലുണ്ട്.
1936ല്‍ ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉല്‍പതിഷ്ണുത്വത്തിന്റെ ഉത്തമ തെളിവായി ഇന്നും കൊട്ടിഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍, വൈക്കം സത്യഗ്രഹംപോലെ എത്ര ത്യാഗോജ്വലമായ സമരത്തിനുശേഷമാണ് അത് നേടിയെടുത്തതെന്നതും ആ സമരത്തെ അടിച്ചമര്‍ത്താന്‍ അതിന്റെ സേനാനികളെ എത്ര കൊടുംമര്‍ദനങ്ങള്‍ക്കാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടതെന്നതുമൊക്കെ അത്ര പഴയ ചരിത്രമൊന്നുമല്ല. പക്ഷേ, അതൊക്കെ ഇന്ന് മൂടിവെക്കാന്‍ കൊണ്ടുപിടിച്ച് ശ്രമങ്ങള്‍ നടക്കുന്നു. ശ്രീമൂലത്തിന്റെയും രാഘവയ്യാ ദിവാന്റെയും നേതൃത്വത്തില്‍ നടന്ന മര്‍ദനങ്ങളെപ്പറ്റി കേസരി ബാലകൃഷ്ണപിള്ള 1923ല്‍ സമദര്‍ശി പത്രത്തില്‍ എഴുതിയ ‘പൈശാചികം, പൈശാചികം’എന്ന മുഖപ്രസംഗം നോക്കുക: ‘‘സര്‍വേന്ത്യാനായകനായ ജോര്‍ജുജോസഫിനെയും ലോകമാന്യന്‍ കേസില്‍ കുറൂര്‍ നമ്പൂതിരിപ്പാടിനൊപ്പം കൊച്ചിയിലെ ജയിലുകളിലൊന്നില്‍പോയി യഥാര്‍ഥ ദേശാഭിമാനം പ്രകടിപ്പിച്ച ശ്രീമാന്‍ സെബാസ്റ്റ്യനെയും എ.കെ. പിള്ള, ടി.കെ. മാധവന്‍ ആദിയായ ദേശാഭിമാനികളെയും ബന്ധിച്ച് കാരാഗൃഹത്തില്‍ പാര്‍പ്പിച്ച് ലോകരുടെ നിന്ദക്ക് പാത്രീഭവിച്ചിരിക്കുന്ന തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഇപ്പോള്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് അതികുത്സിതമായ വിശേഷനയം അനുകരിച്ച് ലോകമാസകലം ദുര്‍ഗന്ധം പരത്തിത്തുടങ്ങിയിരിക്കുന്നു...’’ (സമദര്‍ശി 1923.)
പിന്നാക്കക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമാവശ്യപ്പെട്ടായിരുന്നു വൈക്കം സത്യഗ്രഹം എന്നോര്‍ക്കണം. ഫീസ് വര്‍ധനക്കെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ ഇന്നത്തെ യൂനിവേഴ്സിറ്റി കോളജില്‍ കുതിരപ്പട്ടാളത്തെ വിട്ട് ചവിട്ടിച്ച് ആദ്യത്തെ വിദ്യാര്‍ഥിവേട്ട നടത്തിയതും ഇതേ രാജാവും ഇതേ ദിവാനുംതന്നെ. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം പത്രസ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നിയമം വന്നതും ഇക്കാലത്തുതന്നെ.  തിരുവിതാംകൂറിന്റെ ജനാധിപത്യവത്കരണത്തിനു മുഖ്യഹേതുക്കളായി മാറിയ സംയുക്തപ്രസ്ഥാനം, നിവര്‍ത്തന പ്രക്ഷോഭം, ഉത്തരവാദഭരണസമരം എന്നിവയെല്ലാം തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യഭരണത്തിനെതിരെയായിരുന്നുവെന്ന് എത്രവേഗം മറക്കുന്നുവെന്നത് അദ്ഭുതംതന്നെ. വിമര്‍ശകശബ്ദം ഉയര്‍ത്തിയവരെയൊക്കെ നിഷ്കരുണം അടിച്ചമര്‍ത്തിയതും അഴിമതിയും അധാര്‍മികതയും ധൂര്‍ത്തും മുഖമുദ്രകളായ രാജഭരണത്തെ നിശിതവിമര്‍ശത്തിനിരയാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെയൊരു മഹാമനുഷ്യനെ നാടുകടത്തിയതും ഇതേ രാജവംശമല്ളേ? 1946ല്‍ നിരായുധരായ നൂറുകണക്കിനു ഗ്രാമീണരെ വെടിവെച്ചുകൊന്ന പുന്നപ്ര-വയലാര്‍ സംഭവം സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പായിരുന്നല്ളോ. സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ച് ഇന്ത്യാരാജ്യവുമായി വേറിട്ടു നില്‍ക്കാനുള്ള രാജകീയ സര്‍ക്കാറിന്റെ പൂതി തീര്‍ക്കാന്‍ ദിവാന്‍ സി.പിയെ വെട്ടേണ്ടി വന്നതും ഈ തിരുവിതാംകൂറിലായിരുന്നില്ളേ?
അഴിമതിരാജ്യം
അഴിമതി തൊട്ടുതീണ്ടാത്ത ധര്‍മരാജ്യമായിരുന്നു തിരുവിതാംകൂര്‍ എന്നതാണ് കൊട്ടിഘോഷിക്കപ്പെടുന്ന മറ്റൊരു നുണ. ഇന്നത്തെ രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നവര്‍ പലരും രാജഭരണം എത്ര സംശുദ്ധമായിരുന്നുവെന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നത് പതിവാണ്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ഭരണത്തിന്റെ മുഖമുദ്രതന്നെ കൊടിയ അഴിമതി ആയിരുന്നെന്നതാണ് സത്യം. ഇതിനു തെളിവ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭക്തനും അവരുടെ വിശ്വസ്തനായ ദിവാന്‍പേഷ്ക്കാറുമായിരുന്ന പി. ശങ്കുണ്ണിമേനോന്‍തന്നെ നല്‍കുന്നു. അദ്ദേഹം എഴുതി: ‘‘ധര്‍മരാജ്യമെന്ന് ലോകമൊട്ടുക്ക് പ്രസിദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പഴയകാലത്തെ സ്ഥിതി ഏറ്റവും ശോചനീയമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അധികം പേരും വലിയ കൈക്കൂലിക്കാരും കൊള്ളക്കാരുമായിരുന്നു. കളവ്, കവര്‍ച്ച, കള്ളനാണയം, കള്ളപ്രമാണം ഇവകൊണ്ടുള്ള ഉപദ്രവം ഒട്ടും ചില്ലറയായിരുന്നില്ല...’’ (തിരുവിതാംകൂര്‍ ചരിത്രം.)ഈ അവസ്ഥ സര്‍ ടി. മാധവരായരുടെ കാലംവരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇനി തിരുവിതാംകൂറിലെ അഴിമതിയെപ്പറ്റി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ അഭിപ്രായം കേള്‍ക്കുക: ‘‘തിരുവിതാംകൂറിലെ കൊട്ടാരം സേവകന്മാര്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് മൂര്‍ത്തികളെ ശങ്കരന്‍ തമ്പി, ശരവണ എന്ന കൃത്രിമനാമങ്ങളില്‍ ലോകമെങ്ങും കേള്‍വിപ്പെട്ട രണ്ട് കൊട്ടാരം സേവകന്മാരെകൊണ്ട് തിരുവിതാംകൂര്‍ നിവാസികളനുഭവിച്ചുപോരുന്ന കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല. ഇവരില്‍ ഒന്നാമനായ ശരവണ പ്രായാധിക്യംകൊണ്ടോ മറ്റോ തന്റെ പരാക്രമങ്ങളെ നിര്‍ത്തിവെച്ച് കുറച്ചുനാളായി അനങ്ങാതിരിക്കുന്നതുകൊണ്ട് അദ്വിതീയനായിത്തീര്‍ന്ന ശങ്കരന്‍ തമ്പി അതിരറ്റ അന്യായകര്‍മങ്ങള്‍ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും തന്മൂലം തിരുവിതാംകുര്‍ രാജ്യം കൈക്കൂലിദേവതയുടെ വിഹാരരംഗമായി പരിണമിച്ചിട്ടുണ്ടെന്നുമുള്ള വാസ്തവം വാക്കുകളെക്കൊണ്ട് മൂടിവെക്കാന്‍ കഴിയാത്തവിധം മേലോട്ട് പൊങ്ങിയിരിക്കുന്നു...’’ (മലബാറി.)
സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെമതി അന്നത്തെ തിരുവിതാംകൂര്‍ ഭരണത്തില്‍ താണ്ഡവമാടിയ അഴിമതിയുടെ ഭീകരത അറിയാന്‍. ‘തിരുവിതാംകൂറിലെ കൈക്കൂലിക്കാര്യം’, ‘കൈക്കൂലിപ്പിശാചിന്റെ വികൃതികള്‍’, ‘തിരുവിതാംകൂറിലെ കൈക്കൂലി’, ‘അഴിമതി’ എന്നിങ്ങനെ 1905 മുതല്‍ 1910 വരെ എഴുതിയ ഒട്ടേറെ മുഖപ്രസംഗങ്ങളില്‍ അദ്ദേഹം കൊട്ടാരം സേവകരെ പേരെടുത്തുപറഞ്ഞ് ഇവരുടെ തടവിലായ ഭരണത്തെ ആഞ്ഞടിക്കുന്നുണ്ട്. ‘‘ഏതാനും കൊല്ലങ്ങളായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ ഭയങ്കരമായ വിധത്തില്‍ വര്‍ധിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ലാത്തതാകുന്നു. ഉദ്യോഗം കിട്ടുന്നതിനും സ്ഥലംമാറ്റത്തിനും ശമ്പളക്കൂടുതലിനും ശിപാര്‍ശ, സേവ, ആശ്രിതവാത്സല്യം, കൈക്കൂലി മുതലായ അന്യായമാര്‍ഗങ്ങളെതേടി ഓരോരുത്തര്‍ ഉദ്ദേശ്യം സാധിച്ചുവന്നിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാകുന്നുവല്ളോ. ഇങ്ങനെയുള്ള അഴിമതികള്‍ നിമിത്തം തിരുവിതാംകൂര്‍ സംസ്ഥാനമാസകലം ദുഷിച്ചിരിക്കുന്ന അവസരത്തില്‍ മാധവരായരുടെ ആഗമനത്തെ തിരുവിതാംകൂര്‍ നിവാസികള്‍ എത്രയോ ഉന്നതാശകളോടുകൂടിയാണ് സ്വീകരിച്ചിട്ടുള്ളത്...’’ (സ്വദേശാഭിമാനി 1906.)
രാജഭരണകാലത്ത് രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും ക്ഷേത്രത്തിന്റെയും സ്വത്തുക്കളും കണക്കുകളും ഒക്കെ എത്ര കൃത്യമായി, വെവ്വേറെയായി, പരസ്പരം കൂടിക്കലരാതെയും തമ്മില്‍ കൈമാറാതെയും സൂക്ഷിക്കപ്പെട്ടിരുന്നു എന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നുണ്ട് അഭിനവരാജഭക്തര്‍. പക്ഷേ, ഇതൊക്കെ എത്രമാത്രം അഴിമതികള്‍ക്കും കൈയിട്ടുവാരലുകള്‍ക്കും വിധേയമായിരുന്നുവെന്ന് അന്വേഷണാത്മകബുദ്ധിയോടെ വിവരിക്കുന്ന എത്ര മുഖപ്രസംഗങ്ങളാണ് സ്വദേശാഭിമാനിയുടേത് !
ഒരിക്കലും തിരുവിതാംകൂറിലെ കൈക്കൂലിഭരണത്തെപറ്റി മിണ്ടാതെയിരുന്ന മലയാള മനോരമപോലും പറയാന്‍ നിര്‍ബന്ധിതമായതും സ്വദേശാഭിമാനി ഒരു മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്. ‘‘പത്തുകൊല്ലത്തോളം കാലം തിരുവിതാംകൂറിലെ കൈക്കൂലി അഴിമതിയെ അറിയാത്തഭാവത്തില്‍ ഉറങ്ങിക്കിടന്നശേഷം സഹജീവിയായ കോട്ടയം മലയാള മനോരമ ഈ നാട്ടിലെ കൈക്കൂലിപ്പിശാചിനെ ഉച്ചാടനം ചെയ്യാനായി മന്ത്രതന്ത്രങ്ങളോടെ ഉണര്‍ന്നെണീറ്റിരിക്കുന്നു...’’ (സ്വദേശാഭിമാനി 1909.) നാട്ടിലെ ഓരോ വന്‍ കൈക്കൂലി വിവാദവും നടന്നപ്പോഴും മിണ്ടാതിരുന്നതിനെ അക്കമിട്ടുനിരത്തി മനോരമയുടെ കണ്ണീര്‍ ചീങ്കണ്ണിക്കണ്ണീരല്ളെന്ന് വിശ്വസിക്കാന്‍ ഞെരുക്കമാണെന്ന് അദ്ദേഹം പറയുന്നു. മിണ്ടാതിരുന്നത് ഗവണ്‍മെന്‍റില്‍നിന്ന് പലേ വിശേഷപ്രസാദങ്ങള്‍ അനുഭവിച്ചിരുന്നതിനാലാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വദേശാഭിമാനിയെ നാടുകടത്തി ഇരുപതുവര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ അതേപടി തുടരുന്നുവെന്ന് അദ്ദേഹത്തിന്റെ നേരവകാശിയായ കേസരി ബാലകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങള്‍ വിളിച്ചുപറയുന്നു. 1930ല്‍ കേസരി എഴുതിയത് നോക്കൂ: ‘‘പാവങ്ങളുടെ നട്ടെല്ലു മുറിഞ്ഞുണ്ടാക്കുന്ന പണം ഖജനാവില്‍ കെട്ടിവെച്ച് പലേ സുഖസാധനങ്ങള്‍ക്കുമായി വ്യയംചെയ്ത് ഇരുപതാം നൂറ്റാണ്ടിന്റെ സംതൃപ്തി അടയുന്ന റീജന്‍സി ഭരണാധികാരികളെ ഹൃദയം ചുട്ടുശപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല....നിത്യഭരണകാര്യത്തിലെ അലസതയും അമാന്തവും അഴിമതിയും രാജവല്ലഭരുടെ അജ്ഞാതപൂര്‍വമായ സര്‍വാധിപത്യം നിമിത്തം ഭരണം അദൃഷ്ട്യപൂര്‍വമായി വര്‍ധിച്ചിരിക്കുന്നു...’’ (പ്രബോധകന്‍, 1930.)
രാജകുടുംബത്തിന്റെ ലളിതജീവിതം
നിരന്തരം പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കള്ളക്കഥയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ലളിതജീവിതം. നിലവറകളിലെ മഹാനിധിയില്‍ അവര്‍ തെല്ലും കൈക്കലാക്കിയില്ല, മറ്റ് രാജാക്കന്മാരെപ്പോലെ ധൂര്‍ത്തും ആഡംബരവും അവര്‍ക്ക് അന്യം, ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ ഒരുതരി മണ്ണുപോലും എടുക്കാതിരിക്കാന്‍ ഇന്നും കാല്‍ കൊട്ടിക്കുടയുന്ന തമ്പുരാന്‍...തീര്‍ച്ചയായും ഇതില്‍ കുറെയൊക്കെ ശരിയാണ്. പ്രത്യേകിച്ച്, ഈ തലമുറകണ്ട ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മുതലുള്ള ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ  ലളിതജീവിതവും വിനയവും ഒക്കെ നിസ്സംശയം ശ്രദ്ധേയമാണ്. പക്ഷേ, എക്കാലത്തും ഈ രാജകുടുംബം ഇങ്ങനെയായിരുന്നെന്ന പ്രചാരണമാണ് അടിസ്ഥാനരഹിതം.
പത്തൊമ്പതാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ ധൂര്‍ത്തും ആഡംബരവും ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ബ്രാഹ്മണപൂജക്കും വാരിക്കോരിനടത്തിയ ചെലവുകളും ഒക്കെ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വദേശാഭിമാനിയെപ്പോലെയുള്ള വിമര്‍ശകര്‍ മാത്രമല്ല, സമ്പൂര്‍ണ രാജഭക്തനും ദിവാന്‍ പേഷ്ക്കാറുമായിരുന്ന ശങ്കുണ്ണിമേനോനെപ്പോലെയുള്ളവരും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളും ഒക്കെ ഇത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാക്ഷാല്‍ സ്വാതിതിരുനാളിനെപ്പറ്റിതന്നെ ശങ്കുണ്ണിമേനോന്‍ പറയുന്നത് കേള്‍ക്കുക: ‘‘...ഒരവസരത്തില്‍ ശ്രീപത്മനാഭസ്വാമി പ്രതിഷ്ഠയുടെ മുന്നില്‍ സമര്‍പ്പിച്ചത് ഒരു ലക്ഷം സൂറത്ത് രൂപയായിരുന്നു. ഇതോടൊന്നിച്ച് പ്രതിഷ്ഠയുടെ മുന്നില്‍ കുന്നുകൂട്ടിയത് വലിയൊരു വെള്ളിത്തളികയില്‍ ആയിരുന്നു. മഹാരാജാവുതന്നെ ഓരോ സഞ്ചിയഴിച്ച് രൂപാ കൂട്ടുകയായിരുന്നു ചെയ്തത്...ഇക്കാലത്ത് പണം മണ്ണു പോലെയേ മഹാരാജാവ് കരുതിയിരുന്നുള്ളൂ. കൊട്ടാരത്തിലെ ചെലവ് മഹാധൂര്‍ത്തോടെയായിരുന്നു നടത്തിയിരുന്നത്. സില്‍ക്, വെല്‍വെറ്റ്, വീരാളിപ്പട്ട് തുടങ്ങിയ തുണിയിനങ്ങള്‍ക്കുവേണ്ടിമാത്രം മൂന്ന് ലക്ഷത്തില്‍പരം രൂപ ഓരോ വര്‍ഷവും ചെലവഴിച്ചിരുന്നു. വിലപ്പെട്ട ആഭരണങ്ങള്‍ വില്‍പനക്കെത്തിയാല്‍ അവ വാങ്ങി ശ്രീപത്മനാഭന് കാണിക്കവെക്കുക പതിവായിരുന്നു...’’(തിരുവിതാംകൂര്‍ ചരിത്രം)
രാജ്യത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും രാജാവിന്റെ മതാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സര്‍വോപരി ബ്രാഹ്മണര്‍ക്കുള്ള ദാനങ്ങള്‍ക്കും ഊട്ടിനും ആയിരുന്നുവെന്നത് വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.  മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം എന്നിങ്ങനെയുള്ള മഹാചെലവുകള്‍ക്കൊപ്പം ബ്രാഹ്മണര്‍ക്ക് 16 തരത്തിലുള്ള ഷോഡശദാനങ്ങള്‍, പതിനായിരക്കണക്കിനു ബ്രാഹ്മണര്‍ക്ക് നിത്യസദ്യ എന്നിങ്ങനെപോകുന്നു ഈ ചെലവുകള്‍. 1744 മുതലാണ് രാജാവ് പാപപരിഹാരത്തിനും ഐശ്വര്യത്തിനുമായി ആറാറു വര്‍ഷത്തില്‍ മുറജപം തുടങ്ങിയത്. തമിഴ്നാട്ടില്‍നിന്നും മലബാറില്‍നിന്നുമൊക്കെയായി ആയിരക്കണക്കിനു ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി 56 ദിവസം നീളുന്ന മുറജപത്തിന് 1750ല്‍ മാത്രം ചെലവ് രണ്ടു ലക്ഷം രൂപ. ഒരു നൂറ്റാണ്ടിനുശേഷം 1860 ആയപ്പോഴുള്ള ചെലവുകള്‍ ഇങ്ങനെ. 244 റാത്തല്‍ സ്വര്‍ണം കല്‍ക്കത്തയില്‍നിന്ന് കൊണ്ടുവന്ന് നടത്തിയ രാജാവിന്റെ തുലാഭാരത്തിന് ചെലവ് 1.58 ലക്ഷം. രാജാവ് സ്വര്‍ണപ്പാത്രത്തില്‍ കുളിച്ചുയരുന്ന ഹിരണ്യഗര്‍ഭത്തിന് 1.40 ലക്ഷം. വെറും 56 ലക്ഷം രൂപ ആകെ വരുമാനമുള്ള രാജ്യമായിരുന്നു ഇതെന്നോര്‍ക്കണം.(19ാംനൂറ്റാണ്ടിലെ കേരളം, പി. ഭാസ്കരനുണ്ണി)
ഈ വരുമാനത്തില്‍നിന്ന് അക്കൊല്ലം ചെയ്ത ചെലവുകള്‍ നോക്കിയാല്‍ ആ സര്‍ക്കാറിന്റെ പക്ഷപാതങ്ങള്‍ വ്യക്തമാകും.  പൊതുജനാരോഗ്യം (1.10 ലക്ഷം), വിദ്യാഭ്യാസം (1.87 ലക്ഷം), സൈന്യം, പൊലീസ്, അംഗരക്ഷകര്‍ (4.84 ലക്ഷം), രാജകീയ കുതിരലായങ്ങള്‍, രാജകീയയാത്രകള്‍ എന്നിവയടക്കം കൊട്ടാരത്തിന്റെ ചെലവ് (7.57 ലക്ഷം), മതജീവകാരുണ്യസ്ഥാപനങ്ങള്‍ (8.80 ലക്ഷം). ‘മൂലം തിരുനാളിന്റെ ഭരണത്തില്‍ തിരുവിതാംകൂറിന്റെ പുരോഗതി’ എന്ന ഉള്ളൂരിന്റെ പുസ്തകത്തില്‍നിന്നാണീ കണക്കുകള്‍. ഇത് രാജഭക്തനായ ശങ്കുണ്ണിമേനോന്‍പോലും കണ്ടത് അല്‍പം കടുപ്പമാണെന്നായിരുന്നു. തുലാഭാരത്തിനും മറ്റുമുള്ള ചെലവിനെപ്പറ്റി ‘‘ചെറിയ ഒരു രാജ്യം മൂന്ന് ലക്ഷം ഉറുപ്പിക ഈ വകക്ക് ചെലവാക്കുന്നത് കൂടുതലല്ളേ’’ എന്ന് തോന്നാമെന്ന് പറയുന്ന അദ്ദേഹം പൊതുമരാമത്തിനും വിദ്യാഭ്യാസത്തിനും ഈ തുക ചെലവഴിച്ചുകൂടേ എന്നും ചോദിക്കുന്നുണ്ട്. 1912ല്‍പോലും ഭൂനികുതിയായി പിരിച്ച 40 ലക്ഷംരൂപയില്‍ 16 ലക്ഷവും ചെലവായത് ദേവസ്വങ്ങള്‍ക്കായിരുന്നുവത്രെ. രാജ്യത്തിന്റെ മൊത്തം വരുമാനം അന്ന് കഷ്ടിച്ച് ഒരു കോടി രൂപ.
താരതമ്യേന ധൂര്‍ത്തര്‍ അല്ലാതിരുന്ന രാജാക്കന്മാര്‍ ഭരിച്ച ഇരുപതാം നൂറ്റാണ്ടിലും ഇതൊക്കെ തുടര്‍ന്നതിനെപ്പറ്റി സ്വദേശാഭിമാനിയെപ്പോലെയുള്ളവരും ധാരാളം എഴുതി: ‘‘തിരുവിതാംകൂര്‍ മഹാരാജാവ് എഴുന്നള്ളിപ്പാര്‍ക്കുന്ന മന്ദിരത്തിനും അതിനെ സംബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും വലിയ കൊട്ടാരം എന്ന പേര്‍ സാധാരണ പറയപ്പെടുന്നു. ഈ കൊട്ടാരത്തില്‍ അടുത്തകൊല്ലത്തെ ചെലവുകള്‍ക്കായി ആറു ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിക്കപ്പെട്ടിരിക്കുന്നു. ഈ വലിയ തുകയെ ബ്രിട്ടീഷ് ഗവണ്‍മെന്‍റും അനുവദിക്കാതെയിരിക്കില്ല. കൊട്ടാരവും അതിനെ സംബന്ധിച്ച സ്ഥാപനങ്ങളും അവയുടെ മരാമത്ത് പണികളും രാജകുടുംബത്തിന്റെ ക്ഷേമാഭ്യുദയത്തിനായി നാട്ടിലെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ള  ഹോമാദ്യാനുഷ്ഠാനങ്ങളും  ഊട്ടുകളും ദേവസ്വങ്ങളും ബ്രഹ്മസ്വങ്ങളും എല്ലാംകൂടി തിരുവിതാംകൂര്‍ രാജ്യത്തിലെ മുതലെടുപ്പിന്റെ ആകത്തുകയില്‍ മൂന്നിലൊരു ഭാഗത്തെ തീരെ നികത്തുന്നുണ്ടെന്നും അറിയുമ്പോള്‍ പ്രജകള്‍ ഈ അതിവ്യയത്തിന്റെ അംശങ്ങളെയും അവയുടെ വിനിമയത്തിന്റെയും സന്ദര്‍ഭങ്ങളെ ഔചിത്യബുദ്ധ്യാ പരിശോധിക്കുന്നത് സംഗതം തന്നെയാണല്ളോ...’’ (വലിയ കൊട്ടാരം, സ്വദേശാഭിമാനി 1908.)1910ല്‍ മഹാരാജാവിന്റെ മകളുടെ കെട്ടുകല്യാണത്തിനു അന്ന് ചെലവാക്കിയത് ഒരു ലക്ഷം രൂപ എന്ന റെക്കോഡ് തുകയായിരുന്നു. ഇതേക്കുറിച്ച് മൂന്ന് മുഖപ്രസംഗങ്ങളില്‍ സ്വദേശാഭിമാനി ആഞ്ഞടിക്കുന്നുണ്ട്. ‘‘മഹാരാജാവിന്റെ മകളുടെ അര്‍ഥശൂന്യവും സമുദായപരിഷ്കരണത്തിന് പ്രതികൂലവുമായ ഒരു വെറും താലികെട്ടാവുന്ന നിരര്‍ഥകച്ചടങ്ങിനുവേണ്ടി തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് സ്വത്തിന്റെ വലുതായ ഭാഗം ചെലവുചെയ്യാന്‍ അനുവദിച്ചതില്‍ രാജ്യക്ഷേമത്തെ കാംക്ഷിക്കുന്നവര്‍ ഖേദിക്കാതിരിക്കില്ല...’’(ഒരു ലക്ഷം രൂപ, സ്വദേശാഭിമാനി 1910.)
തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും അവരുടെ ദിവാന്മാരുടെയും സദാചാരലംഘനങ്ങളുടെയും ലൈംഗികകേളികളുടെയുമൊക്കെ ചരിത്രം തല്‍ക്കാലം പ്രതിപാദിക്കാതെ വിടുന്നു. തീര്‍ച്ചയായും മേല്‍പറഞ്ഞവയൊന്നും പുതിയ കാര്യങ്ങളല്ല. പക്ഷേ, സ്മൃതിനാശം കലശലായുള്ള ഒരു സമൂഹത്തെ ചില നിര്‍ണായകസന്ധികളില്‍ ഇത് ഓര്‍മിപ്പിക്കാതെ വയ്യ. ഈ ചരിത്രം അറിയാതെ വളരുന്ന പുതിയ തലമുറയെയും ഇത് ധരിപ്പിക്കേണ്ടതുമുണ്ട്. അക്കാലത്ത് ഇന്ത്യയിലും പുറത്തുമുള്ള മിക്ക രാജ്യങ്ങളിലെയും രാജവംശങ്ങളുമായി താരതമ്യം ചെയ്താല്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പറ്റി പറയാനുണ്ടെന്നത് ശരിയാണ്. ഭൂപരിഷ്കാരങ്ങള്‍, പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും  വിദ്യാഭ്യാസം തുടങ്ങിയവ സവിശേഷ പരിഗണന അര്‍ഹിക്കുന്നു. പക്ഷേ, ഇപ്പോള്‍ നടക്കുന്ന നുണപ്രചാരണം സത്യത്തോടും ചരിത്രത്തോടും തെല്ലും നീതിപുലര്‍ത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പ്രത്യേകിച്ച്, സമൂഹത്തിലെ അഭിപ്രായരൂപവത്കരണശേഷിയുള്ളവരും അവരിലൂടെ പൊതുജനസാമാന്യവും ഇതില്‍പെടുന്നത് അപായസൂചനകള്‍ നല്‍കുന്നു. വളരെ പ്രതിലോമപരമായ ഒരു രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ മേധാവിത്വം നേടുക.  വര്‍ഗീയവും ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റുമായ അജണ്ട. ആയിരക്കണക്കിന് ജനങ്ങള്‍ ചോരയും നീരും നല്‍കി പുതുക്കിപ്പണിത ഒരു സമൂഹത്തെ ഇത് വീണ്ടും പഴയ അന്ധകാരയുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്. ശ്രീനാരായണനും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും വാഗ്ഭടനും ശുഭാനന്ദനും ആത്മാനന്ദനും പൊയ്കയില്‍ യോഹന്നാനും വക്കം മൗലവിയും സ്വദേശാഭിമാനിയും കേസരിയും ടി.കെ മാധവനും എ.കെ. ഗോപാലനും എം.സി. ജോസഫും സാംസ്കാരികപ്രവര്‍ത്തകരും ദേശീയ ഇടതുപക്ഷ കര്‍ഷകതൊഴിലാളിപ്രസ്ഥാനങ്ങളും എല്ലാറ്റിനുമുപരി പുന്നപ്ര-വയലാര്‍ വരെയുള്ള എണ്ണമറ്റ രക്തസാക്ഷികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു നീണ്ടനിരയുടെ ജീവിതം വ്യര്‍ഥമായിരുന്നെന്ന് അവരുടെ സൃഷ്ടിയായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി സമൂഹം പറയുന്നത് സ്വന്തം തന്തയെ തള്ളിപ്പറയുന്നതിനുതുല്യം.
പിന്‍കുറിപ്പ്: പ്രതിനവോത്ഥാനം കൈവരിച്ചുവരുന്ന നെടുനായകത്വത്തിന് ഒരു തെളിവുകൂടി. നവോത്ഥാനത്തിന്റെയും സെക്കുലറിസത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള ഒരു പ്രമുഖ പ്രസിദ്ധീകരണം ഈ ലേഖനത്തിന്റെ ഉള്ളടക്കം കേട്ടറിഞ്ഞപാടെതന്നെ വിനയപൂര്‍വം തിരസ്കാരം അറിയിച്ചു. കേരളയുക്തിവാദിസംഘം നിര്‍മിക്കുന്ന സിനിമയില്‍ പ്രമുഖ യുക്തിവാദി നേതാവ് പ്രേമാനന്ദന്റെ നായകറോള്‍ അഭിനയിക്കാന്‍ പ്രമുഖ സിനിമാതാരങ്ങളൊക്കെ വിസമ്മതിച്ചുവെന്നത് മറ്റൊരു വാര്‍ത്ത.  കാരണം, ദൈവകോപഭയം!

5 comments:

  1. കഫേ ടീം18 August 2011 at 04:58

    "ഇപ്പോള്‍ നടക്കുന്ന നുണപ്രചാരണം സത്യത്തോടും ചരിത്രത്തോടും തെല്ലും നീതിപുലര്‍ത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പ്രത്യേകിച്ച്, സമൂഹത്തിലെ അഭിപ്രായരൂപവത്കരണശേഷിയുള്ളവരും അവരിലൂടെ പൊതുജനസാമാന്യവും ഇതില്‍പെടുന്നത് അപായസൂചനകള്‍ നല്‍കുന്നു. വളരെ പ്രതിലോമപരമായ ഒരു രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ മേധാവിത്വം നേടുക. വര്‍ഗീയവും ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റുമായ അജണ്ട. ആയിരക്കണക്കിന് ജനങ്ങള്‍ ചോരയും നീരും നല്‍കി പുതുക്കിപ്പണിത ഒരു സമൂഹത്തെ ഇത് വീണ്ടും പഴയ അന്ധകാരയുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്."-എം ജി രാധാകൃഷ്ണന്‍

    ReplyDelete
  2. കഫേ ടീം18 August 2011 at 12:18

    " ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധി എന്നു പറയുന്നതു യഥാര്‍ഥത്തില്‍ അത് ക്ഷേത്രംവകയുള്ളതു തന്നെയാണ് ക്ഷേത്രത്തിന്റെ സ്വത്തായി തന്നെ നില്‍ക്കുകയാണ് .അതെങ്ങനെ വേണമെന്നുള്ള കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി പരിശോധനയാണെങ്കില്‍ സുപ്രീം കോടതിയാണ് പരിശോധിക്കുന്നത്. സുപ്രീം കോടതിയുടെ നിലപാട് അതില്‍ പ്രധാനമാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു നിലപാടുകൂടി വന്ന് അഭിപ്രായം പറയുന്നതാണ് നല്ലത്."-പിണറായി വിജയന്‍ (മാധ്യമം ആഴ്ച്ചപ്പതിപ്പ്- 2011ഓഗസ്റ്റ് 22)
    No Comments.

    ReplyDelete
  3. കഫേ ടീം18 August 2011 at 12:33

    "തിരുവിതാംകൂറിന്റെ ഭരണം പഴയ രാജകുടുംബത്തെതന്നെ ഏല്‍പ്പിക്കണമെന്നും രാജകുടുംബത്തിന് രാജാധികാരമില്ലാത്തതിനാല്‍ ശ്രീപത്മനാഭന് അതൃപ്തിയുണ്ടെന്നും പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സമസ്ത അവകാശങ്ങളും മേല്‍പ്പറഞ്ഞ കുടുംബത്തിനാണെന്നും ദേവപ്രശ്നക്കാര്‍ പറഞ്ഞില്ലെന്നത് ജനാധിപത്യത്തിന്റെ മഹാഭാഗ്യം. നിലവറകള്‍ തുറക്കണമെന്നും പരിശോധിച്ച് ശരിയായി രേഖപ്പെടുത്തണമെന്നും മൂല്യനിര്‍ണയം നടത്തണമെന്നും പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നും പടമെടുത്ത് സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചത് പഴയ ചരിത്രമെല്ലാം പരിശോധിച്ചാണ്. ക്ഷേത്രനിലവറകളിലെ നിധിശേഖരത്തില്‍ അല്‍പ്പാല്‍പ്പം പുറത്തേക്ക് കടത്തി സ്വന്തമാക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണല്ലോ കേസുകളുടെ തുടക്കം. നിലവറകളില്‍ ആസിഡ് കൊണ്ടുവച്ച് സ്വര്‍ണം ലയിപ്പിച്ച് ലായനി പുറത്തേക്ക് കൊണ്ടുപോയെന്നുവരെ ആരോപണങ്ങളുയര്‍ന്നതാണ്. ക്ഷേത്രത്തിനകത്ത് പത്തേക്കറോളം സ്ഥലത്ത് ശിവസേനക്കാരെ പാര്‍പ്പിച്ച് ചെല്ലും ചെലവും കൊടുത്ത് എതിരഭിപ്രായക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതികളുയര്‍ന്നതാണ്."-വി എസ് അച്ചുതാനന്ദന്‍ (കോടതി വിധിയും ദേവപ്രശ്നവും )

    ReplyDelete
  4. Its not fair for a politician to commenting and attacking to a Relegious trust and worship. They have lot of good things to do for our public. V.S again and again proving his low culture and sence.so please ignore this irrelevant comments

    ReplyDelete
  5. താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
    തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.