Saturday, 20 August 2011

പത്മനാഭസ്വാമി ക്ഷേത്രവും ധനശേഖരവും

സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ ഇന്നത്തെ തേജസ് ദിനപത്രത്തിലെഴുതിയ ലേഖനമാണിത്.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരത്തെക്കുറിച്ചും ക്ഷേത്രത്തെ സംബന്ധിച്ചും അതിശയോക്തിപരവും അടിസ്ഥാനരഹിതവുമായ റിപോര്‍ട്ടുകളും ലേഖനങ്ങളും കെട്ടുകഥകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ തന്റെ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് അടിയറവച്ചു സ്വയം പത്മനാഭദാസനായി മാറിയത് എന്തോ മഹദ്കൃത്യമായാണു വാഴ്ത്തപ്പെടുന്നത്. തിരുവിതാംകൂറില്‍ ജാതിവിവേചനം അതിന്റെ ഏറ്റവും ക്രൂരതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആര്യബ്രാഹ്മണരുടെ ഗൂഢതന്ത്രത്തിന് ആ കൃത്യത്തിലൂടെ വാസ്തവത്തില്‍ മാര്‍ത്താണ്ഡവര്‍മ വിധേയനാവുകയാണുണ്ടായത്. എന്തിനേറെ, എട്ടുവീട്ടില്‍പിള്ളമാരെ പരാജയപ്പെടുത്തുന്നതിനും കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പോലും പരാജയപ്പെടുത്തുന്നതിനും മാര്‍ത്താണ്ഡവര്‍മയ്ക്കുവേണ്ടി പട നയിച്ച അനന്തപത്മനാഭന്‍ നാടാരെയും അദ്ദേഹത്തിന്റെ സഹായിയായ ഓട്ടനെന്ന മുണ്ടന്‍ സ്വാമിയെയും ജാതിക്കുശുമ്പന്മാര്‍ ചതിച്ചുകൊലപ്പെടുത്തിയപ്പോള്‍ മൌനംപാലിച്ച് ഒഴിഞ്ഞുമാറിയ മാര്‍ത്താണ്ഡവര്‍മയെ തന്നെയാണ്, രഹസ്യ അറകളിലെ ധനശേഖരത്തെക്കുറിച്ചു തങ്ങളുടെ മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ഇവിടത്തെ അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിയെ ബ്രഹ്മസ്വങ്ങളുടെയും ദേവസ്വങ്ങളുടെയും പേരില്‍ കൈക്കലാക്കിയ ആര്യബ്രാഹ്മണര്‍ മാര്‍ത്താണ്ഡവര്‍മയെക്കൊണ്ടു തിരുവിതാംകൂറിനെ ആകെ പത്മനാഭസ്വാമിയുടെ കാല്‍ക്കല്‍ അടിയറവയ്പിച്ചുകൊണ്ട്, തങ്ങളുടെ അധിനിവേശം ഊട്ടിയുറപ്പിക്കുകയാണു ചെയ്തത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഹൈന്ദവക്ഷേത്രമായതുകൊണ്ട് അവിടെ കണ്ടെത്തിയ ധനശേഖരം ഹൈന്ദവരുടെ മാത്രം വകയാണെന്നു വാദിക്കുന്നവരുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതു ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നു പ്രസ്താവനയിറക്കിയതിന്റെ അടുത്തദിവസം എന്‍.എസ്.എസ് നേതാവ് പി കെ നാരായണപ്പണിക്കര്‍, ക്ഷേത്രത്തിലെ നിധി കണ്ട് ആരും കൊതിക്കേണ്ടെന്നു പ്രസ്താവിച്ചു. രാജകൊട്ടാരത്തിനും കൊട്ടാരത്തിന്റെ ആശ്രിതര്‍ക്കും മാത്രമുള്ളതാണ് നിധിയെന്നു പണിക്കര്‍ അര്‍ഥമാക്കുന്നുണ്ടോയെന്ന് അറിയില്ല. പത്മനാഭക്ഷേത്രം എന്നുമുതലാണ് ഹിന്ദുക്ഷേത്രമായി മാറിയതെന്ന് അന്വേഷിക്കാന്‍ ഹിന്ദുത്വവാദം ഉന്നയിക്കുന്നവരാരും മെനക്കെടുന്നില്ല. കേരളത്തിലെയും പഴയ തിരുവിതാംകൂറിലെയും നിലവിലുള്ള ഹൈന്ദവക്ഷേത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് ബൌദ്ധ-ജൈനക്ഷേത്രങ്ങളായിരുന്നുവെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ബൌദ്ധ-ജൈനക്ഷേത്രങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ വില്വമംഗലം സ്വാമിക്ക് പ്രധാന പങ്കുണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ആ വില്വമംഗലം സ്വാമിതന്നെയാണു പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും വില്ലനെന്ന് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള റിപോര്‍ട്ടുകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും കെട്ടുകഥകളില്‍നിന്നും വ്യക്തമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള ബൌദ്ധ-ജൈന പാരമ്പര്യം ചരിത്രരേഖകളില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇളങ്കോവടികളാല്‍ രചയിതമായ ചിലപ്പതികാരത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.
ക്ഷേത്രത്തിനും ക്ഷേത്രസമ്പത്തിനും ചേര-ബുദ്ധമത കാലഘട്ടത്തിന്റേതായ സംഭാവന ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. ഈയടുത്ത ദിവസങ്ങളില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കുടുംബത്തിനു ചേരരാജവംശവുമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയും തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ, അശോക ചക്രവര്‍ത്തിയുടെ സ്വാധീനത്തിനു വിധേയനായിരുന്നുവെന്നു പ്രസ്താവിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ കാലക്രമത്തില്‍ ആര്യബ്രാഹ്മണര്‍ ഒരുക്കിയ കെണിയില്‍ വീണുപോവുകയും അവര്‍ ഇവിടെ അടിച്ചേല്‍പ്പിച്ച ജാതിവ്യവസ്ഥയുടെയും ജാതിവിവേചനത്തിന്റെയും കാവലാളാവുകയും ചെയ്തു. അതിനുശേഷം വന്ന തിരുവിതാംകൂര്‍ രാജാക്കന്മാരും അതുതന്നെ തുടര്‍ന്നു. അതാണ് ഇടത്-വലത് ബുദ്ധിജീവികള്‍ സാംസ്കാരികനായകനായി വാഴ്ത്തുന്ന സ്വാതിതിരുനാളിന്റെ കാലത്ത് ആധുനിക ഇന്ത്യന്‍ സാമൂഹികപരിവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കപ്പെടേണ്ടുന്ന വൈകുണ്ഠസ്വാമികളെ തിരുവനന്തപുരത്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ചത്. ജാതിവ്യവസ്ഥയും ജാതിമേല്‍ക്കോയ്മയും അടിച്ചേല്‍പ്പിച്ച ആര്യബ്രാഹ്മണരെ കരിംനീചരെന്നും അവര്‍ക്കു സംരക്ഷണം നല്‍കുന്ന തിരുവിതാംകൂര്‍ മഹാരാജാവിനെ അനന്തപുരിനീചനെന്നും ജാതിമേല്‍ക്കോയ്മയ്ക്കും മഹാരാജാവിനും സംരക്ഷണം നല്‍കുന്ന ബ്രിട്ടീഷുകാരെ വെണ്‍നീചരെന്നും വിളിക്കാനുള്ള തന്റേടം വൈകുണ്ഠസ്വാമികള്‍ പ്രകടിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് 'മതിലകം' രേഖകളില്‍ പറയുന്നത് ക്ഷേത്രത്തിന്റെ ആര്യവല്‍ക്കരണം നടന്നതിനുശേഷമുള്ള ചരിത്രമാണ്. അതിനു മുമ്പുതന്നെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും ക്ഷേത്രത്തിനുണ്ടായിരുന്നു. ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടബന്ധം ഉണ്ടായിരുന്നു.പൌരാണികകാലത്ത് ആരംഭിച്ച ഈ വ്യാപാരം അളവറ്റ സമ്പത്തിന്റെ കലവറയായി രാജ്യത്തെ മാറ്റിത്തീര്‍ത്തിട്ടുണ്ടാവുമെന്ന ചിന്ത തികച്ചും സ്വാഭാവികമാണ്. അതുപോലെ തന്നെ സമ്പത്ത് ഏതേതെല്ലാം നിക്ഷേപപ്പുരകളിലായി കൂട്ടിവച്ചിരിക്കുന്നുവെന്ന് അറിയാനുള്ള ആഗ്രഹവും. ആ അന്വേഷകരെ അദ്ഭുതസ്തബ്ധരാക്കുന്ന കണ്ടെത്തലുകളാണ് നമുക്കു മുന്നില്‍. ആ പ്രാചീന സമ്പദ്ശേഖരത്തില്‍ കുറച്ചെങ്കിലും അവശേഷിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരം. പത്മനാഭസ്വാമി ക്ഷേത്രവും അവിടത്തെ ധനശേഖരവും ഇന്നത്തെ ദലിത്-പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണെന്ന് ഡോ. എം എസ് ജയപ്രകാശ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. ചേരരാജാക്കന്മാരും ആയ്രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ് ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്ഥാനപ്പേരായിരുന്നു.
ബുദ്ധമതത്തെയും ചേരസംസ്കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യശക്തികള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ നവക്ഷത്രിയരാക്കി വര്‍മയെന്ന സ്ഥാനപ്പേരും നല്‍കി. പിന്നീട് ഇവിടെ ദര്‍ശിച്ചത് ജാതിമേല്‍ക്കോയ്മ യുടെ നഗ്നതാണ്ഡവമായിരുന്നു. ബ്രാഹ്മണര്‍ക്കും നവക്ഷത്രിയരായി മാറിയ നായന്മാര്‍ക്കും നികുതികളൊന്നും കൊടുക്കേണ്ടതില്ലായിരുന്നു. അതിനു പകരം ആര്യമേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറല്ലാതിരുന്ന അധഃസ്ഥിത-പിന്നാക്കസമുദായങ്ങളില്‍നിന്നു നൂറുകണക്കിനു നികുതികള്‍ പിരിക്കാന്‍ തുടങ്ങി. ഡോ. കെ രാജയ്യന്‍, നാടാര്‍ ചരിത്രരഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍, നാടാര്‍ സമുദായാംഗങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന മുന്നൂറ്റിപ്പതിനേഴ് കരങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള കരങ്ങള്‍ ഈഴവരാദി പിന്നാക്ക-അധഃസ്ഥിത സമുദായങ്ങളില്‍നിന്നും പിരിച്ചു. തീരപ്രദേശത്തു മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയ്ക്ക് കരം ചുമത്തി വലക്കരം പിരിച്ചു. 'പ്രജാക്ഷേമതല്‍പ്പരരെ'ന്നു കൊട്ടിഘോഷിക്കപ്പെടുന്ന മഹാരാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലല്ലാതെ ലോകത്തു മറ്റൊരിടത്തും മനുഷ്യന്റെ ഓരോ അവയവത്തിനും കരം ചുമത്തിയിരുന്നില്ല. ക്ഷേത്രത്തിലെ രഹസ്യഅറകളില്‍നിന്നു കണ്ടെടുത്ത ധനശേഖരം ആര്യവല്‍ക്കരണപ്രക്രിയ നടക്കുന്നതിനു മുമ്പ് ആര്‍ജിച്ച സമ്പത്തിനോടൊപ്പം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധഃസ്ഥിത-പിന്നാക്ക സമുദായങ്ങളില്‍നിന്നു പിഴിഞ്ഞെടുത്ത നികുതിപ്പണവും കൂടി ചേര്‍ന്നതാണെന്നു കാണാന്‍ പ്രയാസമില്ല.
ശ്രീപത്മനാഭസ്വാമിക്കു സമര്‍പ്പിച്ച കാണിക്കയാണ് ഈ ധനശേഖരമെന്ന വാദത്തിനു കഴമ്പില്ല. ഈ രഹസ്യഅറകള്‍ വാസ്തവത്തില്‍ രാജകീയ ഭരണകൂടത്തിന്റെ രഹസ്യ ഖജനാവ് തന്നെ ആയിരുന്നുവെന്നതാണു സത്യം. രാജഭരണവുമായി ബന്ധപ്പെട്ട അധികം പ്രവര്‍ത്തനങ്ങളും നടന്നിരുന്നത് ക്ഷേത്രത്തിന്റെ വളപ്പില്‍ത്തന്നെ ആയിരുന്നുവെന്നുള്ളതും വ്യക്തമാണ്.ഇത്രയും കാലം ധനശേഖരം ഒരു ചോര്‍ച്ചയും കൂടാതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മാഹാത്മ്യത്തെ വാഴ്ത്തുന്നതാണ് മറ്റൊരു പ്രവണത. ഈ ധനശേഖരത്തെ ഒരു ചോര്‍ച്ചയുമില്ലാതെയാണു കാത്തുസൂക്ഷിച്ചതെന്ന് ആര്‍ക്കാണ് ആധികാരികമായി പറയാന്‍ കഴിയുന്നത്? 1949ല്‍ തിരു-കൊച്ചി സംയോജന കരാറുണ്ടായപ്പോള്‍ ക്ഷേത്രത്തിലെ രഹസ്യ അറകളെക്കുറിച്ചും അതിലുള്ള ധനശേഖരത്തെക്കുറിച്ചും ശ്രീചിത്തിരതിരുനാള്‍ വെളിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍, ക്ഷേത്രത്തിലെ രഹസ്യഅറകളെയും ധനശേഖരത്തെയും കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മഹാനാണ് ശ്രീ ചിത്തിരതിരുനാള്‍. 1976ല്‍ രേവതിതിരുനാള്‍ ബാലഗോപാലവര്‍മ തിരുവനന്തപുരം സബ്കോടതിയില്‍ 253ാം നമ്പറായി ഫയല്‍ ചെയ്ത ഭാഗകേസില്‍ ശ്രീ ചിത്തിരതിരുനാള്‍ സമര്‍പ്പിച്ച പത്രികയില്‍, താന്‍ കൈവശംവച്ചിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ പട്ടിക നല്‍കിയിട്ടുണ്ട്. കൊട്ടാരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ ഒക്കെയും പരമാധികാരിയായ ഭരണാധികാരി എന്ന നിലയില്‍ സ്വന്തമായി നിലനിര്‍ത്തിയതാണെന്നു പറയുന്നു. അതിലൊരിടത്തും ക്ഷേത്രമോ അതിനെ ബന്ധിക്കുന്ന സ്വത്തുക്കളോ പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, 1990ല്‍ ഒറ്റക്കല്‍മണ്ഡപം സ്വര്‍ണംപൂശിയെന്നും അതിനായി 500 കിലോ സ്വര്‍ണം എടുത്തുവെന്നുമാണ് അനൌദ്യോഗികമായി പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ സ്വര്‍ണം എവിടെനിന്നെടുത്തുവെന്നും നിലവറകളില്‍നിന്നാണോ എടുത്തതെന്നും അത്രയും മാത്രമേ എടുത്തുള്ളുവോയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് നിലവറയിലെ വസ്തുക്കളുടെ കണക്ക് തയ്യാറാക്കപ്പെട്ടിട്ടുണ്െടന്നാണ് അശ്വതിതിരുനാള്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍, ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ആ ലിസ്റ്റ് ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നടന്നുകഴിഞ്ഞതും ഇനി നടക്കാന്‍പോവുന്നതുമായ കണക്കെടുപ്പ് ശരിയായ ദിശയിലെത്തണമെങ്കില്‍ നേരത്തേ തയ്യാറാക്കപ്പെട്ട കണക്കുമായി ഒത്തുനോക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, അതിനു സഹായകമായ നിലപാടല്ല രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുമുള്ളത്.

2 comments:

  1. കഫേ ടീം20 August 2011 at 12:47

    "ശ്രീപത്മനാഭസ്വാമിക്കു സമര്‍പ്പിച്ച കാണിക്കയാണ് ഈ ധനശേഖരമെന്ന വാദത്തിനു കഴമ്പില്ല. ഈ രഹസ്യഅറകള്‍ വാസ്തവത്തില്‍ രാജകീയ ഭരണകൂടത്തിന്റെ രഹസ്യ ഖജനാവ് തന്നെ ആയിരുന്നുവെന്നതാണു സത്യം. രാജഭരണവുമായി ബന്ധപ്പെട്ട അധികം പ്രവര്‍ത്തനങ്ങളും നടന്നിരുന്നത് ക്ഷേത്രത്തിന്റെ വളപ്പില്‍ത്തന്നെ ആയിരുന്നുവെന്നുള്ളതും വ്യക്തമാണ്.ഇത്രയും കാലം ധനശേഖരം ഒരു ചോര്‍ച്ചയും കൂടാതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മാഹാത്മ്യത്തെ വാഴ്ത്തുന്നതാണ് മറ്റൊരു പ്രവണത. ഈ ധനശേഖരത്തെ ഒരു ചോര്‍ച്ചയുമില്ലാതെയാണു കാത്തുസൂക്ഷിച്ചതെന്ന് ആര്‍ക്കാണ് ആധികാരികമായി പറയാന്‍ കഴിയുന്നത്? "-നീല ലോഹിത ദാസന്‍ നാടാര്‍

    ReplyDelete
  2. താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
    തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.