Monday, 29 August 2011

ജാതി ചോദിക്കണം, പറയണം

മുട്ടുചിറ സ്കൂളിലെ കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരുള്ള ടാഗിട്ട സംഭവം വിവാദമാകുകയുണ്ടായല്ലോ. ഇതു സംബന്ധമായി ബ്ലോഗിലും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു.(രണ്ടെണ്ണത്തിലേക്കുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ഇവിടെ വ്യത്യസ്തമായ ഒരു വീക്ഷണം, ദലിത് വോയ്സ് ദ്വൈവാരികയുടെ കേരള പ്രതിനിധി ഡോ രാജു തോമസ്    അവതരിപ്പിക്കുകയാണ് .വിശദമായ ചര്‍ച്ച ക്ഷണിക്കുന്നു:
2011 ജൂണ്‍ രണ്ടിന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ എന്റെ ഗ്രാമമായ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം പ്രൈമറി സ്കൂളില്‍ ഒന്നാം ക്ളാസിലെ 62 കുട്ടികളുടെ കഴുത്തില്‍ 'ജാതി രേഖപ്പെടുത്തിയ ടാഗ്' കെട്ടിയതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എസ്.എഫ്.ഐക്കാരും എ.ഐ.എസ്.എഫുകാരും സ്കൂളില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതും അവരെ പോലിസ് ബലമായി തടയുന്നതും ടി.വി.യില്‍ കാണാനിടയായി. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം കേരള പുലയര്‍ മഹാസഭയുടെയും(കെ.പി.എം.എസ്.) അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെയും (എ.കെ.സി.എച്ച്.എം.എസ്.) പ്രവര്‍ത്തകരുമുണ്ടായിരുന്നു. സംഭവം എല്ലാ ദൃശ്യ-അച്ചടി മാധ്യമങ്ങളിലും നാം കണ്ടു എന്നതൊഴിച്ചാല്‍ അതിനെപ്പറ്റി ആരും ഒരു തുറന്ന ചര്‍ച്ചയ്ക്കു തയ്യാറായിട്ടില്ല.
2011 ജൂണ്‍ മൂന്നിലെ മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ രണ്ടു തലക്കെട്ടുകള്‍ ഇങ്ങനെയായിരുന്നു: "വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരു തൂക്കല്‍: പ്രതിഷേധപ്രകടനം സംഘര്‍ഷത്തിലെത്തി.'' "വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. '' കമ്യൂണിസ്റ്റ്, ജാതി-സംഘടനകള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയുണ്ടായി. പ്രതിഷേധപ്രകടനത്തില്‍ പല സംഘപരിവാര പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല, പങ്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍പ്പെട്ടവരുടെ പേരുകള്‍ക്കൊപ്പം അവരുടെ "ജാതിപ്പേരും'' പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന കാര്യവും വിചിത്രം.
പ്രകടനം നടത്തിയ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളെക്കൂടാതെ പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.പി.എം.എസും എ.കെ.സിച്ച്.എം.എസും ജാതി സംഘടനകളാണെന്ന കാര്യവും ശ്രദ്ധേയമാണ്. തന്നെയുമല്ല, ഒന്നാംക്ളാസില്‍ ചേര്‍ന്ന 82 കുട്ടികള്‍ക്കും കൃത്യമായ ജാതിയുണ്ടെന്ന കാര്യവും ഗൌരവം അര്‍ഹിക്കുന്നു. സ്കൂള്‍ അധികൃതരുമായി ഈ ലേഖകന്‍ ബന്ധപ്പെടുകയും സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ആരായുകയും ചെയ്തു. അവര്‍ പറഞ്ഞതിങ്ങനെ: "ഞങ്ങള്‍ ഏതെങ്കിലും പ്രത്യേക ജാതിയില്‍പ്പെട്ട കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ ടാഗ് തൂക്കിയില്ല. എല്ലാ കുട്ടികളുടെയും കഴുത്തില്‍ ജാതിപ്പേരിനൊപ്പം അവരുടെ മതവും രേഖപ്പെടുത്തിയിരുന്നു. സാധാരണ ലംപ്സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്ന കുട്ടികള്‍ക്കു നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. അത് ഒഴിവാക്കാനാണു പേരിനൊപ്പം ജാതിപ്പേരു ചേര്‍ത്തത്.''
സംഭവം ഒരു പ്രശ്നമാക്കിയതു് ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മാതാപിതാക്കളായിരുന്നു എന്നും അതിലൂടെ മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളും പുലയ-ചേരമന്‍ ഹിന്ദു സംഘടനകളും ശ്രമിക്കുകയുമായിരുന്നു എന്നും വേണം കരുതാന്‍.
ദേശീയ പട്ടികജാതി കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി തെളിവു ശേഖരിച്ചു സ്കൂള്‍ അധികൃതര്‍ക്കെതിരേ ദലിത് പീഡനത്തിനു കേസ് എടുക്കും എന്നു പ്രഖ്യാപിച്ചു. പട്ടികജാതി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാമസ്വാമിയുടെ അഭിപ്രായത്തില്‍, സംഭവത്തില്‍ പരാതിയില്ലാതെതന്നെ പോലിസ് സ്വമേധയാ കേസ് എടുക്കണമെന്നാണ്. തന്നെയുമല്ല, ദലിത് വിഭാഗത്തില്‍നിന്ന് ഒരു ദലിത് അധ്യാപിക ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കു കഴിയുകയില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതായാലും മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം എല്‍.പി. സ്കൂളില്‍ ഉണ്ടായ സംഭവത്തോടു പ്രതികരിച്ചുകൊണ്ടു സര്‍വകക്ഷി സമ്മേളനവും നടന്നു. എല്ലാവരുടെയും പൊതുവേയുള്ള അഭിപ്രായം സ്കൂള്‍ അധികൃതര്‍ ചെയ്തത് ഏതോ മാരകമായ കുറ്റകൃത്യം ആണെന്നാണ്. മാധ്യമങ്ങളുടെ അവതരണം ,ജാതിയെപ്പറ്റിയുള്ള പരാമര്‍ശംപോലും ഭരണഘടനാ വിരുദ്ധമാണെന്നും അതു കുറ്റകരമാണെന്നും ആയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സര്‍വകക്ഷി സമ്മേളനത്തില്‍ ഒരൊറ്റയാള്‍പോലും വസ്തുതകള്‍ അവതരിപ്പിക്കുകയോ സത്യം തുറന്നുപറയുകയോ ചെയ്തില്ല.
എന്താണു സത്യം?
ജാതിയുടെ ചരിത്രം അന്വേഷിച്ചുപോയാല്‍ നാം ചെന്നെത്തുന്ന ഒരു തലമുണ്ട്. അതുകൊണ്ടുതന്നെ കരുതിക്കൂട്ടിയ ഗൂഢാലോചനയിലൂടെ കേരളസമൂഹത്തിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും സത്യം തുറന്നു പറയാറില്ല. സത്യം തുറന്നുപറയാന്‍ വിമുഖതയുള്ള ഒരു സമൂഹം കൂടുതല്‍ ജീര്‍ണിക്കുകയേയുള്ളൂ. കേരളത്തില്‍ 27 ശതമാനം ജനസംഖ്യയുള്ള ഈഴവരുടെ എസ്.എന്‍.ഡി.പി. ഒരു ജാതിസംഘടനയല്ലേ? മൂവായിരത്തിലധികം ശാഖകളുള്ള പുലയരുടെ ജാതിസംഘടനയല്ലേ കെ.പി.എം.എസ്? നൂറ്റിമൂന്നു ജാതികള്‍ ഉള്‍ക്കൊള്ളുന്ന പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട ഓരോ ജാതിക്കുമുള്ള സംഘടനകള്‍ ജാതിസംഘടനകള്‍ അല്ലേ? ഇരുനൂറിലധികം വരുന്ന ഒ.ബി.സി. വിഭാഗത്തില്‍ ഓരോ ജാതിക്കും വിശ്വകര്‍മജരില്‍പ്പെട്ട അഞ്ചുജാതികള്‍ ഉള്‍പ്പെടുന്നവരുടെ സംഘടനയും ജാതിസംഘടനയല്ലേ? കമ്മ്യൂണിസ്റ്റായിരുന്ന ഇ.എം.എസിനുപോലും നമ്പൂതിരി അല്ലാതാവാന്‍ കഴിഞ്ഞോ? 10 ശമാനമുള്ള എന്‍.എസ്.എസ്. ഒരു ജാതീയ സംഘടനയല്ലേ?
ഒരുപക്ഷേ, കേരളത്തിലെ ഈഴവജാതിയില്‍പ്പെട്ടവരുടെ ചിന്ത ഇപ്രകാരമായിരിക്കും. അവര്‍ നായര്‍ ജാതിക്കു കീഴെയാണെങ്കിലും പട്ടികജാതികളില്‍പ്പെട്ട ജാതികളുടെ മുകളിലാണ്. പട്ടികജാതികളില്‍പ്പെട്ടവരുടെ താഴെ ഒരു ജാതിയും ഇല്ലാത്തതിനാല്‍ അവര്‍ എല്ലാവരാലും വെറുക്കപ്പെട്ടവരും അധിക്ഷേപിക്കപ്പെട്ടവരും അപമാനിതരും ആകുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആരോഹണക്രമത്തിലുള്ള മാന്യതയും അവരോഹണക്രമത്തിലുള്ള അപമാനവുമാണു വ്യക്തമാക്കുന്നത്. 'ജാതിസ്വത്വം' ഒരു യാഥാര്‍ഥ്യമാണ്. അതിനെ നിഷേധിക്കാനോ അതിനെതിരേ കണ്ണടയ്ക്കാനോ ശ്രമിക്കുന്നതു ശുദ്ധ കാപട്യമാണ്, വഞ്ചനയാണ്. വര്‍ഗസമരസിദ്ധാന്തത്തിന് ഒരിക്കലും ജാതിയെ ഇല്ലാതാക്കാനാവില്ല. കാള്‍ മാര്‍ക്സിനു പോലും ഇന്ത്യയിലെ ജാതിയെ ഒരിക്കലും നശിപ്പിക്കാനായില്ല എന്നു നാം തിരിച്ചറിയണം.
കെ.പി.എം.എസിന്റെ സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഹൈന്ദവര്‍ ചൂഷണം ചെയ്തു വലിച്ചെറിഞ്ഞു ചണ്ടികളാക്കിയവരാണു പട്ടികജാതിക്കാര്‍. ജാതി തങ്ങളുടെ ആത്മാഭിമാനത്തിന്റെ ഒരു ആഭരണമാക്കി പ്രദര്‍ശിപ്പിക്കുന്നതുപോലെ ഓരോ പട്ടികജാതിക്കാരും സ്വന്തം ജാതിയെ അഭിമാനകരമായി സ്ഥാപിച്ചു മുന്നേറണം. സവര്‍ണന്‍ മേല്‍ജാതിമേധാവിത്വം പുലര്‍ത്തുന്നപോലെ, അവര്‍ (പട്ടികജാതിക്കാര്‍-എഡിറ്റര്‍)ഞാന്‍ സ്വയം കീഴ്ജാതിയായി അധപ്പതിച്ചുനില്‍ക്കുന്നതു നമ്മുടെ ദേശീയോദ്ഗ്രഥനത്തിനു വിലങ്ങുതടിയാണ്'' (പട്ടികജാതിക്കാര്‍ സ്വന്തം ജാതിയെ ഒരു ആഭരണമാക്കണം. മാധ്യമം, 22-5-2011).
'ജാതിസ്വത്വം' ശക്തിപ്പെടുത്തുക
ഒരു കാലഘട്ടത്തില്‍ ജാതിയെ നശിപ്പിക്കണമെന്നു വാദിച്ചു സമര്‍ഥിച്ച ഡോ. അംബേദ്കര്‍ അവര്‍ണര്‍ക്കു നല്‍കിയ അന്ത്യസന്ദേശം നേരെ മറിച്ചായിരുന്നു. കാരണം, സവര്‍ണര്‍ക്ക് അവരുടെ ജാതി അപമാനകരമല്ലാത്തതുകൊണ്ട് അവര്‍ അതിനെ നശിപ്പിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, അധികാരവും പദവികളും സമ്പത്തും ഭൂമിയും എല്ലാം സവര്‍ണര്‍ കൈക്കലാക്കിയതു തങ്ങളുടെ ജാതിയെ മഹത്ത്വവല്‍ക്കരിച്ച് അതിനെ ശാക്തീകരിച്ചതിലൂടെയായിരുന്നു. അവര്‍ തങ്ങളുടെ ജാതിസ്വത്വത്തിലൂടെ എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കിയശേഷം അവരില്‍പ്പെടാത്ത അവര്‍ണരോട് അവരുടെ ജാതിയെയും അതിന്റെ മഹത്ത്വത്തെയും മറന്നേക്കാനാവശ്യപ്പെടുകയാണിന്ന്. ഈ കെണിയില്‍ കുടുങ്ങിപ്പോയ അവര്‍ണ കമ്മ്യൂണിസ്റ്റ് അടിമകള്‍ ജാതിയില്‍ എന്തോ കുഴപ്പം ഉണ്ടെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക വ്യാജ ധാര്‍മികരോഷമാണു മുട്ടുചിറ സംഭവത്തില്‍ പ്രകടമായത്.
'ജാതിനിര്‍മൂലന'ത്തെപ്പറ്റി ലോകത്തേറ്റവും ശക്തമായ പ്രബന്ധം 1935ല്‍ രചിച്ച ഡോ. അംബേദ്കര്‍ ഹിന്ദുക്കളല്ലാത്ത അവര്‍ണരോടാവശ്യപ്പെട്ടതിപ്രകാരമായിരുന്നു: "ഉപജാതി സ്വത്വങ്ങള്‍ ഇല്ലാതായി എന്നു കരുതുക. അങ്ങനെ വന്നാല്‍, മേല്‍ജാതിക്കാരും തങ്ങളുടെ ജാതിസ്വത്വത്തെ തള്ളിക്കളയും എന്നതിന് എന്താണുറപ്പ്? മറിച്ച്, അവര്‍ കൂടുതല്‍ ഉപദ്രവകാരികളാവുകയും ചെയ്യും. അതുകൊണ്ടു ജാതിനശീകരണം എന്നതു പ്രായോഗികമോ പ്രയോജനപ്രദമോ ആവുകയില്ല. മാത്രമല്ല, അതൊരു പരിഹാരവുമല്ല'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 1, 1979 പേജ് 67).
'ജാതി' കൊള്ളരുതാത്ത, ചീഞ്ഞുനാറിയ ഒരു പ്രതിഭാസമാണെന്നാണു നമ്മുടെ നാട്ടിലെ പ്രചാരണം. ഈ പ്രചാരണം കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ടു 40 ശതമാനം വരുന്ന പിന്നാക്ക, ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരെ സ്വത്വബോധമില്ലാത്ത വേരറ്റ വൃക്ഷത്തെപ്പോലെയാക്കി വംശനാശത്തിനു വിധേയരാക്കാന്‍വേണ്ടിയാണ് എന്നു തിരിച്ചറിയണം. നമ്മുടെ ഭരണഘടന ഒരിടത്തും ജാതിസ്വത്വത്തെ നിരോധിച്ചിട്ടില്ല. 'ജാതിസ്വത്വം' രേഖപ്പെടുത്താതെ ജനസംഖ്യയുടെ 65 ശതമാനം ദലിത്-ആദിവാസി-പിന്നാക്കജാതിക്കാര്‍ക്കു ഭരണഘടന നല്‍കുന്ന സംവരണം എങ്ങനെ ഉറപ്പാക്കാനാവും? ഇന്ത്യന്‍ ഭരണഘടനയുടെ 17ാം അനുഛേദം അയിത്തത്തെ നിരോധിച്ചു എന്നത് സത്യമാണ്. ഇത് ഇന്ദിരാഗാന്ധി 1976ല്‍ നടത്തിയ ഒരു വഞ്ചനയാണെന്നു നാം തിരിച്ചറിയണം. ജാതിവ്യവസ്ഥയെ നിരോധിക്കാതെ എങ്ങനെ അയിത്തനിര്‍മാര്‍ജനം സാധ്യമാകും എന്നു നാം ചോദിച്ചില്ല. ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യുക എന്നു പറഞ്ഞാല്‍ അതിനര്‍ഥം ഹിന്ദുമതത്തെ നശിപ്പിക്കുക എന്നാണ്. ഒരു വൃക്ഷത്തെ നിറുത്തിക്കൊണ്ട് അതിന്റെ നിഴലിനെ നിയമം മൂലം നിരോധിക്കുന്നതുപോലെയാണു നിയമംമൂലം അയിത്തത്തെ നിരോധിച്ചത്.
കേരളത്തിലെ ഈഴവജാതിക്കാര്‍ അവരുടെ ജാതിയെ ഇന്നു ശാക്തീകരിക്കുകയാണ്. ജാതീയമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
പട്ടികജാതി പേര് പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെ 'ദലിത്പീഡന'മാകും എന്നു പട്ടികജാതി കമിഷന്‍ വിശദീകരിക്കേണ്ടിവരും. ഭരണഘടനാ വിദഗ്ധനായ ഒരു അഭിഭാഷകന്റെ മുമ്പില്‍ കമീഷന്‍ പരാജയപ്പെടും എന്ന കാര്യം ഉറപ്പാണ്. 1989ലെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ചു പട്ടികജാതി കമ്മീഷന്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നിയമനടപടിയുമായി പോവും എന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വെളിവാക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ്. രാജ്യത്തെ ജനസംഖ്യ ജാതിതിരിച്ചു കണക്കെടുക്കുകയാണു വേണ്ടത്. അതിലൂടെ മാത്രമേ ഇന്ത്യയില്‍ യഥാര്‍ഥ ജനാധിപത്യം നടപ്പിലാവൂ. ഇന്ന് ഇന്ത്യയില്‍ നില്‍ക്കുന്നതു മേധാവിത്വ ജാതികളുടെ ആധിപത്യമാണ്. ആ നില മാറണം.
ദലിത് മനശ്ശാസ്ത്രം
മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം എല്‍.പി. സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികളുടെയും കഴുത്തില്‍ അവരവരുടെ ജാതിപ്പേര്‍ എഴുതിയ ടാഗ് തൂക്കിയിരുന്നു. എന്നാല്‍, ദലിത് കുട്ടികളുടെ മാത്രം ജാതിപ്പേര് എഴുതിയ ടാഗ് തൂക്കി എന്നാണു പ്രചാരണം. ദലിത് കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതിയ ടാഗ് തൂക്കിയത് അവര്‍ക്ക് അപമാനകരമാണെന്നു ദലിതരില്‍പ്പെടാത്തവരും ചില ദലിതരും വാദിച്ചേക്കാം. അത്തരത്തിലൊരു ചോദ്യം ഉയര്‍ന്നുവരാന്‍ കാരണം ദലിതരല്ലാത്തവര്‍ക്കു ദലിതരുടെ മനശ്ശാസ്ത്രം എന്താണെന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. ദലിതര്‍ തലമുറകളായി അതിഭീകരമായ അടിച്ചമര്‍ത്തലുകളും നിന്ദയും വിവേചനവും മേല്‍ജാതികളില്‍നിന്ന് അനുഭവിക്കേണ്ടിവന്നതിനാല്‍ അത്തരം അനുഭവങ്ങള്‍ അവരുടെ ബോധതലത്തില്‍ ഏല്‍പ്പിച്ച ആഘാതം ആഴത്തിലുള്ളതാണ്. അതിന്റെ ഫലമായി ദലിതര്‍, വ്രണിതഹൃദയരായി മാറുകയും സ്വയം ശപിക്കുകയും യാതൊരു വിധ ആത്മപ്രശംസയും ആത്മവിശ്വാസവും ഇല്ലാത്തവരായി, ഇന്ത്യന്‍ മണ്ണില്‍ കാമധേനു എന്ന പശുവിന്റെ ചാണകത്തിലെ പുഴുക്കളാണ് തങ്ങളെന്നു കരുതി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന നിലയില്‍ ജീവിക്കുന്ന ഒരു ജനതയാണ്. വംശീയമായി ലോകത്തേറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ദലിതര്‍ക്കു സമാനമായി ലോകത്തൊരു ജനതയുമില്ല എന്ന സത്യം നിഷേധിക്കാനാര്‍ക്കു കഴിയും? ( The Untouchables of India : Lois Ouwerkerk,Oxford University Press,UK 1945 page 3) ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം വരുന്ന ദലിതരുടെ യഥാര്‍ഥ മാനസികാവസ്ഥ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചറിഞ്ഞ ഒരേയൊരു മനുഷ്യന്‍ അവരുടെയിടയില്‍ ജനിച്ച ഡോ. അംബേദ്കറാണ്. ദലിതരുടെ മാനസികാവസ്ഥയെപ്പറ്റി അംബേദ്കര്‍ പറഞ്ഞത്: "ദലിതര്‍ നിരന്തരമായി മേല്‍ജാതിഹിന്ദുക്കളാല്‍ ശാരീരികമായും മാനസികമായും പീഡനത്തിനിരയായതിന്റെ ഫലമായി അവരില്‍ പ്ളസ് കണ്ടീഷന്‍ ഓഫ് മൈന്‍ഡ് ഇല്ലാതെ പോയതിനാല്‍ അവര്‍ ആശയും പ്രത്യാശയും പ്രതീക്ഷയും അറ്റവരായിത്തീര്‍ന്നു. മോഹഭംഗങ്ങളുടെ നിത്യബലിയാടുകളായി, ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത ഒരു ജനതയായി മാറി'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 12, 1993, പേജ് 734, ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര).
ദലിതരുടെ അടിമത്തം ഇന്ത്യയില്‍ ആരംഭിച്ചത് ആര്യാക്രമണം മുതലാണ് എന്നു കേരളത്തിലെ പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധുവിന്റെ അയ്യങ്കാളി ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ കാണുന്നു (1989 പേജ് 9). മറ്റു സവര്‍ണഹിന്ദുക്കള്‍ തങ്ങളുടെ ജാതിപ്പേരുകള്‍ ഒരു ആഭരണം പോലെ അണിഞ്ഞ് അതില്‍ അഭിമാനിക്കുമ്പോള്‍ എന്തുകൊണ്ടു ദലിതര്‍ അവരുടെ ജാതിപ്പേരുകളില്‍ അഭിമാനിക്കാനാവാതെ ഉള്‍വലിയുകയും ഒളിച്ചോടുകയും ചെയ്യുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് അവരുടെ മനശ്ശാസ്ത്രം നമുക്കു ബോധ്യപ്പെടുക. ദലിതരുടെ ഇന്നത്തെ മാനസികാവസ്ഥയ്ക്കു കാരണം ഋഗ്വേദം മുതല്‍ രാമായണം വരെയുള്ള മതഗ്രന്ഥങ്ങളാണെന്നു കാണാം. ഈ മതഗ്രന്ഥങ്ങളില്‍ ദലിതരെപ്പറ്റി പരാമര്‍ശിക്കുന്നതു ദലിതര്‍ എല്ലാ തിന്മകളുടെയും മൂര്‍ത്തീഭാവമാണെന്നും അവര്‍ മനുഷ്യര്‍പോലുമല്ലാത്തതിനാല്‍ നിഷ്കരുണം വധിക്കപ്പെടേണ്ടവരാണെന്നുമാണ്. ഇത്തരം പരാമര്‍ശങ്ങളുടെ ആവര്‍ത്തനം ദലിതരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന അധമബോധം അവരെ മഥിച്ചുകൊണ്ടിരിക്കുന്നു. തദ്ഫലമായി ദലിതരുടെ അധമ അസ്തിത്വം മറ്റുളളവര്‍ അറിയാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. മനുഷ്യസൃഷ്ടിയെപ്പറ്റി ഹിന്ദുമതം ദലിതരില്‍ അടിച്ചേല്‍പ്പിച്ച ധാരണ മാറാത്തിടത്തോളം ദലിതരുടെ മാനസികാവസ്ഥ ഒരിക്കലും മാറാതെ നില്‍ക്കും .
മുഴുവന്‍ മനുഷ്യവംശത്തിന്റെയും അന്തസ്സിലൂന്നിയ ഒരു കാഴ്ചപ്പാട് ദലിതരില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ഡോ. അംബേദ്കര്‍ ആ അന്തസ്സ് ഹിന്ദുമതം ദലിതര്‍ക്കു നല്‍കുന്നില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടാണു ലോകത്തൊരു ഭരണഘടനയിലും പരാമര്‍ശിക്കാത്ത 'വ്യക്തിയുടെ അന്തസ്സ്' ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യയില്‍ ഓരോ വ്യക്തിയുടെയും സുരക്ഷയും വികാസവും വളര്‍ച്ചയും അധികാരശാക്തീകരണവും അവരവരുടെ ജാതിക്കുള്ളിലാണു നടക്കുക എന്ന് അംഗീകരിക്കേണ്ടിവരും.
ബറോഡ രാജാവിന്റെ മിലിറ്ററി സെക്രട്ടറി ആയിരുന്ന അംബേദ്കര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമ അദ്ദേഹം ഒരു ദലിതനാണെന്നറിഞ്ഞപ്പോള്‍ ലോഡ്ജില്‍ നിന്ന് നിഷ്കരുണം ഇറക്കിവിടുകയാണു ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ദലിതര്‍ ഇന്നും അംബേദ്കറുടെ അനുഭവമാണു നേരിടുന്നത്. നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഓട്ടോറിക്ഷക്കാരി ചിത്രലേഖയുടെ അനുഭവം. തിരുവനന്തപുരത്തു ദലിതനായ രജിസ്ട്രേഷന്‍ ഐ.ജി. റിട്ടയര്‍ ചെയ്തപ്പോള്‍ ചാണകവെള്ളം തളിച്ചു പുണ്യാഹം നടത്തിയത് തുടങ്ങിയ ദലിതനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതര്‍ പേറുന്ന അപമാനം നമുക്കു മനസ്സിലാക്കാവുന്നതാണ്.
മുട്ടുചിറയിലെ സെന്റ് ആഗ്നസ് എല്‍.പി. സ്കൂളിലെ സംഭവം ദലിതരെ അപമാനിതരാക്കുന്നു എന്ന വാദത്തെ അംഗീകരിക്കുകയാണെങ്കില്‍ സമൂഹത്തില്‍ ദലിതര്‍ക്കുള്ള അംഗീകാരം നിഷേധാത്മകമായി തുടരുകയാണെന്നു നമുക്കു ബോധ്യമാവും. വിദ്യാഭ്യാസത്തിനോ സാക്ഷരതയ്ക്കോ നമ്മുടെ സമൂഹത്തെ പ്രബുദ്ധമാക്കാനോ സംസ്കാരസമ്പന്നമാക്കാനോ കഴിയില്ല എന്നു നാം സമ്മതിക്കേണ്ടിവരും. തങ്ങളുടെ വേറിട്ട തനതായ ജാതിസ്വത്വം ആത്മാഭിമാനത്തോടുകൂടി പരസ്യമായി പ്രഖ്യാപിക്കാന്‍ ദലിതരെ എങ്ങനെ പ്രാപ്തരാക്കാം എന്നത് ഒരു വിഷയമാണ്. ദലിത് സംഘടനകള്‍ ഈ ദൌത്യം ഏറ്റെടുത്തേ തീരൂ.
ദലിതരുടെ മോചനം
വേറൊരര്‍ഥത്തില്‍, ദലിതര്‍ക്കുവേണ്ടി എല്ലാ ഭരണഘടനാ പരിരക്ഷകളും കരസ്ഥമാക്കിയ ശേഷം 1956 ഒക്ടോബര്‍ 14ന് അംബേദ്കര്‍ കാണിച്ചുതന്ന മതംമാറ്റ വിപ്ളവം മാത്രമേ ദലിതര്‍ക്ക് അവരുടെ ശത്രുക്കളില്‍നിന്നു ശാശ്വതമായ മോചനം നേടിക്കൊടുക്കൂ എന്ന സത്യം സമ്മതിക്കേണ്ടി വരും. അംബേദ്കര്‍ ദലിതരോടാവശ്യപ്പെട്ടത് അത്തരത്തിലൊരു മതസാമൂഹിക ആത്മീയ വിപ്ളവം നയിക്കാനായിരുന്നു. (ഡോ. അംബേദ്കര്‍, പ്രബന്ധങ്ങളും പ്രസംഗങ്ങളും, വാല്യം 1, 1979, പേജ് 44, ഗവ. ഓഫ് മഹാരാഷ്ട്ര). കേരളസമൂഹവും മുഴു ഇന്ത്യയും മൌലികമായി ഉയര്‍ത്തേണ്ട ചോദ്യം ഇതാണ്- എന്താണു യഥാര്‍ഥ ദലിത് പ്രശ്നം? ദലിത് സ്വത്വം നേരിടുന്ന വെല്ലുവിളി അടിസ്ഥാനപരമായി രാഷ്ട്രീയമാണോ മതപരമാണോ സാമൂഹികമാണോ സാമ്പത്തികമാണോ? ഈ ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടതു് ദലിതരുടെ ഇടയിലുള്ള സത്യസന്ധരായ ബുദ്ധിജീവികളാണ്. ദലിതര്‍ ഇനിയും സയണിസ്റ്റ് ഗൂഢാലോചനയിലൂടെ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിറകെ പോകണമോ അതോ അംബേദ്കറിന്റെ മതംമാറ്റ വിപ്ളവപാത സ്വീകരിക്കണോ? നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഒരൊറ്റ ദലിത് എഴുത്തുകാരനും കാല്‍നൂറ്റാണ്ടു കാലത്തെ ഈ ലേഖകന്റെ അനുഭവത്തില്‍ ഈ വിഷയത്തില്‍ ധീരമായ ഒരു നിലപാട് എടുക്കുകയോ തുറന്ന ചര്‍ച്ചാ-സംവാദങ്ങള്‍ക്കു മുമ്പോട്ടുവരുകയോ ചെയ്യുന്നില്ല. എല്ലാവരും ഒരു മുഴം കയറില്‍ കുറ്റിയില്‍ കെട്ടിയിട്ട ആടിനെപ്പോലെ പ്രത്യയശാസ്ത്രത്തിനു ചുറ്റും കറങ്ങുകയാണ്.
ദലിതരുടെ തനതായ ജാതിസ്വത്വം ദലിതരുടേതല്ലാത്ത പൊതുസമൂഹത്തിന്റെ മുമ്പില്‍ ഇത്രമാത്രം അറപ്പും വെറുപ്പും ഉളവാക്കുന്ന ഒന്നാണ് എന്നു തോന്നാനിടയായ ചരിത്രപശ്ചാത്തലം എന്തെന്ന് അന്വേഷിക്കുക തന്നെ വേണം. അഞ്ചര പതിറ്റാണ്ടു മുന്‍പ് ഈ ലേഖകന്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നു പഠിച്ചതു ദലിതരുടെ മാത്രമായ ഒരു കത്തോലിക്കാ ചര്‍ച്ചിനോടൊപ്പം സ്ഥിതിചെയ്തിരുന്ന പ്രൈമറി സ്കൂളിലാണ്. പ്രധാന അധ്യാപിക ഒരു സന്ന്യാസിനിയും ഭൂരിഭാഗം അധ്യാപകരും സന്ന്യാസിമാരോ സവര്‍ണരോ ക്രൈസ്തവരോ ആയിരുന്നു. ഈ അധ്യാപകരില്‍ നിന്നു ദലിത് കുട്ടികളെപ്പറ്റി നിരന്തരം കേള്‍ക്കാറുള്ള ആരോപണം ഇങ്ങനെയായിരുന്നു: "ഈ വൃത്തികെട്ട ഹരിജന്‍ കുട്ടികള്‍ ഇങ്ങനെയാ, അവര്‍ ഒരിക്കലും ശരിയാവുകയില്ല.''
ഇത്തരം ദലിത് വിരുദ്ധമായ കമന്റുകള്‍ അവരുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം അളന്നു തിട്ടപ്പെടുത്താനാവില്ല. എല്ലാ കൊള്ളരുതായ്മകളുടെയും തിന്മകളുടെയും മൂര്‍ത്തീഭാവം ദലിതരാണെന്ന ധാരണ സമൂഹത്തിന് എവിടെനിന്നു കിട്ടി? ഈ ധാരണ ഇന്ത്യയില്‍ കശ്മീരിലും ഉത്തരപൂര്‍വ ഇന്ത്യയിലും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദലിതരല്ലാത്ത എല്ലാ ജാതിസമുദായങ്ങളുടെയും ഇടയില്‍ ആഴത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ഈ ലേഖകനു തറപ്പിച്ചുപറയാനാവും. ഏതായാലും, ഈ ധാരണ ദലിതരല്ലാത്ത ദലിത് വിരുദ്ധരുടെയിടയില്‍ എങ്ങനെ പ്രചരിക്കാനിടയായി എന്ന് ഡോ. അംബേദ്കര്‍ ലോകത്താര്‍ക്കും നിഷേധിക്കാനാവാത്ത വിധം ഗവേഷണം നടത്തി സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നില്ല. എന്നാല്‍, ഒരു പരാമര്‍ശം മാത്രം സൂചിപ്പിക്കട്ടെ: ഇന്ത്യയിലും കേരളത്തിലും നമ്മള്‍ നൂറുകണക്കിന് ആഘോഷങ്ങള്‍ കൊണ്ടാടാറുണ്ട്. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇത്തരം ആഘോഷങ്ങള്‍ അരങ്ങേറാറുണ്ട്. മിക്ക ആഘോഷങ്ങളുടെയും അന്ത്യം 'തിന്മയ്ക്കെതിരേ നന്മ' കൈവരിക്കുന്ന വിജയത്തിലാണു കലാശിക്കുന്നത്. ആരെയാണ് ഇന്ത്യയിലെ തിന്മയുടെ മൂര്‍ത്തീഭാവമായി ചിത്രീകരിക്കുന്നത്? നരകാസുരവധത്തില്‍, താടകവധത്തില്‍, (കൊലപാതകങ്ങളുടെ നാടാണല്ലോ ഇന്ത്യ) ആരെ ആരു കൊലപ്പെടുത്തുന്നു എന്നു നാം ആലോചിച്ചിട്ടുണ്ടോ?
ഒരു ജനതയെ തലമുറകളായി, ഏറ്റവും ചുരുങ്ങിയത് 3500 ആണ്ടുകളായി നിരന്തരം കൊള്ളരുതാത്തവരും കുറ്റവാളികളും തിന്മയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിക്കുന്നു. അവര്‍ മനുഷ്യര്‍ പോലുമല്ല, "കാമധേനുവിന്റെ ചാണകത്തിലെ പുഴുക്കളാണ്'' അവര്‍ ജീവിക്കാന്‍ അര്‍ഹരല്ല. അവരെ വംശഹത്യക്കു വിധേയരാക്കൂ എന്നും തങ്ങളുടെ ദൈവങ്ങളോടു നിത്യപ്രാര്‍ഥന നടത്തുകയും അത്തരം കൊലപാതകങ്ങള്‍ക്കു മതത്തിന്റെ ദിവ്യാനുമതി നല്‍കുകയും കൂടി ചെയ്തപ്പോള്‍ അത്തരം ക്രൂരതയുടെ ബലിയാടുകളായത് ഇന്ത്യയിലെ ആദിമനിവാസികളായ ദലിതരും ആദിവാസികളും പിന്നാക്കജാതിക്കാരുമായിരുന്നു.
(തുടരും)
ഈ വിഷയകമായി വര്‍ക്കേഴ്സ് ഫോറം എന്ന ബ്ലോഗില്‍ വന്ന ലേഖനമാണു താഴെ: 
യുക്തിവാദിയായ ഒരു ബ്ലോഗറുടെ നുറുങ്ങേരികള്‍ എന്ന ബ്ലോഗില്‍ വന്ന ലേഖനമാണു താഴെ:
അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍
മാതൃഭൂമി പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട്
കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേര്: നടപടി വരും

Sunday, 28 August 2011

രാജകുടുംബാംഗങ്ങള്‍ കാലഘട്ടത്തിനു ചേര്‍ന്ന പേരുകള്‍ സ്വീകരിക്കണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി പോലെ ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.പത്മനാഭസ്വാമിക്ഷേത്ര നിധിയും ജനാധിപത്യ കേരളവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ സാമൂതിരി കുടുംബത്തിന്റെ പ്രതിനിധിക്കു സ്ഥിരാംഗത്വമുണ്ട്. അത്തരമൊരു സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് സാധാരണ പൗരന്‍മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്. അതേയുള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം. അതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം  കൈയാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റ് അംഗങ്ങള്‍ക്കോ അധികാരമില്ലെന്നാണു കോടതി വിധിച്ചത്. രാജാധികാരം പോയി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചിലരുടെ മനസ്സില്‍നിന്ന് അതിന്റെ പുളി പോയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മഹാരാജാവ് തിരുമനസ്സ്, മഹാ തമ്പുരാന്‍ എന്നെല്ലാം ഉത്തരവാദപ്പെട്ടവര്‍പോലും ഭക്ത്യാദരങ്ങളോടെ അടിയന്‍ എന്നു വിനീത ഭാവത്തില്‍ വിളിക്കുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 'പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ രാജദ്രോഹം എന്ന നിലയില്‍ ചിലര്‍ തലയില്‍ കൈവെച്ച് നിലവിളിക്കുകയുമാണ്.

നക്ഷത്രങ്ങളുടെ പേരില്‍ ഉത്രാടംതിരുനാള്‍, മൂലം തിരുനാള്‍ എന്ന പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിന് ചേര്‍ന്ന പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെടാം. രാജാധികാരം നഷ്ടപ്പെട്ടെങ്കിലും രാജകുടുംബത്തിന്റെ ക്ഷേത്രാധികാരം നിലനിന്നു. നാമകരണം പോലുള്ള കുടുംബാചാരങ്ങള്‍ പിന്നെയും തുടര്‍ന്നു. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍, അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ചിത്തിരതിരുനാളിന്റെ കാലത്തിനു ശേഷം കേരളത്തില്‍ രാജഭരണം അവസാനിച്ചു. പഴയരാജകുടുംബത്തിലെ പുതിയ അംഗങ്ങള്‍ ജനാധിപത്യ പ്രക്രിയയയുടെ ഭാഗമായി മാറിയെന്നും വി.എസ് പറഞ്ഞു.

താന്‍ പറയുന്നതൊന്നും അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഉള്ള വിരോധം കൊണ്ടല്ല. ജനകീയ സമ്മര്‍ദത്തെ തുടര്‍ന്നാണെങ്കിലും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാനും, സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്താനും തയാറായി എന്ന നിലയ്ക്കും തിരുവിതാംകൂറിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിനു ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകിയെന്ന നിലയ്ക്കുമെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനമര്‍ഹിക്കുന്നു. എന്നാല്‍, രാജാധികാരം നഷ്ടപ്പെട്ടിട്ടും രാജകീയ പ്രൌഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നുവെന്നാണു രാജകുടുംബത്തിന്റെ തോന്നല്‍.പത്മനാഭസ്വാമി ക്ഷേത്രത്തിനു മാര്‍ത്താണ്ഡ വര്‍മ രാജ്യം അടിയറ വച്ച് പത്മനാഭ ദാസനായി സ്വയം അവരോധിച്ചു ഭരണം നടത്തിയത് രാജാധികാരം ദൈവദത്തമാണെന്നു വരുത്താനാണ്. ശത്രുക്കളുടെ എതിര്‍പ്പു കുറയ്ക്കാനും എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനു മായിരിക്കണം. അധികാരം ദൈവദത്തമാണെന്നു പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കു രക്ഷാകവചം തീര്‍ത്ത ലൂയി പതിനാലാമന്റെ മാതൃകയാണു തൃപ്പടിദാനത്തിലൂടെ മാര്‍ത്താണ്ഡ വര്‍മ പിന്തുടര്‍ന്നതെന്നു സംശയിക്കാം.

ക്ഷേത്രത്തിലെ നിധിശേഖരം എന്തു ചെയ്യണമെന്നു സുപ്രീം കോടതി തീരുമാനിക്കട്ടെ. എന്നാല്‍, നിധികള്‍ എങ്ങനെ ഉണ്ടാകുന്നു, അതെങ്ങനെ കുന്നുകൂട്ടാന്‍ കഴിയുന്നു, സ്വത്തുക്കള്‍ എങ്ങനെ ഉണ്ടാകുന്നു, അതു ഭാവിയിലേക്ക് എങ്ങനെ സംഭരിച്ചു വയ്ക്കാന്‍ കഴിയുന്നു, അതിന്റെ യഥാര്‍ഥ അവകാശികള്‍ ആരാണ് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങളും അസന്ദിഗ്ധമായ ഉത്തരങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകണം -വി.എസ്. പറഞ്ഞു.  ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇതിലെ കക്ഷിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷത്തിലൂടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇത്. ഒന്നിലേറെ തവണ ഈ കക്ഷികള്‍ തന്നെ നിലവറകള്‍ തുറക്കുകയും കണക്കെടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതാണ്. അതില്‍ നിന്ന് സ്വര്‍ണമെടുത്ത് മണ്ഡപത്തിന് സ്വര്‍ണം പൂശുകയും ചെയ്തു. അന്ന് ദേവപ്രശ്‌നം നടന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയും കുടുംബം മുടിഞ്ഞുപോയതായും അറിവില്ല. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ദേവപ്രശ്‌നം എന്ന പേരില്‍ ഒരു പ്രഹസനം നടത്തുകയായിരുന്നു. ദേവഹിതം അറിയണമെന്ന മാര്‍ത്താണ്ഡവര്‍മ്മ കുടുംബത്തിന്റെ ഹര്‍ജി കോടതി അനുവദിച്ചില്ല. അതിന് കാക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യോതിഷികളെ ചെന്ന് കണ്ട് കാര്യങ്ങള്‍ വിവരിച്ച് അവരെ കൂട്ടിക്കൊണ്ടുവന്ന് പ്രശ്‌നം വെയ്പിച്ചു. മൂല്യനിര്‍ണയം നടത്തലും എണ്ണിത്തിട്ടപ്പെടുത്തലും ഡോക്യുമെന്റേഷനുമാണ് ദേവപ്രശ്‌നത്തിലൂടെ തടയാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു. നിധിശേഖരം കണക്കാക്കി ചോര്‍ച്ചകൂടാതെ സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടതെന്നും വി.എസ്. പറഞ്ഞു.

മറ്റ് രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനസികമായും ഭൗതികമായുമുള്ള സ്ഥിതിവിശേഷം തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നില നില്‍ക്കുന്നു. രാജകീയമായ പ്രൗഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നവെന്നാണ് അവര്‍ക്കിപ്പോഴും തോന്നുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലെ അത്രയും എതിര്‍പ്പുപോലും കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നില്ലെന്നത് നിരാശാജനകമാണ് - വി.എസ് പറഞ്ഞു.മഹാരാജാവ് തിരുമനസ്, മഹാ തമ്പുരാന്‍ എന്നിങ്ങനെ ഉത്തരവാദപ്പെട്ടവര്‍ പോലും ഭക്ത്യാദരങ്ങളോടെ 'അടിയന്‍' എന്ന് വിനീതഭാവത്തില്‍ ഇപ്പോഴും വിളിക്കുന്നത് മാനസിക അടിമത്തം നിലനില്‍ക്കുന്നതു കൊണ്ടാണ്.കേരളത്തിലെ മറ്റ് പഴയ രാജകുടുംബങ്ങളിലെ പുതിയ തലമുറ എല്ളാ അര്‍ത്ഥത്തിലും സാധാരണ ജനതയുടെ ഭാഗമായി. ഇവിടെയത് സംഭവിച്ചുവോ എന്ന് പരിശോധിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.

ബി.ആര്‍.പി. ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. ജമീല പ്രകാശം എംഎല്‍എ, ഡോ.കെ.എന്‍. പണിക്കര്‍, ജെ. രഘു, ഡോ. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
(മാധ്യമം,മനോരമ,മാതൃഭൂമി, കേരള കൌമുദി വാര്‍ത്തകളെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.)
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം താഴെ കേള്‍ക്കാം


പ്രസംഗത്തിന്റെ പൂര്‍ണരൂപം doolnews.com എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് :രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

അണ്ണാ ഹസാരെയും ദലിത്-പിന്നാക്ക വിഭാഗങ്ങളും

ഹസാരെ സംഘാംഗങ്ങള്‍ ഉപവാസം ബഹിഷ്‌കരിച്ചു

ഹസാരെയുടെ രാംലീല ഉപവാസം അന്ത്യത്തോടടുക്കുമ്പോള്‍ ദലിത് സംഘടനകളും ക്രിസ്ത്യന്‍ നേതൃത്വവും സമരത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കി. ഹസാരെയോടൊപ്പം അഴിമതിവിരുദ്ധ കാമ്പയിന്‍ പ്രസ്ഥാനത്തിന് തുടക്കമിട്ട ന്യൂനപക്ഷ നേതാക്കള്‍ രാംലീലയിലെ ഉപവാസം ബഹിഷ്‌കരിച്ചു.
'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ സ്ഥാപക അംഗമായിരുന്ന ദല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസാവോ ഉപവാസസമരത്തെ എതിര്‍ത്ത്  രാംലീലയില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഹസാരെയുടെ മരണം വരെയുള്ള നിരാഹാരവും സമ്മര്‍ദവും ആത്മഹത്യാപരമാണെന്ന്  ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്ത്യന്‍ സമുദായം അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച വിഷയത്തോടൊപ്പം തങ്ങളുമുണ്ട്. എന്നാല്‍, അതിന് ഹസാരെ തെരഞ്ഞെടുത്ത മാര്‍ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക കാഴ്ചപ്പാടിലുള്ള ബില്‍ മാത്രം എല്ലാവരും പിന്തുടരണം എന്ന് ഹസാരെ സംഘത്തിന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് ഫാദര്‍ വിന്‍സെന്റ് ചോദിച്ചു. 'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ 20 സ്ഥാപക അംഗങ്ങളിലെ ഏക മുസ്‌ലിം നേതാവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷനുമായ മഹ്മൂദ് മദനിയും രാംലീല സമരം ബഹിഷ്‌കരിച്ചു. സഹാറന്‍പൂരിലുള്ള മദനി ഉപവാസം കൊടുമ്പിരികൊണ്ടിട്ടും ദല്‍ഹിയിലേക്ക് വരാന്‍ തയാറായില്ല.
ഹസാരെയുടെ ഉപവാസത്തിനെതിരായ നിലപാട് മാറ്റാന്‍ തയാറല്ലെന്ന് ദല്‍ഹിയില്‍ റാലി നടത്തിയ ദലിത് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സമരരീതികളോട് യോജിക്കാനാവില്ലെന്ന് ദലിത് സംഘടനകളുടെ ദേശീയ കോണ്‍ഫെഡറേഷന്‍ നേതാവ് ഉദിത് രാജ് പറഞ്ഞു. മറാത്തവാദികള്‍ അന്യസംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന മറാത്തദേശീയവാദിയാണ് ഹസാരെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ ഉദിത് രാജ്, കാഞ്ച ഐലയ്യ, ജോണ്‍ ദയാല്‍, ജോസഫ് ഡിസൂസ എന്നിവര്‍ ഹസാരെ മുന്നോട്ടുവെച്ച തരത്തില്‍ ലോക്പാല്‍ അംഗീകരിക്കാന്‍ ദലിതുകള്‍ക്ക് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അനീതി നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ ഹസാരെയുടെ ജന്‍ ലോക്പാല്‍ ബില്ലിനായിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലോക്പാല്‍ സംവിധാനത്തില്‍ സംവരണം അനിവാര്യമാണെന്ന് ദലിത് നേതാക്കള്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.  ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, തന്‍സീം ഉലമായെ ഹിന്ദ്, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മുസ്‌ലിം സംഘടനകളും ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചുള്ള ഹസാരെയുടെ ഉപവാസത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.
ഹസാരെയുടെ ഈ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ നേതാവ് മൗലാന ഉമര്‍ ഇല്യാസി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്‍ ഭരണഘടനക്കും പാര്‍ലമെന്റിനും മുകളിലാണ് താനെന്ന് പറയുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നു. അതിനാല്‍തന്നെ മുസ്‌ലിംകള്‍ ഇതിന്റെ ഭാഗമാകുന്ന ചോദ്യം ഉദ്ഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ പ്രസ്ഥാനം സംശയാസ്‌പദമാണെന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ മൗലാന അബുല്‍ ഖാസിം നുഅ്മാനി പറഞ്ഞു.
രാജ്യത്തെ പാര്‍ലമെന്ററി സംവിധാനവും ജനാധിപത്യവും ദുര്‍ബലപ്പെടുത്തുകയെന്ന ആശയമാണ് ഹസാരെയുടെ നീക്കത്തിന് പിന്നിലെന്നും മതേതര ഇന്ത്യക്കുമേലുള്ള കളങ്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.  ഹസാരെയുടെ സമരരീതിയെ കടന്നാക്രമിച്ച് ഉര്‍ദു മാധ്യമങ്ങളും എതിര്‍ കാമ്പയിനുമായി രംഗത്തുണ്ട്. ശക്തമായ ലോക്പാല്‍ വേണമെന്നും എന്നാല്‍, അതിന് ഹസാരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാര്‍ഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന വിവിധ മുസ്‌ലിം നേതാക്കളുടെ വിശദമായ അഭിമുഖങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് ഉര്‍ദു ദിനപത്രങ്ങള്‍.
ഹസാരെ ടീമില്‍ ഭിന്നത
ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സമര തീവ്രതക്കിടയില്‍ ഹസാരെ ടീമില്‍ ഭിന്നത. പാര്‍ലമെന്റിന്റെ ആഹ്വാനം ചെവിക്കൊള്ളാത്ത സമരവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സ്വാമി അഗ്‌നിവേശ്, റിട്ട.ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ പറഞ്ഞു.  കിരണ്‍ബേദി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് ഹസാരെ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അഗ്‌നിവേശ് കുറ്റപ്പെടുത്തി.
പാര്‍ലമെന്റിനെയും പാര്‍ലമെന്ററി പ്രക്രിയയേയും അനാദരിക്കുന്ന വിധത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ ഹസാരെ ടീമില്‍ തീരുമാനമില്ലായിരുന്നുവെന്ന് അഗ്‌നിവേശ് പറഞ്ഞു. ആത്മാഭിമാനം മുന്‍നിര്‍ത്തി പിന്‍മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ലോക്പാല്‍ സംവിധാനം ഉണ്ടാക്കുക എന്നതില്‍ നിന്ന്  ജനലോക്പാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പാസാക്കുന്നതിലേക്ക് അജണ്ട മാറി.
സര്‍ക്കാരും ഹസാരെ ടീമുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചു വന്നത് താനും മന്ത്രി സല്‍മാന്‍ ഖുര്‍ശിദുമാണ്. എന്നാല്‍ അതിനിടയില്‍, സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചക്ക് ക്ഷണമൊന്നുമില്ലെന്ന് ചിലര്‍ പറഞ്ഞു കൊണ്ടിരുന്നു. ബില്‍ പാസാക്കണമെന്ന ഡിമാന്റിലേക്ക് അണ്ണാ ഹസാരെ മാറുകയും ചെയ്തു. പാര്‍ലമെന്റ് കൂട്ടായി അഭ്യര്‍ഥിച്ചിട്ടും സത്യഗ്രഹം പിന്‍വലിക്കേണ്ട എന്ന തീരുമാനമെടുത്തതിന്റെ കാരണം മനസിലാവുന്നില്ല.
സംഘടനകള്‍ ചോദ്യം ചെയ്യുന്നത് ഹസാരെ സംഘത്തിന്റെ 'സംഘ്' ബന്ധം
ന്യൂദല്‍ഹി: രാംലീലയിലെ ഉപവാസ സമരത്തെ എതിര്‍ക്കുന്ന ദലിത് ന്യൂനപക്ഷ സംഘടനകള്‍ ചോദ്യംചെയ്യുന്നത് അണ്ണാ ഹസാരെ നിയന്ത്രിക്കുന്ന സംഘാംഗങ്ങളുടെ സംഘ്പരിവാര്‍ ബന്ധത്തെ. രാംലീലയിലെ ഉപവാസത്തെ നിയന്ത്രിക്കുന്ന ഹസാരെയുടെ ഏറ്റവും അടുത്ത സഹായികളായ അരവിന്ദ് കെജ്‌രിവാളിന്റെയും കിരണ്‍ ബേദിയുടെയും സംഘ്പരിവാര്‍ ബന്ധത്തിനും ദലിത് ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്കുമുള്ള നിരവധി ഉദാഹരണങ്ങള്‍ ഇവര്‍ എടുത്തുകാട്ടുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം വിവരാവകാശ കമീഷണര്‍ സ്ഥാനത്തുനിന്ന വജാഹത്ത് ഹബീബുല്ല രാജിവെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം സര്‍ക്കാര്‍ നിയമിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഇപ്പോള്‍ കശ്മീര്‍ മധ്യസ്ഥന്മാരില്‍ ഒരാളായ എം.എം. അന്‍സാരിയെയായിരുന്നു. എന്നാല്‍, അന്‍സാരി ചുമതലയേല്‍ക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അദ്ദേഹത്തെ പുറന്തള്ളാന്‍ പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയുമായി ചേര്‍ന്ന് കെജ്‌രിവാളും ബേദിയും ശക്തമായ ലോബിയിങ് നടത്തി. ഇതേ തുടര്‍ന്ന് അദ്ദേഹം പട്ടികക്ക് പുറത്താകുകയും ചെയ്തു.
സംവരണവിരുദ്ധരായ ഉന്നത ജാതിക്കാരുടെ കൂട്ടായ്മയായ 'യൂത്ത് ഫോര്‍ ഇക്വാലിറ്റി'യുടെയും ശ്രീശ്രീ രവിശങ്കറിന്റെ 'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെയും വേദികളിലെ സ്ഥിരം പ്രഭാഷകരാണ് കെജ്‌രിവാളും ബേദിയും. ഉന്നതജാതിക്കാരായ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംവരണം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റി ഉദയം ചെയ്തത്. 2009 മാര്‍ച്ച് ഒന്നിന് 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' സംഘടിപ്പിച്ച ചടങ്ങില്‍ കെജ്‌രിവാളും ബേദിയും ഭീകരതക്കും അഴിമതിക്കുമെതിരെ പ്രഭാഷണം നടത്തിയിരുന്നു.
ഈ മാസമാദ്യം ടെക്‌സസില്‍ നടന്ന 'ഹിന്ദു ഏകതാ ദിന'ത്തില്‍ പ്രാതിനിധ്യം നേടിയ സംഘടനകളാണ് ആര്‍ട്ട് ഓഫ് ലിവിങ്ങും യൂത്ത് ഫോര്‍ ഇക്വാലിറ്റിയും. രാജ്യത്തെ ഹിന്ദു മേധാവിത്വം മുസ്‌ലിംകള്‍ അംഗീകരിക്കണമെന്ന് വിഷം വമിക്കുന്ന ലേഖനമെഴുതിയ സുബ്രഹ്മണ്യം സ്വാമിയായിരുന്നു 'ഹിന്ദു ഏകതാ ദിന'ത്തിനെത്തിയ മുഖ്യാതിഥി.
അണ്ണ ഹസാരെ നിരാഹാരം തുടരുന്നതില്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെക്ക് വിയോജിപ്പ്

ബാംഗ്ലൂര്‍: ജനലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും അണ്ണ ഹസാരെ നിരാഹാരം തുടരുന്നതില്‍ ഹസാരെ സംഘത്തില്‍നിന്ന് എതിര്‍പ്പ്. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന അണ്ണ ഹസാരെയുടെ നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. ജനലോക്പാല്‍ ബില്‍ കരട് രൂപരേഖാസമിതി അംഗം കൂടിയായ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ആദ്യമായാണ് അണ്ണ ഹസാരെയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
''നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വഴിയില്‍ പാര്‍ലമെന്റ് നടക്കണമെന്ന് ശഠിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കും. തന്റെ ആജ്ഞ പാര്‍ലമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് ലോക്‌സഭയെ മോശമാക്കിക്കാണിക്കും''- സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. അണ്ണ ഹസാരെക്ക് പിന്തുണയുമായി ബാംഗ്ലൂര്‍ ഫ്രീഡം പാര്‍ക്കില്‍ പതിനൊന്ന് ദിവസമായി സമരത്തിന് നേതൃത്വം നല്‍കുന്നത് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയാണ്. ലോക്പാല്‍ ബില്ലിനായി ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കില്‍ എനിക്ക് അണ്ണ സംഘത്തോടൊപ്പം സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റിനോട് എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് ജനാധിപത്യമായി കാണാന്‍ കഴിയില്ല. നിയമപാലകനായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ജനാധിപത്യ തത്ത്വങ്ങളില്‍ വിശ്വാസവും ഉണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല.
''അഴിമതിവിരുദ്ധ പോരാട്ടത്തില്‍ നിന്ന് നിരാഹാരത്തെ മാറ്റിനിര്‍ത്തണം. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ അഭ്യര്‍ഥിച്ചു. പത്തോളം പേര്‍ ഹസാരെയോടൊപ്പം നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കുക''- സന്തോഷ് ഹെഗ്‌ഡെ ചോദിച്ചു.
ഒപ്പമുള്ളവര്‍തന്നെ അദ്ദേഹത്തെ ദുരുപയോഗം ചെയ്യുകയാണ്. സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചിലര്‍ സംഘത്തില്‍പ്പെട്ടതാണ് കുഴപ്പത്തിനു കാരണം. സമരത്തിനിടെ അണ്ണ ഹസാരെയുടെ ചില പ്രസ്താവനകളിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാറും അണ്ണ ഹസാരെയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഗെയിം കളിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. ഒരേസമയം സര്‍ക്കാറിനെയും അണ്ണ ഹസാരെയെയും വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സംസാരിച്ചത്.

ഹസാരെയ്ക്ക് എതിരെ ലാലുപ്രസാദ്
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ ലോക്പാല്‍ ബില്ലുണ്ടായിരിക്കെ മറ്റൊരു ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമെന്താണ് എന്ന എതിര്‍വാദവുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ്  രംഗത്തെത്തി.
അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബില്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനം പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിനെ കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് കമ്മിറ്റിയെ സമീപിക്കാമെന്നും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളല്ല ഇതിന് വേണ്ടതെന്നും ലാലു ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അകത്തു നിന്ന് വേണം ഈ പ്രശ്നത്തിന് പരിഹാരം കാണാനെന്നും അദ്ദേഹം പറഞ്ഞു.



Friday, 26 August 2011

അച്യുതാനന്ദന്റെ 'രാജനിന്ദ'

കഴിഞ്ഞ ജൂലൈ 26ന് കാര്‍ഗില്‍ വിജയദിനത്തില്‍ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തീര്‍ത്തും ഔദ്യോഗികമായ ആ പരിപാടിയിലെ മുഖ്യാതിഥി ജില്ലാ കലക്ടറോ സ്ഥലം എം.എല്‍.എയോ പട്ടാള ഉദ്യോഗസ്ഥനോ ഒന്നുമല്ല; മറിച്ച്, ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 'മഹാരാജാവ്'! ഉമ്മന്‍ചാണ്ടി വേണോ ഉത്രാടം തിരുനാള്‍ വേണോ എന്നൊരു റഫറണ്ടം തിരുവനന്തപുരത്ത് നടത്തിയാല്‍ നല്ലൊരു ശതമാനം ഉത്രാടം തിരുനാളിനെ തെരഞ്ഞെടുത്തുകളയുമെന്നൊരു തമാശ ഈയിടെ ആരോ പറഞ്ഞിരുന്നു. രാജവാഴ്ചയും നാടുവാഴിത്തവും അവസാനിപ്പിച്ച് നമ്മുടെ രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ദീര്‍ഘവും നിരന്തരവും ത്യാഗപൂര്‍ണവുമായ സമരങ്ങളിലൂടെ നാം തച്ചുടച്ചതും കുടഞ്ഞുതെറിപ്പിച്ചതുമായ ഫ്യൂഡല്‍, നാടുവാഴിത്ത കാലത്തിന്റെ അവശിഷ്ടങ്ങള്‍ പഴംപുരാണങ്ങളുടെ അകമ്പടിയോടെ നമ്മുടെ പൊതുമണ്ഡലത്തിലേക്ക് ഇപ്പോള്‍ ആഘോഷപൂര്‍വം ആനയിക്കപ്പെടുന്നുണ്ട്. ഇത്തരം വേലകളുടെ ഭാഗമായാണ് എന്നോ കഴിഞ്ഞുപോയ രാജകുടുംബങ്ങളുടെ അവശിഷ്ടങ്ങള്‍ 'മഹാരാജാക്കന്മാരാ'യി നമ്മുടെ ഔദ്യോഗിക പരിപാടികളില്‍പോലും മുഖ്യാതിഥികളായി നിറഞ്ഞാടുന്നത്. ഇന്ത്യ റിപ്പബ്ലിക് ആവുകയും തുല്യപൗരത്വം നമ്മുടെ രാഷ്ട്രീയ തത്ത്വസംഹിതയുടെ അടിസ്ഥാനമായി സ്വീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും 'മഹാരാജാവ്' എന്നൊരു പ്രയോഗം ചില പൗരന്മാരെക്കുറിച്ച് ഉപയോഗിക്കുന്നതിലെ അസാംഗത്യവും വിഡ്ഢിത്തവും വലിയ 'വിവര'മുള്ള ആളുകള്‍പോലും മറന്നുപോകുന്നു. ഫ്യൂഡല്‍, നാടുവാഴിത്ത മൂല്യങ്ങളില്‍ അഭിരമിക്കുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാകട്ടെ, ഇത്തരം കെട്ടുകാഴ്ചകളെ സിദ്ധാന്തീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും അധികസമയം ജോലി ചെയ്യുന്നുമുണ്ട്.
എന്നേ നിലംപതിച്ചുപോയ രാജവംശങ്ങളിലെ കാരണവന്മാരെ 'മഹാരാജാക്കന്മാരാ'യി എഴുന്നള്ളിക്കുന്നുവെന്നു മാത്രമല്ല,  അവരെയും അവരുടെ ചെയ്തികളെയും വിമര്‍ശിക്കാന്‍പോലും പാടില്ല എന്ന മട്ടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് വലിയ അദ്ഭുതം തന്നെയാണ്. നമുക്ക് നമ്മുടെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും എത്ര വേണമെങ്കിലും വിമര്‍ശിക്കാം; കുറ്റപ്പെടുത്താം. പക്ഷേ, ഈ മഹാരാജാക്കന്മാരെ ഒന്നും പറഞ്ഞേക്കരുത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും വിമര്‍ശമുന്നയിച്ചുകഴിഞ്ഞാല്‍ വലതുപക്ഷ രാഷ്ട്രീയക്കാരും സംഘ്പരിവാര്‍ ശക്തികളും ആക്രോശങ്ങളുടെ കോറസ് തീര്‍ക്കുകയായി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബഹുകോടികള്‍ വിലവരുന്ന നിധിശേഖരത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നതിനുശേഷമാണ് രാജാവിനോടുള്ള ഈ അതിഭക്തിയും വിമര്‍ശകരോടുള്ള ആക്രോശവും പരിധിവിട്ട് നിറഞ്ഞാടാന്‍ തുടങ്ങിയത്. നിധിശേഖരവുമായി ബന്ധപ്പെട്ട്, ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ കോവളം എം.എല്‍.എ ജമീല പ്രകാശം നിയമസഭയില്‍ ശ്രദ്ധേയമായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പതിതരും അധഃസ്ഥിതരുമായ തിരുവിതാംകൂറിലെ ജനങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത് സമാഹരിച്ച സമ്പദ്‌ശേഖരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേത്; അതിനാല്‍ അത് അവരുടെ ഉന്നമനത്തിനായി വിട്ടുകൊടുക്കുക -ഇതായിരുന്നു അവരുടെ പ്രഭാഷണത്തിന്റെ കാതല്‍. എന്നാല്‍, അവരുടെ പ്രഭാഷണത്തിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ആരും സന്നദ്ധമായില്ല. ഒരുവിഭാഗം ആ പ്രഭാഷണം തമസ്‌കരിച്ചു. അതേസമയം, രാജഭക്തരും സംഘ്പരിവാര്‍ ശക്തികളും അവര്‍ക്കെതിരെ ആക്രോശങ്ങളുമായി  രംഗത്തുവന്നു. ഹിന്ദു ഐക്യവേദിക്കാര്‍ അവരുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകവരെ ചെയ്തു! ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് പ്രസംഗിച്ചവരുടെ വീട്ടിലേക്ക് നാമാരും മാര്‍ച്ച് നടത്താറില്ല. എന്നാല്‍, നാം കുഴിച്ചുമൂടിയ പഴയൊരു രാജവംശത്തിന്റെ നെറികേടുകളെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി, ജനാധിപത്യറിപ്പബ്ലിക്കിലെ നിയമസഭയില്‍ പ്രസംഗിച്ചവരുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ചും -ഇതാണ് രാജഭക്തിയുടെ പുത്തന്‍ അവതാരങ്ങള്‍.
മധ്യകാല മൂല്യങ്ങളെയും നാടുവാഴിത്ത സമ്പ്രദായങ്ങളെയും ഒളിച്ചുകടത്താന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ശനിയാഴ്ച വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ട പുറംലോകമറിഞ്ഞത് മുതല്‍ തിരുവിതാംകൂര്‍ 'മഹാരാജാവി'നെ അമാനുഷിക പദവിയിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തെ അമാനുഷനായി കാണണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെയാവാം. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്നും അദ്ദേഹം വിമര്‍ശാതീതനാണെന്നും തീട്ടൂരമിറക്കിയാല്‍ അത് ശരിയാവില്ല. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ 'മഹാരാജാവ്' ശ്രമിച്ചുവരികയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഉത്തരവാദബോധത്തോടെ പറഞ്ഞിരിക്കുന്നത്. ഇത് തടയാന്‍ ശ്രമിച്ച ഒരു ശാന്തിക്കാരന്‍ ആക്രമിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നിലവറകളില്‍ പരിശോധന നടന്നത്. പ്രസ്തുത പരിശോധനയെ തടയാന്‍വേണ്ടിയാണ് രാജകുടുംബത്തിന്റെ ഒത്താശയോടെ ദേവപ്രശ്‌നം വെക്കുകയും നിലവറ പരിശോധിക്കുന്നവര്‍ മുടിഞ്ഞുപോകുമെന്ന അന്ധവിശ്വാസ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് -ഇങ്ങനെ പോകുന്നു പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍. അച്യുതാനന്ദന്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ വസ്തുതാപരമായി അതിനെ ഖണ്ഡിക്കുകയോ നേരിടുകയോ ചെയ്യുന്നതിനു പകരം അദ്ദേഹം രാജകുടുംബത്തെ അപമാനിച്ചുകളഞ്ഞു എന്നമട്ടിലുള്ള പ്രചാരണങ്ങളാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. സംഘ്പരിവാര്‍ നേതൃത്വം ഇങ്ങനെ പറയുന്നത് സ്വാഭാവികം. പക്ഷേ, കോണ്‍ഗ്രസ് പോലുള്ള, ദേശീയ ബോധത്തിന്റെ ചാലകശക്തിയായ ഒരു പ്രസ്ഥാനം പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ബഹളം വെക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവിധം തെറ്റാവരണം അണിയിക്കപ്പെട്ട ഒരു സമ്പ്രദായത്തിനും സ്ഥാപനത്തിനും നേരെയാണ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. ഇത് പലരെയും അസ്വസ്ഥപ്പെടുത്തുമെങ്കിലും നമ്മുടെ പുരോഗമന ജനാധിപത്യ സംസ്‌കാരത്തെയാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശങ്ങളെ അതിന്റെ ഉള്ളടക്കത്തിലെടുത്ത് വിശകലനം ചെയ്യുകയാണ് കേരളീയ പൊതുസമൂഹത്തിന്റെ കര്‍ത്തവ്യം.

(ഇന്നത്ത മാധ്യമം ദിനപ്പത്രത്തിന്റെ മുഖപ്രസംഗമാണിത്)

Tuesday, 23 August 2011

ഈ സമരാഘോഷം ആര്‍ക്കു വേണ്ടി?

ഇപ്പോള്‍ നാം ടെലിവിഷനില്‍ കാണുന്നതു വിപ്ലവമാണെങ്കില്‍ , സമീപകാലത്തെ ഏറ്റവും ആശങ്കാജനകവും ദുര്‍ഗ്രഹവുമായ കാര്യമാണിത്. ഇപ്പോള്‍ ജനലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ഏതു ചോദ്യത്തിനും താഴെക്കൊടുത്തവയില്‍ ഏതെങ്കിലും ഒരു ഉത്തരമാണു ലഭിക്കുക.1. വന്ദേമാതരം, 2. ഭാരത് മാതാ കീ ജയ്, 3. ഇന്ത്യയെന്നാല്‍ അണ്ണ, അണ്ണയെന്നാല്‍ ഇന്ത്യ, 4. ജയ്ഹിന്ദ്.

തികച്ചും വ്യത്യസ്തമായ കാരണങ്ങളുടെ പേരിലും തികച്ചും വ്യത്യസ്തമായ മാര്‍ഗത്തിലുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജനലോക്പാല്‍ ബില്ലിനും ഒരു പൊതുഘടകമുണ്ട് - രണ്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയാണു തേടുന്നത്. ഒന്നു സായുധ സമരത്തിലൂടെ താഴെത്തട്ടില്‍ നിന്നു മുകളിലേക്കുള്ളതാണ്. പാവങ്ങളില്‍ പാവങ്ങളാണ് ഇതു നടത്തുന്നത്. ആദിവാസികളാണ് ഇതിലെ 'സൈനികര്‍ . മറ്റേതാകട്ടെ, രക്തരഹിത ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്നു താഴേക്കുള്ളതാണ്. പുതുതായി അവതാരമെടുത്ത വിശുദ്ധനാണു നായകന്‍ . സൈന്യമാകട്ടെ, ഭൂരിഭാഗവും നഗരവാസികളും മികച്ച ജീവിതം നയിക്കുന്നവരുമാണ്. (ഇതില്‍ , ഭരണകൂടത്തെ തകര്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് സര്‍ക്കാരും സഹകരിക്കുന്നു.)
വന്‍ അഴിമതിയാരോപണങ്ങളാല്‍ വിശ്വാസ്യത തകര്‍ന്ന സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തെങ്കിലുമൊരു മാര്‍ഗം തേടുമ്പോഴായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹസാരെയുടെ ആദ്യത്തെ നിരാഹാര സമരം. പുതിയ അഴിമതിവിരുദ്ധ നിയമത്തിന്റെ കരടു തയാറാക്കാനുള്ള സമിതിയിലേക്കു ഹസാരെ സംഘത്തെ സര്‍ക്കാര്‍ ക്ഷണിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നയം ഉപേക്ഷിച്ച സര്‍ക്കാര്‍ ഒട്ടേറെ പോരായ്മകളുള്ളതും ഗൌരവമായെടുക്കാന്‍ കൊള്ളാത്തതുമായ സ്വന്തം ബില്‍ പാര്‍ലമെന്റിനു മുന്നില്‍ വച്ചു.
ഈ മാസം 16നു രാവിലെ, അണ്ണാ ഹസാരെ തന്റെ രണ്ടാം നിരാഹാരം തുടങ്ങുകയോ എന്തെങ്കിലും നിയമലംഘനം നടത്തുകയോ ചെയ്യുന്നതിനു മുന്‍പ് അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജനലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറി. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരം തന്നെയായി അതു മാറി. ഈ 'രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഹസാരെയെ മോചിപ്പിച്ചു. അതീവ കൌശലത്തോടെ, ഹസാരെ ജയിലില്‍ നിന്നിറങ്ങാന്‍ വിസ്സമ്മതിച്ചു. അവിടെ ആദരണീയ അതിഥിയായി. പൊതുസ്ഥലത്തു നിരാഹാര സമരം നടത്താനുള്ള അവകാശത്തിനായി ജയിലില്‍ നിരാഹാര സമരം തുടങ്ങുകയും ചെയ്തു. മൂന്നു ദിവസം ജനക്കൂട്ടവും ടിവി ചാനലുകളുടെ വാനുകളും തിഹാര്‍ ജയിലിനു പുറത്തു തമ്പടിച്ചു.
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ ഹസാരെയുടെ വിഡിയോ സന്ദേശങ്ങളുമായി അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ അതീവസുരക്ഷയുള്ള ജയിലിനകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നു. (ഇതെല്ലാം വേറെ ഏതു ജയിലില്‍ ലഭിക്കും?). ഇതിനിടയില്‍ , ചെളിക്കുണ്ടായി മാറിയ രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി നഗരസഭയുടെ 250 ജോലിക്കാര്‍ രാപ്പകലില്ലാതെ ജോലിചെയ്തു. 15 ലോറികളും ആറു മണ്ണുമാന്തി യന്ത്രങ്ങളും സദാസമയം ഓടിക്കൊണ്ടിരുന്നു. വാരാന്ത്യത്തിലെ ഗംഭീര ആഘോഷത്തിനു മൈതാനം ഒരുക്കുകയായിരുന്നു. ഇപ്പോള്‍ , മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ , വമ്പന്‍ ക്യാമറകള്‍ക്കു മുന്നില്‍ അണ്ണാ ഹസാരെയുടെ മൂന്നാം നിരാഹാര സമരം നടക്കുകയാണ്. ടെലിവിഷന്‍ അവതാരകര്‍ നമ്മോടു പറയുന്നു: 'കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, ഇന്ത്യ ഒന്നാണ്.
അണ്ണാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയന്‍ ആയിരിക്കാം; പക്ഷേ, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ഗാന്ധിയന്‍ അല്ല. അധികാര വികേന്ദ്രീകരണം എന്ന ഗാന്ധിജിയുടെ ആശയത്തിനു വിരുദ്ധമായി ജനലോക്പാല്‍ ബില്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ നിയന്ത്രിക്കുന്ന അതിശക്തമായ അഴിമതിവിരുദ്ധ നിയമമാണ്. അവര്‍ക്കു പ്രധാനമന്ത്രിയെയും നീതിപീഠത്തെയും പാര്‍ലമെന്റ് അംഗങ്ങളെയും ഏറ്റവും താഴെക്കിടയിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ വരെയുള്ള ബ്യൂറോക്രസിയെ ഒന്നടങ്കവും നിയന്ത്രിക്കാനുള്ള അധികാരമുണ്ടാകും. അന്വേഷണത്തിനും പ്രോസിക്യൂഷനും അധികാരമുണ്ടാകും. സ്വന്തമായി ജയില്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍ , തികച്ചും സ്വതന്ത്രമായ ഭരണസംവിധാനമായി അതു നിലനില്‍ക്കും. അഴിമതി പുരണ്ടതും വിശ്വാസ്യത നഷ്ടപ്പെട്ടതും തടിച്ചുകൊഴുത്തതുമായ നിലവിലെ സംവിധാനത്തിനു പകരമാണിത്. നിലവിലുള്ള ഒന്നിനു പകരം രണ്ടു പ്രഭുസംഘങ്ങള്‍ !
ഇതു ഫലപ്രദമാണോ എന്ന കാര്യം അഴിമതിയെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അഴിമതി എന്നതു കൈക്കൂലിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടുന്ന നിയമലംഘനങ്ങളുടെ പ്രശ്നം മാത്രമാണോ? അതോ, വളരെ ചുരുങ്ങിയ ആളുകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും വന്‍ തോതില്‍ അസന്തുലിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതീകമാണോ? ഷോപ്പിങ് മാളുകളുടെ ഒരു നഗരം സങ്കല്‍പിക്കുക. അവിടെ തെരുവുകച്ചവടം നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരു തെരുവുകച്ചവടക്കാരി പൊലീസുകാരനും നഗരസഭയിലെ ഉദ്യോഗസ്ഥനും ചെറിയ കൈക്കൂലി കൊടുത്താണ് അവിടെ കച്ചവടം നടത്തുന്നത്. മാളില്‍ പോയി വസ്തുക്കള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അതു വാങ്ങുന്നത്. ഇതൊരു കൊടുംപാതകമാണോ? ഭാവിയില്‍ ആ വഴിവാണിഭക്കാരി ലോക്പാല്‍ പ്രതിനിധിക്കു കൂടി കൈക്കൂലി കൊടുക്കേണ്ടിവരുമോ? നിലവിലെ അസന്തുലിത ഘടനയില്‍ സാധാരണക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്കു ജനലോക്പാല്‍ പരിഹാരമാണോ? അതല്ല, ജനങ്ങളെ തടയാന്‍ ഒരു അധികാര ഘടന കൂടി സൃഷ്ടിക്കുകയാണോ?
അണ്ണാ ഹസാരെയുടെ വിപ്ലവത്തിന്റെ പ്രതീകങ്ങളായി മാറിയ ദേശീയപതാക വീശലും അതീവ ദേശീയതാ പ്രകടനവും രംഗസജ്ജീകരണങ്ങളുമെല്ലാം സംവരണവിരുദ്ധ പ്രക്ഷോഭം, ലോകകപ്പ് വിജയാഹ്ലാദപ്രകടനം, ആണവ പരീക്ഷണ വിജയാഘോഷം എന്നിവയില്‍ നിന്നു കടമെടുത്തതാണ്. നിരാഹാരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ 'യഥാര്‍ഥ ഇന്ത്യക്കാരന്‍ അല്ലെന്ന സന്ദേശമാണ് അവര്‍ നമുക്കു തരുന്നത്. 24 മണിക്കൂറുമുള്ള വാര്‍ത്താ ചാനലുകള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതായി മറ്റൊന്നുമില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്.
'ഉപവാസ സമരം എന്നാല്‍ മണിപ്പൂരില്‍ വെറും സംശയത്തിന്റെ പേരില്‍ കൊല്ലാനുള്ള പട്ടാളക്കാരുടെ പ്രത്യേകാധികാര നിയമത്തിനെതിരെ പത്തു വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന ഇറോം ഷര്‍മിളയുടെ സമരമല്ല (ഇപ്പോള്‍ അവര്‍ക്കു നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയാണ്). ആണവനിലയത്തിനെതിരെ കൂടംകുളത്തു പതിനായിരം ഗ്രാമീണര്‍ നടത്തുന്ന റിലേ നിരാഹാരവുമല്ല. 'ജനങ്ങള്‍ എന്നാല്‍ ഇറോം ഷര്‍മിളയെ പിന്തുണയ്ക്കുന്ന മണിപ്പൂരിലെ ജനതയല്ല. ജഗത്സിങ്പൂര്‍ , കലിംഗനഗര്‍ , നിയാമഗിരി, ബസ്തര്‍ , ജയ്താപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സായുധ പൊലീസിന്റെയോ ഖനിലോബിയുടെയോ തോക്കിന്‍മുനയിലുള്ള ജനതയുമല്ല. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകളോ നര്‍മദ താഴ്വരയില്‍ കുടിയിറക്കപ്പെട്ടവരോ അല്ല. നോയിഡയിലോ പുണെയിലോ ഹരിയാനയിലോ ഭൂമി ഏറ്റെടുക്കലിനെ ചെറുക്കുന്ന കര്‍ഷകരുമല്ല. 'ജനങ്ങള്‍ എന്നാല്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയില്ലെങ്കില്‍ മരണം വരെ ഉപവാസം പ്രഖ്യാപിച്ച എഴുപത്തിനാലുകാരന്റെ സമരാഘോഷം കാണാന്‍ എത്തുന്നവര്‍ മാത്രം! പതിനായിരക്കണക്കിനു വരുന്ന ഈ 'ജനങ്ങളെ ചാനലുകള്‍ ജാലവിദ്യയിലൂടെ ദശലക്ഷങ്ങളാക്കുന്നു. എന്നിട്ടു നമ്മോടു പറയുന്നു: 'നൂറുകോടി പേര്‍ പറയുന്നു: ഇന്ത്യയെന്നാല്‍ അണ്ണാ.
യഥാര്‍ഥത്തില്‍ ആരാണിദ്ദേഹം? ഈ പുതിയ പുണ്യാളന്‍ ? ജനങ്ങളുടെ ശബ്ദം? അടിയന്തരശ്രദ്ധ ആവശ്യമുള്ള സംഗതികളെപ്പറ്റി ഇദ്ദേഹം ഒന്നും പറയുന്നതായി നാം കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പ്രദേശത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ അകലെയുള്ള ഓപ്പറേഷന്‍ ബ്ലൂഹണ്ടിനെക്കുറിച്ചോ ഒന്നും പറയുന്നതായി കേട്ടിട്ടില്ല. സിംഗൂര്‍ , നന്ദിഗ്രാം, ലാല്‍ഗഡ്, പോസ്കോ, കര്‍ഷക സമരങ്ങള്‍ , പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും ഒരു വാക്കുമില്ല. മധ്യ ഇന്ത്യയിലെ വനങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിനു പ്രത്യേക കാഴ്ചപ്പാടൊന്നും ഉള്ളതായി തോന്നുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും രാജ് താക്കറെയുടെ മറാഠി വാദത്തെ ഇദ്ദേഹം അനുകൂലിക്കുന്നു. ഗുജറാത്തില്‍ 2002ല്‍ മുസ്ലിം കൂട്ടക്കൊലയ്ക്കു മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ 'വികസന മാതൃകയെ അദ്ദേഹം വാഴ്ത്തുന്നു (വന്‍ പ്രതിഷേധത്തെ തുടര്‍ന്നു പ്രസ്താവന പിന്‍വലിച്ചെങ്കിലും ഹസാരെയുടെ ആരാധന കുറഞ്ഞതായി തോന്നുന്നില്ല.)
ഈ ആരവങ്ങള്‍ക്കിടയിലും വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ പത്രപ്രവര്‍ത്തനം നടത്തി. ആര്‍എസ്എസുമായി ഹസാരെയ്ക്കുള്ള പഴയ ബന്ധം നമുക്കിപ്പോള്‍ അറിയാം. റെലെഗന്‍ സിദ്ധിയെന്ന ഹസാരെയുടെ ഗ്രാമം എങ്ങനെയാണെന്ന് അതിനെക്കുറിച്ചു പഠിച്ച മുകുള്‍ ശര്‍മയിലൂടെ നാം കേട്ടു. അവിടെ 25 വര്‍ഷമായി ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പോ കോ-ഓപറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പോ നടന്നിട്ടില്ല. ദലിതരോടു ഹസാരെയുടെ സമീപനം നമുക്കറിയാം. 'ഓരോ ഗ്രാമത്തിലും ഒരു ചമാര്‍ (ചെരുപ്പുകുത്തി), ഒരു സുനാര്‍ (കൊല്ലന്‍ ), ഒരു കുംഹാര്‍ (കുശവന്‍ ) എന്നിങ്ങനെ വേണമെന്നതു ഗാന്ധിജിയുടെ കാഴ്ചപ്പാടാണ്. അവരെല്ലാം അവരവര്‍ക്കു പറഞ്ഞിട്ടുള്ള ജോലിചെയ്യുകയും അങ്ങനെ ഗ്രാമം സ്വയംപര്യാപ്തമാവുകയും ചെയ്യും. ഇതാണു ഞങ്ങള്‍ റെലെഗന്‍ സിദ്ധിയില്‍ നടപ്പാക്കുന്നത്. ഹസാരെ സംഘാംഗങ്ങള്‍ യൂത്ത് ഫോര്‍ ഇക്വാലിറ്റിയുമായും സംവരണ വിരുദ്ധ (മെറിറ്റ് അനുകൂല) മുന്നേറ്റവുമായും കൈകോര്‍ക്കുന്നത് അദ്ഭുതം തന്നെ!
നിര്‍ലോഭം പണം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളെ (എന്‍ജിഒ) നിയന്ത്രിക്കുന്നവരാണു ഹസാരെയുടെ സമരത്തിനു നേതൃത്വംനല്‍കുന്നത്. ഇവര്‍ക്കു പണം നല്‍കുന്നവരില്‍ കോക്കകോളയും ലേമാന്‍ ബ്രദേഴ്സുമെല്ലാം ഉള്‍പ്പെടും. ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് ഖെജ് രിവാളും മനീഷ് സിസോഡിയയും നടത്തുന്ന കബീര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഫോഡ് ഫൌണ്ടേഷനില്‍ നിന്നു നാലു ലക്ഷം ഡോളര്‍ (18 കോടി രൂപ) ആണു സ്വീകരിച്ചത്. ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷനു സംഭാവന നല്‍കിയവരില്‍ അലൂമിനിയം പ്ലാന്റുകളുടെ ഉടമസ്ഥര്‍ , തുറമുഖനിര്‍മാണം, സെസ്, റിയല്‍എസ്റ്റേറ്റ് തുടങ്ങിയവയെല്ലാമുള്ള കമ്പനികളും ഫൌണ്ടേഷനുകളുമുണ്ട്. സഹസ്രകോടികളുടെ സാമ്പത്തിക സാമ്രാജ്യങ്ങളുള്ള രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളവരുമാണ് ഇവര്‍ . അഴിമതിയുടെയും മറ്റു കുറ്റങ്ങളുടെയും പേരില്‍ ഇവരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍തന്നെ അന്വേഷണം നടക്കുന്നുമുണ്ട്. ഇവര്‍ക്കെല്ലാം ഇതില്‍ എന്താണ് ഇത്ര താല്‍പര്യം?
വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ രഹസ്യങ്ങള്‍ പലതും പുറത്താവുകയും മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും വന്‍കിട കമ്പനികളും കോണ്‍ഗ്രസിലെയും ബിജെപിയിലെയും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ പലരും ബന്ധപ്പെടുകയും നൂറായിരം കോടിയിലേറെ പൊതുഖജനാവിനു നഷ്ടപ്പെടുകയും ചെയ്ത 2ജി ഉള്‍പ്പെടെ വന്‍ അഴിമതിക്കഥകള്‍ പുറത്തുവരികയും ചെയ്ത സമയത്താണു ജനലോക്പാല്‍ ബില്‍ ക്യാംപയിന്‍ സജീവമായത് എന്ന് ഓര്‍ക്കുക. ഇതാദ്യമായി, മാധ്യമപ്രവര്‍ത്തകര്‍ ഇടനിലക്കാരുടെ വേഷത്തില്‍ അപമാനിതരായി. ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ ചിലതിന്റെ മേധാവികള്‍ ജയിലിലെത്തുന്ന സ്ഥിതിയായി. അഴിമതിവിരുദ്ധ സമരത്തിനു പറ്റിയ സമയം, അല്ലേ?
സര്‍ക്കാര്‍ അതിന്റെ പരമ്പരാഗത ചുമതലകളില്‍ നിന്നു (ജലവിതരണം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) പിന്മാറുകയും ഇവ കോര്‍പറേഷനുകളും എന്‍ജിഒകളും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കാലത്ത്, ഭയാനകമായ കരുത്തും സാന്നിധ്യവുമുള്ള മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ സങ്കല്‍പങ്ങളെ പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്, ലോക്പാലിന്റെ പരിധിയില്‍ ഈ സ്ഥാപനങ്ങളും (എന്‍ജിഒകളും കമ്പനികളും മാധ്യമങ്ങളും) ഉള്‍പ്പെടേണ്ടതല്ലേ എന്ന് ഏതൊരാളും ആലോചിക്കും. പക്ഷേ, നിര്‍ദേശിക്കപ്പെട്ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായി ഒഴിവാക്കുന്നതാണ്.
ഇപ്പോള്‍ , മറ്റെല്ലാവരെക്കാളും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ നിലവാരത്തകര്‍ച്ചയും തുടച്ചുനീക്കാന്‍ രംഗത്തിറങ്ങുകയും ചെയ്യുന്നവര്‍ വളരെ കൌശലപൂര്‍വം തങ്ങളെ ഈ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നു. മാത്രമല്ല, ഏറ്റവും മോശക്കാരായി സര്‍ക്കാരിനെ മാത്രം മുദ്രകുത്തുന്നതിലൂടെ, രണ്ടാംഘട്ട സാമ്പത്തിക പരിഷ്കാര വേളയില്‍ കൂടുതല്‍ പൊതുസേവന മേഖലകളില്‍ നിന്നു പിന്മാറാനുള്ള അവസരമാണ് ഇവര്‍ സര്‍ക്കാരിനു നല്‍കുന്നത് എന്നതാണ് ഏറ്റവും സങ്കടകരം. സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ അഴിമതി നിയമാനുസൃതമാവുകയും ലോബിയിങ് ഫീ എന്നു പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.
ദിവസം 20 രൂപ കൊണ്ടു ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക്, ഒരുപറ്റം നയങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ എന്തു ഗുണമാണുള്ളത്. അതീവ ഗുരുതരമായ ഈ പ്രതിസന്ധി ഉണ്ടായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയം മൂലമാണ്. ഇവിടെ നിയമനിര്‍മാണം നടത്തേണ്ടവര്‍ ക്രിമിനലുകളും കോടീശ്വരന്മാരായ രാഷ്ട്രീയക്കാരുമായി. അവര്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതു നിര്‍ത്തി. രാജ്യത്തെ ഒരു ജനാധിപത്യസ്ഥാപനം പോലും സാധാരണക്കാരനു പ്രാപ്യമല്ലാതായി. ഈ പതാകവീശല്‍ കണ്ടു വിഡ്ഢികളാകരുത്. മേല്‍ക്കോയ്മയ്ക്കായുള്ള യുദ്ധത്തിലേക്കു നമ്മുടെ രാജ്യം വീഴുന്നതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന യുദ്ധംപോലെ ഗുരുതരമാണത്; അതിനെക്കാള്‍ വളരെ വളരെ പ്രത്യാഘാതമുണ്ടാക്കുന്നതും.



അരുന്ധതി റോയി ഇന്നലെ ഹിന്ദു ദിനപത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനം ഇന്നത്തെ മലയാള മനോരമ പത്രം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു.(അദ്ഭുതം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒരു കച്ചിത്തുരുമ്പു കിട്ടിയാലും മനോരമ അതേപ്പിടിക്കും. അല്ലാതെ അരുന്ധതിയുടെ ഒരു നിലപാടിനോടും യോജിപ്പില്ലാത്ത മനോരമ അവരുടെ ലേഖനം പ്രസിദ്ധീകരിക്കാനോ)

Saturday, 20 August 2011

പത്മനാഭസ്വാമി ക്ഷേത്രവും ധനശേഖരവും

സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ ഇന്നത്തെ തേജസ് ദിനപത്രത്തിലെഴുതിയ ലേഖനമാണിത്.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരത്തെക്കുറിച്ചും ക്ഷേത്രത്തെ സംബന്ധിച്ചും അതിശയോക്തിപരവും അടിസ്ഥാനരഹിതവുമായ റിപോര്‍ട്ടുകളും ലേഖനങ്ങളും കെട്ടുകഥകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ തന്റെ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് അടിയറവച്ചു സ്വയം പത്മനാഭദാസനായി മാറിയത് എന്തോ മഹദ്കൃത്യമായാണു വാഴ്ത്തപ്പെടുന്നത്. തിരുവിതാംകൂറില്‍ ജാതിവിവേചനം അതിന്റെ ഏറ്റവും ക്രൂരതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആര്യബ്രാഹ്മണരുടെ ഗൂഢതന്ത്രത്തിന് ആ കൃത്യത്തിലൂടെ വാസ്തവത്തില്‍ മാര്‍ത്താണ്ഡവര്‍മ വിധേയനാവുകയാണുണ്ടായത്. എന്തിനേറെ, എട്ടുവീട്ടില്‍പിള്ളമാരെ പരാജയപ്പെടുത്തുന്നതിനും കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പോലും പരാജയപ്പെടുത്തുന്നതിനും മാര്‍ത്താണ്ഡവര്‍മയ്ക്കുവേണ്ടി പട നയിച്ച അനന്തപത്മനാഭന്‍ നാടാരെയും അദ്ദേഹത്തിന്റെ സഹായിയായ ഓട്ടനെന്ന മുണ്ടന്‍ സ്വാമിയെയും ജാതിക്കുശുമ്പന്മാര്‍ ചതിച്ചുകൊലപ്പെടുത്തിയപ്പോള്‍ മൌനംപാലിച്ച് ഒഴിഞ്ഞുമാറിയ മാര്‍ത്താണ്ഡവര്‍മയെ തന്നെയാണ്, രഹസ്യ അറകളിലെ ധനശേഖരത്തെക്കുറിച്ചു തങ്ങളുടെ മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ഇവിടത്തെ അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിയെ ബ്രഹ്മസ്വങ്ങളുടെയും ദേവസ്വങ്ങളുടെയും പേരില്‍ കൈക്കലാക്കിയ ആര്യബ്രാഹ്മണര്‍ മാര്‍ത്താണ്ഡവര്‍മയെക്കൊണ്ടു തിരുവിതാംകൂറിനെ ആകെ പത്മനാഭസ്വാമിയുടെ കാല്‍ക്കല്‍ അടിയറവയ്പിച്ചുകൊണ്ട്, തങ്ങളുടെ അധിനിവേശം ഊട്ടിയുറപ്പിക്കുകയാണു ചെയ്തത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഹൈന്ദവക്ഷേത്രമായതുകൊണ്ട് അവിടെ കണ്ടെത്തിയ ധനശേഖരം ഹൈന്ദവരുടെ മാത്രം വകയാണെന്നു വാദിക്കുന്നവരുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതു ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നു പ്രസ്താവനയിറക്കിയതിന്റെ അടുത്തദിവസം എന്‍.എസ്.എസ് നേതാവ് പി കെ നാരായണപ്പണിക്കര്‍, ക്ഷേത്രത്തിലെ നിധി കണ്ട് ആരും കൊതിക്കേണ്ടെന്നു പ്രസ്താവിച്ചു. രാജകൊട്ടാരത്തിനും കൊട്ടാരത്തിന്റെ ആശ്രിതര്‍ക്കും മാത്രമുള്ളതാണ് നിധിയെന്നു പണിക്കര്‍ അര്‍ഥമാക്കുന്നുണ്ടോയെന്ന് അറിയില്ല. പത്മനാഭക്ഷേത്രം എന്നുമുതലാണ് ഹിന്ദുക്ഷേത്രമായി മാറിയതെന്ന് അന്വേഷിക്കാന്‍ ഹിന്ദുത്വവാദം ഉന്നയിക്കുന്നവരാരും മെനക്കെടുന്നില്ല. കേരളത്തിലെയും പഴയ തിരുവിതാംകൂറിലെയും നിലവിലുള്ള ഹൈന്ദവക്ഷേത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് ബൌദ്ധ-ജൈനക്ഷേത്രങ്ങളായിരുന്നുവെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ബൌദ്ധ-ജൈനക്ഷേത്രങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ വില്വമംഗലം സ്വാമിക്ക് പ്രധാന പങ്കുണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ആ വില്വമംഗലം സ്വാമിതന്നെയാണു പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും വില്ലനെന്ന് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള റിപോര്‍ട്ടുകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും കെട്ടുകഥകളില്‍നിന്നും വ്യക്തമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള ബൌദ്ധ-ജൈന പാരമ്പര്യം ചരിത്രരേഖകളില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇളങ്കോവടികളാല്‍ രചയിതമായ ചിലപ്പതികാരത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.
ക്ഷേത്രത്തിനും ക്ഷേത്രസമ്പത്തിനും ചേര-ബുദ്ധമത കാലഘട്ടത്തിന്റേതായ സംഭാവന ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. ഈയടുത്ത ദിവസങ്ങളില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കുടുംബത്തിനു ചേരരാജവംശവുമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയും തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ, അശോക ചക്രവര്‍ത്തിയുടെ സ്വാധീനത്തിനു വിധേയനായിരുന്നുവെന്നു പ്രസ്താവിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ കാലക്രമത്തില്‍ ആര്യബ്രാഹ്മണര്‍ ഒരുക്കിയ കെണിയില്‍ വീണുപോവുകയും അവര്‍ ഇവിടെ അടിച്ചേല്‍പ്പിച്ച ജാതിവ്യവസ്ഥയുടെയും ജാതിവിവേചനത്തിന്റെയും കാവലാളാവുകയും ചെയ്തു. അതിനുശേഷം വന്ന തിരുവിതാംകൂര്‍ രാജാക്കന്മാരും അതുതന്നെ തുടര്‍ന്നു. അതാണ് ഇടത്-വലത് ബുദ്ധിജീവികള്‍ സാംസ്കാരികനായകനായി വാഴ്ത്തുന്ന സ്വാതിതിരുനാളിന്റെ കാലത്ത് ആധുനിക ഇന്ത്യന്‍ സാമൂഹികപരിവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കപ്പെടേണ്ടുന്ന വൈകുണ്ഠസ്വാമികളെ തിരുവനന്തപുരത്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ചത്. ജാതിവ്യവസ്ഥയും ജാതിമേല്‍ക്കോയ്മയും അടിച്ചേല്‍പ്പിച്ച ആര്യബ്രാഹ്മണരെ കരിംനീചരെന്നും അവര്‍ക്കു സംരക്ഷണം നല്‍കുന്ന തിരുവിതാംകൂര്‍ മഹാരാജാവിനെ അനന്തപുരിനീചനെന്നും ജാതിമേല്‍ക്കോയ്മയ്ക്കും മഹാരാജാവിനും സംരക്ഷണം നല്‍കുന്ന ബ്രിട്ടീഷുകാരെ വെണ്‍നീചരെന്നും വിളിക്കാനുള്ള തന്റേടം വൈകുണ്ഠസ്വാമികള്‍ പ്രകടിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് 'മതിലകം' രേഖകളില്‍ പറയുന്നത് ക്ഷേത്രത്തിന്റെ ആര്യവല്‍ക്കരണം നടന്നതിനുശേഷമുള്ള ചരിത്രമാണ്. അതിനു മുമ്പുതന്നെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും ക്ഷേത്രത്തിനുണ്ടായിരുന്നു. ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടബന്ധം ഉണ്ടായിരുന്നു.പൌരാണികകാലത്ത് ആരംഭിച്ച ഈ വ്യാപാരം അളവറ്റ സമ്പത്തിന്റെ കലവറയായി രാജ്യത്തെ മാറ്റിത്തീര്‍ത്തിട്ടുണ്ടാവുമെന്ന ചിന്ത തികച്ചും സ്വാഭാവികമാണ്. അതുപോലെ തന്നെ സമ്പത്ത് ഏതേതെല്ലാം നിക്ഷേപപ്പുരകളിലായി കൂട്ടിവച്ചിരിക്കുന്നുവെന്ന് അറിയാനുള്ള ആഗ്രഹവും. ആ അന്വേഷകരെ അദ്ഭുതസ്തബ്ധരാക്കുന്ന കണ്ടെത്തലുകളാണ് നമുക്കു മുന്നില്‍. ആ പ്രാചീന സമ്പദ്ശേഖരത്തില്‍ കുറച്ചെങ്കിലും അവശേഷിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരം. പത്മനാഭസ്വാമി ക്ഷേത്രവും അവിടത്തെ ധനശേഖരവും ഇന്നത്തെ ദലിത്-പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണെന്ന് ഡോ. എം എസ് ജയപ്രകാശ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. ചേരരാജാക്കന്മാരും ആയ്രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ് ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്ഥാനപ്പേരായിരുന്നു.
ബുദ്ധമതത്തെയും ചേരസംസ്കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യശക്തികള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ നവക്ഷത്രിയരാക്കി വര്‍മയെന്ന സ്ഥാനപ്പേരും നല്‍കി. പിന്നീട് ഇവിടെ ദര്‍ശിച്ചത് ജാതിമേല്‍ക്കോയ്മ യുടെ നഗ്നതാണ്ഡവമായിരുന്നു. ബ്രാഹ്മണര്‍ക്കും നവക്ഷത്രിയരായി മാറിയ നായന്മാര്‍ക്കും നികുതികളൊന്നും കൊടുക്കേണ്ടതില്ലായിരുന്നു. അതിനു പകരം ആര്യമേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറല്ലാതിരുന്ന അധഃസ്ഥിത-പിന്നാക്കസമുദായങ്ങളില്‍നിന്നു നൂറുകണക്കിനു നികുതികള്‍ പിരിക്കാന്‍ തുടങ്ങി. ഡോ. കെ രാജയ്യന്‍, നാടാര്‍ ചരിത്രരഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍, നാടാര്‍ സമുദായാംഗങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന മുന്നൂറ്റിപ്പതിനേഴ് കരങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള കരങ്ങള്‍ ഈഴവരാദി പിന്നാക്ക-അധഃസ്ഥിത സമുദായങ്ങളില്‍നിന്നും പിരിച്ചു. തീരപ്രദേശത്തു മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയ്ക്ക് കരം ചുമത്തി വലക്കരം പിരിച്ചു. 'പ്രജാക്ഷേമതല്‍പ്പരരെ'ന്നു കൊട്ടിഘോഷിക്കപ്പെടുന്ന മഹാരാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലല്ലാതെ ലോകത്തു മറ്റൊരിടത്തും മനുഷ്യന്റെ ഓരോ അവയവത്തിനും കരം ചുമത്തിയിരുന്നില്ല. ക്ഷേത്രത്തിലെ രഹസ്യഅറകളില്‍നിന്നു കണ്ടെടുത്ത ധനശേഖരം ആര്യവല്‍ക്കരണപ്രക്രിയ നടക്കുന്നതിനു മുമ്പ് ആര്‍ജിച്ച സമ്പത്തിനോടൊപ്പം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധഃസ്ഥിത-പിന്നാക്ക സമുദായങ്ങളില്‍നിന്നു പിഴിഞ്ഞെടുത്ത നികുതിപ്പണവും കൂടി ചേര്‍ന്നതാണെന്നു കാണാന്‍ പ്രയാസമില്ല.
ശ്രീപത്മനാഭസ്വാമിക്കു സമര്‍പ്പിച്ച കാണിക്കയാണ് ഈ ധനശേഖരമെന്ന വാദത്തിനു കഴമ്പില്ല. ഈ രഹസ്യഅറകള്‍ വാസ്തവത്തില്‍ രാജകീയ ഭരണകൂടത്തിന്റെ രഹസ്യ ഖജനാവ് തന്നെ ആയിരുന്നുവെന്നതാണു സത്യം. രാജഭരണവുമായി ബന്ധപ്പെട്ട അധികം പ്രവര്‍ത്തനങ്ങളും നടന്നിരുന്നത് ക്ഷേത്രത്തിന്റെ വളപ്പില്‍ത്തന്നെ ആയിരുന്നുവെന്നുള്ളതും വ്യക്തമാണ്.ഇത്രയും കാലം ധനശേഖരം ഒരു ചോര്‍ച്ചയും കൂടാതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മാഹാത്മ്യത്തെ വാഴ്ത്തുന്നതാണ് മറ്റൊരു പ്രവണത. ഈ ധനശേഖരത്തെ ഒരു ചോര്‍ച്ചയുമില്ലാതെയാണു കാത്തുസൂക്ഷിച്ചതെന്ന് ആര്‍ക്കാണ് ആധികാരികമായി പറയാന്‍ കഴിയുന്നത്? 1949ല്‍ തിരു-കൊച്ചി സംയോജന കരാറുണ്ടായപ്പോള്‍ ക്ഷേത്രത്തിലെ രഹസ്യ അറകളെക്കുറിച്ചും അതിലുള്ള ധനശേഖരത്തെക്കുറിച്ചും ശ്രീചിത്തിരതിരുനാള്‍ വെളിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍, ക്ഷേത്രത്തിലെ രഹസ്യഅറകളെയും ധനശേഖരത്തെയും കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മഹാനാണ് ശ്രീ ചിത്തിരതിരുനാള്‍. 1976ല്‍ രേവതിതിരുനാള്‍ ബാലഗോപാലവര്‍മ തിരുവനന്തപുരം സബ്കോടതിയില്‍ 253ാം നമ്പറായി ഫയല്‍ ചെയ്ത ഭാഗകേസില്‍ ശ്രീ ചിത്തിരതിരുനാള്‍ സമര്‍പ്പിച്ച പത്രികയില്‍, താന്‍ കൈവശംവച്ചിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ പട്ടിക നല്‍കിയിട്ടുണ്ട്. കൊട്ടാരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ ഒക്കെയും പരമാധികാരിയായ ഭരണാധികാരി എന്ന നിലയില്‍ സ്വന്തമായി നിലനിര്‍ത്തിയതാണെന്നു പറയുന്നു. അതിലൊരിടത്തും ക്ഷേത്രമോ അതിനെ ബന്ധിക്കുന്ന സ്വത്തുക്കളോ പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, 1990ല്‍ ഒറ്റക്കല്‍മണ്ഡപം സ്വര്‍ണംപൂശിയെന്നും അതിനായി 500 കിലോ സ്വര്‍ണം എടുത്തുവെന്നുമാണ് അനൌദ്യോഗികമായി പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ സ്വര്‍ണം എവിടെനിന്നെടുത്തുവെന്നും നിലവറകളില്‍നിന്നാണോ എടുത്തതെന്നും അത്രയും മാത്രമേ എടുത്തുള്ളുവോയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് നിലവറയിലെ വസ്തുക്കളുടെ കണക്ക് തയ്യാറാക്കപ്പെട്ടിട്ടുണ്െടന്നാണ് അശ്വതിതിരുനാള്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍, ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ആ ലിസ്റ്റ് ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നടന്നുകഴിഞ്ഞതും ഇനി നടക്കാന്‍പോവുന്നതുമായ കണക്കെടുപ്പ് ശരിയായ ദിശയിലെത്തണമെങ്കില്‍ നേരത്തേ തയ്യാറാക്കപ്പെട്ട കണക്കുമായി ഒത്തുനോക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, അതിനു സഹായകമായ നിലപാടല്ല രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുമുള്ളത്.

Friday, 19 August 2011

സി അയ്യപ്പനും ജോണ്‍സണിനും ആദരാഞ്ജലികള്‍

കഥാകൃത്ത് പ്രഫ. സി. അയ്യപ്പന്‍ അന്തരിച്ചു

കൊച്ചി: ദലിത് സാഹിത്യത്തിനു പുതുഭാഷ്യം  രചിച്ച പ്രഫ. സി. അയ്യപ്പന്‍ (65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പച്ചാളം ശ്മശാനത്തില്‍. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദലിത് ജീവിതത്തെ എല്ലാ സ്വാഭാവികതകളോടെയും ആവിഷ്കരിച്ച സാഹിത്യകാരനായിരുന്നു പ്രഫ. സി. അയ്യപ്പന്‍.
മലയാള സാഹിത്യത്തിന്റെ എന്നപോലെതന്നെ മലയാളനാടിന്റെയും ആധുനികതയുടെ ഭിന്നമുഖങ്ങളെ അടയാളപ്പെടുത്തുന്നവയായി അദ്ദേഹത്തിന്റെ കഥകള്‍. കേരള സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം കഥകളിലൂടെ അദ്ദേഹം വിളിച്ചുപറഞ്ഞു. നാടിനെക്കുറിച്ച് എഴുതുക എന്നതു മാത്രമല്ല, താന്‍ അടുത്തറിഞ്ഞ നാടുകളിലെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും ദലിത് കാഴ്ചവട്ടത്തിലൂടെ വിവരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
അറുപതുകളില്‍ എഴുത്തിന്റെ ലോകത്തെത്തിയ അദ്ദേഹം ചെറുകഥകള്‍ മാത്രമേ രചിച്ചിട്ടുള്ളൂ. 'പകല്‍ ഒരാധിപോലെയാണ്, സന്ധ്യയില്‍ സാന്ത്വനം തുടങ്ങുന്നു എന്നെഴുതിയ പ്രഫ. സി. അയ്യപ്പന്‍ രാത്രിയില്‍ കഥകളിയില്‍ മുഴുകാന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ അതിന്റെ നാടോടി അംശം മാത്രമാണു തന്നെ വശീകരിച്ചതെന്നും വിശദീകരിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 1986ല്‍ പ്രസിദ്ധീകരിച്ച 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍,  2003ല്‍ പുറത്തിറക്കിയ 'ഞണ്ടുകള്‍, പെന്‍ഗ്വിന്‍ ബുക്സുമായി ചേര്‍ന്ന് മലയാള മനോരമ 2008ല്‍ പ്രസിദ്ധീകരിച്ച 'സി. അയ്യപ്പന്റെ കഥകള്‍ എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍.
അദ്ദേഹത്തിന്റെ എല്ലാ കഥകളും ഉള്‍പ്പെടുന്നതാണ് 'സി. അയ്യപ്പന്റെ കഥകള്‍. പെരുമ്പാവൂരിനടുത്തു കീഴില്ലത്ത് മാണിക്യപ്പറമ്പില്‍ ചോതിയുടെയും കുറുമ്പയുടെയും മകനായ അയ്യപ്പന്‍ ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1978 മുതല്‍ സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു. തിരൂര്‍ ഗവണ്‍മെന്റ് കോളജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു.
സാഹിത്യകാരനും മുന്‍ രാജ്യസഭാംഗവുമായ പരേതനായ ടി.കെ.സി. വടുതലയുടെ മകള്‍ ലളിതയാണു ഭാര്യ. ഏകമകള്‍: ഐശ്വര്യ (പ്ളസ് വണ്‍ വിദ്യാര്‍ഥിനി, എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).

ജോണ്‍സണ്‍ അന്തരിച്ചു

ചെന്നൈ: മലയാളികള്‍ക്ക് ഇമ്പമേറിയ നിരവധി മധുരഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാട്ടുപാക്കത്തെ വീട്ടില്‍ നിന്ന് പോരൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്‍റണിയുടെയും മേരിയുടെയും മകനാണ്. ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറിനുള്ള ഫൈ്‌ളറ്റില്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം അവിടെ നടക്കും.
ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടിങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. 1978-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീത സംവിധായകനാവുന്നത്. '81-ല്‍ പുറത്തിറങ്ങിയ, സില്‍ക്ക് സ്മിത നായികയായ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിന് ഈണം നല്കി. 1980-ല്‍ സംഗീതം നിര്‍വഹിച്ച 'തകര'യിലെയും 'ചാമര'ത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ കേരളക്കരയില്‍ ചിരപ്രതിഷ്ഠനാക്കി.
സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ 'ആടി വാ കാറ്റേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പ്പകാലം സംഗീതസംവിധാനരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്ന ജോണ്‍സണ്‍ 2006-ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വേണ്ടത്ര ജ്വലിച്ചുനില്‍ക്കാനായില്ല. ഇതിനിടയില്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതം നിര്‍വഹിച്ചു.
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
സി അയ്യപ്പനും ജോണ്‍സണിനും കേരള കഫേയുടെ ആദരാഞ്ജലികള്‍ 
സി. അയ്യപ്പന്‍: ആത്മാഭിമാനത്തിനായുള്ള കരച്ചില്‍
ഡോ. എം.ബി. മനോജ് (സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി. യൂനിവേഴ്സിറ്റി) ഇന്നത്തെ മാധ്യമം ദിനപത്രത്തില്‍ അയ്യപ്പന്റെ സാഹിത്യസപര്യയെ വിലയിരുത്തി എഴുതിയ അനുസ്മരണമാണു താഴെ:
സ്വാതന്ത്ര്യത്തെ കഥാലോകത്ത് നവമായി സ്ഥാനപ്പെടുത്തിയ കഥാകാരനാണ് സി. അയ്യപ്പന്‍. തൊണ്ണൂറുകള്‍ക്കുശേഷം വികസിതമായ നവ ദലിതെഴുത്ത് ലോകത്തിലാണ് സവിശേഷ ശ്രദ്ധനേടിയ എഴുത്തുകാരനായി അദ്ദേഹം മാറിത്തീര്‍ന്നത്. പ്രത്യേകിച്ചും 1997ലെ ഭാഷാപോഷിണിയുടെ ആഗസ്റ്റ് ലക്കം ദലിത് സാഹിത്യപ്പതിപ്പ് അശ്രദ്ധകൊണ്ട് മൂടിപ്പോയ ഒരു പ്രധാന കഥാകാരന്റെ തിരിച്ചുവരവായിരുന്നു.
കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ഡോ. വി.സി. ഹാരിസ്, ഡോ. ടി.എം. യേശുദാസന്‍ തുടങ്ങിയവര്‍ തൊണ്ണൂറുകളില്‍ സി. അയ്യപ്പന്‍െറ കഥകളുടെ പ്രാധാന്യത്തെ തിരിച്ചറിയുകയുണ്ടായി. ഡോ. വി.സി. ഹാരിസ്, ഇന്ത്യന്‍ ലിറ്ററേച്ചറില്‍ ഇദ്ദേഹത്തിന്റെ ‘പ്രേതഭാഷണം’ എന്ന കഥയെ സ്പെക്ട്രല്‍ സ്പീച്ച് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഇത് മലയാള കഥാഘടനയിലുണ്ടായ ശക്തമായ ഒരു ദിശാനിര്‍ണയമായിരുന്നു.
മലയാളത്തിലെ ദലിതെഴുത്തിനെ സ്ഥാനപ്പെടുത്തുന്ന ഉറപ്പാര്‍ന്ന കഥകളുടെ രചയിതാവാണ് സി. അയ്യപ്പന്‍. 1985ല്‍ ഇദ്ദേഹത്തിന്‍െറ ‘ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍’ എന്ന കഥാസമാഹാരം പുറത്തുവന്നു. ആധുനിക സാഹിത്യത്തിന്റെ വ്യത്യസ്ത ലോകം മലയാളത്തില്‍ തുറക്കപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹത്തെ കഥ നിരൂപകരാല്‍ ശ്രദ്ധിക്കപ്പെട്ടില്ല. 2006ല്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലേക്ക് ദീര്‍ഘമായ ഒരു അഭിമുഖം അദ്ദേഹവുമായി ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി.
തന്റെ ജീവിതവും സമൂഹത്തിന്‍െറ പ്രതിസന്ധികളും സാഹിത്യത്തിന്റെ ഭിന്നമുഖങ്ങളും രേഖപ്പെടുത്താന്‍ അന്ന് സാധിക്കുകയുണ്ടായി. പ്രധാനമായും ആധുനിക സാഹിത്യം ദലിതരെയും കീഴാളരെയും കാര്യമായി പരിഗണിക്കുന്നില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. വിഴുപ്പാര്‍ന്ന പാറയിലൂടെ കയറുന്നതിന്‍െറ അത്രയും ദുഷ്കരമാണ് ആധുനിക കലാ ജീവിതം എന്ന് അദ്ദേഹം പറയുന്നുണ്ട്.
കേരളംപോലെയുള്ള സമൂഹത്തില്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത അതിസൂക്ഷ്മമായതും, പ്രത്യക്ഷവും പരോക്ഷവുമായി കൂടിക്കലര്‍ന്ന ഇഴപിരിക്കാനോ കണ്ടെത്താനോ കഴിയാത്തവിധം കുരുക്കുകളുടേതുമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയില്‍ 1946ല്‍ ജനിച്ച അദ്ദേഹം തന്റെ മഹാരാജാസ് കോളജ് കാലഘട്ടത്തിലാണ് ആദ്യമായി നഗരത്തിലെത്തുന്നത്.
തികച്ചും നിശ്ശബ്ദമായ ഒരു ലോകത്തിലൂടെയുള്ള യാത്രയായിരുന്നു പ്രഫ. സി. അയ്യപ്പന്റേത്. വിവിധ ഗവ. കോളജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും ചെയ്ത സേവനങ്ങള്‍ക്കൊപ്പം ക്ളാസിക്കല്‍ കലാരൂപമായ കഥകളി പഠിപ്പിക്കുന്നതിലുള്ള പ്രത്യേക താല്‍പര്യത്തോടൊപ്പം സമൂഹത്തിന്റെ വ്യതിയാനങ്ങളെ നോക്കിക്കാണുക എന്ന ഒരെഴുത്തുകാരന്റെ അടിസ്ഥാന ധാരയില്‍നിന്നും അദ്ദേഹം വഴിമാറിയിരുന്നില്ല. ഏതാണ്ട് 20 വര്‍ഷത്തോളം നീണ്ട രോഗാതുരമായ ജീവിതം എഴുത്തിന്റെ എണ്ണത്തിലെ കുറവിന് കാരണമാക്കിയിട്ടുണ്ട്. അതേസമയം, അയ്യപ്പന്റെ കഥകളുടെ പ്രസക്തി വര്‍ത്തമാന സമൂഹത്തില്‍ ഏറിവരുകയായിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഞണ്ടുകള്‍’, പെന്‍ഗ്വിന്‍-മനോരമ പ്രസിദ്ധീകരണങ്ങള്‍ സംയുക്തമായി പ്രസിദ്ധീകരിച്ച ‘സി. അയ്യപ്പന്‍െറ കഥകള്‍’ തുടങ്ങിയവ ഗവേഷണപരമായും യൂനിവേഴ്സിറ്റി പാഠ്യപദ്ധതികളിലും സ്ഥാനം നേടിയിട്ടുണ്ട്. ‘ദലിത്’ എന്ന നാമധേയത്തെ ഏറെ പ്രാധാന്യത്തോടെ അദ്ദേഹം കണ്ടിരുന്നു.
ചിതറപ്പെട്ട ജനതക്ക് ഒന്നിക്കാന്‍ കിട്ടിയ തുറന്ന അവസരമാണ് ഈ സംജ്ഞ എന്നദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. അയിത്ത ജാതിക്കാരായും അടിമകളായും ചിതറിപ്പോയവര്‍  പരസ്പരം തമ്മിലടിക്കുന്നതും അനൈക്യത്തിന്‍േറതുമായ ലോകമാണ് വര്‍ത്തമാന കാലത്തിലേത്. അതുകൊണ്ടുതന്നെ അവരെ ഐക്യപ്പെടുത്തുന്നതിനും ദേശീയമായി ഒന്നിപ്പിക്കുന്നതിനും സാമുദായികമായി ഏകീകരിക്കുന്നതിനും ‘ദലിത്’ എന്ന സംജ്ഞക്ക് കഴിയും എന്നദ്ദേഹം വിലയിരുത്തി. ആഫ്രിക്കന്‍ എഴുത്തുകാരന്‍ ആമോസ് ടുട്ടൊളയുടെ കൃതികളെ ആവേശപൂര്‍വം അദ്ദേഹം നോക്കിക്കണ്ടു. പ്രത്യേകിച്ച് ദലിതരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ആത്മീയ ലോകം, പ്രതിരോധത്തിന്റെ വിവിധ ലോകങ്ങള്‍,  ജീവിതത്തിന്റെ തുടര്‍ച്ചയായുള്ള  വേരറ്റ അവസ്ഥകള്‍ തുടങ്ങിയ അതിസങ്കീര്‍ണതകളെയും അതിസൂക്ഷ്മതകളെയും കഥകളില്‍ പകര്‍ത്തിയപ്പോള്‍ അതിന് സമാനമായ കഥകള്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ കാണുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ലിറ്ററേച്ചര്‍, പെന്‍ഗ്വിന്‍ ഇന്ത്യയുടെ സൗത് ഇന്ത്യന്‍ ദലിത് ആന്തോളജി, വേഡ്പ്ളസ് തുടങ്ങിയ ഇംഗ്ളീഷ് കൃതികളിലും പുറത്തിറങ്ങാനിരിക്കുന്ന ഓക്സ്ഫഡ് പബ്ളിക്കേഷന്‍സിന്റെ ദലിത് സാഹിത്യ ആന്തോളജിയിലും ഇദ്ദേഹത്തിന്‍െറ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നോവലിസ്റ്റും ചെറുകഥാകൃത്തും രാജ്യസഭാ എം.പിയുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളുടെ ഭര്‍ത്താവുകൂടിയായ ഇദ്ദേഹത്തിന്റെ ആശയമണ്ഡലത്തില്‍ ഏകപക്ഷീയമല്ലാത്ത സങ്കലിതമായ സമഭാവനയും മനുഷ്യ കേന്ദ്രിത ലോകവും നിറഞ്ഞുനിന്നു. പുതിയ കാലഘട്ടത്തിലെ നിരവധി നിരൂപകരും എഴുത്തുകാരും ഇദ്ദേഹത്തിന്റെ കൃതികളെ പഠിക്കുകയുണ്ടായിട്ടുണ്ട്. ഏകകേന്ദ്രിത ലോകത്തില്‍നിന്ന് മാറിക്കൊണ്ട് ബഹുജന കേന്ദ്രിതമായ ലോകനിര്‍മിതിയായിരുന്നു അദ്ദേഹത്തിന്‍െറ ലക്ഷ്യം. അതുകൊണ്ടുതന്നെയാവാം ഏതെങ്കിലും സംഘടനയില്‍ ഒതുങ്ങിനില്‍ക്കാതെ തികച്ചും സ്വതന്ത്രമായ ഒരു സ്ഥാനം അദ്ദേഹം നിലനിര്‍ത്തിയിരുന്നത്. നിലക്കാത്ത പ്രതിരോധങ്ങളാണ് അദ്ദേഹത്തിന്‍െറ കഥകളോരോന്നും. ഇതുവരെ അനുഭവവേദ്യമാകാത്ത സൗന്ദര്യതലത്തിന്റെ കഥാകാരന്‍ സി. അയ്യപ്പന്റെ നിര്യാണം ഇന്ത്യ ദലിത് സാഹിത്യത്തിന്റെയും കഥാസാഹിത്യത്തിന്റെയും മേഖലക്ക് തീരാനഷ്ടമാണ്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കരുത്

കേരള വിശ്വകര്‍മ സഭയുടെ നേതാവും എഴുത്തുകാരനുമായ പി എ കുട്ടപ്പന്‍ എഴുതിയ ലേഖനമാണിത്.

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലമതിക്കാനാവാത്ത സാമ്പത്തിക സ്രോതസ്സിന്റെ അവകാശം ഹിന്ദുക്കള്‍ക്കു മാത്രമാണെന്ന വാദം ഉന്നയിക്കുന്ന ശ്രീ.വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഈഴവരെ ഹിന്ദുത്വത്തില്‍ മാമോദീസ മുക്കി പുണൂല്‍ധാരികളാക്കാന്‍ ശ്രമിക്കുകയാണു്. ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വെള്ളാപ്പള്ളിയും പരിവാരങ്ങളും എന്നു മുതലാണു ഹിന്ദുക്കളായതെന്നു പറയണം.  മനുഷ്യരുടെ മൌലികാവകാശങ്ങളായ ആരാധാനാലയ പ്രവേശനം, വിദ്യാലയ പ്രവേശനം, വഴിനടക്കാനുള്ള അവകാശം എന്തിനേറെ മാറുമറക്കാനുള്ള അവകാശം പോലും വെള്ളപ്പള്ളിയടക്കമുള്ളവരുടെ മുന്‍ തലമുറക്കാരായ ഈഴവരാദി ദലിത്- പിന്നോക്ക വിഭാഗങ്ങള്‍ക്ക്  പാടെ നിഷേധിച്ചുകൊണ്ടും അവരുടെ മേല്‍ അയിത്തം അടിച്ചേല്പിച്ചും മേല്‍പ്പറഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളെ ആചാരങ്ങളായി നിലനിര്‍ത്തിക്കൊണ്ടുമാണ് ഇവിടെ രാജഭരണം നടന്നിരുന്നത് . സവര്‍ണരുടെയും രാജാക്കന്മാരുടെയും ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്ന കീഴാള-പിന്നോക്ക ജനവിഭാഗങ്ങളും ദലിത്- ആദിവാസി സമൂഹങ്ങളും ഹിന്ദു നിര്‍വചനത്തില്‍പ്പെടുന്നവരല്ല. ആധുനിക കാലഘട്ടത്തിലും ഈ വിഭാഗങ്ങള്‍ അവരവരുടെ ജാതി സ്വത്വബോധത്തില്‍ തന്നെയാണു നിലനില്‍ക്കുന്നത്. മേല്‍ജാതി (സവര്‍ണ) മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥിതി അതേപടി നിലനില്‍ക്കുകയാണിന്നും. അതു നിലനിര്‍ത്തുന്നത് വിവാഹബന്ധത്തിലൂടെയാണ്.
പൊതുവെ ഹിന്ദുസമൂഹമെന്നു പറയുന്നുണ്ടെങ്കിലും രക്തബന്ധം പങ്കിടുവാനുള്ള ജനാധിപത്യാവകാശം അംഗീകരിക്കാനോ പ്രായോഗിക തലത്തില്‍ അതു നടപ്പിലാക്കാനോ സവര്‍ണജാതി ഹിന്ദുക്കള്‍ ഒരിക്കലും തയ്യാറല്ലെന്നോര്‍ക്കണം. ദലിതരും ബ്രാഹ്മണരും നായരും വിശ്വകര്‍മജനും ഈഴവനും പുലയനും നായാടിയും നമ്പൂതിരിയുമെല്ലാം വ്യത്യസ്തരായിത്തന്നെയാണു് ഇപ്പോളും നിലനില്‍ക്കുന്നത്. ഒരു കൂടിച്ചേരല്‍ അസാധ്യമാംവിധം ചാതുര്‍വര്‍ണ്യ വ്യവസ്ഥയും അതിനനുസരിച്ചുള്ള ഭരണഘടനയും (മനുസ്മൃതി) അറിഞ്ഞും അറിയാതെയും അംഗീകരിച്ചും ആചരിച്ചും പോരുകയാണിവിടെ. ലോകത്തൊരിടത്തുമില്ലാത്ത വിധം ജാതിവ്യവസ്ഥിതിയും ഉപജാതിവ്യവസ്ഥിതിയും നിലനിര്‍ത്തിക്കൊണ്ട് ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുവാന്‍ പോലും ഇടം നല്‍കാത്തവിധം  സാമൂഹിക മനസ്സിനെ  മാസ്മരികമായ ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും അടിമത്തത്തിലേയ്ക്ക് ആനയിക്കുകയാണു ക്ഷേത്രപ്രവേശനത്തിലൂടെ സവര്‍ണമേധാവികള്‍ ചെയ്തത്. അങ്ങനെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ നിറഞ്ഞു കുമിഞ്ഞു കൂടുകയും അതിന്റെ അവകാശം സവര്‍ണജാതിഹിന്ദുക്കളുടെ കൈയില്‍ ഒതുങ്ങുകയും ചെയ്തു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശം കിട്ടിയെങ്കിലും അതിനകത്തെ അധികാരസ്ഥാനങ്ങളുടെ കാര്യം വരുമ്പോള്‍ ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പടിക്കു പുറത്താണു്. ചരിത്ര സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് സവര്‍ണഹിന്ദുത്വത്തിനു വേണ്ടി കുഴലൂത്തു നടത്തുകയാണു ശ്രീ വെള്ളാപ്പളളി. സംഘ്പരിവാര്‍ നേതാക്കന്മാരില്‍ നിന്നുമാണു് ഇത്തരം ഒരു വാദം വന്നതെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളു.
ബ്രാഹ്മണ-ക്ഷത്രിയ- വൈശ്യ- ശൂദ്രന്മാരായ, ആര്യവര്‍ത്തത്തിന്റെ സന്തതികള്‍ക്കു മാത്രമുള്ള ജനാധിപത്യവും അവര്‍ക്കു മാത്രമായ ജാതി സംവരണവും നീലനിര്‍ത്തി മറ്റെല്ലാ കീഴാള മനുഷ്യര്‍ക്കും മേല്‍ അയിത്തം അടിച്ചേല്പിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പത്തു കൊള്ളയടിച്ചു ശേഖരിച്ചു വയ്ക്കുവാന്‍ ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തുകയാണു രാജാക്കന്മാര്‍ ചെയ്തിരുന്നത്. തങ്ങള്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കു പരിപാവനത്വം നല്‍കാനാണു് ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തി അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഹിന്ദുത്വ വിശ്വാസം നിലനിലര്‍ത്തുവാന്‍ രാജാക്കന്മാരും അവരുടെ പിന്മുറക്കാരായ സവര്‍ണ ഹിന്ദുത്വവാദികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു് അറിയാത്ത ആളല്ല ശ്രീ.വെള്ളാപ്പള്ളി. എന്നിട്ടും എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്നു ചോദിക്കുന്ന തരത്തില്‍ സ്വയം അധഃപതിക്കുകയാണു് അദ്ദേഹം. മുലക്കരം ചോദിച്ചുവന്ന സവര്‍ണഹിന്ദുക്കള്‍ക്ക് മുലതന്നെ അരിഞ്ഞു കൊടുത്തു പ്രതിഷേധിച്ച നങ്ങേലിയുടെ (ചേര്‍ത്തല) പിന്മുറക്കാരനായ വെള്ളാപ്പള്ളി ഇത്തരം വാദങ്ങള്‍ ഉന്നയിക്കരുതായിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉപദേഷ്ടാവും തമിഴ് ബ്രാഹ്മണനുമായിരുന്ന ശ്രീ റ്റി.പി.സുന്ദരരാജ്  അയ്യങ്കാര്‍ രഹസ്യ അറകളെക്കുറിച്ച് അന്വേഷിക്കുവാനും അതു തുറക്കുവാനും കോടതിയില്‍ കേസു കൊടുത്തതിന്റെ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യണം. പത്മനാഭക്ഷേത്രത്തിലെ എ അറ തുറക്കുന്നതിനു മുന്‍പ് തുറന്ന ഒരു അറയില്‍ മാറാലപോലും കാണാത്ത വിധം വളരെ വൃത്തിയായി അടിച്ചുതൂത്ത നിലയിലാണു കാണപ്പെട്ടതത്രേ!അതിനു ശേഷമാണു് എ അറ തുറന്നത്. പ്രസ്തുത അറയില്‍ നിന്നു് ഒന്നും ലഭിച്ചില്ലെന്നു പരിശോധക സംഘം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം ജനങ്ങളുടെയിടയില്‍ ചര്‍ച്ച ചെയ്യേണ്ടേ?  വളരെയധികം സ്വത്തുക്കളാണു് അതില്‍ നിന്നു ലഭിച്ചത്. നിരീക്ഷണ സമിതിയില്‍ ഉണ്ടായിരുന്ന ശ്രീ.സി.എസ്.രാജന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ നിധികളെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമായിരുന്ന ചരിത്രസത്യങ്ങളെ മൂടിവെയ്ക്കാന്‍ വേണ്ടിയാണ് കൊട്ടാരം ഭരണാധികാരികള്‍ സുപ്രീംകോടതിയില്‍ അന്യായം നല്‍കിയതെന്നു കരുതേണ്ടിയിരിക്കുന്നു.
മറ്റൊന്നു്  ബി അറ തുറക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതും ജനങ്ങളെ അറിയിച്ച് ദുരൂഹത അകറ്റണം. നിയമപ്രകാരം മണ്ണിനടിയില്‍ കിടക്കുന്ന ലോഹങ്ങള്‍ -അതെന്തായാലും നിധിയാണു്. അങ്ങനെയാണെങ്കില്‍ അറിഞ്ഞുകൊണ്ട് ഇത്രയും കാലം നിധികുംഭങ്ങളുടെ രഹസ്യങ്ങള്‍ മറച്ചുവെച്ച രാജപരമ്പരകള്‍ ആരും തന്നെ സത്യസന്ധരല്ല. നിധി ഉണ്ടെന്നറിഞ്ഞിട്ടും അതു രഹസ്യമാക്കിവെയ്ക്കുന്നവര്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റവാളികളാണു്. രാജവംശത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ലെന്ന ബോധം ഉണ്ടാവേണ്ടതുണ്ട്. ഒപ്പം ഇതു രാജഭരണമല്ലെന്നും രാജവംശത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു നടക്കുന്ന  ചര്‍ച്ചയും അന്വേഷണവും ചരിത്ര സത്യങ്ങളെ പുറത്തു കൊണ്ടുവരാന്‍ സഹായിക്കില്ലെന്നും മനസ്സിലാക്കേണ്ടതാണു്.
എഡി- രണ്ടാം നൂറ്റാണ്ടിലാണു് ശ്രീപത്മാനാഭ ക്ഷേത്രത്തിന്റെ ഉല്പത്തിയെന്നു ചിലപ്പതികാരത്തിന്റെ വിവര്‍ത്തകനും ചരിത്രാന്വേഷകനും സാഹിത്യകാരനുമായ ശ്രീ കാവില്‍ ചിദംബരനാഥ് പറയുന്നു. പത്മനാഭ സ്വാമി ക്ഷേത്രം അരുണാര്‍ക്ക ചന്ദ്രവംശങ്ങള്‍, ചേര-ചോള-പാണ്ഡ്യന്മാര്‍, ചേരമാന്‍ പെരുമാക്കന്മാര്‍, കുലശേഖര ആഴ് വാന്മാര്‍ തുടങ്ങി മറ്റു പല പ്രാദേശിക രാജവംശങ്ങളുടെയും അധീനതയിലായിരുന്നു. പഞ്ചശില്പികളായ വിശ്വകര്‍മജരില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന വാസ്തുശില്പ കലകളുടെ കണക്കുകളില്‍ നിന്നാണു് അതാതു കാലങ്ങളില്‍ ശ്രീപത്മനാഭ ക്ഷേത്ര ബിംബാലങ്കാരങ്ങളുടെ നിര്‍മാണങ്ങളും ആനുകാലികമായ പുനഃരുദ്ധാരണങ്ങളും മറ്റും നടന്നിട്ടുള്ളത്. ശ്രീ പത്മനാഭക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പഞ്ചശില്പികളായ വിശ്വകര്‍മജര്‍ക്ക് ക്ഷേത്ര നിര്‍മാണ പൂര്‍ത്തീകരണത്തിനു ശേഷം എന്തു സംഭവിച്ചുവെന്നു് ക്ഷേത്ര നിര്‍മാണ കാലഘട്ട ചരിത്രവുമായി ബന്ധപ്പെട്ട് അന്വേഷിക്കണം.
രാജാക്കന്മാരുടെ പഴയകാല ഭരണചരിത്രം കൊള്ളയുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചരിത്രമാണു്. ആധുനിക ജനാധിപത്യത്തിനു് രാജഭരണകാലത്തെ ഇത്തരം കാര്യങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല. രാജഭരണത്തെ വെള്ളപൂശുന്നവര്‍ ആധുനിക ജനാധിപത്യത്തെ നിഷേധിക്കുകയാണു ചെയ്യുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹനീയമായ ദര്‍ശനമായിരുന്നു 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനം. ശ്രീനാരായണധര്‍മപരിപാലന യോഗവും അതിന്റെ നേതൃത്വവും അണികളും എക്കാലവും ഉയര്‍ത്തിപ്പിടിക്കേണ്ടതായ ശ്രീനാരാണഗുരുദേവന്റെ ദര്‍ശനത്തെയും കാഴ്ചപ്പാടുകളെയും കൈയ്യൊഴിഞ്ഞുകൊണ്ടാണു് വെള്ളാപ്പള്ളിയുടെ പുതിയ വെളിപാടുകള്‍. ഇതെല്ലാം ഹിന്ദുത്വവാദികളായ ആര്‍ എസ് എസ്, സംഘപരിവാര്‍ സവര്‍ണമേധാവികള്‍ മുതലായവരെ തൃപ്തിപ്പെടത്തിയേക്കാം. പക്ഷേ ചരിത്രത്തെ വളരെ ഗൌരവബുദ്ധിയോടെ നോക്കിക്കാണുന്നവരെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒന്നാണു്. എസ് എന്‍ ഡി പി യൂത്ത് മുവ്മെന്റ് രൂപവത്കരണ സമ്മേളനത്തിലെ പ്രധാനപ്പെട്ട പ്രമേയങ്ങളില്‍ ഒന്നായിരുന്നു, ഈഴവര്‍ ഹിന്ദുക്കളല്ലായെന്നു പ്രഖ്യാപിക്കാന്‍ എസ് എന്‍ ഡി പി യോഗനേത്വത്തോട് ആവശ്യപ്പെട്ടുകൊണ്ടു പാസ്സാക്കപ്പെട്ട പ്രമേയം (എസ് എന്‍ ഡി പി യോഗചരിത്രം നാലാം അധ്യായം പേജ്-322). എസ് എന്‍ ഡി പിയുടെ ചരിത്രം പോലും മറന്നു കൊണ്ട് കേരളത്തിലെ പ്രബലമായ ഒരു സമുദായ സംഘടനയുടെ അമരത്തിരുന്നു കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഈഴവസമുദായ നേതൃത്വമെന്ന നിലയില്‍ ഭൂഷണമല്ല.

Thursday, 18 August 2011

പിന്തിരിഞ്ഞുനടക്കുന്ന മലയാളികള്‍

പ്രസിദ്ധ പത്രപ്രവര്‍ത്തകനായ എം ജി രാധാകൃഷ്ണന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനം: സ്വദേശാഭിമാനി വീണ്ടും നാടുകടത്തപ്പെടുന്നു

ചാക്രികദിശയിലാണ് സാമൂഹികപരിണാമം എന്നുപറയുന്ന ‘സോഷ്യല്‍ സൈക്കിള്‍’ സിദ്ധാന്തത്തിന് പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലത്തുവരെ വക്താക്കളുണ്ട്. പാശ്ചാത്യര്‍ മുതല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യം അരവിന്ദമഹര്‍ഷിയില്‍ തുടങ്ങി അമ്പതുകളില്‍ ആനന്ദമാര്‍ഗി പ്രസ്ഥാനം രൂപവത്കരിച്ച പ്രഭാത് രഞ്ജന്‍ സര്‍ക്കാര്‍, വര്‍ത്തമാനകാലത്ത് പാശ്ചാത്യലോകത്തെ ഒരു പ്രമുഖ ‘പൗരസ്ത്യഗുരു’ ആയ രവി ബത്ര മുതലായ ഇന്ത്യന്‍ ചിന്തകരും ഇതില്‍പെടുന്നു. മനുഷ്യരാശിയുടെ പ്രയാണം ചാക്രികമാണെന്നും ഓരോ നാഗരികതയും കാലാവധി പൂര്‍ത്തിയായാല്‍ നാശം നേരിടുകയും പിന്നീട് ഊഴം എത്തുമ്പോള്‍ ആവര്‍ത്തിക്കുകയും വീണ്ടും നാശോന്മുഖമാകുകയും ചെയ്യുന്ന ചാക്രികഗതിക്ക് വിധേയമാണെന്നും ഈ സൈദ്ധാന്തികര്‍. ഫ്യൂഡലിസം, മുതലാളിത്തം, കമ്യൂണിസം എന്നിവയുടെ ഒക്കെ മേധാവിത്വഘട്ടങ്ങള്‍ ഈ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടത്തിലും സമൂഹത്തില്‍ നെടുനായകത്വം വഹിക്കുന്ന അഭിരുചികള്‍ക്കും മൂല്യബോധത്തിനും പക്ഷപാതങ്ങള്‍ക്കും ഈ ചാക്രികത ബാധകമാകാം. നൂറ്റാണ്ടുകള്‍ നീളുന്ന വലിയ ചക്രങ്ങള്‍ക്കുള്ളില്‍ സൂക്ഷ്മചക്രങ്ങളും ഇത്തരം ഒട്ടേറെ ഹ്രസ്വമായ ആവൃത്തികള്‍ പൂര്‍ത്തിയാക്കാറുണ്ട്.
മലയാളിസമൂഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നും മാമൂലുകളില്‍നിന്നുമൊക്കെ സമൂഹത്തെ സ്വതന്ത്രമാക്കിയ നവോത്ഥാനഘട്ടവും അതിന്റെ പ്രഭാവം  നിലനിന്ന അനന്തരഘട്ടവും ഉള്‍പ്പെട്ട ഒരു നൂറ്റാണ്ടിന്റെ സൂക്ഷ്മചക്രം കറങ്ങിത്തീര്‍ന്ന മട്ടാണിപ്പോള്‍. നവോത്ഥാനഘട്ടം തിരസ്കരിച്ച അഭിരുചികളും വിശ്വാസങ്ങളും മൂല്യപ്രമാണങ്ങളുമൊക്കെ വീണ്ടും പ്രിയങ്കരമായിവരുന്ന കാഴ്ച കാണുമ്പോള്‍ ചാക്രികസിദ്ധാന്തത്തെ ഓര്‍ക്കാതെ വയ്യ. ജാതീയത, വര്‍ഗീയത, അന്ധവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ഒക്കെ അതിശക്തമായ പുനരാഗമനം അവയെ ഒക്കെ മുമ്പ് കാലഹരണപ്പെടുത്തിയ നവോത്ഥാനഘട്ടം മുന്നോട്ടുവെച്ച യുക്തിചിന്ത, ശാസ്ത്രീയത എന്നിവയെയൊക്കെ ഇന്ന് തിരിച്ച് കാലഹരണപ്പെടുത്തുന്ന മട്ടാണ്. പക്ഷേ, ഇതൊരു അനിവാര്യതയായി പരിഗണിക്കുന്നതിലെ വലിയ പ്രശ്നം ഈ വ്യത്യസ്തഘട്ടങ്ങളിലെ മൂല്യങ്ങളുടെ തകിടംമറിയലാണ്. നഗ്നമായ അസമത്വവും കൊടിയ ചൂഷണവും നിലനിന്ന ഘട്ടത്തെ കീഴടക്കിയായിരുന്നു നവോത്ഥാനത്തിന്റെ മുന്നേറ്റം. കൊളോണിയല്‍ ആധുനികത, ലിബറല്‍ മുതലാളിത്തം എന്നിവയുടെ ഘടകങ്ങള്‍കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നു നവോത്ഥാനമെങ്കിലും പ്രാകൃതമായ ഉച്ചനീചത്വങ്ങളുടെ കൂരിരുട്ടില്‍നിന്ന് മലയാളിയെ ജനാധിപത്യത്തിലേക്ക് ആനയിച്ചത് മറ്റൊന്നായിരുന്നില്ല. നവോത്ഥാനഘട്ടത്തിന്റെ അന്ത്യം പുതിയ അസമത്വത്തിനും ചൂഷണത്തിനും വഴിയൊരുക്കുമോ? പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ തിരികൊളുത്തിയ വിപ്ളവമായിരുന്ന നവീകരണത്തെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കത്തോലിക്കാസഭ അഴിച്ചുവിട്ട പ്രതിനവീകരണത്തിന് (കൗണ്ടര്‍ റെഫര്‍മേഷന്‍) സമാനമാണ് കേരള സമൂഹത്തില്‍ ഇപ്പോള്‍ വീശുന്ന നവോത്ഥാനവിരുദ്ധ തരംഗം.
ഇത്രയും പരാമര്‍ശിച്ചത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി വെളിച്ചത്തുവന്നതോടെ വ്യാപകമായി പ്രകടമാകുന്ന വികാരങ്ങള്‍ കണ്ടാണ്.  മലയാളി ഒരിക്കല്‍ തിരസ്കരിച്ച പഴയ മൂല്യങ്ങള്‍ വീണ്ടും അതിശക്തമായ തിരിച്ചുവരവ് നടത്തുന്നുവോ എന്ന് സംശയിക്കാതെവയ്യ. നിധിയോടൊപ്പം വ്യാപകമായി വെളിപ്പെടുന്ന അന്ധമായ രാജഭക്തി, ദൈവമതഭക്തി, ആചാരപൂജ, വര്‍ഗീയത എന്നിവ ഒരു ഭാഗത്തും അന്യമതങ്ങള്‍, ജനാധിപത്യം, ശാസ്ത്രീയത, യുക്തി എന്നിവയോടൊക്കെയുള്ള പരസ്യമായ ശത്രുത മറുഭാഗത്തുമായി തലയറഞ്ഞാടുന്നു. മാത്രമല്ല, മതസൗഹാര്‍ദം, സമഭാവന, അധഃസ്ഥിതരോടുള്ള പരിഗണന എന്നിവപോലും പ്രത്യക്ഷമായിതന്നെ തള്ളിപ്പറയപ്പെടുന്നു. ഈ പുതിയ മൂല്യപ്രചാരണത്തില്‍ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ മാത്രമല്ല, ചരിത്രകാരന്മാരും മറ്റ് ബുദ്ധിജീവികളും മാധ്യമങ്ങളും  ഒക്കെപ്പെടുന്നു. മാധ്യമചര്‍ച്ചകളില്‍  ചരിത്രകാരന്മാരുടെയും സമുദായസ്നേഹികളുടെയും മുഖംമൂടിയിട്ട വിഷസര്‍പ്പങ്ങള്‍ വര്‍ഗീയതചീറ്റി ഫണംവിരിച്ചാടുന്നു. ഇതിലൊക്കെ കടുപ്പം നവോത്ഥാനശക്തികളുടെ അനന്തരഗാമികളായി കടന്നുവന്ന് രാജകീയഭരണത്തിനെതിരെയും ജനാധിപത്യവ്യവസ്ഥയുടെ ആഗമനത്തിനുവേണ്ടിയും സ്വയമര്‍പ്പിച്ച രാഷ്ട്രീയ ജനകീയപ്രസ്ഥാനങ്ങളുടെപോലും നിശ്ശബ്ദതയും അകര്‍മണ്യതയും ആണ്. നവോത്ഥാനം സൃഷ്ടിച്ച സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതൃത്വം മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയില്‍ തങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ആ പഴയ വ്യവസ്ഥയുടെയും മൂല്യങ്ങളുടെയും കുഴലൂത്തുകാരായിരിക്കുന്നു. നവോത്ഥാനത്തിനും സെക്കുലറിസത്തിനും വിപ്ളവം പോരെന്ന് ആക്ഷേപിക്കുന്ന അതിവിപ്ളവക്കാര്‍ക്കും സ്വത്വവാദികള്‍ക്കും ഒന്നും മിണ്ടാട്ടമില്ല. ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തുന്ന യുക്തിവാദികള്‍ ആക്രമിക്കപ്പെടുന്നു. കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍തന്നെ ആ പഴയ വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും വെല്ലുവിളിച്ച ഇടതുപക്ഷത്തില്‍നിന്നുപോലും ഉറച്ച ശബ്ദം കേള്‍ക്കാനില്ല. ഹൈകോടതി ഉത്തരവിട്ടിട്ടുപോലും ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ധൈര്യമില്ലാതെ പിന്‍വലിഞ്ഞത് ഇടതുപക്ഷ സര്‍ക്കാറാണ്. അപ്പോള്‍ പിന്നെ അക്കാര്യം ചിന്തിക്കാന്‍തന്നെ വിസമ്മതിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാര്യം പറയണോ!  തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാറിന്റെ നൃശംസതകളെ നിശിതവിമര്‍ശത്തിനിരയാക്കിയതിന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ശതാബ്ദി വേളയാണിത്. അത് ഭീരുവായ ഒരു സര്‍ക്കാറിന്റെ ചെയ്തിമാത്രമായിരുന്നു. എന്നാല്‍, ആ മഹാപുരുഷനെ മലയാളി മനസ്സില്‍നിന്നുപോലും നാടുകടത്തിയത് ഈ 2011 ലാണെന്ന് ഇപ്പോള്‍ സമൂഹത്തില്‍ ചോദ്യംചെയ്യപ്പെടാതെ വ്യാപിക്കുന്ന രാജഭക്തി സൂചിപ്പിക്കുന്നു.
നൂറുവര്‍ഷം മാത്രം മുമ്പുള്ള ചരിത്രംപോലും തിരുത്തിയെഴുതാനും ശുദ്ധനുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ച് ഉറപ്പിക്കാനുമുള്ള ഗീബത്സുകളുടെ വ്യഗ്രത അമ്പരപ്പിക്കുന്നതാണ്. ബുദ്ധിജീവികളും മാധ്യമങ്ങളും ഇതിനു പരസ്പരം മത്സരിക്കുന്നു. ഈ തിരുവിതാംകൂറിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം മുഴുവന്‍ ചവിട്ടിത്തേക്കുന്നതിനു തുല്യമാണിത്. ഈ ഒരു നൂറ്റാണ്ടുകാലം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ഇവിടെ നടന്ന ഐതിഹാസികമായ ജനകീയപ്പോരാട്ടങ്ങള്‍ മുഴുവന്‍ ഈ രാജഭരണത്തിന്റെ തിന്മകള്‍ക്കെതിരെയായിരുന്നുവെന്ന് സൗകര്യപൂര്‍വം മറക്കുന്നതാണ് കാഴ്ച. തലമുറകളെ മുഴുവന്‍ വഴിതെറ്റിക്കുന്ന ഈ പുതുചരിത്രനിര്‍മിതി ഇന്നത്തെ കേരളം ഉണ്ടായതെങ്ങനെയെന്ന സത്യത്തെ പൂര്‍ണമായും മൂടിവെക്കുന്നു.
ഹിന്ദുക്കള്‍ക്കുമാത്രം
ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് ശ്രീപത്മനാഭന്റെ നിധിയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന പ്രഖ്യാപനമാണ്. തന്റെ പണം ഹിന്ദുക്കള്‍ക്കല്ലാതെ ആര്‍ക്കും അവകാശമില്ളെന്നുകേട്ടാല്‍ സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമാണെന്ന് തങ്ങള്‍ കരുതുന്ന ശ്രീപത്മനാഭന്റെ പ്രതികരണം വിശ്വാസികള്‍ ഒന്നാലോചിച്ചുനോക്കുന്നത് നന്നായിരിക്കും. പൊതു ആവശ്യങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോവേണ്ടിപോലും ഒറ്റ ചില്ലിക്കാശും തൊട്ടുപോകരുതെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റവും അത് ചെറുക്കാനുള്ള ധൈര്യക്കുറവും പ്രകടം. ഒരു വി.ആര്‍. കൃഷ്ണയ്യരെയോ സുകുമാര്‍ അഴീക്കോടിനെയോ മാറ്റിനിര്‍ത്തിയാല്‍ സാംസ്കാരികനായകര്‍ക്കാര്‍ക്കും അഭിപ്രായമില്ല. ചെറുതായെങ്കിലും പ്രതികരിച്ച വി.എസ്. അച്യുതാനന്ദന്‍ ഒഴിച്ചാല്‍ കമ്യൂണിസ്റ്റുകള്‍ക്കുപോലും ഇത് ചോദ്യംചെയ്യാനുള്ള ശക്തി ചോര്‍ന്നിരിക്കുന്നു. ഉറപ്പിക്കാം, നവോത്ഥാനചക്രം ആവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഈ നിധിയുടെ അവകാശികള്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ മാത്രമാവുക? ഇതെല്ലാം പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാണിക്കയാണെന്നാണ് വാദം.  രാജ്യങ്ങളെ  ആക്രമിക്കുകയോ കൊള്ളചെയ്തോ ഉണ്ടാക്കിയതുപോലുമല്ലത്രെ. മാര്‍ത്താണ്ഡവര്‍മ കന്യാകുമാരി മുതല്‍ കൊച്ചിക്ക് സമീപംവരെ സാമ്രാജ്യം തീര്‍ത്ത് ആധുനിക തിരുവിതാംകൂര്‍ സൃഷ്ടിച്ചത് ഒട്ടേറെ ചെറുരാജ്യങ്ങളെയും രാജാക്കന്മാരെയും കൊന്നും കീഴടക്കിയും അവരുടെ മുതലെടുത്തുമാണെന്ന ചരിത്രം തല്‍ക്കാലം മറക്കാം. അപ്പോള്‍ ചോദ്യം, പിന്നെയെങ്ങനെ ഈ രാജാക്കന്മാര്‍ക്ക് ഇത്രവലിയ കാണിക്കകള്‍ സമര്‍പ്പിക്കാനുള്ള സമ്പത്ത് ഉണ്ടായെന്നതാണ്. ഉറപ്പായും ശൂന്യതയില്‍നിന്നായിരിക്കില്ലല്ളോ ഇത്. പ്രജകളില്‍നിന്ന് നികുതിയായും കരമായും പിഴയായും ഒക്കെ പിഴിഞ്ഞുണ്ടാക്കിയതാണീ സ്വത്ത്. ഇനി കച്ചവടത്തിലൂടെയാണെങ്കിലും ആ വിഭവങ്ങള്‍ ഒരുക്കിയത് രാജാക്കന്മാരല്ല, ഇവിടത്തെ സാധാരണപ്രജ ആണല്ളോ. എപ്പോഴെങ്കിലും ഹിന്ദുക്കളില്‍നിന്ന് മാത്രമേ ഈ മുതല്‍പ്പിടിയൊക്കെ നടത്തുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നുവോ തമ്പുരാക്കന്മാര്‍? ഇല്ളെന്നുമാത്രമല്ല, മുടിക്കും മുലക്കും മീശക്കുമൊക്കെ ഏറ്റവും ദരിദ്രരില്‍നിന്നുംവരെ അന്യായച്ചുങ്കം ചുമത്തിപ്പിരിച്ച ചോരക്കാശാണ് ആ കാണിക്കകളുടെ പിന്നില്‍. 1908ലെ സെന്‍സസ് പ്രകാരം 34 ലക്ഷം വരുന്ന ജനസംഖ്യയില്‍ 26.4 ശതമാനം ക്രിസ്ത്യാനികളും 6.6 ശതമാനം മുസ്ലിംകളുമായിരുന്നെന്നോര്‍ക്കണം. ഹിന്ദുക്കളില്‍ തന്നെ 75 ശതമാനത്തിലേറെയും ഈഴവര്‍ മുതലുള്ള അവര്‍ണരും. അപ്പോള്‍, പത്മനാഭന്റെ സ്വത്തില്‍ എങ്ങനെയാണ് ഹിന്ദുവിനുമാത്രം അവകാശം? പൊതുപ്പണംകൊണ്ടായിരുന്നു ക്ഷേത്രച്ചെലവുകളും ബ്രാഹ്മണപൂജയും ആഘോഷാദികളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ നടന്നിരുന്നതെന്നതിന് എത്രയോ തെളിവുകളുണ്ട്. മിക്കവാറും അടുത്ത് ഉയര്‍ന്നേക്കാനിടയുള്ള വാദം ഈ സ്വത്ത് സവര്‍ണഹിന്ദുക്കളുടെ മാത്രമെന്നാകാം. 1936വരെ ക്ഷേത്രത്തിനടുത്തുകൂടി വഴി നടക്കാന്‍പോലും അവകാശമില്ലായിരുന്നവര്‍ അതിനുശേഷമല്ളേ കാണിക്ക ഇട്ടിട്ടുള്ളൂ? പത്മനാഭനിധി കണ്ടതോടെ ഹിന്ദുവികാരംകൊണ്ട് വിജൃംഭിതനായിരിക്കുന്ന വെള്ളാപ്പള്ളി എന്തുപറയുന്നു?
പ്രജാക്ഷേമം
തമ്പുരാന്മാരെക്കുറിച്ച് എന്തൊക്കെയാണ് അപദാനങ്ങള്‍! പ്രജാക്ഷേമമാത്രതല്‍പരര്‍, അധഃസ്ഥിത വര്‍ഗസ്നേഹികള്‍,  ദുരാചാരങ്ങളും അന്ധവിശ്വാസവും അവസാനിപ്പിച്ച ഉല്‍പതിഷ്ണുക്കള്‍, ധൂര്‍ത്തും ആഡംബരവും തൊട്ടുതീണ്ടാത്ത ലളിതജീവിതചര്യക്കാര്‍, ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും സ്വത്തുക്കള്‍ കൃഷ്ണമണിപോലെ കാത്തവര്‍. ചരിത്രം തിരുത്തുന്നതിന്റെ പുതിയ റെക്കോഡാണ് സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ സകല പ്രയോജനങ്ങളും സവര്‍ണരില്‍ (അതില്‍തന്നെ കുറെക്കാലം ഒരു പാളിക്കുമാത്രം) മാത്രം നീക്കിവെച്ച ഒരു ഭരണത്തെ എങ്ങനെ പ്രജാക്ഷേമതല്‍പരര്‍ എന്ന് വിളിക്കും? തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് 1891ല്‍ സമര്‍പ്പിക്കപ്പെട്ട മലയാളി മെമ്മോറിയലില്‍ പത്തു രൂപക്കുമേല്‍ ശമ്പളമുള്ള സര്‍ക്കാര്‍ജോലിയുള്ള തദ്ദേശീയര്‍ വെറും ഒരു ശതമാനം ആയിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മലയാളി ഹിന്ദുക്കളില്‍ നിയമിക്കപ്പെട്ട 1650 പേരും സവര്‍ണര്‍.
ജനസംഖ്യയില്‍ ആറില്‍ ഒരു ഭാഗം വരുന്ന ഈഴവര്‍ക്ക് ഒരൊറ്റ ജോലിപോലുമില്ല. മുസ്ലിംകളുടെ സ്ഥിതിയും തഥൈവ. അതിലും താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ളോ. പരദേശി ബ്രാഹ്മണരുടെ വാര്‍ഷിക ആളോഹരി വരുമാനം ആറു രൂപ 12 അണ പത്തുപൈസ ആയിരുന്നെങ്കില്‍ നായരുടെയും ക്രിസ്ത്യാനിയുടെയും രണ്ടു രൂപ പത്ത് അണ. മറ്റുള്ള വിഭാഗത്തിന്‍േറത് പരാമര്‍ശിക്കപ്പെടാന്‍പോലുമില്ല, തിരുവിതാംകൂറില്‍ ജനകീയ രാഷ്ട്രീയപ്രക്ഷോഭത്തിന്റെ തുടക്കം ഇതേച്ചൊല്ലിയായിരുന്നു. അസമത്വവും ഉച്ചനീചത്വവും സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥ ആയിരുന്നില്ലെന്ന് എങ്ങനെ പറയാനാവും?
ഇത് പിന്നാക്കസമുദായങ്ങളില്‍ അര്‍ഹതയുള്ളവര്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. 1886ല്‍ മദ്രാസിലെ ഇന്‍സ്പെക്ടര്‍ ജനറലാപ്പീസിലെ ക്ളര്‍ക്ക് ആയിരുന്ന പി. വേലായുധന്‍ എന്ന ബി.എക്കാരനായ (അന്ന് ബി.എക്കാര്‍ അതീവ വിരളം) ഈഴവസമുദായാംഗം (ഡോ.പല്‍പുവിന്റെ മൂത്ത സഹോദരന്‍) തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കുവേണ്ടി രാജാവിന് ആവര്‍ത്തിച്ചുനല്‍കിയ അപേക്ഷകളെല്ലാം ഒരു കാരണവുംപറയാതെ തള്ളിയത് ചൂണ്ടിക്കാണിക്കുന്നു പി. ഭാസ്കരനുണ്ണി (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം).
വേലായുധന്റെ അച്ഛനും ഇതേ വിവേചനം അനുഭവിച്ചിരുന്നു. എന്നാല്‍, വേലായുധന്റെ അനുജന്‍ ഡോ.പല്‍പു തിരുവിതാംകൂര്‍ സര്‍ക്കാറില്‍നിന്ന് സഹിക്കേണ്ടിവന്ന വിവേചനമാണ് ഏറ്റവും കുപ്രസിദ്ധം. ഈ വിവേചനം ശ്രീനാരായണഗുരുവിനെ പൊതുരംഗത്ത് കൊണ്ടുവരുന്നതിനും എസ്.എന്‍.ഡി.പി രൂപവത്കരിക്കുന്നതിനും വഴിവെച്ചെന്നുമാത്രം. 1884ല്‍ പല്‍പുവിനെ അന്നത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിട്ടും പ്രവേശനം നല്‍കിയില്ല. തുടര്‍ന്ന് മദ്രാസില്‍പോയി എല്‍.എം.പി പരീക്ഷ പഠിച്ച് പാസായശേഷം തിരുവിതാംകൂറില്‍ ജോലിക്ക് നല്‍കിയ അപേക്ഷകളൊന്നും സ്വീകരിക്കപ്പെട്ടില്ല. അദ്ദേഹത്തെക്കാള്‍ താണ ബിരുദം അപ്പോത്തിക്കിരി നേടിയ സവര്‍ണര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. 1891ല്‍ മൈസൂരില്‍ തന്നോടൊപ്പം  വന്ന് താമസിച്ച സ്വാമി വിവേകാനന്ദനോട് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു സ്വാമി ഒരു സന്ന്യാസിയുടെ നേതൃത്വത്തില്‍ ഈഴവസമുദായം സംഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പല്‍പു ശ്രീനാരായണനെ കണ്ടെത്തുന്നതും കേരളചരിത്രം മാറി സഞ്ചരിച്ചതും തുടര്‍ന്നുള്ള കഥ.  1911 ല്‍പോലും ഒരു ഈഴവസമുദായാംഗത്തിനുപോലും തിരുവിതാംകൂറില്‍ പട്ടാളത്തിലോ പൊലീസിലോ ദേവസ്വത്തിലോ ജോലി കിട്ടിയിരുന്നില്ല. ഈഴവരിലും താഴെയുള്ളവര്‍ മനുഷ്യരായിപ്പോലും കണക്കാക്കപ്പെട്ടിരുന്നില്ളെന്നതിനാല്‍ പരാമര്‍ശവിഷയം തന്നെയല്ല.
ഇതെല്ലാം അന്നത്തെ സാമൂഹികാവസ്ഥ മാത്രമാണെന്നും അതിന് രാജഭരണത്തെ പഴിക്കരുതെന്നുമുള്ള വാദം ഇന്നത്തെ രാജഭക്തര്‍ പതിവായി ഉന്നയിക്കുന്നുണ്ട്. ബ്രാഹ്മണാധിപത്യം ഉള്ള ഒരു ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ബലങ്ങളുടെ എല്ലാം കടിഞ്ഞാണ്‍ അന്നത്തെ ഭരണവ്യവസ്ഥയിലായിരുന്നുവെന്നത് ലളിതസത്യം. മാത്രമല്ല, ഈ അവസ്ഥ നിലനിര്‍ത്തുന്നതിനായി സ്ഥാപനവത്കരിക്കപ്പെട്ട നയങ്ങളും നടപ്പാക്കിയിരുന്നു. ഇന്നത്തെ മൂല്യവ്യവസ്ഥ അനുസരിച്ച് ഭൂതകാലത്തെ ശരിതെറ്റുകള്‍ നിര്‍ണയിക്കരുതെന്നും ഒരു വാദമുണ്ട്. എന്നാല്‍, ഈ വാദക്കാര്‍ മനഃപൂര്‍വം അവഗണിക്കുന്നത് അന്നേ ഈ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒട്ടേറേ ശബ്ദങ്ങളുയര്‍ന്നിരുന്നുവെന്നതും അവയെ ഒക്കെ അടിച്ചമര്‍ത്തുകയായിരുന്നു എന്നതുമാണ്. ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍, ഈഴവര്‍ തുടങ്ങി  ‘കീഴോട്ടുള്ള’ പിന്നാക്ക ഹിന്ദുക്കള്‍ എന്നിവരില്‍നിന്നൊക്കെ നികുതി പിരിച്ച് ഭരിക്കുന്ന ഒരു സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതും അവര്‍ക്ക് തൊഴില്‍ കൊടുക്കാതിരിക്കുന്നതും സംബന്ധിച്ച് എത്രയോ തവണ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി. ഈഴവര്‍ അനുഭവിക്കുന്ന ക്ളേശങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ മുഖപ്രസംഗം നോക്കുക: ‘‘ഊട്ടുപുരയിലോ ദേവാലയത്തിലോ കയറി സാപ്പാട് കഴിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം സ്കൂള്‍ സ്ഥാപിക്കാന്‍ എന്ന് ശഠിക്കുന്ന ബ്രാഹ്മണരെ അനുകൂലിക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്‍റ് തനിക്ക് മുതല്‍ സമ്പാദിച്ചുതരുന്ന ഒരു സമുദായത്തെ ദ്രോഹിക്കയും നേരെ മറിച്ച്, ആ മുതലിനെ വെറുതെ നശിപ്പിക്കുന്ന ഒരു സമുദായത്തെ സഹായിക്കയും ചെയ്യുന്നതായ ഘോരമായ അപനയത്തെയും തന്മൂലം അമാര്‍ഷ്ടവ്യമായ ദുരിതത്തെയും വരിക്കുകയാകുന്നു ചെയ്യുന്നത് എന്നുപറയാതെ ഗത്യന്തരമില്ല...’’  (കേരളന്‍ 1905)
തൊഴിലവസരങ്ങള്‍ ഏറെയുള്ള റവന്യൂ വകുപ്പില്‍തന്നെ ദേവസ്വം വകുപ്പിനെയും നിലനിര്‍ത്തിക്കൊണ്ട് അഹിന്ദുക്കള്‍ക്കും താണ ജാതിക്കാര്‍ക്കും അവിടെ ജോലി നിഷേധിക്കുന്നതിനെക്കുറിച്ചും സ്വദേശാഭിമാനി എഴുതി; ‘‘സാക്ഷാല്‍ ഹിന്ദുമതമെന്ന വ്യാജേന തിരുവിതാംകൂറില്‍ ആചരിച്ചുവരുന്ന ബ്രാ ഹ്മണമതം നിമിത്തം ഈ നാട്ടിലെ പ്രജകള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ ദിവസം കഴിയുന്തോറും ഭയങ്കരങ്ങളായിത്തീരുന്നു. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് തൃപ്പടിദാനം ചെയ്യപ്പെട്ടതാണെന്നും അതിനാല്‍, ഈ നാട്ടിന്റെ മേല്‍ക്കോയ്മ ശ്രീപത്മനാഭസ്വാമിക്കാണെന്നും ഇതു ഹേതുവായി ബ്രാഹ്മണപ്രീതിയെ സമ്പാദിക്കാനാണ് രാജ്യാധിപതി ശ്രദ്ധിക്കേണ്ടതെന്നുമുള്ള ഈശ്വരപ്രഭുത്വവാദക്കാര്‍ ഈ നാട്ടിലെ ന്യായാവകാശികളായ പ്രജകളെ പല വര്‍ഗക്കാരെയും നീതിയുടെ പിന്‍പിറത്തേക്ക് തള്ളിക്കളഞ്ഞിരിക്കുകയാണല്ളോ. ദേവസ്വംവകുപ്പിനെയും റവന്യൂ വകുപ്പിനെയും മജിസ്റ്റീരിയല്‍ വകുപ്പിനെയും വെവ്വേറെ വെക്കാതെ ഒന്നായി കെട്ടിപ്പിടിച്ച് നിര്‍ത്തിയിരിക്കക്കൊണ്ട് ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും ഈഴവര്‍ക്കും പ്രവേശനം തടയപ്പെട്ടിട്ട് കാലം കുറെയായിരിക്കുന്നു...’’(ഈഴവരുടെ ക്ളേശങ്ങള്‍, സ്വദേശാഭിമാനി 1906.)
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ കൊടിയ വിവേചനത്തെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി വിമര്‍ശിച്ചു. ബ്രാഹ്മണര്‍ക്കുമാത്രം പൊതുപ്പണം എടുത്ത് ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘‘മഹാരാജാവിന് ബ്രാഹ്മണനും പുലയനും ഒന്നുപോലെ പ്രജകളാകുന്നു. ഒരു വര്‍ഗക്കാരനു ധര്‍മം കൊടുക്കാമെങ്കില്‍ മറ്റവനു എന്തുനിമിത്തം അനുവദിച്ചുകൂടാ? ദാഹംകൊണ്ട് വരണ്ടുകിടക്കുന്ന ഭൂമിയുടെ ജലാപേക്ഷയെ ഗണിക്കാതെ സമുദ്രത്തില്‍ വര്‍ഷിക്കുന്ന കാലവര്‍ഷമേഘത്തിനും ഇങ്ങനെയുള്ള ഗവണ്‍മെന്‍റിനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ക്രിസ്ത്യാനിയുടെയും മുഹമ്മദീയന്റെയും യഹൂദന്റെയും ഇതരഹിന്ദുക്കളുടെയും പണംവാങ്ങി അവരുടെ മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ ഒരു കൃത്യംചെയ്യുന്നത് ഗവണ്‍മെന്‍റിനു ന്യായമോ? രാജനീതിയോ?’’ (ഇതാണോ രാജനീതി? കേരളന്‍, 1905.)
1750ലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ തൃപ്പടിദാനത്തെ സുഖജീവിതം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങിയ ബുദ്ധന്റെ ത്യാഗംപോലെയും മറ്റും ഇന്നും വര്‍ണിച്ചുകേള്‍ക്കുന്നുണ്ട്. ശ്രീപത്മനാഭനോടുള്ള നിറഞ്ഞ ഭക്തിമൂലമാണിതെന്നൊക്കെ വ്യാഖ്യാനിക്കുന്നവര്‍ ലോകമാകെ ചരിത്രത്തില്‍ പലപ്പോഴും രാജാക്കന്മാരും പുരോഹിതവര്‍ഗവും സ്വീകരിച്ച തന്ത്രമാണെന്ന് അറിയാത്തവരല്ല. ചോദ്യംചെയ്യാന്‍ പാടില്ലാത്ത ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് അവകാശപ്പെട്ടാല്‍ എതിര്‍പ്പുകളെ അതിജീവിക്കാനാവുമെന്ന് പ്രതിസന്ധിഘട്ടങ്ങളില്‍ മനസ്സിലാക്കിയ മറ്റ് പല രാജാക്കന്മാരെപോലെയും ഒരാളായിരുന്നു വര്‍മ. എന്നാല്‍, ഇന്നും ഭക്ത്യാദരങ്ങളോടെ പാടിപ്പുകഴ്ത്തപ്പെട്ട ആ നടപടിയുടെ അനീതി ചൂണ്ടിക്കാട്ടാന്‍ ധൈര്യപ്പെട്ടിരുന്നു സ്വദേശാഭിമാനി. വിവിധ മതവിഭാഗങ്ങള്‍ വസിക്കുകയും അവരുടെ മുതലെടുത്ത് ഭരിക്കുകയും ചെയ്യപ്പെടുന്ന ഒരു രാജ്യത്തെ ഒരു മതത്തിന്റെ ദേവനുമാത്രമായി അടിയറവെക്കാന്‍ എന്ത് അവകാശമെന്ന അദ്ദേഹത്തിന്റെ ചോദ്യം ഇന്നും പൊന്നുതമ്പുരാന്റെ മുന്നില്‍ മുട്ടിലിഴയുന്നവര്‍ ഏറിവരുന്ന വര്‍ത്തമാനകാലത്തു പോലും എത്ര അദ്ഭുതകരം. ‘‘നാനാമതക്കാരായ പ്രജകളോടുകൂടിയ നാടിനെ തന്റെ സ്വന്തമായ മതം അനുസരിച്ചുള്ള ദേവന് ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ പ്രജകളുടെ പൂര്‍ണസമ്മതം ഇല്ലാതെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനു എന്തവകാശവും അധികാരവും ഉണ്ടെന്ന് ചിന്തിക്കേണ്ടതാണല്ളോ...’’(നിരര്‍ഥകമായ സമര്‍പ്പണം, കേരളന്‍ 1905.)
ഭ്രാന്താലയം
സാമ്പത്തിക ഉച്ചനീചത്വത്തിലും എത്രയോ ഭീകരമായിരുന്നു ആ ഭരണത്തിന്റെ ആശിസ്സുകളോടെ നിലനിന്ന സാമൂഹിക ഉച്ചനീചത്വം. 1892ലെ തിരുവിതാംകൂറിനെപ്പറ്റിയാണ് ജാതിപ്പിശാചിന്റെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചതെന്നോര്‍ക്കണം. ഇന്ത്യയാകെ സഞ്ചരിച്ചിട്ടുള്ള സ്വാമി തിരുവിതാംകൂറിനു നല്‍കിയ ഈ വിശേഷണം രാജ്യത്തേറ്റവും മോശം ഇവിടമായിരുന്നെന്നതിന്റെ തെളിവാണല്ളോ. വെള്ളാപ്പള്ളി ഇന്നെന്ത് പറഞ്ഞാലും തിരുവിതാംകൂറിലെപ്പോലെ ജുഗുപ്സാവഹമായ ജാതിവ്യവസ്ഥ മറ്റെവിടെയും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനെ മൃഗത്തിലും മോശമായി കാണുന്ന ആ വ്യവസ്ഥക്കും കൊടുംചൂഷണങ്ങള്‍ക്കും എതിരെ നടന്ന സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളല്ളേ നമ്മുടെ നവോത്ഥാനത്തിന്റെ സ്രഷ്ടാക്കള്‍? ഈ ഗര്‍ഹണീയമായ ഹൈന്ദവവ്യവസ്ഥയുടെ അധിനായകരും സംരക്ഷകരും ആയിരുന്നു തിരുവിതാംകൂര്‍ രാജഭരണം എന്ന സമീപകാലസത്യത്തെപോലും മറച്ച് അധഃസ്ഥിതരക്ഷകരായി ഈ വംശത്തെ പുകഴ്ത്തിപ്പാടാന്‍ പിന്നാക്കക്കാര്‍തന്നെ അണിനിരക്കുന്നത് വര്‍ത്തമാനകാലത്തെ വിചിത്രമായ കാഴ്ച.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാന്മാര്‍ നടത്തിയതുമുതല്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വിവിധ അവശജാതികള്‍ നടത്തിയ പ്രക്ഷോഭങ്ങളോടൊക്കെ രാജകീയ സര്‍ക്കാറിന്റെ ശത്രുതാപൂര്‍ണമായ നിലപാട് ചരിത്രത്തിലുണ്ട്.
1936ല്‍ ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉല്‍പതിഷ്ണുത്വത്തിന്റെ ഉത്തമ തെളിവായി ഇന്നും കൊട്ടിഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍, വൈക്കം സത്യഗ്രഹംപോലെ എത്ര ത്യാഗോജ്വലമായ സമരത്തിനുശേഷമാണ് അത് നേടിയെടുത്തതെന്നതും ആ സമരത്തെ അടിച്ചമര്‍ത്താന്‍ അതിന്റെ സേനാനികളെ എത്ര കൊടുംമര്‍ദനങ്ങള്‍ക്കാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടതെന്നതുമൊക്കെ അത്ര പഴയ ചരിത്രമൊന്നുമല്ല. പക്ഷേ, അതൊക്കെ ഇന്ന് മൂടിവെക്കാന്‍ കൊണ്ടുപിടിച്ച് ശ്രമങ്ങള്‍ നടക്കുന്നു. ശ്രീമൂലത്തിന്റെയും രാഘവയ്യാ ദിവാന്റെയും നേതൃത്വത്തില്‍ നടന്ന മര്‍ദനങ്ങളെപ്പറ്റി കേസരി ബാലകൃഷ്ണപിള്ള 1923ല്‍ സമദര്‍ശി പത്രത്തില്‍ എഴുതിയ ‘പൈശാചികം, പൈശാചികം’എന്ന മുഖപ്രസംഗം നോക്കുക: ‘‘സര്‍വേന്ത്യാനായകനായ ജോര്‍ജുജോസഫിനെയും ലോകമാന്യന്‍ കേസില്‍ കുറൂര്‍ നമ്പൂതിരിപ്പാടിനൊപ്പം കൊച്ചിയിലെ ജയിലുകളിലൊന്നില്‍പോയി യഥാര്‍ഥ ദേശാഭിമാനം പ്രകടിപ്പിച്ച ശ്രീമാന്‍ സെബാസ്റ്റ്യനെയും എ.കെ. പിള്ള, ടി.കെ. മാധവന്‍ ആദിയായ ദേശാഭിമാനികളെയും ബന്ധിച്ച് കാരാഗൃഹത്തില്‍ പാര്‍പ്പിച്ച് ലോകരുടെ നിന്ദക്ക് പാത്രീഭവിച്ചിരിക്കുന്ന തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഇപ്പോള്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് അതികുത്സിതമായ വിശേഷനയം അനുകരിച്ച് ലോകമാസകലം ദുര്‍ഗന്ധം പരത്തിത്തുടങ്ങിയിരിക്കുന്നു...’’ (സമദര്‍ശി 1923.)
പിന്നാക്കക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമാവശ്യപ്പെട്ടായിരുന്നു വൈക്കം സത്യഗ്രഹം എന്നോര്‍ക്കണം. ഫീസ് വര്‍ധനക്കെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ ഇന്നത്തെ യൂനിവേഴ്സിറ്റി കോളജില്‍ കുതിരപ്പട്ടാളത്തെ വിട്ട് ചവിട്ടിച്ച് ആദ്യത്തെ വിദ്യാര്‍ഥിവേട്ട നടത്തിയതും ഇതേ രാജാവും ഇതേ ദിവാനുംതന്നെ. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം പത്രസ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നിയമം വന്നതും ഇക്കാലത്തുതന്നെ.  തിരുവിതാംകൂറിന്റെ ജനാധിപത്യവത്കരണത്തിനു മുഖ്യഹേതുക്കളായി മാറിയ സംയുക്തപ്രസ്ഥാനം, നിവര്‍ത്തന പ്രക്ഷോഭം, ഉത്തരവാദഭരണസമരം എന്നിവയെല്ലാം തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യഭരണത്തിനെതിരെയായിരുന്നുവെന്ന് എത്രവേഗം മറക്കുന്നുവെന്നത് അദ്ഭുതംതന്നെ. വിമര്‍ശകശബ്ദം ഉയര്‍ത്തിയവരെയൊക്കെ നിഷ്കരുണം അടിച്ചമര്‍ത്തിയതും അഴിമതിയും അധാര്‍മികതയും ധൂര്‍ത്തും മുഖമുദ്രകളായ രാജഭരണത്തെ നിശിതവിമര്‍ശത്തിനിരയാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെയൊരു മഹാമനുഷ്യനെ നാടുകടത്തിയതും ഇതേ രാജവംശമല്ളേ? 1946ല്‍ നിരായുധരായ നൂറുകണക്കിനു ഗ്രാമീണരെ വെടിവെച്ചുകൊന്ന പുന്നപ്ര-വയലാര്‍ സംഭവം സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പായിരുന്നല്ളോ. സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ച് ഇന്ത്യാരാജ്യവുമായി വേറിട്ടു നില്‍ക്കാനുള്ള രാജകീയ സര്‍ക്കാറിന്റെ പൂതി തീര്‍ക്കാന്‍ ദിവാന്‍ സി.പിയെ വെട്ടേണ്ടി വന്നതും ഈ തിരുവിതാംകൂറിലായിരുന്നില്ളേ?
അഴിമതിരാജ്യം
അഴിമതി തൊട്ടുതീണ്ടാത്ത ധര്‍മരാജ്യമായിരുന്നു തിരുവിതാംകൂര്‍ എന്നതാണ് കൊട്ടിഘോഷിക്കപ്പെടുന്ന മറ്റൊരു നുണ. ഇന്നത്തെ രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നവര്‍ പലരും രാജഭരണം എത്ര സംശുദ്ധമായിരുന്നുവെന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നത് പതിവാണ്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ഭരണത്തിന്റെ മുഖമുദ്രതന്നെ കൊടിയ അഴിമതി ആയിരുന്നെന്നതാണ് സത്യം. ഇതിനു തെളിവ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭക്തനും അവരുടെ വിശ്വസ്തനായ ദിവാന്‍പേഷ്ക്കാറുമായിരുന്ന പി. ശങ്കുണ്ണിമേനോന്‍തന്നെ നല്‍കുന്നു. അദ്ദേഹം എഴുതി: ‘‘ധര്‍മരാജ്യമെന്ന് ലോകമൊട്ടുക്ക് പ്രസിദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പഴയകാലത്തെ സ്ഥിതി ഏറ്റവും ശോചനീയമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അധികം പേരും വലിയ കൈക്കൂലിക്കാരും കൊള്ളക്കാരുമായിരുന്നു. കളവ്, കവര്‍ച്ച, കള്ളനാണയം, കള്ളപ്രമാണം ഇവകൊണ്ടുള്ള ഉപദ്രവം ഒട്ടും ചില്ലറയായിരുന്നില്ല...’’ (തിരുവിതാംകൂര്‍ ചരിത്രം.)ഈ അവസ്ഥ സര്‍ ടി. മാധവരായരുടെ കാലംവരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇനി തിരുവിതാംകൂറിലെ അഴിമതിയെപ്പറ്റി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ അഭിപ്രായം കേള്‍ക്കുക: ‘‘തിരുവിതാംകൂറിലെ കൊട്ടാരം സേവകന്മാര്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് മൂര്‍ത്തികളെ ശങ്കരന്‍ തമ്പി, ശരവണ എന്ന കൃത്രിമനാമങ്ങളില്‍ ലോകമെങ്ങും കേള്‍വിപ്പെട്ട രണ്ട് കൊട്ടാരം സേവകന്മാരെകൊണ്ട് തിരുവിതാംകൂര്‍ നിവാസികളനുഭവിച്ചുപോരുന്ന കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല. ഇവരില്‍ ഒന്നാമനായ ശരവണ പ്രായാധിക്യംകൊണ്ടോ മറ്റോ തന്റെ പരാക്രമങ്ങളെ നിര്‍ത്തിവെച്ച് കുറച്ചുനാളായി അനങ്ങാതിരിക്കുന്നതുകൊണ്ട് അദ്വിതീയനായിത്തീര്‍ന്ന ശങ്കരന്‍ തമ്പി അതിരറ്റ അന്യായകര്‍മങ്ങള്‍ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും തന്മൂലം തിരുവിതാംകുര്‍ രാജ്യം കൈക്കൂലിദേവതയുടെ വിഹാരരംഗമായി പരിണമിച്ചിട്ടുണ്ടെന്നുമുള്ള വാസ്തവം വാക്കുകളെക്കൊണ്ട് മൂടിവെക്കാന്‍ കഴിയാത്തവിധം മേലോട്ട് പൊങ്ങിയിരിക്കുന്നു...’’ (മലബാറി.)
സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെമതി അന്നത്തെ തിരുവിതാംകൂര്‍ ഭരണത്തില്‍ താണ്ഡവമാടിയ അഴിമതിയുടെ ഭീകരത അറിയാന്‍. ‘തിരുവിതാംകൂറിലെ കൈക്കൂലിക്കാര്യം’, ‘കൈക്കൂലിപ്പിശാചിന്റെ വികൃതികള്‍’, ‘തിരുവിതാംകൂറിലെ കൈക്കൂലി’, ‘അഴിമതി’ എന്നിങ്ങനെ 1905 മുതല്‍ 1910 വരെ എഴുതിയ ഒട്ടേറെ മുഖപ്രസംഗങ്ങളില്‍ അദ്ദേഹം കൊട്ടാരം സേവകരെ പേരെടുത്തുപറഞ്ഞ് ഇവരുടെ തടവിലായ ഭരണത്തെ ആഞ്ഞടിക്കുന്നുണ്ട്. ‘‘ഏതാനും കൊല്ലങ്ങളായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ ഭയങ്കരമായ വിധത്തില്‍ വര്‍ധിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ലാത്തതാകുന്നു. ഉദ്യോഗം കിട്ടുന്നതിനും സ്ഥലംമാറ്റത്തിനും ശമ്പളക്കൂടുതലിനും ശിപാര്‍ശ, സേവ, ആശ്രിതവാത്സല്യം, കൈക്കൂലി മുതലായ അന്യായമാര്‍ഗങ്ങളെതേടി ഓരോരുത്തര്‍ ഉദ്ദേശ്യം സാധിച്ചുവന്നിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാകുന്നുവല്ളോ. ഇങ്ങനെയുള്ള അഴിമതികള്‍ നിമിത്തം തിരുവിതാംകൂര്‍ സംസ്ഥാനമാസകലം ദുഷിച്ചിരിക്കുന്ന അവസരത്തില്‍ മാധവരായരുടെ ആഗമനത്തെ തിരുവിതാംകൂര്‍ നിവാസികള്‍ എത്രയോ ഉന്നതാശകളോടുകൂടിയാണ് സ്വീകരിച്ചിട്ടുള്ളത്...’’ (സ്വദേശാഭിമാനി 1906.)
രാജഭരണകാലത്ത് രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും ക്ഷേത്രത്തിന്റെയും സ്വത്തുക്കളും കണക്കുകളും ഒക്കെ എത്ര കൃത്യമായി, വെവ്വേറെയായി, പരസ്പരം കൂടിക്കലരാതെയും തമ്മില്‍ കൈമാറാതെയും സൂക്ഷിക്കപ്പെട്ടിരുന്നു എന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നുണ്ട് അഭിനവരാജഭക്തര്‍. പക്ഷേ, ഇതൊക്കെ എത്രമാത്രം അഴിമതികള്‍ക്കും കൈയിട്ടുവാരലുകള്‍ക്കും വിധേയമായിരുന്നുവെന്ന് അന്വേഷണാത്മകബുദ്ധിയോടെ വിവരിക്കുന്ന എത്ര മുഖപ്രസംഗങ്ങളാണ് സ്വദേശാഭിമാനിയുടേത് !
ഒരിക്കലും തിരുവിതാംകൂറിലെ കൈക്കൂലിഭരണത്തെപറ്റി മിണ്ടാതെയിരുന്ന മലയാള മനോരമപോലും പറയാന്‍ നിര്‍ബന്ധിതമായതും സ്വദേശാഭിമാനി ഒരു മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്. ‘‘പത്തുകൊല്ലത്തോളം കാലം തിരുവിതാംകൂറിലെ കൈക്കൂലി അഴിമതിയെ അറിയാത്തഭാവത്തില്‍ ഉറങ്ങിക്കിടന്നശേഷം സഹജീവിയായ കോട്ടയം മലയാള മനോരമ ഈ നാട്ടിലെ കൈക്കൂലിപ്പിശാചിനെ ഉച്ചാടനം ചെയ്യാനായി മന്ത്രതന്ത്രങ്ങളോടെ ഉണര്‍ന്നെണീറ്റിരിക്കുന്നു...’’ (സ്വദേശാഭിമാനി 1909.) നാട്ടിലെ ഓരോ വന്‍ കൈക്കൂലി വിവാദവും നടന്നപ്പോഴും മിണ്ടാതിരുന്നതിനെ അക്കമിട്ടുനിരത്തി മനോരമയുടെ കണ്ണീര്‍ ചീങ്കണ്ണിക്കണ്ണീരല്ളെന്ന് വിശ്വസിക്കാന്‍ ഞെരുക്കമാണെന്ന് അദ്ദേഹം പറയുന്നു. മിണ്ടാതിരുന്നത് ഗവണ്‍മെന്‍റില്‍നിന്ന് പലേ വിശേഷപ്രസാദങ്ങള്‍ അനുഭവിച്ചിരുന്നതിനാലാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വദേശാഭിമാനിയെ നാടുകടത്തി ഇരുപതുവര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ അതേപടി തുടരുന്നുവെന്ന് അദ്ദേഹത്തിന്റെ നേരവകാശിയായ കേസരി ബാലകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങള്‍ വിളിച്ചുപറയുന്നു. 1930ല്‍ കേസരി എഴുതിയത് നോക്കൂ: ‘‘പാവങ്ങളുടെ നട്ടെല്ലു മുറിഞ്ഞുണ്ടാക്കുന്ന പണം ഖജനാവില്‍ കെട്ടിവെച്ച് പലേ സുഖസാധനങ്ങള്‍ക്കുമായി വ്യയംചെയ്ത് ഇരുപതാം നൂറ്റാണ്ടിന്റെ സംതൃപ്തി അടയുന്ന റീജന്‍സി ഭരണാധികാരികളെ ഹൃദയം ചുട്ടുശപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല....നിത്യഭരണകാര്യത്തിലെ അലസതയും അമാന്തവും അഴിമതിയും രാജവല്ലഭരുടെ അജ്ഞാതപൂര്‍വമായ സര്‍വാധിപത്യം നിമിത്തം ഭരണം അദൃഷ്ട്യപൂര്‍വമായി വര്‍ധിച്ചിരിക്കുന്നു...’’ (പ്രബോധകന്‍, 1930.)
രാജകുടുംബത്തിന്റെ ലളിതജീവിതം
നിരന്തരം പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കള്ളക്കഥയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ലളിതജീവിതം. നിലവറകളിലെ മഹാനിധിയില്‍ അവര്‍ തെല്ലും കൈക്കലാക്കിയില്ല, മറ്റ് രാജാക്കന്മാരെപ്പോലെ ധൂര്‍ത്തും ആഡംബരവും അവര്‍ക്ക് അന്യം, ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ ഒരുതരി മണ്ണുപോലും എടുക്കാതിരിക്കാന്‍ ഇന്നും കാല്‍ കൊട്ടിക്കുടയുന്ന തമ്പുരാന്‍...തീര്‍ച്ചയായും ഇതില്‍ കുറെയൊക്കെ ശരിയാണ്. പ്രത്യേകിച്ച്, ഈ തലമുറകണ്ട ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മുതലുള്ള ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ  ലളിതജീവിതവും വിനയവും ഒക്കെ നിസ്സംശയം ശ്രദ്ധേയമാണ്. പക്ഷേ, എക്കാലത്തും ഈ രാജകുടുംബം ഇങ്ങനെയായിരുന്നെന്ന പ്രചാരണമാണ് അടിസ്ഥാനരഹിതം.
പത്തൊമ്പതാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ ധൂര്‍ത്തും ആഡംബരവും ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ബ്രാഹ്മണപൂജക്കും വാരിക്കോരിനടത്തിയ ചെലവുകളും ഒക്കെ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വദേശാഭിമാനിയെപ്പോലെയുള്ള വിമര്‍ശകര്‍ മാത്രമല്ല, സമ്പൂര്‍ണ രാജഭക്തനും ദിവാന്‍ പേഷ്ക്കാറുമായിരുന്ന ശങ്കുണ്ണിമേനോനെപ്പോലെയുള്ളവരും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളും ഒക്കെ ഇത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാക്ഷാല്‍ സ്വാതിതിരുനാളിനെപ്പറ്റിതന്നെ ശങ്കുണ്ണിമേനോന്‍ പറയുന്നത് കേള്‍ക്കുക: ‘‘...ഒരവസരത്തില്‍ ശ്രീപത്മനാഭസ്വാമി പ്രതിഷ്ഠയുടെ മുന്നില്‍ സമര്‍പ്പിച്ചത് ഒരു ലക്ഷം സൂറത്ത് രൂപയായിരുന്നു. ഇതോടൊന്നിച്ച് പ്രതിഷ്ഠയുടെ മുന്നില്‍ കുന്നുകൂട്ടിയത് വലിയൊരു വെള്ളിത്തളികയില്‍ ആയിരുന്നു. മഹാരാജാവുതന്നെ ഓരോ സഞ്ചിയഴിച്ച് രൂപാ കൂട്ടുകയായിരുന്നു ചെയ്തത്...ഇക്കാലത്ത് പണം മണ്ണു പോലെയേ മഹാരാജാവ് കരുതിയിരുന്നുള്ളൂ. കൊട്ടാരത്തിലെ ചെലവ് മഹാധൂര്‍ത്തോടെയായിരുന്നു നടത്തിയിരുന്നത്. സില്‍ക്, വെല്‍വെറ്റ്, വീരാളിപ്പട്ട് തുടങ്ങിയ തുണിയിനങ്ങള്‍ക്കുവേണ്ടിമാത്രം മൂന്ന് ലക്ഷത്തില്‍പരം രൂപ ഓരോ വര്‍ഷവും ചെലവഴിച്ചിരുന്നു. വിലപ്പെട്ട ആഭരണങ്ങള്‍ വില്‍പനക്കെത്തിയാല്‍ അവ വാങ്ങി ശ്രീപത്മനാഭന് കാണിക്കവെക്കുക പതിവായിരുന്നു...’’(തിരുവിതാംകൂര്‍ ചരിത്രം)
രാജ്യത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും രാജാവിന്റെ മതാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സര്‍വോപരി ബ്രാഹ്മണര്‍ക്കുള്ള ദാനങ്ങള്‍ക്കും ഊട്ടിനും ആയിരുന്നുവെന്നത് വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.  മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം എന്നിങ്ങനെയുള്ള മഹാചെലവുകള്‍ക്കൊപ്പം ബ്രാഹ്മണര്‍ക്ക് 16 തരത്തിലുള്ള ഷോഡശദാനങ്ങള്‍, പതിനായിരക്കണക്കിനു ബ്രാഹ്മണര്‍ക്ക് നിത്യസദ്യ എന്നിങ്ങനെപോകുന്നു ഈ ചെലവുകള്‍. 1744 മുതലാണ് രാജാവ് പാപപരിഹാരത്തിനും ഐശ്വര്യത്തിനുമായി ആറാറു വര്‍ഷത്തില്‍ മുറജപം തുടങ്ങിയത്. തമിഴ്നാട്ടില്‍നിന്നും മലബാറില്‍നിന്നുമൊക്കെയായി ആയിരക്കണക്കിനു ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി 56 ദിവസം നീളുന്ന മുറജപത്തിന് 1750ല്‍ മാത്രം ചെലവ് രണ്ടു ലക്ഷം രൂപ. ഒരു നൂറ്റാണ്ടിനുശേഷം 1860 ആയപ്പോഴുള്ള ചെലവുകള്‍ ഇങ്ങനെ. 244 റാത്തല്‍ സ്വര്‍ണം കല്‍ക്കത്തയില്‍നിന്ന് കൊണ്ടുവന്ന് നടത്തിയ രാജാവിന്റെ തുലാഭാരത്തിന് ചെലവ് 1.58 ലക്ഷം. രാജാവ് സ്വര്‍ണപ്പാത്രത്തില്‍ കുളിച്ചുയരുന്ന ഹിരണ്യഗര്‍ഭത്തിന് 1.40 ലക്ഷം. വെറും 56 ലക്ഷം രൂപ ആകെ വരുമാനമുള്ള രാജ്യമായിരുന്നു ഇതെന്നോര്‍ക്കണം.(19ാംനൂറ്റാണ്ടിലെ കേരളം, പി. ഭാസ്കരനുണ്ണി)
ഈ വരുമാനത്തില്‍നിന്ന് അക്കൊല്ലം ചെയ്ത ചെലവുകള്‍ നോക്കിയാല്‍ ആ സര്‍ക്കാറിന്റെ പക്ഷപാതങ്ങള്‍ വ്യക്തമാകും.  പൊതുജനാരോഗ്യം (1.10 ലക്ഷം), വിദ്യാഭ്യാസം (1.87 ലക്ഷം), സൈന്യം, പൊലീസ്, അംഗരക്ഷകര്‍ (4.84 ലക്ഷം), രാജകീയ കുതിരലായങ്ങള്‍, രാജകീയയാത്രകള്‍ എന്നിവയടക്കം കൊട്ടാരത്തിന്റെ ചെലവ് (7.57 ലക്ഷം), മതജീവകാരുണ്യസ്ഥാപനങ്ങള്‍ (8.80 ലക്ഷം). ‘മൂലം തിരുനാളിന്റെ ഭരണത്തില്‍ തിരുവിതാംകൂറിന്റെ പുരോഗതി’ എന്ന ഉള്ളൂരിന്റെ പുസ്തകത്തില്‍നിന്നാണീ കണക്കുകള്‍. ഇത് രാജഭക്തനായ ശങ്കുണ്ണിമേനോന്‍പോലും കണ്ടത് അല്‍പം കടുപ്പമാണെന്നായിരുന്നു. തുലാഭാരത്തിനും മറ്റുമുള്ള ചെലവിനെപ്പറ്റി ‘‘ചെറിയ ഒരു രാജ്യം മൂന്ന് ലക്ഷം ഉറുപ്പിക ഈ വകക്ക് ചെലവാക്കുന്നത് കൂടുതലല്ളേ’’ എന്ന് തോന്നാമെന്ന് പറയുന്ന അദ്ദേഹം പൊതുമരാമത്തിനും വിദ്യാഭ്യാസത്തിനും ഈ തുക ചെലവഴിച്ചുകൂടേ എന്നും ചോദിക്കുന്നുണ്ട്. 1912ല്‍പോലും ഭൂനികുതിയായി പിരിച്ച 40 ലക്ഷംരൂപയില്‍ 16 ലക്ഷവും ചെലവായത് ദേവസ്വങ്ങള്‍ക്കായിരുന്നുവത്രെ. രാജ്യത്തിന്റെ മൊത്തം വരുമാനം അന്ന് കഷ്ടിച്ച് ഒരു കോടി രൂപ.
താരതമ്യേന ധൂര്‍ത്തര്‍ അല്ലാതിരുന്ന രാജാക്കന്മാര്‍ ഭരിച്ച ഇരുപതാം നൂറ്റാണ്ടിലും ഇതൊക്കെ തുടര്‍ന്നതിനെപ്പറ്റി സ്വദേശാഭിമാനിയെപ്പോലെയുള്ളവരും ധാരാളം എഴുതി: ‘‘തിരുവിതാംകൂര്‍ മഹാരാജാവ് എഴുന്നള്ളിപ്പാര്‍ക്കുന്ന മന്ദിരത്തിനും അതിനെ സംബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും വലിയ കൊട്ടാരം എന്ന പേര്‍ സാധാരണ പറയപ്പെടുന്നു. ഈ കൊട്ടാരത്തില്‍ അടുത്തകൊല്ലത്തെ ചെലവുകള്‍ക്കായി ആറു ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിക്കപ്പെട്ടിരിക്കുന്നു. ഈ വലിയ തുകയെ ബ്രിട്ടീഷ് ഗവണ്‍മെന്‍റും അനുവദിക്കാതെയിരിക്കില്ല. കൊട്ടാരവും അതിനെ സംബന്ധിച്ച സ്ഥാപനങ്ങളും അവയുടെ മരാമത്ത് പണികളും രാജകുടുംബത്തിന്റെ ക്ഷേമാഭ്യുദയത്തിനായി നാട്ടിലെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ള  ഹോമാദ്യാനുഷ്ഠാനങ്ങളും  ഊട്ടുകളും ദേവസ്വങ്ങളും ബ്രഹ്മസ്വങ്ങളും എല്ലാംകൂടി തിരുവിതാംകൂര്‍ രാജ്യത്തിലെ മുതലെടുപ്പിന്റെ ആകത്തുകയില്‍ മൂന്നിലൊരു ഭാഗത്തെ തീരെ നികത്തുന്നുണ്ടെന്നും അറിയുമ്പോള്‍ പ്രജകള്‍ ഈ അതിവ്യയത്തിന്റെ അംശങ്ങളെയും അവയുടെ വിനിമയത്തിന്റെയും സന്ദര്‍ഭങ്ങളെ ഔചിത്യബുദ്ധ്യാ പരിശോധിക്കുന്നത് സംഗതം തന്നെയാണല്ളോ...’’ (വലിയ കൊട്ടാരം, സ്വദേശാഭിമാനി 1908.)1910ല്‍ മഹാരാജാവിന്റെ മകളുടെ കെട്ടുകല്യാണത്തിനു അന്ന് ചെലവാക്കിയത് ഒരു ലക്ഷം രൂപ എന്ന റെക്കോഡ് തുകയായിരുന്നു. ഇതേക്കുറിച്ച് മൂന്ന് മുഖപ്രസംഗങ്ങളില്‍ സ്വദേശാഭിമാനി ആഞ്ഞടിക്കുന്നുണ്ട്. ‘‘മഹാരാജാവിന്റെ മകളുടെ അര്‍ഥശൂന്യവും സമുദായപരിഷ്കരണത്തിന് പ്രതികൂലവുമായ ഒരു വെറും താലികെട്ടാവുന്ന നിരര്‍ഥകച്ചടങ്ങിനുവേണ്ടി തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് സ്വത്തിന്റെ വലുതായ ഭാഗം ചെലവുചെയ്യാന്‍ അനുവദിച്ചതില്‍ രാജ്യക്ഷേമത്തെ കാംക്ഷിക്കുന്നവര്‍ ഖേദിക്കാതിരിക്കില്ല...’’(ഒരു ലക്ഷം രൂപ, സ്വദേശാഭിമാനി 1910.)
തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും അവരുടെ ദിവാന്മാരുടെയും സദാചാരലംഘനങ്ങളുടെയും ലൈംഗികകേളികളുടെയുമൊക്കെ ചരിത്രം തല്‍ക്കാലം പ്രതിപാദിക്കാതെ വിടുന്നു. തീര്‍ച്ചയായും മേല്‍പറഞ്ഞവയൊന്നും പുതിയ കാര്യങ്ങളല്ല. പക്ഷേ, സ്മൃതിനാശം കലശലായുള്ള ഒരു സമൂഹത്തെ ചില നിര്‍ണായകസന്ധികളില്‍ ഇത് ഓര്‍മിപ്പിക്കാതെ വയ്യ. ഈ ചരിത്രം അറിയാതെ വളരുന്ന പുതിയ തലമുറയെയും ഇത് ധരിപ്പിക്കേണ്ടതുമുണ്ട്. അക്കാലത്ത് ഇന്ത്യയിലും പുറത്തുമുള്ള മിക്ക രാജ്യങ്ങളിലെയും രാജവംശങ്ങളുമായി താരതമ്യം ചെയ്താല്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പറ്റി പറയാനുണ്ടെന്നത് ശരിയാണ്. ഭൂപരിഷ്കാരങ്ങള്‍, പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും  വിദ്യാഭ്യാസം തുടങ്ങിയവ സവിശേഷ പരിഗണന അര്‍ഹിക്കുന്നു. പക്ഷേ, ഇപ്പോള്‍ നടക്കുന്ന നുണപ്രചാരണം സത്യത്തോടും ചരിത്രത്തോടും തെല്ലും നീതിപുലര്‍ത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പ്രത്യേകിച്ച്, സമൂഹത്തിലെ അഭിപ്രായരൂപവത്കരണശേഷിയുള്ളവരും അവരിലൂടെ പൊതുജനസാമാന്യവും ഇതില്‍പെടുന്നത് അപായസൂചനകള്‍ നല്‍കുന്നു. വളരെ പ്രതിലോമപരമായ ഒരു രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ മേധാവിത്വം നേടുക.  വര്‍ഗീയവും ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റുമായ അജണ്ട. ആയിരക്കണക്കിന് ജനങ്ങള്‍ ചോരയും നീരും നല്‍കി പുതുക്കിപ്പണിത ഒരു സമൂഹത്തെ ഇത് വീണ്ടും പഴയ അന്ധകാരയുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്. ശ്രീനാരായണനും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും വാഗ്ഭടനും ശുഭാനന്ദനും ആത്മാനന്ദനും പൊയ്കയില്‍ യോഹന്നാനും വക്കം മൗലവിയും സ്വദേശാഭിമാനിയും കേസരിയും ടി.കെ മാധവനും എ.കെ. ഗോപാലനും എം.സി. ജോസഫും സാംസ്കാരികപ്രവര്‍ത്തകരും ദേശീയ ഇടതുപക്ഷ കര്‍ഷകതൊഴിലാളിപ്രസ്ഥാനങ്ങളും എല്ലാറ്റിനുമുപരി പുന്നപ്ര-വയലാര്‍ വരെയുള്ള എണ്ണമറ്റ രക്തസാക്ഷികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു നീണ്ടനിരയുടെ ജീവിതം വ്യര്‍ഥമായിരുന്നെന്ന് അവരുടെ സൃഷ്ടിയായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി സമൂഹം പറയുന്നത് സ്വന്തം തന്തയെ തള്ളിപ്പറയുന്നതിനുതുല്യം.
പിന്‍കുറിപ്പ്: പ്രതിനവോത്ഥാനം കൈവരിച്ചുവരുന്ന നെടുനായകത്വത്തിന് ഒരു തെളിവുകൂടി. നവോത്ഥാനത്തിന്റെയും സെക്കുലറിസത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള ഒരു പ്രമുഖ പ്രസിദ്ധീകരണം ഈ ലേഖനത്തിന്റെ ഉള്ളടക്കം കേട്ടറിഞ്ഞപാടെതന്നെ വിനയപൂര്‍വം തിരസ്കാരം അറിയിച്ചു. കേരളയുക്തിവാദിസംഘം നിര്‍മിക്കുന്ന സിനിമയില്‍ പ്രമുഖ യുക്തിവാദി നേതാവ് പ്രേമാനന്ദന്റെ നായകറോള്‍ അഭിനയിക്കാന്‍ പ്രമുഖ സിനിമാതാരങ്ങളൊക്കെ വിസമ്മതിച്ചുവെന്നത് മറ്റൊരു വാര്‍ത്ത.  കാരണം, ദൈവകോപഭയം!